Showing posts with label വിരഹം. Show all posts
Showing posts with label വിരഹം. Show all posts

Wednesday, 29 October 2008

ഗൾഫ്‌ ഭാര്യമാർ ഹാപ്പിയാണ്‌

(പ്രിയപ്പെട്ട വായനക്കാരെ, നാട്ടുകരെ, കൂട്ടുകാരെ, ഈ പോസ്റ്റ്‌ അവിചാരിതമായി ബീരാന്റെ കാലിൽ തടഞ്ഞ ഒരു മുള്ളെടുത്ത്‌ കളയുവാൻ മാത്രമാണ്‌, ഈ പോസ്റ്റിനുള്ള മറുപടി അല്ലെ അല്ല. ഗൾഫ്‌ ഭാര്യമാർക്ക്‌ ഇനി മുതൽ ഒരു സങ്കടവും ഇല്ലെ ഇല്ല. - ഗൾഫ്‌ ഭാര്യമാർ ഹാപ്പിയാണ്‌)

ഹൈദ്രു തന്റെ കഥ തുടരാൻ വേണ്ടി, ഇത്തിരി ശ്വാസം ഉള്ളിലേക്ക്‌ അഞ്ഞ്‌ വലിച്ചപ്പോൾ, റൂമിൽ ബാക്കിയായ കർബൺ എന്റെ ശ്വസകോശങ്ങളെ ഞെരിച്ചു.

പെട്ടെന്നാണ്‌, എന്നെ ഇക്കിളിപെടുത്തികൊണ്ട്‌ എന്റെ മൊബൈൽ ശബ്ദിച്ചത്‌.

"ഹൈദ്രു, ഒരു മിനുട്ട്‌, ബാക്കി പറയല്ലെ" എന്ന് പറഞ്ഞ്‌ ഞാൻ ഫോണെടുത്തു.

"ഹലോ" അത്‌ വരെ കൊംമ്പ്ലാൻ ബോയിയെ പോലെ നടന്നിരുന്നു ഞാൻ കമന്റില്ലാത്തെ പോസ്റ്റ്‌ പോലെയായി.

അങ്ങെ തലയ്കൽ, എന്റെ ഭാര്യയുടെ മധുരം കിനിയുന്ന വാക്കുകൾ, അതിലെ പഞ്ചസാരയുടെ അളവ്‌ കൂടുന്നത്‌ കേട്ടപ്പോൾ തന്നെ സംഗതി മനസിലായി, മണിയടി.

"കുട്ടികൾ സ്കൂളിൽ പോയോ? അവരെ നമ്മുക്ക്‌ എഞ്ചിനിയറും, ഡോകടറുമാക്കണ്ടേ?"

"അവരൊക്കെ പോയി, പിന്നെ മെഡിസിന്‌ അഡ്‌മിഷന്‌ 40 തെ യുള്ളൂ. എഞ്ചിനിയറിങ്ങിന്‌ 35 മതി"

കൊണ്ടോട്ടി മാർക്കറ്റീന്ന് മത്തിക്ക്‌ വില പറയുന്ന ലാഘവത്തോടെ എന്റെ ഭാര്യ മാർക്കറ്റ്‌ നിലവാരം സൂചിപ്പിച്ചു.

"അല്ല, ഞാൻ 10-15 കൊല്ലമായല്ലോ ഇവിടെ, എന്റെ സമ്പാദ്യം മുഴുവൻ ഞാൻ നിനക്ക്‌ അയച്ച്‌ തരികയാണല്ലോ, നിന്റെ കൈയിൽ ഇപ്പോ എത്രയുണ്ടാവും?" എന്റെ നിശ്കളങ്കമായ ചോദ്യം.

"നിങ്ങൾ അയച്ച്‌ തരുന്നതിന്റെ കണക്കൊന്നും ഞാൻ പറയുന്നില്ല. ഒരു പുതിയ മാല വാങ്ങണം എന്ന് കരുതിയിട്ട്‌ മാസം രണ്ടായി, ഹൈദ്രുന്റെ പെണ്ണ്‌ പുതിയ ഒരു മാല വാങ്ങിയിട്ടുണ്ട്‌, എന്താ ഓളെ ഗെറ്റപ്പ്‌"

"ഇപ്പോ എന്റെ കൈയിൽ പൈസ ഇല്ലാന്ന് നിനക്കറിയില്ലെ, ഇത്തിരി ക്ഷമിക്ക്‌"

"എന്റെ കഷ്ടപ്പാട്‌ നിങ്ങൾക്കറിയിലല്ലോ, നിങ്ങൾക്ക്‌ എ.സി. റൂമിലിരുന്ന് സുഖിച്ചാൽ മതി" അവൾ മുക്ക്‌ പിഴിയുന്ന ശബ്ദം 5.1 DD ഇഫെക്റ്റിൽ ഞാൻ കേട്ടു.

ഇവൾ കരഞ്ഞാൽ ഇന്റക്സ്‌ ഇടിഞ്ഞ്‌ 120 കോടി ജനത്തിന്റെ തലയിൽ വീഴും. അത്‌ ഒഴിവാക്കാൻ പരമാവധി ഞാൻ ശ്രമിച്ചു.

"നിങ്ങൾക്കറിയോ, കുട്ടികളൊന്നും ഞാൻ പറഞ്ഞ കേൾക്കാതായി, ഇങ്ങളെ പുന്നാര മോന്‌ ഇനി കോളെജിൽ പോണില്ലാന്നാ പറഞ്ഞത്‌. അവന്‌ ബൈക്ക്‌ വേണം എന്ന് പറഞ്ഞു. പോക്കറ്റ്‌ മണി ഞാൻ കൊടുക്കാറുണ്ട്‌, ഞമ്മൾ ഗൾഫ്‌കാരല്ലെ, പത്രാസ്‌ കൊറക്കാൻ പറ്റ്വോ?. കുട്ടികൾക്ക്‌ ജലദോഷം വന്നാൽ ബേബിയിലോ, മിംസിലോ അല്ലെങ്കിൽ അൽശിഫയിലോ കാണിക്കണം. ഒരു ദിവസത്തെ മെനക്കെടും ഇത്തിരി പൈസയും പോയാലെന്ത്‌, ഞമ്മൾ ഗൾഫുകാരന്റെ ഭാര്യയല്ലെ"

അപ്പോ എന്റെ അടുത്ത വർഷത്തെ ഇൻഡെക്സും, ഇന്ത്യയുടെ റോക്കറ്റ്‌പോലെ താഴോട്ട്‌, ഇനി വന്നാൽ നിലത്ത്‌ മുട്ടും എന്ന ഘട്ടത്തിൽ നിന്നു.

"അല്ല ഞാൻ നിർത്തി പോന്നാലോ അലോചിക്കുകയാണ്‌" വർഷങ്ങളായുള്ള എന്റെ ആഗ്രഹം, ഞാനറിയതെ പുറത്ത്‌ വന്നു.

"ഇങ്ങള്‌ എന്താ ഇത്‌ വരെ സമ്പാദിച്ചത്‌, അല്ല ഞാൻ ചോദിക്കട്ടെ, ഇങ്ങൾക്ക്‌ അവിടുന്ന് കിട്ടുന്നത്‌ റിയാൽ തന്നെയല്ലെ, അല്ലാതെ ആട്ടിൻകാട്ടമല്ലല്ലോ. റഫീഖ്‌ വന്നിട്ട്‌ ഒരു കൊട്ടാരം പണിതു. അവൻ പോയിട്ട്‌ 2 കൊല്ലം മുഴുവനായിട്ടില്ല"

"അല്ല, നീ എന്തെ കത്തെഴുതാഞ്ഞത്‌?"

"അതിന്‌ എനിക്ക്‌ സമയം കിട്ടിയില്ല. 5-8 സിരിയലും, റിയാലിറ്റി ഷോയും കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ തന്നെ സമയമില്ല"

"വെക്കെടി വെടി എന്റെ നെഞ്ചിലെക്ക്‌" എന്ന് പറയാൻ വന്നതാ, പക്ഷെ ചോദ്യം ഇങ്ങനെയായി,

"അല്ല, നിന്റെ തോക്ക്‌ കൈയിലുണ്ടോ?"

"ഓ, അതോക്കെ തുരുമ്പ്‌ പിടിച്ചു. ലൈസൻസ്‌ കാലാവധിയും തീർന്നു, അതിനും നിങ്ങൾ ഈ മാസം തന്നെ പൈസ അയച്ച്‌ തരിക. ഒരു പുതിയ തോക്ക്‌ വാങ്ങണം"

----------------------
CDS നടത്തിയ പഠനമനുസരിച്ച്‌, 60% ഭാര്യമാരും ഭർത്താവ്‌ എത്രയും പെട്ടെന്ന് ഗൾഫ്‌ നിർത്തി തിരിച്ച്‌ വരണം എന്ന അഭിപ്രായകാരും 40% സാമ്പത്തിക പ്രയാസം കാരണം 2-3 വർഷം കാത്തിരിക്കാൻ കഴിയുന്നവരുമാണ്‌.

ഗൾഫ്‌ ഭാര്യമാരൊട്‌ (ഇതും നീലയാണ്‌, ...ന്റെ, ... ന്റെ പ്രതീകമാണ്‌) മറ്റോരു ചോദ്യം കൂടി ചോദിച്ചു.

നിങ്ങളുടെ മകളെ നിങ്ങൾ ഗൾഫുകാരന്‌ വിവാഹം ചെയ്ത്‌ കൊടുക്കുമോ?.

ഞെട്ടണ്ട. സത്യമാണ്‌, അതെ.

86% ഇൻഡെക്സ്‌ താങ്ങൂന്ന ഭാര്യമാരും പറഞ്ഞത്‌ അവർക്ക്‌ ഗൾഫ്‌ മരുമോൻ വേണ്ട എന്നാണ്‌. (കാരണം, ഒരു പെണ്ണിനറിയാം, വിരഹത്തിന്റെ വേദനയും, ഭവിഷ്യത്തും)

എകാന്തതയുടെ ഫലമായുണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങളും, പരിണിത ഫലങ്ങളും അനുഭവിക്കുന്നത്‌ കൂടുതലും ഗൾഫ്‌ ഭാര്യമാർ തന്നെയാണ്‌. പ്രവാസിയുടെ നട്ടെല്ല് പണയപ്പെടുത്തുന്നതിലും അവൾക്ക്‌ കാര്യമായ പങ്കുണ്ട്‌.

CDS - SOCIO-ECONOMIC AND DEMOGRAPHIC CONSEQUENCES OF MIGRATION IN KERALA - K. C. Zachariah, E. T. Mathew, S. Irudaya Rajan, Working Paper No. 303


95%പ്രവാസികളും നാട്ടിലെത്തിയാൽ ഇപ്പോഴുള്ള കുടുംബത്തിന്റെ ചിലവ്‌ താങ്ങുവാനും, ഇത്‌ പോലെ ജീവിക്കുവാനും കഴിയില്ലെന്ന് സമ്മതിക്കുന്നു. - (പഠനം പ്രവാസി ബന്ധു)

അപ്പോ, കാണാം, എഴുതണം എന്ന് കരുതിയതല്ല, ബീരാൻ പൊട്ടകിണറ്റിലെ തവളയല്ല. ഇത്‌ എന്റെ വിഷയമാണ്‌. അത്‌ വിശദമായി ഞാൻ തന്നെ പറയും. പരിഹാര ക്രിയകളടക്കം.

ഹവൂ, (ഒരു ദീർഘ നിശ്വാസം) പറയാൻ പറ്റാത്തിടത്ത്‌ ഉറുമ്പ്‌ കടിച്ചിട്ട്‌, അത്‌ ചോറിയാൻ പറ്റാത്ത ഒരു അവസ്ഥയിലാ ബീരാൻ.