Tuesday 25 March 2008

ദുബൈ ബ്ലോഗ്‌ മീറ്റ്‌

ഒരോഴിവ്‌കിട്ടിയ സന്തോഷത്തില്‍ തലവഴി മൂടിപുതച്ച്‌ കിടന്നുറങ്ങുന്ന എന്റെ തലയില്‍നിന്നും പുതപ്പ്‌ വലിച്ചെടുത്തിട്ട്‌ ഭാര്യ പറഞ്ഞു "ഇങ്ങള്‌ ഇണിച്ചാണി, നേരം വെകി, ഇണിച്ചി"

എന്താണിവള്‍ പറയുന്നതെന്നറിയാന്‍ ഹാര്‍ഡ്‌ ഡിസ്ക്‌ ഐഡിയല്‍ ടൈമിലായത്‌ കാരണം സമയമെടുത്തു.

പുതുപുത്തന്‍ ഉടുപ്പുമിട്ട്‌, എന്റെ രണ്ടുമക്കള്‍ ബെഡില്‍ ചാടി കയറി.

"ഇപ്പ എണിക്ക്‌ ഞമ്മക്ക്‌ പോവാം, ഇങ്ങളല്ലെ പാച്ചുനീം, ആജൂനിം, പച്ചാനനിം കാണിച്ച്‌ തരാന്ന് പറഞ്ഞത്‌"

"എങ്ങോട്ട്‌"

എന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട്‌ കുട്ടികള്‍ മാത്രമല്ല ഭാര്യയും പേടിച്ചോ എന്നൊരു സംശയം.

"അത്‌ ശരി, ഇന്ന് വെള്ളിയാഴ്ചയാണ്‌. ഇന്ന് ഞമ്മള്‍ ദുബൈ ബ്ലോഗ്‌ മിറ്റിന്‌ പോവുമ്ന്ന് പറഞ്ഞിട്ട്‌. ഇതാപ്പോ നല്ല കഥ".

അരിശം വന്നാല്‍ എന്റെ ഭാര്യയെ കാണുവാന്‍ ഒരു ചന്തവുമില്ല. മാത്രമല്ല, അവളുടെ ബ്ലേഡ്‌ പ്രഷര്‍ ഉയരുന്നതനുസരിച്ച്‌, റൂമിലുള്ള പല സാധനങ്ങളും എന്റെ മുതുകിലും തലയിലും വെറുതെ വന്ന് വീഴും. അതോഴിവാക്കുവാന്‍ പരമാവധി ശ്രദ്ധിച്ചാണെന്റെ ജീവിതം.

പതിവ്‌ പോലെ, നല്ല ഭര്‍ത്താവിനുള്ള അവര്‍ഡ്‌കിട്ടുവാന്‍ ശ്രമിക്കുന്ന ഞാന്‍, എഴുന്നേറ്റ്‌ പ്രാഥമിക കാര്യങ്ങള്‍ വളരെ പ്രാധാന്യത്തോടെ നിര്‍വഹിച്ചു. ഇനി എങ്ങാനും അഗ്രൂജി പറഞ്ഞ പോലെ ലിഫ്‌റ്റില്‍ കയറേണ്ടി വന്നാലോ?.

"മണലീകൂടി പോകാന്‍ ഞാനില്ല."

തറവാടിയുടെ ഡെസേര്‍റ്റ്‌ ഡ്രൈവിനെക്കുറിച്ച്‌, ഞാന്‍ പറയാതെ തന്നെ അവളറിഞ്ഞിരുന്നു. അവസാന ചിത്രം മാത്രം മതിയല്ലോ എല്ലാം കുളമാക്കുവാന്‍.

ഒരു വലിയപെട്ടി നിറയെ സാധനങ്ങള്‍ എടുത്ത്‌ വെച്ച്‌ അവള്‍ പറഞ്ഞു

"ഇത്‌ വണ്ടീക്ക്‌ വെച്ചാളി"

"എന്താത്‌, ഇജി നാട്ട്‌ക്കല്ല പോണത്‌, മിറ്റിനാണ്‌"

"അച്ചപ്പം, അവലോസുണ്ട, സമൂസ, പിന്നെ ഇത്തിരി ഉണ്ണിയപ്പവും".

"ഇതെന്ത അന്റെ കൈക്കല്‍ ഒരു പോതി്"

"ഇത്‌ രണ്ട്‌ കുറ്റി പുട്ടാണ്‌, ഇങ്ങളല്ലെ പറയല്‌, ദുബൈക്കരോക്കെ, പുട്ടിന്റെ അള്‍ക്കാരാന്ന്"

എന്റെ കണ്ണ്‌ നിറഞ്ഞു, മലയാള ബ്ലോഗേഴ്സിനോടുള്ള ഇവളുടെ സ്നേഹം കണ്ടിട്ട്‌. ഇതിന്റെ ഒരംശമെങ്കിലും എനിക്ക്‌ കിട്ടിയിരുന്നെങ്കിലെന്ന് ഞാന്‍ വെറുതെ അഗ്രഹിച്ചു.

അങ്ങനെ ഞാനും ഇവളും പിന്നെ എന്റെ മക്കളായ സാലുവും, സിബിയും ദുബൈ ബ്ലോഗ്‌ മിറ്റിലേക്ക്‌...

12 comments:

  1. ബീരാന്‍ കുട്ടി said...

    അങ്ങനെ ഒരു മരത്തോണ്‍ ഓട്ടത്തിന്‌ ശേഷം 50 എണ്ണം പൂര്‍ത്തിയാക്കി.
    ഏന്നെ സഹിച്ച, സഹിക്കുന്ന പ്രിയസുഹൃത്തുകള്‍ക്ക്‌ ഒരായിരം നന്ദി.
    ഓര്‍മ്മിക്കുവാന്‍ ഒരുപാട്‌ മുഖങ്ങളുണ്ട്‌, കഷ്ടപ്പാടും കടപ്പാടും എല്ലവരോടുമുണ്ട്‌.

    അന്‍പതാം എപ്പിസോഡ്‌, ദുബൈ ബ്ലോഗ്‌ മീറ്റിന്‌ സമര്‍പ്പിക്കുന്നു. അഗ്രഹമുണ്ട്‌, പക്ഷെ അഗ്രഹം മാത്രം പോരല്ലോ, എന്നെങ്കിലുമൊരിക്കല്‍ ഞാനും ഒരു മിറ്റില്‍ ഈറ്റും.

  2. ബൈജു സുല്‍ത്താന്‍ said...

    "അച്ചപ്പം, അവലോസുണ്ട, സമൂസ, പിന്നെ ഇത്തിരി ഉണ്ണിയപ്പവും"
    ഹായ്..ഹായ്..തീര്‍ച്ച്യായും വരണം..ഇതൊക്കെ തിന്നാന്‍ ഇതില്പരം നല്ല അവസരം വേറേതുണ്ട്..

  3. ശ്രീവല്ലഭന്‍. said...

    "എന്റെ കണ്ണ്‌ നിറഞ്ഞു, മലയാള ബ്ലോഗേഴ്സിനോടുള്ള ഇവളുടെ സ്നേഹം കണ്ടിട്ട്‌. ഇതിന്റെ ഒരംശമെങ്കിലും എനിക്ക്‌ കിട്ടിയിരുന്നെങ്കിലെന്ന് ഞാന്‍ വെറുതെ അഗ്രഹിച്ചു."

    ഹൊ, ന്‍റെ ബീരാന്‍ കുട്ട്യേ! :-)

  4. ജോണ്‍ജാഫര്‍ജനാ::J3 said...

    ബീരാങ്കുട്ട്യേ, പോസ്റ്റൊക്കെ വായിക്കുന്നുണ്ട് മിക്കപ്പോഴും കമന്റാന്‍ കഴിയാറില്ല,
    നല്ല രസകരമായി എഴുതിയിരിക്കുന്നു(മൊത്തത്തില്‍) ഞാന്‍ ഫേവറിറ്റില്‍ ആഡ് ചെയ്യുന്നു:)

  5. അഗ്രജന്‍ said...

    അന്‍പതുകള്‍ അന്‍പതുകള്‍ കട്ടക്ക് കട്ടക്ക് ഇങ്ങ് പോരട്ടെ :)

    ആശംസകള്‍


    “ഒരു വലിയപെട്ടി നിറയെ സാധനങ്ങള്‍ എടുത്ത്‌ വെച്ച്‌ അവള്‍ പറഞ്ഞു...“

    ഇതാരുടേയെങ്കിലും കയ്യീ കൊടുത്തു വിടാന്‍ മറക്കല്ലേ :)

  6. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    എന്നാ പോയ് മീറ്റീട്ട് ബാക്കിപറ.

    അന്‍പതാം വെടിയ്ക്ക് ആശംസകള്‍

  7. ഏറനാടന്‍ said...

    മീറ്റിന് ഈറ്റാനുള്ള വഹയുമായി ഒട്ടകപ്പുറത്താണെന്ന് തോന്നുന്നു ഒരു ബീരാങ്കുട്ടി അല്ലേ ആ വരുന്നത് മരുഭൂമിയിലെ മണല്‍‌കാട് താണ്ടി ഊര്‍‌ജ്വസ്വലനായിട്ട്??

  8. പാമരന്‍ said...

    കണ്‍ഗ്രാ-കുചേലേഷന്‍സ്...!

  9. konchals said...

    ആശംസകള്‍

    അമ്പതിനു അമ്പതു കതിനകള്‍ പൊട്ടിക്കണ്ടേ.....

    ((((((((((({{O}}))))))))))))

  10. chithrakaran ചിത്രകാരന്‍ said...

    ഫോണ്ട് മിസ്സിങ്ങ് കാരണം വായിക്കാനാകുന്നില്ല.ആശംസകള്‍.

  11. അല്ഫോന്‍സക്കുട്ടി said...

    “ഇത്‌ രണ്ട്‌ കുറ്റി പുട്ടാണ്‌“ 50 എണ്ണം പൂര്‍ത്തിയാക്കിയ വകയില്‍, പുട്ടിന്റെ കൂടെ പഴമോ, പപ്പടമോ, കടലയോ എന്താ വേണ്ടെങ്കി ആയിക്കോ.

  12. adel said...

    beeranguttiye ellam nannayitu thane ezhuthi injhumm ezhuthanam
    vaayikkumbo naatil puzhavakkathirikkna sugam..