Showing posts with label പ്രവാസ സ്വപ്നങ്ങള്‍. Show all posts
Showing posts with label പ്രവാസ സ്വപ്നങ്ങള്‍. Show all posts

Wednesday, 12 March 2008

പ്രവാസ സ്വപ്നങ്ങള്‍

"സാര്‍'
ഡോര്‍ തുറന്ന് പിടിച്ച്‌ ഡ്രൈവര്‍ എന്നെ തന്നെ തുറിച്ച്‌ നോക്കിയപ്പോഴാണ്‌ എനിക്ക്‌ പരിസര ബോധം വന്നത്‌. ഓഫിസിലെത്തിയിരിക്കുന്നു. എക്സിക്യൂട്ടിവ്‌ ബാഗും തൂക്കി ഞാന്‍ ഓഫിസിന്റെ പടികള്‍ കയറി.
"ഗുഡ്‌ മോര്‍ണിങ്‌ സാര്‍". റെസിപ്‌സനിലെ കിളിനാദങ്ങള്‍ ഒന്നിന്‌ മുകളില്‍ ഒന്നായി ഉയര്‍ന്ന് താണു. "സാര്‍ ക്ലയ്‌ന്‍സ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ കാത്തിരിക്കുകയാണ്‌. ഈ പ്രോജക്റ്റില്‍ അവര്‍ അത്രക്ക്‌ തൃപ്തരാണ്‌". എന്റെ നേരെ ഓടിവന്ന് മനേജര്‍ ലിഫ്റ്റിന്റെ ബട്ടണമര്‍ത്തി.

മീറ്റിങ്ങ്‌ കഴിഞ്ഞ്‌ തിരിച്ച്‌ ഞാനെന്റെ ക്യാബിനിലേക്ക്‌ കയറി. കുസ്യന്‍ ചെയറില്‍ ചാരിക്കിടക്കവെ ഞാന്‍ ഭൂതകാലത്തിലേക്ക്‌ നടക്കുകയായിരുന്നു.

14 വര്‍ഷത്തെ പ്രവാസജീവിതത്തോട്‌ സമരസപ്പെടുവാന്‍ കഴിയാതെ മനസ്സ്‌ മരവിച്ച ഒരു നിമിഷത്തില്‍, നട്ടില്‍ പോയാല്‍ എങ്ങനെ ജീവിക്കുമെന്ന സുഹൃത്തുകളുടെ ചോദ്യമവഗണിച്ച്‌ മാന്യമായ ജോലി രാജിവെച്ച്‌, നാട്ടിലേക്ക്‌ മടങ്ങിയതും, തോട്ടതിനും പിടിച്ചതിനും എന്റെ അഭിപ്രായമാരഞ്ഞിരുന്ന കുടുബാംഗങ്ങള്‍ക്ക്‌ ഞാന്‍ ഭാരമായതും, നല്ലപാതിയുടെ മുഖം കറുക്കുന്നതിന്‌ മുന്‍പ്‌ തന്നെ ഒരു സുഹൃത്തിന്റെ സഹായത്താല്‍ തുടങ്ങിയ എന്റെ പ്രസ്ഥാനം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു വാണിജ്യ സ്ഥാപനമായി വളര്‍ന്നതും ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. വിദേശ കാറും ബഗ്ലാവും പടുത്തുയര്‍ത്താന്‍ ഞാനൊഴുക്കിയ വിയര്‍പ്പിന്‌ കണക്കില്ല. മുഖം ചുളിച്ച്‌ നടന്ന സുഹൃത്തുകളും ബന്ധുകളും പതിയെ പതിയെ സഹായഭ്യര്‍ത്ഥനകളുമായെത്തി തുടങ്ങി.

വിജയം അധ്വാനിക്കുന്നവനും പരീക്ഷണത്തിന്‌ മുതിരുന്നവനുമാണെന്ന സത്യം എന്തെ പ്രവാസികളറിയാതെ പോയി. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്തവന്‍ വെട്ടിപ്പിടിക്കുന്ന സമ്രാജ്യങ്ങള്‍ കണ്ട്‌, രണ്ട്‌ മാസത്തെ ദാമ്പത്യ ജീവിതം രണ്ട്‌ വര്‍ഷത്തേക്ക്‌ വിശപ്പടക്കനുള്ള ഉപാധിയാക്കി, അടുത്ത ലീവ്‌ സ്വപ്നം കണ്ട്‌ ഇനിയും നിനക്കെത്ര നാള്‍ എന്ന് പലരോടും ചോദിച്ചിരുന്നു. ആരെയും കുറ്റപ്പെടുത്താതെ, സ്വയമുരുക്കിതീരുന്ന പ്രവാസ ജന്മങ്ങള്‍ക്ക്‌, മറുപടി, വര്‍ഷങ്ങളായി ചുണ്ടില്‍ മായാതെ സൂക്ഷിക്കുന്ന പുഞ്ചിരി മാത്രം.

ഓഫിസില്‍ നിന്നും തിരിച്ച്‌ വിട്ടിലേക്കുള്ള യാത്രയില്‍, എതിരെവരുന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ട്‌, എന്റെ വാഹനവുമായി കുട്ടിയിടിച്ചത്‌ മാത്രം ഓര്‍മ്മയുണ്ട്‌. ഡോര്‍ തുറന്ന് തെറിച്ച്‌ വിണൈടത്ത്‌ നിന്നും എഴുന്നേറ്റ്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച. വര്‍ഷങ്ങളോളം, എന്റെ നിഴലായി കൂടെ നടന്നവന്‍, ഡ്രൈവര്‍, നിശ്ചലമായി തകര്‍ന്ന് വണ്ടിയില്‍ കുടുങ്ങികിടക്കുന്നു. ഒരു പ്രവാസിക്ക്‌ ബോധക്ഷയമുണ്ടാവില്ലെന്ന കംമ്പനി ക്യാബിലെ പല്ലവി അവര്‍ത്തിക്കുകയാണോ?.

എത്രനേരം അങ്ങനെകിടന്നു എന്നറിയില്ല. ശരീരത്തില്‍ വെള്ളംവീണത്തോടെയാണ്‌ ഞാന്‍ വിണ്ടുമുണര്‍ന്നത്‌. ഞാന്‍ നഗ്നനാണെന്ന തിരിച്ചറിവില്‍ ജാള്യതയോടെ ചുറ്റും നോക്കി. ചിലരെയോക്കെ പരിചയമുണ്ട്‌. അവരെന്തിനാ എന്നെ കുളിപ്പിക്കുന്നത്‌. തടയണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക്‌ ശക്തിയില്ല. വെള്ള വസ്ത്രങ്ങള്‍ പുതപ്പിച്ച്‌ അവരെന്നെ എങ്ങോട്ട്‌ കൊണ്ട്‌ പോവുന്നു.

എന്നെയും ചുമന്ന് ഒരു കൊച്ചു വാഹനം നിങ്ങവെ, അടുത്തിരിക്കുന്ന എന്റെ സുഹൃത്തുകളുടെ സംഭാഷണത്തിലൂടെ ഞാന്‍ എന്നെ അറിയുകയായിരുന്നു.

"ബീരാന്‍ ഇന്നലെ നാട്ടില്‍ പോവാനിരുന്നതാ, പാവം എത്രകാലമായി എല്ലാം വലിച്ചെറിഞ്ഞ്‌, നാട്ടില്‍ സ്വസ്ഥമായി കഴിയണമെന്ന് അവന്‍ അഗ്രഹിച്ചിരുന്നു. വിധി. എക്സിറ്റ്‌ അടിച്ച്‌ വാങ്ങി, സുഹൃത്തുകളോട്‌ യാത്ര പറയാന്‍ പോയതാ, വൈക്കുന്നേരമാണ്‌ ഞാന്‍ അറിയുന്നത്‌. അവന്‍ യാത്ര ചെയ്ത ടാക്സി മറ്റോരു കാറുമായി കുട്ടിയിടിച്ചു. സംഭവ സ്ഥലത്ത്‌ വെച്ച്‌ തന്നെ ബീരാന്‍ മരിച്ചു. ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.രാവിലെ കംമ്പനിയില്‍ നിന്നും വിളിച്ചിരുന്നു. മയ്യത്ത്‌ എന്ത്‌ചെയ്യണമെന്നറിയാന്‍, അവന്റെ വിട്ടുകാര്‍ പറഞ്ഞത്‌, മയ്യത്ത്‌ ഇവിടെ തന്നെ മറവ്വ്‌ ചെയ്താല്‍ മതിയെന്നാണ്‌. നാട്ടിലേക്ക്‌ കൊണ്ട്‌പോവുന്നതിന്റെ ചിലവുകള്‍ കംമ്പനി പണമായിട്ട്‌ അവര്‍ക്ക്‌ നല്‍ക്കാമെന്ന് പറഞ്ഞു. അവനോ പോയി, ആ കുടുംബമെങ്കിലും രക്ഷപ്പെടട്ടെ."

ബാക്കിയോന്നും ഞാന്‍ കേള്‍ക്കുന്നില്ല. സ്വസ്ഥമായി നാട്ടില്‍ കഴിയുവാന്‍ അഗ്രഹിച്ചിരുന്ന, പുഴയും കടലും, കുന്നും മലയും ഇഴച്ചേര്‍ന്ന് കിടക്കുന്ന, എന്റെ നാട്ടില്‍ ജീവിക്കാനുള്ള അവകാശം, ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും പേരില്‍ ബലികഴിച്ചിട്ടും, എന്റെ അത്മാവെങ്കിലും ആ മണ്ണിലലിഞ്ഞോട്ടെ, എന്നെ ഈ മരുഭൂമിയില്‍ തനിച്ചാക്കരുതെ എന്നുറക്കെ കരഞ്ഞെങ്കിലും....

അതിന്‌ മുന്‍പ്‌ തന്നെ ആറടി മണ്ണില്‍ എന്നെ തനിച്ചാക്കി അവര്‍ യാത്ര തുടര്‍ന്നിരുന്നു.

"വേഗം വാ, ഇന്നെനിക്ക്‌ നൈറ്റ്‌ ഷിഫ്റ്റാണ്‌. നേരം വൈകിയാല്‍ ഒരു ദിവസത്തെ ശമ്പളം കട്ടാക്കും.".