Showing posts with label Safiya. Show all posts
Showing posts with label Safiya. Show all posts

Sunday, 19 August 2007

സഫിയ

ബസ്സിനുള്ളിലേക്ക്‌ കടന്ന് വന്ന് എന്നെ തൊട്ട്‌ തലോടുന്ന കോടമഞ്ഞിന്റെ സുഖമുള്ള കുളിരില്‍ ഞാന്‍ അലിഞ്ഞില്ലാതാവുന്ന പോലെ. ഇത്രയും സമയം എനിക്ക്‌ പിടിതരാതെ എന്നെ നയിച്ച മനസ്സിനും അല്‍പ്പം അശ്വാസം കിട്ടികാണണം. അത്‌കൊണ്ടാവാം കണ്ണുകള്‍ പുറത്തേക്ക്‌ പോയത്‌. ഒന്‍പതാം വളവും കഴിഞ്ഞ്‌ ബസ്സ്‌ ഇരമ്പലോടെ അരിച്ച്‌ നിങ്ങുന്നു. ഞാന്‍ തഴോട്ട്‌ നോക്കി, അവ്യക്തമായെങ്കിലും തഴെ വളഞ്ഞ്‌ പുളഞ്ഞൊഴുക്കുന്ന റോഡിലൂടെ ചുരം കയറിവരുന്ന വാഹനങ്ങളുടെ നീണ്ട നിര കണാം. പതിനാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും ഞാന്‍ ഈ ചുരം കയറുന്നു. എന്റെ ശരിരത്തെ തണുപ്പിക്കുവാന്‍ നിനക്ക്‌ കഴിയുമെങ്കിലും എന്റെ മനസ്സിനെ തണുപ്പിക്കുവാന്‍ നിനക്കാവില്ലെന്ന് ഞാന്‍ കോടമഞ്ഞിനെ വെല്ലുവിളിച്ചത്‌ മനസ്സിലായത്‌കൊണ്ടാവാം, നൂല്‌ പോലെ മഴയും പെയ്തു തുടങ്ങി.

നീണ്ട പതിനാല്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ഞാന്‍ വീണ്ടും സഫിയയെ കാണാന്‍ പോവുന്നു. ഒരിക്കല്‍ എന്റെത്‌ മാത്രമായിരുന്ന സഫിയ. കാപ്പിതോട്ടങ്ങളിലൂടെ എന്റെ കൈപിടിച്ച്‌ മഞ്ഞും മഴയും സഹിച്ച്‌ രാവും പകലും നടന്നവള്‍. കൗമാരത്തിന്റെ ചപലതകള്‍ അതിര്‍ വരമ്പ് ഭേതിക്കാതെ എന്റെ നെഞ്ചിലെ ചൂടേറ്റ് വാങ്ങിയവള്‍. ദൂരെനിന്നുള്ള എന്റെ ഒരു നോട്ടത്തില്‍പോലും സയുജ്യമടഞ്ഞവള്‍. വാക്കുകളില്ലാതെ കണ്ണില്‍ നോക്കി കഥപറഞ്ഞവള്‍. ബസ്സിനക്കത്തെ ഇരമ്പലിനൊപ്പം മനസ്സും തിളച്ച്‌ മറിയുകയായിരുന്നു.

വൈത്തിരിയില്‍ ബസ്സിറങ്ങി അവളുടെ വിട്ടിലേക്ക്‌ നടക്കവെ, ചെമ്മണ്‍ പാതക്ക്‌ പകരം ടാറിട്ട റോഡും, പുഴക്ക്‌ കുറുകെ നിര്‍മ്മിച്ച പാലവുമല്ലാതെ മറ്റ്‌ യാതോരു പ്രത്യേകതയും ഈ വീഥികള്‍ക്കില്ല. മാറ്റങ്ങളില്ലാത്ത കാല പ്രവാഹം. റോഡിനിരുവശവും പൂത്ത്‌ നില്‍ക്കുന്ന കാപ്പിചെടികള്‍ താളത്തില്‍ തലയാട്ടുന്നുവോ. ദൂരെനിന്നെങ്ങോ മലനിരകളെ തൊട്ട്‌ തലോടി കടന്ന് വന്ന മന്ദമാരുതന്‍ സുഗന്ധം വീശി കടന്ന്പോയി. ശരീരത്തിന്‌ വിശപ്പ്‌ അനുഭവപ്പെട്ടിട്ടും മനസ്സ്‌ നിയന്ത്രിച്ചു. സഫിയ വീട്ടിലുണ്ടാകുമോ എന്ന ഉല്‍കണ്ഠയാണ്‌ മനസ്സ്‌ നിറയെ. അവളെ കാണുബോള്‍ എന്ത്‌ പറയണം, എങ്ങിനെ തുടങ്ങണം. അങ്ങനെ നൂറ്‌ നൂറ്‌ ചോദ്യങ്ങള്‍ മനസ്സില്‍ കിടന്ന് പുളയുകയാണ്‌. ദൂരം കാലിന്‌ ഭാരമല്ലാത്ത അവസ്ഥ.

ചിന്തകള്‍മുറിഞ്ഞത്‌ അവളുടെ വീട്‌ കണ്ടപ്പോഴാണ്‌. കാലപഴക്കത്തിന്‌ ഒരുമാറ്റവും വരുത്താന്‍ കഴിയാത്ത ആ വീട്‌. ഈ വീടിന്റെ ഒരോ ചുമരുകള്‍ക്കും ഞങ്ങളെ അറിയാം. കളിയും ചിരിയും, ഇണക്കവും പിണക്കവും നിറഞ്ഞ രാപകലുകള്‍. എത്ര പറഞ്ഞാലും തിരാത്ത വിശേഷങ്ങള്‍, യാത്ര പറയുബോള്‍ ഇറ്റ്‌ വീഴുന്ന കണ്ണുനീര്‍ ഞാന്‍ കാണതെ തുടച്ചെടുക്കാന്‍ ശ്രമിച്ച്‌കൊണ്ട്‌ കൈവീശി പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന അവളുടെ മുഖത്ത്‌ മിന്നിമറയുന്ന വിവിധ വികാരങ്ങള്‍. സ്വയം മറന്ന് ഞാന്‍ എത്രനേരം അങ്ങനെ റോഡില്‍ നിന്നു എന്നറിയില്ല. എന്റെ തൊട്ടാടുത്ത്‌ ഒരു വാഹാനം വന്ന് ഇരമ്പലോടെ നിന്നപ്പോഴാണ്‌ സ്ഥലകാല ബോധം തിരിച്ച്‌ കിട്ടിയത്‌. എന്നെ പ്രാകികൊണ്ടാകണം ആ വാഹനം കടന്ന് പോയി. അത്‌ കണ്ണില്‍നിന്നും മായുന്ന വരെ ഞാന്‍ നോക്കി നിന്നു. പിന്നെ തിരിഞ്ഞ്‌ വീട്ടിലേക്ക്‌ നടക്കുവാന്‍ തുടങ്ങവെ ഉമ്മറപടിയില്‍ പിടിച്ച്‌ പാതിമറഞ്ഞ്‌, എന്നെതന്നെ നോക്കി നില്‍ക്കുന്ന സഫിയയെ ഞാന്‍ കണ്ടു. നിര്‍നിന്മേഷയായി എന്നെ തന്നെ നോക്കി നില്‍ക്കുന്ന അവളുടെ കണ്ണില്‍ നിന്നും അടര്‍ന്ന് വീഴുന്ന പവിഴമുത്തുകള്‍ തഴെ വീണുടയാതെ സ്വന്തം നെഞ്ചിലേറ്റ്‌ വാങ്ങി നില്‍ക്കുന്ന സഫിയ. എന്നും അവള്‍ അങ്ങനെയായിരുന്നു, സ്വയം എരിഞ്ഞ്‌ മറ്റുള്ളവര്‍ക്ക്‌ പ്രഭ ചൊരിഞ്ഞവള്‍‍. പടവുകള്‍ കയറവെ ഞാന്‍ എല്ലാം മറന്നിരുന്നു, എനിക്ക്‌ ഭാരമില്ലെന്ന തോന്നല്‍, ഞാന്‍ വായുവില്‍ ഒഴുകി നടക്കുന്ന പോലെ, കാലുകള്‍ നിലത്ത്‌ തൊടുന്നില്ലെന്ന തോന്നല്‍, വിങ്ങികരയുന്ന അവളുടെ ചുണ്ടില്‍നിന്നുതിര്‍ന്ന രണ്ട്‌ വാക്കുകള്‍ മാത്രം ഞാന്‍ കേട്ടു. "ബാപ്പു, എന്റെ ബാപ്പു". ചുഴലിക്കാറ്റിലകപ്പെട്ടവനെപോലെ ഞാന്‍ നിന്നു, എന്റെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. തളര്‍ന്ന് വീഴുമെന്ന ഘട്ടത്തില്‍ ഞാന്‍ ഒരു താങ്ങിനുവേണ്ടി ആത്മാര്‍ത്ഥമായി അഗ്രഹിച്ചു പോയി. കൈകാലുകള്‍ വായുവില്‍ വീശി ഞാന്‍ ഒരാശ്രയത്തിന്‌ ശ്രമിച്ചു. പിന്നെ എടുത്തെറിയപ്പെട്ടവനെ പോലെ വീടിന്റെ അരമതിലില്‍ ചെന്ന് വീഴുകയായിരുന്നു.