Monday, 31 March 2008

ലത്തിഫിന്റെ കല്യാണം

രണ്ടോ മുന്നോ കൊല്ലം കഴിഞ്ഞ്‌ എങ്ങനെയെങ്കിലും ഒന്നോ രണ്ടോ മാസത്തെ ലീവിന്‌ വന്ന്, എന്തെങ്കിലും കാട്ടി, മടങ്ങുന്ന ഗള്‍ഫുകാരന്‍ പുതിയപ്ലമാരെ, ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രികളുടെ സെര്‍വര്‍ റിജക്റ്റ്‌ ചെയ്യുന്ന കാലം. കൂലി പണിക്കാരനാണെങ്കിലും ഭര്‍ത്താവ്‌ നാട്ടിലുള്ളവന്‍ മതിയെന്ന ഒപ്പണ്‍ സോയ്സ്‌ പ്രോഗ്രം, കെട്ടുപ്രായമായ പെണ്‍കുട്ടികള്‍ ഒട്ടോമാറ്റിക്കായി ഇന്‍സ്റ്റാല്‍ ചെയ്ത്‌ സമയത്താണ്‌, നമ്മുടെ ലത്തിഫ്‌ ജിദ്ധയില്‍ നിന്നും നാട്ടിലെത്തുന്നത്‌. ആകെയുള്ള 2 മാസത്തെ ലീവിനിടയില്‍ നിക്കാഹ്‌ നടത്തണം, നിക്കാഹ്‌ നടത്താന്‍ മുസ്ലിയാര്‍ ഫ്രീയാണ്‌, പക്ഷെ പെണ്ണിനെ കിട്ടണ്ടെ. ഫ്രീയായ പെണ്ണിനെ അന്വേഷിച്ച്‌ ലത്തിഫും ബ്രോക്കര്‍ കോയയും നടോട്ടുക്കും ഓടി നടക്കുന്ന സമയം.

ലത്തിഫിന്റെ സുഹൃത്ത്‌, ഹൈദ്രൂസ്‌ ഐഡിയയുടെ മൊത്തകച്ചവടം നടത്തുന്നയാളാണ്‌. നാട്ടിലെ എല്ലാകുണ്ടമണ്ടി പ്രശ്നങ്ങളുടെയും ബ്രൈന്‍ പവര്‍ ഹൈദ്രൂസിന്‌ സ്വന്തം.

ഒരു സുപ്രഭാതത്തില്‍ ലത്തിഫിന്റെ വിടിന്റെ പടിഞ്ഞാറെ ഭാഗത്ത്‌ ഒരു വലിയ വീടിനുള്ള കുറ്റിയടിക്കുകയും രണ്ട്‌ മൂന്ന് ലോറി കരിങ്കല്ലിറക്കുകയും ചെയ്തു.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഞങ്ങളെ ഞെട്ടിച്ച്‌കൊണ്ടാണ്‌ സൂര്യന്‍ ഉദിച്ചുയര്‍ന്നത്‌. രാത്രി ചന്ദ്രന്‍ വിട്ടിപോകുന്ന നേരത്ത്‌ പ്രശ്നമൊന്നും ഇല്ലായിരുന്നു. ലത്തിഫിന്റെ കല്യാണം നിശ്ചയിച്ചു. അതും കൊണ്ടോട്ടി പഞ്ചായത്തിലെ അറിയപ്പെടുന്ന തറവാട്ടില്‍നിന്നും. വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും, അന്ന്, എഷ്യനെറ്റോ, കൈരളിയോ എന്തിന്‌ അമൃത പോലും കണ്ട്‌പിടിച്ചിട്ടില്ലായിരുന്നത്‌കൊണ്ട്‌, ഞങ്ങള്‍ വിശ്വസിച്ചു.

കൊണ്ടോട്ടിയിലെ അറിയപ്പെടുന്ന സിഐഡിയായ കുഞ്ഞുട്ടിയുടെ അശ്രന്തപരിശ്രമഫലമായി ഞങ്ങള്‍ ആ സത്യം കണ്ട്‌പിടിച്ചു.

ഹൈദ്രുവിന്റെ ഉപദേശപ്രകാരം, ലത്തിഫ്‌ രണ്ട്‌ ലോഡ്‌ കല്ലും ഒരു ലോഡ്‌ മണലും വീടിന്റെ പടിഞ്ഞാറ്‌ ഭാഗത്തിറക്കുകയും, വരുന്നവരോട്‌ മുഴുവന്‍, ലത്തിഫ്‌ വീട്‌ പണി തുടങ്ങാന്‍ പോവുകയാണെന്ന് പറയുകയും, ലത്തിഫിന്റെ ബാങ്ക്‌ ബാലന്‍സില്‍ വീണ നിരപരാധിയായ ഒരു പിതാവ്‌, മകളെ നിക്കാഹിന്‌ ഉറപ്പിക്കുകയും ചെയ്തു.

തകൃതിയായി നടന്ന കല്യാണത്തിന്റെ അഫ്റ്റര്‍ എഫക്റ്റ്‌ തിരുന്നതിന്‌ മുന്‍പ്‌ ലത്തിഫ്‌ പറമ്പിലിറക്കിയ രണ്ട്‌ ലോഡ്‌ കല്ലും മണലും മറിച്ച്‌ വിറ്റു. തറകെട്ടാന്‍ അടിച്ചിരുന്ന കുറ്റിയില്‍, അവന്റെ ഭാര്യ സൈനബ ആടിനെകെട്ടിയിട്ടു.

Saturday, 29 March 2008

ദുബൈ ബ്ലോഗ്‌ മീറ്റ്‌ ഒരു ചിത്രം.


ദുബൈ ബ്ലോഗ്‌ മിറ്റില്‍ പങ്കെടുക്കാന്‍ വേണ്ടി, കൊണ്ടോട്ടിയില്‍ നിന്നും രണ്ട്‌ വണ്ടി നിറയെ ബ്ലോഗര്‍മാര്‍ യാത്രപുറപ്പെട്ട രംഗം.
ഇതിന്റെ കോപ്പി റൈറ്റെന്ന കോപ്പ്‌ എനിക്കില്ല.
ഈ ചിത്രത്തെ ഞെക്കിപിഴിഞ്ഞാല്‍ നല്ലോണം കാണാം.

Thursday, 27 March 2008

ഫ്രീ ചെക്കപ്പ്‌

ഹജ്ജിയാരുടെ മെസ്സ്‌ റൂമില്‍ ഞാനെത്തിപെട്ടത്‌മുതല്‍, അവിടുത്തെ അന്തേവാസികാളായിരുന്ന അലിക്കും ഹൈദ്രൂസിനും ഭയങ്കര സന്തോഷം. കാരണം മറ്റുള്ളവര്‍ക്ക്‌ ജോലിയുണ്ട്‌. എനിക്ക്‌ അതില്ലല്ലോ.

അങ്ങനെ ഞങ്ങള്‍ മൂന്നാളുകളും, അയ്യസലാമിലെ മെസ്സ്‌ റൂമില്‍ രാജാക്കന്മാരെ പോലെ ജീവിച്ചിരുന്ന കാലത്താണ്‌...പണി അന്വേഷിക്കുകയെന്ന ഭയങ്കര പണിയുമായി, നടന്ന് ക്ഷീണിച്ച്‌, ഒരു ദിവസം അലി കയറി വന്നു. ക്ഷീണം മാറ്റുവാന്‍ കഞ്ഞിവെള്ളത്തില്‍ നാലഞ്ച്‌ തവി ചോറിട്ടിളക്കിയത്‌ ഒരു ക്ഷീണവുമില്ലാതെ അകത്താക്കിയ ശേഷം കൈയിലിരുന്ന പരസ്യം എന്റെ നേരെ നീട്ടി അലി പറഞ്ഞു "ബീരാനെ, ഇതോന്ന് വായിച്ച്‌ നോക്ക്‌, പുതിയ ഒരു ആശുപത്രിയുടെ ഉല്‍ഘാടനം പ്രമാണിച്ച്‌, പ്രഷറും, ഷുഗറും ഫ്രീയായിട്ട്‌ ചെക്ക്‌ ചെയ്ത്‌ മരുന്ന് കൊടുക്കുന്നുണ്ട്‌. ഞമ്മക്ക്‌ ഒന്ന് പോയി നോക്കാം".

മെസ്സ്‌ റൂമിലെ ചീഫ്‌ കുക്ക്‌ കം പ്ലയ്റ്റ്‌ വാഷര്‍, മെയ്തു, അവോലിയെ കട്ടിങ്ങ്‌ ആന്‍ഡ്‌ സെവിങ്ങ്‌ ചെയ്യുന്നത്‌ ഞങ്ങള്‍ കണ്ടിരുന്നു. മെയ്തുവിനെ സഹായിക്കാതെ ഞാനോ ഹൈദ്രൂസോ ഇന്ന്, ഫ്രീയായിട്ടല്ല, ഞങ്ങള്‍ക്ക്‌ കാശ്‌ ഇങ്ങോട്ട്‌ തരാമെന്ന് പറഞ്ഞാല്‍ പോലും പുറത്ത്‌ പോവില്ല. പെരുന്നാള്‍ ദിവസം മാത്രം ലീവ്‌ കിട്ടുന്ന സൗദികാരനെ പോലെ, അപൂര്‍വ്വമായി മാത്രം വാങ്ങുന്ന ഫ്രഷ്‌ അവോലി. അല്ലെങ്കിലും വെറുതെകിട്ടിയാല്‍ വിഷവും കുടിക്കുന്നവരാണ്‌ ഞങ്ങളെന്ന് മൊയ്തു പറയാറുണ്ട്‌. മൊയ്തുവിനെ സഹായിക്കുവാനുള്ള ആഗ്രഹം കാരണം, മൊയ്തു മീന്‍ പോരിക്കുന്നതിന്‌ മുന്‍പെ, പപ്പടം പോരിച്ച്‌, രണ്ട്‌ മുന്ന് പ്ലേറ്റുകളുമായി ഞങ്ങള്‍ സ്ഥലം പിടിച്ചു. "ഇന്നെന്താ, കറപ്പന്മര്‍ നേരത്തെ വന്നത്‌. നട്ടുച്ച നേരത്തും കൂര്‍ക്കം വലിച്ചുറങ്ങുന്നവരല്ലെ, എന്ത്‌ പറ്റി" എന്ന മൊയ്തുവിന്റെ ചോദ്യം അവസാനിക്കുന്നതിന്‌ മുന്‍പ്‌ അലി, പ്ലേറ്റെടുത്ത്‌ മൊയ്തുവിനെ എറിയുവനാഞ്ഞു. മെസ്സ്‌ റൂമിലെ 50-ഓളം ആളുകള്‍ക്കിടയില്‍, ഒരിത്തിരി കറുപ്പ്‌ ഞങ്ങള്‍ക്ക്‌ കൂടുതലാണെന്നത്‌ സത്യം. അത്‌ പക്ഷെ കൂട്ടതില്‍ കൂടുതലുള്ള അലി സമ്മതിക്കില്ല. ജോലി കിട്ടിയിട്ട്‌ വേണം ഫെയര്‍ ആന്‍ഡ്‌ ലൗലി വാങ്ങി, ലാവിസായി തേച്ച്‌, ഒരു സുന്ദര കുട്ടാപ്പനാവാനെന്ന് അവന്‍ എപ്പോഴും പറയും. കറുപ്പന്മര്‍ എന്ന വിളി കേള്‍ക്കുന്നതെ അലിക്ക്‌ അലര്‍ജിയാണ്‌.

ഒപ്പന പാട്ടുകള്‍ക്ക്‌ പുതിയ റ്റ്യൂണ്‍ കണ്ട്‌പിടിക്കാനെന്ന പോലെ, അക്ഷമനായി ടേബിളില്‍ താളം പിടിക്കുന്ന ഹൈദ്രു, അലിയോട്‌ സ്വകാര്യമായി പറഞ്ഞു "മിണ്ടാണ്ടിരിക്കെട, ദാ അങ്ങട്ട്‌ നോക്ക്‌, ഫ്രഷ്‌ അവോലി നെരിഞ്ഞ്‌ പാകമായി വരുന്നു മോനെ, ഇപ്പോ കച്ചറയുണ്ടാകല്ലെ, മൊയ്തുനെ ഞമ്മക്ക്‌ ശരിയാക്കാം, ഞാനേറ്റു".
---------------------------------------------
ഭക്ഷണം കഴിച്ച ക്ഷീണത്തില്‍ ഞങ്ങള്‍ അല്‍പം ഉറങ്ങാമെന്ന് തിരുമാനിക്കുന്ന സമയതാണ്‌, വീണ്ടും അലി പരസ്യവുമായി വന്നത്‌.വെറുതെകിടന്നുറങ്ങുന്ന ഞങ്ങള്‍ക്ക്‌ പ്രഷറും ഷുഗറും വരാനുള്ള സാധ്യതയുണ്ട്‌. ഇനി ഇല്ലെങ്കില്‍ തന്നെ, അത്‌ വരുന്നതിന്‌ മുന്‍പ്‌, വരുന്നുണ്ടോ എന്ന് കണ്ട്‌പിടിക്കുവാനും, വന്നിട്ടുണ്ടെങ്കില്‍ പോവാനുള്ള വഴി കാണിച്ച്‌കൊടുക്കുവാനും ഞങ്ങള്‍ തിരുമാനിച്ചു.

സൂര്യന്‍ അന്നത്തെ ജോലി കഴിഞ്ഞ്‌ കാര്‍ഡ്‌ പ്ഞ്ച്‌ ചെയ്യുവാന്‍ തയ്യറായി നില്‍ക്കുന്ന സമയത്താണ്‌, ഞങ്ങള്‍ മൂന്ന് പേരും പുറത്തിറങ്ങിയത്‌. നേരെ പുതിയ ക്ലിനിക്കിലേക്ക്‌.
-------------------------------------------
അസെന്റിങ്ങ്‌ ഓര്‍ഡറില്‍ അകത്തേക്ക്‌ പോകുന്നവര്‍ ഡിസന്റിങ്ങ്‌ ഓര്‍ഡറില്‍ പുറത്തേക്ക്‌ വരുന്നത്‌ കണ്ട്‌ ഞാന്‍, എന്റെ ട്ടോക്കണ്‍, പാന്‍സിന്റെ വെയ്സ്റ്റ്‌ ബിനില്ലിട്ടു. ഞാന്‍ ട്ടോക്കന്‍ ഡിലിറ്റ്‌ ചെയ്യുന്നത്‌ ഹൈദ്രൂസും കണ്ടു. ഉണ്ടപക്രുവിനെക്കാളും ഒരിഞ്ച്‌ നീളം കൂടുതലുള്ള ഫിലിപിനോ നെഴ്‌സുകളെ മാത്രം ശ്രദ്ധിച്ച്‌കൊണ്ടിരുന്ന അലിയവട്ടെ ഇതോന്നും കണ്ടില്ല.

"ബെരന്‍ കൂട്ടി" പേരിട്ട എന്റെ ഉമ്മ പോലും ഇത്‌കേട്ടാല്‍ സഹിക്കില്ല, മാക്സിമം Spiral എഫക്റ്റ്‌ എന്റെ പേരിന്‌ നല്‍കി സിസ്റ്റര്‍ വിളിച്ചത്‌ എനിക്ക്‌ മനസിലായെങ്കിലും ഞാന്‍, ബ്ലോഗിലെ പുലികളോക്കെ ബ്ലോഗ്‌ മീറ്റില്‍ തലതഴ്തിയിരിക്കുന്ന പോലെ, സൈലെന്റ്‌ മോഡിലിരുന്നു.

ഒരിക്കല്‍ കൂടി എന്റെ പേര്‌ വിളിക്കുവാനുള്ള ത്രാണി നഷ്ടപ്പെട്ട പാവം സിസ്റ്റര്‍, ആ ശ്രമത്തിന്‌ എസ്കെപ്പടിച്ച്‌, അടുത്ത പേര്‌ വിളിച്ചു.

"ഹൈ ദ്ര ഊസ്സ്‌" അടുത്ത രണ്ട്‌ മൂന്ന് ജന്മം തന്റെ പേരിത്രയും മനോഹരമായി ആരും വിളിക്കിലെന്ന ഉത്തമബോധ്യത്തില്‍ ഹൈദ്രു വാവിട്ട്‌ കരഞ്ഞു.

ഇത്‌ കേട്ട്‌, LNB പോഷിസന്‍ ചെയ്ത്‌വെച്ച പോലെ, കൗണ്ടറിലെ സുന്ദരിയില്‍ മാത്രം ശ്രദ്ധിച്ചിരുന്ന അലി ഞെട്ടി എഴുന്നേറ്റു.

"ഒര്‌ സൂചി വെച്ചെയ്‌ന്‌ ഇജി എന്തിനാ ഇങ്ങനെ നെലോള്‍ച്ച്‌ണത്‌ ഹൈദ്രൂ"
----------------------------------
കൊടകരപുരാണത്തില്‍ കമന്റടിക്കാന്‍ ഓടുന്നവരെ പോലെ അലി അകത്ത്‌ കടന്നു. പക്ഷെ...

വളരെ ക്ഷീണിതനായി അലി തിരിച്ച്‌ വന്നപ്പോള്‍ ഞങ്ങള്‍ക്ക്‌ സംശയം. ഇവന്റെ കിഡ്നിയെങ്ങാനും ഇവര്‍ അടിച്ച്‌മാറ്റി കാണുമോ?. എയ്‌, അതിന്‌ സാധ്യതയില്ല, കിഡ്‌നി ഊരിയെടുത്താല്‍ പിന്നെ നടന്ന് വരില്ലല്ലോ. അടുത്ത ഓപ്‌ഷന്‍ ഹാര്‍ട്ടിനാണ്‌, അതാണെങ്കില്‍ പഹയന്‌ പണ്ടെ ഇല്ല.

"എന്താടാ, എന്ത്‌ പറ്റി" ഞാനും ഹൈദ്രുസും വോയ്സ്‌ അലൈന്‍ ചെയ്ത്‌ ചോദിച്ചു.

"വാ, പുറത്തിറങ്ങീട്ട്‌ പറയാം."

കാര്യമായി എന്തോ സംഭവിച്ചത്തിന്റെ എല്ലാ ലക്ഷണങ്ങളും ബാഗ്രണ്ടില്‍ തെളിഞ്ഞ്‌ വരുന്നു. ഇവന്റെ എന്തെങ്കിലും പാര്‍ട്ട്‌സുകള്‍ വിതൗട്ട്‌ പെര്‍മിഷന്‍, ഡോക്‌ടര്‍ എടുത്തിട്ടുണ്ടെങ്കില്‍, ഡോക്‌ടറുടെ ബോഡി വിത്ത്‌ പെര്‍മിഷന്‍, ഡമേജ്‌ ചെയ്യുവാന്‍ ഞാനും ഹൈദ്രൂസും സൗണ്ട്‌ലെസ്സ്‌ കമ്യൂണിക്കേഷന്‍ വഴി തിരുമാനിച്ചു. കൈയാണോ കാലാണോ ഒടിക്കേണ്ടതെന്ന തര്‍ക്കം നിലനില്‍ക്കെ അലി പറഞ്ഞു.

"എനിക്ക്‌ കുഴപ്പമൊന്നുമില്ല. പ്രശ്നമതല്ല, എനിക്ക്‌ പ്രഷറോ, സുഖറോ ഇല്ലാന്നാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌, അതുണ്ടാവാന്‍ ദാ, 4-5 മരുന്നുകളെഴുതി തന്നിട്ടുണ്ട്‌."

ഹൈദ്രൂസിന്റെ ലാസ്റ്റ്‌ കമന്റ്‌ "ഇതോരുമാതിരി ഒലക്കമല്ലെ പരിപാടി അയ്‌പോയി".

Wednesday, 26 March 2008

ഞാന്‍ നൂറെടുത്തു.

ഒരു ജോലി കിട്ടിയിട്ട്‌ വേണം രണ്ട്‌ ദിവസം ലീവെടുക്കാന്‍ എന്ന ആഗ്രഹം കാരണം, ജോലി അന്വേഷിച്ച്‌ നടക്കുന്ന വണ്‍സ്‌ അപ്പോണ്‍ എ ടൈം.

കണ്ടക ശനിയുടെ അപഹാരം വ്യായഴ്ച വൈക്കുന്നേരം തുടങ്ങിയ ഓരറബി, അയാളുടെ കടയില്‍ എന്നെ ജോലിക്ക്‌ വെച്ചു. രാഹുകാലം നോക്കാന്‍, വാച്ചില്‍ നോക്കിയ ഞാന്‍ ഞെട്ടി പോയി, അഞ്ച്‌ മിനിറ്റ്‌ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ അടിച്ച്‌, രാഹു കടന്ന് പോയത്‌ ഞാന്‍ അറിഞ്ഞില്ല, പക്ഷെ ഞാന്‍ വിടുമോ?. വാച്ചഴിച്ച്‌, 10 മിനിറ്റ്‌ സ്ലോ മോഷനില്‍ റിവേഴ്‌സടിപിച്ച്‌ ഞാന്‍ ജോലിക്ക്‌ കയറി.

എന്നെ അറബി ഭാഷ പഠിപ്പിക്കുനതിനേക്കാള്‍ നല്ലത്‌, ആറബിക്ക്‌ മലയാളം പഠിക്കുന്നതാണെന്ന തിരിച്ചറിവില്‍, "അഇമ" ഭാഷ ഞാനും അറബിയും കണ്ട്‌പിടിക്കുകയും, കാല ക്രമേണ ഫീ, മഫീ എന്നി വാക്കുകള്‍ എനിക്ക്‌ വളരെ നിഷ്‌പ്രയാസം, അക്ഷരതെറ്റോ, സ്പെലിങ്ങ്‌ മിസ്‌റ്റെക്കോ ഇല്ലാതെ ഉച്ചരിക്കാന്‍ കഴിയുമെന്ന ഘട്ടത്തിലാവുകയും ചെയ്ത സമയം.

ഇടക്കിടെ കടയുടെ ചാവി എന്നെ എല്‍പ്പിച്ച്‌, കൗണ്ടറിന്റെ ചാവി കീശയിലിട്ട്‌ അറബി പുറത്ത്‌പോവാന്‍ തുടങ്ങി. എനിലുള്ള അവന്റെ വിശ്വാസംകണ്ട്‌ ഞാന്‍ ഉള്‍പ്പുളകിതനാവുകയും, ഈ പറഞ്ഞ സാധനം തണുപ്പിക്കാന്‍ രണ്ട്‌ മൂന്ന് ജ്യൂസും ട്ടച്ചിങ്ങിനായി അണ്ടിപരിപ്പ്‌, ബദാം, പിസ്ത മുതലായ ചില്ലറ ഐറ്റംസ്‌ എടുത്ത്‌ കഴിക്കുകയും ചെയ്ത്‌ ജീവിച്ചിരുന്ന ടൈം.

അല്‍റെഡി രണ്ട്‌ ഭാര്യമാരും ഒന്നര ഡസന്‍ കുട്ടികളുമുള്ള എന്റെ മുതലാളി, ഒരു പെണ്ണിനെകൂടി രക്ഷിക്കുവാനുള്ള ഹെല്‍പ്പിങ്ങ്‌ മെന്‍ഡാലിറ്റി, കഴിയുന്നത്ര പിടിച്ച്‌നിര്‍ത്തുവാന്‍ ശ്രമിക്കുകയും, നാള്‍ക്ക്‌ നാള്‍ വര്‍ധിച്ച്‌ വരുന്ന തന്റെ ഹെല്‍പ്പാനുള്ള അഗ്രഹം ഒരു ദിവസം സക്ഷാല്‍ക്കരിക്കുകയും ചെയ്തു.

രാത്രി അവൈലബിളായിട്ടുള്ള സമയം, ഡിവൈഡ്‌ ചെയ്ത്‌ മുന്നാക്കുവാന്‍ പ്രയാസം നേരിട്ടപ്പോള്‍, മുതലാളി, കടയുടെ ചാവിയും കൗണ്ടറിന്റെ ചാവിയും എന്നെയേല്‍പ്പിച്ചു. ജാതക പ്രകാരം മുതലാളിയുടെ കഷ്ടകാലം തുടങ്ങിയത്‌ ആ സുന്ദര നിമിഷത്തിലാണ്‌.

ക്യാഷ്‌ കൗണ്ടറിന്റെ റെസ്‌പോണ്‍ഷിബിലിറ്റി കൈയില്‍ വന്നാല്‍, ഐക്യരാഷ്‌ട്ര സഭയുടെ നിയമമനുസരിച്ച്‌ ഞാനും അഞ്ചോ പത്തോ എടുക്കുക എന്ന അവൈലബിള്‍ ഓപ്‌ഷനില്‍ എനിക്ക്‌ ബോറടിക്കുകയും, സ്ലോമോഷനില്‍ അത്‌ ഇരുപതും അന്‍പതുമായി. എടുക്കുന്ന നോട്ടിന്റെ നീളവും വീതിയുമനുസരിച്ച്‌, പുതിയ പരീക്ഷണങ്ങള്‍ കടയില്‍ നടത്തുകയും, മിസിങ്ങ്‌ ലിങ്ക്‌ കണ്ടുപിടിക്കാന്‍ മുതലാളിക്ക്‌ പ്രയാസമാവുംകയും ചെയ്ത സമയം.

നൂറ്‌ റിയാലിന്റെ ഒറ്റനോട്ടുകള്‍ പല ദിവസങ്ങളിലും എന്റെ പോക്കറ്റില്‍ ബ്ലൂടൂത്ത്‌ വഴി ഡൗണ്‍ലോഡ്‌ ചെയ്യുന്നത്‌ അധികം തുടരാനായില്ല.

ചെയ്യുന്ന ജോലിയില്‍ അന്തസ്സ്‌ വേണമെന്ന നിര്‍ബദ്ധ ബുദ്ധി, ജനന സമയത്ത്‌ തന്നെ പ്രോഗ്രം ചെയ്തിരുന്നത്‌ കാരണം എന്നും മുതലാളിക്ക്‌ കണക്ക്‌ കൊടുക്കുബോള്‍ ഞാന്‍ പറയും "നൂറെടുത്തു".പുതിയ വല്ല ഐറ്റംസ്‌ കടയിലിറക്കിയതിന്റെ പേരാണെന്ന് കരുതി "മാഫി മുസ്‌ക്കില്‍" എന്ന് അറബി പറയുബോള്‍ ഞാന്‍ ചിരിക്കും.

മാസങ്ങള്‍ കടന്ന് പോയി, എന്നും "നൂറെടുത്തു" "മാഫി മുസ്‌ക്കില്‍" എന്ന ഡയലോഗ്‌ കേട്ട്‌ ബോറടിച്ച എന്റെ മുതലാളി, "നൂറെടുത്തു" എന്ന വാക്കിന്റെ അര്‍ത്ഥം കണ്ടുപിടിക്കുവാന്‍ ശ്രമിക്കുകയും, മാന്യനായ ഒരു മലയാളി അതിന്റെ അര്‍ത്ഥം പറഞ്ഞ്‌കൊടുത്തില്ലെങ്കിലും അറബിയോട്‌ പറഞ്ഞു.

ഇനി, ബീരാന്‍ നൂറെടുത്തു എന്ന് പറഞ്ഞാല്‍ നീ "ഇനി എടുക്കരുത്‌" എന്ന് മാത്രം പറയുക.

പതിവ്‌ പോലെ അന്നും കണക്ക്‌കൊടുത്ത്‌ ഞാന്‍ പറഞ്ഞു "നൂറെടുത്തു" ഉടനെ മുതലാളി പറഞ്ഞു "ഇനി എട്‌ക്കര്‍ദ്‌".

Tuesday, 25 March 2008

ദുബൈ ബ്ലോഗ്‌ മീറ്റ്‌

ഒരോഴിവ്‌കിട്ടിയ സന്തോഷത്തില്‍ തലവഴി മൂടിപുതച്ച്‌ കിടന്നുറങ്ങുന്ന എന്റെ തലയില്‍നിന്നും പുതപ്പ്‌ വലിച്ചെടുത്തിട്ട്‌ ഭാര്യ പറഞ്ഞു "ഇങ്ങള്‌ ഇണിച്ചാണി, നേരം വെകി, ഇണിച്ചി"

എന്താണിവള്‍ പറയുന്നതെന്നറിയാന്‍ ഹാര്‍ഡ്‌ ഡിസ്ക്‌ ഐഡിയല്‍ ടൈമിലായത്‌ കാരണം സമയമെടുത്തു.

പുതുപുത്തന്‍ ഉടുപ്പുമിട്ട്‌, എന്റെ രണ്ടുമക്കള്‍ ബെഡില്‍ ചാടി കയറി.

"ഇപ്പ എണിക്ക്‌ ഞമ്മക്ക്‌ പോവാം, ഇങ്ങളല്ലെ പാച്ചുനീം, ആജൂനിം, പച്ചാനനിം കാണിച്ച്‌ തരാന്ന് പറഞ്ഞത്‌"

"എങ്ങോട്ട്‌"

എന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട്‌ കുട്ടികള്‍ മാത്രമല്ല ഭാര്യയും പേടിച്ചോ എന്നൊരു സംശയം.

"അത്‌ ശരി, ഇന്ന് വെള്ളിയാഴ്ചയാണ്‌. ഇന്ന് ഞമ്മള്‍ ദുബൈ ബ്ലോഗ്‌ മിറ്റിന്‌ പോവുമ്ന്ന് പറഞ്ഞിട്ട്‌. ഇതാപ്പോ നല്ല കഥ".

അരിശം വന്നാല്‍ എന്റെ ഭാര്യയെ കാണുവാന്‍ ഒരു ചന്തവുമില്ല. മാത്രമല്ല, അവളുടെ ബ്ലേഡ്‌ പ്രഷര്‍ ഉയരുന്നതനുസരിച്ച്‌, റൂമിലുള്ള പല സാധനങ്ങളും എന്റെ മുതുകിലും തലയിലും വെറുതെ വന്ന് വീഴും. അതോഴിവാക്കുവാന്‍ പരമാവധി ശ്രദ്ധിച്ചാണെന്റെ ജീവിതം.

പതിവ്‌ പോലെ, നല്ല ഭര്‍ത്താവിനുള്ള അവര്‍ഡ്‌കിട്ടുവാന്‍ ശ്രമിക്കുന്ന ഞാന്‍, എഴുന്നേറ്റ്‌ പ്രാഥമിക കാര്യങ്ങള്‍ വളരെ പ്രാധാന്യത്തോടെ നിര്‍വഹിച്ചു. ഇനി എങ്ങാനും അഗ്രൂജി പറഞ്ഞ പോലെ ലിഫ്‌റ്റില്‍ കയറേണ്ടി വന്നാലോ?.

"മണലീകൂടി പോകാന്‍ ഞാനില്ല."

തറവാടിയുടെ ഡെസേര്‍റ്റ്‌ ഡ്രൈവിനെക്കുറിച്ച്‌, ഞാന്‍ പറയാതെ തന്നെ അവളറിഞ്ഞിരുന്നു. അവസാന ചിത്രം മാത്രം മതിയല്ലോ എല്ലാം കുളമാക്കുവാന്‍.

ഒരു വലിയപെട്ടി നിറയെ സാധനങ്ങള്‍ എടുത്ത്‌ വെച്ച്‌ അവള്‍ പറഞ്ഞു

"ഇത്‌ വണ്ടീക്ക്‌ വെച്ചാളി"

"എന്താത്‌, ഇജി നാട്ട്‌ക്കല്ല പോണത്‌, മിറ്റിനാണ്‌"

"അച്ചപ്പം, അവലോസുണ്ട, സമൂസ, പിന്നെ ഇത്തിരി ഉണ്ണിയപ്പവും".

"ഇതെന്ത അന്റെ കൈക്കല്‍ ഒരു പോതി്"

"ഇത്‌ രണ്ട്‌ കുറ്റി പുട്ടാണ്‌, ഇങ്ങളല്ലെ പറയല്‌, ദുബൈക്കരോക്കെ, പുട്ടിന്റെ അള്‍ക്കാരാന്ന്"

എന്റെ കണ്ണ്‌ നിറഞ്ഞു, മലയാള ബ്ലോഗേഴ്സിനോടുള്ള ഇവളുടെ സ്നേഹം കണ്ടിട്ട്‌. ഇതിന്റെ ഒരംശമെങ്കിലും എനിക്ക്‌ കിട്ടിയിരുന്നെങ്കിലെന്ന് ഞാന്‍ വെറുതെ അഗ്രഹിച്ചു.

അങ്ങനെ ഞാനും ഇവളും പിന്നെ എന്റെ മക്കളായ സാലുവും, സിബിയും ദുബൈ ബ്ലോഗ്‌ മിറ്റിലേക്ക്‌...

Monday, 24 March 2008

അന്തസ്സുള്ള കള്ളന്മര്‍

പതിവ്‌ പോലെ, പള്ളിയില്‍നിന്ന് ബാങ്ക്‌ വിളിക്കുകയും, അത്‌ കേട്ട്‌ കോഴി കുവുകയും ചെയ്ത ഒരു പ്രഭാതം പൊട്ടിവിടരാന്‍ സൂര്യനെ കാത്തിരിക്കുന്ന സമയം. നേരം വൈകിയത്‌കൊണ്ട്‌ മത്രം, കുളിക്കാതെ, ഇറനുടുക്കാതെ, ചന്ദനക്കുറിയില്ലാതെ, എന്തിന്‌ പല്ല്‌ പോലും തേക്കാതെ, മണല്‍കാട്ടിലൂടെ നടന്ന് ക്ഷീണിച്ച മുഖവുമായി, സൂര്യന്‍ അയസലാമിലെ മെസ്സ്‌ റൂമിന്റെ കാര്‍ബോര്‍ഡ്‌കൊണ്ട്‌ മറച്ച ജനവാതിലിലൂടെ അകത്തേക്ക്‌ എത്തിനോക്കി.

ആ നോട്ടം അത്ര പന്തിയില്ലെന്ന് ചീഫ്‌ കുക്ക്‌ കം പ്ലേറ്റ്‌ വാഷര്‍, മൊയ്തുകക്ക്‌ SMS കിട്ടുകയും, ശമ്പളത്തിന്‌ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, പുതിയ പ്രശ്നങ്ങള്‍ അത്‌ വരെ വേണ്ടെന്ന് വെക്കുകയും ചെയ്തിട്ട്‌, അദ്ദേഹം എഴുന്നേല്‍ക്കുകയും, തലേന്ന് രാത്രി കുഴച്ച്‌വെച്ച ദോശകൂട്ടില്‍നിന്ന്, കൂറ, പാറ്റ എന്നിത്യാധി വിലപിടിപ്പുള്ള സാധനങ്ങള്‍ എടുത്ത്‌ കളയുകയും ചെയ്ത ശേഷം, ഇന്നലെ ബാക്കിയായ പോറോട്ട, ചപ്പാത്തി എന്നിവ ചൂടാക്കി, ഫ്രെസാക്കികൊണ്ടിരുന്ന സമയത്താണ്‌ പുറത്ത്‌ നിന്നും കേട്ടത്‌.

"അസ്സലാമു അലൈക്കും. കീ ഹാലെ ബായ്‌സാബ്‌"
"അസ്സലാമു അലൈക്കും".

രാവിലെ തന്നെ രണ്ട്‌ സലാം വെറുതെകിട്ടിയ സന്തോഷത്തില്‍, മറ്റുചിലവോന്നും ഇല്ലാത്തതിനാല്‍ മൊയ്തുക്ക അതില്‍ ഒന്നിന്‌ മാത്രം ഒരല്‍പ്പം തിരിച്ച്‌ കൊടുത്തു.

"സലാം, TK"

തനിക്കറിയാവുന്ന ഉറുദു രാവിലെ തന്നെ പ്രയോഗിക്കാന്‍ കിട്ടിയ അവസരം എന്തായാലും മൊയ്തുക്ക വിനിയോഗിച്ചു. ഇന്ന് രാവിലെ കണികണ്ട സാധനം എന്താണെന്ന് അലോചിച്ച്‌കൊണ്ടിരിക്കെ...

സലാം പറഞ്ഞു വന്ന രണ്ട്‌ പച്ചകള്‍ (പക്കിസ്ഥാനികള്‍) പിക്കപ്പ്‌ വാന്‍ പിന്നോട്ട്‌ വച്ച്‌, മൊയ്തുകയുടെ മുന്നിലുള്ള എ.സി. എടുത്ത്‌ വണ്ടിയില്‍ കയറ്റുവാന്‍ പ്രയാസപ്പെടുന്നത്‌ കണ്ടപ്പോള്‍, ലോല ഹൃദയനായ മൊയ്തു സഹായിച്ചു.എ.സിയും ചുമന്ന് പച്ചകളും, അവരെ ചുമന്ന് വാനും പോകുന്നത്‌ മൊയ്തു നോക്കിനിന്നു. പോകുന്ന പോക്കില്‍ അവര്‍ വിണ്ടും ഒരു സലാം കൂടി മൊയ്തുവിന്‌ കൊടുത്തു. രാവിലെ തന്നെ മൂന്ന് സലാം കിട്ടിയ സന്തോഷത്തില്‍, പുതിയ ബ്ലോഗ്‌ പോസ്റ്റിന്‌ തേങ്ങയുടച്ചന്റെ ഭാവത്തോടെ, ദാസേട്ടന്റെ ഹരിമുരളീരവം, ആദ്യം മപ്പിളപാട്ടിന്റെ റ്റ്യൂണിലും, പിന്നെ ഉംമ്പായി ചേട്ടന്റെ റ്റ്യൂണിലും പാടികൊണ്ടിരിക്കെ...

ബ്രഷ്‌ പല്ലില്‍ ഫിറ്റ്‌ ചെയ്ത്‌, ഒരു മിനി വ്യായാമം നത്തികൊണ്ടിരിക്കെ, ഹാജിയാര്‍ ചോദിച്ചു. "മൊയ്തു, ഇവടെ കിടന്ന എ.സി എവിടെ".

"അത്‌ രണ്ട്‌ പച്ചകള്‍ വന്ന് എടുത്ത്‌കൊണ്ട്‌ പോയി, എന്തെ"
"ചതിച്ചോ പടച്ചോനെ" എന്ന് പറഞ്ഞ്‌ ഹാജിയാര്‍ വീടിന്റെ ഗേറ്റ്‌ വരെ ഓടി, ഷര്‍ട്ടിടാത്തത്‌കൊണ്ട്‌, റിവേഴ്‌സിട്ട്‌ തിരിച്ച്‌ വന്നു.

ദെന്തപ്പോ ഇയാക്ക്‌, എന്ന് ചിന്തിച്ച്‌കൊണ്ട്‌, ദോശമാവ്‌ മോഷ്ടിക്കുവാന്‍ വന്ന പാറ്റയെ കൈയൊടെ പിടിച്ച്‌ പുറത്തിട്ട്‌കൊണ്ട്‌ മയ്തു പറഞ്ഞു 'ഇന്നത്തെ ക്വോട്ട തീര്‍ന്നു, ഇനി നീ നാളെ വാ".

"ഞാനത്‌ നന്നാക്കാന്‍ വെച്ചതാ, ഇന്നലെ പോകാന്‍ സമയം കിട്ടിയില്ല, അത്‌കൊണ്ട്‌ ഇന്നാക്കമെന്ന് കരുതി വെച്ചതാണ്‌ ഹമ്മുക്കെ. പുതിയ എ.സിയാണ്‌, ഇനി ഇപ്പോ എന്താ ചെയ്യ" എഷ്യനെറ്റില്‍ പരസ്യം വരുന്ന പോലെ, ഇനി അരമണിക്കുര്‍ നേരം ഹാജിയാര്‍ ഇത്‌ തന്നെ പറഞ്ഞ്‌കൊണ്ടിരിക്കുമെന്നറിയാവുന്ന മൊയ്തു, ഒരല്‍പ്പം പഞ്ഞിയെടുത്ത്‌ ചെവിയില്‍ വെച്ചു.

വൈകുന്നേരം ഈ സംഭവം ചോദിച്ചപ്പോള്‍ മൊയ്തു പറഞ്ഞത്‌

"അല്ല ബീരാനെ, രാവിലെ തന്നെ രണ്ടാള്‌ വന്ന് രണ്ട്‌ സലാം പറഞ്ഞ് ഒന്ന് സഹായിക്ക്‌ എന്ന് പറഞ്ഞാല്‍, അത്‌ കള്ളന്മാരാണെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും. അവരുടെ സ്വന്തം എ.സി. എടുത്ത്‌കൊണ്ട്‌ പോകുന്നത്‌ പോലെയല്ലെ ഹമ്മുക്കുകള്‍ അത്‌ കൊണ്ട്‌ പോയത്‌."

മൊയ്തുവിന്റെ ന്യായമായ ചോദ്യംകേട്ട്‌ ഞാന്‍ അമ്പരന്നു.

പിന്നിട്‌, ആരെങ്കിലും രാവിലെ സലാം പറഞ്ഞാല്‍ ഉടനെ മൊയ്തു പറയും "സലാം പറയണ്ട കുട്ട്യേ. ഒരു സലാം മടക്കിയതിന്‌ എന്റെ 1000 റിയാലാണ്‌ പോയത്‌"

Sunday, 23 March 2008

കംപ്യൂട്ടറെന്ന മഹാന്‍

ജിദ്ധ വിശേഷങ്ങള്‍ മാത്രം പറയുന്ന ബീരാന്‍ ആദ്യം വന്നത്‌ ജിദ്ധയിലല്ല എന്നത്‌ പകല്‍ പോലെ സത്യം. ദമാമിലെ അറാംകോയുടെ എണ്ണപ്പാടങ്ങളാണ്‌ ഞാന്‍ വിമാനത്തിന്റെ സൈഡിലൂടെ ആദ്യം കണ്ടത്‌. എണ്ണപ്പാടം എന്റെ കണ്മുന്നില്‍ നിരന്ന് പരന്ന് കിടന്നപ്പോ എനിക്ക്‌ ന്യായമായും ഒരു പൂതി. വിമാനത്തിന്റെ ഗ്ലാസ്‌പോക്കി ഈ കഴ്ച ഒന്ന് നല്ലോണം കണ്ടല്ലോന്ന്. കൂട്ടത്തില്‍ സുന്ദരിയായ ഒരു പെണ്ണ്‌ എന്റെ മുന്നിലൂടെ പോയപ്പോള്‍, സുന്ദരികളോക്കെ, എയര്‍ഹോസ്റ്റസാണെന്ന ധാരണയില്‍, ഞാന്‍ പറഞ്ഞു. "എയ്‌, കൂയ്‌, അബടെ നിക്കി, അബടെ നിക്കി, ഇങ്ങള്‌ ഈ ഷട്ടറ്‌ ഒന്ന് പോക്കി, ഞമ്മള്‌ ഒന്ന് ശരിക്ക്‌ കണട്ടെ..." ബാക്കി പറയാന്‍ ആ പെണ്ണ്‌ സമ്മതിച്ചില്ല. ഡീസല്‍ ലാഭിക്കുവാന്‍ വേണ്ടി, എയര്‍ ഇന്ത്യ വിമാനത്തിനകത്തെ ലൈറ്റുകള്‍ ഓഫാക്കിയിരുന്നത്‌ കാരണം, അവര്‍ പര്‍ദ്ദ ധരിച്ചിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല. മാസാവസാനം ശമ്പളം ചോദിക്കുന്ന മൂസ്സാക്കനെ അറബി നോക്ക്‌ണ പോലെ ഒരു നോട്ടം. ഷട്ടറ്‌ പോക്കാന്‍ പറഞ്ഞതിന്‌ ഈ പെണ്ണ്‌ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നതെന്ന്, അവരുടെ ഭര്‍ത്താവ്‌ വന്ന്, എന്റെ ചെവിക്കല്ലിന്റെ ആണി നോക്കി ഒരടി തന്നപ്പോഴും ഞമ്മക്ക്‌ മനസിലായില്ല. പിന്നിട്‌ അവര്‍ പറഞ്ഞ ഡയലോഗില്‍ നിന്നും കമ്പ്ലീറ്റ്‌ കാര്യങ്ങള്‍ ഞാന്‍ ഡീകോഡ്‌ ചെയ്തു. "എന്റെ പെണ്ണിന്റെ ഷട്ടര്‍ തന്നെ പോക്കണം അല്ലെടാ ... മോനെ..."

മേലില്‍ എയര്‍ ഇന്ത്യയില്‍ മാത്രമല്ല, കാളവണ്ടിയില്‍ കയറിയാലും ഷട്ടര്‍പോക്കാന്‍ പറയില്ലെന്നു ഞാന്‍ സത്യം ചെയ്തു.

കംപ്യൂട്ടര്‍ അറിയുമെങ്കില്‍ 3000 റിയാല്‍ ശമ്പളം കിട്ടുമെന്ന് കോയ പറഞ്ഞപ്പോള്‍, ഈ കുന്ത്രാണ്ടം, റ്റൈപ്പ്‌ റൈറ്ററിനെക്കാളും ഒരിഞ്ച്‌ കൂടുതലും, അതിനേക്കാളും ഒരിത്തിരി വോള്യം കുറവമുള്ള ഒരു സാധനമാണെന്നാണ്‌ ഞാന്‍ കരുതിയത്‌. പിന്നെ ഹംസാക്ക വന്ന് കംപ്യൂട്ടറിന്റെ പോരിസ പറഞ്ഞപ്പോഴാണ്‌ ഞമ്മക്ക്‌ മനസിലായത്‌, ഇത്‌ ഇമ്മിണി ബല്യ ഒരു സാധാനാന്ന്. രണ്ട്‌മൂന്നാള്‍ക്കാരെ പണി ഒറ്റക്കെടുക്കും, ഭയങ്കര സ്പീഡാണ്‌. കണക്ക്‌ കൂട്ടും, പ്രിന്റ്‌ എടുക്കും, ഫയലോക്കെ സൂക്ഷിച്ച്‌വെച്ച്‌ എപ്പോ ചോദിച്ചാലും തിരിച്ച്‌ തരും. അങ്ങനെ നൂറ്‌ നൂറ്‌ ഗുണങ്ങളുള്ള ഈ സാധനം ഞമ്മക്കും കണാന്‍ പൂതിയായി.

കരിപ്പുര്‍ വിമാനത്താവളത്തിന്റെ പണി നടക്കുന്ന സമയത്ത്‌, ബുള്‍ഡ്രോസര്‍, ലോഡര്‍, പോക്ലയ്‌ന്‍, ജെസിബി എന്നീ മഹന്മാരെയും ടിപ്പര്‍, ടാങ്കര്‍ എന്നീ മഹതികളെയും ഞമ്മള്‌ കണ്ടിട്ടുണ്ട്‌. പന്റും കോട്ടുമിട്ട്‌ ടൈയും കെട്ടി, വല്യ ഒരു പെട്ടിയും താങ്ങിപിടിച്ച്‌ കംപ്യൂട്ടര്‍ നന്നാക്കുവാന്‍ നടക്കുന്ന ആളുകളെ കണ്ട്‌, ഈ സാധനം ഞാന്‍ കണ്ടതിനേക്കാള്‍ വലുതാണെന്ന് തെറ്റിധരിച്ചത്‌ എന്റെ തെറ്റാണോ?.

അങ്ങനെ, എന്റെ സുഹൃത്ത്‌ കോയയുടെ കൂടെ അവന്റെ അറബിയുടെ ഓഫിസില്‍ ചെന്നപ്പോഴാണ്‌ അവിടെ കംപ്യൂട്ടറുണ്ടെന്ന് കേട്ടത്‌. ആ വാര്‍ത്ത കേട്ടതും, ഞാന്‍ ഓഫിസിന്റെ ചുറ്റും നടന്ന് നോക്കി, എങ്ങാനും കംപ്യൂട്ടര്‍ സൈഡാക്കി, ഷെഡില്‍ കയറ്റിയിട്ടിട്ടുണ്ടെങ്കില്‍, ഒന്ന് തോട്ട്‌ നോക്കാലോ. ലക്‌സസും, മെര്‍സിഡിസും ലാന്റ്‌ ക്രൂയ്‌സറും, ബേപ്പുര്‌ മത്തി കിടക്കുന്ന പോലെ, തലങ്ങും വിലങ്ങും കിടക്കുന്നു. കംപ്യൂട്ടര്‍ മാത്രം കാണാനില്ല. ഞാന്‍ ഓടി നടന്നത്‌ മാത്രം ബാക്കി. അക്ഷമനായി ഞാന്‍ കോയയോട്‌ കാര്യം പറഞ്ഞു 'കോയ, ഇന്‍ക്ക്‌ കംപ്യൂട്ടര്‍ ഒന്ന് കാണണം"

"അയ്കോട്ടെ, ഞാന്‍ കാണിച്ച്‌ തരാം, ഇജി ഇവടെ നിക്ക്‌, അറബി പോയിട്ട്‌ ഞമ്മക്ക്‌ കണാട്ടോ" ന്ന് കോയ.ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുവാന്‍ പോവുന്ന കംപ്യൂട്ടറിന്റെ മനോഹര ദൃശ്യങ്ങള്‍ എന്റെ മിനി സ്ക്രിനില്‍ ട്രാന്‍സിഷന്‍ ഇഫക്റ്റില്ലാതെ മിന്നി മറഞ്ഞു. "ബീരാനെ, അറബി പോയി, ഇജി വാ, ദാ, ആ റൂമിലാണ്‌ കംപ്യൂട്ടര്‍, അത്‌ തോടരുത്‌ ട്ടോ" എന്ന് പറഞ്ഞ്‌ കോയ മുന്നിലും ഞാന്‍ പിന്നിലും നടന്നു. ഒരു ചേറിയ മുറിയുടെ വാതില്‍ കോയ തള്ളിതുറന്നപ്പോള്‍, ഞാന്‍ അലോചിച്ചു. ഈ സാധനം എങ്ങനെയാണ്‌ അകത്ത്‌ കടത്തിയത്‌, ഈ വതിലിലൂടെ അത്‌ അകത്ത്‌ കടക്കുമോ?. കുണ്ടോട്ടി പാടത്ത്‌ ബസ്സ്‌ മറിഞ്ഞാല്‍, ബേപ്പുരില്‍നിന്നും ഖലാസികള്‍ വന്ന്, എലേലം പാടി, ബസ്സ്‌ കരക്ക്‌ കയറ്റുന്ന പോലെ, 5-8 മല്ലന്മാര്‍ കംപ്യൂട്ടര്‍ തള്ളി അകത്ത്‌ കയറ്റുന്ന മനോഹരമായ കഴ്ച അസ്വദിച്ച്‌ ഞാന്‍ അകത്ത്‌ കടന്നു. അസാധാരണമായതോന്നും അവിടെ കാണാതെ, ജ്ഞാസയോടെ ഞാന്‍ ചുറ്റും നോക്കി, ഇനി കംപ്യൂട്ടറല്ലെ, എങ്ങാനും മുകളില്‍ തൂങ്ങികിടക്കുന്നുണ്ടാവുമോ എന്നറിയാന്‍ ഞാന്‍ മുകളിലും നോക്കി.

"ദാ, ഇതാണ്‌ കംപ്യൂട്ടര്‍" ഒരു കൊച്ചുമേശപ്പുറത്ത്‌, മൂടിപൂതച്ച്‌ കിടന്നുറങ്ങുന്ന ഒരു പതിനാലിഞ്ച്‌ TV യും VCR പോലെ ചെറിയപെട്ടിയും ഒരു റ്റൈപ്പ്‌ റൈറ്ററിന്റെ മുന്നില്‍. രണ്ട്‌ മൂന്ന് ഫ്ലോറില്‍ ഞാന്‍ പണികഴിച്ച സകല ഇമേജും തകര്‍ന്നു വീണു. ഇതാപ്പോ സാധനം എന്ന ഭാവത്തില്‍, ഞാന്‍ അവന്‌ ചുറ്റും രണ്ട്‌ റൗണ്ടടിച്ചു.

ഇതിനേക്കാള്‍ വല്ല്യ മെഷിന്‍ ഞാന്‍ കണ്ടിട്ടുണ്ടെന്ന അഹങ്കാരത്തോടെ ഞാന്‍ കോയയോട്‌ ചോദിച്ചു. കംപ്യൂട്ടറിന്റെ മുകളിലെന്തിനാ TV വെച്ചിരിക്കുന്നത്‌?

Saturday, 22 March 2008

മെസ്സ്‌ റൂമിലെ സുന്ദരി

സ്വന്തമായി വിവാഹം കഴിക്കണമെങ്കില്‍, ഒരു ഉംറ വിസയെടുത്ത്‌, രണ്ട്‌ വര്‍ഷം ജിദ്ധയിലെ പോക്കര്‍ ഹാജിയുടെ മെസ്സ്‌ റൂമില്‍ കിടക്കണമെന്നും, ഒന്നുകില്‍ പോലിസ്‌ പിടിക്കുകയോ, അല്ലെങ്കില്‍ ഇനിയും മകന്‍ ജിദ്ധയില്‍ നിന്നാല്‍ താമസിക്കുന്ന പുരയിടം ഹാജിയാര്‍ സ്വന്തമാക്കുകയോ ചെയ്യുമെന്ന അവസ്ഥയില്‍ തിരിച്ച്‌ വരണമെന്നുമുള്ള അലിഖിതനിയമം നിലനിന്നിരുന്ന ഞങ്ങളുടെ ഇത്തിരിപോന്ന ഗ്രാമത്തില്‍ നിന്നും പതിനെട്ടാം വയസ്സിലാണ്‌ ബിട്‌സ്‌ മുഹമ്മദ്‌ വിസയെടുത്ത്‌ ജിദ്ധയിലെത്തിയത്‌. അവന്റെ വരവ്‌, പണിയോന്നുമില്ലാതെ പോക്കര്‍ ഹാജിയാരുടെ മെസ്സ്‌ റൂമില്‍ പകലന്തിയോളം കിടന്നുറങ്ങുന്ന പലര്‍ക്കും അശ്വാസമായി. കൂട്ടിന്‌ മുഹമ്മദിനെകിട്ടുകയെന്നത്‌, ജോലികിട്ടുന്നതിനെക്കാള്‍ പ്രയാസമാണ്‌. ഇക്കാമയെടുത്ത്‌, അങ്ങനെ മുഹമ്മദും മെസ്സ്‌ റൂമിലെ സ്ഥിരം മെമ്പര്‍മാരില്‍ മെമ്പര്‍ഷിപ്പെടുത്തു. ജോലി അന്വേഷിക്കുകയെന്ന ഭയങ്കര ജോലിയുമായി മല്ലടിക്കാന്‍ മുഹമ്മദ്‌ ശ്രമിച്ചില്ല, കുട്ടിഹസ്സനെന്ന അവന്റെ ഫാദര്‍, സ്ഥലത്തെ പ്രധാനപ്പെട്ട സ്ഥലകച്ചവടക്കാരില്‍ പ്രധാനിയാണ്‌. ഫാദര്‍ കൊണ്ട്‌വരുന്ന പലവ്യജ്ഞനങ്ങളും പച്ചക്കറികളും കൂടതെ ഇറച്ചിയും മീനും എല്ലും മുള്ളും എടുത്ത്‌ കളഞ്ഞ്‌ തോണ്ടയില്‍ കുടുങ്ങാതെ വിഴുങ്ങുകയെന്ന മഹത്തായ ദൗത്യവുമായി വിട്ടില്‍ തന്നെയിരിക്കുന്ന അരഡസന്‍ മക്കളില്‍ മുത്തവനാണ്‌ മുഹമ്മദ്‌. "ഞാന്‍ ഈക്കണ്ട സ്വത്തോക്കെ സംബാദിച്ചത്‌ സ്കുളില്‍ പോയി പഠിച്ചിട്ടല്ലെന്ന ഫാദറിന്റെ വാക്കുക്കള്‍ മുഹമ്മദിനെ തെല്ലോന്നുമല്ല അശ്വാസമായത്‌. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്‌, സുന്ദരിയായ, സുന്ദരി ടിച്ചര്‍ക്ക്‌ പ്രേമലേഖനം കൊടുത്തതിന്റെ പേരില്‍, ചൂരലിന്റെ പാട്‌ തുടയിലും, ടി.സി. കൈയിലും വാങ്ങി മുഹമ്മദ്‌ സ്കുളിന്റെ പടിയിറങ്ങിയതാണ്‌.

കാരംസ്‌ കളിച്ച്‌ മൂന്ന്‌നാല്‌ മാസം കഴിഞ്ഞപ്പോള്‍, കൂടെയുള്ള പലരും അല്ലറ ചില്ലറ ജോലിയുമായി പോയികഴിഞ്ഞപ്പോള്‍, വെള്ളിയാഴ്ചയുടെ തലേന്ന് രാത്രി മാത്രം വരുന്ന ഫ്രണ്‍സിന്റെ സാമിപ്യംകൊണ്ട്‌ മുഹമ്മദിന്‌ ബോറടിച്ചു. ബോറടിച്ചത്‌ സഹിക്കവയ്യതെ മുഹമ്മദ്‌ ബുഡ്‌വൈസറിന്റെ ബീറടിച്ചു. അങ്ങനെയുള്ള ഒരു വെള്ളി ദിവസത്തിലാണ്‌, നിരനിരയായി കിടക്കുന്ന പത്ത്‌ പന്ത്രണ്ട്‌ സുഹൃത്തുകളുടെ ഇടയിലൂടെ, ബാങ്ക്‌ വിളിക്കുന്നതിന്‌ ഒരു ചാണ്‍ അകലം മാത്രം ബാക്കിയിരിക്കെ, അടുത്ത്‌കിടന്നവന്റെ മുണ്ടഴിച്ച്‌ തലവഴി മൂടിപുതച്ച്‌ കിടക്കുന്ന മുഹമ്മദിന്റെ പുതപ്പ്‌ ഒരല്‍പ്പം ഉയര്‍ത്തി, അതീവ സുന്ദരിയായ ഒരു അറബിപെണ്ണ്‌ മുഹമ്മദിനെ ഉണര്‍ത്താന്‍ ശ്രമിക്കുകയും, പരജയത്തിന്റെ കൈപ്പ്‌നീരിന്‌ മധുരമാണ്‌ എന്ന് മാത്രമറിയാവുന്ന അവള്‍, മുഹമ്മദിന്റെ കാതില്‍ മൃദുവായി കടിക്കുകയും ചെയ്തത്‌.

ആദ്യം ഒരു കിരുകിരുപ്പും, പിന്നെ ഒരു തരി തരിപ്പും അനുഭവപ്പെട്ട മുഹമ്മദ്‌, പെന്റിയം 1 കംപ്യൂട്ടറില്‍ വിന്‍ഡോ XP തുറക്കുന്നത്‌പോലെ, വളരെ പതിയെ സഹചര്യങ്ങളുമായി പൊരുത്തപെടുകയും, സ്ഥലകാലബോധം വന്നപ്പോള്‍, ആദ്യം അലറികരയുവാന്‍ അഗ്രഹിക്കുകയും, സിസ്റ്റം ഫയല്‍ ഡീലിറ്റ്‌ ചെയ്തവന്‍ എസ്കേപ്പ്‌ ബട്ടനടിക്കുന്നപോലെ, അത്‌ വേണ്ടെന്ന് വെക്കുകയും ചെയ്തു. എങ്കിലും പുറത്ത്‌ വന്ന അമര്‍ച്ച, മുഴുവന്‍ നിയന്ത്രിക്കുവാന്‍ സാധിക്കതെ, ഒരല്‍പ്പം പുറത്തേക്ക്‌ വന്നത്‌ അടുത്ത്‌ കിടക്കുന്ന ഉമ്മറിന്‌ സഹിച്ചില്ല. സ്വന്തമായിട്ടോരു കല്യാണം സ്വപ്നം കണ്ട്‌ കിടക്കുന്ന ഉമ്മര്‍ പറഞ്ഞു "ദാരാത്‌ രാവിലെതന്നെ, ഛെ".

പരിസരം മുഴുവന്‍ ബോധമില്ലാതെ കിടക്കുന്നവര്‍ക്കിടയില്‍നിന്നും മുഹമ്മദ്‌ കരഞ്ഞു, അല്ല അലറി."ന്റെ മ്മാ, ഇങ്ങക്ക്‌ എന്തെ പറ്റീത്‌, ഇന്‍ക്ക്‌ ഇപ്പോ ന്റെ ഇമ്മാനെ കാണണം". ബാങ്ക്‌കൊടുത്ത്‌, മുസ്ലിയാര്‍ കുത്ത്‌ബതുടങ്ങിയശേഷം മാത്രം എഴുന്നേല്‍ക്കുകയും, വെള്ളം ടാങ്കിലുണ്ടെങ്കില്‍ മാത്രം കുളിക്കുകയും ചെയ്യുന്ന പന്ത്രണ്ടാളുകളും ഒരേ സമയം ഞെട്ടിയുണര്‍ന്ന്, ഒരേ സമയം ചോദിച്ചത്‌ മുഹമ്മദിന്‌ മനസിലായില്ല, അവന്‍ വീണ്ടും കരഞ്ഞു. "ഇന്‍ക്‌ ഇപ്പോ ന്റെ ഇമ്മാനെ കാണണം".

"ഇപ്പോ ബാങ്ക്‌ കൊട്‌ത്തിലെ, ജുമആ നിസ്ക്കാരം കഴിഞ്ഞിട്ട്‌ ഞമ്മക്ക്‌ കാണട്ടോ" ന്ന് മോയ്തു പറഞ്ഞതനുസരിച്ച്‌, തല്‍ക്കാലം മുഹമ്മദ്‌ കരച്ചിലിന്‌ സ്റ്റോപ്പടിച്ചു. പക്ഷെ അത്‌ സ്റ്റോപ്പായിരുന്നില്ലെന്ന് നമസ്‌ക്കാരശേഷം, ഹാജിയാരുടെ ബിരിയാണികഴിച്ച്‌, വീണ്ടും മുഹമ്മദ്‌ കരഞ്ഞപ്പോള്‍ മനസിലായി.

"ടാ, ഇജി ചോറ്‌ തിന്നോ"എന്ന ഹാജിയാരുടെ ചോദ്യത്തിന്‌ കരച്ചിലിനിടയിലൂടെ, തലയാട്ടി ഉവ്വെന്ന് മറുപടി പറഞ്ഞു.

അനുരജ്ഞനശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ഹാജിയാര്‍ മുഹമ്മദിന്റെ ഫാദറിനെ ഫോണില്‍ വിളിച്ച്‌ കാര്യം പറഞ്ഞു.കുട്ട്യസ്സന്‍ പറഞ്ഞതിങ്ങനെ "ഓനെ ഇങ്ങട്ട്‌ കേറ്റി വിട്ടാളി ഹാജിയാരെ, ഒരു നല്ല കല്ല്യാണം ഒത്ത്‌ വന്ന്‌ണ്ട്‌, ഇഞ്ഞി ഗള്‍ഫ്‌ക്കാരനാന്ന് പറഞ്ഞി കല്ല്യാണം നടത്തലോ, അത്‌ മതി, അല്ലതെ ഇവടെ ഓന്‍ നയ്‌ച്ചി കൊണ്ടരണ്ട കാര്യം ഇല്ലല്ലോ."

അന്ന് തന്നെ മുഹമ്മദ്‌ വിമാനം കയറിയപ്പോള്‍, ഹാജിയരുടെ മെസ്സ്‌ റൂമിലെ സുന്ദരിയായ കൂറ, താന്‍ കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതം നഷ്ടമയല്ലോ എന്ന വിമ്മിഷ്ടത്തോടെ പടിയിറങ്ങി.

Wednesday, 19 March 2008

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 3

ടെസ്റ്റ്‌ നമ്പര്‍ - 2

രാവിലെ 9 മണിക്ക്‌ തുടങ്ങുന്ന ടെസ്റ്റില്‍ പങ്കെടുക്കാന്‍ ഞാന്‍ എഴ്‌മണിക്ക്‌ തന്നെ ഹാജര്‍. ഒളിഞ്ഞും തെളിഞ്ഞും ടെസ്റ്റ്‌ നടക്കുന്ന ഗ്രൗണ്ട്‌ കാണുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ടെസ്റ്റിനു മുന്‍പ്‌ ഒരു മണിക്കുര്‍ ക്ലാസ്സ്‌, മലയാളികള്‍ക്ക്‌ മലയാളത്തിലാണ്‌ ക്ലാസെന്ന്‌ സഹമുറിയന്‍ ഹൈദ്രൂസിന്റെ സമധാന വാക്കുകള്‍. എന്തായാലും ഒരു ടെസ്റ്റ്‌ ജയിച്ച കോണ്‍ഫിഡന്‍സില്‍ ഞാന്‍ ക്ലാസില്‍ കയറി. പ്രോജക്റ്ററോ, ഭിത്തിയിലോട്ടിച്ച ചിത്രങ്ങളോ ഇല്ലെങ്കില്‍, അധ്യപകന്‍ പറയുന്നത്‌ ആകെ മൊത്തം 4-5 ആളുകള്‍ക്ക്‌ മാത്രമേ മനസിലാവൂ. കാരണം 4-5 അറബികള്‍ മാത്രമേ അവിടെയുള്ളൂ. കഷ്ടപ്പെട്ട്‌ 50 മിനിറ്റ്‌ തള്ളിനിക്കി. ക്ഷമ പരിശോധിക്കുവാനാണ്‌ ഈ ക്ലാസെങ്കില്‍ അവിടെയുള്ള എല്ലാവരും വിജയിക്കും തീര്‍ച്ച. അവിടെന്നും ഒരു കുത്ത്‌ വാങ്ങി, നേരെ ഗ്രൗണ്ട്‌ നമ്പര്‍ 2 - വില്‍ ഞാന്‍ ലന്റ്‌ ചെയ്തു.

നീണ്ട ബെഞ്ചില്‍ വളരെ പ്രയാസപ്പെട്ട്‌ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ വേണ്ടെന്ന് വെച്ച്‌, വളരെ കൃത്യമായി, നാലാമനായി ഞാനിരുന്നു. ഒരു മയവുമില്ലാതെ ക്യൂവില്‍ ഇടിച്ച്‌കയറി ഒന്നാമനാവാന്‍ എനിക്ക്‌ പരിചയമില്ലാഞ്ഞിട്ടല്ല, മറിച്ച്‌, ഒന്നും രണ്ടും മുന്നും സ്ഥാനക്കാര്‍ കാണിക്കുന്നത്‌ കണ്ട്‌, അത്രയെങ്കിലും വിവരം ശേഖരിക്കുവാനുള്ള ആര്‍ത്തികൊണ്ടും, അവരുടെ കൈയില്‍നിന്നും വരുന്ന അബദ്ധങ്ങള്‍, ഞാനായിട്ട്‌ അവര്‍ത്തിക്കാതിരിക്കാനുമാണ്‌. പിന്നെം ഒരുപാടാളുകള്‍ വന്നുകൊണ്ടിരുന്നു. എണ്ണുവാനുള്ള മനസാനിധ്യം നഷ്ടപ്പെട്ടിരുന്നു. നാലാളുകളുടെ ഒരു ബാച്ച്‌ ഒരു കാറില്‍ കയറണം. മുന്‍സീറ്റില്‍ പോലിസുകാരന്‍, നമ്പര്‍ 1 ഡ്രൈവര്‍ സീറ്റില്‍, ബാക്കി മുന്നെണം പിന്നിലും. പുതുതായി പഠിച്ച മന്ത്രങ്ങളുമായി ഞാന്‍ കാറിനടുത്തെത്തി. ന്യായമായും ഞാന്‍ പിന്നിലാണ്‌ കയറേണ്ടത്‌. എന്റെ മുന്നില്‍ നടന്നവനെ അനുഗമിച്ച്‌, ഞാനും കാറിന്റെ പിന്‍സീറ്റില്‍ കയറി. "അല്ല, എന്താ നിങ്ങളുടെ ഉദ്ദേശം, നിങ്ങളെല്ലാവരും എന്നെ പരീക്ഷ നടത്താന്‍ വന്നതാണോ?. ഞാന്‍ വണ്ടിയോടിച്ച്‌ നിങ്ങള്‍ക്ക്‌ കാണിച്ച്‌ തരണോ?." പോലിസുകാരന്റെ ചോദ്യം കേട്ട്‌ ഞാന്‍ എന്നെ തന്നെ റിവെയ്‌സെടുത്ത്‌ നോക്കിയപ്പോള്‍, ആദ്യം വന്ന മൂന്ന്‌ പേരും പിന്‍സീറ്റില്‍ അമര്‍ന്നിരിക്കുന്നു. എയറിന്ത്യയില്‍ സീറ്റ്‌ കിട്ടിയവരുടെ സന്തോഷത്തോടെ. ഒന്നാമന്‍ പയ്യനെ ഞാന്‍ രൂക്ഷമായോന്ന് നോക്കി. നിങ്ങള്‍ മൂന്ന് പേരും കാണിക്കുന്നത്‌ കണ്ട്‌ പഠിക്കുവാനുള്ള അവസരം നശിപ്പിച്ച കപാലിക എന്ന് അര്‍ഥത്തില്‍. അവന്‍ എന്നെ വളരെ ദയനീയമായും. അതിനര്‍ഥം എനിക്ക്‌ ഇതോന്നും പരിചയമില്ല, നീ ആദ്യം ഓടിക്ക്‌, ഞാന്‍ അത്‌ കണ്ടെങ്കിലും പഠിക്കട്ടെ എന്നാണോ?. എന്തായാലും ഞാന്‍ ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്നു. കണ്ണട നേരെയാക്കി, സീറ്റ്‌ അഡ്ജസ്റ്റ്‌ ചെയ്തു. ഫയല്‍ പോലിസുകാരനെ എല്‍പ്പിച്ചു. കാറ്‌ സ്റ്റാര്‍ട്ടായി കിടന്നിട്ടും, ഞാന്‍ ചാവിയിട്ട്‌ ഒന്ന്‌കൂടി തിരിച്ചു. വണ്ടി സ്റ്റാര്‍ട്ടാക്കുവാന്‍ അറിയില്ലെന്ന്‌ ഇയാള്‍ക്ക്‌ തോന്നിയാലോ. പിന്നെ 7 ദിവസം സ്കൂളില്‍ പോയി പഠിച്ച ശേഷം മാത്രമേ വീണ്ടും ടെസ്റ്റിന്‌ പോവാന്‍ കഴിയൂ. അന്ന് പോലിസുകാരന്‍ എന്നെ നോക്കിയതിനര്‍ഥം ഇന്നും എനിക്കറിയില്ല. അങ്ങനെ, ക്ലച്ച്‌ ചവിട്ടി പിടിച്ച്‌, ഹന്‍ഡ്‌ ബ്രേക്ക്‌ ലൂസാക്കി, പതുക്കെ അക്സിലേറ്ററില്‍ കാലമര്‍ത്തി. ഞാന്‍ മാത്രമല്ല, സ്റ്റാറിങ്ങും വണ്ടി മൊത്തത്തിലും വിറച്ച്‌കൊണ്ടിരുന്നു. ഇയാളെന്തിനാ ഇങ്ങനെ വിറക്കുന്നതെന്ന്‌ പോലിസുകാരന്‍ ചോദിച്ചു. പോലിസിനെകണ്ടാല്‍ ഞാന്‍ പണ്ടെ വിറക്കുമെന്ന്‌ പറഞ്ഞത്‌ കേട്ടിട്ട്‌ അയാള്‍ പൊട്ടിച്ചിരിക്കുകയും ഓപ്പം എന്റെ തലവരയോളം വലിപ്പത്തില്‍ ഒരു വര എന്റെ ഫയലില്‍ വരക്കുന്നതും ഞാന്‍ വലംകണ്ണിട്ട്‌ നോക്കി.

കുറച്ച്‌ കൂടി സ്പീഡ്‌ കൂട്ടുവാന്‍ അയാള്‍ പറഞ്ഞപ്പോഴെക്കും ഞാന്‍ നോര്‍മലായി, അല്ലെലും വണ്ടി മൂവായി കഴിഞ്ഞാല്‍ പിന്നെ വണ്ടികൊണ്ട്‌ എട്ടിടാന്‍ എനിക്കറിയാം. സെക്കന്റും തേഡും 4 സെക്കസ്റ്റിനുള്ളില്‍ തട്ടി നീക്കി ഞാന്‍ കിട്ടിയ അവസരം ശരിക്കും ഉപയോഗിച്ചത്‌, അത്രക്ക്‌ പുതിയ വണ്ടിയായത്‌കൊണ്ടാണ്‌. മതി, നിര്‍ത്ത്‌. വളരെ സവധാനം, ഇന്റിക്കേറ്ററിട്ട്‌, വണ്ടി സൈഡാക്കി, ഹാന്‍ഡ്‌ ബ്രേക്ക്‌ വലിച്ച്‌ ഞാന്‍ പുറത്തിറങ്ങി, ന്യൂട്ടറില്‍. ബലദിയക്കാരനെ നോക്കുന്ന ബൂഫിയക്കാരന്റെ അവസ്ഥയില്‍ ഞാന്‍ പോലിസുകാരനെ നോക്കി. എന്റെ ഫയല്‍ എന്റെ കൈയില്‍. DSFന്റെ ഒരു കിലോ സ്വര്‍ണ്ണം സമ്മാനം ലഭിക്കുന്ന ടിക്കറ്റുമായി, നറുക്കെടുപ്പ്‌ സമയത്ത്‌ ഹാളില്‍ നില്‍ക്കുന്ന ചേച്ചിമാരുടെ അവസ്ഥ പോലെ, ഒരു നിമിഷം ഞാന്‍ എല്ലാം മറന്ന്‌ നടുറോഡില്‍ നിന്നു. അധികം നില്‍ക്കാന്‍ പിന്നലെ വന്ന വണ്ടിക്കാരന്‍ സമ്മതിക്കാത്തത്‌കൊണ്ട്‌ മാത്രം, ഞാന്‍ നടന്നു.

മറ്റു കാറുകളില്‍ നിന്നും രണ്ട്‌മുന്നാളുകള്‍ ഒരു കൊച്ചു മുറിയിലേക്ക്‌ നടക്കുന്നത്‌ കണ്ട്‌ ഞാനും പിന്നലെ കൂടി. സിമന്റ്‌ ബെഞ്ചില്‍ അമര്‍ന്നിരുന്ന്‌ അടുത്തിരിക്കുന്നവന്റെ ഫയലില്‍ എന്തെങ്കിലും വരയോ പുള്ളിയോ അധികമുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചു. രണ്ട്‌ പ്രാവശ്യവും ഈ ടെസ്റ്റില്‍ തോറ്റിട്ട്‌, ദി ലാസ്റ്റ്‌ ആന്‍ഡ്‌ ഫൈനല്‍ ചാന്‍സില്‍ വിജയിച്ചവന്‍, ഹൈദ്രബാദിലേക്ക്‌ മീനിന്‌ ഓര്‍ഡര്‍ ചെയ്യുന്നത്‌ ഞാന്‍ കേട്ടു. ഇനി അവന്റെ ശ്വാസം നേരെയാവണമെങ്കില്‍ അതെ മാര്‍ഗ്ഗമുള്ളു. വേറെയും രണ്ട്‌മുന്നാളുകള്‍ പരിസരത്തെ മുഴുവന്‍ ഒക്സിജനും വലിച്ച്‌ കയറ്റുന്നത്‌ സങ്കടത്തോടെ ഞാന്‍ നോക്കിയിരുന്നു. ബാക്കിയായതിലല്‍പം ഞാനും വലിച്ച്‌ കയറ്റിയത്‌, ഞാനും പസ്സായി എന്ന സന്തോഷത്തിലാണ്‌.

അടുത്തത്‌ സിഗ്‌നല്‍ ടെസ്റ്റ്‌, ജീവിതത്തിന്‌ പണ്ടെ സിഗ്‌നലില്ല, ഗ്രീന്‍ സിഗ്‌നല്‍ കണ്ടിടത്ത്‌, ബ്രേക്കിട്ട്‌ പകച്ച്‌ നിന്നിട്ടുണ്ട്‌. റെഡ്‌ സിഗ്‌നല്‍ കണ്ടിട്ടും മുന്നോട്ട്‌ പോയി അടിവാങ്ങിയിട്ടുണ്ട്‌. ഇതെന്താവുമോ എന്തോ?.

മുന്നിലിരിക്കുന്ന മോണിറ്ററിനകത്ത്‌ പലതരം ചിഹ്നങ്ങളും അക്ഷരങ്ങളും. P എന്നെഴുതിന്‌ മുകളില്‍ ഒരു വര, ഇതെന്താണെന്ന്‌ പോലീസുകാരന്‍. P എന്ന അക്ഷരത്തെ ഞാന്‍ എവിടെയോ ഓര്‍ത്തു. റബ്ബെ, പാര്‍ക്കിങ്ങ്‌. ഞാനുച്ചതില്‍ വിളിച്ച്‌ പറഞ്ഞു "പാര്‍ക്കിങ്ങ്‌". അത്‌ കേട്ടതും പോലിസുകാരന്‍ എന്നെ നോക്കി, ജെറിയെ നോക്കുന്ന ടോമിനെ പോലെ, എന്നിട്ട്‌ പറഞ്ഞു "നോ". തെറ്റാന്‍ വഴിയില്ല, എനിക്ക്‌ നൂറ്‌ ശതമാനം ഉറപ്പ, ഇത്‌ പാര്‍ക്കിങ്ങ്‌ തന്നെ. ജവ്വാജാത്ത്‌ പോലിസിന്റെ കാറ്‌, റോഡിലെങ്ങാനും കണ്ടാല്‍ ഇക്കാമ പോക്കറ്റിലുണ്ടോ എന്നുറപ്പുവരുത്തിയ ശേഷം മാത്രം അവരുടെ മുന്നിലൂടെ കൈവീശി നടക്കുന്നവനെ പോലെ, ഞാന്‍ വീണ്ടും തറപ്പിച്ച്‌ പറഞ്ഞു "നോ, പര്‍ക്കിങ്ങ്‌". തോല്‍ക്കുമെന്ന ടെന്‍ഷന്‍ കാരണം ഗ്രമര്‍ മറന്ന് പോയിരുന്നു. "അയ്‌വ, നോ പാര്‍ക്കിങ്ങ്‌". ഇഗ്ലിഷില്‍ ഗ്രമറുപയോഗിക്കുന്നവന്‌ സമയം മാത്രമല്ല ലൈസന്‍സും നഷ്ടമാവുമെന്ന്‌ അന്ന്‌ ഞാന്‍ പഠിച്ചു.

ഇടതനും വലതനും മാറി മാറി ഭരിക്കുന്ന മലയാളിയോട്‌, ഇടതും വലതും ചോദിച്ചാല്‍ തെറ്റുമോ, ഇല്ല, ഞാനുത്തരം മണിമണിയായി പറഞ്ഞു. 3 ദിവസം കഴിഞ്ഞ്‌ ലൈസന്‍സ്‌ വാങ്ങുവാന്‍ പറഞ്ഞ്‌കൊണ്ട്‌ പോലിസുകാരന്‍ എന്റെ ഫയല്‍ മടക്കി.

ഞാന്‍ പുറത്തിറങ്ങുബോഴും, അകത്ത്‌, ഏട്ടെന്ന ചിഹ്നത്തിലൂടെ ഡിവൈഡറില്‍ കയറ്റിനിര്‍ത്തിയ കാറ്‌ എങ്ങനെ പുറത്തിറക്കാമെന്ന് ചിന്തിക്കുന്ന പാവം ചെറുപ്പക്കാരനെയും, പോലിസുകാരനെയും കണ്ടു, എനിക്ക്‌ പകരം എട്ടിന്റെ വിലയായി ഇനി എട്ട്‌ ദിവസം സ്കൂളില്‍ പോകുവാന്‍ വിധിക്കപ്പെട്ടവന്‍. സെക്കന്റുകളുടെ വിത്യാസത്തിലാണ്‌, ഞാന്‍ അവനും അവന്‍ ഞാനുമായതെന്നോര്‍ക്കുബോള്‍ അഹങ്കരത്തോടെ ഉയര്‍ത്തിപിടിച്ച എന്റെ തല, ദൈവസ്മരണക്ക്‌ മുന്നില്‍ തഴ്‌ന്നു, ഒപ്പം ഒരിറ്റ്‌ കണ്ണിരും.

Tuesday, 18 March 2008

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 2

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 2

അങ്ങനെ നീണ്ട ക്യൂവില്‍ നില്‍ക്കന്‍ തുടങ്ങിയിട്ട്‌ അരമണിക്കുറായി കാണും. 5-6 കൗണ്ടറുകളിലായി നല്ല തിരക്ക്‌. ഞാന്‍ കൗണ്ടറിനടുത്തെത്തിയതും, അകത്തിരുന്ന പോലിസുകാരന്‍ കട്ടെം പോകെം മടക്കി വെച്ചിട്ട്‌ പറഞ്ഞു. റൂഹ്‌ ഇനാക്ക്‌. അയാള്‍ ചൂണ്ടികാണിച്ച സ്ഥലത്തേക്ക്‌ നോക്കിയ ഞാന്‍ ഞെട്ടി. അടുത്ത കൗണ്ടറിന്‌ മുന്നിലെ നീണ്ട ക്യൂവിലെ അവസാനഭാഗം ക്ലോസപ്പ്‌ വ്യൂവില്‍ ഞാന്‍ കണ്ടു. ഓടിപിടിച്ച്‌ ഞാന്‍ അടുത്ത ക്യൂവില്‍.

കൗണ്ടറില്‍ എത്തിയത്‌ ഞാന്‍ അറിഞ്ഞില്ല, ഇതിനിടയില്‍ ഒരു യാസിന്‍ ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു. തലേന്ന് രാത്രികഴിച്ച കുബൂസും 2-3 ദിവസം പഴക്കമുള്ള കോഴിക്കറിയും പ്രശ്നബാധിത പ്രദേശമായി എന്റെ വയറിനെ പ്രഖ്യാപിച്ചു. ചര്‍ച്ചക്കില്ലെന്നും, ഒരു ജൂഡീഷ്യല്‍ അന്വേഷണം വേണമെങ്കില്‍ ആവാമെന്ന് ഞാനും. ഫയല്‍ കൗണ്ടറിനുള്ളിലേക്ക്‌ നിട്ടി. തന്റെ മുന്നിലിരിക്കുന്ന കംപ്യൂട്ടറില്‍ എന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പരിശോധിച്ച ശേഷം വളരെ സ്നേഹത്തോടെ പോലിസുകാരന്‍ പറഞ്ഞു.

"തന്റെ ഇക്കാമ ഇനി 3 മാസമെയുള്ളു, അത്‌ പുതുക്കിയിട്ട്‌ വാ".

എനിക്കിത്രയും അറബി പറയനാറിയാമെന്ന് അന്ന് ഞാന്‍ അഭിമാനംകൊണ്ടു. അത്രക്ക്‌ നല്ല പേര്‍ഫോമന്‍സ്‌, ഫയല്‍ ചുരുട്ടിമടക്കി എന്റെ മുന്നിലേക്കിട്ട്‌ അയാള്‍ പറഞ്ഞത്‌ 'എത്‌ല ബറ"

കറങ്ങിതിരിഞ്ഞ്‌ അവസാനം മുദീറിന്റെ അടുത്തെത്തി, അയാളും പറഞ്ഞത്‌ ഇക്കാമ പുതുക്കി വരുവാന്‍, ചുരുങ്ങിയത്‌ 3 മാസമെങ്കിലും കാലവധി വേണമെന്നാണ്‌ നിയമമെന്ന് മുദീര്‍ പറഞ്ഞപ്പോള്‍, നിയമം എപ്പോ വന്നു എന്ന് ചോദിച്ചില്ല. രാവിലെ പല്ല്‌തേക്കുന്ന സമയമായിരിക്കും ഇവിടെ പലനിയമങ്ങളും വരുന്നതും പോവുന്നതും. മുദീറിന്‌ മുന്നില്‍ കരയാനോന്നും ഞാന്‍ നിന്നില്ല, അത്‌ നമ്മുക്ക്‌ മോശമായത്‌കൊണ്ടല്ല, പോലിസുകാരന്റെ മുന്നില്‍ കരഞ്ഞ്‌, കണ്ണുനിരിന്റെ സ്റ്റോക്ക്‌ തിര്‍ന്നിരുന്നു. ഇനി ഒരു ചായയും ഒരു സാന്‍വിച്ചും അടിച്ചാല്‍ ചിലപ്പോ ഇത്തിരി സ്റ്റോക്ക്‌ വന്നേക്കാം. ഒന്ന് കരയാന്‍ പോലും കഴിയാത്ത എന്റെ വിധിയോര്‍ത്ത്‌ ഞാന്‍ നടന്നു നീങ്ങി, പുറത്തേക്കുള്ള വഴിയിലൂടെ. ഫയര്‍ മാഗസിന്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്ന സമയത്ത്‌ സെര്‍വര്‍ ഡൗണായാലുള്ളവന്റെ അവസ്ഥ.

ഒരു മള്‍ബറോ പുകച്ച്‌വിട്ട്‌, ടാക്സിക്ക്‌ കാത്തിരിന്ന സമയത്താണ്‌ ഫ്യൂസായ തലയില്‍ വീണ്ടും നെറ്റ്‌വര്‍ക്ക്‌ കണക്‌ഷന്‍ ലഭിച്ചത്‌.

ദല്ലയുടെ ഓഫീസിന്റെ 10-12 സ്റ്റെപ്പുകള്‍ ചാടികടന്നത്‌ ഞാന്‍ അറിഞ്ഞില്ല. അകത്ത്‌ കടന്നതും മോട്ടോറൈസെഡ്‌ ഡിഷ്‌ തിരിയുന്ന പോലെ ഞാന്‍ ഒന്ന് കറങ്ങി. അധികം തിരക്കില്ലാത്ത ഒരു കൗണ്ടറിന്റെ ക്യൂവില്‍ സ്ഥാനം പിടിച്ചു. ഫയലിലെ ഫോട്ടോ എന്റെത്‌ തന്നെയാണെന്ന് മാത്രം സൂക്ഷിച്ച്‌ നോക്കിയ പോലിസുകാരന്‍ ഫയലില്‍ രണ്ട്‌ മൂന്നിടത്ത്‌ അഞ്ഞ്‌ കുത്തി. എന്നോട്‌ ടെസ്റ്റിന്‌ പോവാന്‍ പറഞ്ഞു. എനിക്ക്‌ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരില്ലാന്ന് അന്ന് ഞാനുറപ്പിച്ചു. എന്റെ അപേക്ഷ നീട്ടിയ സമയത്ത്‌, പോലിസുകാരന്‌ ഒരു ലൈവ്‌ ലൗ ലൈന്‍ കണക്‌ഷന്‍ കിട്ടിയത്‌കൊണ്ട്‌ മാത്രം ഞാന്‍ രക്ഷപ്പെട്ടു. അന്നാദ്യമായി മൊബൈല്‍ കണ്ടുപിടിച്ചവന്‌ ഞാന്‍ നന്ദി പറഞ്ഞു. ഒപ്പം അക്ജ്ഞാത സുന്ദരിക്കും.

തലയുയര്‍ത്തി പിടിച്ച്‌, നേരെ ഗ്രൗണ്ടിലേക്ക്‌, ടെസ്റ്റ്‌ നമ്പര്‍-1

ഊഴമനുസരിച്ച്‌ ഞാനും ഒരു കാറില്‍ കയറിയിരുന്നു. എന്റെ റബ്ബെ, പുതുപുത്തന്‍ കാറ്‌. ഞാന്‍ ഡ്രൈവിംഗ്‌ പഠിച്ചത്‌ മ്മടെ സുഹൃത്ത്‌ എംസിയുടെ 1987 മോഡല്‍ കാറില്‍, വണ്ടിയുടെ പേര്‌ പറയണമെങ്കില്‍ ഇനി ഞാന്‍ അതിന്റെ എഞ്ചിന്‍ അഴിച്ച്‌ നോക്കണം, അല്ലതെ ഒരിടത്തും അതിന്റെ പേരില്ല. ഇത്‌ സിഗ്നലില്ലാത്ത റോഡിലൂടെ, സിഗ്നല്‍ കണ്ടാല്‍ പിന്നെ മുപ്പര്‌ സ്റ്റാര്‍ട്ടാവില്ല, മുക്കിയും മൂളിയും ഒരു വിധം അടുത്തുള്ള മരുഭൂമിയിലെത്തിക്കും. പരന്ന് കിടക്കുന്ന മരുഭൂമിയില്‍ ഞാന്‍ എന്റെ ഇഷ്ടത്തിന്‌ ഇടതും വലതും മാറിമാറി തിരിച്ചും മറിച്ചും വണ്ടി ഓട്ടിപഠിച്ചു. ബ്രേക്കിടെണ്ട അവശ്യം വന്നില്ലെന്ന് മാത്രമല്ല, അത്യവശ്യത്തിന്‌ അതുപയോഗിക്കാന്‍ അങ്ങനെ ഒരു സാധനം ഈ വണ്ടിയിലില്ലെന്നും ഞനറിഞ്ഞത്‌, വണ്ടിക്ക്‌ സ്പീഡ്‌ പോരാന്ന് തോന്നിയ ഒരു സുന്ദരനിമിഷത്തിലാണ്‌. ശക്തി മുഴുവന്‍ സമാഹരിച്ച്‌ അക്സിലേറ്ററില്‍ കയറിനിന്ന് ഓടിച്ച്‌കൊണ്ടിരുന്ന സമയത്താണ്‌, 2 കിലോമിറ്ററപ്പുറത്ത്‌ ഒരു ഒട്ടകത്തിന്റെ തലകണ്ടോ എന്ന സംശയം എനിക്ക്‌ തോന്നിയതും, 2 കിലോമിറ്ററിനുള്ളില്‍ ബ്രേക്ക്‌ കിട്ടാന്‍ സാധ്യതയില്ലെന്ന ചിന്തവരുന്നതിന്‌ മുന്‍പെ ഒടിച്ചു ഇടത്തോട്ട്‌. 360 ഡിഗ്രിക്ക്‌ ഒരിത്തിരി ഡിഗ്രി കുറഞ്ഞത്‌കൊണ്ടാവും, മുക്കാല്‍ ഭാഗവും മണ്ണല്‍കൂനയില്‍ അഴ്‌ന്നിറങ്ങിയവനെ പുറത്തെടുക്കാന്‍ അന്നത്തെ ദിവസം മുഴുവന്‍ ചിലവഴിച്ചത്‌. ഒരാളെ തട്ടിയിട്ടാല്‍ ബന്ധുക്കളുടെ കൈയോ കാലോ പിടിച്ച്‌ എങ്ങിനെയെങ്കിലും രക്ഷപ്പെടാം, ഒട്ടകത്തെ തട്ടിയാല്‍, ഒന്നര ലക്ഷം റിയാലാണ്‌ മോനെ. എങ്ങാനും ഒട്ടകം മിസ്‌വേള്‍ഡാണെങ്കില്‍ പല ലക്ഷങ്ങള്‌കൊണ്ടും ലക്ഷ്യം കാണില്ല.

ജീവിതത്തില്‍ ആദ്യമായി, ഇത്രയും പുതിയോരു കറില്‍കയറിയ സന്തോഷത്തില്‍, ഞാന്‍ സീറ്റ്‌ബെല്‍റ്റിട്ടു, കണ്ണടി ശരിയാക്കി, ഡോറടച്ചു. വണ്ടി പതിയെ മുന്നോട്ട്‌ നിങ്ങി. എന്റെ സുരേഷ്‌ ഗോപി സ്റ്റൈലിലുള്ള അക്‌ഷന്‍ കണ്ടിട്ടാവണം, അടുത്തിരുന്ന പോലിസുകാരന്‍ എന്റെ ഫയലില്‍ വരച്ചു. തലവരയോളം വിലയുള്ള ഒരു വര. പഴയ ഓര്‍മ്മയില്‍ ഗീയറ്‌ പിടിച്ച്‌ വലിക്കുന്ന എന്റെ ദയനീയമായ അവസ്ഥകണ്ടാവണം, പോലിസുകാരന്‍ എന്നോട്‌ നിര്‍ത്താന്‍ പറഞ്ഞു. എന്റെ ഫയലും കൈയില്‍ തന്നു. പടച്ചോനെ ചതിക്കല്ലെ, എന്ന് മാത്രം പ്രാര്‍ത്ഥിച്ചു. എന്റെ കൈയിലിരിക്കുന്ന ഫയലിന്റെ ഭാവിയറിയാന്‍, അത്‌ പ്രവചിക്കുവാന്‍ കെല്‍പ്പുള്ള അറബിയെയും അന്വേഷിച്ച്‌ ഞാന്‍ നടന്നു. അലിഫെന്ന ഒരക്ഷരം മാത്രം. വഴിതെറ്റി നടക്കുന്ന എന്നെ മറ്റോരു പോലിസുകാരന്‍ വിളിച്ചു. എന്താണ്‌ ഇവിടെകിടന്ന് കറങ്ങുന്നതെന്ന് ചോദിച്ചു. മദ്രാസ്‌ പസ്പോര്‍ട്ടുമായി കോഴിക്കോട്ട്‌ വന്നിറങ്ങുന്ന ഒരാളെ കൗണ്ടറിലെ എമിഗ്രേഷന്‍ ഓഫീസര്‍ സൂക്ഷിച്ച്‌ നോക്കുന്ന സമയത്ത്‌, ആ യത്രക്കാരന്റെ ഭാവങ്ങളോടെ, ഞാന്‍ എന്റെ ഫയല്‍ അയളെ കാണിച്ചു. "കലാസ്‌, നാളെ ടെസ്റ്റ്‌ നമ്പര്‍ 2. ഞാന്‍ വിജയിച്ചിരിക്കുന്നു എന്ന വാര്‍ത്ത, നിങ്ങളെപോലെ എനിക്കും അദ്യം വിശ്വാസം വന്നില്ല, പിന്നെ 3-4 അറബികള്‍ക്ക്‌ മുന്നില്‍ എന്റെ ഫയല്‍ കാണിക്കുകയും എല്ലാവരും ഇത്‌ തന്നെ പറയുകയും ചെയ്തപ്പോള്‍ മാത്രമാണ്‌ ഞാനും വിശ്വസിച്ചത്‌.

നാളെ ടെസ്റ്റ്‌ നമ്പര്‍ - 2

Monday, 17 March 2008

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 1

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 1

സ്വന്തമായി ഒരു വണ്ടിവാങ്ങുവാന്‍ പങ്ങുണ്ടായിട്ടല്ല ഞാന്‍ സ്വന്തമായിട്ടോരു ലൈസന്‍സിന്‌ ശ്രമിച്ചത്‌. വാഹനം ഓടിക്കുന്നത്‌ പോയിട്ട്‌ അതില്‍ കയറുന്നത്‌ പോലും ഭയമാണ്‌. പക്ഷെ ജോലികിട്ടുവാന്‍ "റുഖ്‌സ" സഹായിക്കുമെന്ന തിരിച്ചറിവിലാണ്‌ ഞാന്‍ ആ സാഹസത്തിന്‌ തുനിഞ്ഞത്‌.

കമ്പനിയില്‍ നിന്നും ലെറ്റര്‍ സംഘടിപ്പിച്ച്‌, നാട്ടിലെ ലൈസന്‍സിന്റെ കോപ്പി എബസിയില്‍ നിന്നും ഇത്‌ ഡുഫ്ലിക്കേറ്റാണെന്ന് സാക്ഷ്യപ്പെടുത്തി, രക്തവും കഫവും മൂത്രവും പരിശോധിച്ച്‌, അതും ഡുഫ്ലിക്കേറ്റാണെന്ന് ഉറപ്പുവരുത്തി, സ്റ്റുഡിയോയില്‍ ചെന്ന്, റ്റൈയും കോട്ടുമിട്ട്‌ ഒരു ഫോട്ടോ എടുത്ത്‌, ഫോട്ടോ കാണുബോള്‍ എനിക്ക്‌ തന്നെ രോമാഞ്ചം വന്നു, ഞാന്‍ അത്രക്ക്‌ സുന്ദരനായി പോയി, എല്ലാം കൂടി ഒരു ഫയലില്‍ ചവിട്ടികൂട്ടി ഒരു സുപ്രഭാതത്തില്‍ സുബഹി നമസ്കരിച്ച ശേഷം ദല്ലയിലേക്ക്‌ പോയി.

പതിവ്‌ പോലെ, മ്മടെ കാക്കമാര്‍ "ലൈസന്‍സ്‌ ഞമ്മളെടുത്ത്‌ തരട്ടോ, ഇന്‍ഷുറന്‍സ്‌ ഞമ്മള്‍ ശരിയാക്കട്ടോ, ട്രന്‍സലെഷന്‍ ഇവിടെണ്ട്‌ ട്ടോ" എന്നീ ഡയലോഗുകളുമായി, കോഴികുഞ്ഞിനെ കണ്ട പരുന്തിനെപോലെ എനിക്ക്‌ ചുറ്റും വട്ടം കറങ്ങി. ടെസ്റ്റില്ലാതെ ഞമ്മള്‍ ശരിയാക്കിതരാട്ടോന്ന് പറഞ്ഞ നിണ്ടുമെലിഞ്ഞ കുഞ്ഞാപ്പുവിനോട്‌ എനിക്കിത്തിരി സ്നേഹം തോന്നി. ഞാന്‍ അവനെ നോക്കി ഒന്ന് ചിരിച്ചു. ഇനി എങ്ങാനും ടെസ്റ്റ്‌ പോട്ടിപോയാല്‍, ഇവനെ ശരണം, അഡ്വന്‍സായി ഒരു ചിരി അവനിരിക്കട്ടെ.

ചാടികയറി, ഓഫിസിനകത്ത്‌ ചെന്ന് ഞാന്‍ ചുറ്റും കണോടിച്ചു. വരുന്നവരോക്കെ, ചില്ലിട്ട കൂട്ടിരിക്കുന്ന ഒരാളുടെ അടുത്തേക്ക്‌ പോവുന്നത്‌ ഫോറം വാങ്ങാനാണെന്ന് ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍മ്മ വന്നപ്പോള്‍ ഞനും നടന്നു.

4 ഫോട്ടോ എടുത്ത്‌ കറുത്ത്‌ തടിച്ച ഫോറം വിതരണക്കാരനെയേല്‍പ്പിച്ചു. എന്നെയും എന്റെ ഫോട്ടോയും തിരിച്ചും മറിച്ചും നോക്കി, അവന്‍ പറഞ്ഞു. സവ്വി, സൂറ ജതീത്‌, ഒറ-അല്‍ അബിയത്‌. നീല ബഗ്രൗണ്ട്‌ ഫോട്ടോ ആയത്‌കൊണ്ടല്ല, മറിച്ച്‌, ഞാന്‍ കോട്ടും അതിന്‌ മുകളില്‍ ടൈയും കെട്ടിയത്‌ സഹിക്കവയ്യതെ അവന്‍ പറഞ്ഞ്‌ പോയതാണ്‌. എന്തായാലും കോബൗണ്ടിനകത്ത്‌ തന്നെയുള്ള ബംഗാളിയുടെ അടുത്ത്‌ ചെന്ന് ഫോട്ടോയെടുത്തു. സ്റ്റുഡിയോ കം ഫോട്ടോ കോപ്പി കം ലമിനേഷന്‍ എന്നിത്യാധി പലവക കാര്യങ്ങള്‍ ഒരു മുറിയില്‍ സെറ്റപ്പ്‌ ചെയ്ത പഹയന്‍ 4 ഫോട്ടോക്ക്‌ 30 റിയാല്‍ വാങ്ങി. ഫ്ലസില്ലാന്നുള്ളത്‌ പോട്ടെ, ബാഗ്രൗണ്ട്‌ കളര്‍ വെളുത്തിട്ടുണ്ട്‌, എന്റെ മുഖം കറുത്തിട്ടണെങ്കിലും, അത്‌ ക്യാമറയുടെ കുറ്റമല്ലെങ്കിലും.

തിരിച്ച്‌ വീണ്ടും ചില്ലിട്ട രൂപത്തിന്‌ മുന്നില്‍ വന്ന് ഞാന്‍ ഫോട്ടോ നീട്ടി. അയാള്‍ സംതൃപ്തനാണെന്ന് മുഖത്തെ ചിരിയില്‍നിന്നും എനിക്ക്‌ മനസിലായി. ഒരു ഫോറത്തില്‍ എന്റെ ഫോട്ടോയോട്ടിച്ച്‌, സീല്‍ ചെയ്ത്‌, സവ്വി ഫാസ്സ്‌, എന്ന് പറഞ്ഞത്‌ ഫാക്സയകനാല്ലെന്ന് മനസിലായി. മലയാളം മുഴുവന്‍ എഴുതാനറിയാത്ത എന്റെ കൈയിലാണ്‌ അറബിയില്‍ ഒരു മുഴുനീളന്‍ പേപ്പര്‍, ഫില്‍ ചെയ്യാനുള്ള ഫീലിങ്ങ്‌സില്‍ എന്റെ കൈകള്‍ വിറച്ചു. ഇനി ഇതെങ്ങാനും ടെസ്റ്റിനുള്ള പരീക്ഷയാണോ എന്ന് സംശയത്തില്‍ മറ്റോരു പരീക്ഷണത്തിന്‌ നില്‍ക്കാതെ, ആളോഴിഞ്ഞ കോണില്‍ ആരും കാണതെ, ഇതോന്ന് ഫില്‍അപ്പ്‌ ദ ബ്ലാങ്ക്സ്‌ എന്ന കടമ്പ കടക്കുവാന്‍, എന്നെ സഹായിക്കുവാന്‍ ഏതെങ്കിലും ഒരു അറബി വരുമെന്ന പ്രതീക്ഷയില്‍ ഞാനിരുന്നു.

ഫോറത്തില്‍ പിന്‍ ചെയ്ത്‌ എന്റെ ഫോട്ടോയുടെ സൗന്ദര്യമസ്വദിച്ച്‌കൊണ്ടിരുന്ന സമയത്താണ്‌ ഒരു ചോദ്യം.ഇതോന്ന് പൂരിപ്പിച്ച്‌ തര്യോ, തോട്ടടുത്ത്‌ സ്ഥനം പിടിച്ച ഒരാളുടെ സഹായഭ്യര്‍ഥന. എന്റെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ സഹായമായിട്ട്‌ ചോദിച്ചിരുന്നെങ്കില്‍ ഞാനിത്രേം വിഷമിക്കില്ല. 110-ല്‍ ഒരു ചിരി ചിരിച്ചിട്ട്‌ അറീല്ലട്ടോ ന്ന് ഒരു മറുപടി. ഒന്നും ചെയ്യാതിരിക്കുന്ന ഒരറബിയുടെ അടുത്ത്‌ചെന്ന് വലിച്ച്‌നീട്ടി ഒരു സലാം പറഞ്ഞു. കൂടെ കാര്യവും. അദ്ദേഹത്തിന്റെ കാരുണ്യത്തില്‍, അങ്ങനെ സംഗതി എകദേശം പൂര്‍ത്തിയാക്കി, മറ്റോരു മുറിയിലെത്തി. നിരനിരയായി രക്തകുപ്പികള്‍ കട്ടിലിനടിയില്‍ തൂങ്ങി കിടക്കുന്നു. ഞാനു കൊടുത്തു ഒരു കുപ്പി രക്തം. അവിടുന്നും കിട്ടി ഒരു കുത്ത്‌, മ്മടെ ഫോറത്തില്‍.

കണ്ണ്‌ പരിശോധനയാണടുത്തത്‌. അടുത്ത കാലത്തോന്നും ഞാന്‍ സ്വന്തമായി കണ്ണ്‌ പരിശോധിച്ചിട്ടില്ല, കഴ്ചക്കുറവില്ല, ഇനി എങ്ങാനും അത്‌ അധികമയാലോ എന്ന് കരുതി, മുരിങ്ങയിലയും മുരിങ്ങക്കോലും മെസ്സിലെ മെനുവില്‍നിന്നും ഒഴിവാക്കുകയാണ്‌ പതിവ്‌. ഞാന്‍ പരിശോധന മുറിക്ക്‌ പുറത്ത്‌ ഒന്ന് രണ്ട്‌ റൗണ്ടടിച്ചു. ഡോക്‌ടറുടെ കിടപ്പുവശം മനസിലാക്കി. ചാടികയറി ക്യൂവില്‍ നിന്നു. അകത്ത്‌ കടന്നതും ഒരു കസേരയിലിരുന്നു, ഡോക്ടര്‍ വടിയെടുത്ത്‌, അക്ഷരങ്ങളെ ചൂണ്ടികാണിക്കുന്നതിന്‌ മുന്‍പ്‌ ഞാന്‍ പറഞ്ഞു V. കുത്ത്‌ അവിടുന്നും കിട്ടി. 5-8 ആളുകളോട്‌ പഹയന്‍ ചോദിച്ചത്‌ ആകെ ഒരക്ഷരം. പിന്നെ എങ്ങനെ ഞാന്‍ തോല്‍ക്കും.

അപ്ലിക്കേഷന്‍ കൊടുക്കുന്നതിന്റെ പാതിവഴി വിജയിച്ചു.

Saturday, 15 March 2008

മലയാളി മറക്കാത്ത കേരളം

ദേവസേനയുടെ ഈ http://devamazha1.blogspot.com/2008/02/blog-post.html പോസ്റ്റാണ്‌ എന്നെ ഈ പോസ്റ്റേഴുതാന്‍ പ്രേരിപ്പിച്ചത്‌.

മലയാളികള്‍ (ഇന്ത്യക്കാര്‍ മുഴുവന്‍ എന്ന് പറയുവാന്‍ ആവില്ല) എന്ത്‌കൊണ്ട്‌, കറങ്ങിത്തിരിഞ്ഞ്‌ കേരള കരയില്‍ തന്നെ അഭയം കാണുന്നത്‌?.

ലോകത്തിലെവിടെ പോയാലും, സ്വന്തം നാട്ടില്‍ 10 സെന്റ്‌ ഭൂമിയും അതില്‍ ഒരു കൊച്ചു കൂരയും സ്വപ്നം കാണുന്ന മലയാളിയുടെ പ്രതേകത എന്ത്‌കൊണ്ട്‌?.

കൈപ്പെറിയ അനുഭവങ്ങളും ഭാണ്ഡത്തിലാക്കി, ഇനി തിരിച്ച്‌ ഈ മണ്ണില്‍ കാലുകുത്തിലെന്ന് ശപഥം ചെയ്ത ഞാന്‍, നടുനിവര്‍ത്തിയപ്പോള്‍ എന്ത്‌കൊണ്ട്‌ എന്റെ നാടിനെ സ്വപ്നം കാണുന്നു?.

ഹൈടെക്ക്‌ യുഗത്തില്‍, അതിശീഘ്രം മുന്നേറുന്ന മറ്റു രാജ്യങ്ങളില്‍, സുഖശീതളത ആവോളം ആസ്വദിക്കുബോഴും, വെള്ളവും വെളിച്ചവുമില്ലാത്ത, ഇടവഴികള്‍ നിറഞ്ഞ, എന്റെ മലയാളകരക്ക്‌ എന്ത്‌ പ്രതേകത്‌?.

ഒരു ലഹരിയായി ഓരോ മലയാളിയുടെ രക്തത്തുമലിഞ്ഞ ഈ പ്രവണതകെന്താധാരം?.

ലോകത്തിലെ പല രാജ്യക്കാരും സ്വന്തം രാജ്യത്തെ പുഛിച്ച്‌ തള്ളുബോഴും, മറ്റു സംസ്ഥാനക്കാര്‍ പോലും ബോംബെയിലും ഡല്‍ഹിയും സെറ്റില്‍ഡാവുബോഴും, മഹ സമ്രാജ്യങ്ങള്‍ വെട്ടിപിടിച്ച മലയാളി മാത്രം സ്വന്തം കുഞ്ഞുങ്ങളെയും കൂട്ടിപിടിച്ച്‌, ഗ്രമന്തരീക്ഷത്തില്‍ ഒരു കൂരപണിയുന്നതെന്ത്‌കൊണ്ട്‌?.

അനുഭവങ്ങള്‍, എല്ലാവരും പങ്ക്‌വെക്കും എന്ന വിശ്വാസത്തോടെ.

Wednesday, 12 March 2008

പ്രവാസ സ്വപ്നങ്ങള്‍

"സാര്‍'
ഡോര്‍ തുറന്ന് പിടിച്ച്‌ ഡ്രൈവര്‍ എന്നെ തന്നെ തുറിച്ച്‌ നോക്കിയപ്പോഴാണ്‌ എനിക്ക്‌ പരിസര ബോധം വന്നത്‌. ഓഫിസിലെത്തിയിരിക്കുന്നു. എക്സിക്യൂട്ടിവ്‌ ബാഗും തൂക്കി ഞാന്‍ ഓഫിസിന്റെ പടികള്‍ കയറി.
"ഗുഡ്‌ മോര്‍ണിങ്‌ സാര്‍". റെസിപ്‌സനിലെ കിളിനാദങ്ങള്‍ ഒന്നിന്‌ മുകളില്‍ ഒന്നായി ഉയര്‍ന്ന് താണു. "സാര്‍ ക്ലയ്‌ന്‍സ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ കാത്തിരിക്കുകയാണ്‌. ഈ പ്രോജക്റ്റില്‍ അവര്‍ അത്രക്ക്‌ തൃപ്തരാണ്‌". എന്റെ നേരെ ഓടിവന്ന് മനേജര്‍ ലിഫ്റ്റിന്റെ ബട്ടണമര്‍ത്തി.

മീറ്റിങ്ങ്‌ കഴിഞ്ഞ്‌ തിരിച്ച്‌ ഞാനെന്റെ ക്യാബിനിലേക്ക്‌ കയറി. കുസ്യന്‍ ചെയറില്‍ ചാരിക്കിടക്കവെ ഞാന്‍ ഭൂതകാലത്തിലേക്ക്‌ നടക്കുകയായിരുന്നു.

14 വര്‍ഷത്തെ പ്രവാസജീവിതത്തോട്‌ സമരസപ്പെടുവാന്‍ കഴിയാതെ മനസ്സ്‌ മരവിച്ച ഒരു നിമിഷത്തില്‍, നട്ടില്‍ പോയാല്‍ എങ്ങനെ ജീവിക്കുമെന്ന സുഹൃത്തുകളുടെ ചോദ്യമവഗണിച്ച്‌ മാന്യമായ ജോലി രാജിവെച്ച്‌, നാട്ടിലേക്ക്‌ മടങ്ങിയതും, തോട്ടതിനും പിടിച്ചതിനും എന്റെ അഭിപ്രായമാരഞ്ഞിരുന്ന കുടുബാംഗങ്ങള്‍ക്ക്‌ ഞാന്‍ ഭാരമായതും, നല്ലപാതിയുടെ മുഖം കറുക്കുന്നതിന്‌ മുന്‍പ്‌ തന്നെ ഒരു സുഹൃത്തിന്റെ സഹായത്താല്‍ തുടങ്ങിയ എന്റെ പ്രസ്ഥാനം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു വാണിജ്യ സ്ഥാപനമായി വളര്‍ന്നതും ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. വിദേശ കാറും ബഗ്ലാവും പടുത്തുയര്‍ത്താന്‍ ഞാനൊഴുക്കിയ വിയര്‍പ്പിന്‌ കണക്കില്ല. മുഖം ചുളിച്ച്‌ നടന്ന സുഹൃത്തുകളും ബന്ധുകളും പതിയെ പതിയെ സഹായഭ്യര്‍ത്ഥനകളുമായെത്തി തുടങ്ങി.

വിജയം അധ്വാനിക്കുന്നവനും പരീക്ഷണത്തിന്‌ മുതിരുന്നവനുമാണെന്ന സത്യം എന്തെ പ്രവാസികളറിയാതെ പോയി. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്തവന്‍ വെട്ടിപ്പിടിക്കുന്ന സമ്രാജ്യങ്ങള്‍ കണ്ട്‌, രണ്ട്‌ മാസത്തെ ദാമ്പത്യ ജീവിതം രണ്ട്‌ വര്‍ഷത്തേക്ക്‌ വിശപ്പടക്കനുള്ള ഉപാധിയാക്കി, അടുത്ത ലീവ്‌ സ്വപ്നം കണ്ട്‌ ഇനിയും നിനക്കെത്ര നാള്‍ എന്ന് പലരോടും ചോദിച്ചിരുന്നു. ആരെയും കുറ്റപ്പെടുത്താതെ, സ്വയമുരുക്കിതീരുന്ന പ്രവാസ ജന്മങ്ങള്‍ക്ക്‌, മറുപടി, വര്‍ഷങ്ങളായി ചുണ്ടില്‍ മായാതെ സൂക്ഷിക്കുന്ന പുഞ്ചിരി മാത്രം.

ഓഫിസില്‍ നിന്നും തിരിച്ച്‌ വിട്ടിലേക്കുള്ള യാത്രയില്‍, എതിരെവരുന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ട്‌, എന്റെ വാഹനവുമായി കുട്ടിയിടിച്ചത്‌ മാത്രം ഓര്‍മ്മയുണ്ട്‌. ഡോര്‍ തുറന്ന് തെറിച്ച്‌ വിണൈടത്ത്‌ നിന്നും എഴുന്നേറ്റ്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച. വര്‍ഷങ്ങളോളം, എന്റെ നിഴലായി കൂടെ നടന്നവന്‍, ഡ്രൈവര്‍, നിശ്ചലമായി തകര്‍ന്ന് വണ്ടിയില്‍ കുടുങ്ങികിടക്കുന്നു. ഒരു പ്രവാസിക്ക്‌ ബോധക്ഷയമുണ്ടാവില്ലെന്ന കംമ്പനി ക്യാബിലെ പല്ലവി അവര്‍ത്തിക്കുകയാണോ?.

എത്രനേരം അങ്ങനെകിടന്നു എന്നറിയില്ല. ശരീരത്തില്‍ വെള്ളംവീണത്തോടെയാണ്‌ ഞാന്‍ വിണ്ടുമുണര്‍ന്നത്‌. ഞാന്‍ നഗ്നനാണെന്ന തിരിച്ചറിവില്‍ ജാള്യതയോടെ ചുറ്റും നോക്കി. ചിലരെയോക്കെ പരിചയമുണ്ട്‌. അവരെന്തിനാ എന്നെ കുളിപ്പിക്കുന്നത്‌. തടയണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക്‌ ശക്തിയില്ല. വെള്ള വസ്ത്രങ്ങള്‍ പുതപ്പിച്ച്‌ അവരെന്നെ എങ്ങോട്ട്‌ കൊണ്ട്‌ പോവുന്നു.

എന്നെയും ചുമന്ന് ഒരു കൊച്ചു വാഹനം നിങ്ങവെ, അടുത്തിരിക്കുന്ന എന്റെ സുഹൃത്തുകളുടെ സംഭാഷണത്തിലൂടെ ഞാന്‍ എന്നെ അറിയുകയായിരുന്നു.

"ബീരാന്‍ ഇന്നലെ നാട്ടില്‍ പോവാനിരുന്നതാ, പാവം എത്രകാലമായി എല്ലാം വലിച്ചെറിഞ്ഞ്‌, നാട്ടില്‍ സ്വസ്ഥമായി കഴിയണമെന്ന് അവന്‍ അഗ്രഹിച്ചിരുന്നു. വിധി. എക്സിറ്റ്‌ അടിച്ച്‌ വാങ്ങി, സുഹൃത്തുകളോട്‌ യാത്ര പറയാന്‍ പോയതാ, വൈക്കുന്നേരമാണ്‌ ഞാന്‍ അറിയുന്നത്‌. അവന്‍ യാത്ര ചെയ്ത ടാക്സി മറ്റോരു കാറുമായി കുട്ടിയിടിച്ചു. സംഭവ സ്ഥലത്ത്‌ വെച്ച്‌ തന്നെ ബീരാന്‍ മരിച്ചു. ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.രാവിലെ കംമ്പനിയില്‍ നിന്നും വിളിച്ചിരുന്നു. മയ്യത്ത്‌ എന്ത്‌ചെയ്യണമെന്നറിയാന്‍, അവന്റെ വിട്ടുകാര്‍ പറഞ്ഞത്‌, മയ്യത്ത്‌ ഇവിടെ തന്നെ മറവ്വ്‌ ചെയ്താല്‍ മതിയെന്നാണ്‌. നാട്ടിലേക്ക്‌ കൊണ്ട്‌പോവുന്നതിന്റെ ചിലവുകള്‍ കംമ്പനി പണമായിട്ട്‌ അവര്‍ക്ക്‌ നല്‍ക്കാമെന്ന് പറഞ്ഞു. അവനോ പോയി, ആ കുടുംബമെങ്കിലും രക്ഷപ്പെടട്ടെ."

ബാക്കിയോന്നും ഞാന്‍ കേള്‍ക്കുന്നില്ല. സ്വസ്ഥമായി നാട്ടില്‍ കഴിയുവാന്‍ അഗ്രഹിച്ചിരുന്ന, പുഴയും കടലും, കുന്നും മലയും ഇഴച്ചേര്‍ന്ന് കിടക്കുന്ന, എന്റെ നാട്ടില്‍ ജീവിക്കാനുള്ള അവകാശം, ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും പേരില്‍ ബലികഴിച്ചിട്ടും, എന്റെ അത്മാവെങ്കിലും ആ മണ്ണിലലിഞ്ഞോട്ടെ, എന്നെ ഈ മരുഭൂമിയില്‍ തനിച്ചാക്കരുതെ എന്നുറക്കെ കരഞ്ഞെങ്കിലും....

അതിന്‌ മുന്‍പ്‌ തന്നെ ആറടി മണ്ണില്‍ എന്നെ തനിച്ചാക്കി അവര്‍ യാത്ര തുടര്‍ന്നിരുന്നു.

"വേഗം വാ, ഇന്നെനിക്ക്‌ നൈറ്റ്‌ ഷിഫ്റ്റാണ്‌. നേരം വൈകിയാല്‍ ഒരു ദിവസത്തെ ശമ്പളം കട്ടാക്കും.".

Thursday, 6 March 2008

കാശുണ്ടാകാനുള്ള മാര്‍ഗ്ഗം.

മതപ്രഭാഷണങ്ങളും, പ്രബോധനങ്ങളും കാശുണ്ടാക്കാനുള്ള മാര്‍ഗ്ഗമാണോ?.

ഈയിടെ ഒരു മതപ്രഭാഷണത്തിന്റെ സിഡി കൈയില്‍കിട്ടി. കേരളകര മുഴുവന്‍ കോരിത്തരിപ്പിക്കുന്ന ഇമ്പമാര്‍ന്ന ശബ്ദവും, അനുവാചക ഹൃദയങ്ങളില്‍ അവേശത്തിന്റെ പൂത്തിരികള്‍ വാരിവിതരുന്ന, വാക്കുകള്‍കൊണ്ട്‌ മാന്ത്രികലോകം തീര്‍ക്കുന്ന ഇസ്ലാമിക പ്രഭാഷണ രംഗത്തെ അതികായന്‍.

ആ സിഡി, ഒരു കോപ്പിയെടുത്ത്‌ സുഹൃത്തിന്‌ നല്‍കാമെന്ന് കരുതി. പക്ഷെ കോപ്പി ചെയ്യാന്‍ കഴിയുന്നില്ല. സാധരണ നിലയിലെ ഹാക്കിങ്ങിനും ശ്രമിച്ചു. ഫലം നസ്തി. അത്രക്ക്‌ പവര്‍ഫുള്ളായ കോപ്പി പ്രോട്ടക്‌ഷന്‍. എന്തായാലും സിഡി ഹാക്ക്‌ ചെയ്തു കോപ്പിയെടുത്തു.

എന്റെ സംശയം, ദൈവത്തിന്റെ സന്ദേശം, പ്രവാചകന്റെ വചനങ്ങള്‍ എന്നിവ, പണക്കാരന്‍ മാത്രം കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മതിയോ?.

സിഡി വില്‍ക്കുന്നതിന്‌ ഞാന്‍ എതിരല്ല. അത്‌, കോപ്പി പ്രോട്ടക്‌റ്റ്‌ ചെയ്ത്‌, അതിന്റെ പ്രചരണം തടഞ്ഞത്‌ തെറ്റല്ലെ. ?

സംഘടകാരുടെ ലാഭമാണ്‌ ലക്ഷ്യമെങ്കില്‍, നിങ്ങളുടെ പാത മദീനയിലേക്ക്‌ തന്നെയാണ്‌.

സംഘടിപ്പിക്കുന്നവരുടെ ചിലവിനാണെങ്കില്‍, കഷ്ടം, ഇത്രക്ക്‌ അധംപതിച്ചോ ഈ പ്രഭാഷകനും, സംഘാടകരും.

കച്ചവടകണ്ണുള്ള നിര്‍മ്മാതക്കളോടല്ല എന്റെ ഈ യാചന. മറിച്ച്‌, പ്രിയ പ്രഭാഷകാ, നിങ്ങള്‍ക്കെങ്കിലും പറയാമായിരുന്നു, കഴിയുന്നവര്‍ വാങ്ങി, കഴിയുന്നവര്‍ കോപ്പിചെയ്ത്‌, എല്ലാവരിലും ഈ സന്ദേശമെത്തട്ടെ എന്ന്.

ഇനിയെങ്കിലും പ്രഭാഷകന്‍ ശ്രദ്ധിക്കുമെന്ന വിശ്വാസത്തോടെ...