Thursday, 17 September 2009

ബ്ലോഗര്‍മാരുടെ മുണ്ട് പൊക്കുന്നു

കുറച്ച് ദിവസമായി ബ്ലോഗെഴുത്ത് മടുത്തുതുടങ്ങിയിട്ട്, എഴുതുന്നത് മൈക്രോസ്കോപ്പ് വെച്ച് പരിശോധിച്ച്, അതില്‍ എന്തെങ്കിലും വിവാദത്തിന്‌ സ്കൂപ്പുണ്ടോ എന്ന് അന്വേഷിക്കുന്ന, ഒരുപറ്റം നിരൂപകരുടെ ഇടയില്‍നിന്നും, മനസ്സില്‍തോന്നിയ വാക്കുകളും വരികളും ഭാവനയുടെ നിറംചാലിച്ച്, ബ്ലോഗില്‍ വാരിവിതറുന്ന രീതി അത്മഹത്യപരമായിരിക്കുമെന്ന തിരിച്ചറിവ് കിട്ടിതുടങ്ങി.

ചെറിയ ചെറിയ സംഭവങ്ങളും സംഭാഷണങ്ങളും, അവ്യക്തമായ പഴയകാല ചിത്രങ്ങളോട് സമന്വയിപ്പിച്ച്, എന്തെങ്കിലുമൊക്കെ കുത്തികുറിക്കുക, അതിന് ഒരികലും ലേഖനമെന്നോ, ആധികാരിക പ്രമാണമെന്നോ വിളിച്ചില്ല. എന്നിട്ടും കല്ലെടുത്തെറിയുവാന്‍ മാത്രമായിരുന്നു പലരുടെയും വരവ്.

ബ്ലോഗില്‍‌‌വന്നിട്ട് ഏകദേശം മൂന്ന് വര്‍ഷമാവുന്നു. അന്ന് മുതല്‍, മലയാള ബ്ലോഗ് എന്നത്, സങ്കുചിത മനസ്കരായ ചിലരുടെ കൈയിലെ കളിപ്പാട്ടമാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു. എന്ത് എഴുതണം, എപ്പോള്‍ എഴുതണം എന്ന് വരെ, തിരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ഗ്രൂപ്പുകളും, അവരുടെ നേതാകളുമായിരുന്നു.

പുതുതായി കടന്ന് വരുന്നവരെ, നിരുത്സാഹപ്പെടുത്തുവാനും, മോറലി അക്രമിക്കുവാനും, എല്ലാഗ്രൂപ്പുകളും എക്കാലവും ശ്രദ്ധിച്ചിരുന്നു. എങ്കിലും സ്വതസിദ്ധമായ ശൈലിയില്‍ നേരിട്ടിരുന്നു. ഇപ്പോള്‍ പലവിധപത്രങ്ങളും ബൂലോകത്ത് സുലഭമാണ്. ബൂലോകവിവരങ്ങള്‍ മാത്രം ഇവയിലോന്നും കാണുന്നില്ല. മറിച്ച്, വ്യക്തികളെ, അവരുടെ സ്വകാര്യങ്ങളെ അക്രമിക്കുന്ന രീതി, അത് സംശയത്തിന്റെയോ, ആരോപണത്തിന്റെയോ പേരിലായാലും, ആധികാരികമായി, അന്വേഷണത്തിന് ശേഷം പുറത്ത്‌വിടുന്നതെന്നഭാവത്തില്‍, ബൂലോകത്ത് മിന്നിമറയുന്നത് കാണുമ്പോള്‍, ഞാന്‍ ഭയപ്പെടുന്നു. നാളെ എന്നെ ബൂലോകത്തെ നാല്‍കവലയില്‍ പിടിച്ച് നിര്‍ത്തി തുണിപൊക്കിനോക്കുമോ എന്ന ഭയം. ഭയത്തിന് കാരണം, അങ്ങനെ സംഭവിച്ചാല്‍, തുണികടിയില്‍ കാണിക്കുവാന്‍ പറ്റിയതോന്നും ബീരാനില്ല എന്ന സത്യം.

ഇന്ന്, രാഷ്ട്രിയകോമരങ്ങള്‍ ബ്ലോഗില്‍ ഉറഞ്ഞ് തുള്ളുന്നു. ഗ്രൂപ്പും ഉപഗ്രൂപ്പും സജീവമാണ്. മതത്തിന്റെ വേര്‍തിരിവുകളും, മതേതരത്തിന് പുതിയ മാനങ്ങളും ഇന്നുണ്ട്. നാഷ്ടപ്പെട്ടത്, പഴയകാലത്ത് ലഭിച്ചിരുന്ന ഹ്ര്‌ദയസ്പര്‍ശിയായ വരികളാണ്. പലപഴയമുഖങ്ങളും ഇന്നില്ല. സ്നേഹത്തോടെ, പരസ്പര വിശ്വാസത്തോടെ കഴിഞ്ഞിരുന്ന പഴയബൂലോകം തിരിച്ച്‌വരില്ലെന്ന തോന്നലാവാം, അവരില്‍ പലരും ബൂലോകത്ത്‌‌തന്നെയുണ്ട്.
നിശബ്ദരായി.

മടുത്ത്‌തുടങ്ങിയ ബൂലോകത്ത് വെറുപ്പുളവാക്കുന്ന സംഭവപരമ്പരകളാണ് അരങ്ങേറുന്നത്, അസഹനീയമായ ദുര്‍ഗന്ധം ബൂലോകത്ത് പരക്കുന്നു. സ്നേഹകൂട്ടയ്മയെന്ന പേരില്‍ സംഘടിപ്പിച്ച മീറ്റുകള്‍ വരെ, സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് അക്രമിക്കുവാനുപയോഗിക്കുന്നത് കാണുമ്പോള്‍, മുഖം‌മൂടിയണിഞ്ഞ വിശുദ്ധരായ പലരുടെയും മുഖം വിക്ര്‌തമാണ്.

ആരോടും പരാതിയില്ല. പരിഭവമില്ല. ഒരു ഒറ്റയാല്‍ പട്ടാളമായിപടപൊരുതാനുള്ള ബാല്യം എനിക്കില്ല. അതെന്നെ.

ഞാന്‍ പോസ്റ്റിലൂടെയോ കമന്റിലൂടെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്. എന്റെ പ്രവര്‍ത്തികള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദി ഞാന്‍ മാത്രമാണ്.

എന്റെ വായനക്കാര്‍ നല്‍കിയ സ്നേഹത്തിന്, സഹകരണത്തിന് നന്ദി. നന്ദി എന്ന രണ്ടക്ഷരം മാത്രം.