Monday 23 July 2007

ചാര്‍ളിയുടെ ദുബൈ യാത്ര-3

ഞെട്ടല്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞാലി മറന്ന് പോയ ശ്വാസം ഫ്രീയായി രണ്ട്‌ മുന്ന് പ്രവശ്യമെടുത്ത്‌ അകത്ത്‌ കയറ്റി.

"എന്താത്‌ കുഞ്ഞാലി, ആരാ ബോംബ്‌ പൊട്ടിച്ചത്‌"

ശബ്ദം കേട്ട്‌ ഓടിവന്ന കരിപ്പുര്‍ സബ്‌ ഇന്‍സ്പെക്റ്റര്‍ സുനില്‍ തോമസ്സിന്റെ ഒരു കൈയില്‍ നീട്ടിപിടിച്ച റിവോള്‍വര്‍കണ്ട്‌ കുഞ്ഞാലി വിണ്ടും ഞെട്ടി.

"സാര്‍ ആ സാധനം ഒന്നങ്ങട്‌ മാറ്റി പിടി, അബധത്തിലെങ്ങാനും അത്‌ പൊട്ടിയാല്‍, പോലിസ്‌ വെടിവെപ്പില്‍ കുഞ്ഞാലി മരിച്ചുന്ന്, നാളെ നാട്ട്‌കാര്‌ പറയും, തെളിയാത്ത കൂറെ കേസ്‌ നിങ്ങളെന്റെ തലയില്‍കെട്ടി വെക്കുകയും ചെയ്യും. ഇവിടെ ആരും ബോംബ്‌ പൊട്ടിച്ചിട്ടില്ല, ദാ, ഇയാള്‍ തലക്കറങ്ങി വീണതാ".

സുനില്‍ തന്റെ റിവോള്‍വര്‍ ഉറയിലിട്ടു. കുഞ്ഞാലി പറഞ്ഞത്‌ നേര, ആര്‍ക്കെങ്കിലും നേരെപിടിച്ചാല്‍ ഉന്നം എയറിന്ത്യയുടെ വിമാനം റണ്‍വെയില്‍ ഇറങ്ങുബോള്‍ വളഞ്ഞ്‌ പുളഞ്ഞ്‌ പോകുന്ന പോലെ, ഒരു പോക്കാ, എത്ര ശ്രമിചിട്ടും ശരിയാവുന്നില്ല. പിന്നെ ഇവിടെ ഉന്നം പിടിക്കേണ്ട അവശ്യവുമില്ല.

"ഇതാര കുഞ്ഞാലി, എന്താ പ്രശ്നം".വീണ്‌കിടക്കുന്ന ചാര്‍ളിയെ പരിശേധിക്കുന്നതിനിടയില്‍ സുനില്‍ ചോദിച്ചു.

"ഇവന്‍ ഒരു പാസ്‌പോര്‍ട്ടിന്‌ വേണ്ടി വന്നതാ സാറെ, പത്തിനായിരമെന്ന് കേട്ടപ്പോയെ ഇവന്റെ ബോധം പോയി".

ചാര്‍ളിയുടെ മുഖത്ത്‌ വെള്ളം കുടയുന്നതിനിടയില്‍ കുഞ്ഞാലി പറഞ്ഞു.വെള്ളം മുഖത്ത്‌ വീണതും ചാര്‍ളി കണ്ണ്‌ തുറന്നു ചുറ്റും നോക്കി. പോലിസിനെ കണ്ടതും വന്ന ബോധം ട്രന്‍സ്ഫര്‍ വാങ്ങി വീണ്ടും പോയി. അല്ല, എങ്ങനെ പോവാതിരിക്കും, ആ ജാതി സാധനമല്ലെ മുന്നില്‍ നില്‍ക്കുന്നത്‌. ട്ടാറിടാത്ത പഞ്ചായത്ത്‌ റോഡ്‌ പോലെ കുണ്ടും കുഴിയും നിറഞ്ഞ മുഖത്ത്‌ പോത്തിന്റെ കൊമ്പ്‌ പോലെ രണ്ടറ്റവും പിരിച്ച്‌ കയറ്റിയ മീശയുമായി, ശരീരത്തിലെ ചോര മുഴുവന്‍ കണ്ണിലേക്ക്‌ അവാഹിച്ച്‌, മാക്സിമം എയറ്‌പിടിച്ച്‌, ഇല്ലാത്ത മസിലോക്കെ ഊതി വീര്‍പ്പിച്ച്‌ ഗുരുവായൂര്‍ കേശവന്‍ തലയുയര്‍ത്തി നില്‍ക്കുന്ന പോലെയല്ലെ സുനിലിന്റെ നില്‍പ്പ്‌.

മയക്കത്തിന്റെ ഇന്റര്‍വെല്‍ സമയത്ത്‌ മുന്നില്‍ നില്‍ക്കുന്നത്‌ കൊള്ളക്കാരനണോ പോലിസണോ എന്ന് സംശയം വന്ന ചാര്‍ളി വിശാലന്‍ കൊക്കിനെ വെടിവെക്കുന്ന പോസില്‍ വലത്തെ കണ്ണടച്ച്‌, ഇടത്തെ കണ്ണിന്റെ ഒരു കോര്‍ണറിലൂടെ വിണ്ടും സുനിലിനെ നോക്കി. ബോധത്തിന്റെ ഇന്റര്‍വല്‍ സമയം കഴിഞ്ഞത്‌കൊണ്ട്‌ വിണ്ടും ബോധം പോയി.

"ഇയാല്‍ക്കെന്താ ബോധം വന്നും പോയും ഇരിക്കുന്നത്‌ കുഞ്ഞാലി". മീശ ചുരുട്ടി സുനില്‍ ചോദിച്ചു.

"സ്ഥിരമായിട്ട്‌ ബോധം ഇല്ലാത്തത്‌കൊണ്ടാണ്‌ ഇങ്ങനെ" കുഞ്ഞാലി പറഞ്ഞു.

"സാറോന്ന് മാറി നിന്നെ, സാറിന്റെ ഷോക്സ്‌ നാറിട്ട്‌ വയ്യ, അത്‌ മുക്കിലടിച്ചിട്ട്‌ എന്റെ ബോധം ഇപ്പോ പോവും"

"ഡാ, പോലിസിനോട്‌ കളിക്കുന്നോ, നിനെ ഞാന്‍..." എന്ന് പറഞ്ഞ്‌ കുഞ്ഞാലിയുടെ മരമോന്ത നോക്കി ഒരു കീറങ്ങട്‌ കീറാന്‍ സുനിലിനു തോന്നി, പക്ഷെ ക്ഷമിച്ചു, കാരണം ഇവന്‍ തന്റെ അന്നദാദാവാണ്‌. അളുകളെ ചവിട്ടികയറ്റാന്‍ എമിഗ്രേഷന്‍ ഓഫിസര്‍ക്ക്‌ കിട്ടുന്നതിന്റെ പങ്ക്‌, കസ്റ്റസില്‍നിന്നുള്ള പങ്ക്‌, ട്ടാക്സിക്കാരുടെ പങ്ക്‌, പിന്നെ റിയാല്‍ കച്ചവടക്കാരുടെ പങ്ക്‌, അങ്ങനെ ഒരുപാട്‌ പങ്ക്‌ ഇവന്‍ വഴിയാ ശേഖരിക്കുന്നത്‌,അത്‌കൊണ്ട്‌ തല്‍ക്കാലം അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലെങ്കില്‍, നഷ്ടം തനിക്ക്‌ തനെയെന്ന് സുനിലിന്‌ മനസിലായി. ഭരണങ്ങാനത്തെ റബര്‍ മരങ്ങള്‍ മൊത്തം തന്റെ കൈകളിലാവാന്‍ അധികം സമയമില്ലെന്ന് സുനിലിനറിയാം.

"കുഞ്ഞാനെ, ഈ ട്ടിക്കറ്റോന്ന് ശരിയാക്കികൊട്‌ത്താ" എന്ന് പറഞ്ഞ്‌ ശശിയും കൂടെ കറുപ്പിനെ തോല്‍പ്പിക്കുന്ന കളറുമായി, കുളിഗ്‌ ഗ്ലാസ്‌ ധരിച്ച്‌ ഒരു യാത്രക്കാരനും അവിടെയെത്തി.

"എങ്ങോട്ടാ" പാസ്‌പോര്‍ട്ടും ടിക്കറ്റും വാങ്ങി കുഞ്ഞാലി ചോദിച്ചു.

"ദുബൈ, അര്‍ജന്റ, ഒരു സിനിമ ഷൂട്ടിങ്ങുണ്ട്‌. അതില്‍ ഒരു പ്രാധാന്യവുമില്ലാത്ത ഒരു വേഷം തരാമെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്‌. അതിന്‌ വേണ്ടിയാണ്‌ യാത്ര. ട്രവല്‍സില്‍ ചോദിച്ചപ്പോള്‍ അടുത്ത രണ്ടാഴ്ചക്ക്‌ ടിക്കറ്റില്ലെന്നാണ്‌ പറഞ്ഞത്‌, നിങ്ങള്‍ എങ്ങനെയെങ്കിലും ശരിയാക്കിതരണം" ബെര്‍ളിത്തരങ്ങളില്‍ പോസ്റ്റ്‌ വീഴുന്ന പോലെ ഒരു സ്റ്റോപുമില്ലാതെ യാത്രക്കാരന്‍ പറഞ്ഞു.

"സംഗതി ശരിയാക്കാ, പക്ഷെ ഇപ്പോ ചിലവിത്തിരി കൂടും" കുഞ്ഞാലി മുഴുവനാക്കുന്നതിന്‌ മുന്‍പ്‌ യാത്രക്കരന്‍ കാശെടുത്ത്‌ നീട്ടി.

ഇതാരാപ്പാ ഇത്ര ഡിസന്റായി ഒരാള്‍ ദുബായില്‍ എന്ന് ചിന്തിച്ച്‌കൊണ്ട്‌ കുഞ്ഞാലി കാശ്‌ വാങ്ങി, പിന്നെ ആ മുഖത്തേക്ക്‌ സുക്ഷിച്ച്‌ നോക്കി. ഞെട്ടി, സത്യമായും കുഞ്ഞാലി ഞെട്ടി, കാരണം ആ യാത്രകാരന്‍ കേരള ബ്ലോഗ്‌ മിറ്റില്‍ പങ്കെടുത്ത്‌ മടങ്ങുന്ന, ബൂലോകത്തിലെ അപൂര്‍വ്വം പുലികളില്‍ ഒരാളാണ്‌.

"അല്ല, നിങ്ങള്‍,..."വാക്കുകളന്വേഷിച്ച്‌ കുഞ്ഞാലി അരവിന്ദിനെ മനസ്സില്‍ ധ്യനിച്ചെങ്കിലും, അവിടുത്തെ സ്റ്റോക്ക്‌ തിര്‍ന്നത്‌കൊണ്ട്‌ കിട്ടിയില്ല.

"നിങ്ങള്‍, ബ്ലോഗിലെ, ..."

Tuesday 17 July 2007

ചാര്‍ളിയുടെ ദുബൈ യാത്ര-2

"ഡോ, നിന്റെ പാസ്‌പോര്‍ട്ട്‌ എവിടെന്നാ ചോദിച്ചത്‌"
"ഹാവൂ, ഞാന്‍ കരുതി ഞാന്‍ പാസ്‌പോര്‍ട്ട്‌ ഇവിടുന്ന് എടുത്തോ എന്ന് ചോദിക്കുവാന്ന്, കര്‍ത്താവെ, ഒരു പയ്ക്കറ്റ്‌ മെഴുക്കുതിരി കത്തിച്ചോളവെ, നീ നന്മ നിറഞ്ഞവന്‍ തന്നെയാന്നെ"
അമ്മച്ചി പഠിപ്പിച്ച സകലപ്രാര്‍ഥന മന്ത്രങ്ങളും ചാര്‍ളിയുടെ മനസ്സില്‍ വള്ളിപുള്ളി തെറ്റതെ കടന്ന് വന്നു, പിന്നെ ചുണ്ടിലേക്ക്‌ ട്രന്‍സ്ഫര്‍ ചെയ്തു.

ചാര്‍ളി പതിയെ ബാഗ്‌ തുറന്ന് തന്റെ പത്ത്‌ പന്ത്രണ്ട്‌ വര്‍ഷം പഴകമുള്ള പാസ്‌പോര്‍ട്ടെടുത്ത്‌ കൗണ്ടറിലിരിക്കുന്ന കിളവിയെ ഏല്‍പ്പിച്ചു. അവര്‍ പാസ്‌പോര്‍ട്ട്‌ വാങ്ങി മൂക്ക്‌ പൊത്തി. ഒരു വിധം സാഹസപ്പെട്ട്‌ പാസ്‌പോര്‍ട്ട്‌ മറിച്ച അവര്‍ ഞെട്ടി, ചാര്‍ളിയെ തുറിച്ച്‌ നോക്കി. തന്റെ ഫൊട്ടോ കണ്ട്‌ ഈ കിളവിക്ക്‌, എയ്‌, അതിന്‌ സാധ്യത പഠനതിനുള്ള സാധ്യതപോലും ഇല്ല. വീണ്ടും അവര്‍ പസ്‌പോര്‍ട്ടിലേക്കും ചാര്‍ളിയുടെ മുഖത്തേക്കും മാറി മാറി നോക്കി. ഇനി തന്റെ ഫോട്ടോ തിരിച്ചറിയാതെ ഇതെങ്ങാനും തന്റെ പസ്‌പോര്‍ട്ടല്ലെന്ന് പറയുമോ എന്നായിരുന്നു ചാര്‍ളിയുടെ പേടി.

തനെ വെറുതെ തെറ്റിധരിക്കരുതെന്ന് മനസ്സില്‍ പറഞ്ഞ്‌കൊണ്ട്‌ ചാര്‍ളി, പാണ്ടിലോറി കയറിയ അലൂമിനിയ പാത്രം പോലെ മുഖം ചുളിച്ച്‌ പിടിച്ചു. വലിയോരു വിത്യാസം എന്നിട്ടും തന്റെ മുഖത്തിലെന്ന് ചാര്‍ളിക്കറിയാം. അവര്‍ ഒരു കൈകൊണ്ട്‌ മൂക്ക്‌പൊത്തി, മറുകൈകൊണ്ട്‌ വിണ്ടും പാസ്‌പോര്‍ട്ട്‌ മറിച്ചു. ഇത്തവണ അവര്‍ ഞെട്ടാനോ, ചാര്‍ളിയെ സൂക്ഷിച്ച്‌ നോക്കനോ നിന്നില്ല, പകരം പാസ്‌പോര്‍ട്ട്‌ ചാര്‍ളിക്ക്‌ നേരെ നീട്ടിയെറിഞ്ഞു.

"മൂന്ന് വര്‍ഷം മുമ്പ്‌ എക്സ്‌പയറായ പാസ്‌പോര്‍ട്ടുമായിട്ടാണോ താന്‍ ദുഫൈക്ക്‌ പോവാന്‍ വന്നത്‌"

"അത്‌, ഞാന്‍,... കര്‍ത്താവെ, അപ്പോ പാസ്‌പോര്‍ട്ടും കാലവധി കഴിയുമോ. ഞാന്‍ കരുതി ഇത്‌ ഒരിക്കലെടുത്താല്‍ മതിയെന്ന്, ഇനി എന്നാ ചെയ്യും മാതവെ, എന്റെ സിനിമ..."

ഇതെല്ലാം ശ്രദ്ധിച്ച്‌കൊണ്ടോരാള്‍ നില്‍പ്പുണ്ടായിരുന്നു. അത്‌ മറ്റാരുമല്ല, കുഞ്ഞാലി. കരിപ്പുര്‍ വിമാനത്താവളത്തിലെ ആള്‍ ഇന്‍ ആള്‍ എജന്റ്‌. കുഞ്ഞാലി ചാര്‍ളിയുടെ അടുത്തെത്തി സ്വകാര്യമായി പറഞ്ഞു

"സാര്‍ വാ, എന്താ പ്രശ്നം, നമ്മുക്ക്‌ വഴിയുണ്ടാക്കാം, വാ"

കുഞ്ഞാലിയുടെ കൂടെ ചാര്‍ളി വിമാനത്താവളത്തിന്‌ പുറത്ത്‌ കടന്നു. വിവരങ്ങള്‍ വിശധമായി മനസിലാക്കിയ കുഞ്ഞാലി പറഞ്ഞത്‌ "ഇതോക്കെ ചീള്‌ കേസ്‌, സാര്‍ പേടിക്കണ്ട, ഓക്കെ ഞാന്‍ ശരിയാക്കി തര, പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ സമയമെടുക്കും, അതിനെക്കാള്‍ നല്ലത്‌ നമ്മക്ക്‌ വെറെ ഒന്ന് സംഘടിപ്പിക്കുന്നതാ, മത്രമല്ല ഇപ്പോ തന്നെ കിട്ടുകയും ചെയ്യും, സാറിന്‌ ഇപ്പോ തനെ ദുബെയിലേക്ക്‌ പോവുകയും ചെയ്യാം"

ദുബൈ എന്ന് കേട്ടതും, ചാര്‍ളിയുടെ കണ്ണുകള്‍ വികസിച്ചു. സ്വതവെ ഉണ്ടകണ്ണനായ ചാര്‍ളിയുടെ ഭീകരരൂപം കണ്ട്‌ കുഞ്ഞാലി ഭയന്നു രണ്ടടി പിന്നോട്ട്‌ മാറി.

"അതെയ്‌, എത്രയും പെട്ടെന്ന് എനിക്ക്‌ ദുബൈയിലെത്താനുള്ളതാ, പൈസ ഒരു പ്രശ്നമാക്കരുത്‌, എത്ര വേണമെങ്കിലും ചോദിച്ചോള്ളു ഞാന്‍ തരാം"

ചാര്‍ളി ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തിയിട്ട്‌ മറ്റോരു ശ്വസമെടുക്കാന്‍ മൂക്കിനെ അനുവദിച്ചു. ഒപ്പം തന്റെ പോക്കറ്റിലേക്ക്‌ കൈയെത്തിച്ച്‌ കുറെ നോട്ടുകള്‍ വലിച്ചെടുത്തു.

"പുതിയ പാസ്‌പോര്‍ട്ടിന്‌ ഒരു പത്ത്‌ രൂപയാവും, ഒരഞ്ച്‌ മിനിട്ട്‌കൊണ്ട്‌ തരാം"

"പത്ത്‌ ഒരു പ്രശ്നമല്ല, ദാ, വോഗം വേണം" എന്ന് പറഞ്ഞ്‌ ചാര്‍ളി ഒരു പത്ത്‌ രൂപയെടുത്ത്‌ കുഞ്ഞാലിക്ക്‌ നേരെ നീട്ടി.

"സാറെവിടുന്ന"

"ഞാന്‍ പാലയിന്നാ"

"രാവിലെ തനെ ഒരോരുത്തര്‍ കുറ്റിം പറിച്ച്‌ എറങ്ങും, മനുഷ്യനെ മെനക്കെടുത്താന്‍" എത്ര നിയന്ത്രിച്ചിട്ടും വോളിയം കണ്ട്രോള്‍, കുഞ്ഞാലിയുടെ കണ്ട്രൊളില്‍ നിന്നില്ല.

"ഞാന്‍ പറഞ്ഞത്‌ പതിനായിരമാ സാറെ" കുഞ്ഞാലി തന്റെ അവസാനത്തെ സാര്‍ വിളി കൂട്ടി പറഞ്ഞു.

"പതിനായിരം രൂപ" ഏവ്വുരാന്‍ എന്ന് കേള്‍ക്കുന്ന ബെര്‍ളിയെ പോലെ, ചാര്‍ളി മിഴിച്ചിരുന്നു.

"അതെ" കുഞ്ഞാലി കണ്‍ഫേം ചെയ്തു. എന്നിട്ട്‌ പോക്കറ്റില്‍ നിന്നും മാള്‍ബറോ ഫില്‍റ്ററിന്റെ പായ്കറ്റില്‍ നിന്നും ഒന്നെടുത്ത്‌ ചുണ്ടില്‍ വെച്ചു.

ധീം, ഉയരമുള്ള പ്ലാവില്‍ നിന്നും പഴഞ്ചക്ക വീഴുന്ന ശബ്ദത്തോടെ എന്തോ ഒന്ന് തന്റെ അരിക്കില്‍ വീണ്‌കിടക്കുന്നത്‌ കണ്ട്‌ കുഞ്ഞാലി നോക്കി, പിന്നെ ഫുള്‍ പവറില്‍ ഒന്ന് ഞെട്ടി, ഓപ്പം എയറിന്ത്യയുടെ വിമാനത്തിന്റെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ പറഞ്ഞു "പടച്ചോനെ, ചതിച്ച"

Monday 16 July 2007

ബെര്‍ളിച്ചായന്റെ ദുഫൈ യാത്ര

അങ്ങനെ തന്റെ ഡ്രീം പ്രോജക്റ്റായ ബ്ലോഗേഴ്സ്‌ മിറ്റിന്റെ ഷൂട്ടിങ്ങിന്‌ ചാര്‍ളി യാത്ര തിരിക്കുവാന്‍ തിരുമാനിച്ചു. കേരളത്തിലെ കാലവസ്ഥ ഇതിന്റെ ഷൂട്ടിങ്ങിന്‌ പറ്റിയതല്ലെന്ന് അനുഭവംകൊണ്ട്‌ പഠിച്ച ചാര്‍ളി ഷൂട്ടിംഗ്‌ ദുബൈയില്‍ വെച്ച്‌ നടത്തുവാന്‍ തിരുമാനിച്ചത്‌ കാശുണ്ടായിട്ടല്ല, തടി കേടവരുതെന്ന് ചിന്തിച്ചത്‌കൊണ്ട്‌ മാത്രം.

ഒരു ഹാന്‍ബാഗും തൂക്കിപിടിച്ച്‌ പാലയില്‍ നിന്നും നേരെ കരിപ്പുരിലേക്ക്‌, അവിടുന്നണ്‌ ദുഫയിലേക്കുള്ള വിമാനം മൊത്തത്തില്‍ പറന്നുയരുന്നതെന്ന് ആരോ പറഞ്ഞ വിവരം വെച്ചാണ്‌ ചാര്‍ളി ഓടിയെത്തിയത്‌.

എപ്രോണില്‍ തലങ്ങും വിലങ്ങും രണ്ട്‌ വിമാനങ്ങള്‍ ബോണറ്റ്‌ തുറന്ന് വെച്ച്‌ റേഡിയെറ്ററില്‍ തണുത്ത വെള്ളമെഴിച്ച്‌ അടുത്ത യത്രക്കാരെ കാത്തിരിക്കുന്നു. വിമാനത്തിനെ ചാരിനിന്ന് പൈലറ്റ്‌ ഒരു ദിനേശ്‌ ബീഡിക്ക്‌ തീ കെടുത്തു. കിളി ടയറില്‍ കറ്റുണ്ടോ എന്ന് പരിശോധിക്കുന്നു. ഒരു മുളയുടെ ഏണി ചാരിവെച്ച്‌ രണ്ട്‌ പോര്‍ട്ടര്‍മാര്‍ യാത്രകാരുടെ ലഗേജ്‌ കയറ്റുന്നു.

ബാഗും തൂക്കി ഓടിക്കിതച്ച്‌ വന്ന ചാര്‍ളി വിമാനത്താവളത്തിന്റെ കാവടത്തില്‍ കാവല്‍ നില്‍ക്കുന്ന CISF ജവാന്റെ കാലില്‍ വീണ്‌ പറഞ്ഞു.

"സര്‍, ഒരു ടിക്കറ്റ്‌, ഒരേ ഒരു ടിക്കറ്റ്‌, ഇന്ന് ദുബൈയിലെത്തിയില്ലെങ്കില്‍, കാശ്‌ മുടക്കാമെന്ന് പറഞ്ഞ തെണ്ടി മുങ്ങിക്കളയും, സര്‍ പ്ലീസ്‌"

"അന്തര്‍ ജാ" ജവാന്‍.

"തങ്ക്‌ യു സര്‍" ജീവിതത്തില്‍ ആകെ പഠിച്ച ഇംഗ്ലീഷിന്‌ ഇത്രം വല്യ ഒരുപകാരം വരുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ചാര്‍ളി ഓടി അകത്ത്‌ കടന്നു. കൂറെയാളുകള്‍ ക്യൂ നില്‍ക്കുന്നത്തിന്റെ പിന്നില്‍ നിന്നു. ബ്ലോഗ്‌ മീറ്റെന്ന തന്റെ സിനിമക്ക്‌ വേണ്ടി മുടക്കിയ കാശോക്കെ ഒരു ലാഭവുമില്ലത്തെ നഷ്ടപ്പെടുന്നത്‌ സ്വപ്നം കണ്ട്‌ ചാര്‍ളി ഊറിചിരിച്ചു.

"ടിക്കറ്റ്‌" കര്‍ണകടോരമായ ഒരു ശബ്ദം കേട്ട്‌ ചാര്‍ളി ഞെട്ടി കണ്‌ തുറന്നു, വെറുതെ ചുറ്റും നോക്കി.

"ഡോ, ടിക്കറ്റ്‌ എവിടെ" അപ്പോഴാണ്‌ ശബ്ദത്തിന്റെ ഉടമയെ ചാര്‍ളി കാണുന്നത്‌.

"ടിക്കറ്റ്‌ എടുത്തിട്ടില്ല, അതെടുക്കാനല്ലെ ഞാന്‍ ഒരു മണുക്കുറായി ഇവിടെ ക്യൂ നില്‍ക്കുന്നത്‌"

"ഇജി എങ്ങട്ട" തരുണീമണി വിണ്ടും.

"ദുഫൈ" ചാര്‍ളി പറഞ്ഞു.

"പാസ്‌പ്പോര്‍ട്ട്‌ ഏട്‌ത്തു".കാര്‍ത്താവെ ചതിച്ചോ, മനസ വാചാ അറിയാത്ത കുറ്റത്തിന്‌ ഈ പെണ്ണുമ്പിള്ള എന്നെ ചതിക്കുവോ, ചാര്‍ളി അദ്യമായി ആത്മാര്‍ഥമായി കുരിശ്‌ വരച്ചു.

"എയ്‌, ഞാന്‍ അത്തരക്കാരനല്ല, ഞാന്‍ പാസ്‌പോര്‍ട്ടോന്നും എടുത്തിട്ടില്ലെന്റെ അമ്മച്ചി" ചാര്‍ളി ദയനീയമായി അവരെ നോക്കി. കൈവിലങ്ങും, ഇടിവണ്ടിയും, ജയിലും അങ്ങനെ ഒരു 3 മണിക്കുര്‍ ചിത്രത്തിന്‌ ധാരളം മതിയാവുന്ന തിരകഥയുടെ ചിത്രങ്ങള്‍ മുഴുവന്‍ ചാര്‍ളിയുടെ മനസ്സിലെ മിനി സ്ക്രിനില്‍ ഫാസ്റ്റ്‌ ഫോര്‍വേഡടിച്ച്‌ കടന്ന് പോയി. ദിലീപ്പിനെ പോലെ ജയിലില്‍ നിന്നുമിറങ്ങി, ഗള്‍ഫ്‌ ബസാറില്‍ ചെന്ന് സാധങ്ങളുമായി പാലയിലേക്ക്‌ പോവുന്ന രംഗം മാത്രം എത്ര ശ്രമിച്ചിട്ടും ക്ലിയറാവുന്നില്ല.

Monday 9 July 2007

കുഞ്ഞാലി കഥകള്‍

എല്ലാവരും പരമ്പരകള്‍ തുടങ്ങിയ സ്ഥിതിക്ക്‌ ഞാനായിട്ട്‌ നോക്കി നിന്നാ എന്റെ പേരകുട്ടികള്‍ എന്നെങ്കിലും ചോദിക്കിലെ, ഞമ്മളെ ഉപ്പാപ്പ എന്ത്‌ട്‌ക്കെയ്നി ബ്ലോഗില്‌ ന്ന്. അതോണ്ട്‌ ഞാനും ഒരു പരമ്പര തൊടങ്ങാന്‍ തിരുമാന്‍ച്ചി.

ഒരു നല്ല പേര്‌ ചോയ്ചി പള്ളിക്കലെ മോല്യരെ തെരഞ്ഞി പോയപ്പം മോല്യര്‍ക്ക്‌ പള്ളെ വേദന. ഹസ്സന്‍ മോല്യരെ പറ്റി ഞമ്മള്‌ ഒരു കഥ എഴ്‌ദ്യ കഥ എങ്ങനോ മോല്യര്‍ അര്‍ഞ്ഞി. അതോണ്ട്‌ വന്നതാ ഈ പള്ളെ വേദന. അപ്പോ ഇങ്ങക്ക്‌ സംശ്യം, മോല്യര്‍ക്ക്‌ എവ്‌ട്‌ന്ന ഇന്റര്‍നെറ്റ്‌, നാട്ടില്‌ സ്വന്തായ്ട്ട്‌ ഒരു ടിവി സ്റ്റേഷനും റേഡിയൊ സ്റ്റേഷനും കാക്കതൊള്ളായിരം ജനങ്ങള്‍ക്ക്‌ ബ്രേക്കിംഗ്‌ ന്യൂസ്‌, ഒരു ബ്രേക്കും ഇല്ലാതെ എത്തിക്കുന്ന കുഞ്ഞാലി എന്ന ചീപ്പ്‌ റിപ്പ്പ്പോര്‍ട്ടര്‍ കം എഡിറ്റര്‍ കം ന്യൂസ്‌ റീഡര്‍ കം അങ്ങനെ കൂറെ കം ന്ന് കൂടിയ ഞമ്മളെ കിഞ്ഞാലി, ആ കുഞ്ഞാലി വഴിയല്ലതെ ഒരു ന്യൂസും ഈ പഞ്ചായത്ത്‌ന്ന് ബസ്സ്‌ കേറുല്ലാ. മിനിമം ഒരു ന്യൂസെങ്കിലും കേറ്റതെ ബസ്സ്‌ പാലം കടക്കുലാ. ആ കുഞ്ഞാലിനെ തെര്‌ഞ്ഞാ ഞാന്‍ നടക്ക്‌ണത്‌, എത്‌. ഇവടെ മുങ്ങ്യാ പിന്നെ ചെര്‍ള്ള പാടത്ത്‌ പൊന്ത്‌ണെ ഓനെ കണ്ട്‌പുട്‌ച്ചി ഇന്റെ മുനില്‌ വടി വടിയായി നിര്‍ത്തി തന്ന അട്‌ത്തെ വെള്ള്യാഴ്ച രാവിന്റെ സലാത്ത്‌ക്ക്‌ കാവ വെച്ചി കെട്‌ക്കാന്ന് ഞാന്‌ ഒന്നും അലോയ്ച്ചാണ്ട്‌ ഒരോറ്റെ നിര്‍ച്ച.

മമ്മയ്സാക്കന്റെ പിട്യെന്ന് ഗോതമ്പും ചക്കരിം വ്യാഴഴ്ച ബൈന്നാരം തനെ മങ്ങണ്ടി വെരുമ്ന്ന് അപ്പോ അള്ളെണെ ഞാന്‍ കിനാവിലും കൂടി കണ്ടിലാ, പടച്ചോന്റെ കാര്യം ഇങ്ങനെണ്‌, ചെറി ചെറി കാര്യത്തിന്‌ ഞമ്മള്‍ ചെറി ചെറി നിര്‍ച്ച നേര്‍ന്ന അപ്പോ പടച്ചോന്‍ അത്‌ സലാമത്താക്കും. വെല്യ വെല്യ കാര്യത്തിന്‌ എത്ര വെല്യ നിര്‍ച്ച നേര്‍ന്നാലും പടച്ചോന്‍ കേക്കുല, പത്താം ക്ലാസില്‌ 521 മാര്‍ക്ക്‌ കിട്ടിയ ഒരു കുത്ത്‌ റാത്തിബ്‌ കൈച്ചാന്ന് ഞാന്‍ നേര്‍ച്ചാക്കി, റിസള്‍ട്ട്‌ വന്നപ്പളാ ഞമ്മളെ ഇമ്മ പറഞ്ഞത്‌ ഈ അഴ്ചെലെ പള്ളിക്കതെ കാവ ഞമ്മളെ വകെന്ന്, 521 കിട്ടാതെ ഞാനും പടച്ചോനും തമ്മില്‌ തെറ്റിനിക്കണ സമയാ, ഈ ഇമ്മാന്റെ ഒരു കാര്യം ഞാന്‍ എങ്ങനെങ്കിലും പത്ത്‌ ജയ്ച്ചാ കാവ കെട്‌ക്കാന്ന് ഇമ്മ അദ്യം നിര്‍ച്ച നേര്‍ന്നതാ പടച്ചോന്‍ അദ്യം അപ്രൂവ്‌ ചെയ്തത്‌. അത്‌കൊണ്ട്‌ മാത്രാ ഇന്‍ക്ക്‌ 210 കണക്കായി മാര്‍ക്കും കിട്ടിയത്‌.

കുഞ്ഞാലി കഥകള്‍ കൊണ്ടോട്ടി സ്ലാഗിലെഴുതിയാല്‍ എങ്ങിനെയുണ്ടാവും എന്ന പരീക്ഷണം. ഇഷ്ടമയെങ്കിലും ഇല്ലെങ്കിലും അഭിപ്രായിക്കുക. വായിക്കാന്‍ ആളില്ലെങ്കില്‍ പിന്നെ എഴുതാന്‍ എനിക്ക്‌ മടിയ, മുഴുവന്‍ ഈ സ്ലാഗ്‌ കുത്തിതിരുകി ഞാന്‍ തനെ കൂറെ കഷ്ടപ്പെട്ടപ്പ, ഇനി നിങ്ങള്‍ കുറച്ച കഷ്ടപ്പെടൂ. എന്തായാലും മുന്നായാലും അഭിപ്രായം പറയുക, മുന്നാമത്‌ എന്താന്ന്, നിര്‍ത്തിക്കോ ബീരാനെ ന്ന്.