Sunday, 17 May 2009

മരുഭൂമിയിൽ നിന്നും

മരുഭൂമിയിൽ നിന്നും

മരുഭൂമിയിലെ ചൂട്‌ സഹിക്കുവാൻ തുടങ്ങിയിട്ട്‌ വർഷം നാല്‌ കഴിഞ്ഞപ്പോൾ, നാട്ടിൽനിന്നും വരുബോൾ തലയിലേറ്റി വന്ന ബാധ്യതകളും പ്രാരാബ്ദങ്ങളും പ്രശ്നങ്ങളും റിയാലിന്റെ ബലത്തിൽ തരണംചെയ്തപ്പോൾ, എല്ലാ പ്രവാസികളെയുംപോലെ, എനിക്കും തോന്നി ഇനി ഒന്ന് നാട്ടിൽ പോവാമെന്ന്. നിക്കാഹ്‌ കഴിഞ്ഞ്‌ വെറും മൂന്ന് മാസം മാത്രം കൂടെകഴിഞ്ഞ ഭാര്യയോട്‌ സ്നേഹം ഇല്ലാഞ്ഞിട്ടല്ല. ദാബത്യജീവിതത്തിന്റെ ചൂടും കുളിരുമറിയുവാൻ മനസ്സ്‌ അഗ്രഹിക്കാഞ്ഞല്ല. മലവെള്ളംപോലെ കിട്ടുന്നത്‌ മുഴുവൻ കുത്തിയോലിച്ച്‌ നാട്ടിലേക്ക്‌ തന്നെ പോവുമ്പോൾ, ഭാര്യ എനിക്ക്‌ വെറും സ്വപ്നമായി മാത്രം മാറി. ജീവിതം മരിചികയും.

റീ എന്റ്രി അടിപ്പിക്കുവാൻ ഇക്കാമയുമായി അറബിയുടെ അടുത്തെത്തി. പകുതി മലയാളവും, കാൽ ഭാഗം ഇഗ്ലിഷും ബാക്കി മുഴുവൻ അറബിയും കൂട്ടിചേർത്ത്‌ ഞാൻ പറഞ്ഞ കഥയിൽ തീരെ വിശ്വാസം വന്നിട്ടില്ലെന്ന് അവന്റെ മുഖം വിളിച്ച്‌പറഞ്ഞിരുന്നു. എങ്കിലും ഇക്കാമ വാങ്ങി, രണ്ട്‌ ദിവസംകൊണ്ട്‌ റീ എന്റ്രി അടിച്ച്‌ തരാമെന്നവൻ പറഞ്ഞപ്പോൾ, മാനത്ത്‌ മാരിവില്ലുകൾ വിടർന്നു. വീശിയടിച്ച മണൽകാറ്റിനും സുഗന്ധമായിരുന്നു.

രണ്ട്‌ ദിവസം എങ്ങനെ തള്ളിനീക്കിയെന്നറിയില്ല. എത്രവലിച്ച്‌നീട്ടിയിട്ടും ദിവസത്തിന്‌ പിന്നെയും നീളം ബാക്കി. അത്യാവശ്യം ചില്ലറ സാധനങ്ങളിലൊതുക്കി യാത്രാ. വാങ്ങുവാൻ വിഭവങ്ങൾ സുലഭമെങ്കിലും, എണ്ണിതിട്ടപ്പെടുത്തിയ റിയാലുകൾ തടസ്സം നിന്നു.

മുന്നാം ദിവസം അറബിവന്നു. കൈയിൽ പാസ്പോർട്ട്‌ കണ്ടപ്പോഴെ മനം കുളിർത്തു. മരുഭൂമിയിൽ മഴക്കാറുകൾ ഉരുണ്ട്‌കൂടുകയായിരുന്നു.

എന്നെ കണ്ടതും, സ്വതസിദ്ധമായ ഡി.ഡി ശബ്ദത്തിൽ അവൻ പറഞ്ഞത്‌ മനസിലായിലെങ്കിലും വച്ച്‌നീട്ടിയ പാസ്പോർട്ട്‌ ഞാൻ വാങ്ങി. കൂടെയുള്ള ഹാജിയാരാണ്‌ കാര്യങ്ങൾ പറഞ്ഞത്‌.

"ബീരാനെ നിന്റെ പാസ്പോർട്ടിന്റെ ഡേറ്റ്‌ കഴിഞ്ഞിട്ട്‌ നാലഞ്ച്‌ മാസമായി. അത്‌ ആദ്യം പുതുക്കണം. എന്നിട്ടെ റി എന്റ്രി അടിക്കുവാൻ കഴിയൂ"

കാർമേഘങ്ങൾ മാനത്ത്‌നിന്നും തെന്നിനിങ്ങി. ദൂരെ എവിടെയോ ആർത്തലച്ച്‌ വരുന്ന മണൽകാറ്റിന്റെ ഇരമ്പൽ.

പ്രതീക്ഷയുടെ കൈത്തിരികൾ വീണ്ടും തലനീട്ടിയത്‌ ഹാജിയാരുടെ വാക്കുകൾ കേട്ടപ്പോഴാണ്‌.

"നീ എന്തിനാ ബീരാനെ ടെൻഷനാവുന്നത്‌. പാസ്പോർട്ട്‌ രണ്ട്‌ ദിവസംകൊണ്ട്‌ പുതുക്കി കിട്ടും. നീ നാളെ തന്നെ എംബസിയിൽ പോയി പാസ്പോർട്ട്‌ പുതുക്ക്‌".

വൈകുന്നേരം, പതിവ്‌ സംഭാഷണത്തിന്‌ ചൂടും ചൂരം കുറവെന്ന് ഭാര്യ. ഇടറുന്ന സ്വരത്തിൽ പതിയെ കാര്യം പറഞ്ഞു. കേട്ടതും അവൾ പൊട്ടികരഞ്ഞു. ആശ്വസിപ്പിക്കുവാൻ വാക്കുകളില്ലാതെ, അതിനു കഴിയാതെ ഞാനും.

പിറ്റേന്ന് പുലർച്ചെ തന്നെ എംബസിയിലെത്തി പാസ്പോർട്ട്‌ നൽകി. രണ്ട്‌ ദിവസംകൊണ്ട്‌ തിരിച്ച്‌ തരുമെന്ന ഉദ്യോഗസ്ഥന്റെ വാക്കുകൾ വീണ്ടും എന്റെ കാതിൽ കുളിർമഴയായി പെയ്തിറങ്ങി.

രണ്ട്ദിവസത്തിന്‌ ശേഷം, വീണ്ടും എംബസിയിലെത്തി. രസീത്‌ നൽകി കാത്തിരുന്ന എന്നെ വിളിച്ച്‌ ഉദ്യോഗസ്ഥൻ പറഞ്ഞത്‌, തീ മഴയായി കാതുകളിലലച്ചു.

"ബീരാൻ, നിങ്ങളുടെ പാസ്പോർട്ട്‌ വെരിഫിക്കേഷനു വേണ്ടി ഞങ്ങൾ നാട്ടിലയച്ചിരുന്നു. എവിടുന്ന് റിപ്പോർട്ട്‌ കിട്ടിയത്‌ ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പില്ല എന്നാണ്‌. നിങ്ങൾ കൗൺസുലറെ പോയി കാണൂ".

കൈകാലുകളിൽ മരവിപ്പ്‌, തൊണ്ടവരളുന്നു. ശരീരത്തിന്റെ ഭാരംതാങ്ങുവാൻ കഴിയാതെ കാലുകൾ തെന്നിനിങ്ങുന്നു. ചുട്ട്‌പൊള്ളുന്ന മണൽകാട്ടിൽ കിടന്ന് ഞാൻ കണ്ട സ്വപ്നങ്ങൾ വെറുതെയാവുമോ?. നിലാവുള്ള രാത്രികളിൽ തീരംതേടി കരയറിയാതെ തുഴയുവാൻ വെമ്പിയത്‌ വെറുതെയാവുമോ?.

നിരാശ്രയനായി കൗൺസുലറുടെ മുന്നിലെത്തി കാര്യങ്ങൾ പറഞ്ഞു. ഫയലെടുത്ത്‌ നിവർത്തി അദ്ദേഹം പറഞ്ഞത്‌, ഇത്‌ ഞങ്ങളുടെ തെറ്റല്ല, നാട്ടിൽ വെരിഫിക്കേഷന്‌ വേണ്ടി അയച്ചപ്പോൾ, അവിടുന്ന് കിട്ടിയ റിപ്പോർട്ടാണ്‌ ഈ പാസ്പോർട്ടിലെ അഡ്രസ്‌ വ്യാജമാണെന്നും, ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പില്ലെന്നും പോലിസുകാരാൻ റിപ്പോർട്ട്‌ നൽകിയെന്ന്. ഞാൻ പാസ്പോർട്ടെടുത്ത കഥ ഞാൻ കോൺസുലറോട്‌ പറഞ്ഞു. പക്ഷെ അയാൾക്കൊന്നും ചെയ്യുവാനില്ലെന്ന്. ഞാൻ എന്റെ എല്ലാ സർട്ടിഫിക്കറ്റുകളും അയാളെ കാണിച്ചു. പക്ഷെ റേഷൻ കാർഡും മറ്റു വിവരങ്ങളും നാട്ടിലെ പാസ്പോർട്ടോഫിലെത്തിക്കുവനാണ്‌ അയാൾ നിർദ്ദേശിച്ചത്‌.

നാട്ടിലന്വേഷിച്ച്‌ വേണ്ട കാര്യങ്ങൾ ചെയ്തു. അവർ ബാക്കികാര്യങ്ങൾ ഇവിടെ അന്വേഷിക്കുവാൻ പറയുന്നു. ഇവിടെ അവർക്ക്‌ വിവരമൊന്നുമില്ലെന്ന്. ഇതിനിടെ മാസങ്ങൾ പലതും കടന്ന്പോയി. പുനർസമാഗമത്തിന്റെ മധുരിക്കുന്ന സ്വപ്നങ്ങൾ വാടികരിഞ്ഞു. ചില്ല്‌കൊട്ടാരം പടുത്തുയർത്തുവാൻ വിധിക്കപ്പെട്ട പ്രവാസികളിൽ ഒരുവനായി ഞാനും, കാൽകീഴിൽ തകർന്ന്‌കിടക്കുന്ന സ്വപ്നങ്ങളുടെ ഭാണ്ഡവും നോക്കിയിരിക്കുന്നു.

ഇനി എത്രനാൾ എന്നറിയില്ല. ആര്‌ എന്നോട്‌ കനിയും എന്നും അറിയില്ല. മോഹങ്ങളോക്കെയും ഉരുകിയോലിച്ച്‌തീർന്നു പോയി. എല്ലാം നഷ്ടപ്പെട്ടവനെന്ന് പറഞ്ഞ്‌, അഭയാർത്ഥിയായി പോലിസിന്‌ കീഴടങ്ങിയാൽ, ഏതാനും ദിവസം ജയിലിൽ കിടന്നിട്ടായാലും നാട്ടിലെത്തുവാൻ കഴിയുമെന്ന ചിന്തയും വളരുന്നു, പക്ഷെ കഴിയില്ല, ബാക്കിയാക്കിയ ബാധ്യതകളുടെ അമരക്കാരനായി ഞാൻ ഈ തീരത്ത്‌ നിന്നെപറ്റൂ. എത്രനാൾ എന്നറിയാതെ.
-----------------
ഈ കഥ ഒരു യഥാർത്ഥ സംഭവമാണ്‌. ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന, രസചരടുകൾ ബ്ലോഗിൽ വാരിവിതറിയ ഒരു ബ്ലോഗറുടെ ആത്മകഥ. സഹായിക്കുവാൻ ആർക്കെങ്കിലുമാവുമെങ്കിൽ, എന്ത്ചെയ്യണമെന്ന് ചൂണ്ടികാണിക്കുവാൻ കഴിയുമെങ്കിൽ, സഹായിക്കുക.

കാക്കത്തോള്ളായിരം പ്രവാസി സംഘടനകൾ ഇവിടെ റിയാദിലുണ്ട്‌. അവരുടെ പ്രവർത്തനത്തെ സംശയത്തോടെ മാത്രം വീക്ഷിക്കുവാൻ ബ്ലോഗർമ്മാരെ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകം ഇതോക്കെതന്നെയാണ്‌. ബഹുഭൂരിപക്ഷം വരുന്ന പ്രവാസി ബ്ലോഗർമാർക്ക്‌ മുന്നിൽ എന്റെ സുഹൃത്തിന്റെ വേദന ഞാൻ എന്നാൽ കഴിയുന്ന രൂപത്തിൽ അവതരിപ്പിക്കുന്നു. ശേഷം....

അറബിപൊന്നും അത്തറും മാത്രമാണ്‌ പ്രവാസമെന്ന് ധരിക്കുന്ന, പ്രവാസികളെ അടച്ചധിക്ഷേപിക്കുന്ന ബ്ലോഗർമാരോട്‌, ഇത്തരം പല പ്രതിസന്ധികളും തരണം ചെയ്താണ്‌, ധീരമായി ജീവിതത്തെ നേരിട്ടാണ്‌ ഓരോ പ്രവാസിയും ജീവിക്കുന്നത്‌. സ്വയം ഉരുകിതീരുമ്പോഴും മറ്റുള്ളവർക്ക്‌ വെളിച്ചമായി മാറിയ ചാരിതാർത്ഥ്യത്തോടെ.

ഇനി ഞാൻ എന്ത്‌ ചെയ്യണം എന്ന ചോദ്യം ഇത്‌ വായിക്കുന്ന നിങ്ങൾക്ക്‌ മുന്നിലേക്ക്‌ ഞാൻ നീട്ടിവെക്കുന്നു.

Wednesday, 6 May 2009

എസ്‌ എസ്‌ എൽ സി പരീക്ഷ ഫലം

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന, എസ്‌ എസ്‌ എൽ സി പരീക്ഷ ഫലം നെറ്റില്ലൂടെ അറിയുവാൻ

>>>> ഇവിടെ ക്ലിക്കുക <<<<