Tuesday 29 April 2008

എന്റെ ബ്ലോഗ്‌ പുസ്തകമാക്കുന്നു.

എന്റെ ബ്ലോഗ്‌ പുസ്തകമാക്കുന്നു.

കേരളത്തിലെ പ്രസിദ്ധമായ പുസ്തക പ്രകാശന കമ്പനി എന്റെ ബ്ലോഗ്‌ പുസ്തകമാക്കുവാന്‍ തിരുമാനിക്കുകയും, പുസ്തകത്തിന്റെ പ്രചരണാര്‍ഥം ഞാന്‍ ഒരു ഗള്‍ഫ്‌ പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.

ദുബൈയിലെ ബ്ലോഗര്‍മാരുടെ സ്ഥിരം ഐറ്റമായ മുണ്ടിട്ട്‌ പിടുത്തത്തിന്‌ ശേഷം, ആ മുണ്ട്‌ എന്നോട്‌ തിരിച്ച്‌ വാങ്ങുവാന്‍ സംഘാടകര്‍ ശ്രമിച്ചത്‌ വേദിയില്‍ ചില്ലറ കശപിശക്ക്‌ ഇടയാക്കി എന്നതൊഴിച്ചാല്‍ പരിപാടി ഗംഭീര വിജയമായിരുന്നു. എന്റെ ബ്ലോഗിനെക്കുറിച്ചുള്ള പ്രസംഗത്തിന്റെ ലഹരിയില്‍ കാണികളും സംഘാടകരും കസേരയെടുത്തെന്നെയെറിഞ്ഞത്‌, പ്രതികാരമല്ലെന്നും, പ്രതികരണം മാത്രമാണെന്നും ഹോസ്പിറ്റലിലെ ബില്ല് കണ്ട്‌കണ്ണ്‌ തള്ളിയപ്പോഴാണ്‌ മനസ്സിലായത്‌.

തിരിച്ച്‌ ചെന്നൈയിലും ബാംഗ്ലൂരിലും ഓരോ പരിപടികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ്‌, ബീപാത്തു ആ കാര്യം എന്നോട്‌ പറഞ്ഞത്‌.

"അതെ, ഇങ്ങള്‌ ഇങ്ങനെ മണ്ടി പാഞ്ഞി നടന്നിട്ട്‌ ഇങ്ങളെ ലീവ്‌ തീര്‍ന്നത്‌ അറഞ്ഞോ?."

ഒരു മാസത്തെ ലീവിന്‌ നാട്ടില്‍ വന്ന ഞാന്‍ വീട്ടില്‍ കഴിഞ്ഞത്‌ ചുരുക്കം ചില ദിവസങ്ങളാണെന്നതിന്റെ ദേഷ്യം കൂടി അവള്‍ പ്രകടിപ്പിച്ചു. ഓടിപിടിച്ച്‌ ട്രാവല്‍സില്‍ ചെന്നപ്പോഴാണറിയുന്നത്‌, അടുത്ത രണ്ടാഴ്ചക്ക്‌ ജിദ്ധയിലേക്ക്‌ ടിക്കറ്റില്ലെന്ന്.

പുസ്തകം പ്രസിദ്ധീകരിച്ചില്ലെങ്കിലും വേണ്ടില്ല, ജോലി പോവാതിരുന്നാല്‍ മതിയായിരുന്നു. സകല നേര്‍ച്ചകാരെയും വിളിച്ച്‌ പ്രാര്‍ഥിക്കുകയും അവരുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. കൈക്കൂലിയ്യുടെ ഉസ്താദുമാരായ നേര്‍ച്ചക്കാര്‍ക്ക്‌ വേണ്ടി, ഞാനും സംതിങ്ങ്‌ കൊടുക്കാമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പല നേര്‍ച്ചകളും കാണിക്കകളും ഓവര്‍ ഡ്യൂവാണെന്ന സത്യം അറിഞ്ഞ്‌കൊണ്ട്‌ തന്നെ.

വിസയുടെ കാലവധിതീരാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ, വിമാനത്താവളത്തിലെത്തി, ടിക്കറ്റെടുത്ത ആരെങ്കിലും എയര്‍പേര്‍ട്ടിലേക്ക്‌ വരുന്ന വഴി യാത്രമുടങ്ങിയോ എന്നറിയുവാന്‍ ഞാന്‍ കാത്തിരുന്നു. നിരാശനായി കരിപ്പുരില്‍നിന്നും ജിദ്ധയിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം പറന്നുയരുന്നത്‌ ഞാന്‍ നിറമിഴികളോടെ നോക്കിയിരുന്നു.

തിരിച്ച്‌ വിട്ടിലെത്തിയതും, എന്റെ ബ്ലോഗിലെത്തി എന്നെ എഴുതുവാന്‍ പ്രോല്‍സാഹിപ്പിച്ച, ബ്ലോഗ്‌ എഴുതുവാന്‍ എന്നെ സഹായിച്ച എല്ലാവരെയും ഞാന്‍ പ്രാകി. അടുത്ത ശില്‍പ്പശാല മലപ്പുറത്ത്‌ വെച്ച്‌ നടത്തണമെന്നും, അതിന്റെ ചുക്കാന്‍ ഞാന്‍ പിടിക്കണമെന്നും പറഞ്ഞ സുഹൃത്തിനെ ചവിട്ടുവാന്‍ വേണ്ടി കാലുയര്‍ത്തിയതാണ്‌, പക്ഷെ....

അടുത്ത്‌ കിടന്നവന്റെ നാഭിക്കാണ്‌ ചവിട്ടേറ്റത്‌. ഉറക്ക ചടവില്‍നിന്നും എഴുന്നേറ്റ്‌ അവന്‍ ചോദിച്ചു. "എന്താ ബീരാനെ അനക്ക്‌. എന്താ പറ്റീത്‌. ഇജി രണ്ടീസായിട്ട്‌ എന്തോക്കെയോ ഉറക്കത്തില്‍ പിച്ചിം പെയെം പറയണ്‌ണ്ടല്ലോ, ഇന്‍ക്ക്‌ രാവിലെ പണിക്ക്‌ പോവാന്‌ള്ളതാ. എന്ന് ഇജി ബ്ലോഗ്‌ തോടങ്ങിയോ അന്ന് തോടങ്ങീതാ അന്റെ ഈ ചവുട്ടും കുത്തും. ബ്ലോഗിലെന്താ അന്നെ കാരാട്ട പഠിപ്പിച്ച്‌ണ്ടോ?."
-------------------------------------------------------
അങ്ങനെ ഇന്ന്, ഈ ബൂലോകത്ത്‌ ഞാനും ഒരു വയസ്സ്‌ പൂര്‍ത്തിയാക്കുന്നു.

ആദരവോടെ, ബഹുമാനത്തോടെ ഓര്‍ക്കുവാന്‍ ഒരുപാട്‌ മുഖങ്ങളുണ്ട്‌, സഹായിക്കുകയും ഉപദേശിക്കുകയും ചെയ്തവര്‍. ക്ഷമയോടെ എന്നെ ബ്ലോഗാന്‍ പഠിപ്പിച്ചവര്‍. എല്ലാവര്‍ക്കും നന്ദി.

അന്യന്‍ നിന്ന് പോവുന്ന കൊണ്ടോട്ടി സ്ലാഗില്‍ ഞാന്‍ എഴുതിയത്‌ വായിക്കുബോള്‍, എന്റെ പൂര്‍വ്വികരുടെ സ്മരണ എന്നിലുയരുന്നു. വരും തലമുറക്ക്‌ വേണ്ടി അതില്‍ ചിലത്‌, ചിലത്‌ മാത്രം ഞാന്‍ ഇവിടെ ബാക്കിയാക്കുന്നു. ഉറങ്ങികിടന്ന എന്റെ ബാല്യകാലവും, വിടരാതെകൊഴിഞ്ഞ എന്റെ സ്വപ്നങ്ങളും ഇവിടെയുണ്ട്‌. അത്‌ നട്ട്‌ നനച്ച്‌ ലോകത്തിന്റെ പലകോണിലുമെത്തിച്ചതിന്‌ google-നും ഞാന്‍ നന്ദി പറയുന്നു.

എന്റെ അക്ഷരത്തെറ്റുകളില്‍ ചവിട്ടി കാലിടറിവീണ്‌ പരിക്കേറ്റവരെ, കൈവിട്ട്‌ പോയ കഥയുടെ ബാക്കിപത്രമായ സുഹൃത്ത്‌ ബദ്ധങ്ങളെ, വലിപ്പചെറുപ്പമില്ലാതെ എല്ലാവരെയും എന്നെപോലെ തന്നെ കരുതി ശാസിക്കുകയും ശകാരിക്കുകയും ചെയ്തവരെ, ആശയ വൈരുദ്ധ്യങ്ങളെ ബ്ലോഗില്‍മാത്രം ഒതുക്കിയവരെ, പരസ്പരം ബദ്ധശത്രുകളായ ആശയങ്ങളും, ചിന്തകളും ഉണ്ടായിരുന്നിട്ട്‌കൂടി, അതെല്ലാം ബ്ലോഗില്‍ മാത്രം ഒതുക്കിയ പ്രിയ സുഹൃത്തുകളെ, നിങ്ങളുടെ സ്നേഹത്തിന്‌ പകരം ഞാന്‍ എന്ത്‌ തരും?.

ബൂലോകത്ത്‌ ബീരാന്‍ കുട്ടി അജ്ഞതനാണ്‌. എന്റെ ചുറ്റും നടക്കുന്ന അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വിളിച്ച്‌ പറയുവാന്‍ എനിക്ക്‌ ഒരു മറ അത്യവശ്യമാണ്‌. നാട്ടുകാരെ പേടിയാണോ എന്ന് ചോദിച്ചാല്‍ അല്ല, മറിച്ച്‌ ജോലി ചെയ്യുന്നത്‌ സൗദിയിലാണ്‌. (കൂടുതല്‍ ചോദിക്കരുത്‌, ഞാന്‍ പറഞ്ഞ്‌ പോവും, പ്ലീസ്‌)

മഹാകവ്യങ്ങളും ഇതിഹാസങ്ങളും ഞാന്‍ നിര്‍മ്മിച്ചിട്ടില്ല, നിങ്ങള്‍ക്കിടയില്‍ ഒരു പേരിന്‌ പോലും ഞാന്‍ അര്‍ഹനല്ലെന്ന് നല്ലപോലെ എനിക്കറിയാം. ആ സത്യത്തില്‍നിന്നാണ്‌ എന്റെ കഥപാത്രങ്ങളെ ഞാനായിട്ട്‌ തന്നെ ഞാന്‍ തിരിച്ചറിയുന്നത്‌.

വ്യക്തിപരമായി ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ലെന്നാണെന്റെ ഓര്‍മ്മ, ഏറനാടനെ ഒഴികെ. കൈവിട്ട്‌ പോയ കഥയുടെ തന്തുവായി ആ സുഹൃത്ത്‌ ഇപ്പോഴും മനസ്സിലോരു നീറ്റലായി നിലകൊള്ളുന്നു.

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി, ഇനിയും വരിക, എന്റെ കത്തി സഹിക്കുക. ഏറനാടനെയും കരീം മഷെയും, കര്‍ക്കടമാസത്തിലെ കോരിചെരിയുന്ന മഴയത്ത്‌ ഞാന്‍ കണ്ട്‌മുട്ടും. ബെര്‍ളിയും സുനീഷും എന്റെ വിട്ടിനടുത്ത്‌ തന്നെയാണ്‌. വിടില്ല ഞാന്‍. മറ്റുപലരെയും ഞാന്‍ ലോക്കെറ്റ്‌ ചെയ്തിട്ടുണ്ട്‌. പേര്‌ പറഞ്ഞാല്‍ അവരോക്കെ മിസ്സാവാന്‍ സാധ്യതയുള്ളത്‌കൊണ്ട്‌, മുഖത്തോട്‌ മുഖം നോക്കി ഞാനാണ്‌ ബീരാന്‍ കുട്ടിയെന്ന് പറയുബോള്‍, 10-60 വയസ്സവാന്‍ സധ്യതയുള്ള എന്നെ കണ്ട്‌ നിങ്ങള്‍ ഞെട്ടിതരിക്കുന്നത്‌......., എന്റെ റബ്ബെ, ഞാന്‍ നിര്‍ത്തി.

Monday 28 April 2008

ബ്ലോഗ്‌ പോസ്റ്റുകള്‍ എങ്ങനെ ബാക്കപ്പ്‌ ചെയ്യാം.

ബ്ലോഗ്‌ പോസ്റ്റുകള്‍ എങ്ങനെ ബാക്‌ ‍അപ്പ്‌ ചെയ്യാം.

Blogspot-ലെ നിങ്ങളുടെ ബ്ലോഗുകള്‍ നിഷ്‌പ്രയാസം ബാക്‌ ‍അപ്പ്‌ ചെയ്യുവാന്‍ ഇതാ ഒരെളുപ്പ മാര്‍ഗ്ഗം.

http://blogname.blogspot.com/feeds/posts/default?max-results=1000

Blogname എന്നതിന്‌ പകരം നിങ്ങളുടെ ബ്ലോഗിന്റെ പേരെഴുതുക. 1000 എന്നത്‌ പോസ്റ്റുകളുടെ എണ്ണമാണ്‌. അത്‌ എത്രയാണെന്ന് ഡാഷ്‌ബോര്‍ഡില്‍ പോയി കണ്ട്‌പിടിക്കുക.

നിങ്ങളുടെ ബ്ലോഗിലെ കമന്റുകളും ഇങ്ങനെ ബാക്‌ ‍അപ്പ്‌ ചെയ്യാം.

http://blogname.blogspot.com/feeds/comments/default?max-results=1000

ഈ ലിങ്കുകള്‍ കോപ്പി പെസ്റ്റ്‌ ചെയ്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ പേര്‌ ടൈപ്പ്‌ ചെയ്യുക.

ഹാപ്പി ബ്ലോഗിങ്ങ്‌.

Sunday 27 April 2008

ബ്ലോഗ്‌ അക്കാഡമിയും ഞാനും.

ബ്ലോഗ്‌ അക്കാഡമിയെക്കുറിച്ച്‌ ബെര്‍ളി ഉന്നയിച്ച സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അക്കാഡമിയുടെ തലപ്പത്തിരിക്കുന്നവര്‍ മറുപടി പറഞ്ഞത്‌ വളരെ വേദനയോടെ വായിച്ചു.

ഒരു പ്രസ്ഥാനത്തിന്റെ, സംഘടനയുടെ അമരക്കാര്‍ക്ക്‌ വേണ്ട പക്വതയോ, വിവേകമോ മറുപടിയില്‍ ആരും കാണിച്ചില്ല.

ബെര്‍ളിയുടെ സംശയം ന്യായമാണ്‌, അത്‌ ബ്ലോഗിലെ മറ്റുപലര്‍ക്കുമെണ്ടെന്ന കാര്യവും സത്യമാണ്‌. അതിന്‌ വിശദമായി മറുപടി പറയെണ്ടതിന്‌ പകരം സംഭവിച്ചത്‌ നിര്‍ഭാഗ്യകരമായി പോയി. തലമുതിര്‍ന്ന ബ്ലോഗര്‍മാര്‍ വരെ മേള കൊഴിപ്പിക്കുവാന്‍ ചെണ്ടകൊട്ടുന്ന കാഴ്ച പരിതാപകരമാണ്‌.

ഇത്‌ ബ്ലോഗ്‌ അക്കാഡമിയോടുള്ള എന്റെ എതിര്‍പ്പല്ല, മറിച്ച്‌, അതിന്റെ അമരക്കാരോടുള്ള എന്റെ അഭ്യര്‍ഥന മാത്രമാണ്‌. ക്ഷമയോടെ, സഹനശക്തിയോടെ, അതിലെറെ വിവേകത്തോടെ അംഗങ്ങളുമായി സംവാദിക്കുവാനുള്ള കഴിവും, പക്വതയും ഇനിയെങ്കിലും കാണിക്കുക.

ഞാന്‍ ഇത്രയും വൈകിയത്‌, ഇതിന്‌ മുന്‍പ്‌ ഈ പോസ്റ്റിട്ട്‌, ഒരു ശില്‍പ്പശാലയെ അനാദരിക്കരുതെന്ന് കരുതി മാത്രമാണ്‌.

ബ്ലോഗ്‌ അക്കാഡമിക്കും അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും, ഒരു നല്ല ലക്ഷ്യം മുന്നില്‍ കണ്ടിട്ടാണ്‌ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍, എങ്കില്‍ മാത്രം, എല്ലാ നന്മകളും നേരുന്നു. എന്റെ സഹായ സഹകരണങ്ങള്‍ എന്നും നിങ്ങള്‍ക്കോപ്പമുണ്ടാവും.

Wednesday 9 April 2008

ഇന്റര്‍നെറ്റ്‌ മുത്തശ്ശികഥയാവുന്നു.

1989-ല്‍ Tim Berners-Lee കണ്ടുപിടിച്ച ഇന്റര്‍നെറ്റ്‌ എന്ന മഹാ വിസ്മയത്തിനെ വെല്ലാന്‍ ഇതാ വരുന്നു Grid എന്ന വമ്പന്‍.

CERN ശാസ്ത്രഞ്ജന്മാര്‍ വികസിപ്പിച്ചെടുത്ത ഗ്രിഡിന്‌, ഇടിമിന്നലിന്റെ വേഗതയില്‍ ഡാറ്റ കൈകാര്യം ചെയ്യുവാനുള്ള കഴിവും, ബ്രോഡ്‌ ബന്‍ഡ്‌ കണക്‌ഷനെകാളും 10,000 മടങ്ങ്‌ വേഗതയുമുണ്ട്‌. ഒരു മുഴുനീള സിനിമ മുഴുവന്‍ ഡൗണ്‍ലോഡ്‌ ചെയ്യുവാന്‍ വെറും സെകന്റുകള്‍ മതി ഗ്രിഡിന്‌.

ആയിരകണക്കിന്‌ ആളുകള്‍ക്ക്‌ ഒരുമിച്ച്‌ ഓണ്‍ലൈന്‍ വഴി കളിക്കാവുന്ന, ലോക്കള്‍ കോളിന്റെ കാശിന്‌ വിഡിയോ കോണ്‍ഫറന്‍സ്‌ നടത്താവുന്ന ഈ നൂതന സങ്കേതിക വിദ്യ അതിവിദൂരമല്ല. ഈ വര്‍ഷം ഡിസംബറോടെ ഗ്രിഡ്‌ പ്രവര്‍ത്തനസജ്ജമാവുമെന്ന് പ്രഫസര്‍ Tony Doyle പറയുന്നു.

ഡെഡിക്കേറ്റെഡ്‌ ഫൈബര്‍ ഒപ്പ്റ്റിക്ക്‌ കേബിള്‍ വഴിയാണ്‌ ഗ്രിഡിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍തന്നെ 55,000-ഓളം സെര്‍വറുകള്‍ ഗ്രിഡ്‌ സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത രണ്ട്‌ വര്‍ഷംകൊണ്ട്‌ 2 ലക്ഷം സര്‍വറുകള്‍ സ്ഥാപിക്കുവാന്‍ കഴിയുമെന്നണ്‌ പ്രത്യശയെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

എന്തായാലും കാത്തിരിക്കാം, ഇടിമിന്നലിന്റെ വേഗതയുള്ള, ഈ വമ്പനെ.

Tuesday 1 April 2008

ജിദ്ധയിലെ ആശുപത്രി

ജിദ്ധയിലെ വളരെ പ്രസിദ്ധമായ ഒരാശുപത്രിയിലേക്ക്‌ നിങ്ങളെ ഞാന്‍ അട്ടിതെളിച്ച്‌ കൊണ്ട്‌ പോവുകയാണ്‌.

മോസ്റ്റ്‌മോഡേണ്‍ കസ്റ്റമര്‍ സര്‍വ്വിസുള്ള, ലേറ്റസ്റ്റ്‌ പിഴിയല്‍ ടെക്‌നോളജിയുള്ള ഇവിടെനിന്നും പലപ്രവശ്യം സഹിക്കെട്ട്‌ ഇറങ്ങിപോന്ന, ഈ ആശുപത്രിയുടെ ചരിത്രപ്രധാനമായ സംഭവകഥകളുടെ ഇടയില്‍ നിന്നും, ചവിട്ടി പറിച്ച്‌, ഞാന്‍ വലിച്ച്‌ ചീന്തിയെടുത്ത ഒരേട്‌.

അലാറമടിക്കാതെ, മൂടിപുതച്ച്‌ കിടന്നുറങ്ങുവാന്‍ കിട്ടുന്ന വെള്ളിയഴ്ചയുടെ ലഹരി നുണഞ്ഞ്‌കൊണ്ട്‌ ഞാന്‍ കിടക്കുകയായിരുന്നു. അപ്പോഴാണ്‌ ബീപാത്തു എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട്‌ പറഞ്ഞത്‌ "നോക്കി, ഇണിച്ചാണി, മോള്‍ക്ക്‌ പനിക്കിണ്ട്‌, ഞമ്മള്‌ അസ്‌പത്രിക്ക്‌ പോവാ"

ആശുപത്രിയെന്ന് കേള്‍ക്കുന്നതെ എനിക്ക്‌ പേടിയാണ്‌. സൂചിയുടെ വേദനകൊണ്ടല്ല, മറിച്ച്‌, പനിയോ ജലദോഷമോ വന്നിട്ട്‌ ഡോക്ടറെ കണ്ടാല്‍ അത്‌ മിനിമം ഹര്‍ട്ട്‌ ഫെയിലിയറാവുന്ന ഒരവസ്ഥയിലെത്തിച്ചെ ജിദ്ധയിലെ മിക്ക ഹോസ്പിറ്റലും അവിടുത്തെ അന്തേവാസികളായ ഡോക്ടര്‍മാരും അടങ്ങൂ. കൈ വിരലില്‍ ബ്ലേഡ്‌കൊണ്ട്‌ മുറിഞ്ഞതിന്‌ കൈവിരല്‍ മുറിക്കണമെന്ന് പറഞ്ഞവരെയും, കണ്‍പീലികളിലുണ്ടാവുന്ന ചൂട്‌കുരുവിന്‌, കണോപറേഷന്‍ നടത്തണമെന്ന് പറഞ്ഞവരെയും എനിക്ക്‌ നന്നായറിയാം. മരിക്കില്ലെന്നുറപ്പുള്ള ഒരു വിധം അസുഖങ്ങള്‍ക്ക്‌ ചുക്ക്‌ കാപ്പിയും, വിക്സും പ്രതിവിധിയായി ഞാന്‍ എന്നെ തന്നെ ചികില്‍സിക്കുന്ന കാലം.

എന്റെ തിയറി, പക്ഷെ മക്കളുടെ കാര്യത്തില്‍ മാത്രം, ഭേതഗതികളോടെ അംഗീകരിച്ച്‌ നടപ്പാക്കുന്നതിനാല്‍, പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തികൊണ്ട്‌, ഭാര്യയുടെ വാക്കുകള്‍ അംഗീകരിച്ച്‌ ഞാന്‍ എഴുന്നേറ്റു.
-------------------------
വിശാലമായ കൗണ്ടറില്‍, ഇന്‍ഷൂറന്‍സ്‌ കാര്‍ഡ്‌ പിടിച്ച്‌ ഞാന്‍ ഒരു മണിക്കൂറിലധികം നിന്നു. പത്തിരുന്നുറ്‌ രോഗികളെ റെസിപ്റ്റ്‌ ചെയ്യാന്‍ ഒരാണും ഒരു പെണ്ണും കൗണ്ടറിലിരിക്കുന്നു. അവരാണെങ്കില്‍ മധുരിക്കുന്ന പല ഓര്‍മ്മകളും അയവിറക്കി, കീബോര്‍ഡിന്‌ വേദനതോന്നാത്ത രൂപത്തില്‍ ഒരു റ്റൈപ്പ്‌ റ്റൈപ്പലും. ക്ഷമയുടെ നെല്ലിപലകയുമായി രണ്ടാളുകള്‍ കടന്ന്‌പോവുന്നത്‌ ഞാന്‍ കണ്ടു. അവസാനം എന്റെ കാര്‍ഡ്‌ വാങ്ങി, ഡോക്‌ടറുടെ പേര്‌ പറഞ്ഞു, ടോക്കണ്‍ നമ്പര്‍ 1.
------------------------------
ഡോക്ടറുടെ മുറി, ആകെ പൊടിയും മാറലയും പിടിച്ച്‌ കിടക്കുന്നു. അകത്ത്‌ കടന്ന് ഒരു സലാം പറഞ്ഞു. "ഇരിക്കു", സ്നേഹത്തോടെ ഡോക്‌ടര്‍ പറഞ്ഞത്‌ അതിലും സ്നേഹത്തോടെ ഞാന്‍ നിരസിച്ചു. ഇരിക്കാനുള്ള കസേരയുടെ ഒരു കാല്‍ എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞ്‌ കരയുന്നു. ഇടക്കിടെ മേശപ്പുറത്തെ ഫയലുകളും സാധനങ്ങളും ഡോക്‌ടര്‍ വൃത്തിയാക്കുന്നു. ഇതിനിടയില്‍ രോഗവിവരങ്ങള്‍ തിരക്കുന്നു, ഞാന്‍ പറയുന്നു.

ഇതിനിടയില്‍ ഡോ. ഫോണ്‍ ചെയ്ത്‌ പറയുന്നു"എവിടെ സുപ്പര്‍വൈസര്‍, അവനോട്‌ ഞാന്‍ ഇന്നലെ പറഞ്ഞതാണല്ലോ ഇത്‌ ഒന്ന് ക്ലീനാക്കുവാന്‍. നെഴ്സ്‌ ഇത്‌വരെ വന്നിട്ടില്ല. ഒരു സാധനവും ഇവിടെയില്ല."

ബ്ലോഗില്‍ വന്നിട്ട്‌ അഞ്ചെട്ട്‌ മാസമായത്‌കൊണ്ട്‌, ഡയലോഗ്‌ ഡീകോഡ്‌ ചെയ്യുവാന്‍ വല്ല്യ പ്രയാസമുണ്ടായില്ല, ഞാന്‍ ബീപാത്തുനെ തോണ്ടി, എന്നിട്ട്‌ കണ്ണ്‌കൊണ്ട്‌ പറഞ്ഞു, "പോവാം" ഞാന്‍ മോളുടെ കൈ പിടിച്ച്‌ തിരിഞ്ഞതും ഡോക്‌ടര്‍ സ്റ്റെതസ്‌കോപ്പെന്ന കോപ്പിലെ പൊടിതട്ടികളഞ്ഞിട്ട്‌, മകളെ പിടിച്ച്‌, ഒരു സ്റ്റൂളിലിരുത്തി. പരിശോധന തുടരുന്നു.

എത്ര ദിവസമായി അസുഖം തുടങ്ങിയിട്ട്‌ എന്ന ചോദ്യത്തിന്‌ ഞാന്‍ മറുപടി പറഞ്ഞത്‌ കേള്‍ക്കാന്‍ ഡോ. നിന്നില്ല, അതിന്‌ മുന്‍പെ ഫോണെടുത്ത്‌ വീണ്ടും,"ഹലോ, സുപ്പര്‍വൈസറല്ലെ, അതെ ഈ ടോര്‍ച്ച്‌ വര്‍ക്ക്‌ചെയ്യുന്നില്ല, ഒരു നല്ല സാധനം കൊടുത്തയക്കെടോ".

"സാരല്ലട്ടോ, ഇന്‍ഫെക്സനാണ്‌, ഇന്‍ജക്‌ഷന്‍ കൊടുക്കാം."

അപ്പോഴെക്കും ഒരാള്‍ ഓടി വന്നു, അവനെ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്‌, ഫയലുമായി ഓടി നടക്കുന്ന ഫയല്‍മാന്‍.

ഡോ. അവനോട്‌ പറഞ്ഞു "റ്റെപറേച്ചര്‍ ചെക്ക്‌ ചെയണം, മരുന്നെഴുതാന്‍ ഒരു പേപ്പര്‍ എവിടെ"എന്നോട്‌ "ഈ മരുന്ന് കൊടുക്കുക, ഡയലി ഒരിഞ്ചക്‌ഷനും എടുക്കുക."

എന്താണ്‌ രേഗമെന്നോ, രോഗവിവരങ്ങളോ ഞാന്‍ ചോദിച്ചില്ല, അത്രക്ക്‌ നല്ല മൂഡിലായിരുന്നു ഡോക്‌ടര്‍, മാത്രമല്ല എനിക്ക്‌ എങ്ങിനെയങ്കിലും അവിടുന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി. അക്ഷമയായി ഭാര്യ എന്നെ നോക്കിയതിനര്‍ഥം "ഇന്നും നിങ്ങള്‍ പട്ടിണിയാണ്‌" എന്നാണെന്ന് ഞാന്‍ ഒറ്റക്ക്‌ കിടന്നുറങ്ങിയപ്പോഴാണ്‌ മനസിലായത്‌.

ടെപറേച്ചര്‍ നോക്കിയില്ല, സ്റ്റെതസ്‌കോപ്പ്‌ വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്നറിയില്ല. എന്തായാലും സ്കാന്‍ ചെയാന്‍ പറയാതിരുന്നത്‌ ഭാഗ്യം. ഇവിടെ വരുന്ന ജലദോഷമുള്ള രോഗികള്‍ പോലും സ്കാന്‍ നിര്‍ബന്ധമായും ചെയ്തിരിക്കണമെന്നാണ്‌ അലിഖിത നിയമം.

മരുന്നിനുള്ള കുറിപ്പുമായി ഡോ. എന്തോ തിരയുന്നു. അക്ഷമനായി നെയ്സ്‌മനോട്‌ "എന്റെ സീലെവിടെ"

അവസാനം പേനകൊണ്ട്‌ ഡോ. ... എന്നെഴുതിയതും വാങ്ങി ഞാന്‍ പുറത്തേക്ക്‌.

"എന്തെ നിങ്ങളോന്നും മിണ്ടാതെ നിന്നത്‌"

"അതെ ഞാനെന്തെങ്കിലും പറഞ്ഞാല്‍, അത്‌ ഡോ. ഇഷ്ടപ്പെട്ടാല്‍ പിന്നെ, എന്ത്‌ മരുന്ന മോള്‍ക്ക്‌ കൊടുക്കുകയെന്ന നമുക്കറിയില്ലല്ലോ, എന്തിനാ വെറുതെ മോളെ കഷ്ടപ്പെടുത്തുന്നത്‌, ഡോ. നല്ല പരിചയമുള്ള ആളാണെന്ന് എല്ലാവരും പറയുന്നു. അത്‌കൊണ്ടാണ്‌ ഇയാളെ കാണിച്ചത്‌. മാത്രമല്ല, നമ്മുക്ക്‌ ഇവിടെ മാത്രമേ കമ്പനി അപ്രൂവ്‌ ചെയ്തിട്ടുള്ളൂ. മറ്റു രണ്ട്‌ മലയാളികളുടെ ആശുപത്രികളും ഇന്‍ഷൂറന്‍സ്‌ ഒഴിവാക്കിയതിനു പിന്നില്‍ വല്ല്യ ഒരു കഥയുമുണ്ട്‌. പിന്നെയുള്ളത്‌ മിസിരികളണ്‌. അറബിപറയനറിയാതെ മരിക്കുന്നതിനെക്കാള്‍ നല്ലത്‌ മലയാളം പറഞ്ഞ്‌ മരിക്കുന്നതല്ലെ".
--------------------------
ഞാനും ഭാര്യയും മകളെയും കുട്ടി മറ്റോരു ഡോക്‌ടറെ കണ്ടു. ഒരല്‍പ്പം സമധാനം തോന്നിയത്‌കൊണ്ട്‌, അയാളെഴുതിയ മരുന്ന്‌ വങ്ങികൊടുത്തു. കീശയില്‍ നിന്ന് കാശ്‌ പോയാലും, മോള്‍ സുഖമായിരിക്കുന്നു.

പിന്നിട്‌, മരണം വന്ന് കോളിങ്ങ്‌ ബെല്ലടിച്ചാല്‍ പോലും, മറ്റെതെങ്കിലും ആശുപത്രിയില്‍ എത്തുന്നവരെ വാതില്‍ തുറക്കാതിരിക്കാനും, ഇന്‍ കെയ്സ്‌, മരണം വതില്‍ ചവിട്ട്‌ പൊളിച്ച്‌ അകത്ത്‌ കടന്നിട്ട്‌, നിനക്ക്‌ മരിക്കണോ അതോ .... ആശുപത്രിയില്‍ പോണോ എന്ന് ചോദിച്ചാല്‍ ....ആശുപത്രിയില്‍ പോവുന്നതിനെക്കാള്‍ നല്ലത്‌ മരണമാണെന്ന് പറയാന്‍ തിരുമാനിക്കുകയും ചെയ്തു.
-----------------------------------------------------------
കൂണ്‌ പോലെ ആശുപത്രികള്‍ മുളച്ച്‌പൊന്തുന്ന ഷറഫിയയില്‍ ഇതാ നാളെ പുതിയോരു അറവ്‌ശാലകൂടി ഉല്‍ഘാടനത്തിന്‌ നെറ്റിപ്പട്ടംകെട്ടി കാത്തിരിക്കുന്നു.