Wednesday 19 March 2008

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 3

ടെസ്റ്റ്‌ നമ്പര്‍ - 2

രാവിലെ 9 മണിക്ക്‌ തുടങ്ങുന്ന ടെസ്റ്റില്‍ പങ്കെടുക്കാന്‍ ഞാന്‍ എഴ്‌മണിക്ക്‌ തന്നെ ഹാജര്‍. ഒളിഞ്ഞും തെളിഞ്ഞും ടെസ്റ്റ്‌ നടക്കുന്ന ഗ്രൗണ്ട്‌ കാണുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ടെസ്റ്റിനു മുന്‍പ്‌ ഒരു മണിക്കുര്‍ ക്ലാസ്സ്‌, മലയാളികള്‍ക്ക്‌ മലയാളത്തിലാണ്‌ ക്ലാസെന്ന്‌ സഹമുറിയന്‍ ഹൈദ്രൂസിന്റെ സമധാന വാക്കുകള്‍. എന്തായാലും ഒരു ടെസ്റ്റ്‌ ജയിച്ച കോണ്‍ഫിഡന്‍സില്‍ ഞാന്‍ ക്ലാസില്‍ കയറി. പ്രോജക്റ്ററോ, ഭിത്തിയിലോട്ടിച്ച ചിത്രങ്ങളോ ഇല്ലെങ്കില്‍, അധ്യപകന്‍ പറയുന്നത്‌ ആകെ മൊത്തം 4-5 ആളുകള്‍ക്ക്‌ മാത്രമേ മനസിലാവൂ. കാരണം 4-5 അറബികള്‍ മാത്രമേ അവിടെയുള്ളൂ. കഷ്ടപ്പെട്ട്‌ 50 മിനിറ്റ്‌ തള്ളിനിക്കി. ക്ഷമ പരിശോധിക്കുവാനാണ്‌ ഈ ക്ലാസെങ്കില്‍ അവിടെയുള്ള എല്ലാവരും വിജയിക്കും തീര്‍ച്ച. അവിടെന്നും ഒരു കുത്ത്‌ വാങ്ങി, നേരെ ഗ്രൗണ്ട്‌ നമ്പര്‍ 2 - വില്‍ ഞാന്‍ ലന്റ്‌ ചെയ്തു.

നീണ്ട ബെഞ്ചില്‍ വളരെ പ്രയാസപ്പെട്ട്‌ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ വേണ്ടെന്ന് വെച്ച്‌, വളരെ കൃത്യമായി, നാലാമനായി ഞാനിരുന്നു. ഒരു മയവുമില്ലാതെ ക്യൂവില്‍ ഇടിച്ച്‌കയറി ഒന്നാമനാവാന്‍ എനിക്ക്‌ പരിചയമില്ലാഞ്ഞിട്ടല്ല, മറിച്ച്‌, ഒന്നും രണ്ടും മുന്നും സ്ഥാനക്കാര്‍ കാണിക്കുന്നത്‌ കണ്ട്‌, അത്രയെങ്കിലും വിവരം ശേഖരിക്കുവാനുള്ള ആര്‍ത്തികൊണ്ടും, അവരുടെ കൈയില്‍നിന്നും വരുന്ന അബദ്ധങ്ങള്‍, ഞാനായിട്ട്‌ അവര്‍ത്തിക്കാതിരിക്കാനുമാണ്‌. പിന്നെം ഒരുപാടാളുകള്‍ വന്നുകൊണ്ടിരുന്നു. എണ്ണുവാനുള്ള മനസാനിധ്യം നഷ്ടപ്പെട്ടിരുന്നു. നാലാളുകളുടെ ഒരു ബാച്ച്‌ ഒരു കാറില്‍ കയറണം. മുന്‍സീറ്റില്‍ പോലിസുകാരന്‍, നമ്പര്‍ 1 ഡ്രൈവര്‍ സീറ്റില്‍, ബാക്കി മുന്നെണം പിന്നിലും. പുതുതായി പഠിച്ച മന്ത്രങ്ങളുമായി ഞാന്‍ കാറിനടുത്തെത്തി. ന്യായമായും ഞാന്‍ പിന്നിലാണ്‌ കയറേണ്ടത്‌. എന്റെ മുന്നില്‍ നടന്നവനെ അനുഗമിച്ച്‌, ഞാനും കാറിന്റെ പിന്‍സീറ്റില്‍ കയറി. "അല്ല, എന്താ നിങ്ങളുടെ ഉദ്ദേശം, നിങ്ങളെല്ലാവരും എന്നെ പരീക്ഷ നടത്താന്‍ വന്നതാണോ?. ഞാന്‍ വണ്ടിയോടിച്ച്‌ നിങ്ങള്‍ക്ക്‌ കാണിച്ച്‌ തരണോ?." പോലിസുകാരന്റെ ചോദ്യം കേട്ട്‌ ഞാന്‍ എന്നെ തന്നെ റിവെയ്‌സെടുത്ത്‌ നോക്കിയപ്പോള്‍, ആദ്യം വന്ന മൂന്ന്‌ പേരും പിന്‍സീറ്റില്‍ അമര്‍ന്നിരിക്കുന്നു. എയറിന്ത്യയില്‍ സീറ്റ്‌ കിട്ടിയവരുടെ സന്തോഷത്തോടെ. ഒന്നാമന്‍ പയ്യനെ ഞാന്‍ രൂക്ഷമായോന്ന് നോക്കി. നിങ്ങള്‍ മൂന്ന് പേരും കാണിക്കുന്നത്‌ കണ്ട്‌ പഠിക്കുവാനുള്ള അവസരം നശിപ്പിച്ച കപാലിക എന്ന് അര്‍ഥത്തില്‍. അവന്‍ എന്നെ വളരെ ദയനീയമായും. അതിനര്‍ഥം എനിക്ക്‌ ഇതോന്നും പരിചയമില്ല, നീ ആദ്യം ഓടിക്ക്‌, ഞാന്‍ അത്‌ കണ്ടെങ്കിലും പഠിക്കട്ടെ എന്നാണോ?. എന്തായാലും ഞാന്‍ ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്നു. കണ്ണട നേരെയാക്കി, സീറ്റ്‌ അഡ്ജസ്റ്റ്‌ ചെയ്തു. ഫയല്‍ പോലിസുകാരനെ എല്‍പ്പിച്ചു. കാറ്‌ സ്റ്റാര്‍ട്ടായി കിടന്നിട്ടും, ഞാന്‍ ചാവിയിട്ട്‌ ഒന്ന്‌കൂടി തിരിച്ചു. വണ്ടി സ്റ്റാര്‍ട്ടാക്കുവാന്‍ അറിയില്ലെന്ന്‌ ഇയാള്‍ക്ക്‌ തോന്നിയാലോ. പിന്നെ 7 ദിവസം സ്കൂളില്‍ പോയി പഠിച്ച ശേഷം മാത്രമേ വീണ്ടും ടെസ്റ്റിന്‌ പോവാന്‍ കഴിയൂ. അന്ന് പോലിസുകാരന്‍ എന്നെ നോക്കിയതിനര്‍ഥം ഇന്നും എനിക്കറിയില്ല. അങ്ങനെ, ക്ലച്ച്‌ ചവിട്ടി പിടിച്ച്‌, ഹന്‍ഡ്‌ ബ്രേക്ക്‌ ലൂസാക്കി, പതുക്കെ അക്സിലേറ്ററില്‍ കാലമര്‍ത്തി. ഞാന്‍ മാത്രമല്ല, സ്റ്റാറിങ്ങും വണ്ടി മൊത്തത്തിലും വിറച്ച്‌കൊണ്ടിരുന്നു. ഇയാളെന്തിനാ ഇങ്ങനെ വിറക്കുന്നതെന്ന്‌ പോലിസുകാരന്‍ ചോദിച്ചു. പോലിസിനെകണ്ടാല്‍ ഞാന്‍ പണ്ടെ വിറക്കുമെന്ന്‌ പറഞ്ഞത്‌ കേട്ടിട്ട്‌ അയാള്‍ പൊട്ടിച്ചിരിക്കുകയും ഓപ്പം എന്റെ തലവരയോളം വലിപ്പത്തില്‍ ഒരു വര എന്റെ ഫയലില്‍ വരക്കുന്നതും ഞാന്‍ വലംകണ്ണിട്ട്‌ നോക്കി.

കുറച്ച്‌ കൂടി സ്പീഡ്‌ കൂട്ടുവാന്‍ അയാള്‍ പറഞ്ഞപ്പോഴെക്കും ഞാന്‍ നോര്‍മലായി, അല്ലെലും വണ്ടി മൂവായി കഴിഞ്ഞാല്‍ പിന്നെ വണ്ടികൊണ്ട്‌ എട്ടിടാന്‍ എനിക്കറിയാം. സെക്കന്റും തേഡും 4 സെക്കസ്റ്റിനുള്ളില്‍ തട്ടി നീക്കി ഞാന്‍ കിട്ടിയ അവസരം ശരിക്കും ഉപയോഗിച്ചത്‌, അത്രക്ക്‌ പുതിയ വണ്ടിയായത്‌കൊണ്ടാണ്‌. മതി, നിര്‍ത്ത്‌. വളരെ സവധാനം, ഇന്റിക്കേറ്ററിട്ട്‌, വണ്ടി സൈഡാക്കി, ഹാന്‍ഡ്‌ ബ്രേക്ക്‌ വലിച്ച്‌ ഞാന്‍ പുറത്തിറങ്ങി, ന്യൂട്ടറില്‍. ബലദിയക്കാരനെ നോക്കുന്ന ബൂഫിയക്കാരന്റെ അവസ്ഥയില്‍ ഞാന്‍ പോലിസുകാരനെ നോക്കി. എന്റെ ഫയല്‍ എന്റെ കൈയില്‍. DSFന്റെ ഒരു കിലോ സ്വര്‍ണ്ണം സമ്മാനം ലഭിക്കുന്ന ടിക്കറ്റുമായി, നറുക്കെടുപ്പ്‌ സമയത്ത്‌ ഹാളില്‍ നില്‍ക്കുന്ന ചേച്ചിമാരുടെ അവസ്ഥ പോലെ, ഒരു നിമിഷം ഞാന്‍ എല്ലാം മറന്ന്‌ നടുറോഡില്‍ നിന്നു. അധികം നില്‍ക്കാന്‍ പിന്നലെ വന്ന വണ്ടിക്കാരന്‍ സമ്മതിക്കാത്തത്‌കൊണ്ട്‌ മാത്രം, ഞാന്‍ നടന്നു.

മറ്റു കാറുകളില്‍ നിന്നും രണ്ട്‌മുന്നാളുകള്‍ ഒരു കൊച്ചു മുറിയിലേക്ക്‌ നടക്കുന്നത്‌ കണ്ട്‌ ഞാനും പിന്നലെ കൂടി. സിമന്റ്‌ ബെഞ്ചില്‍ അമര്‍ന്നിരുന്ന്‌ അടുത്തിരിക്കുന്നവന്റെ ഫയലില്‍ എന്തെങ്കിലും വരയോ പുള്ളിയോ അധികമുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചു. രണ്ട്‌ പ്രാവശ്യവും ഈ ടെസ്റ്റില്‍ തോറ്റിട്ട്‌, ദി ലാസ്റ്റ്‌ ആന്‍ഡ്‌ ഫൈനല്‍ ചാന്‍സില്‍ വിജയിച്ചവന്‍, ഹൈദ്രബാദിലേക്ക്‌ മീനിന്‌ ഓര്‍ഡര്‍ ചെയ്യുന്നത്‌ ഞാന്‍ കേട്ടു. ഇനി അവന്റെ ശ്വാസം നേരെയാവണമെങ്കില്‍ അതെ മാര്‍ഗ്ഗമുള്ളു. വേറെയും രണ്ട്‌മുന്നാളുകള്‍ പരിസരത്തെ മുഴുവന്‍ ഒക്സിജനും വലിച്ച്‌ കയറ്റുന്നത്‌ സങ്കടത്തോടെ ഞാന്‍ നോക്കിയിരുന്നു. ബാക്കിയായതിലല്‍പം ഞാനും വലിച്ച്‌ കയറ്റിയത്‌, ഞാനും പസ്സായി എന്ന സന്തോഷത്തിലാണ്‌.

അടുത്തത്‌ സിഗ്‌നല്‍ ടെസ്റ്റ്‌, ജീവിതത്തിന്‌ പണ്ടെ സിഗ്‌നലില്ല, ഗ്രീന്‍ സിഗ്‌നല്‍ കണ്ടിടത്ത്‌, ബ്രേക്കിട്ട്‌ പകച്ച്‌ നിന്നിട്ടുണ്ട്‌. റെഡ്‌ സിഗ്‌നല്‍ കണ്ടിട്ടും മുന്നോട്ട്‌ പോയി അടിവാങ്ങിയിട്ടുണ്ട്‌. ഇതെന്താവുമോ എന്തോ?.

മുന്നിലിരിക്കുന്ന മോണിറ്ററിനകത്ത്‌ പലതരം ചിഹ്നങ്ങളും അക്ഷരങ്ങളും. P എന്നെഴുതിന്‌ മുകളില്‍ ഒരു വര, ഇതെന്താണെന്ന്‌ പോലീസുകാരന്‍. P എന്ന അക്ഷരത്തെ ഞാന്‍ എവിടെയോ ഓര്‍ത്തു. റബ്ബെ, പാര്‍ക്കിങ്ങ്‌. ഞാനുച്ചതില്‍ വിളിച്ച്‌ പറഞ്ഞു "പാര്‍ക്കിങ്ങ്‌". അത്‌ കേട്ടതും പോലിസുകാരന്‍ എന്നെ നോക്കി, ജെറിയെ നോക്കുന്ന ടോമിനെ പോലെ, എന്നിട്ട്‌ പറഞ്ഞു "നോ". തെറ്റാന്‍ വഴിയില്ല, എനിക്ക്‌ നൂറ്‌ ശതമാനം ഉറപ്പ, ഇത്‌ പാര്‍ക്കിങ്ങ്‌ തന്നെ. ജവ്വാജാത്ത്‌ പോലിസിന്റെ കാറ്‌, റോഡിലെങ്ങാനും കണ്ടാല്‍ ഇക്കാമ പോക്കറ്റിലുണ്ടോ എന്നുറപ്പുവരുത്തിയ ശേഷം മാത്രം അവരുടെ മുന്നിലൂടെ കൈവീശി നടക്കുന്നവനെ പോലെ, ഞാന്‍ വീണ്ടും തറപ്പിച്ച്‌ പറഞ്ഞു "നോ, പര്‍ക്കിങ്ങ്‌". തോല്‍ക്കുമെന്ന ടെന്‍ഷന്‍ കാരണം ഗ്രമര്‍ മറന്ന് പോയിരുന്നു. "അയ്‌വ, നോ പാര്‍ക്കിങ്ങ്‌". ഇഗ്ലിഷില്‍ ഗ്രമറുപയോഗിക്കുന്നവന്‌ സമയം മാത്രമല്ല ലൈസന്‍സും നഷ്ടമാവുമെന്ന്‌ അന്ന്‌ ഞാന്‍ പഠിച്ചു.

ഇടതനും വലതനും മാറി മാറി ഭരിക്കുന്ന മലയാളിയോട്‌, ഇടതും വലതും ചോദിച്ചാല്‍ തെറ്റുമോ, ഇല്ല, ഞാനുത്തരം മണിമണിയായി പറഞ്ഞു. 3 ദിവസം കഴിഞ്ഞ്‌ ലൈസന്‍സ്‌ വാങ്ങുവാന്‍ പറഞ്ഞ്‌കൊണ്ട്‌ പോലിസുകാരന്‍ എന്റെ ഫയല്‍ മടക്കി.

ഞാന്‍ പുറത്തിറങ്ങുബോഴും, അകത്ത്‌, ഏട്ടെന്ന ചിഹ്നത്തിലൂടെ ഡിവൈഡറില്‍ കയറ്റിനിര്‍ത്തിയ കാറ്‌ എങ്ങനെ പുറത്തിറക്കാമെന്ന് ചിന്തിക്കുന്ന പാവം ചെറുപ്പക്കാരനെയും, പോലിസുകാരനെയും കണ്ടു, എനിക്ക്‌ പകരം എട്ടിന്റെ വിലയായി ഇനി എട്ട്‌ ദിവസം സ്കൂളില്‍ പോകുവാന്‍ വിധിക്കപ്പെട്ടവന്‍. സെക്കന്റുകളുടെ വിത്യാസത്തിലാണ്‌, ഞാന്‍ അവനും അവന്‍ ഞാനുമായതെന്നോര്‍ക്കുബോള്‍ അഹങ്കരത്തോടെ ഉയര്‍ത്തിപിടിച്ച എന്റെ തല, ദൈവസ്മരണക്ക്‌ മുന്നില്‍ തഴ്‌ന്നു, ഒപ്പം ഒരിറ്റ്‌ കണ്ണിരും.

14 comments:

  1. ബീരാന്‍ കുട്ടി said...

    മുന്നിലിരിക്കുന്ന മോണിറ്ററിനകത്ത്‌ പലതരം ചിഹ്നങ്ങളും അക്ഷരങ്ങളും. P എന്നെഴുതിന്‌ മുകളില്‍ ഒരു വര, ഇതെന്താണെന്ന്‌ പോലീസുകാരന്‍. P എന്ന അക്ഷരത്തെ ഞാന്‍ എവിടെയോ ഓര്‍ത്തു. റബ്ബെ, പാര്‍ക്കിങ്ങ്‌. ഞാനുച്ചതില്‍ വിളിച്ച്‌ പറഞ്ഞു "പാര്‍ക്കിങ്ങ്‌". അത്‌ കേട്ടതും പോലിസുകാരന്‍ എന്നെ നോക്കി, ജെറിയെ നോക്കുന്ന ടോമിനെ പോലെ, എന്നിട്ട്‌ പറഞ്ഞു "നോ". തെറ്റാന്‍ വഴിയില്ല, എനിക്ക്‌ നൂറ്‌ ശതമാനം ഉറപ്പ, ഇത്‌ പാര്‍ക്കിങ്ങ്‌ തന്നെ. ജവ്വാജാത്ത്‌ പോലിസിന്റെ കാറ്‌, റോഡിലെങ്ങാനും കണ്ടാല്‍ ഇക്കാമ പോക്കറ്റിലുണ്ടോ എന്നുറപ്പുവരുത്തിയ ശേഷം മാത്രം അവരുടെ മുന്നിലൂടെ കൈവീശി നടക്കുന്നവനെ പോലെ, ഞാന്‍ വീണ്ടും തറപ്പിച്ച്‌ പറഞ്ഞു "നോ, പര്‍ക്കിങ്ങ്‌". തോല്‍ക്കുമെന്ന ടെന്‍ഷന്‍ കാരണം ഗ്രമര്‍ മറന്ന് പോയിരുന്നു. "അയ്‌വ, നോ പാര്‍ക്കിങ്ങ്‌". ഇഗ്ലിഷില്‍ ഗ്രമറുപയോഗിക്കുന്നവന്‌ സമയം മാത്രമല്ല ലൈസന്‍സും നഷ്ടമാവുമെന്ന്‌ അന്ന്‌ ഞാന്‍ പഠിച്ചു.

  2. ശ്രീ said...

    ഹ ഹ. അതെന്തായാലും കാര്യം സാധിച്ചല്ലോ. ഭാഗ്യം!
    :)

  3. കുഞ്ഞന്‍ said...

    ഹഹ..

    ഞാനും ലൈസന്‍സ് എടുത്തിട്ടുണ്ട്, ഈ അനുഭവങ്ങളൊക്കെ ചിലപ്പോള്‍ എനിക്കും ഉണ്ടായിട്ടുണ്ടാകും. എന്നാലും ബീരാന്‍ കുട്ടിയുടെ വിവരണം വായിച്ച് ഞാന്‍ അന്തം വിട്ടിരിക്കുകയാണ്,കാരണം ഒരു ചെറിയൊരു സംഭവം എത്ര മനോഹരമായിട്ടാണ് വിവരിച്ചിരിക്കുന്നത്.

    അഭിനന്ദനങ്ങള്‍ ലൈസന്‍സ് വല്യ പ്രശ്നങ്ങള്‍ കൂടാതെ നേടിയതിന്..!

  4. സുല്‍ |Sul said...

    ഹഹഹ
    അങ്ങനെ അതും പൂര്‍ത്തിയായി.
    എന്നാലും ആ “നോ, പാര്‍ക്കിങ് “കലക്കി.

    ഓടോ :
    അദ്ധ്യാപകന്‍ : അളക്കാനുപയോഗിക്കുന്ന ഉപകരണം?
    വിദ്ധ്യാര്‍ത്ഥി : അറിയില്ല സാര്‍.
    അ : ഞാന്‍ നിന്റെ അച്ചനോടു പറയട്ടെ.
    വി : പറയല്ലെ സാര്‍.
    അ : പറ തന്നെ, ശരി ഇരി.

    -സുല്‍

  5. ബീരാന്‍ കുട്ടി said...

    ശ്രീ, കുഞ്ഞന്‍, സുല്‍, ഇവിടെ വിവരിച്ചത്‌ മുഴുവന്‍ സത്യമാണ്‌, P ഒഴികെ. എത്ര പഠിച്ചവനായാലും ഒന്ന് വിറച്ചാല്‍, ബ്രേക്കിന്‌ പകരം അക്സിലേറ്റര്‍....

    എന്റെ ഊഴം ഒന്നാമതാക്കിയ, ഹതഭാഗ്യനായ, ആ സുഹൃത്തിന്‌ നന്ദി, ഇല്ലെങ്കില്‍ എന്റെ കാര്യം കട്ടപോകയാക്കുമായിരുന്നു.

    പാണ്ടിലോറിയുടെ ഡ്രൈവര്‍മാര്‍ ഇവിടെ വന്ന് ടെസ്റ്റില്‍ തോല്‍ക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌, വര്‍ഷങ്ങളുടെ പരിചയം മാത്രം പോര പലതിനും എന്ന തിരിച്ചറിവ്‌ ലഭിക്കുന്ന ചില സന്ദര്‍ഭങ്ങള്‍.

    സുല്ലെ, ഉല്‍പ്രേക്ഷ കലക്കി, സോറി, ഉപമ.

  6. സുബൈര്‍കുരുവമ്പലം said...

    ഹൈദ്രബാദിലേക്ക്‌ മീനിന്‌ ഓര്‍ഡര്‍ ചെയ്യുന്നത്‌ ഞാന്‍ കേട്ടു. ഇനി അവന്റെ ശ്വാസം നേരെയാവണമെങ്കില്‍ അതെ മാര്‍ഗ്ഗമുള്ളു.

    കലക്കന്‍... ബാക്കി അന്വേഷിച്ച എല്ലാവര്‍ക്കും ഒരു ഉഗ്രന്‍ വിരുന്നു ......

  7. Vanaja said...

    ഞാന്‍ ഈ പോസ്റ്റ് കണ്ടിട്ടുമില്ല,വായിച്ചിട്ടുമില്ല. അസൂയയോ? ആര്‍ക്ക്?

  8. പൊറാടത്ത് said...

    ഹാവൂ.. എന്തൊരാശ്വാസം..

    കൊള്ളാം.. അങ്ങനെ എല്ലാം നന്നായി അവസാനിച്ചുവല്ലോ..?!

    നന്ദി ബീരാന്‍..

  9. Anonymous said...

    Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the TV de Plasma, I hope you enjoy. The address is http://tv-de-plasma.blogspot.com. A hug.

  10. കാര്‍വര്‍ണം said...

    കലക്കീട്ടോ മാഷെ.

    ചെറിയ അസൂയ തോന്നുന്നോ എന്നു സംശയം.
    പോസ്റ്റിങ്ങനെ മുറിക്കാതെ ഒറ്റ് ട്രിപ്പാക്കുന്നതാ നല്ലതെന്നു തോന്നുന്നു

  11. ബീരാന്‍ കുട്ടി said...

    വേണ്ടിയിരുന്നില്ല എന്ന് എനിക്ക്‌ ഇപ്പോ തോന്നിതുടങ്ങി, നമ്മടെ ചുറ്റും അസൂയക്കാര്‍ നിരന്ന് നില്‍ക്കുവല്ലെ. ജലദോഷത്തിനും പനിക്കും മരുന്നില്ലാന്നണല്ലോ.

    രാവിലെ എണീക്കുബോ, മ്മടെ ബീവി പറഞ്ഞു, "പനിക്കുന്നുണ്ട്‌, ജലദോഷവുമുണ്ട്‌, അസൂയകൊണ്ടാവും, രാവിലെ കുളിക്കേണ്ടാ" ന്ന്. അല്ലെല്ലും ഇന്ന് രാവിലെ കുളി നിര്‍ബന്ധമില്ലാന്ന് അവള്‍ക്കറിയാം.

    വനജേച്ചി, നിങ്ങള്‍ ജയിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം, നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, അത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന, പാവം ഒമാനിയെ രക്ഷിക്കുവനാണ്‌.

    എല്ലാവര്‍ക്കും നന്ദി, വിണ്ടും വരിക

  12. കുറ്റ്യാടിക്കാരന്‍|Suhair said...

    പോസ്റ്റ് കലക്കി മാഷേ... സൂപ്പര്‍...

    അടുത്ത പോസ്റ്റ് ഉടനെതന്നെ പോരട്ടെ...

  13. ചിതല്‍ said...

    കാറ്‌ സ്റ്റാര്‍ട്ടായി കിടന്നിട്ടും, ഞാന്‍ ചാവിയിട്ട്‌ ഒന്ന്‌കൂടി തിരിച്ചു. വണ്ടി സ്റ്റാര്‍ട്ടാക്കുവാന്‍ അറിയില്ലെന്ന്‌ ഇയാള്‍ക്ക്‌ തോന്നിയാലോ...
    എന്തായാലും കൊണ്ടോട്ടിയെ പറയിപ്പിച്ചില്ല...
    അസ്സല്‍ ...
    :)

  14. rumana | റുമാന said...

    ഡ്രൈവിങ്ങില്‍ ഞാനും ഒരു കൈനോക്കി,പക്ഷെ അത് ഇങ്ങിനെയൊക്കെയാ അവസാനിച്ചത്.