Wednesday, 18 June 2008

ഞാൻ വിട പറയുന്നു.

മനേജരുടെ കൈയും കാലും കൂട്ടിപിടിച്ച്‌, മരണവിട്ടിൽ നിന്നുമുയരുന്ന നിലവിളിയുടെ റിഹേയ്സൽ അൽപം വോളിയം കുറച്ച്‌, രണ്ട്‌ മൂന്നെണ്ണം പ്രയോഗിച്ച്‌, പഞ്ചായത്ത്‌ പൈപ്പിൽനിന്നും വെള്ളം വരുന്നപോലെ, ഒന്നര മണിക്കുർ ഇടവിട്ട്‌ ഒന്ന് ഒന്നര തുള്ളിവീതം കണ്ണുനീരും കൂട്ടികുഴച്ച്‌, ഒവർട്ടൈമായി കിട്ടിയ രണ്ട്‌ മൂന്ന് മണിക്കുർ കരഞ്ഞതിന്‌ ശേഷമാണ്‌ 30 ദിവസത്തെ ലീവ്‌ എന്റെ മനേജർ അപ്രൂവ്‌ ചെയ്ത്‌തന്നത്‌.

ശ്വാസം നേരെവിട്ട്‌ ഓടിയത്‌ എയർഇന്ത്യയുടെ ഓഫിസിലേക്ക്‌. വഴിക്ക്‌വെച്ച്‌ എയർഇന്ത്യയെ ബഹിഷ്കരിക്കുവാൻ പന്തംകൊളുത്തി പ്രകടനം നടത്തിയപ്പോൾ മുൻനിരയിൽ നിന്നിരുന്ന എന്നെ പലരും ഇടംകണ്ണിട്ട്‌ നോക്കുന്നത്‌ ഞാൻ കണ്ടില്ലെന്ന് നടിച്ചു. മറ്റുള്ളവർ ലങ്കയിൽപോയി കുടുങ്ങിയാലും എനിക്ക്‌ അതിന്‌ സമയമോ സമ്മതമോ ഇല്ലല്ലോ.

---------------------------------------
അങ്ങനെ, യാത്രമദ്ധ്യേ, സ്പെയ്സ്‌സ്റ്റേഷന്റെ ടോയ്‌ലറ്റ്‌ നന്നാക്കുവാൻ, ഞങ്ങളുടെ വിമാനത്തിന്റെ ഒരു കഷ്ണം അടർത്തിയെടുത്ത്‌ കൊണ്ട്‌പോയത്‌ എന്തിയാണെന്ന് ചോദിച്ചവനെ, വിമാനത്തിന്റെ ഡ്രൈവർ വെടിവെച്ചിട്ടു. ഡീസൽ തീർന്ന കാരണംകൊണ്ട്‌മാത്രം റൺവെയും കഴിഞ്ഞ്‌ വിമാനം പോവാതെ നിന്നപ്പോൾ, പുറത്തിറങ്ങി.

(പിന്നിടുള്ള രണ്ട്‌ ദിവസത്തെ കാര്യം ബ്ലോഗിലെഴുതാൻ പറ്റില്ല)

മുന്നാം ദിവസം, ഭാര്യയും മക്കളുമൊത്ത്‌ കൊണ്ടൊട്ടി ബസ്‌സ്റ്റന്റിൽ നിൽക്കുബോഴാണ്‌, കിളിനാദം പോലെ ഒരു ശബ്ദം.

"ബീരാനല്ലെ"

ഞാൻ എന്റെ മുന്നിൽ നിന്ന് ദിനേശ്‌ ബീഡി അഞ്ഞ്‌വലിക്കുന്നവനെ നോക്കി. അവൻ ശ്രദ്ധിക്കുന്നില്ല. "ഇക്കാ, നിങ്ങളെ വിളിക്കുന്നു". ഞാൻ പറഞ്ഞു. വീണ്ടും എന്റെ നേരെ കൈചൂണ്ടി, മുഖത്ത്‌ വിടാരാത്ത പുഞ്ചിരിയുമായി, മൊഞ്ചത്തിയായ, അവൾ ചോദിച്ചു. "ബീരാനല്ലെ".

എന്റെ കാതുകളിൽ നിന്നും ഡാറ്റ ഫൈബർ ഒപ്റ്റിക്‌ കേബിൾ വഴി, തലച്ചോറില്ലെത്തി, പ്രോസസിങ്ങ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വന്നപ്പോഴെക്കും അവൾ എസ്കെപ്പ്‌ അടിക്കാൻ തുടങ്ങിയിരുന്നു.

"അതെ, ഞാൻ ബീരാനാണ്‌, ബ്ലോഗറാണ്‌." ബീരാൻ എന്ന എന്റെ തൂലിക നാമത്തെ ഞാൻ മറന്നിരുന്നു. അല്ലെങ്കിലും രണ്ട്‌ വർഷത്തിന്‌ ശേഷം 30 ദിവസത്തെ ലീവിന്‌ വന്നവൻ, സ്വന്തം പേര്‌ പോലും മറക്കുന്ന അവസ്ഥയിലാണല്ലോ.

"ഞാൻ പച്ചമുളക്‌." അവൾ പറഞ്ഞു.

വിശേഷങ്ങൾ പറഞ്ഞ്‌കൊണ്ടിരിക്കവെ, പച്ചമുളകിന്റെ നിരയൊത്ത പല്ലുകൾ കാട്ടിയുള്ള പൊട്ടിച്ചിരി, സഹിക്കാവുന്നതിനും അപ്പുറമായപ്പോൾ, ഭാര്യ എന്നെയും പിടിച്ച്‌ വലിച്ച്‌, എങ്ങോട്ടോ പോവുന്ന ഒരു ബസ്സിൽ ചാടി കയറി.

വൈകുന്നേരം, വിട്ടിൽ തിരിച്ചെത്തിയ ഉടനെ, കുട്ടികളോട്‌ പോയി കളിക്കുവാൻ പറഞ്ഞ്‌ ഭാര്യ കതകടച്ചു. ഇതെന്ത്‌ പറ്റി ഇവൾക്ക്‌, ഇത്‌ പതിവില്ലാത്തതാണല്ലോ എന്ന് ഞാൻ അലോചിച്ച്‌കൊണ്ടിരിക്കെ, മേശപുറത്തിരുന്ന പല സാധനങ്ങളും എന്റെ നേരെ പറന്ന് വരുന്നു. ഒരു വിധം സാധനങ്ങളോക്കെ താറുമാറായത്‌ കണ്ട്‌, ഭാര്യയുടെ ദേഷ്യം കുറഞ്ഞിരിക്കണം.

"അവൾ ആരാ, ഇങ്ങക്ക്‌ എന്ന ബീരാൻന്ന് പേരിട്ടത്‌. എന്താ ഇങ്ങക്ക്‌ ബ്ലോഗില്‌ പണി. ഒളെ ഒരു ചിരി കണ്ടില്ലെ. ഇവക്കോന്നും ചോയ്കാനും പറയാനും വിട്ടിൽ ആരുമില്ലെ. അല്ലാ, എന്താ ഇങ്ങളെ വിചാരം. നടുറോഡിൽ നിന്നല്ലെ ഓളെയ്റ്റ്‌ സോല്ലിന്യത്‌".

ചോദ്യങ്ങളുടെ പെരുമഴയിൽകുളിച്ച്‌ ഞാൻ ആകെ നനഞ്ഞു. എന്നിട്ടും ഞാൻ വയർത്തിരുന്നു.

:ഇഞ്ഞി മേലിൽ ഇങ്ങള്‌ ബ്ലോഗാൻ പോയാൽ, കൈ രണ്ടും ഞാൻ കൊത്തി അരിയും. ഇങ്ങക്ക്‌ ബ്ലോഗാൻ ഞാൻ ഇണ്ട്‌ ഇവടെ".

"ഇങ്ങക്ക്‌ പറ്റൂലെങ്കി, ഇന്റെ തനാജില്‌ തന്നാളീ". (തനാജിൽ = സ്പോൺഷർ ഷിപ്പ്‌ മാറ്റുക)

ബ്ലോഗിങ്ങ്‌ കാരണം എന്റെ ബാക്കിയുള്ള 10-20 ദിവസം, അവൾ സമരം ചെയ്യുന്ന 5-8 ദിവസം കിഴിച്ചാൽ കിട്ടുന്നത്‌ 20. അതും ഈ കോരിചെരിയുന്ന മഴയത്ത്‌, ഒറ്റക്ക്‌ മൂടിപുതച്ച്‌ കിടക്കുന്നവന്റെ അവസ്ഥ. ചിന്തിച്ചപ്പോൾ, നിങ്ങൾക്ക്‌ വളരെയധികം സന്തോഷമുള്ള ഒരു തീരുമാനം, വളരെ വിഷമത്തോടെ ഞാനെടുത്തു.

മേലിൽ, ഞാൻ ബ്ലോഗില്ലാന്ന്.
-----------------------------------------
നന്ദിപറയുവാൻ ഒരുപാടുണ്ട്‌. സ്വയം നിയന്ത്രണം വേണമെന്ന് പറയാതെ പറഞ്ഞ അഗ്രജനും കൈതമുള്ളും, ടെക്‌നിക്കൽ സംശയങ്ങൾ ടെക്‌നിക്കോടെ തീർത്ത്‌ തന്ന കൈപ്പള്ളിക്ക്‌. ഒത്തിരി സന്തോഷത്തോടെ എന്നെ ഉപദേശിച്ച ഇത്തിരിക്ക്‌, തറവാട്ടിലാണെന്ന് ഇടക്കിടെ എന്നെ ഓർമ്മിപ്പിച്ച, തറവാടിക്ക്‌, വല്ല്യമ്മയിക്ക്‌, ഞാൻ കുറ്റപ്പെടുത്തിയിട്ടും മറുത്തോരുവാക്ക്‌ പറയാതെ പിന്നെയും എന്നെ കാണാൻ വരുന്ന അതുല്ല്യേച്ചിക്ക്‌ അങ്ങനെ ആ നിര നീണ്ട്‌ കിടക്കുകയാണ്‌. ജബൽ അലിയിൽ നിന്നും കൊടകാരയിലേക്കുള്ള പഞ്ചായത്ത്‌ റോഡ്‌ പോലെ.

എറ്റവും കൂടുതൽ നന്ദിയുള്ളത്‌, സിബുവിനോടും, ഏവ്വുരനോടും, പിന്നെ അപ്പുവിനോടുമാണ്‌. Hats of you Appu. ആദ്യക്ഷരി എന്നും എന്റെ പ്രിയപ്പെട്ടതാണ്‌. സിബു, നിങ്ങളെടുക്കുന്ന pleasure and Pain ആർക്കുമറിയില്ല. മറുമൊഴിക്കാർക്ക്‌ ഒരു സ്പെഷൽ നന്ദിയുണ്ട്‌. എന്റെ കിറുക്കുകൾ ആളുകളെ കാണിക്കുന്ന എല്ലാ അഗ്രഗേറ്റർമാർക്കും നന്ദി.

പരിധിവിട്ട്‌ ബീരാൻ ആരെയും പ്രകോപിപ്പിച്ചിട്ടില്ലെന്ന് കരുതുന്നു. ഇത്തിരി കുസൃതികൾ ഒപ്പിച്ചിട്ടുണ്ട്‌. തലതിരിഞ്ഞ വാക്കുകളിലൂടെ നിങ്ങളെ വട്ടം കറക്കിയെന്നതും സത്യം. എന്നാലും, ചെറിയ വിഷമങ്ങളോ, പ്രയാസങ്ങളോ നിങ്ങൾക്കുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ്‌. ഞാൻ അറിഞ്ഞോ അറിയാതെയോ, ഈ ബ്ലോഗിലോ, ബൂലോകത്ത്‌ പടർന്ന് കിടക്കുന്ന എന്റെ കമന്റിലൂടെയോ, നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, മാപ്പ്‌. വഴിയിലെവിടെയെങ്കിലുംവെച്ച്‌ കാണുബോൾ ഒരു പുഞ്ചിരി, ഒരു ഹായ്‌, ഇതിൽ കൂടുതലോന്നും ബീരാന്‌ വേണ്ട. സന്തോഷത്തോടെ തന്നെ പറയട്ടെ, ആശ്വാസം മാത്രമേ എനിക്ക്‌ ബ്ലോഗിൽ നിന്നും കിട്ടിയിട്ടുള്ളൂ. "വിഷമിക്കുവാൻ ബീരാൻ തയ്യറല്ലെങ്കിൽ, വിഷമിപ്പിക്കുവാൻ നിങ്ങൾക്കാവില്ല."
------------------------------
നിങ്ങൾക്കുപകാരപ്രദമായതോന്നും ഈ ബ്ലോഗിലില്ലെന്ന്, വിനയപൂർവ്വം അംഗീകരിച്ച്‌കൊണ്ട്‌ തന്നെ, എളിമയോടെ വിട ചോദിക്കട്ടെ.

വിധി അങ്ങനെയാണ്‌, ചില നിമിഷങ്ങൾ, ചില നിമിത്തങ്ങൾ.

കണ്ണ്‌ നിറയുന്നു, വാക്കുകൾ കിട്ടുന്നില്ല.

ബായ്‌ ഫ്രൺസ്‌. ഹാപ്പി ബ്ലോഗിങ്ങ്‌.