Sunday, 23 November 2008

ഏറനാടും വയലാറും മലബാർ വേദിയിൽ ഏറ്റുമുട്ടുമ്പോൾ.

ഏറനാടും വയലാറും മലബാർ വേദിയിൽ ഏറ്റുമുട്ടുമ്പോൾ.

വയലാർ ഗർജ്ജിക്കുന്നു എന്നത്‌ കേവലം കവിഭവനയല്ലെന്ന് തെളിഞ്ഞു. ഷാർജ്ജയിൽ ഒത്തുചേർന്ന നൂറുകണക്കിന്‌ പരദേശികൾക്ക്‌ ഇതു നേരിൽ കാണാനുള്ള ഭാഗ്യവും ലഭിച്ചു. ഇന്ത്യൻ അസോഷിയേഷൻ ഓഡിറ്റോറിയമായിരുന്നു വേദി. നായകൻ പ്രവാസി മന്ത്രി വയലാർ രവി. പ്രതിനായകൻ പി.വി അബ്ദുൽ വഹാബ്‌ എം.പി. സംഘാടകർ മലബാർ പ്രവാസി കോർഡിനേഷൻ കൗൺസിൽ. എഴുതിതയാറാക്കിയ ചോദ്യങ്ങൾക്ക്‌ "മുഖമുഖ"ത്തിൽ ശരിയായ കോൺഗ്രസുകാരന്റെ സുക്ഷമതയോടെയായിരുന്നു രവിയുടെ മറുപടി. അടിയന്തിരപ്രധാനവും അരാഷ്ട്രിയവുമായ ചോദ്യങ്ങൾക്ക്‌ പിന്നീടായിരുന്നു അനുമതി.

എമിഗ്രേഷൻ നിയമം കർശനമാക്കിയത്‌ പെൺവാണിഭം വേരോടെ പിഴുതെറിയാനെന്ന് രവി പറയേണ്ട താമസം സദസ്സിന്റെ മുൻനിരയിലിരുന്ന പി.വി അബ്ദുൽ വഹാബ്‌ എഴുന്നേറ്റു. രവിയുടെ നിയമം അപ്രയോഗികമെന്ന് വഹാബ്‌. മാത്രമല്ല സ്ത്രിവിരുദ്ധവും. ഒട്ടേറെ സ്ത്രികൾക്ക്‌ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനും പുറമെ ഗൾഫിൽ വന്ന് പരീക്ഷ എഴുതാൻ പോലും പലർക്കും സാധിക്കുന്നില്ലെന്നും വഹബ്‌ നിന്നു കത്തി.

സംഗതി സീറോ അവറാണ്‌. ഏത്‌ എം.പി.ക്കും നോട്ടീസ്‌ കൊടുക്കാതെ ചാടിവീഴാം. എന്നാൽ ലീഗ്‌ എം.പിയെ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് മന്ത്രി രവി ഉറപ്പിച്ചു. വിസിറ്റ്‌ വിസയിൽ പെൺവാണിഭത്തിനല്ലാതെ എന്തിനു സ്ത്രികൾ ഗൾഫിൽ വരണമെന്നായി മന്ത്രിയുടെ ചോദ്യം. പോരേ പൂരം?. അതോടെ ഏറനാടൻ വീര്യവും വയലാറിന്റെ രോഷവും പതഞ്ഞുയർന്നു. അൽപം പരുഷമായി തന്നെയായിരുന്നു പെരുമാറ്റം. വഹാബിനോട്‌ ഇരിക്കാൻ ആജ്ഞാപിക്കുകയായിരുന്നു രവി. ശരിക്കും രാജ്യസഭയിലെ പ്രക്ഷുബ്‌ധാവസ്ഥയുടെ അതേ കെട്ടും മട്ടും. സന്ദർശക ഗ്യാലറിയിൽ യു.ഡി.എഫ്‌ പോഷക സംഘടനാ പ്രവർത്തകർ അങ്കം കണ്ട്‌ ശരിക്കും അന്തം വിട്ടുനിന്നു.

അന്വേഷിച്ചപ്പോഴാണറിഞ്ഞത്‌, ഇതോന്നും യാദൃഛികമല്ലെന്ന്, പഴയ കണക്കു തീർക്കലിന്റെ തുടർച്ചയാണെല്ലാം. അതറിയണമെങ്കിൽ ഒരു വർഷം അപ്പുറത്തേക്ക്‌ പോകണം. ഫ്ലാഷ്‌ ബാക്ക്‌: 2007 ലെ ഭരതീയ പ്രവാസി സമ്മേളനത്തിന്‌ തകർപ്പൻ മുന്നൊരുക്കം. എല്ലാവരെയും സദ്യക്ക്‌ ക്ഷണിച്ചു. വഹാബിനെ മാത്രം അടുപ്പിച്ചില്ല. സമ്മേളനത്തിന്റെ നടത്തിപ്പ്‌ ചുമതല മുഴുവൻ രവിയുടെ മന്ത്രാലയത്തിന്‌. പരദേശികളുടെ എം.പിയെന്നതാണ്‌ വഹാബിന്റെ ഐഡന്റിറ്റി. എന്നാൽ അങ്ങനെ ആരും പരദേശി പ്രതിനിധി ചമയേണ്ടെന്ന് വയലാറും. ഇന്ദ്രപ്രസ്ഥ മഹാമഹത്തിൽ മറ്റു പല ബിസിനസ്‌ പ്രമുഖർക്കും പട്ടും വളയും കൊടുത്തപ്പോൾ ഒരു ക്ഷണക്കത്ത്‌ പോലും വഹാബിനെ തേടി വന്നില്ല. അതോടെ കലിയായി. ദുബൈയിൽ മാധ്യമ പ്രവർത്തകരെ കണ്ട വഹാബ്‌ വിട്ടില്ല. ഇടക്കിടെ ചില കേന്ദ്രമന്ത്രിമാർ ഗൾഫിൽ വരുന്നത്‌ പ്രവാസികളുടെ പ്രശ്നം തീർക്കാനല്ലെന്ന് വഹാബ്‌ കണ്ടെത്തി. പിന്നെയോ? സർക്കാർ ചെലവിൽ ബന്ധുക്കളെ സന്ദർശിക്കാൻ വരികയാണിവർ - വയലാർ രവിക്ക്‌ ലീഗ്‌ എം.പിയിൽ നിന്നു കിട്ടിയ ഊക്കനടിയായിരുന്നു അത്‌. (കൂട്ടത്തിൽ അഹ്‌മദിനെയും വഹാബ്‌ ലക്ഷ്യം വെച്ചിരിക്കുമോ? ഏയ്‌. അതോക്കെ ആളുകൾ വെറുതെ പറയുന്നതാകും)

എന്തായാലും അന്നത്തെ ആ കലിപ്പ്‌ ചെല്ലക്കിളികൾക്കിടയിൽ ഇപ്പോഴും തുടരുകയാണ്‌. അതിന്റെ നിറഞ്ഞാട്ടമാണ്‌ ഷാർജ്ജയിൽ കണ്ടത്‌. കൈ കൊടുക്കുമ്പോൾ പോലും അകൽച്ചയുടെ ആ ശരീര ഭാഷ ഒന്നു കണേന്റതായിരുന്നു. തുടർന്ന് വേദിയിൽ പ്രസംഗിച്ച യുവമാധ്യമ പ്രവർത്തകനെതിരെയും രവി രോഷം കൊണ്ടു. "അങ്ങ്‌ വെറുതെ ക്ഷോഭിക്കേണ്ട കാര്യമില്ലെന്ന്" പയ്യൻ പറഞ്ഞപ്പോൾ സദസ്സ്‌ ഒന്നാകെ കൈയടിച്ചു. അതോടെ കൈയടിയായി രവിയുടെ പ്രശ്നം. ഒരോ കൈയടിക്ക്‌ പിന്നിലും രാഷ്ട്രിയമുണ്ടെന്ന് രവി. അതോക്കെ പഠിച്ചാണ്‌ താൻ ഇവിടം വരെ എത്തിയതെന്ന ഓർമ്മപ്പെടുത്തൽ വേറെയും.

ശിഷ്ടം: അങ്കം മുറുകട്ടെ. കുഴപ്പമില്ല. ഒറ്റ ചോദ്യം മാത്രം: ഈ പരദേശി മന്ത്രിയും പരദേശി എം.പിയും ഇവിടെയുള്ള സാധരണ മനുഷ്യരുടെ ക്ഷേമത്തിന്‌ ഇത്രയും കാലം എന്തു ചെയ്തു?.

കലിപ്പിന്റെ കണക്കു തീർക്കാൻ പ്രവാസ വേദികൾ തന്നെ വേണമായിരുന്നോ ഇവർക്ക്‌?.

കടപ്പാട്‌, മാധ്യമം ഗൾഫ്‌ ഫീച്ചർ - ഗൾഫീയം എംസിയെൻ - ബുധൻ, നവംബർ 19, 2008
---------

മലബാർ പ്രവാസി ദിവാസ്‌ സാധരണക്കാരുടെ സമ്മേളനമായിരുന്നു എന്നും, കഫ്ത്തിരിയായിലെ മൊയ്തിൻ കുട്ടിയും, ആശാരിയായ്‌ ബാല കൃഷ്ണനും, മറ്റുമാണ്‌, സമ്മേളനത്തിന്‌ തിരികൊളുത്തിയതെന്നും സംഘാടകർ വർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. നല്ലത്‌, വളരെ നല്ലത്‌, പക്ഷെ സമ്മേളനം നടത്തിയത്‌, മലബാർ മേഖലയിൽ നിക്ഷേപം നടത്താനുള്ള ശ്രമങ്ങൾക്കായിരുന്നു എന്നത്‌ സംഘാടകർ തന്നെ പറയുന്നു. അതിൽ ഈ മെയ്തീനും ബാല കൃഷ്‌ണനും എന്ത്‌ റോൾ കിട്ടിയെന്നറിയാൻ ഒരാഗ്രഹം.

മനോരമയാണ്‌ ഈ തിരികൊളുത്തൽ തമാശ പുറത്ത്‌ വിട്ടത്‌. അത്‌ ചിലർ ബ്ലോഗിൽ പോസ്റ്റായും വിട്ടു. ഇതാണ്‌ സുഹൃത്തെ സേവനം എന്ന് പറയുന്നത്‌.

പക്ഷെ, എഷ്യനെറ്റ്‌, മന്ത്രിയുടെ പരാക്രമം കാണിച്ചിരുന്നു. അത്രയെങ്കിലും ആശ്വാസം.
.

2 comments:

  1. ബീരാന്‍ കുട്ടി said...

    ഫ്ലാഷ്‌ ബാക്ക്‌: 2007 ലെ ഭരതീയ പ്രവാസി സമ്മേളനത്തിന്‌ തകർപ്പൻ മുന്നൊരുക്കം. എല്ലാവരെയും സദ്യക്ക്‌ ക്ഷണിച്ചു. വഹാബിനെ മാത്രം അടുപ്പിച്ചില്ല. സമ്മേളനത്തിന്റെ നടത്തിപ്പ്‌ ചുമതല മുഴുവൻ രവിയുടെ മന്ത്രാലയത്തിന്‌. പരദേശികളുടെ എം.പിയെന്നതാണ്‌ വഹാബിന്റെ ഐഡന്റിറ്റി. എന്നാൽ അങ്ങനെ ആരും പരദേശി പ്രതിനിധി ചമയേണ്ടെന്ന് വയലാറും. ഇന്ദ്രപ്രസ്ഥ മഹാമഹത്തിൽ മറ്റു പല ബിസിനസ്‌ പ്രമുഖർക്കും പട്ടും വളയും കൊടുത്തപ്പോൾ ഒരു ക്ഷണക്കത്ത്‌ പോലും വഹാബിനെ തേടി വന്നില്ല. അതോടെ കലിയായി. ദുബൈയിൽ മാധ്യമ പ്രവർത്തകരെ കണ്ട വഹാബ്‌ വിട്ടില്ല. ഇടക്കിടെ ചില കേന്ദ്രമന്ത്രിമാർ ഗൾഫിൽ വരുന്നത്‌ പ്രവാസികളുടെ പ്രശ്നം തീർക്കാനല്ലെന്ന് വഹാബ്‌ കണ്ടെത്തി. പിന്നെയോ? സർക്കാർ ചെലവിൽ ബന്ധുക്കളെ സന്ദർശിക്കാൻ വരികയാണിവർ - വയലാർ രവിക്ക്‌ ലീഗ്‌ എം.പിയിൽ നിന്നു കിട്ടിയ ഊക്കനടിയായിരുന്നു അത്‌.

  2. ഏറനാടന്‍ said...

    ഞമ്മളെ ബിളിച്ചോ ബീരാങ്കുട്ട്യേ..? -:)