Showing posts with label ഡ്രൈവിംഗ്‌ ടെസ്റ്റ്‌. Show all posts
Showing posts with label ഡ്രൈവിംഗ്‌ ടെസ്റ്റ്‌. Show all posts

Wednesday, 19 March 2008

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 3

ടെസ്റ്റ്‌ നമ്പര്‍ - 2

രാവിലെ 9 മണിക്ക്‌ തുടങ്ങുന്ന ടെസ്റ്റില്‍ പങ്കെടുക്കാന്‍ ഞാന്‍ എഴ്‌മണിക്ക്‌ തന്നെ ഹാജര്‍. ഒളിഞ്ഞും തെളിഞ്ഞും ടെസ്റ്റ്‌ നടക്കുന്ന ഗ്രൗണ്ട്‌ കാണുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ടെസ്റ്റിനു മുന്‍പ്‌ ഒരു മണിക്കുര്‍ ക്ലാസ്സ്‌, മലയാളികള്‍ക്ക്‌ മലയാളത്തിലാണ്‌ ക്ലാസെന്ന്‌ സഹമുറിയന്‍ ഹൈദ്രൂസിന്റെ സമധാന വാക്കുകള്‍. എന്തായാലും ഒരു ടെസ്റ്റ്‌ ജയിച്ച കോണ്‍ഫിഡന്‍സില്‍ ഞാന്‍ ക്ലാസില്‍ കയറി. പ്രോജക്റ്ററോ, ഭിത്തിയിലോട്ടിച്ച ചിത്രങ്ങളോ ഇല്ലെങ്കില്‍, അധ്യപകന്‍ പറയുന്നത്‌ ആകെ മൊത്തം 4-5 ആളുകള്‍ക്ക്‌ മാത്രമേ മനസിലാവൂ. കാരണം 4-5 അറബികള്‍ മാത്രമേ അവിടെയുള്ളൂ. കഷ്ടപ്പെട്ട്‌ 50 മിനിറ്റ്‌ തള്ളിനിക്കി. ക്ഷമ പരിശോധിക്കുവാനാണ്‌ ഈ ക്ലാസെങ്കില്‍ അവിടെയുള്ള എല്ലാവരും വിജയിക്കും തീര്‍ച്ച. അവിടെന്നും ഒരു കുത്ത്‌ വാങ്ങി, നേരെ ഗ്രൗണ്ട്‌ നമ്പര്‍ 2 - വില്‍ ഞാന്‍ ലന്റ്‌ ചെയ്തു.

നീണ്ട ബെഞ്ചില്‍ വളരെ പ്രയാസപ്പെട്ട്‌ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ വേണ്ടെന്ന് വെച്ച്‌, വളരെ കൃത്യമായി, നാലാമനായി ഞാനിരുന്നു. ഒരു മയവുമില്ലാതെ ക്യൂവില്‍ ഇടിച്ച്‌കയറി ഒന്നാമനാവാന്‍ എനിക്ക്‌ പരിചയമില്ലാഞ്ഞിട്ടല്ല, മറിച്ച്‌, ഒന്നും രണ്ടും മുന്നും സ്ഥാനക്കാര്‍ കാണിക്കുന്നത്‌ കണ്ട്‌, അത്രയെങ്കിലും വിവരം ശേഖരിക്കുവാനുള്ള ആര്‍ത്തികൊണ്ടും, അവരുടെ കൈയില്‍നിന്നും വരുന്ന അബദ്ധങ്ങള്‍, ഞാനായിട്ട്‌ അവര്‍ത്തിക്കാതിരിക്കാനുമാണ്‌. പിന്നെം ഒരുപാടാളുകള്‍ വന്നുകൊണ്ടിരുന്നു. എണ്ണുവാനുള്ള മനസാനിധ്യം നഷ്ടപ്പെട്ടിരുന്നു. നാലാളുകളുടെ ഒരു ബാച്ച്‌ ഒരു കാറില്‍ കയറണം. മുന്‍സീറ്റില്‍ പോലിസുകാരന്‍, നമ്പര്‍ 1 ഡ്രൈവര്‍ സീറ്റില്‍, ബാക്കി മുന്നെണം പിന്നിലും. പുതുതായി പഠിച്ച മന്ത്രങ്ങളുമായി ഞാന്‍ കാറിനടുത്തെത്തി. ന്യായമായും ഞാന്‍ പിന്നിലാണ്‌ കയറേണ്ടത്‌. എന്റെ മുന്നില്‍ നടന്നവനെ അനുഗമിച്ച്‌, ഞാനും കാറിന്റെ പിന്‍സീറ്റില്‍ കയറി. "അല്ല, എന്താ നിങ്ങളുടെ ഉദ്ദേശം, നിങ്ങളെല്ലാവരും എന്നെ പരീക്ഷ നടത്താന്‍ വന്നതാണോ?. ഞാന്‍ വണ്ടിയോടിച്ച്‌ നിങ്ങള്‍ക്ക്‌ കാണിച്ച്‌ തരണോ?." പോലിസുകാരന്റെ ചോദ്യം കേട്ട്‌ ഞാന്‍ എന്നെ തന്നെ റിവെയ്‌സെടുത്ത്‌ നോക്കിയപ്പോള്‍, ആദ്യം വന്ന മൂന്ന്‌ പേരും പിന്‍സീറ്റില്‍ അമര്‍ന്നിരിക്കുന്നു. എയറിന്ത്യയില്‍ സീറ്റ്‌ കിട്ടിയവരുടെ സന്തോഷത്തോടെ. ഒന്നാമന്‍ പയ്യനെ ഞാന്‍ രൂക്ഷമായോന്ന് നോക്കി. നിങ്ങള്‍ മൂന്ന് പേരും കാണിക്കുന്നത്‌ കണ്ട്‌ പഠിക്കുവാനുള്ള അവസരം നശിപ്പിച്ച കപാലിക എന്ന് അര്‍ഥത്തില്‍. അവന്‍ എന്നെ വളരെ ദയനീയമായും. അതിനര്‍ഥം എനിക്ക്‌ ഇതോന്നും പരിചയമില്ല, നീ ആദ്യം ഓടിക്ക്‌, ഞാന്‍ അത്‌ കണ്ടെങ്കിലും പഠിക്കട്ടെ എന്നാണോ?. എന്തായാലും ഞാന്‍ ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്നു. കണ്ണട നേരെയാക്കി, സീറ്റ്‌ അഡ്ജസ്റ്റ്‌ ചെയ്തു. ഫയല്‍ പോലിസുകാരനെ എല്‍പ്പിച്ചു. കാറ്‌ സ്റ്റാര്‍ട്ടായി കിടന്നിട്ടും, ഞാന്‍ ചാവിയിട്ട്‌ ഒന്ന്‌കൂടി തിരിച്ചു. വണ്ടി സ്റ്റാര്‍ട്ടാക്കുവാന്‍ അറിയില്ലെന്ന്‌ ഇയാള്‍ക്ക്‌ തോന്നിയാലോ. പിന്നെ 7 ദിവസം സ്കൂളില്‍ പോയി പഠിച്ച ശേഷം മാത്രമേ വീണ്ടും ടെസ്റ്റിന്‌ പോവാന്‍ കഴിയൂ. അന്ന് പോലിസുകാരന്‍ എന്നെ നോക്കിയതിനര്‍ഥം ഇന്നും എനിക്കറിയില്ല. അങ്ങനെ, ക്ലച്ച്‌ ചവിട്ടി പിടിച്ച്‌, ഹന്‍ഡ്‌ ബ്രേക്ക്‌ ലൂസാക്കി, പതുക്കെ അക്സിലേറ്ററില്‍ കാലമര്‍ത്തി. ഞാന്‍ മാത്രമല്ല, സ്റ്റാറിങ്ങും വണ്ടി മൊത്തത്തിലും വിറച്ച്‌കൊണ്ടിരുന്നു. ഇയാളെന്തിനാ ഇങ്ങനെ വിറക്കുന്നതെന്ന്‌ പോലിസുകാരന്‍ ചോദിച്ചു. പോലിസിനെകണ്ടാല്‍ ഞാന്‍ പണ്ടെ വിറക്കുമെന്ന്‌ പറഞ്ഞത്‌ കേട്ടിട്ട്‌ അയാള്‍ പൊട്ടിച്ചിരിക്കുകയും ഓപ്പം എന്റെ തലവരയോളം വലിപ്പത്തില്‍ ഒരു വര എന്റെ ഫയലില്‍ വരക്കുന്നതും ഞാന്‍ വലംകണ്ണിട്ട്‌ നോക്കി.

കുറച്ച്‌ കൂടി സ്പീഡ്‌ കൂട്ടുവാന്‍ അയാള്‍ പറഞ്ഞപ്പോഴെക്കും ഞാന്‍ നോര്‍മലായി, അല്ലെലും വണ്ടി മൂവായി കഴിഞ്ഞാല്‍ പിന്നെ വണ്ടികൊണ്ട്‌ എട്ടിടാന്‍ എനിക്കറിയാം. സെക്കന്റും തേഡും 4 സെക്കസ്റ്റിനുള്ളില്‍ തട്ടി നീക്കി ഞാന്‍ കിട്ടിയ അവസരം ശരിക്കും ഉപയോഗിച്ചത്‌, അത്രക്ക്‌ പുതിയ വണ്ടിയായത്‌കൊണ്ടാണ്‌. മതി, നിര്‍ത്ത്‌. വളരെ സവധാനം, ഇന്റിക്കേറ്ററിട്ട്‌, വണ്ടി സൈഡാക്കി, ഹാന്‍ഡ്‌ ബ്രേക്ക്‌ വലിച്ച്‌ ഞാന്‍ പുറത്തിറങ്ങി, ന്യൂട്ടറില്‍. ബലദിയക്കാരനെ നോക്കുന്ന ബൂഫിയക്കാരന്റെ അവസ്ഥയില്‍ ഞാന്‍ പോലിസുകാരനെ നോക്കി. എന്റെ ഫയല്‍ എന്റെ കൈയില്‍. DSFന്റെ ഒരു കിലോ സ്വര്‍ണ്ണം സമ്മാനം ലഭിക്കുന്ന ടിക്കറ്റുമായി, നറുക്കെടുപ്പ്‌ സമയത്ത്‌ ഹാളില്‍ നില്‍ക്കുന്ന ചേച്ചിമാരുടെ അവസ്ഥ പോലെ, ഒരു നിമിഷം ഞാന്‍ എല്ലാം മറന്ന്‌ നടുറോഡില്‍ നിന്നു. അധികം നില്‍ക്കാന്‍ പിന്നലെ വന്ന വണ്ടിക്കാരന്‍ സമ്മതിക്കാത്തത്‌കൊണ്ട്‌ മാത്രം, ഞാന്‍ നടന്നു.

മറ്റു കാറുകളില്‍ നിന്നും രണ്ട്‌മുന്നാളുകള്‍ ഒരു കൊച്ചു മുറിയിലേക്ക്‌ നടക്കുന്നത്‌ കണ്ട്‌ ഞാനും പിന്നലെ കൂടി. സിമന്റ്‌ ബെഞ്ചില്‍ അമര്‍ന്നിരുന്ന്‌ അടുത്തിരിക്കുന്നവന്റെ ഫയലില്‍ എന്തെങ്കിലും വരയോ പുള്ളിയോ അധികമുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചു. രണ്ട്‌ പ്രാവശ്യവും ഈ ടെസ്റ്റില്‍ തോറ്റിട്ട്‌, ദി ലാസ്റ്റ്‌ ആന്‍ഡ്‌ ഫൈനല്‍ ചാന്‍സില്‍ വിജയിച്ചവന്‍, ഹൈദ്രബാദിലേക്ക്‌ മീനിന്‌ ഓര്‍ഡര്‍ ചെയ്യുന്നത്‌ ഞാന്‍ കേട്ടു. ഇനി അവന്റെ ശ്വാസം നേരെയാവണമെങ്കില്‍ അതെ മാര്‍ഗ്ഗമുള്ളു. വേറെയും രണ്ട്‌മുന്നാളുകള്‍ പരിസരത്തെ മുഴുവന്‍ ഒക്സിജനും വലിച്ച്‌ കയറ്റുന്നത്‌ സങ്കടത്തോടെ ഞാന്‍ നോക്കിയിരുന്നു. ബാക്കിയായതിലല്‍പം ഞാനും വലിച്ച്‌ കയറ്റിയത്‌, ഞാനും പസ്സായി എന്ന സന്തോഷത്തിലാണ്‌.

അടുത്തത്‌ സിഗ്‌നല്‍ ടെസ്റ്റ്‌, ജീവിതത്തിന്‌ പണ്ടെ സിഗ്‌നലില്ല, ഗ്രീന്‍ സിഗ്‌നല്‍ കണ്ടിടത്ത്‌, ബ്രേക്കിട്ട്‌ പകച്ച്‌ നിന്നിട്ടുണ്ട്‌. റെഡ്‌ സിഗ്‌നല്‍ കണ്ടിട്ടും മുന്നോട്ട്‌ പോയി അടിവാങ്ങിയിട്ടുണ്ട്‌. ഇതെന്താവുമോ എന്തോ?.

മുന്നിലിരിക്കുന്ന മോണിറ്ററിനകത്ത്‌ പലതരം ചിഹ്നങ്ങളും അക്ഷരങ്ങളും. P എന്നെഴുതിന്‌ മുകളില്‍ ഒരു വര, ഇതെന്താണെന്ന്‌ പോലീസുകാരന്‍. P എന്ന അക്ഷരത്തെ ഞാന്‍ എവിടെയോ ഓര്‍ത്തു. റബ്ബെ, പാര്‍ക്കിങ്ങ്‌. ഞാനുച്ചതില്‍ വിളിച്ച്‌ പറഞ്ഞു "പാര്‍ക്കിങ്ങ്‌". അത്‌ കേട്ടതും പോലിസുകാരന്‍ എന്നെ നോക്കി, ജെറിയെ നോക്കുന്ന ടോമിനെ പോലെ, എന്നിട്ട്‌ പറഞ്ഞു "നോ". തെറ്റാന്‍ വഴിയില്ല, എനിക്ക്‌ നൂറ്‌ ശതമാനം ഉറപ്പ, ഇത്‌ പാര്‍ക്കിങ്ങ്‌ തന്നെ. ജവ്വാജാത്ത്‌ പോലിസിന്റെ കാറ്‌, റോഡിലെങ്ങാനും കണ്ടാല്‍ ഇക്കാമ പോക്കറ്റിലുണ്ടോ എന്നുറപ്പുവരുത്തിയ ശേഷം മാത്രം അവരുടെ മുന്നിലൂടെ കൈവീശി നടക്കുന്നവനെ പോലെ, ഞാന്‍ വീണ്ടും തറപ്പിച്ച്‌ പറഞ്ഞു "നോ, പര്‍ക്കിങ്ങ്‌". തോല്‍ക്കുമെന്ന ടെന്‍ഷന്‍ കാരണം ഗ്രമര്‍ മറന്ന് പോയിരുന്നു. "അയ്‌വ, നോ പാര്‍ക്കിങ്ങ്‌". ഇഗ്ലിഷില്‍ ഗ്രമറുപയോഗിക്കുന്നവന്‌ സമയം മാത്രമല്ല ലൈസന്‍സും നഷ്ടമാവുമെന്ന്‌ അന്ന്‌ ഞാന്‍ പഠിച്ചു.

ഇടതനും വലതനും മാറി മാറി ഭരിക്കുന്ന മലയാളിയോട്‌, ഇടതും വലതും ചോദിച്ചാല്‍ തെറ്റുമോ, ഇല്ല, ഞാനുത്തരം മണിമണിയായി പറഞ്ഞു. 3 ദിവസം കഴിഞ്ഞ്‌ ലൈസന്‍സ്‌ വാങ്ങുവാന്‍ പറഞ്ഞ്‌കൊണ്ട്‌ പോലിസുകാരന്‍ എന്റെ ഫയല്‍ മടക്കി.

ഞാന്‍ പുറത്തിറങ്ങുബോഴും, അകത്ത്‌, ഏട്ടെന്ന ചിഹ്നത്തിലൂടെ ഡിവൈഡറില്‍ കയറ്റിനിര്‍ത്തിയ കാറ്‌ എങ്ങനെ പുറത്തിറക്കാമെന്ന് ചിന്തിക്കുന്ന പാവം ചെറുപ്പക്കാരനെയും, പോലിസുകാരനെയും കണ്ടു, എനിക്ക്‌ പകരം എട്ടിന്റെ വിലയായി ഇനി എട്ട്‌ ദിവസം സ്കൂളില്‍ പോകുവാന്‍ വിധിക്കപ്പെട്ടവന്‍. സെക്കന്റുകളുടെ വിത്യാസത്തിലാണ്‌, ഞാന്‍ അവനും അവന്‍ ഞാനുമായതെന്നോര്‍ക്കുബോള്‍ അഹങ്കരത്തോടെ ഉയര്‍ത്തിപിടിച്ച എന്റെ തല, ദൈവസ്മരണക്ക്‌ മുന്നില്‍ തഴ്‌ന്നു, ഒപ്പം ഒരിറ്റ്‌ കണ്ണിരും.

Tuesday, 18 March 2008

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 2

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 2

അങ്ങനെ നീണ്ട ക്യൂവില്‍ നില്‍ക്കന്‍ തുടങ്ങിയിട്ട്‌ അരമണിക്കുറായി കാണും. 5-6 കൗണ്ടറുകളിലായി നല്ല തിരക്ക്‌. ഞാന്‍ കൗണ്ടറിനടുത്തെത്തിയതും, അകത്തിരുന്ന പോലിസുകാരന്‍ കട്ടെം പോകെം മടക്കി വെച്ചിട്ട്‌ പറഞ്ഞു. റൂഹ്‌ ഇനാക്ക്‌. അയാള്‍ ചൂണ്ടികാണിച്ച സ്ഥലത്തേക്ക്‌ നോക്കിയ ഞാന്‍ ഞെട്ടി. അടുത്ത കൗണ്ടറിന്‌ മുന്നിലെ നീണ്ട ക്യൂവിലെ അവസാനഭാഗം ക്ലോസപ്പ്‌ വ്യൂവില്‍ ഞാന്‍ കണ്ടു. ഓടിപിടിച്ച്‌ ഞാന്‍ അടുത്ത ക്യൂവില്‍.

കൗണ്ടറില്‍ എത്തിയത്‌ ഞാന്‍ അറിഞ്ഞില്ല, ഇതിനിടയില്‍ ഒരു യാസിന്‍ ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു. തലേന്ന് രാത്രികഴിച്ച കുബൂസും 2-3 ദിവസം പഴക്കമുള്ള കോഴിക്കറിയും പ്രശ്നബാധിത പ്രദേശമായി എന്റെ വയറിനെ പ്രഖ്യാപിച്ചു. ചര്‍ച്ചക്കില്ലെന്നും, ഒരു ജൂഡീഷ്യല്‍ അന്വേഷണം വേണമെങ്കില്‍ ആവാമെന്ന് ഞാനും. ഫയല്‍ കൗണ്ടറിനുള്ളിലേക്ക്‌ നിട്ടി. തന്റെ മുന്നിലിരിക്കുന്ന കംപ്യൂട്ടറില്‍ എന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പരിശോധിച്ച ശേഷം വളരെ സ്നേഹത്തോടെ പോലിസുകാരന്‍ പറഞ്ഞു.

"തന്റെ ഇക്കാമ ഇനി 3 മാസമെയുള്ളു, അത്‌ പുതുക്കിയിട്ട്‌ വാ".

എനിക്കിത്രയും അറബി പറയനാറിയാമെന്ന് അന്ന് ഞാന്‍ അഭിമാനംകൊണ്ടു. അത്രക്ക്‌ നല്ല പേര്‍ഫോമന്‍സ്‌, ഫയല്‍ ചുരുട്ടിമടക്കി എന്റെ മുന്നിലേക്കിട്ട്‌ അയാള്‍ പറഞ്ഞത്‌ 'എത്‌ല ബറ"

കറങ്ങിതിരിഞ്ഞ്‌ അവസാനം മുദീറിന്റെ അടുത്തെത്തി, അയാളും പറഞ്ഞത്‌ ഇക്കാമ പുതുക്കി വരുവാന്‍, ചുരുങ്ങിയത്‌ 3 മാസമെങ്കിലും കാലവധി വേണമെന്നാണ്‌ നിയമമെന്ന് മുദീര്‍ പറഞ്ഞപ്പോള്‍, നിയമം എപ്പോ വന്നു എന്ന് ചോദിച്ചില്ല. രാവിലെ പല്ല്‌തേക്കുന്ന സമയമായിരിക്കും ഇവിടെ പലനിയമങ്ങളും വരുന്നതും പോവുന്നതും. മുദീറിന്‌ മുന്നില്‍ കരയാനോന്നും ഞാന്‍ നിന്നില്ല, അത്‌ നമ്മുക്ക്‌ മോശമായത്‌കൊണ്ടല്ല, പോലിസുകാരന്റെ മുന്നില്‍ കരഞ്ഞ്‌, കണ്ണുനിരിന്റെ സ്റ്റോക്ക്‌ തിര്‍ന്നിരുന്നു. ഇനി ഒരു ചായയും ഒരു സാന്‍വിച്ചും അടിച്ചാല്‍ ചിലപ്പോ ഇത്തിരി സ്റ്റോക്ക്‌ വന്നേക്കാം. ഒന്ന് കരയാന്‍ പോലും കഴിയാത്ത എന്റെ വിധിയോര്‍ത്ത്‌ ഞാന്‍ നടന്നു നീങ്ങി, പുറത്തേക്കുള്ള വഴിയിലൂടെ. ഫയര്‍ മാഗസിന്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്ന സമയത്ത്‌ സെര്‍വര്‍ ഡൗണായാലുള്ളവന്റെ അവസ്ഥ.

ഒരു മള്‍ബറോ പുകച്ച്‌വിട്ട്‌, ടാക്സിക്ക്‌ കാത്തിരിന്ന സമയത്താണ്‌ ഫ്യൂസായ തലയില്‍ വീണ്ടും നെറ്റ്‌വര്‍ക്ക്‌ കണക്‌ഷന്‍ ലഭിച്ചത്‌.

ദല്ലയുടെ ഓഫീസിന്റെ 10-12 സ്റ്റെപ്പുകള്‍ ചാടികടന്നത്‌ ഞാന്‍ അറിഞ്ഞില്ല. അകത്ത്‌ കടന്നതും മോട്ടോറൈസെഡ്‌ ഡിഷ്‌ തിരിയുന്ന പോലെ ഞാന്‍ ഒന്ന് കറങ്ങി. അധികം തിരക്കില്ലാത്ത ഒരു കൗണ്ടറിന്റെ ക്യൂവില്‍ സ്ഥാനം പിടിച്ചു. ഫയലിലെ ഫോട്ടോ എന്റെത്‌ തന്നെയാണെന്ന് മാത്രം സൂക്ഷിച്ച്‌ നോക്കിയ പോലിസുകാരന്‍ ഫയലില്‍ രണ്ട്‌ മൂന്നിടത്ത്‌ അഞ്ഞ്‌ കുത്തി. എന്നോട്‌ ടെസ്റ്റിന്‌ പോവാന്‍ പറഞ്ഞു. എനിക്ക്‌ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരില്ലാന്ന് അന്ന് ഞാനുറപ്പിച്ചു. എന്റെ അപേക്ഷ നീട്ടിയ സമയത്ത്‌, പോലിസുകാരന്‌ ഒരു ലൈവ്‌ ലൗ ലൈന്‍ കണക്‌ഷന്‍ കിട്ടിയത്‌കൊണ്ട്‌ മാത്രം ഞാന്‍ രക്ഷപ്പെട്ടു. അന്നാദ്യമായി മൊബൈല്‍ കണ്ടുപിടിച്ചവന്‌ ഞാന്‍ നന്ദി പറഞ്ഞു. ഒപ്പം അക്ജ്ഞാത സുന്ദരിക്കും.

തലയുയര്‍ത്തി പിടിച്ച്‌, നേരെ ഗ്രൗണ്ടിലേക്ക്‌, ടെസ്റ്റ്‌ നമ്പര്‍-1

ഊഴമനുസരിച്ച്‌ ഞാനും ഒരു കാറില്‍ കയറിയിരുന്നു. എന്റെ റബ്ബെ, പുതുപുത്തന്‍ കാറ്‌. ഞാന്‍ ഡ്രൈവിംഗ്‌ പഠിച്ചത്‌ മ്മടെ സുഹൃത്ത്‌ എംസിയുടെ 1987 മോഡല്‍ കാറില്‍, വണ്ടിയുടെ പേര്‌ പറയണമെങ്കില്‍ ഇനി ഞാന്‍ അതിന്റെ എഞ്ചിന്‍ അഴിച്ച്‌ നോക്കണം, അല്ലതെ ഒരിടത്തും അതിന്റെ പേരില്ല. ഇത്‌ സിഗ്നലില്ലാത്ത റോഡിലൂടെ, സിഗ്നല്‍ കണ്ടാല്‍ പിന്നെ മുപ്പര്‌ സ്റ്റാര്‍ട്ടാവില്ല, മുക്കിയും മൂളിയും ഒരു വിധം അടുത്തുള്ള മരുഭൂമിയിലെത്തിക്കും. പരന്ന് കിടക്കുന്ന മരുഭൂമിയില്‍ ഞാന്‍ എന്റെ ഇഷ്ടത്തിന്‌ ഇടതും വലതും മാറിമാറി തിരിച്ചും മറിച്ചും വണ്ടി ഓട്ടിപഠിച്ചു. ബ്രേക്കിടെണ്ട അവശ്യം വന്നില്ലെന്ന് മാത്രമല്ല, അത്യവശ്യത്തിന്‌ അതുപയോഗിക്കാന്‍ അങ്ങനെ ഒരു സാധനം ഈ വണ്ടിയിലില്ലെന്നും ഞനറിഞ്ഞത്‌, വണ്ടിക്ക്‌ സ്പീഡ്‌ പോരാന്ന് തോന്നിയ ഒരു സുന്ദരനിമിഷത്തിലാണ്‌. ശക്തി മുഴുവന്‍ സമാഹരിച്ച്‌ അക്സിലേറ്ററില്‍ കയറിനിന്ന് ഓടിച്ച്‌കൊണ്ടിരുന്ന സമയത്താണ്‌, 2 കിലോമിറ്ററപ്പുറത്ത്‌ ഒരു ഒട്ടകത്തിന്റെ തലകണ്ടോ എന്ന സംശയം എനിക്ക്‌ തോന്നിയതും, 2 കിലോമിറ്ററിനുള്ളില്‍ ബ്രേക്ക്‌ കിട്ടാന്‍ സാധ്യതയില്ലെന്ന ചിന്തവരുന്നതിന്‌ മുന്‍പെ ഒടിച്ചു ഇടത്തോട്ട്‌. 360 ഡിഗ്രിക്ക്‌ ഒരിത്തിരി ഡിഗ്രി കുറഞ്ഞത്‌കൊണ്ടാവും, മുക്കാല്‍ ഭാഗവും മണ്ണല്‍കൂനയില്‍ അഴ്‌ന്നിറങ്ങിയവനെ പുറത്തെടുക്കാന്‍ അന്നത്തെ ദിവസം മുഴുവന്‍ ചിലവഴിച്ചത്‌. ഒരാളെ തട്ടിയിട്ടാല്‍ ബന്ധുക്കളുടെ കൈയോ കാലോ പിടിച്ച്‌ എങ്ങിനെയെങ്കിലും രക്ഷപ്പെടാം, ഒട്ടകത്തെ തട്ടിയാല്‍, ഒന്നര ലക്ഷം റിയാലാണ്‌ മോനെ. എങ്ങാനും ഒട്ടകം മിസ്‌വേള്‍ഡാണെങ്കില്‍ പല ലക്ഷങ്ങള്‌കൊണ്ടും ലക്ഷ്യം കാണില്ല.

ജീവിതത്തില്‍ ആദ്യമായി, ഇത്രയും പുതിയോരു കറില്‍കയറിയ സന്തോഷത്തില്‍, ഞാന്‍ സീറ്റ്‌ബെല്‍റ്റിട്ടു, കണ്ണടി ശരിയാക്കി, ഡോറടച്ചു. വണ്ടി പതിയെ മുന്നോട്ട്‌ നിങ്ങി. എന്റെ സുരേഷ്‌ ഗോപി സ്റ്റൈലിലുള്ള അക്‌ഷന്‍ കണ്ടിട്ടാവണം, അടുത്തിരുന്ന പോലിസുകാരന്‍ എന്റെ ഫയലില്‍ വരച്ചു. തലവരയോളം വിലയുള്ള ഒരു വര. പഴയ ഓര്‍മ്മയില്‍ ഗീയറ്‌ പിടിച്ച്‌ വലിക്കുന്ന എന്റെ ദയനീയമായ അവസ്ഥകണ്ടാവണം, പോലിസുകാരന്‍ എന്നോട്‌ നിര്‍ത്താന്‍ പറഞ്ഞു. എന്റെ ഫയലും കൈയില്‍ തന്നു. പടച്ചോനെ ചതിക്കല്ലെ, എന്ന് മാത്രം പ്രാര്‍ത്ഥിച്ചു. എന്റെ കൈയിലിരിക്കുന്ന ഫയലിന്റെ ഭാവിയറിയാന്‍, അത്‌ പ്രവചിക്കുവാന്‍ കെല്‍പ്പുള്ള അറബിയെയും അന്വേഷിച്ച്‌ ഞാന്‍ നടന്നു. അലിഫെന്ന ഒരക്ഷരം മാത്രം. വഴിതെറ്റി നടക്കുന്ന എന്നെ മറ്റോരു പോലിസുകാരന്‍ വിളിച്ചു. എന്താണ്‌ ഇവിടെകിടന്ന് കറങ്ങുന്നതെന്ന് ചോദിച്ചു. മദ്രാസ്‌ പസ്പോര്‍ട്ടുമായി കോഴിക്കോട്ട്‌ വന്നിറങ്ങുന്ന ഒരാളെ കൗണ്ടറിലെ എമിഗ്രേഷന്‍ ഓഫീസര്‍ സൂക്ഷിച്ച്‌ നോക്കുന്ന സമയത്ത്‌, ആ യത്രക്കാരന്റെ ഭാവങ്ങളോടെ, ഞാന്‍ എന്റെ ഫയല്‍ അയളെ കാണിച്ചു. "കലാസ്‌, നാളെ ടെസ്റ്റ്‌ നമ്പര്‍ 2. ഞാന്‍ വിജയിച്ചിരിക്കുന്നു എന്ന വാര്‍ത്ത, നിങ്ങളെപോലെ എനിക്കും അദ്യം വിശ്വാസം വന്നില്ല, പിന്നെ 3-4 അറബികള്‍ക്ക്‌ മുന്നില്‍ എന്റെ ഫയല്‍ കാണിക്കുകയും എല്ലാവരും ഇത്‌ തന്നെ പറയുകയും ചെയ്തപ്പോള്‍ മാത്രമാണ്‌ ഞാനും വിശ്വസിച്ചത്‌.

നാളെ ടെസ്റ്റ്‌ നമ്പര്‍ - 2

Monday, 17 March 2008

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 1

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 1

സ്വന്തമായി ഒരു വണ്ടിവാങ്ങുവാന്‍ പങ്ങുണ്ടായിട്ടല്ല ഞാന്‍ സ്വന്തമായിട്ടോരു ലൈസന്‍സിന്‌ ശ്രമിച്ചത്‌. വാഹനം ഓടിക്കുന്നത്‌ പോയിട്ട്‌ അതില്‍ കയറുന്നത്‌ പോലും ഭയമാണ്‌. പക്ഷെ ജോലികിട്ടുവാന്‍ "റുഖ്‌സ" സഹായിക്കുമെന്ന തിരിച്ചറിവിലാണ്‌ ഞാന്‍ ആ സാഹസത്തിന്‌ തുനിഞ്ഞത്‌.

കമ്പനിയില്‍ നിന്നും ലെറ്റര്‍ സംഘടിപ്പിച്ച്‌, നാട്ടിലെ ലൈസന്‍സിന്റെ കോപ്പി എബസിയില്‍ നിന്നും ഇത്‌ ഡുഫ്ലിക്കേറ്റാണെന്ന് സാക്ഷ്യപ്പെടുത്തി, രക്തവും കഫവും മൂത്രവും പരിശോധിച്ച്‌, അതും ഡുഫ്ലിക്കേറ്റാണെന്ന് ഉറപ്പുവരുത്തി, സ്റ്റുഡിയോയില്‍ ചെന്ന്, റ്റൈയും കോട്ടുമിട്ട്‌ ഒരു ഫോട്ടോ എടുത്ത്‌, ഫോട്ടോ കാണുബോള്‍ എനിക്ക്‌ തന്നെ രോമാഞ്ചം വന്നു, ഞാന്‍ അത്രക്ക്‌ സുന്ദരനായി പോയി, എല്ലാം കൂടി ഒരു ഫയലില്‍ ചവിട്ടികൂട്ടി ഒരു സുപ്രഭാതത്തില്‍ സുബഹി നമസ്കരിച്ച ശേഷം ദല്ലയിലേക്ക്‌ പോയി.

പതിവ്‌ പോലെ, മ്മടെ കാക്കമാര്‍ "ലൈസന്‍സ്‌ ഞമ്മളെടുത്ത്‌ തരട്ടോ, ഇന്‍ഷുറന്‍സ്‌ ഞമ്മള്‍ ശരിയാക്കട്ടോ, ട്രന്‍സലെഷന്‍ ഇവിടെണ്ട്‌ ട്ടോ" എന്നീ ഡയലോഗുകളുമായി, കോഴികുഞ്ഞിനെ കണ്ട പരുന്തിനെപോലെ എനിക്ക്‌ ചുറ്റും വട്ടം കറങ്ങി. ടെസ്റ്റില്ലാതെ ഞമ്മള്‍ ശരിയാക്കിതരാട്ടോന്ന് പറഞ്ഞ നിണ്ടുമെലിഞ്ഞ കുഞ്ഞാപ്പുവിനോട്‌ എനിക്കിത്തിരി സ്നേഹം തോന്നി. ഞാന്‍ അവനെ നോക്കി ഒന്ന് ചിരിച്ചു. ഇനി എങ്ങാനും ടെസ്റ്റ്‌ പോട്ടിപോയാല്‍, ഇവനെ ശരണം, അഡ്വന്‍സായി ഒരു ചിരി അവനിരിക്കട്ടെ.

ചാടികയറി, ഓഫിസിനകത്ത്‌ ചെന്ന് ഞാന്‍ ചുറ്റും കണോടിച്ചു. വരുന്നവരോക്കെ, ചില്ലിട്ട കൂട്ടിരിക്കുന്ന ഒരാളുടെ അടുത്തേക്ക്‌ പോവുന്നത്‌ ഫോറം വാങ്ങാനാണെന്ന് ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍മ്മ വന്നപ്പോള്‍ ഞനും നടന്നു.

4 ഫോട്ടോ എടുത്ത്‌ കറുത്ത്‌ തടിച്ച ഫോറം വിതരണക്കാരനെയേല്‍പ്പിച്ചു. എന്നെയും എന്റെ ഫോട്ടോയും തിരിച്ചും മറിച്ചും നോക്കി, അവന്‍ പറഞ്ഞു. സവ്വി, സൂറ ജതീത്‌, ഒറ-അല്‍ അബിയത്‌. നീല ബഗ്രൗണ്ട്‌ ഫോട്ടോ ആയത്‌കൊണ്ടല്ല, മറിച്ച്‌, ഞാന്‍ കോട്ടും അതിന്‌ മുകളില്‍ ടൈയും കെട്ടിയത്‌ സഹിക്കവയ്യതെ അവന്‍ പറഞ്ഞ്‌ പോയതാണ്‌. എന്തായാലും കോബൗണ്ടിനകത്ത്‌ തന്നെയുള്ള ബംഗാളിയുടെ അടുത്ത്‌ ചെന്ന് ഫോട്ടോയെടുത്തു. സ്റ്റുഡിയോ കം ഫോട്ടോ കോപ്പി കം ലമിനേഷന്‍ എന്നിത്യാധി പലവക കാര്യങ്ങള്‍ ഒരു മുറിയില്‍ സെറ്റപ്പ്‌ ചെയ്ത പഹയന്‍ 4 ഫോട്ടോക്ക്‌ 30 റിയാല്‍ വാങ്ങി. ഫ്ലസില്ലാന്നുള്ളത്‌ പോട്ടെ, ബാഗ്രൗണ്ട്‌ കളര്‍ വെളുത്തിട്ടുണ്ട്‌, എന്റെ മുഖം കറുത്തിട്ടണെങ്കിലും, അത്‌ ക്യാമറയുടെ കുറ്റമല്ലെങ്കിലും.

തിരിച്ച്‌ വീണ്ടും ചില്ലിട്ട രൂപത്തിന്‌ മുന്നില്‍ വന്ന് ഞാന്‍ ഫോട്ടോ നീട്ടി. അയാള്‍ സംതൃപ്തനാണെന്ന് മുഖത്തെ ചിരിയില്‍നിന്നും എനിക്ക്‌ മനസിലായി. ഒരു ഫോറത്തില്‍ എന്റെ ഫോട്ടോയോട്ടിച്ച്‌, സീല്‍ ചെയ്ത്‌, സവ്വി ഫാസ്സ്‌, എന്ന് പറഞ്ഞത്‌ ഫാക്സയകനാല്ലെന്ന് മനസിലായി. മലയാളം മുഴുവന്‍ എഴുതാനറിയാത്ത എന്റെ കൈയിലാണ്‌ അറബിയില്‍ ഒരു മുഴുനീളന്‍ പേപ്പര്‍, ഫില്‍ ചെയ്യാനുള്ള ഫീലിങ്ങ്‌സില്‍ എന്റെ കൈകള്‍ വിറച്ചു. ഇനി ഇതെങ്ങാനും ടെസ്റ്റിനുള്ള പരീക്ഷയാണോ എന്ന് സംശയത്തില്‍ മറ്റോരു പരീക്ഷണത്തിന്‌ നില്‍ക്കാതെ, ആളോഴിഞ്ഞ കോണില്‍ ആരും കാണതെ, ഇതോന്ന് ഫില്‍അപ്പ്‌ ദ ബ്ലാങ്ക്സ്‌ എന്ന കടമ്പ കടക്കുവാന്‍, എന്നെ സഹായിക്കുവാന്‍ ഏതെങ്കിലും ഒരു അറബി വരുമെന്ന പ്രതീക്ഷയില്‍ ഞാനിരുന്നു.

ഫോറത്തില്‍ പിന്‍ ചെയ്ത്‌ എന്റെ ഫോട്ടോയുടെ സൗന്ദര്യമസ്വദിച്ച്‌കൊണ്ടിരുന്ന സമയത്താണ്‌ ഒരു ചോദ്യം.ഇതോന്ന് പൂരിപ്പിച്ച്‌ തര്യോ, തോട്ടടുത്ത്‌ സ്ഥനം പിടിച്ച ഒരാളുടെ സഹായഭ്യര്‍ഥന. എന്റെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ സഹായമായിട്ട്‌ ചോദിച്ചിരുന്നെങ്കില്‍ ഞാനിത്രേം വിഷമിക്കില്ല. 110-ല്‍ ഒരു ചിരി ചിരിച്ചിട്ട്‌ അറീല്ലട്ടോ ന്ന് ഒരു മറുപടി. ഒന്നും ചെയ്യാതിരിക്കുന്ന ഒരറബിയുടെ അടുത്ത്‌ചെന്ന് വലിച്ച്‌നീട്ടി ഒരു സലാം പറഞ്ഞു. കൂടെ കാര്യവും. അദ്ദേഹത്തിന്റെ കാരുണ്യത്തില്‍, അങ്ങനെ സംഗതി എകദേശം പൂര്‍ത്തിയാക്കി, മറ്റോരു മുറിയിലെത്തി. നിരനിരയായി രക്തകുപ്പികള്‍ കട്ടിലിനടിയില്‍ തൂങ്ങി കിടക്കുന്നു. ഞാനു കൊടുത്തു ഒരു കുപ്പി രക്തം. അവിടുന്നും കിട്ടി ഒരു കുത്ത്‌, മ്മടെ ഫോറത്തില്‍.

കണ്ണ്‌ പരിശോധനയാണടുത്തത്‌. അടുത്ത കാലത്തോന്നും ഞാന്‍ സ്വന്തമായി കണ്ണ്‌ പരിശോധിച്ചിട്ടില്ല, കഴ്ചക്കുറവില്ല, ഇനി എങ്ങാനും അത്‌ അധികമയാലോ എന്ന് കരുതി, മുരിങ്ങയിലയും മുരിങ്ങക്കോലും മെസ്സിലെ മെനുവില്‍നിന്നും ഒഴിവാക്കുകയാണ്‌ പതിവ്‌. ഞാന്‍ പരിശോധന മുറിക്ക്‌ പുറത്ത്‌ ഒന്ന് രണ്ട്‌ റൗണ്ടടിച്ചു. ഡോക്‌ടറുടെ കിടപ്പുവശം മനസിലാക്കി. ചാടികയറി ക്യൂവില്‍ നിന്നു. അകത്ത്‌ കടന്നതും ഒരു കസേരയിലിരുന്നു, ഡോക്ടര്‍ വടിയെടുത്ത്‌, അക്ഷരങ്ങളെ ചൂണ്ടികാണിക്കുന്നതിന്‌ മുന്‍പ്‌ ഞാന്‍ പറഞ്ഞു V. കുത്ത്‌ അവിടുന്നും കിട്ടി. 5-8 ആളുകളോട്‌ പഹയന്‍ ചോദിച്ചത്‌ ആകെ ഒരക്ഷരം. പിന്നെ എങ്ങനെ ഞാന്‍ തോല്‍ക്കും.

അപ്ലിക്കേഷന്‍ കൊടുക്കുന്നതിന്റെ പാതിവഴി വിജയിച്ചു.