Showing posts with label അക്കാഡമി. Show all posts
Showing posts with label അക്കാഡമി. Show all posts

Monday, 9 June 2008

അനോനിക്കെന്താ കൊമ്പുണ്ടോ?.

അനോനിക്കെന്താ കൊമ്പുണ്ടോ?.

ബൂലോകത്‌ പേര്‌വെളിപ്പെടുത്തുവാന്‍ അഗ്രഹിക്കാത്തവരെ മുക്കാലില്‍കെട്ടിയടിക്കണമെന്നും, ഓര്‍ക്കുട്ടില്‍നിന്നും അവരുടെ പ്രാഫൈല്‍ നിക്കണമെന്നും, അവരുമായുള്ള സൗഹൃദം അവസാനിപ്പിച്ച്‌ പടിയടച്ച്‌ പിണ്ഡം വെക്കണമെന്നും, അവശ്യമെങ്കില്‍ അനോനികളുടെ ആത്മാവിനെ പിടിച്ച്‌ പാലമരത്തില്‍ ആണിയടിച്ച്‌ ബ്ലോഗിലിടുമെന്നും പറയുന്നത്‌ കേട്ടു.

എന്നും അനോനികള്‍ ബൂലോകത്ത്‌ ഒരു വിവാദ വിഷയമാണ്‌. ഈ അനോനികളുടെ ഒരു കാര്യം.

എന്ത്‌കൊണ്ട്‌ ഞാന്‍ അനോനിയായി, എന്ത്‌കൊണ്ട്‌ അങ്ങനെതന്നെ തുടരുന്നു എന്നിത്യാധി കാര്യങ്ങളും കാരണങ്ങളും ബൂലോകത്ത്‌ നിരന്ന് പരന്ന് കിടക്കുകയാണ്‌.

പുതിയതായി ബീരാന്‍ കുട്ടിക്ക്‌ പറയാനുള്ളത്‌, ഈയിടെ ബ്ലോഗ്‌ അക്കാഡമിയുമായി ചേര്‍ന്ന് പേരുള്ളവരുടെ ഒരു ഗ്രൂപ്പ്‌ രുപീകരിക്കുമെന്ന് പറയുന്നത്‌ കേട്ടു, കേട്ട പാതി, ഞാന്‍ കീബോര്‍ഡെടുത്ത്‌ ബ്ലോഗില്‍ കയറി.

ഗ്രൂപ്പുകള്‍ രുപീകരിക്കുന്നത്‌ വളരെ നല്ല കാര്യമാണ്‌. പക്ഷെ, അത്‌ അക്കാഡമിയുടെ ചുരും ചൂടും തട്ടിയാവരുത്‌. അങ്ങനെ വന്നാല്‍ അദ്യം ബീരാന്‍ ഒരു ഗ്രൂപ്പുണ്ടാക്കും. അനോനി ഗ്രൂപ്പ്‌. തൂലിക നാമത്തില്‍ അറിയപ്പെടാന്‍ തന്നെയാണ്‌, മഹാ, ബഹു ഭൂരിപക്ഷം ബ്ലോഗര്‍മാരുടെയും അഗ്രഹം. അതിന്‌ വിലങ്ങ്‌ തടിയായി ഏത്‌ പ്രസ്ഥാനം വന്നാലും എതിര്‍ക്കപ്പെടണം. എതിര്‍ക്കും.

സ്വകാര്യമായിട്ട്‌ ഒരു കാര്യം പറയട്ടെ, സ്വന്തം പേരിലെഴുതുന്നവര്‍, ചില പ്രശ്നങ്ങളില്‍, സന്ദര്‍ഭങ്ങളില്‍, കാവിയുടുത്ത്‌ കാശിക്ക്‌ പോവാറുണ്ട്‌. ഒന്ന് രണ്ട്‌ വര്‍ഷമായി ബീരാന്‍ ഇവിടെ തന്നെ ചുറ്റിതിരിയുന്നു. തൂലിക നാമത്തില്‍ എഴുതുന്ന പലരും പല പ്രശ്നത്തിലും അസാമന്യ തന്റേടത്തോടെ, ധീരതയോടെ പ്രതികരിക്കുകയും, അഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്‌. അപ്പോയോക്കെ, ഉറക്കം നടിച്ച്‌ കിടന്നുറങ്ങിയവര്‍ ഇപ്പോ ഗ്രൂപ്പുണ്ടാക്കുന്നു എന്ന വാര്‍ത്ത മുളയിലെ നുള്ളികളയുവാനുള്ള എന്റെ ഏളിയ ശ്രമമാണിത്‌.

ഒരു മുന്‍കൂര്‍ ജാമ്യപേക്ഷ.
ഇത്‌ ആരെയും വേദനിപ്പിക്കുവാനല്ല. വേദന തോന്നുന്ന ഒരു കാര്യത്തിലേക്കുള്ള വഴിയടക്കുവാന്‍ മാത്രം.

അനോനികളുടെ നിരന്തര ശല്യം കാരണം കഷ്ടപ്പെടുന്നവര്‍ ഇങ്ങനെ ചിന്തിച്ചതില്‍ തെറ്റില്ല. പക്ഷെ, അത്‌ ഭൂരിപക്ഷം വരുന്ന നിഷ്കളങ്കരും, നിരപരാധികളും, നിരാശ്രയരും, നിരാലംഭരും.... അങ്ങനെ എല്ലാമായ എന്നെപോലെയുള്ളവരെ തൂക്കികൊല്ലുന്നതിന്‌ സമമല്ലെ.

എഴുതുകാരന്‍ സാമുഹ്യ പ്രതിപദ്ധതയുള്ളവരാണെന്നാണ്‌ എന്റെ ഗുരുകന്മാര്‍ പഠിപ്പിച്ചത്‌. സമൂഹത്തിലെ തിന്മകളെ തുറന്ന് കാണിക്കുന്നവര്‍. ജീവിക്കുന്ന ചുറ്റുപാടില്‍തന്നെ ശുദ്ധികലശം തൂടങ്ങുന്നവരെ പേരിലെന്ന പേരില്‍ നിരുത്സാഹപ്പെടുത്തിയാല്‍, സത്യം ഒരിക്കലും പുറത്ത്‌പറയാന്‍ കഴിയാതെ പോവും. ബ്ലോഗിലൂടെ പെരുമഴകാലം സൃഷ്ടിക്കുന്ന പലരും, അഭിപ്രായം തുറന്ന്‌പറയുവാന്‍ കഴിയാതെ വിഷമിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.

എഴുത്തുകാര്‍ക്കും സംസ്‌കാരിക്‌ പ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താനാകും. നിര്‍ണായക ഘട്ടത്തിലൊക്കെ സടകുടന്ന് മുഖം നോക്കാതെ സത്യത്തിനൊപ്പം നില്‍ക്കാനുള്ള ആര്‍ജവം കാണിക്കണം - സാറാ ജോസഫ്‌.

എഴുത്തുകാര്‍ അധികാര സീമക്കു പുറത്ത്‌ നില്‍ക്കണം. ഇടതും വലതും പക്ഷം വേണ്ട. തിന്മക്കും അസമത്വത്തിനും അനീതിക്കുമെതിരെയുള്ള കലാപമാണ്‌ എഴുത്തുകാരുടെ ജീവിതം. അവരെന്നും പ്രതിപക്ഷത്താണ്‌, സത്യം വിളിച്ച്‌പറയാന്‍ ബാധ്യസ്ഥരായവര്‍ - പെരുമ്പടവം ശ്രീധരന്‍.

എഴുത്തുകാരന്‍ ഇപ്പോള്‍ സംസ്കാരിക ലാഭത്തിന്റെ ഉപഭോക്താവാണ്‌ അയാള്‍ സ്വതന്ത്രമായി ഒന്നും പറയുന്നില്ല. നിലനില്‍പിനും പ്രശസ്തിക്കും അടിമപ്പെട്ട്‌ ചില കാര്യങ്ങള്‍ പറയുക മാത്രമാണ്‌ ചെയ്യുന്നത്‌.

സത്യസന്ധമായ ഏതു രചനയും ജീര്‍ണ സമൂഹത്തിനെതിരെയുള്ള വിയോജനക്കുറിപ്പായിരിക്കും. - കെ.പി. അപ്പന്‍.

സാമുഹ്യ പ്രതിബദ്ധതയുള്ള നിരവധി കഥകളും കവിതകളും വിമര്‍ശനങ്ങളും ബ്ലോഗിലുള്ളത്‌ തൂലിക നാമത്തിലാണ്‌.

ഇനി, ഇതോന്നുമല്ല പ്രശ്നം, പേരുണ്ടെങ്കിലെ ബ്ലോഗ്‌ വായിക്കുകയുള്ളു എന്നാണ്‌ നിങ്ങളുടെ തീരുമാനമെങ്കില്‍, വായനക്കാരില്ലാതെ എന്ത്‌ ബീരാന്‍കുട്ടി. പക്ഷെ പേര്‌വെച്ചെഴുതുബോള്‍ വാക്കുകള്‍ ഫില്‍റ്ററിലിട്ട്‌ അരിച്ച്‌ വരും. അത്‌ പക്ഷെ എന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കും. തുറന്ന് പറയുവാന്‍ കഴിയാതെ എന്ത്‌ ബീരന്‍കുട്ടി.

ഇതോരു വിമര്‍ശനമല്ല, ഈ എളിയവന്റെ അപേക്ഷയാണ്‌. അതിത്തിരി ഗൗരവമുള്ളതായെങ്കില്‍ ക്ഷമിക്കുക. ബീരാന്‍കുട്ടി ബ്ലോഗില്‍ പിച്ചവെച്ച്‌ നടക്കുന്നവനണ്‌. നിങ്ങളില്‍ പലരും വല്യേട്ടന്റെ സ്ഥനത്താണ്‌. നിങ്ങളില്‍ പലരും എന്റെ സ്വപ്നങ്ങളിലെ നായകരാണ്‌. നിങ്ങളുടെ മുഖം കണ്ടിട്ടില്ലെങ്കിലും, മപ്രാണം ഷാപ്പും, വിമാനത്തിന്‌ നേരെ തോക്കുയര്‍ത്തിപിടിച്ച്‌, കൊടകര പാടത്ത്‌ കാത്തിരിക്കുന്നവനെയും, ഭാര്യ പ്രസവിക്കുന്നത്‌ നോക്കിനിന്നവനെയും, എങ്ങനെ ഞാന്‍ മറക്കും. അങ്ങനെ നൂറ്‌ നൂറ്‌ കഥപാത്രങ്ങളിലൂടെ നിങ്ങള്‍ എന്റെ മനസിലുണ്ട്‌. അത്‌ മായ്ച്ച്‌ കളയാന്‍ എതാക്കാഡമിക്കാവും, എത്‌ ഗ്രൂപ്പിനാവും?.