Thursday 27 March 2008

ഫ്രീ ചെക്കപ്പ്‌

ഹജ്ജിയാരുടെ മെസ്സ്‌ റൂമില്‍ ഞാനെത്തിപെട്ടത്‌മുതല്‍, അവിടുത്തെ അന്തേവാസികാളായിരുന്ന അലിക്കും ഹൈദ്രൂസിനും ഭയങ്കര സന്തോഷം. കാരണം മറ്റുള്ളവര്‍ക്ക്‌ ജോലിയുണ്ട്‌. എനിക്ക്‌ അതില്ലല്ലോ.

അങ്ങനെ ഞങ്ങള്‍ മൂന്നാളുകളും, അയ്യസലാമിലെ മെസ്സ്‌ റൂമില്‍ രാജാക്കന്മാരെ പോലെ ജീവിച്ചിരുന്ന കാലത്താണ്‌...പണി അന്വേഷിക്കുകയെന്ന ഭയങ്കര പണിയുമായി, നടന്ന് ക്ഷീണിച്ച്‌, ഒരു ദിവസം അലി കയറി വന്നു. ക്ഷീണം മാറ്റുവാന്‍ കഞ്ഞിവെള്ളത്തില്‍ നാലഞ്ച്‌ തവി ചോറിട്ടിളക്കിയത്‌ ഒരു ക്ഷീണവുമില്ലാതെ അകത്താക്കിയ ശേഷം കൈയിലിരുന്ന പരസ്യം എന്റെ നേരെ നീട്ടി അലി പറഞ്ഞു "ബീരാനെ, ഇതോന്ന് വായിച്ച്‌ നോക്ക്‌, പുതിയ ഒരു ആശുപത്രിയുടെ ഉല്‍ഘാടനം പ്രമാണിച്ച്‌, പ്രഷറും, ഷുഗറും ഫ്രീയായിട്ട്‌ ചെക്ക്‌ ചെയ്ത്‌ മരുന്ന് കൊടുക്കുന്നുണ്ട്‌. ഞമ്മക്ക്‌ ഒന്ന് പോയി നോക്കാം".

മെസ്സ്‌ റൂമിലെ ചീഫ്‌ കുക്ക്‌ കം പ്ലയ്റ്റ്‌ വാഷര്‍, മെയ്തു, അവോലിയെ കട്ടിങ്ങ്‌ ആന്‍ഡ്‌ സെവിങ്ങ്‌ ചെയ്യുന്നത്‌ ഞങ്ങള്‍ കണ്ടിരുന്നു. മെയ്തുവിനെ സഹായിക്കാതെ ഞാനോ ഹൈദ്രൂസോ ഇന്ന്, ഫ്രീയായിട്ടല്ല, ഞങ്ങള്‍ക്ക്‌ കാശ്‌ ഇങ്ങോട്ട്‌ തരാമെന്ന് പറഞ്ഞാല്‍ പോലും പുറത്ത്‌ പോവില്ല. പെരുന്നാള്‍ ദിവസം മാത്രം ലീവ്‌ കിട്ടുന്ന സൗദികാരനെ പോലെ, അപൂര്‍വ്വമായി മാത്രം വാങ്ങുന്ന ഫ്രഷ്‌ അവോലി. അല്ലെങ്കിലും വെറുതെകിട്ടിയാല്‍ വിഷവും കുടിക്കുന്നവരാണ്‌ ഞങ്ങളെന്ന് മൊയ്തു പറയാറുണ്ട്‌. മൊയ്തുവിനെ സഹായിക്കുവാനുള്ള ആഗ്രഹം കാരണം, മൊയ്തു മീന്‍ പോരിക്കുന്നതിന്‌ മുന്‍പെ, പപ്പടം പോരിച്ച്‌, രണ്ട്‌ മുന്ന് പ്ലേറ്റുകളുമായി ഞങ്ങള്‍ സ്ഥലം പിടിച്ചു. "ഇന്നെന്താ, കറപ്പന്മര്‍ നേരത്തെ വന്നത്‌. നട്ടുച്ച നേരത്തും കൂര്‍ക്കം വലിച്ചുറങ്ങുന്നവരല്ലെ, എന്ത്‌ പറ്റി" എന്ന മൊയ്തുവിന്റെ ചോദ്യം അവസാനിക്കുന്നതിന്‌ മുന്‍പ്‌ അലി, പ്ലേറ്റെടുത്ത്‌ മൊയ്തുവിനെ എറിയുവനാഞ്ഞു. മെസ്സ്‌ റൂമിലെ 50-ഓളം ആളുകള്‍ക്കിടയില്‍, ഒരിത്തിരി കറുപ്പ്‌ ഞങ്ങള്‍ക്ക്‌ കൂടുതലാണെന്നത്‌ സത്യം. അത്‌ പക്ഷെ കൂട്ടതില്‍ കൂടുതലുള്ള അലി സമ്മതിക്കില്ല. ജോലി കിട്ടിയിട്ട്‌ വേണം ഫെയര്‍ ആന്‍ഡ്‌ ലൗലി വാങ്ങി, ലാവിസായി തേച്ച്‌, ഒരു സുന്ദര കുട്ടാപ്പനാവാനെന്ന് അവന്‍ എപ്പോഴും പറയും. കറുപ്പന്മര്‍ എന്ന വിളി കേള്‍ക്കുന്നതെ അലിക്ക്‌ അലര്‍ജിയാണ്‌.

ഒപ്പന പാട്ടുകള്‍ക്ക്‌ പുതിയ റ്റ്യൂണ്‍ കണ്ട്‌പിടിക്കാനെന്ന പോലെ, അക്ഷമനായി ടേബിളില്‍ താളം പിടിക്കുന്ന ഹൈദ്രു, അലിയോട്‌ സ്വകാര്യമായി പറഞ്ഞു "മിണ്ടാണ്ടിരിക്കെട, ദാ അങ്ങട്ട്‌ നോക്ക്‌, ഫ്രഷ്‌ അവോലി നെരിഞ്ഞ്‌ പാകമായി വരുന്നു മോനെ, ഇപ്പോ കച്ചറയുണ്ടാകല്ലെ, മൊയ്തുനെ ഞമ്മക്ക്‌ ശരിയാക്കാം, ഞാനേറ്റു".
---------------------------------------------
ഭക്ഷണം കഴിച്ച ക്ഷീണത്തില്‍ ഞങ്ങള്‍ അല്‍പം ഉറങ്ങാമെന്ന് തിരുമാനിക്കുന്ന സമയതാണ്‌, വീണ്ടും അലി പരസ്യവുമായി വന്നത്‌.വെറുതെകിടന്നുറങ്ങുന്ന ഞങ്ങള്‍ക്ക്‌ പ്രഷറും ഷുഗറും വരാനുള്ള സാധ്യതയുണ്ട്‌. ഇനി ഇല്ലെങ്കില്‍ തന്നെ, അത്‌ വരുന്നതിന്‌ മുന്‍പ്‌, വരുന്നുണ്ടോ എന്ന് കണ്ട്‌പിടിക്കുവാനും, വന്നിട്ടുണ്ടെങ്കില്‍ പോവാനുള്ള വഴി കാണിച്ച്‌കൊടുക്കുവാനും ഞങ്ങള്‍ തിരുമാനിച്ചു.

സൂര്യന്‍ അന്നത്തെ ജോലി കഴിഞ്ഞ്‌ കാര്‍ഡ്‌ പ്ഞ്ച്‌ ചെയ്യുവാന്‍ തയ്യറായി നില്‍ക്കുന്ന സമയത്താണ്‌, ഞങ്ങള്‍ മൂന്ന് പേരും പുറത്തിറങ്ങിയത്‌. നേരെ പുതിയ ക്ലിനിക്കിലേക്ക്‌.
-------------------------------------------
അസെന്റിങ്ങ്‌ ഓര്‍ഡറില്‍ അകത്തേക്ക്‌ പോകുന്നവര്‍ ഡിസന്റിങ്ങ്‌ ഓര്‍ഡറില്‍ പുറത്തേക്ക്‌ വരുന്നത്‌ കണ്ട്‌ ഞാന്‍, എന്റെ ട്ടോക്കണ്‍, പാന്‍സിന്റെ വെയ്സ്റ്റ്‌ ബിനില്ലിട്ടു. ഞാന്‍ ട്ടോക്കന്‍ ഡിലിറ്റ്‌ ചെയ്യുന്നത്‌ ഹൈദ്രൂസും കണ്ടു. ഉണ്ടപക്രുവിനെക്കാളും ഒരിഞ്ച്‌ നീളം കൂടുതലുള്ള ഫിലിപിനോ നെഴ്‌സുകളെ മാത്രം ശ്രദ്ധിച്ച്‌കൊണ്ടിരുന്ന അലിയവട്ടെ ഇതോന്നും കണ്ടില്ല.

"ബെരന്‍ കൂട്ടി" പേരിട്ട എന്റെ ഉമ്മ പോലും ഇത്‌കേട്ടാല്‍ സഹിക്കില്ല, മാക്സിമം Spiral എഫക്റ്റ്‌ എന്റെ പേരിന്‌ നല്‍കി സിസ്റ്റര്‍ വിളിച്ചത്‌ എനിക്ക്‌ മനസിലായെങ്കിലും ഞാന്‍, ബ്ലോഗിലെ പുലികളോക്കെ ബ്ലോഗ്‌ മീറ്റില്‍ തലതഴ്തിയിരിക്കുന്ന പോലെ, സൈലെന്റ്‌ മോഡിലിരുന്നു.

ഒരിക്കല്‍ കൂടി എന്റെ പേര്‌ വിളിക്കുവാനുള്ള ത്രാണി നഷ്ടപ്പെട്ട പാവം സിസ്റ്റര്‍, ആ ശ്രമത്തിന്‌ എസ്കെപ്പടിച്ച്‌, അടുത്ത പേര്‌ വിളിച്ചു.

"ഹൈ ദ്ര ഊസ്സ്‌" അടുത്ത രണ്ട്‌ മൂന്ന് ജന്മം തന്റെ പേരിത്രയും മനോഹരമായി ആരും വിളിക്കിലെന്ന ഉത്തമബോധ്യത്തില്‍ ഹൈദ്രു വാവിട്ട്‌ കരഞ്ഞു.

ഇത്‌ കേട്ട്‌, LNB പോഷിസന്‍ ചെയ്ത്‌വെച്ച പോലെ, കൗണ്ടറിലെ സുന്ദരിയില്‍ മാത്രം ശ്രദ്ധിച്ചിരുന്ന അലി ഞെട്ടി എഴുന്നേറ്റു.

"ഒര്‌ സൂചി വെച്ചെയ്‌ന്‌ ഇജി എന്തിനാ ഇങ്ങനെ നെലോള്‍ച്ച്‌ണത്‌ ഹൈദ്രൂ"
----------------------------------
കൊടകരപുരാണത്തില്‍ കമന്റടിക്കാന്‍ ഓടുന്നവരെ പോലെ അലി അകത്ത്‌ കടന്നു. പക്ഷെ...

വളരെ ക്ഷീണിതനായി അലി തിരിച്ച്‌ വന്നപ്പോള്‍ ഞങ്ങള്‍ക്ക്‌ സംശയം. ഇവന്റെ കിഡ്നിയെങ്ങാനും ഇവര്‍ അടിച്ച്‌മാറ്റി കാണുമോ?. എയ്‌, അതിന്‌ സാധ്യതയില്ല, കിഡ്‌നി ഊരിയെടുത്താല്‍ പിന്നെ നടന്ന് വരില്ലല്ലോ. അടുത്ത ഓപ്‌ഷന്‍ ഹാര്‍ട്ടിനാണ്‌, അതാണെങ്കില്‍ പഹയന്‌ പണ്ടെ ഇല്ല.

"എന്താടാ, എന്ത്‌ പറ്റി" ഞാനും ഹൈദ്രുസും വോയ്സ്‌ അലൈന്‍ ചെയ്ത്‌ ചോദിച്ചു.

"വാ, പുറത്തിറങ്ങീട്ട്‌ പറയാം."

കാര്യമായി എന്തോ സംഭവിച്ചത്തിന്റെ എല്ലാ ലക്ഷണങ്ങളും ബാഗ്രണ്ടില്‍ തെളിഞ്ഞ്‌ വരുന്നു. ഇവന്റെ എന്തെങ്കിലും പാര്‍ട്ട്‌സുകള്‍ വിതൗട്ട്‌ പെര്‍മിഷന്‍, ഡോക്‌ടര്‍ എടുത്തിട്ടുണ്ടെങ്കില്‍, ഡോക്‌ടറുടെ ബോഡി വിത്ത്‌ പെര്‍മിഷന്‍, ഡമേജ്‌ ചെയ്യുവാന്‍ ഞാനും ഹൈദ്രൂസും സൗണ്ട്‌ലെസ്സ്‌ കമ്യൂണിക്കേഷന്‍ വഴി തിരുമാനിച്ചു. കൈയാണോ കാലാണോ ഒടിക്കേണ്ടതെന്ന തര്‍ക്കം നിലനില്‍ക്കെ അലി പറഞ്ഞു.

"എനിക്ക്‌ കുഴപ്പമൊന്നുമില്ല. പ്രശ്നമതല്ല, എനിക്ക്‌ പ്രഷറോ, സുഖറോ ഇല്ലാന്നാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌, അതുണ്ടാവാന്‍ ദാ, 4-5 മരുന്നുകളെഴുതി തന്നിട്ടുണ്ട്‌."

ഹൈദ്രൂസിന്റെ ലാസ്റ്റ്‌ കമന്റ്‌ "ഇതോരുമാതിരി ഒലക്കമല്ലെ പരിപാടി അയ്‌പോയി".

6 comments:

  1. ബീരാന്‍ കുട്ടി said...

    വെറുതെകിടന്നുറങ്ങുന്ന ഞങ്ങള്‍ക്ക്‌ പ്രഷറും ഷുഗറും വരാനുള്ള സാധ്യതയുണ്ട്‌. ഇനി ഇല്ലെങ്കില്‍ തന്നെ, അത്‌ വരുന്നതിന്‌ മുന്‍പ്‌, വരുന്നുണ്ടോ എന്ന് കണ്ട്‌പിടിക്കുവാനും, വന്നിട്ടുണ്ടെങ്കില്‍ പോവാനുള്ള വഴി കാണിച്ച്‌കൊടുക്കുവാനും ഞങ്ങള്‍ തിരുമാനിച്ചു.

    സൂര്യന്‍ അന്നത്തെ ജോലി കഴിഞ്ഞ്‌ കാര്‍ഡ്‌ പ്ഞ്ച്‌ ചെയ്യുവാന്‍ തയ്യറായി നില്‍ക്കുന്ന സമയത്താണ്‌, ഞങ്ങള്‍ മൂന്ന് പേരും പുറത്തിറങ്ങിയത്‌. നേരെ പുതിയ ക്ലിനിക്കിലേക്ക്‌.

  2. Kaithamullu said...

    എനിക്ക്‌ കുഴപ്പമൊന്നുമില്ല. പ്രശ്നമതല്ല, എനിക്ക്‌ പ്രഷറോ, സുഖറോ ഇല്ലാന്നാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌, അതുണ്ടാവാന്‍ ദാ, 4-5 മരുന്നുകളെഴുതി തന്നിട്ടുണ്ട്‌."
    ---



    - ഇത്ര വല്യ സത്യം ഇത്ര കൊറച്ച് വാക്കുകളില്‍....
    കലക്കി വീരാങ്കുട്യേ..ങ്ങ്‌ള് ദ് എബ്ടെയായിരുന്ന് പഹയാ ഇത്ര നാള്‍?..!

  3. കരീം നയ്യൂര്‍ said...

    പുതുമുഖമാണ്‌... അവിചാരിതമായിട്ടാണ് ഈ വഴി വന്നത്. വന്നപ്പോള്‍ പോകാനും തോന്നുന്നില്ല. താങ്കളുടെ പോസ്റ്റുകള്‍ പകുതിയോളം വായിച്ചു. വളരെ മനോഹരമായ ശൈലി.
    നന്നായി ഇഷ്ടപ്പെട്ടു. ഒരു അസംസ അറിയിക്കുന്നതില്‍ വിരോധമില്ലല്ലോ അല്ലെ?
    ആബു...

  4. ദിലീപ് വിശ്വനാഥ് said...

    ഇതൊരുമാതിരി ഒലക്കമല്ലെ പരിപാടി അയ്‌പോയി.
    സത്യം, അത് പറയാതിരിക്കാന്‍ വയ്യ എന്റിഷ്ടാ...

  5. കടവന്‍ said...

    "ഇതോരുമാതിരി ഒലക്കമല്ലെ പരിപാടി അയ്‌പോയി".

  6. പാമരന്‍ said...

    ദൊരുമാരി ഒലക്കമ്മലെ പര്പാഡ്യന്നെ.. :)