Wednesday, 11 June 2008

സുകുമാരന്‍ ചേട്ടന്‌ ഒരു തുറന്ന കത്ത്‌.

പ്രിയപ്പെട്ട സുകുമാരന്‍ ചേട്ട.

നേരിട്ട്‌ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും, തമ്മില്‍ സംസാരിച്ചിട്ടില്ലെങ്കിലും, സൗഹൃദം കാത്ത്‌ സൂക്ഷിക്കുന്നില്ലെങ്കിലും ഞാന്‍ ബ്ലോഗില്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ്‌ നിങ്ങള്‍.

പല പ്രശ്നങ്ങളിലും അങ്ങയുടെ ബ്ലോഗ്‌ പരമായ അഭിപ്രായങ്ങളെ, ഒരു സാധരണകാരന്റെ വക്രബുദ്ധിയോടെ, തലതിരിഞ്ഞ്‌ ചിന്തിക്കുന്നവനായത്‌കൊണ്ട്‌, തലകുത്തിനിന്ന് നോക്കിയപ്പോള്‍ തോന്നിയ സംശയങ്ങള്‍ എനിക്കുണ്ടായിരുന്നു. ശരിയാണെന്ന അവകാശവാദമില്ലാതെ, ശരിയാവുമോ എന്ന ഭയം കാരണം, സംശയ ദൂരികരണത്തിന്‌ ശ്രമിച്ചിരുന്നു.

ചില സംശയങ്ങളെ അങ്ങ്‌, വ്യക്തിപരമായ അധിക്ഷേപമായി കാണുന്നു എന്ന തോന്നലില്‍ നിന്നാണ്‌ ഈ കത്തിന്റെ ഉല്‍ഭവം.

നേരത്തെ സൂചിപ്പിച്ച പോലെ, നാം തമ്മില്‍ നേരിട്ട്‌ ഒരു പരിചയവുമില്ല. വ്യക്തിപരമായി നിങ്ങള്‍ എന്റെ ശത്രുവുമല്ല. ആശയങ്ങള്‍ രണ്ടറ്റത്താണെന്നത്‌ സത്യം. പക്ഷെ നിങ്ങള്‍ എന്നെ നിങ്ങളുടെ ശത്രുപക്ഷത്താണ്‌ കാണുന്നതെന്ന്, നിങ്ങളുടെ രാജിവെച്ച്‌കൊണ്ടുള്ള പോസ്റ്റ്‌ സൂചിപ്പിക്കുന്നു.

നിങ്ങളുടെ ആശയങ്ങളെ ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല, മറിച്ച്‌ അതില്‍ എന്റെ സംശയങ്ങള്‍ ചോദിക്കുക മാത്രമാണ്‌ ഞാന്‍ ചെയ്തത്‌. എന്നിട്ടും....

എന്റെ സംശയങ്ങള്‍ക്ക്‌ മറുപടി പറയാതെ കമന്റ്‌ പെട്ടി അടച്ച്‌പൂട്ടുകയും, പിന്നിട്‌ രാജി പ്രഖ്യാപിക്കുകയും ചെയ്തത്‌ ശരിയാണോ?. ധീരനായി നിന്ന് പറയാനുള്ളത്‌ പറയാതെ, എന്നെ അക്ഷേപിച്ചു എന്ന കാരണം പറഞ്ഞ്‌ അങ്ങ്‌ പോകുബോള്‍, സത്യത്തില്‍ എന്താണ്‌ ഞാന്‍ മനസിലാക്കേണ്ടത്‌?.

ബ്ലോഗ്‌ എന്നത്‌ എന്താണെന്ന് ബഹുഭൂരിപക്ഷം ബ്ലോഗര്‍മാര്‍ക്കും അറിയില്ലെന്ന സത്യം ഞാന്‍ നിങ്ങളിലൂടെ മനസിലാക്കുന്നു.

മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നവരെയും, പുതുതായി വരുന്നവരെയും ഇവിടുന്ന് ഉദ്ധരിച്ച്‌ തുടങ്ങണം. ബ്ലോഗെന്നാല്‍, എന്തും, ഒരിക്കല്‍ കൂടി, എന്തും എഴുതാനുള്ള, അതിവിശാലമായ ലോകമാണ്‌. നിയമങ്ങളില്ല, നിയമപാലകരില്ല. അതാണ്‌ ബ്ലോഗിലെ സ്വാതന്ത്രം.

യുക്തിവാദികളും, വിശ്വാസികളും, ഇടതനും വലതനും ന്യൂട്രനും, യുവാകളും വൃദ്ധരും കുഞ്ഞുങ്ങളും, വല്‍സ്യയന സുക്തങ്ങള്‍ക്കോപ്പം തന്നെ, ബൈബിളും ഖുര്‍ആനും, ഭഗവത്‌ ഗീതയും, കൈകോര്‍ത്ത്‌ പിടിച്ച്‌ നടക്കുന്നതാണ്‌ ബ്ലോഗ്‌. ഒരാളുടെ അഭിപ്രായങ്ങളെ, ചിന്തകളെ, പ്രശംസിക്കുന്നത്‌ പോലെ തന്നെയാണ്‌, അതിനെ ചോദ്യം ചെയ്യുന്നവനുള്ള കഴിവും. അതംഗീകരിക്കുന്നിടത്താണ്‌ സ്വാതന്ത്രത്തിന്റെ വാതില്‍ കിടക്കുന്നത്‌. എനിക്ക്‌ ശരിയെന്ന് തോന്നിയ പലതും, ബ്ലോഗിലൂടെയാണ്‌ തെറ്റാണെന്നറിഞ്ഞത്‌.

വിഷമമുണ്ടാക്കുന്ന കമന്റുകളും പോസ്റ്റുകളും തള്ളികളയാനുള്ള മനോധൈര്യം ഒരോ ബ്ലോഗറുടെയും കൈവിരല്‍ തുമ്പിലിരിക്കുന്ന കാലത്തോളം, ആരെ, എന്തിനെ ഭയക്കണം.

പറഞ്ഞ്‌വന്നത്‌, അങ്ങയുടെ തീരുമാനം, എന്റെ അഭിപ്രായങ്ങളോ, വിമര്‍ശനങ്ങളോ കാരണമാണെങ്കില്‍, വിങ്ങുന്ന ഹൃദയത്തോടെതന്നെ, ഞാന്‍ അങ്ങയോട്‌ മാപ്പ്‌ ചോദിക്കുകയും, മടങ്ങിവരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. എന്റെ പോസ്റ്റുകളോ, കമന്റുകളോ വ്യക്തിപരമായി കാണരുത്‌. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഖേദത്തോടെ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു.

6 comments:

 1. ബീരാന്‍ കുട്ടി said...

  മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നവരെയും, പുതുതായി വരുന്നവരെയും ഇവിടുന്ന് ഉദ്ധരിച്ച്‌ തുടങ്ങണം. ബ്ലോഗെന്നാല്‍, എന്തും, ഒരിക്കല്‍ കൂടി, എന്തും എഴുതാനുള്ള, അതിവിശാലമായ ലോകമാണ്‌. നിയമങ്ങളില്ല, നിയമപാലകരില്ല. അതാണ്‌ ബ്ലോഗിലെ സ്വാതന്ത്രം.

  യുക്തിവാദികളും, വിശ്വാസികളും, ഇടതനും വലതനും ന്യൂട്രനും, യുവാകളും വൃദ്ധരും കുഞ്ഞുങ്ങളും, വല്‍സ്യയന സുക്തങ്ങള്‍ക്കോപ്പം തന്നെ, ബൈബിളും ഖുര്‍ആനും, ഭഗവത്‌ ഗീതയും, കൈകോര്‍ത്ത്‌ പിടിച്ച്‌ നടക്കുന്നതാണ്‌ ബ്ലോഗ്‌. ഒരാളുടെ അഭിപ്രായങ്ങളെ, ചിന്തകളെ, പ്രശംസിക്കുന്നത്‌ പോലെ തന്നെയാണ്‌, അതിനെ ചോദ്യം ചെയ്യുന്നവനുള്ള കഴിവും. അതംഗീകരിക്കുന്നിടത്താണ്‌ സ്വാതന്ത്രത്തിന്റെ വാതില്‍ കിടക്കുന്നത്‌.

 2. Shaf said...

  വാതിലുകള്‍ തുറന്ന് കിടക്കട്ടെ..
  വിവാദങ്ങള്‍ക്കു പകരം സംവാദങ്ങളും..

 3. ഫസല്‍ said...

  ഇവിടെ എല്ലാവര്‍ക്കും ഇടം ഉള്ളപ്പോള്‍ ആരും ആര്‍ക്കുവേണ്ടിയും വഴിമാറിക്കൊടുക്കേണ്ടതില്ല. അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഒരുപോലെ സ്വീകരിക്കാന്‍ എന്നെ പഠിപ്പിച്ചയിടവും ഇതു തന്നെ, സ്നേഹ സംവാദങ്ങള്‍ക്കൊണ്ട് പൂരിതമാകട്ടെ മൌനം തനിച്ചാകുന്നിടങ്ങളില്‍

 4. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

  പ്രിയ ബീരാന്‍ കുട്ടി , ആദ്യമേ പറയട്ടെ ഇങ്ങനെ ഒരു കത്തിന്റെ അവശ്യമില്ലായിരുന്നു . ബീരാന്‍ കുട്ടിയുടെ പേരില്‍ ആകെ ഒരു കമന്റ് മാത്രമേ എന്റെ ബ്ലോഗില്‍ ഞാന്‍ കണ്ടിട്ടുള്ളൂ . അത് എന്നെ വ്യക്തിപരമായി എന്നെ പരിഹസിക്കുന്നതായിരുന്നുമില്ല .

  ഞാന്‍ പൊതുവേ സീരിയസ്സായ വിഷയങ്ങള്‍ മാത്രമേ ബ്ലോഗില്‍ വായിക്കാറുള്ളൂ . ഫിക്‍ഷന്‍സ് വായിക്കാറുമില്ല . തേങ്ങ ഉടക്കാറോ ചാറ്റ് ശൈലിയില്‍ കമന്റാറുമില്ല . ബ്ലോഗില്‍ ഞാന്‍ മറ്റുള്ളവരുടെ ശൈലി പിന്‍‌തുടരാറുമില്ല .

  ആശയപരമായി എനിക്ക് കുറെ ശത്രുക്കള്‍ ബ്ലോഗിലുണ്ട് . ഞാന്‍ പക്ഷെ അവരെ അങ്ങനെ കാണാറില്ല . ജീവിതത്തെ ഞാന്‍ എന്റേതായ രീതിയില്‍ ഫിലോസഫിക്കലായിട്ടാണ് കാണുന്നത് . ഏതൊരു മനുഷ്യനോടും എനിക്ക് അനുകമ്പയേയുള്ളൂ . പിന്നെ മനുഷ്യനെ മനുഷ്യനായല്ലാതെ മതക്കാരനായോ ജാതിക്കാരനായോ പാര്‍ട്ടിക്കാരനായോ ഞാന്‍ കാണുന്നില്ല . എന്നെ സംബന്ധിച്ച് ഒരോ മനുഷ്യനും മരണം വരെ ജീവിയ്ക്കാന്‍ വേണ്ടി പോരാടുന്ന നിസ്സഹായനും നിസ്സാരനുമായ ജീവി മാത്രമാണ് മറ്റേതൊരു ജീവിയേയും പോലെ .

  ഇങ്ങനെ ഒറ്റ നോട്ടത്തില്‍ മറ്റുള്ളവര്‍ക്ക് വിചിത്രമെന്ന് തോന്നാവുന്ന തീയറികള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ഞാന്‍ ബ്ലോഗ് എഴുതുന്നത് ആരുടെയെങ്കിലും പ്രീതിയോ സ്നേഹമോ പിടിച്ചു പറ്റാനുമല്ല , ശത്രുതയും ! പിന്നെയോ , വെറുതെ എന്നേ എനിക്ക് പറയാന്‍ കഴിയൂ . ഒന്നും സ്ഥാപിക്കാനല്ല , മനസ്സില്‍ തോന്നുന്നത് ബ്ലോഗില്‍ കുറിച്ചിടുന്നു .

  ലോകം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് . ഇത് അംഗീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല . എന്റെ വിശ്വാസം ആണ് ശരി , ഞാന്‍ പറയുന്നത് ആണ് ശരി എന്ന് എല്ല്ലാവരും കരുതുന്നു . എന്നാല്‍ പൂര്‍ണ്ണമായ ശരി ആരും പറയുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത് . മാത്രമല്ല എല്ലാ ശരികളും ആപേക്ഷികമാണെന്നും ഞാന്‍ കരുതുന്നു . ഒരു വിശ്വാസിക്ക് ഈ ആശയം സഹിക്കാന്‍ കഴിയില്ല . കാരണം അവന്റെ പ്രവാചകന്‍ , അല്ലെങ്കില്‍ അവന്റെ അവതാരം , അല്ലെങ്കില്‍ അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞതും ഉള്ളതും എല്ലാം അവന് കേവലശരികളാണ് .

  ഞാന്‍ നീട്ടുന്നില്ല . ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരില്‍ കണ്ടവരുമായി മാത്രമേ എനിക്ക് മാനസികമായി ബന്ധമുള്ളൂ . ഓര്‍ക്കുട്ടിലും ബ്ലോഗിലും ഏതാനും പേരെ എനിക്ക് നേരില്‍ കണ്ട് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . അതൊരു അനുഗ്രഹമായി കാണുന്നു . ബീരാന്‍ കുട്ടിയെ നേരില്‍ കാണാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയില്ല . മലപ്പുറത്ത് എനിക്ക് ചില സുഹൃത്തുക്കളുണ്ട് . കാവന്നൂരില്‍ ഒരു സെയ്തലവി , എടവണ്ണയില്‍ ഒരു നാസര്‍ , തിരൂരില്‍ ഒരു നജീബ് അങ്ങനെയങ്ങനെ .. മലപ്പുറത്ത് താമസിച്ച ഒന്ന് രണ്ട് ദിനങ്ങളില്‍ ഞാന്‍ അവിടെ ഒറ്റ മുസ്ലീമിനേയോ ഹിന്ദുവിനേയോ കണ്ടിട്ടില്ല . പക്ഷെ മനുഷ്യസ്നേഹവും കറകളഞ്ഞ മതേതര സമഭാവനയും ഞാന്‍ അനുഭവിച്ചത് അവിടെ വെച്ചാണ് . എടവണ്ണയിലെ നാസര്‍ എന്നേക്കും ഓര്‍ക്കാന്‍ വേണ്ടി എന്നെ ചാലിയാര്‍ പുഴയില്‍ കുളിപ്പിച്ചിട്ടേ വിട്ടൂള്ളൂ .

  ബ്ലോഗ് എനിക്ക് അങ്ങനെ തടിക്ക് പിടിക്കുന്ന ഒന്നല്ല . പക്ഷെ ഈ മാധ്യമത്തെ സമൂഹത്തില്‍ മാനവികതയും പൌരധര്‍മ്മവും മൂല്യങ്ങളും പ്രചരിപ്പിക്കാന്‍ ഉപയോഗപെടുത്താമല്ലോ എന്ന് ചിന്തിക്കുന്നു എന്ന് മാത്രം .

  അനോണിയായി എഴുതുന്നവരുടെ ന്യായവാദങ്ങളൊന്നും എനിക്ക് ബാധകമല്ല . എന്നെ സംബന്ധിച്ച് ഞാന്‍ പറയുന്നതിന്റെ ഉത്തരവാദിത്വം എനിക്ക് ഏറ്റെടുക്കേണ്ടതുണ്ട് . അനോണികളുടെ കാര്യം എനിക്കറിയില്ല . ഒരു അനോണിയും എന്റെ ശത്രുവോ മിത്രമോ അല്ല .

  എന്ന് ,
  കെ.പി.സുകുമാരന്‍

 5. ബീരാന്‍ കുട്ടി said...

  ഇതാണ്‌ ചേട്ടാ ബ്ലോഗിന്റെ ഗുണം, നിങ്ങള്‍ എന്റര്‍ അടിച്ച്‌ കഴിയുന്നതിന്‌ മുന്‍പെ എന്റെ ചോദ്യം റെഡി.

  ചേട്ടന്‍ ഒരു പഴയ ബ്ലോഗറാണെന്നാണ്‌ എന്റെ വിശ്വാസം. എന്നിട്ടും ചില കമന്റുകള്‍ കണ്ട്‌, ചിലരുടെ അഭിപ്രായപ്രകടനങ്ങളില്‍ മനംമടുത്ത്‌ അങ്ങയെ പോലുള്ള മുതിര്‍ന്നവര്‍ പകച്ച്‌ നില്‍ക്കുബോള്‍, ഇവിടെ എത്തുന്ന പുതിയ ആളുകള്‍ എന്ത്‌ ചെയ്യും.

  വിഷാദരോഗം ബ്ലോഗിലും ഉണ്ടോ?.

  പുട്ടും കടലയും ബ്ലോഗില്‍ വിറ്റാണ്‌ ബീരാന്‍ കുട്ടി ജീവിച്ചിരുന്നത്‌. അത്‌ എന്റെതായ മര്‍ക്കറ്റിങ്ങ്‌ തന്ത്രം. ഞാന്‍ പറയുന്നത്‌ കേള്‍ക്കുവാനുള്ളവരെ എന്റെ അടുത്തെത്തിക്കുന്ന ചെപ്പടി വിദ്യകള്‍ പലതും ഞാന്‍ കാണിച്ചിട്ടുണ്ട്‌. ചിലതോക്കെ തറയായിരുന്നു എന്നറിയാം. ലാടവൈദ്യന്റെ തന്ത്രം പയറ്റിയത്‌ വിജയിച്ചു എന്ന് എനിക്ക്‌ വിശ്വാസമുണ്ട്‌. ഞാന്‍ പറയുന്നത്‌ കേള്‍ക്കാന്‍ ഇന്ന് ആളുണ്ടെന്ന ധൈര്യമാവണം, പലരും പറയാന്‍ മടിക്കുന്നത്‌, സധൈര്യം പറയാന്‍ എന്നെ പ്രോല്‍സാഹിപ്പിക്കുന്നത്‌. ഇതോക്കെ ഞാന്‍ ബ്ലോഗില്‍ വന്ന സമയത്ത്‌ തന്നെ പറഞ്ഞിരുന്നെങ്കില്‍, ഗവണ്‍മന്റ്‌ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടക്കുന്ന അനാഥ പ്രേതം പോലെയായെനെ എന്റെ ബ്ലോഗ്‌.

  ചേട്ടന്‍ ഇനിയും പറയാത്ത ചില കാര്യങ്ങള്‍ വളച്ച്‌കെട്ടില്ലാതെ ചോദിക്കുന്നത്‌ വ്യക്തിപരമായെടുക്കില്ലെങ്കില്‍, മറുപടി തരുമോ?.

  ചില തലതിരിഞ്ഞ കമന്റുകളും അഭിപ്രായങ്ങളും സ്പോര്‍ട്ട്‌സ്‌ മാന്‍ സ്പിരിറ്റില്‍ എടുക്കേണ്ടതിന്‌ പകരം, സിരിയസ്സയി കണ്ടാല്‍, ബ്ലോഗില്‍ അധികമാളുകളും വിശാദരോഗികളാവില്ലെ. ആശയപരമായ സംഘടനങ്ങള്‍ ബ്ലോഗില്‍ ആടി തിമര്‍ക്കുബോയല്ലെ, ഊതികാച്ചിയ പോന്ന് പോലെ ചില തത്വങ്ങള്‍, സത്യങ്ങള്‍, രൂപംകൊള്ളുന്നത്‌.

  വ്യക്തി ജീവിതവും സൈബര്‍ ലോകവും രണ്ടും രണ്ടാണ്‌. 99 മുതല്‍, സൗദിയില്‍ നെറ്റ്‌ തുടങ്ങിയത്‌ മുതല്‍, ചാറ്റിങ്ങും ചീറ്റിങ്ങുമായി, ഈ വിസ്മയ ലോകത്‌ നിറഞ്ഞാടിയവനാണ്‌ ഞാന്‍. എന്നിട്ടും, എന്റെ ഓര്‍ക്കുട്ടോ, മെസഞ്ചറോ, എന്നും കാലിയാണ്‌. ഈ ബ്ലോഗില്‍ തന്നെ, ചിലയിടങ്ങളില്‍ ഞാന്‍ 10-60 വയസ്സുള്ളവനാണ്‌. ചിലതില്‍, പൂവാല വേഷംകെട്ടിയ കാമുകനും. എന്നാല്‍ ഞാന്‍ ഇത്‌ രണ്ടുമല്ല. ഞാന്‍ ആരാണെന്നത്‌ എന്റെ സ്വകാര്യം. വായനക്കാരന്‌ എന്റെ സ്വകാര്യജീവിതത്തില്‍ ഒരു സ്ഥാനവുമില്ല. ഞാന്‍ സൗദിയിലാണെന്നത്‌ പോലും ഞാന്‍ പറയാതെ നിങ്ങള്‍ക്കറിയില്ല. എന്റെ സെര്‍വര്‍ കിടക്കുന്നത്‌ അങ്ങ്‌ അമേരിക്കയിലാണ്‌. I.P. പിടിയന്മാര്‍ക്ക്‌ പോലും എന്നെ കിട്ടില്ല.

  സൈബര്‍ ലോകത്ത്‌, എനിക്ക്‌ ആണാവാം, പെണ്ണാവാം, കുട്ടിയാവാം, വൃദ്ധനാവാം. ബ്ലോഗില്‍, ഞാന്‍ ആരായാലും, എന്റെ എഴുതാണ്‌ പ്രധാനം. വലയിലെ എന്റെ സൗഹൃദം അവിടെ തന്നെ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. അതിനപ്പുറം അതിന്‌ ഒരു പ്രാധാന്യവും എനിക്കില്ല. (ഇത്‌ എന്റെ വ്യക്തിപരമായ അഭിപ്രായമാണ്‌). ചളികുണ്ടുകളും, അഗാതഗര്‍ഥങ്ങളും, മഞ്ഞുമലകളും, മരുഭൂമികളും നിറഞ്ഞ്‌ നില്‍ക്കുന്നതാണ്‌ സൈബര്‍ ലോകം.

  എന്നെ സംബന്ധിച്ച് ഞാന്‍ പറയുന്നതിന്റെ ഉത്തരവാദിത്വം എനിക്ക് ഏറ്റെടുക്കേണ്ടതുണ്ട് .

  ഉത്തരവാദിത്വം എറ്റെടുക്കാന്‍ ഭയം തോന്നുബോള്‍, അല്ലെങ്കില്‍ കഴിയാതെ വരുബോള്‍, ഐഡെന്റിറ്റിയുള്ളവര്‍ പകച്ച്‌ നില്‍ക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അവിടെ ധീരരായി അനോനികള്‍ പറയേണ്ടത്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ അംഗീകരിക്കുകയല്ലെ വേണ്ടത്‌.

  പിന്നെ, എന്നെ ഒരിക്കലും കാണില്ല എന്നത്‌ തെറ്റി മാഷെ, കോഴിക്കോട്ടെ ശില്‍പ്പശാലയില്‍ അങ്ങയുടെ അടുത്ത്‌വന്ന് ഞാന്‍ ബ്ലോഗ്‌ തുടങ്ങുവാന്‍ ഉദേശിക്കുന്നു എന്ന് പറഞ്ഞ്‌, നിങ്ങളുടെ തലോടലേറ്റ്‌ വാങ്ങിയ, നിങ്ങളുടെ അശിര്‍വാദം വാങ്ങിയ ബീരാന്‍ കുട്ടിയെ കണ്ടില്ലെന്നോ, തോട്ടില്ലെന്നോ പറഞ്ഞാല്‍, എനിക്ക്‌ സങ്കടം വരും. (ഈ അനോനികളുടെ ഒരു കാര്യം). പേര്‌ പറയണമെന്ന് പലവട്ടം നിരീച്ചതാണ്‌. പക്ഷെ, മാപ്പ്‌.

 6. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

  പ്രിയപ്പെട്ട ബീരാന്‍ കുട്ടി , ഇവിടെ പങ്ക് വെച്ച അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കുന്നു . നമുക്ക് ഇനിയും സംവദിക്കാമല്ലോ ...

  ഇനിയും എന്നെങ്കിലും നമുക്ക് കാണാം , സ്നേഹം പങ്ക് വയ്ക്കാം ...

  ഞാന്‍ പലപ്പോഴും ബഹാ ഉള്ളയുടെ വാക്കുകള്‍ ഒര്‍ക്കാറുണ്ട് : “ഈ ലോകം ഒരു പൂന്തോട്ടം പോലെയാണ് , വര്‍ണ്ണവൈവിധ്യങ്ങളായ പുഷ്പങ്ങളും ചെടികളുമാണ് അതിന്റെ സൌന്ദര്യം” .

  സ്നേഹാശംസകളോടെ,