Tuesday 2 June 2009

രസികൻ നാട്ടിലേക്ക്‌.

"ബീരാനൂ, ഓടിക്കോ, അവിടെ അടി നടക്കുന്നു. വിത്ത്‌ തെറി അഭിഷേകം കം തന്തക്ക്‌ വിളി. വീട്ടിലിരിക്കുന്നവരെ കട്ടിലടക്കം ബ്ലോഗിലെടുത്തെറിയുന്നൂ"

മലയാള ബ്ലോഗിൽ ഈയിടെ പ്രത്യക്ഷപ്പെട്ട അപൂർവ്വ രോഗലക്ഷണങ്ങൾകണ്ട്‌, സ്വന്തം തന്തക്ക്‌ വിളിച്ചാലെന്താ എന്ന് ബ്ലോഗർമ്മാർക്ക്‌ തോന്നിപോവുന്ന ഒരു കാലഘട്ടത്തിലാണ്‌, എന്റെ സഹബ്ലോഗറും, സഹ മുറിയനും, സഹ ഈറ്റ്‌ ആൻഡ്‌ മീറ്റ്‌ പാർട്ട്ണറുമായ രസികൻ, പ്രശ്നബാധിത പ്രദേശത്ത്‌നിന്നും ഓട്ടോപിടിച്ച്‌ ഓടിപോവുന്നതിനിടയിൽ വീണ്ടും വിളിച്ച്‌ പറഞ്ഞു

"ഇനി രണ്ട്‌ ദിവസം ഞാൻ ബ്ലോഗിലേക്കില്ല. ലീവെഴുതി കൊടുത്തിട്ടുണ്ട്‌, അവിടെ ലവനും ലവളും, പിന്നെ ലവന്മരും കൂടി അടികൂടുന്നു".

ഫ്രീയായിട്ട്‌ ഒരടി കാണുവാൻ ഇത്‌വരെ ഭാഗ്യമില്ലാത്ത ഞാൻ, അവശ്യത്തിലധികം വാങ്ങി സ്റ്റോക്ക്‌ ചെയ്തിട്ടുണ്ടെങ്കിലും, അതെങ്ങനെയായിരുന്നു എന്ന് ലൈവായികാണുവാൻ കിട്ടിയ ഒരവസരം കളഞ്ഞ്‌ കുളിക്കുമോ?. കല്ലെടുത്തെറിഞ്ഞാൽപോലും, എനിക്ക്‌ കൊള്ളില്ലെന്ന ഡിസ്‌റ്റൻസ്‌ കീപ്പ്‌ ചെയ്ത്‌, ദൂരെ ഒരു മതിലിനുമുകളിൽ കയറി നിന്ന്, എന്റെ സ്ഥിരം ഡയലോഗ്‌ ഞാൻ പ്ലേ ചെയ്തു.

"അടിയെട അവനെ, കുനിച്ച്‌നിർത്തി കുമ്പിനിട്ടിടി, അവൻ അത്രക്കായോ. വിടരുതവനെ".

ഇത്‌ കേട്ടതും തന്റെ പിന്നിലും ആളുണ്ടെന്ന ആവേശം, ഷെക്കിലയുടെ പടം വരുന്നുണ്ടെന്ന് കേൾക്കുമ്പോഴുള്ള അതെ ആവേശം, മൂത്ത്‌ പഴുത്ത്‌, രണ്ട്‌പേരും അടി കം ഇടി വിത്ത്‌ തെറി മാക്സിമൈസ്‌ ചെയ്യുന്ന സമയത്ത്‌, ഞാൻ നിൽക്കുന്ന മതിലിനടുത്ത്‌നിന്നും കരിയിലകൾ ചതഞ്ഞരഞ്ഞ്‌ കരയുന്ന ശബ്ദം. കരിമൂർഖനോ, രാജവെമ്പാലയോ വരില്ല, അവരോക്കെ ഗൂഗിൾപട്ടയം കിട്ടി, ഇവിടെ ബ്ലോഗിലുണ്ടല്ലോ. വല്ല പച്ചിലപാമ്പും വന്നതായിരിക്കുമെന്ന് കരുതി ഞാൻ മൈന്റിയില്ല.

എന്നാൽ, എന്റെ പ്രതിക്ഷകൾക്ക്‌ മുകളിൽ വെള്ളമൊഴിച്ച്‌, നിശബ്ദം വന്ന ജീവി എന്നെ തോണ്ടിയതും, മാക്സിമം വോളിയത്തിൽ അലറികരഞ്ഞ്‌, നാലാളെകൂട്ടി, സംഗതി കൊഴുപ്പിക്കാമെന്ന് തോന്നിയതും, അതിനുള്ള സെറ്റപ്പിൽ വായതുറന്നതും, ഒട്ടോമാറ്റിക്കലി ഞാൻ വലത്തോട്ട്‌ നോക്കിയതും, ബൈ ദ ടൈം ഇടത്‌കാൽ എന്നെ ചതിച്ചതും, രണ്ട്‌ രണ്ടരയടി പൊക്കമുള്ള മതിലിനുമുകളിൽനിന്നും പഴഞ്ചക്ക വീഴുന്നപോലെ ഞാൻ താഴെ വീണതും, എല്ലാം വിതിൻ സെക്കന്റ്‌. എന്റെ സ്വന്തം ബോഡിയുടെ പല പാർട്ട്സുകളും ഞളുങ്ങി പെളുങ്ങി. അത്യവശ്യ ഐറ്റംസ്‌, കൈയും കാലും പിന്നെ നാക്കും മൂക്കും വർക്ക്‌ ചെയ്യുന്നു എന്നുറപ്പുവരുത്തി. കൈയും കാലും നിവർത്തി ഞാൻ വീണിടത്ത്‌ തന്നെ കിടന്നതും, "അല്ല, ഞാനിപ്പോ എന്തിനാ വീണത്‌" എന്ന ചോദ്യം എന്നോട്‌ തന്നെ ചോദിച്ചതും, അപൂർവ്വമായി കാണുവാൻ കഴിയുന്ന എന്നെ തള്ളിതാഴെയിട്ട ജീവിയെ കാണുവാനുള്ള അവേശത്തിൽ തലയുയർത്തി, 45 ഡിഗ്രി ഇടത്തോട്ട്‌ തിരിച്ച്‌, മതിലിനുമുകളിലേക്ക്‌ സൂം ചെയ്തതും, "എന്തായി, ബീരാൻ എന്തിനാ ചാടിയത്‌, അടി കഴിഞ്ഞോ" എന്നു ട്ടോക്കികൊണ്ട്‌, രസികൻ മതിലിനുമുകളിലൂടെ സ്വന്തം തലയുയർത്തി എന്നെ നോക്കി.

അടി എന്ന് കേട്ടാൽ പിന്നെ, അഞ്ചെട്ട്‌ മാസത്തെക്ക്‌ ബ്ലോഗിൽ ലീവെഴുതി ഓടുന്ന, ഇവനിതെന്തു പറ്റി എന്ന് ഞാൻ ചിന്തിച്ചു. എന്റെ ചിന്ത ബ്ലൂ ടുത്ത്‌ വഴി അവന്‌ കിട്ടിയത്‌പോലെ രസികൻ പറഞ്ഞു

"ബീരാനെ, ഞാൻ ഒരു കഥ എഴുതിവെച്ചിട്ട്‌ നാലഞ്ച്‌ ദിവസമായി, ഇത്‌ വരെ പോസ്റ്റാൻ പറ്റിയില്ല. ഇവിടുത്തെ തിരക്കോക്കെ കഴിയട്ടെ എന്ന് കരുതി"

"ഡാ, ബ്ലോഗിലെ അടി തീർന്നിട്ട്‌ പോസ്റ്റാം എന്ന് കരുതിയാൽ, നീ ആ കഥ വിട്ടിലേക്ക്‌ പോസ്റ്റേണ്ടി വരും. നീ ഇപ്പോ തന്നെ കഥ പോസ്റ്റ്‌"

"അതെടാ ഒരബദ്ധം പറ്റി. നാട്ടിൽപോകണമെന്ന ആഗ്രഹം എങ്ങനെയോ നമ്മുടെ അറബി സ്കാൻ ചെയ്ത്‌ കണ്ട്‌പിടിച്ചു. ഇന്നലെതന്നെ എന്റെ റി എന്റ്രി അടിച്ചു. ഞാൻ ഇന്ന് പോവുകയാണ്‌. കഥ ഞാൻ നാട്ടിൽ ചെന്നിട്ട്‌, ലവളുടെ ആക്രന്തം തീർത്തിട്ട്‌ പോസ്റ്റാം"

മനുഫാക്ച്ചറിങ്ങ്‌ മാത്രമല്ല, പ്രോഡക്റ്റ്‌ ഡെലിവറിയും കഴിഞ്ഞെ ഇനി ഇവൻ കഥ പോസ്റ്റു എന്ന തിരിച്ചറിവിൽ, വെക്കെഷൻ സ്മാരകം നിർമ്മിക്കുവാനുള്ള അവന്റെ ആഗ്രഹത്തിന്‌ പൂർണ്ണ പിന്തുണ പ്രഖ്യപ്പിച്ചുകൊണ്ട്‌ ഞാൻ അറിയിച്ചു

"നീ ധൈര്യമായി പോയി വാ, അത്‌ വരെ ഈ അടി തുടരും".

----------
വളരെ വിഷമം പിടിച്ച ഒരവസ്ഥയിൽ, പ്രർത്ഥനയോടെ കൂടെ നിൽക്കുന്ന, സഹായസ്ഥവുമായി എന്നും എന്റെ ചുറ്റും കറങ്ങിതിരിയുന്ന രസികൻ എന്ന ബ്ലോഗർ, അതിലേറെ വിഷമവും ബാഗിലാക്കി ഇന്ന് നാട്ടിലേക്ക്‌.

പുത്തൻ പ്രതീക്ഷയുടെ ഭാണ്ഡവും ചുമലിലേറ്റിയുള്ള മറ്റോരു യാത്രകൂടി.

സഹായിച്ചവർക്ക്‌, നിർദ്ദേശങ്ങൽ തന്നവർക്ക്‌, പ്രർത്ഥനയോടെ കൂടെ നിന്നവർക്ക്‌, അങ്ങനെ എല്ലാവർക്കും രസികൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
--------
ഈ കഥയുടെ രണ്ടാം ഭാഗം, രസികൻ ഏത്‌ നിമിഷം ഞമ്മളെ മണ്ണിൽ കാല്‌ കുത്തുന്നോ, ആ നിമിഷത്തിൽ ഞാൻ പോസ്റ്റും.

കോഴിക്കോട്ട്‌ നിന്നും താമരശ്ശേരിയിലേക്ക്‌ നന്ദി പ്രകടനം നടക്കുമെന്നറിയാവുന്നത്‌കൊണ്ട്‌, അത്‌ ബ്ലോക്കാൻ, ഇതല്ലാതെ വഴിയില്ല. രസികത്തി ക്ഷമിക്കുക. കാത്തിരിപ്പിന്‌ വിരാമമായല്ലോ.


"മഴക്കാലമാണ്‌ സൂക്ഷിക്കുക"