ലത്തിഫിന്റെ കല്യാണം
രണ്ടോ മുന്നോ കൊല്ലം കഴിഞ്ഞ് എങ്ങനെയെങ്കിലും ഒന്നോ രണ്ടോ മാസത്തെ ലീവിന് വന്ന്, എന്തെങ്കിലും കാട്ടി, മടങ്ങുന്ന ഗള്‍ഫുകാരന്‍ പുതിയപ്ലമാരെ, ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രികളുടെ സെര്‍വര്‍ റിജക്റ്റ് ചെയ്യുന്ന കാലം. കൂലി പണിക്കാരനാണെങ്കിലും ഭര്‍ത്താവ് നാട്ടിലുള്ളവന്‍ മതിയെന്ന ഒപ്പണ്‍ സോയ്സ് പ്രോഗ്രം, കെട്ടുപ്രായമായ പെണ്‍കുട്ടികള്‍ ഒട്ടോമാറ്റിക്കായി ഇന്‍സ്റ്റാല്‍ ചെയ്ത് സമയത്താണ്, നമ്മുടെ ലത്തിഫ് ജിദ്ധയില്‍ നിന്നും നാട്ടിലെത്തുന്നത്. ആകെയുള്ള 2 മാസത്തെ ലീവിനിടയില്‍ നിക്കാഹ് നടത്തണം, നിക്കാഹ് നടത്താന്‍ മുസ്ലിയാര്‍ ഫ്രീയാണ്, പക്ഷെ പെണ്ണിനെ കിട്ടണ്ടെ. ഫ്രീയായ പെണ്ണിനെ അന്വേഷിച്ച് ലത്തിഫും ബ്രോക്കര്‍ കോയയും നടോട്ടുക്കും ഓടി നടക്കുന്ന സമയം.
ലത്തിഫിന്റെ സുഹൃത്ത്, ഹൈദ്രൂസ് ഐഡിയയുടെ മൊത്തകച്ചവടം നടത്തുന്നയാളാണ്. നാട്ടിലെ എല്ലാകുണ്ടമണ്ടി പ്രശ്നങ്ങളുടെയും ബ്രൈന്‍ പവര്‍ ഹൈദ്രൂസിന് സ്വന്തം.
ഒരു സുപ്രഭാതത്തില്‍ ലത്തിഫിന്റെ വിടിന്റെ പടിഞ്ഞാറെ ഭാഗത്ത് ഒരു വലിയ വീടിനുള്ള കുറ്റിയടിക്കുകയും രണ്ട് മൂന്ന് ലോറി കരിങ്കല്ലിറക്കുകയും ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞ് ഞങ്ങളെ ഞെട്ടിച്ച്‌കൊണ്ടാണ് സൂര്യന്‍ ഉദിച്ചുയര്‍ന്നത്. രാത്രി ചന്ദ്രന്‍ വിട്ടിപോകുന്ന നേരത്ത് പ്രശ്നമൊന്നും ഇല്ലായിരുന്നു. ലത്തിഫിന്റെ കല്യാണം നിശ്ചയിച്ചു. അതും കൊണ്ടോട്ടി പഞ്ചായത്തിലെ അറിയപ്പെടുന്ന തറവാട്ടില്‍നിന്നും. വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും, അന്ന്, എഷ്യനെറ്റോ, കൈരളിയോ എന്തിന് അമൃത പോലും കണ്ട്‌പിടിച്ചിട്ടില്ലായിരുന്നത്‌കൊണ്ട്, ഞങ്ങള്‍ വിശ്വസിച്ചു.
കൊണ്ടോട്ടിയിലെ അറിയപ്പെടുന്ന സിഐഡിയായ കുഞ്ഞുട്ടിയുടെ അശ്രന്തപരിശ്രമഫലമായി ഞങ്ങള്‍ ആ സത്യം കണ്ട്‌പിടിച്ചു.
ഹൈദ്രുവിന്റെ ഉപദേശപ്രകാരം, ലത്തിഫ് രണ്ട് ലോഡ് കല്ലും ഒരു ലോഡ് മണലും വീടിന്റെ പടിഞ്ഞാറ് ഭാഗത്തിറക്കുകയും, വരുന്നവരോട് മുഴുവന്‍, ലത്തിഫ് വീട് പണി തുടങ്ങാന്‍ പോവുകയാണെന്ന് പറയുകയും, ലത്തിഫിന്റെ ബാങ്ക് ബാലന്‍സില്‍ വീണ നിരപരാധിയായ ഒരു പിതാവ്, മകളെ നിക്കാഹിന് ഉറപ്പിക്കുകയും ചെയ്തു.
തകൃതിയായി നടന്ന കല്യാണത്തിന്റെ അഫ്റ്റര്‍ എഫക്റ്റ് തിരുന്നതിന് മുന്‍പ് ലത്തിഫ് പറമ്പിലിറക്കിയ രണ്ട് ലോഡ് കല്ലും മണലും മറിച്ച് വിറ്റു. തറകെട്ടാന്‍ അടിച്ചിരുന്ന കുറ്റിയില്‍, അവന്റെ ഭാര്യ സൈനബ ആടിനെകെട്ടിയിട്ടു.