Showing posts with label ബൂലോകം. Show all posts
Showing posts with label ബൂലോകം. Show all posts

Monday, 5 April 2010

ബീരാനെ പോലീസ്‌ പിടിച്ചു.

ബീരാനെ പോലീസ്‌ പിടിച്ചു.

കൊണ്ടോട്ടി പഞ്ചയത്തിന്റെ മുക്കും മൂലയും ആ വർത്തയറിഞ്ഞ്‌ ഞെട്ടി.

കേട്ടവർ കേട്ടവർ, മൂക്കിൽനിന്നും ഈച്ചയെ ഓടിച്ച്‌, അവിടെ വിരൽ വെച്ചു.

ഒരു പണിയുമില്ലാതെ, ഹാജിയാരുടെ ചായ കടം കുടിച്ചവർ, ചർച്ച ആരംഭിച്ചിരുന്നു. "അവനിതിന്റെ വല്ല ആവശ്യവുമുണ്ടോ?"

നാടോട്ടുക്കും സംസാര വിഷയം ബീരാൻ മാത്രം.

ബീരാനെ പോലിസുകർകൊണ്ട്‌ പോവുന്നത്‌കണ്ട്‌, മെബർ നാരയണൻ, ഫോണെടുത്തു.

"ഹാലോ, മഞ്ചേരി ജനറൽ ആശുപത്രിയല്ലെ. എനിക്ക്‌ നാളെ ഒരാബുലൻസ്‌ വേണം, ചിലപ്പോൾ ഒരു ബോഡി ഡെഡാവാൻ സാധ്യതയുണ്ട്‌".

ഖബർ കുഴിക്കുന്ന, ഇബ്രാഹീം കാക്ക, മൺവെട്ടിയും പിക്കാസുമെടുത്ത്‌ പണിതുടങ്ങി. നേരം വൈകരുതല്ലോ.

എന്താണ്‌ കാരണമെന്ന് മാത്രം ആരും അറിഞ്ഞില്ല. എന്നാൽ പലരും പലതും പറഞ്ഞു.

"അവൻ അത്രക്ക്‌ ചീപ്പല്ല, അതോണ്ട്‌, പെൺകേസാവില്ല"

"കുറച്ച്‌ കാലം ഗൾഫിലായിരുന്നു. അറബിയെ യത്തിംഖാനയിൽ ചേർത്താണോ പോന്നത്‌?"

"വിസ കച്ചവടം ഉണ്ടായിരുന്നു"

അങ്ങനെ ഒരായിരം ചോദ്യങ്ങൾ എങ്ങും ഉയർന്ന് കേൾക്കുന്നു.

ചെറുപ്പക്കാർ അടക്കം പറഞ്ഞു

"അതാണ്‌ലെ, അവൻ ഇടക്കിടെ ബ്ലോഗിന്റെ വരാന്തയിലൂടെ മാത്രം വന്ന്‌പോയിരുന്നത്‌"

പോലീസ്‌ സ്റ്റേഷൻ,

കട്ടിമീശ പിരിച്ച്‌, അതിന്റെ കട്ടികുറക്കുവാൻ ശ്രമിക്കുന്ന ഇൻസ്പെക്റ്റർ.

ഭയഭക്തി ബഹുമാനത്തോടെ, മുതുകിൽ കിട്ടിയതിന്റെ ഭാരം താങ്ങാനാവാതെ, കുമ്പിട്ട്‌ നിൽക്കുന്ന ബീരാൻ.

"സത്യം പറ ബീരാനെ. ഈ ലിസ്റ്റ്‌ എന്താണ്‌. സത്യം പറഞ്ഞാൽ നിനക്ക്‌ കൊള്ളാം, ഇല്ലെങ്കിൽ നിനക്ക്‌ കൊള്ളും"

"സാർ ഞാൻ പറഞ്ഞില്ലെ. ഇത്‌ നിങ്ങൾ പറയുന്ന പോലെ, ഭീകരവാദത്തിനുള്ള പണം തന്നവരല്ല"

"അബൂ, ഇടിക്കട്ട, സൈക്കിൾ ചെയിൻ, കമ്പിപാര, എല്ലാം റെഡിയല്ലെ"

"പടച്ചോനെ" ഒരു ഹജ്ജ്‌ കൂടി ചെയ്യണമെന്ന് ആഗ്രഹമുണ്ട്‌. അതിനുള്ള ചാൻസ്‌ മിസ്സാവനാണ്‌ സാധ്യത. ബീരാൻ മനസിലോർത്തു. നാട്ടിൽ വന്നിട്ട്‌ ഒരു മാസമായി. ഇനി എതാനും ഭിവസങ്ങൾ മാത്രമേ ലീവുള്ളൂ. ഇവരുടെ കൈയീന്ന്, ജീവനോടെ രക്ഷപ്പെട്ടാലും, പാർട്ട്‌സുകൾ എല്ലാം വർക്ക് ചെയ്യണമെങ്കിൽ ഇനിയും കാലം കുറെ പിടിക്കും.

"പറയെടാ, ഈ ലിസ്റ്റ്‌ എന്താണ്‌, ഇവരോക്കെ എവിടെയാണ്‌?. ഭീകരവിരുദ്ധ സ്ക്വാഡ്‌ ഇപ്പോൾ വരും, അതിന്‌ മുൻപ്‌ സത്യം പറഞ്ഞാൽ, നിനക്ക്‌ കേരളത്തിലെ കഞ്ഞി കുടിച്ച്‌ കഴിയാം'

"സർ ഞാൻ സത്യമാ പറയുന്നത്‌" ബീരാൻ ഉയർത്താൻ കഴിയാത്ത തല അൽപ്പം ചെരിച്ചിട്ട്‌ പറഞ്ഞു

എസ്‌ ഐ തന്റെ കൈയിലിരുന്ന ലിസ്റ്റ്‌ വായിച്ചു.

കുറുമാൻ-31000
ഇന്ത്യഹെറിറ്റേജ്ജ്‌-14000
കൈപ്പള്ളി - 10000
നിരക്ഷരൻ-12000
എറനാടൻ-13000
അരുൺ കായംകുളം-14000
ദേവൻ - 17000
ഇത്തിരിവെട്ടം-12000
വല്ല്യമ്മായി-22000
സുൽ-11000
അതുല്ല്യാമ്മ-25000
ഇടിവാൾ-11000


ഇതോക്കെ, കോഡ്‌ ഭാഷയാണല്ലോ ബീരാനെ, ഇത്‌ നീ ഡികോഡ്‌ ചെയ്യുന്നോ, അതോ നിന്നെ ഞാൻ ഡികോഡ്‌ ചെയ്യണോ.

സാർ, ഇതോക്കെ, ബ്ലോഗർമാരുടെ പ്രോഫൈൽ വ്യൂവിന്റെ ലിസ്റ്റാണ്‌.

ബ്ലോഗെന്ന് കേട്ടതും, ഇൻസ്പെക്റ്റർ ഒന്നയഞ്ഞു. "ഇതിലെവിടെ കൊടകര"

"അവനിപ്പോൾ ലക്ഷത്തിന്‌ മുകളിലാ ക്ലിക്ക്‌"

"ഇനിയുമുണ്ടല്ലോ, ഇഞ്ചിപ്പെണ്ണ്‌, വിശ്വപ്രഭ, സിബു, അഗ്രജൻ, തറവാടി, അഞ്ചൽക്കാരൻ....അങ്ങനെ പഴക്കവും തഴക്കവുമുള്ള പഴയകാല ബ്ലോഗർമാർ. അവരുടെ പേരോന്നും ഇതിലില്ല."

"സാർ, അതിന്‌ ഞാൻ ഇത്‌ എഴുതികൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ ഇതെന്റെ കൈയീന്ന് പോയതും, സാറിന്റെ കൈയിൽ ഞാനടക്കം പെട്ടതും"

"ഹും. എനിക്ക്‌ ഒരു ബ്ലോഗുണ്ടായത്‌ നിന്റെ ഭാഗ്യം. വേഗം പോയി മുഴുവൻ വിവരവും ശേഖരിക്ക്‌. എന്നിട്ടത്‌ പോസ്റ്റാക്ക്‌?"

"ഹാ, പിന്നെ, പതിനായിരത്തിന്‌ മുകളിൽ പ്രോഫൈൽ വ്യൂ ഉള്ളവരുടെ ലിസ്റ്റ്‌ മതി തൽക്കാലം. ഇന്ന് വൈകുന്നേരം അതിവിടെ എത്തിക്കണം"

"ശരി സാർ" പോലീസ്‌ സ്റ്റേഷനിൽനിന്നും ജീവനോടെ പുറത്തിറങ്ങുന്ന ആദ്യത്തെ പ്രതിയായി ഞാൻ.

-----------
ഇനി കാര്യത്തിലേക്ക്‌.

എറ്റവും കൂടുതൽ പ്രോഫൈൽ വ്യൂ കിട്ടിയ വ്യക്തികളെ കണ്ടെത്തുക, വളരെ പ്രയാസമാണ്‌. എന്റെ പരമാവധി ഞാൻ ശ്രമിച്ചു. ഇനി നിങ്ങൾ ഒരോരുത്തരും ശ്രമിച്ചാൽ. അതാരാണെന്ന് നമ്മുക്കറിയാം. ബൂലോകത്തെ വളർത്തിയവർക്ക്‌, ഇരിക്കട്ടെ അങ്ങനെയും നമ്മുടെ ഉപഹാരം.

അപ്പോൾ എല്ലാവരും റെഡിയല്ലെ. ഒത്ത്‌പിടിച്ചാൽ ഐലസാ.

നിങ്ങൾക്ക്‌ പരിചയമുള്ള ബ്ലോഗറുടെ പ്രോഫൈൽ വ്യൂ 10,000 നു മുകളിലാണെങ്കിൽ, ആ മഹാന്റെ പേര്‌, ഇവിടെ കമന്റായി നൽക്കുക. നമ്മുക്ക്‌ നല്ല ഒരു ലിസ്റ്റുണ്ടാക്കാം.


.

Monday, 9 June 2008

അനോനിക്കെന്താ കൊമ്പുണ്ടോ?.

അനോനിക്കെന്താ കൊമ്പുണ്ടോ?.

ബൂലോകത്‌ പേര്‌വെളിപ്പെടുത്തുവാന്‍ അഗ്രഹിക്കാത്തവരെ മുക്കാലില്‍കെട്ടിയടിക്കണമെന്നും, ഓര്‍ക്കുട്ടില്‍നിന്നും അവരുടെ പ്രാഫൈല്‍ നിക്കണമെന്നും, അവരുമായുള്ള സൗഹൃദം അവസാനിപ്പിച്ച്‌ പടിയടച്ച്‌ പിണ്ഡം വെക്കണമെന്നും, അവശ്യമെങ്കില്‍ അനോനികളുടെ ആത്മാവിനെ പിടിച്ച്‌ പാലമരത്തില്‍ ആണിയടിച്ച്‌ ബ്ലോഗിലിടുമെന്നും പറയുന്നത്‌ കേട്ടു.

എന്നും അനോനികള്‍ ബൂലോകത്ത്‌ ഒരു വിവാദ വിഷയമാണ്‌. ഈ അനോനികളുടെ ഒരു കാര്യം.

എന്ത്‌കൊണ്ട്‌ ഞാന്‍ അനോനിയായി, എന്ത്‌കൊണ്ട്‌ അങ്ങനെതന്നെ തുടരുന്നു എന്നിത്യാധി കാര്യങ്ങളും കാരണങ്ങളും ബൂലോകത്ത്‌ നിരന്ന് പരന്ന് കിടക്കുകയാണ്‌.

പുതിയതായി ബീരാന്‍ കുട്ടിക്ക്‌ പറയാനുള്ളത്‌, ഈയിടെ ബ്ലോഗ്‌ അക്കാഡമിയുമായി ചേര്‍ന്ന് പേരുള്ളവരുടെ ഒരു ഗ്രൂപ്പ്‌ രുപീകരിക്കുമെന്ന് പറയുന്നത്‌ കേട്ടു, കേട്ട പാതി, ഞാന്‍ കീബോര്‍ഡെടുത്ത്‌ ബ്ലോഗില്‍ കയറി.

ഗ്രൂപ്പുകള്‍ രുപീകരിക്കുന്നത്‌ വളരെ നല്ല കാര്യമാണ്‌. പക്ഷെ, അത്‌ അക്കാഡമിയുടെ ചുരും ചൂടും തട്ടിയാവരുത്‌. അങ്ങനെ വന്നാല്‍ അദ്യം ബീരാന്‍ ഒരു ഗ്രൂപ്പുണ്ടാക്കും. അനോനി ഗ്രൂപ്പ്‌. തൂലിക നാമത്തില്‍ അറിയപ്പെടാന്‍ തന്നെയാണ്‌, മഹാ, ബഹു ഭൂരിപക്ഷം ബ്ലോഗര്‍മാരുടെയും അഗ്രഹം. അതിന്‌ വിലങ്ങ്‌ തടിയായി ഏത്‌ പ്രസ്ഥാനം വന്നാലും എതിര്‍ക്കപ്പെടണം. എതിര്‍ക്കും.

സ്വകാര്യമായിട്ട്‌ ഒരു കാര്യം പറയട്ടെ, സ്വന്തം പേരിലെഴുതുന്നവര്‍, ചില പ്രശ്നങ്ങളില്‍, സന്ദര്‍ഭങ്ങളില്‍, കാവിയുടുത്ത്‌ കാശിക്ക്‌ പോവാറുണ്ട്‌. ഒന്ന് രണ്ട്‌ വര്‍ഷമായി ബീരാന്‍ ഇവിടെ തന്നെ ചുറ്റിതിരിയുന്നു. തൂലിക നാമത്തില്‍ എഴുതുന്ന പലരും പല പ്രശ്നത്തിലും അസാമന്യ തന്റേടത്തോടെ, ധീരതയോടെ പ്രതികരിക്കുകയും, അഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്‌. അപ്പോയോക്കെ, ഉറക്കം നടിച്ച്‌ കിടന്നുറങ്ങിയവര്‍ ഇപ്പോ ഗ്രൂപ്പുണ്ടാക്കുന്നു എന്ന വാര്‍ത്ത മുളയിലെ നുള്ളികളയുവാനുള്ള എന്റെ ഏളിയ ശ്രമമാണിത്‌.

ഒരു മുന്‍കൂര്‍ ജാമ്യപേക്ഷ.
ഇത്‌ ആരെയും വേദനിപ്പിക്കുവാനല്ല. വേദന തോന്നുന്ന ഒരു കാര്യത്തിലേക്കുള്ള വഴിയടക്കുവാന്‍ മാത്രം.

അനോനികളുടെ നിരന്തര ശല്യം കാരണം കഷ്ടപ്പെടുന്നവര്‍ ഇങ്ങനെ ചിന്തിച്ചതില്‍ തെറ്റില്ല. പക്ഷെ, അത്‌ ഭൂരിപക്ഷം വരുന്ന നിഷ്കളങ്കരും, നിരപരാധികളും, നിരാശ്രയരും, നിരാലംഭരും.... അങ്ങനെ എല്ലാമായ എന്നെപോലെയുള്ളവരെ തൂക്കികൊല്ലുന്നതിന്‌ സമമല്ലെ.

എഴുതുകാരന്‍ സാമുഹ്യ പ്രതിപദ്ധതയുള്ളവരാണെന്നാണ്‌ എന്റെ ഗുരുകന്മാര്‍ പഠിപ്പിച്ചത്‌. സമൂഹത്തിലെ തിന്മകളെ തുറന്ന് കാണിക്കുന്നവര്‍. ജീവിക്കുന്ന ചുറ്റുപാടില്‍തന്നെ ശുദ്ധികലശം തൂടങ്ങുന്നവരെ പേരിലെന്ന പേരില്‍ നിരുത്സാഹപ്പെടുത്തിയാല്‍, സത്യം ഒരിക്കലും പുറത്ത്‌പറയാന്‍ കഴിയാതെ പോവും. ബ്ലോഗിലൂടെ പെരുമഴകാലം സൃഷ്ടിക്കുന്ന പലരും, അഭിപ്രായം തുറന്ന്‌പറയുവാന്‍ കഴിയാതെ വിഷമിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.

എഴുത്തുകാര്‍ക്കും സംസ്‌കാരിക്‌ പ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താനാകും. നിര്‍ണായക ഘട്ടത്തിലൊക്കെ സടകുടന്ന് മുഖം നോക്കാതെ സത്യത്തിനൊപ്പം നില്‍ക്കാനുള്ള ആര്‍ജവം കാണിക്കണം - സാറാ ജോസഫ്‌.

എഴുത്തുകാര്‍ അധികാര സീമക്കു പുറത്ത്‌ നില്‍ക്കണം. ഇടതും വലതും പക്ഷം വേണ്ട. തിന്മക്കും അസമത്വത്തിനും അനീതിക്കുമെതിരെയുള്ള കലാപമാണ്‌ എഴുത്തുകാരുടെ ജീവിതം. അവരെന്നും പ്രതിപക്ഷത്താണ്‌, സത്യം വിളിച്ച്‌പറയാന്‍ ബാധ്യസ്ഥരായവര്‍ - പെരുമ്പടവം ശ്രീധരന്‍.

എഴുത്തുകാരന്‍ ഇപ്പോള്‍ സംസ്കാരിക ലാഭത്തിന്റെ ഉപഭോക്താവാണ്‌ അയാള്‍ സ്വതന്ത്രമായി ഒന്നും പറയുന്നില്ല. നിലനില്‍പിനും പ്രശസ്തിക്കും അടിമപ്പെട്ട്‌ ചില കാര്യങ്ങള്‍ പറയുക മാത്രമാണ്‌ ചെയ്യുന്നത്‌.

സത്യസന്ധമായ ഏതു രചനയും ജീര്‍ണ സമൂഹത്തിനെതിരെയുള്ള വിയോജനക്കുറിപ്പായിരിക്കും. - കെ.പി. അപ്പന്‍.

സാമുഹ്യ പ്രതിബദ്ധതയുള്ള നിരവധി കഥകളും കവിതകളും വിമര്‍ശനങ്ങളും ബ്ലോഗിലുള്ളത്‌ തൂലിക നാമത്തിലാണ്‌.

ഇനി, ഇതോന്നുമല്ല പ്രശ്നം, പേരുണ്ടെങ്കിലെ ബ്ലോഗ്‌ വായിക്കുകയുള്ളു എന്നാണ്‌ നിങ്ങളുടെ തീരുമാനമെങ്കില്‍, വായനക്കാരില്ലാതെ എന്ത്‌ ബീരാന്‍കുട്ടി. പക്ഷെ പേര്‌വെച്ചെഴുതുബോള്‍ വാക്കുകള്‍ ഫില്‍റ്ററിലിട്ട്‌ അരിച്ച്‌ വരും. അത്‌ പക്ഷെ എന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കും. തുറന്ന് പറയുവാന്‍ കഴിയാതെ എന്ത്‌ ബീരന്‍കുട്ടി.

ഇതോരു വിമര്‍ശനമല്ല, ഈ എളിയവന്റെ അപേക്ഷയാണ്‌. അതിത്തിരി ഗൗരവമുള്ളതായെങ്കില്‍ ക്ഷമിക്കുക. ബീരാന്‍കുട്ടി ബ്ലോഗില്‍ പിച്ചവെച്ച്‌ നടക്കുന്നവനണ്‌. നിങ്ങളില്‍ പലരും വല്യേട്ടന്റെ സ്ഥനത്താണ്‌. നിങ്ങളില്‍ പലരും എന്റെ സ്വപ്നങ്ങളിലെ നായകരാണ്‌. നിങ്ങളുടെ മുഖം കണ്ടിട്ടില്ലെങ്കിലും, മപ്രാണം ഷാപ്പും, വിമാനത്തിന്‌ നേരെ തോക്കുയര്‍ത്തിപിടിച്ച്‌, കൊടകര പാടത്ത്‌ കാത്തിരിക്കുന്നവനെയും, ഭാര്യ പ്രസവിക്കുന്നത്‌ നോക്കിനിന്നവനെയും, എങ്ങനെ ഞാന്‍ മറക്കും. അങ്ങനെ നൂറ്‌ നൂറ്‌ കഥപാത്രങ്ങളിലൂടെ നിങ്ങള്‍ എന്റെ മനസിലുണ്ട്‌. അത്‌ മായ്ച്ച്‌ കളയാന്‍ എതാക്കാഡമിക്കാവും, എത്‌ ഗ്രൂപ്പിനാവും?.

Sunday, 8 June 2008

ബീരാന്‍ കോപ്പിയടിച്ചു.

കൊണ്ടോട്ടി മഹാ രാജ്യത്ത്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന മലയാളികളുടെ വളര്‍ച്ചയില്‍നിന്നും സാമ്പത്തിക ലാഭം കൊയ്യുക എന്ന ഉദേശവുമായി, ഞാന്‍ രൂപംകൊടുത്ത സൈറ്റാണ്‌, ചെറ്റാസ്‌ കുത്ത്‌ കോമ, സോറി, കോം.

മൂന്ന് നാല്‌ ലക്ഷം മലയാളികള്‍ അംഗങ്ങളായിട്ടുണ്ടെങ്കിലും, അല്ലറ ചില്ലറ പരസ്യങ്ങളുടെ വരമാനമുണ്ടെങ്കിലും ആഗോളാടിസ്ഥാനത്തിലുള്ള ഈ പ്രസ്ഥാനം നടത്തികൊണ്ട്‌ പോകുവാനുള്ള പ്രയാസത്തില്‍ നിന്നാണ്‌, മലയാളികള്‍ എഴുതുന്ന ബ്ലോഗില്‍നിന്നും വളരെ നല്ലത്‌ മാത്രം അടിച്ചെടുത്ത്‌ എന്റെ സൈറ്റില്‍ പ്രസിദ്ധീകരിക്കുകയെന്ന തന്ത്രം അവിഷ്കരിച്ചത്‌. എന്നിട്ടും ബാങ്ക്‌ ബാലന്‍സ്‌ പുരോഗതിയില്ലാതെ തുടര്‍ന്നപ്പോഴാണ്‌, നീല ചിത്രങ്ങളുടെ വിതരണം ഞാന്‍ എറ്റെടുത്തത്‌. നിര്‍മ്മാണം ആരാണെന്ന് ആരും ചോദിക്കില്ല. കേരളത്തില്‍ സ്വാമിമാരും അവര്‍ക്ക്‌ മുന്നില്‍ വി.ഐ.പി.കളുടെ ഭാര്യമാരും എന്തിനും തയ്യാറായി നിരന്നിരിക്കുബോള്‍, ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ സ്വാമിയുമായി യോജിച്ചത്‌ തെറ്റാണോ?. ബാങ്ക്‌ അക്കൗണ്ടുകള്‍ പലതരമായി രൂപപെട്ടപ്പോള്‍, രാഷ്ട്രിയകാരും ഉദ്യോഗസ്ഥരും എനിക്ക്‌ വിട്ടുവേലചെയ്യുവാന്‍ തയ്യാറായി നിരനിന്നതും തെറ്റാണോ?.

ചാരിറ്റി നടത്തുവാന്‍ നീല ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ വിതരണം ചെയ്ത ആദ്യത്തെ ആളും അങ്ങനെ ഞാനായി, എന്റെ സൈറ്റായി.

ഇടക്ക്‌ കോപ്പിയടിച്ചെന്ന് പറഞ്ഞ്‌, എന്റെ സൈറ്റിനെതിരെ പ്രതികരിച്ചവരെ, നിയമത്തിന്റെ നാലഞ്ച്‌ പോയന്റ്‌ ചുരുട്ടികാണിച്ച്‌ പേടിപ്പിച്ചു. സൈബര്‍ നിയമത്തിന്റെ നൂലമാലകളറിയാവുന്നവരും, പോലിസിനെ കണ്ടാല്‍ മൂത്രമൊഴിക്കുന്നവരുമായ മലയാളികളെ പേടിപ്പിക്കാന്‍ വേറെ വേലയെന്തിന്‌.

ബൂലോകത്ത്‌ കമ്മിഷന്‍ അടിസ്ഥാനത്തില്‍ എന്റെ എജന്റുമാര്‍ കറങ്ങി നടന്നു പ്രശ്നങ്ങള്‍ ലൈവായി എത്തിച്ച്‌തന്ന്‌കൊണ്ടിരുന്നു.

ഒരു പൊതുവേദിയോ, സംഘടനയോ, എന്തിന്‌ ഒരു കുട്ടിനേതാവ്‌ പോലുമില്ലാത്ത മലയാള ബ്ലോഗര്‍മാരെ എന്തും പറയമെന്നും ഭീഷണി മാത്രമല്ല, വധശ്രമം വരെ നടത്തമെന്നും എനിക്കറിയാം.

നാലഞ്ച്‌ ഐഡികള്‍ സ്വന്തമായുള്ള എനിക്ക്‌, ഒന്നില്‍ പ്രത്യക്ഷപ്പെട്ട്‌ ഒരു മാപ്പ്‌ പറഞ്ഞാല്‍, പന്തംകൊളുത്തി വന്ന പ്രകടനകാര്‍ തിരിച്ച്‌പോവുമെന്ന സത്യം മനസ്സിലാക്കിയാണ്‌ ഞാന്‍ അതിന്‌ ശ്രമിച്ചത്‌. മാപ്പ്‌ പറയാന്‍ എന്റെ പട്ടി പോവും.

ലോകത്ത്‌ ആദ്യമായി, അംഗങ്ങള്‍ കോപ്പിയടിക്കുന്നു എന്ന കാരണംപറഞ്ഞ്‌ ഞാന്‍ ഈ സൈറ്റ്‌ തല്‍കാലം പൂട്ടികെട്ടി വച്ചിരിക്കുകയാണ്‌. പ്രശ്നങ്ങളവസാനിക്കുബോള്‍ വീണ്ടും തുറക്കാം.

ഇനി, കേസായാല്‍ എനിക്ക്‌ പുല്ല, എന്റെ കേസ്സ്‌ അന്വേഷിക്കുവാന്‍ വരുന്നത്‌ ബീരാന്‍കുട്ടി എന്ന സര്‍ക്കിളാവും. അപ്പോ, നിങ്ങളുടെ വിധിയെന്താവും?.

മറ്റോരു പ്രശ്നം വരുബോള്‍ ബൂലോകം ഇത്‌ മറക്കും. ഞാന്‍ തുറക്കും.

മര്യാദക്ക്‌ ജീവിക്കുവാന്‍ തന്തക്ക്‌ പിറക്കണമെന്ന് പറയുന്നവരോട്‌, അതെന്റെ കുറ്റമാണോ?. അമ്മയുടെ കുറ്റമല്ലെ.