Wednesday 18 June 2008

ഞാൻ വിട പറയുന്നു.

മനേജരുടെ കൈയും കാലും കൂട്ടിപിടിച്ച്‌, മരണവിട്ടിൽ നിന്നുമുയരുന്ന നിലവിളിയുടെ റിഹേയ്സൽ അൽപം വോളിയം കുറച്ച്‌, രണ്ട്‌ മൂന്നെണ്ണം പ്രയോഗിച്ച്‌, പഞ്ചായത്ത്‌ പൈപ്പിൽനിന്നും വെള്ളം വരുന്നപോലെ, ഒന്നര മണിക്കുർ ഇടവിട്ട്‌ ഒന്ന് ഒന്നര തുള്ളിവീതം കണ്ണുനീരും കൂട്ടികുഴച്ച്‌, ഒവർട്ടൈമായി കിട്ടിയ രണ്ട്‌ മൂന്ന് മണിക്കുർ കരഞ്ഞതിന്‌ ശേഷമാണ്‌ 30 ദിവസത്തെ ലീവ്‌ എന്റെ മനേജർ അപ്രൂവ്‌ ചെയ്ത്‌തന്നത്‌.

ശ്വാസം നേരെവിട്ട്‌ ഓടിയത്‌ എയർഇന്ത്യയുടെ ഓഫിസിലേക്ക്‌. വഴിക്ക്‌വെച്ച്‌ എയർഇന്ത്യയെ ബഹിഷ്കരിക്കുവാൻ പന്തംകൊളുത്തി പ്രകടനം നടത്തിയപ്പോൾ മുൻനിരയിൽ നിന്നിരുന്ന എന്നെ പലരും ഇടംകണ്ണിട്ട്‌ നോക്കുന്നത്‌ ഞാൻ കണ്ടില്ലെന്ന് നടിച്ചു. മറ്റുള്ളവർ ലങ്കയിൽപോയി കുടുങ്ങിയാലും എനിക്ക്‌ അതിന്‌ സമയമോ സമ്മതമോ ഇല്ലല്ലോ.

---------------------------------------
അങ്ങനെ, യാത്രമദ്ധ്യേ, സ്പെയ്സ്‌സ്റ്റേഷന്റെ ടോയ്‌ലറ്റ്‌ നന്നാക്കുവാൻ, ഞങ്ങളുടെ വിമാനത്തിന്റെ ഒരു കഷ്ണം അടർത്തിയെടുത്ത്‌ കൊണ്ട്‌പോയത്‌ എന്തിയാണെന്ന് ചോദിച്ചവനെ, വിമാനത്തിന്റെ ഡ്രൈവർ വെടിവെച്ചിട്ടു. ഡീസൽ തീർന്ന കാരണംകൊണ്ട്‌മാത്രം റൺവെയും കഴിഞ്ഞ്‌ വിമാനം പോവാതെ നിന്നപ്പോൾ, പുറത്തിറങ്ങി.

(പിന്നിടുള്ള രണ്ട്‌ ദിവസത്തെ കാര്യം ബ്ലോഗിലെഴുതാൻ പറ്റില്ല)

മുന്നാം ദിവസം, ഭാര്യയും മക്കളുമൊത്ത്‌ കൊണ്ടൊട്ടി ബസ്‌സ്റ്റന്റിൽ നിൽക്കുബോഴാണ്‌, കിളിനാദം പോലെ ഒരു ശബ്ദം.

"ബീരാനല്ലെ"

ഞാൻ എന്റെ മുന്നിൽ നിന്ന് ദിനേശ്‌ ബീഡി അഞ്ഞ്‌വലിക്കുന്നവനെ നോക്കി. അവൻ ശ്രദ്ധിക്കുന്നില്ല. "ഇക്കാ, നിങ്ങളെ വിളിക്കുന്നു". ഞാൻ പറഞ്ഞു. വീണ്ടും എന്റെ നേരെ കൈചൂണ്ടി, മുഖത്ത്‌ വിടാരാത്ത പുഞ്ചിരിയുമായി, മൊഞ്ചത്തിയായ, അവൾ ചോദിച്ചു. "ബീരാനല്ലെ".

എന്റെ കാതുകളിൽ നിന്നും ഡാറ്റ ഫൈബർ ഒപ്റ്റിക്‌ കേബിൾ വഴി, തലച്ചോറില്ലെത്തി, പ്രോസസിങ്ങ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വന്നപ്പോഴെക്കും അവൾ എസ്കെപ്പ്‌ അടിക്കാൻ തുടങ്ങിയിരുന്നു.

"അതെ, ഞാൻ ബീരാനാണ്‌, ബ്ലോഗറാണ്‌." ബീരാൻ എന്ന എന്റെ തൂലിക നാമത്തെ ഞാൻ മറന്നിരുന്നു. അല്ലെങ്കിലും രണ്ട്‌ വർഷത്തിന്‌ ശേഷം 30 ദിവസത്തെ ലീവിന്‌ വന്നവൻ, സ്വന്തം പേര്‌ പോലും മറക്കുന്ന അവസ്ഥയിലാണല്ലോ.

"ഞാൻ പച്ചമുളക്‌." അവൾ പറഞ്ഞു.

വിശേഷങ്ങൾ പറഞ്ഞ്‌കൊണ്ടിരിക്കവെ, പച്ചമുളകിന്റെ നിരയൊത്ത പല്ലുകൾ കാട്ടിയുള്ള പൊട്ടിച്ചിരി, സഹിക്കാവുന്നതിനും അപ്പുറമായപ്പോൾ, ഭാര്യ എന്നെയും പിടിച്ച്‌ വലിച്ച്‌, എങ്ങോട്ടോ പോവുന്ന ഒരു ബസ്സിൽ ചാടി കയറി.

വൈകുന്നേരം, വിട്ടിൽ തിരിച്ചെത്തിയ ഉടനെ, കുട്ടികളോട്‌ പോയി കളിക്കുവാൻ പറഞ്ഞ്‌ ഭാര്യ കതകടച്ചു. ഇതെന്ത്‌ പറ്റി ഇവൾക്ക്‌, ഇത്‌ പതിവില്ലാത്തതാണല്ലോ എന്ന് ഞാൻ അലോചിച്ച്‌കൊണ്ടിരിക്കെ, മേശപുറത്തിരുന്ന പല സാധനങ്ങളും എന്റെ നേരെ പറന്ന് വരുന്നു. ഒരു വിധം സാധനങ്ങളോക്കെ താറുമാറായത്‌ കണ്ട്‌, ഭാര്യയുടെ ദേഷ്യം കുറഞ്ഞിരിക്കണം.

"അവൾ ആരാ, ഇങ്ങക്ക്‌ എന്ന ബീരാൻന്ന് പേരിട്ടത്‌. എന്താ ഇങ്ങക്ക്‌ ബ്ലോഗില്‌ പണി. ഒളെ ഒരു ചിരി കണ്ടില്ലെ. ഇവക്കോന്നും ചോയ്കാനും പറയാനും വിട്ടിൽ ആരുമില്ലെ. അല്ലാ, എന്താ ഇങ്ങളെ വിചാരം. നടുറോഡിൽ നിന്നല്ലെ ഓളെയ്റ്റ്‌ സോല്ലിന്യത്‌".

ചോദ്യങ്ങളുടെ പെരുമഴയിൽകുളിച്ച്‌ ഞാൻ ആകെ നനഞ്ഞു. എന്നിട്ടും ഞാൻ വയർത്തിരുന്നു.

:ഇഞ്ഞി മേലിൽ ഇങ്ങള്‌ ബ്ലോഗാൻ പോയാൽ, കൈ രണ്ടും ഞാൻ കൊത്തി അരിയും. ഇങ്ങക്ക്‌ ബ്ലോഗാൻ ഞാൻ ഇണ്ട്‌ ഇവടെ".

"ഇങ്ങക്ക്‌ പറ്റൂലെങ്കി, ഇന്റെ തനാജില്‌ തന്നാളീ". (തനാജിൽ = സ്പോൺഷർ ഷിപ്പ്‌ മാറ്റുക)

ബ്ലോഗിങ്ങ്‌ കാരണം എന്റെ ബാക്കിയുള്ള 10-20 ദിവസം, അവൾ സമരം ചെയ്യുന്ന 5-8 ദിവസം കിഴിച്ചാൽ കിട്ടുന്നത്‌ 20. അതും ഈ കോരിചെരിയുന്ന മഴയത്ത്‌, ഒറ്റക്ക്‌ മൂടിപുതച്ച്‌ കിടക്കുന്നവന്റെ അവസ്ഥ. ചിന്തിച്ചപ്പോൾ, നിങ്ങൾക്ക്‌ വളരെയധികം സന്തോഷമുള്ള ഒരു തീരുമാനം, വളരെ വിഷമത്തോടെ ഞാനെടുത്തു.

മേലിൽ, ഞാൻ ബ്ലോഗില്ലാന്ന്.
-----------------------------------------
നന്ദിപറയുവാൻ ഒരുപാടുണ്ട്‌. സ്വയം നിയന്ത്രണം വേണമെന്ന് പറയാതെ പറഞ്ഞ അഗ്രജനും കൈതമുള്ളും, ടെക്‌നിക്കൽ സംശയങ്ങൾ ടെക്‌നിക്കോടെ തീർത്ത്‌ തന്ന കൈപ്പള്ളിക്ക്‌. ഒത്തിരി സന്തോഷത്തോടെ എന്നെ ഉപദേശിച്ച ഇത്തിരിക്ക്‌, തറവാട്ടിലാണെന്ന് ഇടക്കിടെ എന്നെ ഓർമ്മിപ്പിച്ച, തറവാടിക്ക്‌, വല്ല്യമ്മയിക്ക്‌, ഞാൻ കുറ്റപ്പെടുത്തിയിട്ടും മറുത്തോരുവാക്ക്‌ പറയാതെ പിന്നെയും എന്നെ കാണാൻ വരുന്ന അതുല്ല്യേച്ചിക്ക്‌ അങ്ങനെ ആ നിര നീണ്ട്‌ കിടക്കുകയാണ്‌. ജബൽ അലിയിൽ നിന്നും കൊടകാരയിലേക്കുള്ള പഞ്ചായത്ത്‌ റോഡ്‌ പോലെ.

എറ്റവും കൂടുതൽ നന്ദിയുള്ളത്‌, സിബുവിനോടും, ഏവ്വുരനോടും, പിന്നെ അപ്പുവിനോടുമാണ്‌. Hats of you Appu. ആദ്യക്ഷരി എന്നും എന്റെ പ്രിയപ്പെട്ടതാണ്‌. സിബു, നിങ്ങളെടുക്കുന്ന pleasure and Pain ആർക്കുമറിയില്ല. മറുമൊഴിക്കാർക്ക്‌ ഒരു സ്പെഷൽ നന്ദിയുണ്ട്‌. എന്റെ കിറുക്കുകൾ ആളുകളെ കാണിക്കുന്ന എല്ലാ അഗ്രഗേറ്റർമാർക്കും നന്ദി.

പരിധിവിട്ട്‌ ബീരാൻ ആരെയും പ്രകോപിപ്പിച്ചിട്ടില്ലെന്ന് കരുതുന്നു. ഇത്തിരി കുസൃതികൾ ഒപ്പിച്ചിട്ടുണ്ട്‌. തലതിരിഞ്ഞ വാക്കുകളിലൂടെ നിങ്ങളെ വട്ടം കറക്കിയെന്നതും സത്യം. എന്നാലും, ചെറിയ വിഷമങ്ങളോ, പ്രയാസങ്ങളോ നിങ്ങൾക്കുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ്‌. ഞാൻ അറിഞ്ഞോ അറിയാതെയോ, ഈ ബ്ലോഗിലോ, ബൂലോകത്ത്‌ പടർന്ന് കിടക്കുന്ന എന്റെ കമന്റിലൂടെയോ, നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, മാപ്പ്‌. വഴിയിലെവിടെയെങ്കിലുംവെച്ച്‌ കാണുബോൾ ഒരു പുഞ്ചിരി, ഒരു ഹായ്‌, ഇതിൽ കൂടുതലോന്നും ബീരാന്‌ വേണ്ട. സന്തോഷത്തോടെ തന്നെ പറയട്ടെ, ആശ്വാസം മാത്രമേ എനിക്ക്‌ ബ്ലോഗിൽ നിന്നും കിട്ടിയിട്ടുള്ളൂ. "വിഷമിക്കുവാൻ ബീരാൻ തയ്യറല്ലെങ്കിൽ, വിഷമിപ്പിക്കുവാൻ നിങ്ങൾക്കാവില്ല."
------------------------------
നിങ്ങൾക്കുപകാരപ്രദമായതോന്നും ഈ ബ്ലോഗിലില്ലെന്ന്, വിനയപൂർവ്വം അംഗീകരിച്ച്‌കൊണ്ട്‌ തന്നെ, എളിമയോടെ വിട ചോദിക്കട്ടെ.

വിധി അങ്ങനെയാണ്‌, ചില നിമിഷങ്ങൾ, ചില നിമിത്തങ്ങൾ.

കണ്ണ്‌ നിറയുന്നു, വാക്കുകൾ കിട്ടുന്നില്ല.

ബായ്‌ ഫ്രൺസ്‌. ഹാപ്പി ബ്ലോഗിങ്ങ്‌.

Tuesday 17 June 2008

പ്രതിഷേധ പ്രകടനം

ഈ കഥയിലെ കഥപാത്രങ്ങള്‍ വെറും സങ്കല്‍പ്പിക്കമാണെന്ന് പറഞ്ഞാല്‍, എന്നെ ബ്ലോഗോടെ ചൂട്ട്‌കരിക്കുവാന്‍ മലയാള ബ്ലോഗ്‌ റീഡേഴ്സ്‌ തിരുമാനിക്കുമെന്ന സന്തോഷം കാരണം, അങ്ങനെ പറയുന്നില്ല. മറിച്ച്‌, കഥപാത്രങ്ങള്‍ ഇന്ന് ബ്ലോഗില്‍ ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, മരിക്കാന്‍ കിടക്കുന്നവരോ, ജനിക്കാന്‍ തയ്യാറാവുന്നവരോ, അങ്ങനെ ആരുമായും ഒരു ബന്ധവുമില്ല. ഇനി ഞാന്‍ അറിയാതെ നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍, ഞാന്‍ അതിന്‌ ഉത്തരവാദിയല്ല.

MBRF - മലയാളം ബ്ലോഗ്‌ റീഡേഴ്സ്‌ ഫെഡറേഷന്‍ - (ഫെഡറേഷന്‍ എന്ന് ചുരുക്കാം) അതു വിപുലമായി സംഘടിപ്പിച്ച പ്രതിഷേധ ജാഥ ഈ തെരുവുകളിലൂടെ കൊടകരയിലേക്ക്‌ പോവുകയാണ്‌.

അര്‍ത്തലച്ച്‌ വരുന്ന ജനസമുദ്രത്തെ തടുത്ത്‌നിര്‍ത്തുവാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യമുള്ള പോലിസുകാര്‍, ഗ്രനൈഡും, കുഴിബോംബും, മിസെയിലും പിന്‍വലിച്ച്‌, സ്ഥലം കാലിയാക്കി. പ്രതിഷേധ പ്രകടനക്കര്‍ ഉയര്‍ത്തി പിടിച്ച ചില പ്ലേകാര്‍ഡുകളും ബാനറുകളും ഇങ്ങനെ വായിക്കാം.

"വിശാല മനസ്കനെ നാടുകടത്തിയ സര്‍ക്കാര്‍ തുലയട്ടെ".
"അരവിന്ദനെ ആഫ്രിക്കയില്‍നിന്നും നാട്ടിലെത്തിക്കുക".
"കൊടകര പാടത്ത്‌ വിമാനത്താവളം പണിയാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക".
"കുറുമാന്‍ സ്വപ്നം കാണരുതെന്ന് പറയുവാന്‍ സര്‍ക്കാരിനെന്ത്‌ അവകാശം?"
"ഭരണങ്ങാനം ആശ്രമ മീറ്റില്‍ നടന്ന പോലിസ്‌ വെടിവെപ്പ്‌, ബെര്‍ളിയെകൊണ്ട്‌ അന്വേഷിപ്പിക്കുക".
"പാച്ചുവിന്റെ ലോകത്തിന്‌ നല്‍കിയ ലോണ്‍ സര്‍ക്കര്‍ എഴുതി തള്ളുക"
"അരീക്കോടന്‍ മാഷിന്റെ നമ്പൂതിരി ഫലിതതിന്‌ പെറ്റന്റ്‌ നല്‍കുക".
"ബ്രിജ്‌ വിഹാര്‍ എന്ന പേര്‌ മലയാളത്തിലാക്കുവാന്‍ സര്‍ക്കര്‍ ഗ്രന്റ്‌ അനുവദിക്കുക".
"മലപ്പുറത്തെ നവോദയ സ്കുള്‍ ബ്ലോഗ്‌ പരിശീലന കേന്ദ്രമാക്കുക"
"സര്‍ക്കര്‍ ബെര്‍ളിയോട്‌ നീതി പാലിക്കുക".
"ബ്ലോഗിലെ ചരിത്ര സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച ദുബൈ സിറ്റി സര്‍ക്കാര്‍ തിരിച്ചെടുക്കുക"
"മപ്രാണം ഷാപ്പ്‌ മ്യൂസിയമാക്കുക".
"ബ്ലോഗര്‍മാര്‍ക്ക്‌ ക്ഷാമ ബത്തയും, ദിവസ കൂലിയും അനുവദിക്കുക".
"അനോനികള്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ ഏര്‍പ്പെടുത്തുക"
--------------------------
പ്രകടനം കടന്ന് പോകുന്ന വഴിയിലൂടെ രണ്ട്‌ വിമാനങ്ങള്‍ തോട്ടു തോട്ടില്ല എന്ന മട്ടില്‍, ഗിയര്‍ തട്ടി മാറ്റി കടന്ന് പോയതും, ഒരു വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചതും, അത്‌ ബെര്‍ളിയുടെ വലത്‌ ചെവിയുടെ ഇടത്ത്‌ വശത്തുടെയായതിനാല്‍, തിരിഞ്ഞ്‌ നോക്കിയ ബെര്‍ളിയുടെ കണ്ണില്‍ മുഷ്ടി ചുരുട്ടി കൈ ആകാശത്തേക്ക്‌ പോകാന്‍ കഴിയാതെ വിഷമിക്കുന്ന സുനിഷ്‌, ഉയര്‍ത്തിപിടിച്ച കൈ വിരല്‍ കുത്തികയറിയതും, പ്രകടനം ലൈവായി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്ന പത്രപ്രവര്‍ത്തകരെ, തെരഞ്ഞ്‌പിടിച്ച്‌ അടിക്കുന്ന രംഗം, ലൈവായിട്ട്‌ തന്നെ ചില ബ്ലോഗര്‍മാര്‍ യൂറ്റുബിലിട്ടതും, ഈ പ്രകടനത്തിന്റെ മാത്രം പ്രതേകതകളാണ്‌.

വല്ല്യമ്മായി കൊണ്ട്‌വന്ന പുട്ടും കടലയും വിതരണം ചെയ്യുന്ന നേരത്ത്‌, ബെര്‍ളി അതില്‍ ഇഞ്ചിയിട്ടു, അതില്‍ പ്രതിഷേധിച്ച്‌ ബ്ലോഗര്‍മാര്‍, യുണിഫോം കറുപ്പിച്ചു, ഇതിനിടയിലേക്ക്‌ ഒരാള്‍ ചുവപ്പ്‌ ഷര്‍ട്ടിട്ട്‌ വന്നത്‌ സഹിക്കവയ്യതെ, ഫെഡറേഷന്റെ പ്രസിഡന്റ്‌, കംപ്യൂട്ടര്‍ തല്ലിപൊട്ടിച്ച്‌ രാജി പ്രഖ്യാപ്പിച്ചു.

മുഖം മൂടികെട്ടി പ്രകടനം നടത്തുന്നവര്‍, മുഖംമൂടി മാറ്റണമെന്നും വേണ്ടെന്നും പറഞ്ഞ്‌ അടിതുടങ്ങിയപ്പോള്‍, എന്ത്‌ കൂട്ടികെട്ടിയാലും ഇവര്‍ക്ക്‌ നിയമ സംരക്ഷണമുണ്ടെന്ന് വക്കില്‍ സിബു പറഞ്ഞതോടെ, താല്‍ക്കാലികമായി അടിക്ക്‌ ഇന്റെവെല്‍ അനുവദിച്ചു.

ഈ പ്രകടനത്തിനിടയിലും, അത്യുല്ല്യ ചേച്ചി, കുട്ടികളുമോത്ത്‌ പാടി നടക്കുന്നുണ്ടായിരുന്നു.

കൊടകര പാടത്ത്‌ വിളഞ്ഞ്‌കിടക്കുന്ന നെല്‍പ്പാടങ്ങളെ ചവിട്ടി മെതിച്ച്‌, ടണ്‍ കണക്കിന്‌ ബ്ലോഗര്‍മാര്‍ അണിനിരന്നപ്പോള്‍, അവരോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാന്‍, നക്ഷത്രങ്ങള്‍, പോസിഷന്‍ അലൈന്‍ ചെയ്ത്‌, ഭുമിക്ക്‌ ഇത്തിരിമുകളില്‍ വന്ന് ഹെഡ്‌ ലൈറ്റിന്റെ വോള്‍ട്ട്‌ കുറച്ച്‌, ഡിസ്കോ ലൈറ്റിട്ട്‌, നിരന്ന് നിന്നു.

വിടപറയാന്‍ മടികാണിക്കുന്ന പോലെ സൂര്യന്‍, കൊടകരയുടെ പടിഞ്ഞാറ്‌ ഭാഗത്ത്‌ വന്ന് ബ്ലോഗര്‍മാരെ ഒളിഞ്ഞ്‌ നോക്കി. നിനക്ക്‌ കഴിയുമെങ്കില്‍ എന്നെ വെടിവെക്കെട എന്ന് പറഞ്ഞ്‌ ചന്ദ്രന്‍ ഒരു ബ്ലോഗറെ നോക്കി പല്ലിളിച്ചു.
------------------------
അനുഭവം കുരു. കുരുക്കന്മാരെ, കുരുദക്ഷീണയായി ഇത്‌ സ്വീകരിക്കുക.

Monday 16 June 2008

അനോനികളോട്‌.

മൃദുലന്‍,
സുകുമാരന്‍ ചേട്ടന്റെ തീരുമാനത്തില്‍ ദുഖമുണ്ട്‌. ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ ഇതിന്‌ മുന്‍പ്‌ തന്നെ അദേഹത്തൊട്‌ സൂചിപ്പിച്ചിരുന്നു. (എന്റെ തുറന്ന കത്ത്‌)

തറവാടി പറഞ്ഞ പോലെ, ഇത്‌, ബ്ലോഗിനെ തെറ്റിധരിച്ചതിന്റെ ഫലമാണ്‌. കൂടെ, മലയാളിയുടെ നഷ്ടപ്പെടുന്ന അത്മ ധൈര്യത്തിന്റെ നേര്‍ക്കാഴ്ചയും.

ഇതിലും വലുത്‌ ബൂലോകത്ത്‌ സംഭവിച്ചിട്ടുണ്ട്‌. ബ്ലോഗ്‌ ഹത്യയുടെ മാത്രമല്ല, അത്മഹത്യയുടെ വക്കില്‍ നിന്നും കരകയറിയവനാണ്‌ കുറുമാന്‍. എന്നിട്ടും അദേഹം ഇപ്പോഴും എഴുതുന്നത്‌, അത്മ ധൈര്യമുള്ളത്‌കൊണ്ടാണ്‌. ബ്ലോഗ്‌ എന്താണെന്നറിയാവുന്നത്‌കൊണ്ടാണ്‌.

പ്രായത്തെക്കുറിച്ചുള്ള നിങ്ങളുടെ പരാമര്‍ശം അപക്വമായോ (ക്ഷമിക്കണം). എന്റെ പ്രായമെന്താണ്‌?. നിങ്ങളുടെ പ്രായമെന്ത്‌?. ഇത്‌ ബ്ലോഗില്‍ തലക്കുത്തി നിന്നാല്‍ കാണാനാവില്ല മാഷെ. അല്ലെങ്കിലും എഴുതിന്‌ പ്രായമുണ്ടോ?. എന്റെ സൃഷ്ടിയുടെ കാതല്‍ എന്റെ മനസ്സാണ്‌. അത്‌ ചിലപ്പോള്‍ ബാല്യമാവും, കൗമാരമാവും. വാര്‍ദ്ധക്യമാവും. അതിനാര്‍ഥം ഞാന്‍ കുട്ടിയാണെന്നണോ?. ഞാന്‍ വൃദ്ധനാണെന്നണോ?. അല്ല, ഇനി കൗമാരക്കാര്‍ തത്വങ്ങള്‍ എഴുതരുതെന്നാണോ?.

വെര്‍ച്ച്യല്‍ ലോകത്ത്‌, ഞാന്‍ ഞാന്‍ മാത്രമാണ്‌. നിങ്ങള്‍ മൃദുലന്‍ മാത്രമാണ്‌. ആണാണോ, പെണ്ണാണോ, യുവാവാണോ, വൃദ്ധനാണോ എന്നത്‌ ബ്ലോഗില്‍ നിങ്ങളെയോ, വായനക്കാരെയോ സ്വാധീനിക്കുന്ന ഒരു ഘടകമെയല്ല. സുകുമാരന്‍ ചേട്ടന്‍, അയാള്‍ തന്നെയാണെന്ന് അദേഹത്തെ നേരിട്ട്‌ പരിചയമുള്ളവര്‍ക്കെ അറിയൂ. ബാക്കിയുള്ള പരശതം ബ്ലോഗര്‍മാര്‍ക്ക്‌ സുകുമാരനെന്നത്‌ ഒരു ബ്ലോഗര്‍ മാത്രമാണ്‌. അതിനപ്പുറം ഒന്നുമല്ല. ഒന്നും. (അദേഹം വൃദ്ധനാണെന്നോ, ബാഗ്ലൂരിലണെന്നോ, എന്നിത്യാധി കാര്യങ്ങള്‍)

ഞാനിട്ട ഒരു പോസ്റ്റ്‌, തലതിരിഞ്ഞ്‌ വായിച്ച എന്റെ സുഹൃത്ത്‌ തന്നെ, എന്നെ കൊല്ലുവാന്‍ ദുബൈ ക്രിക്കില്‍ കാത്തിരുന്നതിന്റെ തെളിവ്‌ ഇവിടെയുണ്ട്‌. (ഏറൂ, ക്ഷമീരി, ഞാന്‍ വരുബോ, ഒരു മ്യാപ്പ്‌ തരാവെ. ഒരു നല്ല കര്യത്തിനല്ലെ) ഞാന്‍ തിരിച്ച്‌, അദേഹത്തോട്‌, നീ പോടാ പുല്ലെ, എന്ന് പറഞ്ഞിരുന്നെങ്കില്‍, ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അയാള്‍, രണ്ടിലോരാള്‍ ഇന്ന് ബ്ലോഗിലുണ്ടാവില്ല. മറിച്ച്‌, ഞാന്‍ എഴുതിയത്‌, അതിന്റെ അര്‍ഥം, ഞാന്‍ മനസിലാക്കുന്ന പോലെയല്ല, വായനക്കാരന്‍ ചിന്തിക്കുന്നതും അവന്‌ ലഭിക്കുന്നതുമെന്ന തിരിച്ചറിവാണ്‌, ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചത്‌. വളരെ കൂളായി, "എന്റെ കൈവിട്ട്‌ പോയി" എന്ന ഒരോറ്റ ഡയലോഗില്‍, സംഭവത്തിന്റെ മുഴുവന്‍ തിരകഥയും മാറ്റി എഴുതാനായത്‌, എന്റെ മാത്രം കഴിവല്ല, വായനക്കാരന്റെ കഴിവ്‌ കൂടിയാണ്‌.

പോസ്റ്റുകള്‍ വായിച്ച്‌ മിണ്ടാതിരുന്നൂടെ എന്ന ചോദ്യം, (ഒന്ന് ചിരിക്കട്ടെ). അഛന്‍ പത്തായത്തിലും കൂടിയില്ലാന്ന് കുട്ടി പറഞ്ഞിട്ട്‌, പിന്നെം അഛനെ പിടിക്കതെ പോവുന്ന പോലിസിന്റെ ഭാഗത്താണോ മൃദുലന്‍?.

അനോനികള്‍ ചെയ്തത്‌ ശരിയായില്ലെന്ന് പറയുന്ന ചേട്ടാ, നിങ്ങള്‍ക്കും ബ്ലോഗ്‌ എന്താണെന്നറിയില്ല. വ്യക്തിപരമായി അനോനികളുടെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നു, എങ്കില്‍കൂടി, ധൈര്യപൂര്‍വ്വം പറയട്ടെ, അതാണ്‌ മാഷെ ബ്ലോഗ്‌. ഞാന്‍ ജീ മെയിലില്‍ നിന്നും സൈന്‍ ഔട്ട്‌ ചെയ്താല്‍ അപ്പോ തീര്‍ന്നു എല്ലാം. നല്ലത്‌ എന്നോടോപ്പം ബാക്കിയുണ്ടാവും. നിങ്ങളുടെ കീ ബോര്‍ഡ്‌ അനോനികളുടെ കൈയിലാണോ?. പെജ്‌ ഡൗണ്‍ ബട്ടണടിച്ചാല്‍ മറഞ്ഞ്‌ പോവുന്ന, അല്ലെങ്കില്‍ അള്‍ട്ട്‌ F4 കൂട്ടിയടിച്ചാല്‍ എല്ലാം പോവുന്ന, ഈ ബൂലോകത്ത്‌, ആര്‌, ആരെ പേടിക്കണം. ആര്‌ ആരെ ബഹുമാനിക്കണം?.

സന്ദര്‍ഭികമായി പറയട്ടെ, പത്രപ്രവര്‍ത്തനെക്കുറിച്ച്‌ സുകുമാരേട്ടന്‍ പറഞ്ഞത്‌, അവര്‍ സ്വാതന്ത്രം നേടിതന്നു എന്നാണ്‌. എന്നാല്‍ ഏത്‌ പത്രപ്രവര്‍ത്തകനു പിന്നിലും (സെന്‍സിറ്റീവ്‌ ആന്‍ഡ്‌ സെന്‍സെഷന്‍) അനോനികളുടെ വലിയോരു നിരയുണ്ടെന്ന സത്യം അദേഹം അറിയാതെ പോയി. ഒരിക്കലും പുറംലോകം അറിയാത്ത, അവരാണ്‌ മാഷെ അനോനികള്‍.

ഇനി അനോനികളോട്‌,
ലോല ഹൃദയരെ വെറുതെവിടുക. എന്തീനാ അവരെ പുലി വരുന്നെ, എന്ന് പറഞ്ഞ്‌ പേടിപ്പിക്കുന്നത്‌. പക്ഷെ, അഭിപ്രായം നെഞ്ച്‌ നിവര്‍ത്തി (ആരെലും തല്ലിതകത്തിട്ടില്ലെങ്കില്‍) പറയണം. ബ്ലോഗിലെ ഈ സ്വതന്ത്രം ദുരുപയോഗം ചെയ്യാതിരിക്കുക. പ്രതികരണം പ്രതികാരമായിട്ടെടുക്കുന്നവരോട്‌, നിശബ്ദമായി പ്രതിഷേധിച്ച്‌കൂടെ?.

അല്ല, ഞാനിത്തോക്കെ ആരോടാ പറയുന്നത്‌. ബൂലോകത്തെ വെള്ളരിപ്രാവുകള്‍ തന്നെ, വെയില്‍കൊണ്ട്‌, ഭക്ഷണം കിട്ടാതെ വെട്ട്‌കിളികളാവുന്നതണല്ലോ ചരിതം.

സിരിയസ്സയി പറയാനുള്ളത്‌, ബൂലോകത്ത്‌ ഇനിയും ഇത്തരം പല പോക്കുകളും വരവുകളും, പിരിച്ച്‌വിടലും ഓക്കെ നടക്കും. അതിവിദൂരമല്ലാത്ത സമയത്ത്‌ തന്നെ ഇവിടെ പലതും ഇനിയും സംഭവിക്കും. ലക്ഷണങ്ങള്‍ കണ്ട്‌തുടങ്ങി. ബാക്കിയാവുന്നത്‌, എന്തിനെയും നേരിടാന്‍ ധൈര്യവും തന്റെടവുമുള്ള, ബ്ലോഗ്‌ എന്താണെന്നും എന്തിനാണെന്നും അറിയാവുന്നവര്‍ മാത്രം.

Saturday 14 June 2008

ബ്ലോഗ്‌ മീറ്റ്‌ ജിദ്ധയിലും.

പ്രിയ ബ്ലോഗ്‌ സുഹൃത്തുകളെ,

ബ്ലോഗ്‌ എന്താണെന്നും, എങ്ങനെ ബ്ലോഗാമെന്നും ചോദിച്ച്‌കൊണ്ട്‌, മലയാളം ബ്ലോഗിലേക്ക്‌ കാലെടുത്ത്‌ വെക്കുവാന്‍ തല്‍പര്യം പ്രകടിപ്പിക്കുന്ന സധാരണകാരന്‍ മുതല്‍, പ്രശസ്തരായ എഴുതുകാര്‍ വരെ ജിദ്ധയിലുണ്ടെന്ന വിവരം വളരെ സങ്കടത്തോടെയാണ്‌ മനസിലാക്കിയത്‌.

പരിമിതികളും, കുറ്റന്‍ മതില്‍കെട്ടുകളുമുണ്ടെങ്കിലും, അവയ്കുളില്‍ നിന്ന്‌കൊണ്ട്‌ തന്നെ, മലയാളം ബ്ലോഗിങ്ങിനെക്കുറിച്ചുള്ള ഒരു മീറ്റ്‌ സംഘടിപ്പിക്കുവാന്‍ എന്നോടാവശ്യപ്പെട്ടത്‌, നമ്മുടെ പ്രിയ സുഹൃത്ത്‌ ശെഫിയാണ്‌.

ശെഫി, ജിദ്ധയിലുള്ള ബ്ലോഗര്‍മാരുമായി ആശയവിനിമയം നടത്തികൊണ്ടിരിക്കുന്നു.

ജിദ്ധയിലെ ബ്ലോഗര്‍മരുടെ ചിരകാല സ്വപ്നമായ ഒരു മീറ്റ്‌, വിജയിപ്പിക്കണമെന്നു, ജിദ്ധയിലെ ബ്ലോഗര്‍മാരും, ബ്ലോഗ്‌ എഴുതുവാന്‍ തല്‍പര്യമുള്ളവരും, ബ്ലോഗിനെക്കുറിച്ചറിയാന്‍ തല്‍പര്യമുള്ളവരും, സ്ഥലം, തിയ്യതി തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്‌ തിരുമാനിക്കുന്നതിന്‌ വേണ്ടി, തഴെ പറയുന്ന ഈമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടണമെന്ന് വിനീതനായി അഭ്യര്‍ഥിക്കുന്നു.

shafeeqizzudheen@gmail.com
Biirankutty@gmail.com

മറുനാട്ടിലാണെങ്കിലും, മലയാളത്തെ മറോട്‌ ചേര്‍ത്ത്‌ പിടിക്കുവാന്‍ അഗ്രഹിക്കുന്നവര്‍ക്ക്‌ മുന്നില്‍, വളരെ സന്തോഷത്തോടെ ഞാന്‍ എന്റെ സ്വപ്നങ്ങളെ കൂട്ടിലടക്കുന്നു. എന്റെ സ്വപ്നങ്ങളെക്കാള്‍ വലുത്‌, ഈ ഭാഷയുടെ വളര്‍ച്ചയാവണമെന്ന തിരിച്ചറിവ്‌ എനിക്ക്‌ തന്ന ശെഫി, എങ്ങനെ ഞാന്‍ നന്ദി പറയും നിന്നോട്‌?.

Thursday 12 June 2008

നട്ടെല്ലുള്ളവര്‍ ബ്ലോഗിലുണ്ടോ?

മലപ്പുറം ജില്ലയില്‍ ബ്ലോഗ്‌ ശില്‍പ്പശാല സംഘടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, അക്കാദമി പ്രവര്‍ത്തകരുടെ ദയമീയമായ മുഖം കണ്ട്‌ ഞെട്ടി പോയി ബീരാന്‍.

ഒരു ശില്‍പ്പശാലയുടെ രക്ഷാധികാരം എറ്റെടുക്കുവാന്‍ തയ്യറുള്ള ആണ്‍കുട്ടികളാരും മലപ്പുറം ജില്ലയിലില്ലെ. കഴിഞ്ഞ ശില്‍പ്പശാലയുടെ അനുഭവത്തില്‍ നിന്നും തടികേടാവതെ സൂക്ഷിക്കുകയാണോ പലരും.

ഇനി ബ്ലോഗ്‌ അക്കാദമിയോട്‌.

ബ്ലോഗ്‌ അക്കാദമി, എന്ത്‌? എന്തിന്‌?.

ബൂലോകത്ത്‌ വിവാദമായ ഒരു വിഷയത്തില്‍, എന്റെ അഭിപ്രായം പറയട്ടെ.

ബ്ലോഗ്‌ അക്കാദമി എന്തായാലും, എന്തിനായാലും, എന്റെ ചിന്ത ഇങ്ങനെയാണ്‌.

തലപ്പത്തിരിക്കാന്‍ നേതാക്കളില്ലാത്ത, എല്ലാവരും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, ലിഖിത നിയമങ്ങളോ, അലിഖിത നിയമങ്ങളോ ഇല്ലാത്ത, ആര്‍ക്കും എന്തും ചെയ്യാവുന്ന ഒരു പ്രസ്ഥാനം. ഇത്‌കൊണ്ട്‌ മലയാളം ബ്ലോഗിന്‌ എന്ത്‌ ഗുണം?.

ഒരു പ്രസ്ഥാനത്തിന്‌ കര്‍മ്മനിരതരായ നേതാകള്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌. നേതാകളില്ലാതെ പ്രവര്‍ത്തകരില്ല, പ്രവര്‍ത്തകരില്ലാതെ പ്രസ്ഥാനമില്ല.

രണ്ടക്കത്തില്‍ തുടങ്ങുന്ന പ്രസ്ഥാനം മുതല്‍ ലക്ഷ്യങ്ങളും ലക്ഷങ്ങളുമില്ലാത്ത വന്‍ സോസൈറ്റികള്‍ വരെ, നേതകളുടെ ബാഹുല്യ നിമിത്തം കരകയറുവാന്‍ പാട്‌ പെടുന്നവര്‍, എങ്ങനെ, എന്തിനും ഏതിനും വഴികാട്ടിയായി, മുന്നേ നടക്കുവാന്‍ ഒരാള്‌ വേണ്ടെ?.

നിയമങ്ങളും ചട്ടകൂടുകളും പ്രവര്‍ത്തകര്‍ക്ക്‌ വേണം. അരാജകത്വമോ, അരക്ഷിത ബോധമോ അല്ല നാം വളര്‍ത്തുന്നത്‌. ഒരു നിയമവും ഞങ്ങള്‍ക്ക്‌ ബാധകമല്ലെന്നതും, ഒരു നിയമവും അനുസരിക്കില്ലെന്ന് പറയുന്നതും തെറ്റാണ്‌. കുറ്റങ്ങളും കുറവുകളുമുണ്ടാവാം. എന്നാലും വിശാലമായ ബൂലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു പൊതു അഭിപ്രായം രൂപികരിക്കുവാന്‍ ബ്ലോഗ്‌ അക്കാദമിക്ക്‌ കഴിയണം.

മലയാള ബ്ലോഗിങ്ങ്‌ എന്നത്‌, കേരളത്തിലെ പതിനാല്‌ ജില്ലകളില്‍ മാത്രം ഒതുങ്ങികഴിയുന്ന ഒന്നല്ല എന്ന് മാത്രമല്ല. അല്‍പം ചങ്കൂറ്റത്തോടെ തന്നെ പറയട്ടെ, മലയാള ബ്ലോഗിന്റെ ഗതി നിയന്ത്രിച്ചതും നിയന്ത്രിക്കുന്നതും കേരളത്തിന്‌ പുറത്താണ്‌. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ യു.എ.ഇ. ഒരോ സന്ദര്‍ഭത്തിലും സംഘാടകന്‍ ഞാന്‍ തന്നെ എന്ന് പറഞ്ഞ്‌ നട്ടെല്ല് നിവര്‍ത്തി നിന്ന, കുറ്റങ്ങളും കുറവുകളും വിമര്‍ശനങ്ങളും എറ്റുവാങ്ങിയ, എന്നിട്ടും പുഞ്ചിരിയോടെ തന്റെ ദൗത്യം നിറവേറ്റിയ, അഗ്രജനും, കൈപ്പളിക്കും, ഏറനാടനും, തറവാടിക്കും, അതുല്ല്യേച്ചിക്കും, കുറുമാനും, ദില്‍ബൂവിനും, (എന്റെ മെമ്മറി, ചൈനയുടെതായത്‌കൊണ്ട്‌ എല്ലാരെയും ഓര്‍ക്കാന്‍ പറ്റുന്നില്ല, ക്ഷമിക്കണം ബ്ലോഗ്‌ പുലികളെ) ബീരാന്‍കുട്ടിയുടെ അഭിവാദ്യങ്ങള്‍. ഇവരെയാണ്‌ ബ്ലോഗ്‌ അക്കാദമി മാതൃകയക്കേണ്ടത്‌.

പോസ്റ്റ്‌ ചെയ്ത ബ്ലോഗും, ഡിലീറ്റ്‌ ചെയ്ത കമന്റും കൈവിട്ട കളിയാണെന്ന് പറയുന്ന പോലെ, വന്ന പാളിച്ചകള്‍ തീര്‍ത്ത്‌, ഉടനെ, അതും അടുത്ത ശില്‍പ്പശാലക്ക്‌ മുന്‍പായി തന്നെ, അടിയന്തിര പ്രധാന്യത്തോടെ, ബ്ലോഗ്‌ അക്കാദമി ചെയ്യെണ്ട കാര്യങ്ങള്‍ ഇവയാണ്‌:-

1. ബ്ലോഗ്‌ അക്കാദമി രജിസ്റ്റര്‍ ചെയ്ത ഒരു പ്രസ്ഥാനമാകണം.
2. നിയന്ത്രിക്കുവാന്‍, നയിക്കുവാന്‍ ഒരു നായകനും, മുന്നില്‍ കാണുവാന്‍ ഒരു ലക്ഷ്യവും വേണം.
3. പിരിച്ച്‌വിടാന്‍ ഒരു അക്കാദമിയുണ്ടാവരുത്‌, മറിച്ച്‌, ഒരു ലക്ഷ്യം പൂര്‍ത്തിയാക്കിയാല്‍, അടുത്ത ലക്ഷ്യമെന്തെന്ന് തിരിച്ചറിഞ്ഞ്‌, മലയാള ബ്ലോഗ്‌ നിലനില്‍ക്കുന്ന കാലത്തോളം, ഇത്‌ തുടരണം.
4. സംഭാവനകള്‍ കുമ്പാരമാക്കുബോള്‍ ഏത്‌ പ്രസ്ഥാനവും ഗംഭീരമാവും. വഴികള്‍ പലതും നിരന്ന് പരന്ന് കിടക്കുവ, ധൈര്യമായി തിരുമാനിച്ചോളൂ.

എല്ലാം ഞാന്‍ തന്നെ എഴുതുന്നില്ല, പിറകെവരുന്നവര്‍ക്കും അഭിപ്രായിക്കനുള്ള സ്വാതന്ത്ര്യം നല്‍ക്കുന്നു. നിങ്ങളും പറയൂ.

ഡിസ്‌ക്ലയ്‌മര്‍:-
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിച്ച്‌, അരോപണങ്ങള്‍ മുഴുവന്‍ തലചുമടായി വിട്ടില്‍കൊണ്ട്‌ചെന്നിട്ട പാവപ്പെട്ടവരെയും, മിറ്റിന്റെ പേരില്‍ നടന്ന കോലാഹലങ്ങള്‍ക്ക്‌ നെഞ്ച്‌വിരിച്ച്‌ മറുപടി പറഞ്ഞ മുഴുവന്‍ സംഘാടകരെയുമാണ്‌, ഞാന്‍ മാതൃകയാക്കുവാന്‍ നിര്‍ദേശിച്ചത്‌.
---------------------------------------------
മലപ്പുറത്തെ ശില്‍പ്പശാലയുടെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും എറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്‌. മറഞ്ഞിരിക്കാനാണ്‌ ഇഷ്ടമെങ്കിലും, ഒരു നല്ല കാര്യത്തിന്‌ വേണ്ടി, എന്റെ ഇഷ്ടം ഇഷ്ടത്തോടെ ഉപേക്ഷിക്കുവാന്‍ ഞാന്‍ തയ്യറായാല്‍, എന്റെ പിന്നില്‍ എന്തും തുറന്ന് പറയുന്നവരായി, നിരന്ന് നില്‍ക്കുവാന്‍ നിങ്ങള്‍ തയ്യറാണെങ്കില്‍, പൂ മാലകളെകാള്‍, ചീ മുട്ടകള്‍ (ഏറിയരുത്‌, കൈയില്‍ പിടിക്കുവാനെ പാടുള്ളൂ) സ്വീകരിക്കുവാന്‍ തയ്യറായി ദാ, ഞാന്‍ റെഡി.

ഏറൂ, ഒന്ന് സപ്പോര്‍ട്ട്‌ ചെയ്യൂ. അരീക്കോടന്‍ മാഷെ, മന്‍സൂറെ, കൊണ്ടോട്ടി നേര്‍ച്ചയെക്കാള്‍ നമ്മുക്ക്‌ ഗംദീരമാക്കണം ഈ ബ്ലോഗ്‌ നേര്‍ച്ച.

Wednesday 11 June 2008

സുകുമാരന്‍ ചേട്ടന്‌ ഒരു തുറന്ന കത്ത്‌.

പ്രിയപ്പെട്ട സുകുമാരന്‍ ചേട്ട.

നേരിട്ട്‌ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും, തമ്മില്‍ സംസാരിച്ചിട്ടില്ലെങ്കിലും, സൗഹൃദം കാത്ത്‌ സൂക്ഷിക്കുന്നില്ലെങ്കിലും ഞാന്‍ ബ്ലോഗില്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ്‌ നിങ്ങള്‍.

പല പ്രശ്നങ്ങളിലും അങ്ങയുടെ ബ്ലോഗ്‌ പരമായ അഭിപ്രായങ്ങളെ, ഒരു സാധരണകാരന്റെ വക്രബുദ്ധിയോടെ, തലതിരിഞ്ഞ്‌ ചിന്തിക്കുന്നവനായത്‌കൊണ്ട്‌, തലകുത്തിനിന്ന് നോക്കിയപ്പോള്‍ തോന്നിയ സംശയങ്ങള്‍ എനിക്കുണ്ടായിരുന്നു. ശരിയാണെന്ന അവകാശവാദമില്ലാതെ, ശരിയാവുമോ എന്ന ഭയം കാരണം, സംശയ ദൂരികരണത്തിന്‌ ശ്രമിച്ചിരുന്നു.

ചില സംശയങ്ങളെ അങ്ങ്‌, വ്യക്തിപരമായ അധിക്ഷേപമായി കാണുന്നു എന്ന തോന്നലില്‍ നിന്നാണ്‌ ഈ കത്തിന്റെ ഉല്‍ഭവം.

നേരത്തെ സൂചിപ്പിച്ച പോലെ, നാം തമ്മില്‍ നേരിട്ട്‌ ഒരു പരിചയവുമില്ല. വ്യക്തിപരമായി നിങ്ങള്‍ എന്റെ ശത്രുവുമല്ല. ആശയങ്ങള്‍ രണ്ടറ്റത്താണെന്നത്‌ സത്യം. പക്ഷെ നിങ്ങള്‍ എന്നെ നിങ്ങളുടെ ശത്രുപക്ഷത്താണ്‌ കാണുന്നതെന്ന്, നിങ്ങളുടെ രാജിവെച്ച്‌കൊണ്ടുള്ള പോസ്റ്റ്‌ സൂചിപ്പിക്കുന്നു.

നിങ്ങളുടെ ആശയങ്ങളെ ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല, മറിച്ച്‌ അതില്‍ എന്റെ സംശയങ്ങള്‍ ചോദിക്കുക മാത്രമാണ്‌ ഞാന്‍ ചെയ്തത്‌. എന്നിട്ടും....

എന്റെ സംശയങ്ങള്‍ക്ക്‌ മറുപടി പറയാതെ കമന്റ്‌ പെട്ടി അടച്ച്‌പൂട്ടുകയും, പിന്നിട്‌ രാജി പ്രഖ്യാപിക്കുകയും ചെയ്തത്‌ ശരിയാണോ?. ധീരനായി നിന്ന് പറയാനുള്ളത്‌ പറയാതെ, എന്നെ അക്ഷേപിച്ചു എന്ന കാരണം പറഞ്ഞ്‌ അങ്ങ്‌ പോകുബോള്‍, സത്യത്തില്‍ എന്താണ്‌ ഞാന്‍ മനസിലാക്കേണ്ടത്‌?.

ബ്ലോഗ്‌ എന്നത്‌ എന്താണെന്ന് ബഹുഭൂരിപക്ഷം ബ്ലോഗര്‍മാര്‍ക്കും അറിയില്ലെന്ന സത്യം ഞാന്‍ നിങ്ങളിലൂടെ മനസിലാക്കുന്നു.

മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നവരെയും, പുതുതായി വരുന്നവരെയും ഇവിടുന്ന് ഉദ്ധരിച്ച്‌ തുടങ്ങണം. ബ്ലോഗെന്നാല്‍, എന്തും, ഒരിക്കല്‍ കൂടി, എന്തും എഴുതാനുള്ള, അതിവിശാലമായ ലോകമാണ്‌. നിയമങ്ങളില്ല, നിയമപാലകരില്ല. അതാണ്‌ ബ്ലോഗിലെ സ്വാതന്ത്രം.

യുക്തിവാദികളും, വിശ്വാസികളും, ഇടതനും വലതനും ന്യൂട്രനും, യുവാകളും വൃദ്ധരും കുഞ്ഞുങ്ങളും, വല്‍സ്യയന സുക്തങ്ങള്‍ക്കോപ്പം തന്നെ, ബൈബിളും ഖുര്‍ആനും, ഭഗവത്‌ ഗീതയും, കൈകോര്‍ത്ത്‌ പിടിച്ച്‌ നടക്കുന്നതാണ്‌ ബ്ലോഗ്‌. ഒരാളുടെ അഭിപ്രായങ്ങളെ, ചിന്തകളെ, പ്രശംസിക്കുന്നത്‌ പോലെ തന്നെയാണ്‌, അതിനെ ചോദ്യം ചെയ്യുന്നവനുള്ള കഴിവും. അതംഗീകരിക്കുന്നിടത്താണ്‌ സ്വാതന്ത്രത്തിന്റെ വാതില്‍ കിടക്കുന്നത്‌. എനിക്ക്‌ ശരിയെന്ന് തോന്നിയ പലതും, ബ്ലോഗിലൂടെയാണ്‌ തെറ്റാണെന്നറിഞ്ഞത്‌.

വിഷമമുണ്ടാക്കുന്ന കമന്റുകളും പോസ്റ്റുകളും തള്ളികളയാനുള്ള മനോധൈര്യം ഒരോ ബ്ലോഗറുടെയും കൈവിരല്‍ തുമ്പിലിരിക്കുന്ന കാലത്തോളം, ആരെ, എന്തിനെ ഭയക്കണം.

പറഞ്ഞ്‌വന്നത്‌, അങ്ങയുടെ തീരുമാനം, എന്റെ അഭിപ്രായങ്ങളോ, വിമര്‍ശനങ്ങളോ കാരണമാണെങ്കില്‍, വിങ്ങുന്ന ഹൃദയത്തോടെതന്നെ, ഞാന്‍ അങ്ങയോട്‌ മാപ്പ്‌ ചോദിക്കുകയും, മടങ്ങിവരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. എന്റെ പോസ്റ്റുകളോ, കമന്റുകളോ വ്യക്തിപരമായി കാണരുത്‌. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഖേദത്തോടെ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു.

Monday 9 June 2008

അനോനിക്കെന്താ കൊമ്പുണ്ടോ?.

അനോനിക്കെന്താ കൊമ്പുണ്ടോ?.

ബൂലോകത്‌ പേര്‌വെളിപ്പെടുത്തുവാന്‍ അഗ്രഹിക്കാത്തവരെ മുക്കാലില്‍കെട്ടിയടിക്കണമെന്നും, ഓര്‍ക്കുട്ടില്‍നിന്നും അവരുടെ പ്രാഫൈല്‍ നിക്കണമെന്നും, അവരുമായുള്ള സൗഹൃദം അവസാനിപ്പിച്ച്‌ പടിയടച്ച്‌ പിണ്ഡം വെക്കണമെന്നും, അവശ്യമെങ്കില്‍ അനോനികളുടെ ആത്മാവിനെ പിടിച്ച്‌ പാലമരത്തില്‍ ആണിയടിച്ച്‌ ബ്ലോഗിലിടുമെന്നും പറയുന്നത്‌ കേട്ടു.

എന്നും അനോനികള്‍ ബൂലോകത്ത്‌ ഒരു വിവാദ വിഷയമാണ്‌. ഈ അനോനികളുടെ ഒരു കാര്യം.

എന്ത്‌കൊണ്ട്‌ ഞാന്‍ അനോനിയായി, എന്ത്‌കൊണ്ട്‌ അങ്ങനെതന്നെ തുടരുന്നു എന്നിത്യാധി കാര്യങ്ങളും കാരണങ്ങളും ബൂലോകത്ത്‌ നിരന്ന് പരന്ന് കിടക്കുകയാണ്‌.

പുതിയതായി ബീരാന്‍ കുട്ടിക്ക്‌ പറയാനുള്ളത്‌, ഈയിടെ ബ്ലോഗ്‌ അക്കാഡമിയുമായി ചേര്‍ന്ന് പേരുള്ളവരുടെ ഒരു ഗ്രൂപ്പ്‌ രുപീകരിക്കുമെന്ന് പറയുന്നത്‌ കേട്ടു, കേട്ട പാതി, ഞാന്‍ കീബോര്‍ഡെടുത്ത്‌ ബ്ലോഗില്‍ കയറി.

ഗ്രൂപ്പുകള്‍ രുപീകരിക്കുന്നത്‌ വളരെ നല്ല കാര്യമാണ്‌. പക്ഷെ, അത്‌ അക്കാഡമിയുടെ ചുരും ചൂടും തട്ടിയാവരുത്‌. അങ്ങനെ വന്നാല്‍ അദ്യം ബീരാന്‍ ഒരു ഗ്രൂപ്പുണ്ടാക്കും. അനോനി ഗ്രൂപ്പ്‌. തൂലിക നാമത്തില്‍ അറിയപ്പെടാന്‍ തന്നെയാണ്‌, മഹാ, ബഹു ഭൂരിപക്ഷം ബ്ലോഗര്‍മാരുടെയും അഗ്രഹം. അതിന്‌ വിലങ്ങ്‌ തടിയായി ഏത്‌ പ്രസ്ഥാനം വന്നാലും എതിര്‍ക്കപ്പെടണം. എതിര്‍ക്കും.

സ്വകാര്യമായിട്ട്‌ ഒരു കാര്യം പറയട്ടെ, സ്വന്തം പേരിലെഴുതുന്നവര്‍, ചില പ്രശ്നങ്ങളില്‍, സന്ദര്‍ഭങ്ങളില്‍, കാവിയുടുത്ത്‌ കാശിക്ക്‌ പോവാറുണ്ട്‌. ഒന്ന് രണ്ട്‌ വര്‍ഷമായി ബീരാന്‍ ഇവിടെ തന്നെ ചുറ്റിതിരിയുന്നു. തൂലിക നാമത്തില്‍ എഴുതുന്ന പലരും പല പ്രശ്നത്തിലും അസാമന്യ തന്റേടത്തോടെ, ധീരതയോടെ പ്രതികരിക്കുകയും, അഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്‌. അപ്പോയോക്കെ, ഉറക്കം നടിച്ച്‌ കിടന്നുറങ്ങിയവര്‍ ഇപ്പോ ഗ്രൂപ്പുണ്ടാക്കുന്നു എന്ന വാര്‍ത്ത മുളയിലെ നുള്ളികളയുവാനുള്ള എന്റെ ഏളിയ ശ്രമമാണിത്‌.

ഒരു മുന്‍കൂര്‍ ജാമ്യപേക്ഷ.
ഇത്‌ ആരെയും വേദനിപ്പിക്കുവാനല്ല. വേദന തോന്നുന്ന ഒരു കാര്യത്തിലേക്കുള്ള വഴിയടക്കുവാന്‍ മാത്രം.

അനോനികളുടെ നിരന്തര ശല്യം കാരണം കഷ്ടപ്പെടുന്നവര്‍ ഇങ്ങനെ ചിന്തിച്ചതില്‍ തെറ്റില്ല. പക്ഷെ, അത്‌ ഭൂരിപക്ഷം വരുന്ന നിഷ്കളങ്കരും, നിരപരാധികളും, നിരാശ്രയരും, നിരാലംഭരും.... അങ്ങനെ എല്ലാമായ എന്നെപോലെയുള്ളവരെ തൂക്കികൊല്ലുന്നതിന്‌ സമമല്ലെ.

എഴുതുകാരന്‍ സാമുഹ്യ പ്രതിപദ്ധതയുള്ളവരാണെന്നാണ്‌ എന്റെ ഗുരുകന്മാര്‍ പഠിപ്പിച്ചത്‌. സമൂഹത്തിലെ തിന്മകളെ തുറന്ന് കാണിക്കുന്നവര്‍. ജീവിക്കുന്ന ചുറ്റുപാടില്‍തന്നെ ശുദ്ധികലശം തൂടങ്ങുന്നവരെ പേരിലെന്ന പേരില്‍ നിരുത്സാഹപ്പെടുത്തിയാല്‍, സത്യം ഒരിക്കലും പുറത്ത്‌പറയാന്‍ കഴിയാതെ പോവും. ബ്ലോഗിലൂടെ പെരുമഴകാലം സൃഷ്ടിക്കുന്ന പലരും, അഭിപ്രായം തുറന്ന്‌പറയുവാന്‍ കഴിയാതെ വിഷമിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.

എഴുത്തുകാര്‍ക്കും സംസ്‌കാരിക്‌ പ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താനാകും. നിര്‍ണായക ഘട്ടത്തിലൊക്കെ സടകുടന്ന് മുഖം നോക്കാതെ സത്യത്തിനൊപ്പം നില്‍ക്കാനുള്ള ആര്‍ജവം കാണിക്കണം - സാറാ ജോസഫ്‌.

എഴുത്തുകാര്‍ അധികാര സീമക്കു പുറത്ത്‌ നില്‍ക്കണം. ഇടതും വലതും പക്ഷം വേണ്ട. തിന്മക്കും അസമത്വത്തിനും അനീതിക്കുമെതിരെയുള്ള കലാപമാണ്‌ എഴുത്തുകാരുടെ ജീവിതം. അവരെന്നും പ്രതിപക്ഷത്താണ്‌, സത്യം വിളിച്ച്‌പറയാന്‍ ബാധ്യസ്ഥരായവര്‍ - പെരുമ്പടവം ശ്രീധരന്‍.

എഴുത്തുകാരന്‍ ഇപ്പോള്‍ സംസ്കാരിക ലാഭത്തിന്റെ ഉപഭോക്താവാണ്‌ അയാള്‍ സ്വതന്ത്രമായി ഒന്നും പറയുന്നില്ല. നിലനില്‍പിനും പ്രശസ്തിക്കും അടിമപ്പെട്ട്‌ ചില കാര്യങ്ങള്‍ പറയുക മാത്രമാണ്‌ ചെയ്യുന്നത്‌.

സത്യസന്ധമായ ഏതു രചനയും ജീര്‍ണ സമൂഹത്തിനെതിരെയുള്ള വിയോജനക്കുറിപ്പായിരിക്കും. - കെ.പി. അപ്പന്‍.

സാമുഹ്യ പ്രതിബദ്ധതയുള്ള നിരവധി കഥകളും കവിതകളും വിമര്‍ശനങ്ങളും ബ്ലോഗിലുള്ളത്‌ തൂലിക നാമത്തിലാണ്‌.

ഇനി, ഇതോന്നുമല്ല പ്രശ്നം, പേരുണ്ടെങ്കിലെ ബ്ലോഗ്‌ വായിക്കുകയുള്ളു എന്നാണ്‌ നിങ്ങളുടെ തീരുമാനമെങ്കില്‍, വായനക്കാരില്ലാതെ എന്ത്‌ ബീരാന്‍കുട്ടി. പക്ഷെ പേര്‌വെച്ചെഴുതുബോള്‍ വാക്കുകള്‍ ഫില്‍റ്ററിലിട്ട്‌ അരിച്ച്‌ വരും. അത്‌ പക്ഷെ എന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കും. തുറന്ന് പറയുവാന്‍ കഴിയാതെ എന്ത്‌ ബീരന്‍കുട്ടി.

ഇതോരു വിമര്‍ശനമല്ല, ഈ എളിയവന്റെ അപേക്ഷയാണ്‌. അതിത്തിരി ഗൗരവമുള്ളതായെങ്കില്‍ ക്ഷമിക്കുക. ബീരാന്‍കുട്ടി ബ്ലോഗില്‍ പിച്ചവെച്ച്‌ നടക്കുന്നവനണ്‌. നിങ്ങളില്‍ പലരും വല്യേട്ടന്റെ സ്ഥനത്താണ്‌. നിങ്ങളില്‍ പലരും എന്റെ സ്വപ്നങ്ങളിലെ നായകരാണ്‌. നിങ്ങളുടെ മുഖം കണ്ടിട്ടില്ലെങ്കിലും, മപ്രാണം ഷാപ്പും, വിമാനത്തിന്‌ നേരെ തോക്കുയര്‍ത്തിപിടിച്ച്‌, കൊടകര പാടത്ത്‌ കാത്തിരിക്കുന്നവനെയും, ഭാര്യ പ്രസവിക്കുന്നത്‌ നോക്കിനിന്നവനെയും, എങ്ങനെ ഞാന്‍ മറക്കും. അങ്ങനെ നൂറ്‌ നൂറ്‌ കഥപാത്രങ്ങളിലൂടെ നിങ്ങള്‍ എന്റെ മനസിലുണ്ട്‌. അത്‌ മായ്ച്ച്‌ കളയാന്‍ എതാക്കാഡമിക്കാവും, എത്‌ ഗ്രൂപ്പിനാവും?.

Sunday 8 June 2008

ബീരാന്‍ കോപ്പിയടിച്ചു.

കൊണ്ടോട്ടി മഹാ രാജ്യത്ത്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന മലയാളികളുടെ വളര്‍ച്ചയില്‍നിന്നും സാമ്പത്തിക ലാഭം കൊയ്യുക എന്ന ഉദേശവുമായി, ഞാന്‍ രൂപംകൊടുത്ത സൈറ്റാണ്‌, ചെറ്റാസ്‌ കുത്ത്‌ കോമ, സോറി, കോം.

മൂന്ന് നാല്‌ ലക്ഷം മലയാളികള്‍ അംഗങ്ങളായിട്ടുണ്ടെങ്കിലും, അല്ലറ ചില്ലറ പരസ്യങ്ങളുടെ വരമാനമുണ്ടെങ്കിലും ആഗോളാടിസ്ഥാനത്തിലുള്ള ഈ പ്രസ്ഥാനം നടത്തികൊണ്ട്‌ പോകുവാനുള്ള പ്രയാസത്തില്‍ നിന്നാണ്‌, മലയാളികള്‍ എഴുതുന്ന ബ്ലോഗില്‍നിന്നും വളരെ നല്ലത്‌ മാത്രം അടിച്ചെടുത്ത്‌ എന്റെ സൈറ്റില്‍ പ്രസിദ്ധീകരിക്കുകയെന്ന തന്ത്രം അവിഷ്കരിച്ചത്‌. എന്നിട്ടും ബാങ്ക്‌ ബാലന്‍സ്‌ പുരോഗതിയില്ലാതെ തുടര്‍ന്നപ്പോഴാണ്‌, നീല ചിത്രങ്ങളുടെ വിതരണം ഞാന്‍ എറ്റെടുത്തത്‌. നിര്‍മ്മാണം ആരാണെന്ന് ആരും ചോദിക്കില്ല. കേരളത്തില്‍ സ്വാമിമാരും അവര്‍ക്ക്‌ മുന്നില്‍ വി.ഐ.പി.കളുടെ ഭാര്യമാരും എന്തിനും തയ്യാറായി നിരന്നിരിക്കുബോള്‍, ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ സ്വാമിയുമായി യോജിച്ചത്‌ തെറ്റാണോ?. ബാങ്ക്‌ അക്കൗണ്ടുകള്‍ പലതരമായി രൂപപെട്ടപ്പോള്‍, രാഷ്ട്രിയകാരും ഉദ്യോഗസ്ഥരും എനിക്ക്‌ വിട്ടുവേലചെയ്യുവാന്‍ തയ്യാറായി നിരനിന്നതും തെറ്റാണോ?.

ചാരിറ്റി നടത്തുവാന്‍ നീല ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ വിതരണം ചെയ്ത ആദ്യത്തെ ആളും അങ്ങനെ ഞാനായി, എന്റെ സൈറ്റായി.

ഇടക്ക്‌ കോപ്പിയടിച്ചെന്ന് പറഞ്ഞ്‌, എന്റെ സൈറ്റിനെതിരെ പ്രതികരിച്ചവരെ, നിയമത്തിന്റെ നാലഞ്ച്‌ പോയന്റ്‌ ചുരുട്ടികാണിച്ച്‌ പേടിപ്പിച്ചു. സൈബര്‍ നിയമത്തിന്റെ നൂലമാലകളറിയാവുന്നവരും, പോലിസിനെ കണ്ടാല്‍ മൂത്രമൊഴിക്കുന്നവരുമായ മലയാളികളെ പേടിപ്പിക്കാന്‍ വേറെ വേലയെന്തിന്‌.

ബൂലോകത്ത്‌ കമ്മിഷന്‍ അടിസ്ഥാനത്തില്‍ എന്റെ എജന്റുമാര്‍ കറങ്ങി നടന്നു പ്രശ്നങ്ങള്‍ ലൈവായി എത്തിച്ച്‌തന്ന്‌കൊണ്ടിരുന്നു.

ഒരു പൊതുവേദിയോ, സംഘടനയോ, എന്തിന്‌ ഒരു കുട്ടിനേതാവ്‌ പോലുമില്ലാത്ത മലയാള ബ്ലോഗര്‍മാരെ എന്തും പറയമെന്നും ഭീഷണി മാത്രമല്ല, വധശ്രമം വരെ നടത്തമെന്നും എനിക്കറിയാം.

നാലഞ്ച്‌ ഐഡികള്‍ സ്വന്തമായുള്ള എനിക്ക്‌, ഒന്നില്‍ പ്രത്യക്ഷപ്പെട്ട്‌ ഒരു മാപ്പ്‌ പറഞ്ഞാല്‍, പന്തംകൊളുത്തി വന്ന പ്രകടനകാര്‍ തിരിച്ച്‌പോവുമെന്ന സത്യം മനസ്സിലാക്കിയാണ്‌ ഞാന്‍ അതിന്‌ ശ്രമിച്ചത്‌. മാപ്പ്‌ പറയാന്‍ എന്റെ പട്ടി പോവും.

ലോകത്ത്‌ ആദ്യമായി, അംഗങ്ങള്‍ കോപ്പിയടിക്കുന്നു എന്ന കാരണംപറഞ്ഞ്‌ ഞാന്‍ ഈ സൈറ്റ്‌ തല്‍കാലം പൂട്ടികെട്ടി വച്ചിരിക്കുകയാണ്‌. പ്രശ്നങ്ങളവസാനിക്കുബോള്‍ വീണ്ടും തുറക്കാം.

ഇനി, കേസായാല്‍ എനിക്ക്‌ പുല്ല, എന്റെ കേസ്സ്‌ അന്വേഷിക്കുവാന്‍ വരുന്നത്‌ ബീരാന്‍കുട്ടി എന്ന സര്‍ക്കിളാവും. അപ്പോ, നിങ്ങളുടെ വിധിയെന്താവും?.

മറ്റോരു പ്രശ്നം വരുബോള്‍ ബൂലോകം ഇത്‌ മറക്കും. ഞാന്‍ തുറക്കും.

മര്യാദക്ക്‌ ജീവിക്കുവാന്‍ തന്തക്ക്‌ പിറക്കണമെന്ന് പറയുന്നവരോട്‌, അതെന്റെ കുറ്റമാണോ?. അമ്മയുടെ കുറ്റമല്ലെ.

Tuesday 3 June 2008

ഹിഡന്‍ അജണ്ട

കുറുമാന്‍ജീക്ക്‌ ശേഷം ആര്‌ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനുള്ള ഗ്ലൂ തേടി (അങ്ങനെയും പറയാം) ബ്ലോഗായ ബ്ലോഗ്‌ മുഴുവന്‍ അലഞ്ഞ്‌ തിരിഞ്ഞ്‌ ഞാന്‍ നടക്കുന്ന സമയത്താണ്‌,

വരാനുള്ളത്‌ ഇലക്ട്രിക്ക്‌ പോസ്റ്റില്‍ തങ്ങില്ല എന്ന് പറഞ്ഞ പോലെ, ദാ, ഞാന്‍ ഇവിടെയുണ്ട്‌, എന്ന് വളരെ സൗമ്യനായി ഒരാള്‍ പറഞ്ഞത്‌.

ഇന്നത്തെ മലയാള സംവിധായകരുടെ കൈയില്‍ കിട്ടിയാല്‍ ഒരു മുഴുനീള സിനിമയുടെ കഥ നിര്‍മ്മിക്കുവാനുള്ള സ്കോപ്പ്‌ ചവിട്ടികൂട്ടി എതാനും വരികളില്‍ പറഞ്ഞിരിക്കുന്നു ഈ സ്നേഹിതന്‍.

പാളിച്ചകളുണ്ടെങ്കിലും ഒരു തുടക്കകാരനെന്നനിലയില്‍ സ്നേഹിതന്റെ ഹൃദയസ്പര്‍ശിയായ കഥ എന്നെ ആകര്‍ഷിച്ചു എന്ന് പറയാതെ വയ്യ.

ഇദേഹത്തിന്റെ കഴിവുകള്‍ വലിച്ചെടുത്ത്‌, ഇടിച്ചി പരത്തി, ഒരു പരുവത്തിലാക്കുകയെന്ന മഹത്തായ ദൗത്യം നമ്മുക്കുണ്ടെന്ന് ഈ എളിയവന്‍ വിശ്വസിക്കുന്നു.

ആശംസകള്‍ മാത്രം പോര, കുറവുകളും പരിഹാരങ്ങളും നിര്‍ദേശിച്ച്‌, വിശാലമായ ഈ ലോകത്തിലേക്ക്‌ നമ്മുക്ക്‌ സ്വാഗതം ചെയ്യാം ഈ സ്നേഹിതനെ.

പുതിയ ബ്ലോഗേയ്സിനെ പരിചയെപ്പെടുത്തുകയും നിങ്ങളുടെ കണ്ണില്‍ അവരെ എത്തിക്കുകയും ചെയ്യുകയെന്ന എന്റെ ഹിഡന്‍ അജണ്ടയുടെ ഒന്നാം എപ്പിസോഡ്‌ വന്‍ വിജയമാക്കിയതിന്റെ പശ്ചതലത്തില്‍, ബൂലോകത്തെ കൂടപിറപ്പുകളാരും എന്നെ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ഈ സ്നേഹിതനെയും ഞാന്‍ ബൂലോക സമക്ഷം എളിമയോടെ സമര്‍പ്പിക്കുന്നു.

Monday 2 June 2008

നല്ലോരു രസികന്‍ ബ്ലോഗ്‌

രാവിലെ തന്നെ കട്ടന്‍ ചായയും കുടിച്ച്‌, ഒരു ദിനേശ്‌ ബീഡി വലിച്ച്‌, ഇന്ന് ആരുടെയോക്കെ അടികൊള്ളണമെന്ന് ചിന്തിച്ച്‌, ബ്ലോഗ്‌ തുറന്നപ്പ്പ്പോഴാണ്‌....
ബൂലോകത്തിന്റെ കോണിപടിക്ക്‌ താഴെ, ഒരാളിരുന്ന് കരയുന്നു. ഒട്ടും പരിചയമില്ലെങ്കിലും അയാളുടെ കരച്ചില്‍ നല്ല പരിചിത ശബ്ദം പോലെ.

ബൂലോകത്ത്‌ ഒരു പ്രശ്നമുണ്ടാക്കാനും, പ്രശ്നം പ്രശ്നമാവുബോള്‍ അതി വിദക്തമായി മുങ്ങാനും അതീവ സമര്‍തനായതിനാല്‍, പുലികളോക്കെ എന്നെ തലയിലേറ്റി നടക്കുന്ന കാലം. അനോനികളുടെ സംസ്ഥാന അധ്യക്ഷന്റെ കസേര തലയിലുള്ളതിനാല്‍ അല്‍പ്പം തലയെടുപ്പോടെ തന്നെ ചോദിച്ചു. "ന്തൂട്ടാ തന്റെ ബ്ലോഗിന്റെ പേര്‌"

എതായാലും വേറെ പണിയോന്നുമില്ല, ന്നാല്‍ ഒന്ന് കേറികളായമെന്ന് കരുതി, രഹുകാലം നോക്കി, ഇടത്‌കാല്‍ വെച്ച്‌ കയറി.

രണ്ടെ, രണ്ട്‌ കഥകള്‍, ആരും കമന്റിയിട്ടില്ലാത്തത്‌കൊണ്ട്‌ അടിച്ച്‌മാറ്റാന്‍ നോക്കി. അത്രക്ക്‌ പെര്‍ഫെക്റ്റായി കാഥപാത്രങ്ങള്‍ ബ്ലോഗില്‍ നിറഞ്ഞ്‌ നില്‍ക്കുന്നു. ഈ ജന്മം തലകുത്തി നിന്നപോലും ഇതിന്റെ ഏയ്യയലത്ത്‌ നില്‍ക്കുന്ന ഒരു കഥ എന്റെ കീബോര്‍ഡില്‍നിന്നും വരില്ലെന്നറിയാവുന്നത്‌കൊണ്ട്‌, തലകുനിച്ച്‌ ഞാന്‍ പുറത്തിറങ്ങി.
---------------
ബൂലോകരുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലാത്ത ഒരു ബ്ലോഗിന്റെ പരസ്യമാണിത്‌. എഴുത്‌ ബീരാന്‍കിട്ടിക്ക്‌ ഇഷ്ടമായത്‌കൊണ്ട്‌, അത്‌ നാലാളെ അറിയിക്കണെമെന്നുണ്ട്‌. മാത്രമല്ല, രസികന്‌ അല്ലറ ചില്ലറ സഹായങ്ങളും ആവശ്യമാണ്‌.

ദാ, ഇതാണ സാധനം ഒട്ടും നിരാശപെടേണ്ടി വരില്ല.
നമ്മുക്ക്‌ സ്വാഗതം ചെയ്യാം. ഈ പ്രതിഭയെ.