Thursday 17 September 2009

ബ്ലോഗര്‍മാരുടെ മുണ്ട് പൊക്കുന്നു

കുറച്ച് ദിവസമായി ബ്ലോഗെഴുത്ത് മടുത്തുതുടങ്ങിയിട്ട്, എഴുതുന്നത് മൈക്രോസ്കോപ്പ് വെച്ച് പരിശോധിച്ച്, അതില്‍ എന്തെങ്കിലും വിവാദത്തിന്‌ സ്കൂപ്പുണ്ടോ എന്ന് അന്വേഷിക്കുന്ന, ഒരുപറ്റം നിരൂപകരുടെ ഇടയില്‍നിന്നും, മനസ്സില്‍തോന്നിയ വാക്കുകളും വരികളും ഭാവനയുടെ നിറംചാലിച്ച്, ബ്ലോഗില്‍ വാരിവിതറുന്ന രീതി അത്മഹത്യപരമായിരിക്കുമെന്ന തിരിച്ചറിവ് കിട്ടിതുടങ്ങി.

ചെറിയ ചെറിയ സംഭവങ്ങളും സംഭാഷണങ്ങളും, അവ്യക്തമായ പഴയകാല ചിത്രങ്ങളോട് സമന്വയിപ്പിച്ച്, എന്തെങ്കിലുമൊക്കെ കുത്തികുറിക്കുക, അതിന് ഒരികലും ലേഖനമെന്നോ, ആധികാരിക പ്രമാണമെന്നോ വിളിച്ചില്ല. എന്നിട്ടും കല്ലെടുത്തെറിയുവാന്‍ മാത്രമായിരുന്നു പലരുടെയും വരവ്.

ബ്ലോഗില്‍‌‌വന്നിട്ട് ഏകദേശം മൂന്ന് വര്‍ഷമാവുന്നു. അന്ന് മുതല്‍, മലയാള ബ്ലോഗ് എന്നത്, സങ്കുചിത മനസ്കരായ ചിലരുടെ കൈയിലെ കളിപ്പാട്ടമാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു. എന്ത് എഴുതണം, എപ്പോള്‍ എഴുതണം എന്ന് വരെ, തിരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ഗ്രൂപ്പുകളും, അവരുടെ നേതാകളുമായിരുന്നു.

പുതുതായി കടന്ന് വരുന്നവരെ, നിരുത്സാഹപ്പെടുത്തുവാനും, മോറലി അക്രമിക്കുവാനും, എല്ലാഗ്രൂപ്പുകളും എക്കാലവും ശ്രദ്ധിച്ചിരുന്നു. എങ്കിലും സ്വതസിദ്ധമായ ശൈലിയില്‍ നേരിട്ടിരുന്നു. ഇപ്പോള്‍ പലവിധപത്രങ്ങളും ബൂലോകത്ത് സുലഭമാണ്. ബൂലോകവിവരങ്ങള്‍ മാത്രം ഇവയിലോന്നും കാണുന്നില്ല. മറിച്ച്, വ്യക്തികളെ, അവരുടെ സ്വകാര്യങ്ങളെ അക്രമിക്കുന്ന രീതി, അത് സംശയത്തിന്റെയോ, ആരോപണത്തിന്റെയോ പേരിലായാലും, ആധികാരികമായി, അന്വേഷണത്തിന് ശേഷം പുറത്ത്‌വിടുന്നതെന്നഭാവത്തില്‍, ബൂലോകത്ത് മിന്നിമറയുന്നത് കാണുമ്പോള്‍, ഞാന്‍ ഭയപ്പെടുന്നു. നാളെ എന്നെ ബൂലോകത്തെ നാല്‍കവലയില്‍ പിടിച്ച് നിര്‍ത്തി തുണിപൊക്കിനോക്കുമോ എന്ന ഭയം. ഭയത്തിന് കാരണം, അങ്ങനെ സംഭവിച്ചാല്‍, തുണികടിയില്‍ കാണിക്കുവാന്‍ പറ്റിയതോന്നും ബീരാനില്ല എന്ന സത്യം.

ഇന്ന്, രാഷ്ട്രിയകോമരങ്ങള്‍ ബ്ലോഗില്‍ ഉറഞ്ഞ് തുള്ളുന്നു. ഗ്രൂപ്പും ഉപഗ്രൂപ്പും സജീവമാണ്. മതത്തിന്റെ വേര്‍തിരിവുകളും, മതേതരത്തിന് പുതിയ മാനങ്ങളും ഇന്നുണ്ട്. നാഷ്ടപ്പെട്ടത്, പഴയകാലത്ത് ലഭിച്ചിരുന്ന ഹ്ര്‌ദയസ്പര്‍ശിയായ വരികളാണ്. പലപഴയമുഖങ്ങളും ഇന്നില്ല. സ്നേഹത്തോടെ, പരസ്പര വിശ്വാസത്തോടെ കഴിഞ്ഞിരുന്ന പഴയബൂലോകം തിരിച്ച്‌വരില്ലെന്ന തോന്നലാവാം, അവരില്‍ പലരും ബൂലോകത്ത്‌‌തന്നെയുണ്ട്.
നിശബ്ദരായി.

മടുത്ത്‌തുടങ്ങിയ ബൂലോകത്ത് വെറുപ്പുളവാക്കുന്ന സംഭവപരമ്പരകളാണ് അരങ്ങേറുന്നത്, അസഹനീയമായ ദുര്‍ഗന്ധം ബൂലോകത്ത് പരക്കുന്നു. സ്നേഹകൂട്ടയ്മയെന്ന പേരില്‍ സംഘടിപ്പിച്ച മീറ്റുകള്‍ വരെ, സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് അക്രമിക്കുവാനുപയോഗിക്കുന്നത് കാണുമ്പോള്‍, മുഖം‌മൂടിയണിഞ്ഞ വിശുദ്ധരായ പലരുടെയും മുഖം വിക്ര്‌തമാണ്.

ആരോടും പരാതിയില്ല. പരിഭവമില്ല. ഒരു ഒറ്റയാല്‍ പട്ടാളമായിപടപൊരുതാനുള്ള ബാല്യം എനിക്കില്ല. അതെന്നെ.

ഞാന്‍ പോസ്റ്റിലൂടെയോ കമന്റിലൂടെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്. എന്റെ പ്രവര്‍ത്തികള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദി ഞാന്‍ മാത്രമാണ്.

എന്റെ വായനക്കാര്‍ നല്‍കിയ സ്നേഹത്തിന്, സഹകരണത്തിന് നന്ദി. നന്ദി എന്ന രണ്ടക്ഷരം മാത്രം.

Monday 17 August 2009

ബീരാന്‍ കുട്ടിയുടെ ലോകം: മതപണ്ഡിതരോട്‌ ഒരപേക്ഷ

വിശുദ്ധ റമദാന്‍ സമാഗതമായി, ഒപ്പം വിവാദങ്ങളും.


ബീരാന്‍ കുട്ടിയുടെ ലോകം: മതപണ്ഡിതരോട്‌ ഒരപേക്ഷ

ഒരു പഴയ അപേക്ഷയുടെ പുനരാവിഷകാരം.

Wednesday 12 August 2009

വണ്ടി ചെക്ക്

ലോകപ്രസിദ്ധമായ ഒരു ബാങ്കിന്റെ ചെക്ക് നാളെ ബാങ്കില്‍നിന്നും മടങ്ങിയെത്തിയാല്‍, കാരണം ഫണ്ടില്ല എന്നാണെങ്കില്‍ എങ്ങനെ മനേജര്‍ക്ക് ഒരു കത്തെഴുതാം?.

സ്നേഹപൂര്‍വ്വം മനേജര്‍ക്ക്,
വിശ്വപ്രസിദ്ധമായ ഫിനാന്‍ഷ്യല്‍ ക്രൈഷസിലൂടെ കടന്ന് പോവൂകയാണ് നാം. സുന്ദരമോഹന വഗ്ദാനങ്ങള്‍ നല്‍കി അങ്ങ് വലവീശിപിടിച്ച എന്റെ അക്കൌണ്ടില്‍നിന്നും, ഞാന്‍ കൊടുത്ത ഒരു ചെക്ക്, ഫണ്ടില്ല എന്ന കാരണത്താല്‍ തിരിച്ച് വന്നിരിക്കുന്നു.

സാര്‍, ഫണ്ടില്ല എന്ന കാരണംകൊണ്ട് അങ്ങ് ഉദ്ദേശിച്ചത് എന്നെയാണോ അതോ അങ്ങയെതന്നെയാണോ?.

വിശദമാക്കുമെന്ന് ഒരു പ്രതിക്ഷയുമില്ലെങ്കിലും കാത്തിരിക്കാതെ നിര്‍വാഹമില്ലാത്ത, പ്രസിദ്ധമായ അങ്ങയുടെ ബാങ്കില്‍ അക്കൌണ്ട് തുടങ്ങിയ നിര്‍ഭാഗ്യവാനായ ഒരു പ്രവാസി.

സ്നേഹം ഒട്ടും ഇല്ലാതെ

ബീരാന്‍ കുട്ടി.
--------------
ഇത് മതിയാവുമോ?

Sunday 9 August 2009

കാശ് വേണോ കാശ്.

പണമെന്ന് കേട്ടാല്‍, അത്‌വരെ പഠിച്ചതും പറഞ്ഞതുമായ എല്ല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും മറക്കുക എന്നത് മനുഷ്യസ്വഭാവത്തിന്റെ വിശേഷണമാണോ?.

നൈജീരിയായിലെ, ബിസിനസ്സുകാരനായിരുന്നു എന്റെ പിതാവെന്നും, എന്റെ പിതാവിനെ ചിലര്‍ കൊന്നുവെന്നും, പിതാവിന്റെ പേരിലുള്ള കോടികണക്കിന് വരുന്ന പണം, നിങ്ങളുടെ രാജ്യത്തിലേക്ക് മാറ്റണം, അവിടെ എനിക്ക് ബിസിനസ്സ് ചെയ്യണം, എന്നെ നിങ്ങള്‍ സഹായിക്കണം. കോടികള്‍ നിങ്ങളുടെ പേരില്‍ കൈമാറ്റം ചെയ്യുന്നതിന് മാത്രം, നിങ്ങള്‍ക്ക് കോടികള്‍ ലഭിക്കും.

ഇങ്ങനെയുള്ള സന്ദേശങ്ങള്‍, പണത്തിന് വേണ്ടി അലയുന്നവന്റെ കൈയില്‍കിട്ടിയാല്‍ ഉടനെ, ബാങ്ക്‌ വിവരങ്ങളും, അവര്‍ ചോദിക്കുന്ന ഫീസും അയക്കുകയായി. പലതും പറഞ്ഞ്, പലതവണ അവര്‍ നിങ്ങളുടെ കാശ് പോക്കറ്റിലാക്കുന്നു. അവര്‍ കാശ്‌കാരാവുന്നു.

മറ്റോരു തട്ടിപ്പ്, ഇറാക്കില്‍ മിലിട്ടറി കോണ്‍‌ട്രാക്ക്റ്റുള്ള ആളുകളുടെ പേരിലാണ്. സദാമിന്റെ കോടികള്‍ അവര്‍ കണ്ടെടുത്തു. അത് മറ്റോരു രാജ്യത്തേക്ക് മാറ്റണം. അതിന് സഹായം വേണം.

മറ്റോന്ന്, പിതാവിന്റെ അഗ്രഹപ്രകാരം, പിതാവിന്റെ സ്വത്തുകള്‍ എന്റെ നാട്ടില്‍ അനാധാലയങ്ങളും പള്ളികളും തൂടങ്ങുവാന്‍ അഗ്രഹിക്കുന്നുവെന്നാണ്.

എത്രയോക്കെ പറഞാലും, എന്തോക്കെ പഠിച്ചാലും മലയാളികള്‍ പണമെന്ന് കേട്ടാല്‍ വീണൂ. മൂക്കും കുത്തി. അതിന്റെ ഉത്തമോദാഹരണമാണ് ഇന്നലെ നാം കണ്ടത്. 40 ലക്ഷം രൂപയോളം, ഇത്തരം തട്ടിപ്പ് വിരാന്മര്‍ക്ക് കൊടുക്കുവാന്‍ മാത്രം വിഡ്ഡിയായോ മലയാളി? മറ്റോരു ചേച്ചി, ടിവിയിലൂടെ കരയുന്നത് കേട്ടു. കഷ്ടം.

പാസ്പോര്‍ട്ടിന്റെയും, ബാങ്കിന്റെയും വിലപ്പെട്ട രേഖകള്‍ നൈജീരിയന്‍ ഫ്രോഡിന് അയച്ച്‌കൊടുത്ത് കരയുന്നവരെയോര്‍ത്ത് സഹതാപം തോന്നുന്നു.

ഇന്ന്, മറ്റോരു തട്ടിപ്പ് രംഗത്തുണ്ട്. മൊബൈലിലൂടെ.

എറ്റവും വലിയ വിരോധഭാസം, ഈ തട്ടിപ്പിനിരയാവര്‍ മുഴുവന്‍, അഭ്യസ്ഥവിദ്യരാണ് എന്നതാണ്.
ചിട്ടിയുടെ പേരില്‍, ബാങ്കിന്റെ പേരില്‍, അങ്ങനെ അങ്ങനെ നൂറ് കണക്കിന് തട്ടിപ്പുകള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍, അമളിപറ്റിയവര്‍, വീണ്ടും എന്നെ പറ്റിക്കൂ എന്ന് പറഞ്ഞ് കാത്തിരിക്കുന്ന നമ്മുടെ നാട്ടില്‍, ഇനിയും പുതിയ തട്ടിപ്പുകള്‍ വരും, വളരും.

ഒരു കാര്യം ഓര്‍ക്കുക. ഒന്നും ഫ്രീയല്ല, ഫ്രീ എന്ന വാക്ക് മാത്രമാണ് ഫ്രീ.

Thursday 6 August 2009

കോഴിക്കോട് മൈസൂര്‍ റോഡ് അടച്ചൂ.

വന്യമൃ‌ഗങ്ങളോടുള്ള സ്നേഹം മൂത്ത് പഴുത്ത് പാകമായപ്പോള്‍, കര്‍ണാടക ചീഫ് ജസ്റ്റിസിന് ഒരു ബുദ്ധിതോന്നി, ബത്തേരിയില്‍നിന്നും മുത്തങ്ങ വനം വഴി മൈസൂര്‍ റോഡിലൂടെ രാത്രികാലങ്ങളില്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു എന്ന് ഒരോറ്റ ഉത്തരവ്.

ബീരാന്‍ മൃ‌ഗസ്നേഹിയാണ്, പക്ഷെ, മൃ‌ഗങ്ങളെ സ്നേഹിക്കുമ്പോള്‍, മനുഷ്യരോടുള്ള കടമ മറക്കരുതല്ലോ.

രാത്രിയും പകലും, മൈസൂരില്‍നിന്നും ബത്തേരിയിലേക്ക്, ബീരാന്‍ പലവട്ടം യാത്രചെയ്തിട്ടുണ്ട്. വംശനാശം സംഭവിച്ച്‌കൊണ്ടിരിക്കുന്നു പല വന്യമൃ‌ഗങ്ങളേയും കണ്ടിട്ടുമുണ്ട്. പുകര്‍കാലങ്ങളില്‍, കോടമഞിന്റെ കുളിരില്‍, നയനമനോഹരമായ കാഴ്ചയാണ് ഈ റോഡിലൂടെയുള്ള യാത്രയുടെ പ്രതേകത. ആനക്കുട്ടങ്ങളും, മാനും, കാട്ട്‌പോത്തും എന്ന്‌വേണ്ട, ഒരുമാതിരിപെട്ട ജന്തുക്കളോക്കെ, ഹൈവെയില്‍ കയറിനിന്ന്, ഇത് ഞങ്ങളുടെ സാ‍മ്രാജ്യാമാണെന്ന് പറയാറുണ്ട്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരാതിയുമില്ല.

എന്നാല്‍, ഇവകളോടുള്ള സ്നേഹം മൂത്ത്, ഈ വഴിയുള്ള ഗതാഗതം നിരോധിച്ചത് അല്‍പ്പം കാടത്തമായില്ലെ എന്നോരു സംശയം.

മലബാറിന്റെ പലഭാഗങ്ങളിലുമുള്ള, കച്ചവടക്കാരും, വിദ്യാര്‍ഥികളും, രാത്രികാലങ്ങളിലെ യാത്രസൗകാര്യത്തിന് ഈ വഴിയാണ് തിരഞ്ഞെടുക്കാറ്‌. അവര്‍ക്ക്, രാത്രിയാത്രകള്‍ ഏറെ പ്രയോജനകരവുമാണ്.

വികസനത്തിന്റെ പേരിലുള്ള പേക്കുത്തുകളും, അനധികൃ‌ത മരംവെട്ടലും, വെട്ടിപിടുത്തവും, കര്‍ണാടകത്തില്‍, ബീരാന്‍ എത്രയോ കണ്ടിട്ടുണ്ട്. അതിലോന്നും, ഈ ന്യായാധിപന് പരാതിയില്ലല്ലോ.

ജനങ്ങളെ ബുദ്ധിമുട്ടിലാക്കി, മൃ‌ഗങ്ങളോടുള്ള ഈ സ്നേഹം യതാര്‍ത്ഥത്തില്‍, ജന വഞ്ചനയാണ്. പ്രതേകിച്ച്, കേരള ജനതയോടുള്ള വെല്ലുവിളിയാണ്.

വന്യമൃ‌ഗങ്ങളെ ഉപദ്രവിക്കതെയും, അവരുടെ ജീവന് സംരക്ഷണം നല്‍കിയും, ഗതാഗതത്തിന് വഴിയുണ്ടാവണം എന്ന് ബീരാന്‍ ആഗ്രഹിക്കുന്നു. ജനനന്മയാണ് വലുത്, അവരുടെ ജീവിതവും.

Wednesday 5 August 2009

ബെര്‍ളിയുടെ ബ്ലോഗ് ഹാക്ക് ചെയ്തു

ബെര്‍ളി തോമസ് എന്ന ബ്ലോഗറുടെ വെബ് സൈറ്റും ബ്ലോഗും ആരോ ഹാക്ക് ചെയ്തിരിക്കുന്നു.

ബ്ലോഗിലെ അസഹിഷ്ണുതയാണ് ഇതിന് പിന്നിലെങ്കില്‍, അതോരു നല്ല പ്രവര്‍ത്തിയായി കാണുവാന്‍ എനിക്കാവില്ല.

ആശയങ്ങളെയും വൈരുദ്ധ്യങ്ങളെയും തോല്‍പ്പിക്കുവാന്‍, ക്രൂരമായ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ആരുപയോഗിച്ചാലും, ബീരാന്‍ അതിന് കൂട്ട് നില്‍ക്കില്ലെന്ന് മാത്രമല്ല, ശക്തമായി പ്രതികരിക്കുകയും ചെയ്യും.


ബെര്‍ളിയുടെ ബ്ലോഗും സൈറ്റും ഹാ‍ക്ക് ചെയ്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

ബെര്‍ളിയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മരുഭൂമിയിലെ നരകം












സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി കടല്‍ കടന്ന് വന്ന, പ്രവാസികളുടെ ചിത്രങ്ങളാണിത്. ജിദ്ധയിലെ കന്തറ പാലത്തിനടിയില്‍, അഭയാര്‍ഥികളായി കഴിയുന്ന മനുഷ്യ ജന്മങ്ങളുടെ ജീവനുള്ള ചിത്രങ്ങള്‍. ജിദ്ധയിലുള്ള ഒരു സുഹ്ര്‌ത്ത് വഴിയാണ്, ഇവരുടെ കഥ ഞാന്‍ അറിയുന്നത്. ഇപ്പോള്‍ സൌദിയില്ലല്ലെന്നതിനാല്‍ തന്നെ, ഇത് പ്രസിദ്ധികരിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്.

എകദേശം, 1500-ഒളം ആളുകള്‍, ഇന്ന് ജിദ്ധയിലെ കന്തറ പലാത്തിനടിയില്‍, ഡിപ്പോര്‍ട്ടെഷന്‍ സെന്ററിലെത്തുവാനായി കാത്തിരിക്കുന്നു. മാസങ്ങളോളമായി, ഇവരില്‍ പലരും, ഇവിടെ എത്തിയിട്ട്. വിവിധ കാരണങ്ങളാല്‍, ശരിയായ വിസയില്ലാത്തവരും, വിസയുടെ കാലവധി കഴിഞവരും, ഉം‌റ വിസയില്‍ വന്ന് മടങ്ങുവാന്‍ സാധിക്കാത്തവരും, അങ്ങനെ തിരിച്ച്‌നാട്ടിലേക്കുള്ള മടക്കത്തിനായി, ഡിപ്പോര്‍ട്ടെഷന്‍ സെന്ററിലെത്തുവാന്‍, പാസ്സ്പോര്‍ട്ട് അധക്ര്‌തരുടെ കനിവിനായി ഇവര്‍ കാത്തിരിക്കുന്നു.

പ്രാധമിക ആവശ്യങ്ങള്‍ക്കുള്ള സൌകര്യം‌പോലുമില്ലാത്ത, ജിദ്ധയിലെ ഷറഫിയ-കന്തറ പാലത്തിനടിയില്‍, കാര്‍ഡ്ബോര്‍ഡ് പേപ്പറുകള്‍ വിരിച്ച്, 50 ഡിഗ്രിക്ക് മുകളില്‍ പോകുന്ന ചൂടും സഹിച്ച്, സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയോരു വിഭാഗത്തില്‍, ഇന്ന് പലവിധ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്‌പിടിച്ചിരിക്കുന്നു. മഞ്ഞപ്പിത്തവും, സുര്യാഘാതവും കാരണം, ഇവരില്‍ 8-10 ആളുകള്‍ ജിദ്ധയിലെ വിവിധ ആശുപത്രികളില്‍ അത്യാസന്ന നിലയിലാണ്.
ഇവരില്‍ ബഹുഭൂരിപക്ഷവും, ഇന്ത്യക്കാരും, അതിലധികവും മലയാളികളുമാണ്. ഭക്ഷണത്തിനുള്ള വക എങ്ങിനെയെങ്കിലും സംഘടിപ്പിക്കുന്ന ഇവര്‍ക്ക്, പക്ഷെ, പ്രാധമികാവശ്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ ഒന്നുമില്ല. ഇവര്‍ പലപ്രാവശ്യം ജിദ്ധയിലെ വിവിധ പ്രവാസി സംഘടനകളെ സമീപിച്ചിരുന്നു. എന്നാല്‍, അവശതയനുഭവിക്കുന്നവന്റെ അപ്പകഷ്ണം വാരിവിഴുങ്ങുവാന്‍ മാത്രം കഴിവുള്ള, ജിദ്ധയിലെ പ്രവാസൈ സംഘടനകള്‍, ഒരു നല്ലവാക്ക് പോലും പറഞ്ഞില്ലെന്ന് ഇവര്‍ വേദനയോടെ പറയുന്നു. പല മലയാള പത്രപ്രതിനിധികളും വന്നെങ്കിലും, ഇവരുടെ യതാര്‍ത്ഥ ചിത്രത്തിന്, എഡിറ്റര്‍മാരുടെ കത്രിക ഇരയാവുന്നു.

കരുണാനിധിയുടെ മകള്‍ കന്നിമൊഴിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി, ഇവരില്‍ ചില തമിഴ് സുഹ്ര്‌ത്തുകള്‍ ബന്ധപ്പെട്ടു. കനിവോടെ കന്നിമൊഴി ഇവരുടെ പ്രശ്നം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, വിദേശകാര്യവകുപ്പ്, ജിദ്ധയിലെ ഇന്ത്യന്‍ എമ്പസിയോട്, വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍, ഇന്ത്യന്‍ എമ്പസി ഉദ്യോഗസ്ഥന്‍, ഏത് നരകത്തിലിരുന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നറിയില്ല. അവര്‍ അയച്ച റിപ്പോര്‍ട്ടില്‍, ഇവിടെ ആകെ 40 പേരെ ഉള്ളുവെന്നാണ്. എന്നാല്‍, ഈ വിവരമറിഞ സുഹ്ര്‌ത്തുകള്‍ വീണ്ടും കന്നിമൊഴിയുമായി ബന്ധപ്പെട്ടു.

അങ്ങിനെയാണ്, ഇവരില്‍ 600-ഓളം ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിക്കുന്നത്. അതിന്റെ ഒരു കോപ്പി ബീരാന്റെ കൈയിലുണ്ട്. ജിദ്ധയിലുള്ള വിവിധ അറബ് ദ്ര്‌ശ്യമാധ്യമ പ്രവര്‍ത്തകരെ ബന്ധപ്പെട്ടു. എതാനും നിമിഷങ്ങള്‍ക്കകം തന്നെ അവരുടെ ഇടറിയ സ്വരത്തിലുള്ള ഫോണ്‍കോളുകള്‍ വന്നു. വിവരണാതീതം, അവിശ്വസനീയം, നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഒരു വിലയുമില്ലെ, നിങ്ങളുടെ എമ്പസി എന്തിനാണ്, എന്നിത്യാധി മനസ്സിനെ മുറിപ്പെടുത്തുന്ന വാക്കുകളാണ് പത്രസുഹ്ര്‌ത്തുകള്‍ തന്നത്. ഞാന്‍ നേരിട്ട് ഈ കാഴ്ച പലവട്ടം കണ്ടിട്ടുണ്ടെന്നതിനാല്‍, ഇവരുടെ വിവരണം ഒട്ടും‌ അതിശയോക്തി കലര്‍ന്നതല്ലെന്ന് എനിക്കറിയാം.

ഈ പ്രശ്നം ഗവണ്‍‌മെന്റ് പ്രതിനിധികളെയും, പാസ്പോര്‍ട്ട് അധക്ര്‌തരേയും, അറിയിക്കാമെന്നും, എത്രയും പെട്ടെന്ന് തന്നെ ഒരു പരിഹാരമുണ്ടാക്കമെന്നും, അന്യദേശത്തിന്റെ മക്കളായ ഇവര്‍ എന്നോട് പറഞ്ഞു.

ഇതിനിടയില്‍, വീണ്ടും കന്നിമൊഴിയുമായി ബന്ധപ്പെടുവാനുള്ള ശ്രമം നടക്കുന്നു. എന്തിനും, എമ്പസിയുടെ കറുത്തകരങ്ങളെ ആശ്രയിക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍ മാത്രമാണ് എനിക്ക് വിഷമം. ജനങ്ങളെ സേവിക്കുവാനുള്ള ജനസേവകര്‍, അധികാരത്തിന്റെ മത്തില്‍, പണവും പ്രശസ്തിയുമുള്ളവന്റെ വാലാട്ടിയായി, സാധരണക്കാരനെ കണ്ടില്ലെന്ന് നടിക്കുന്നത്, ഇവരില്‍ വരും തലമുറയുടെ വംശനാശത്തിന് വഴിവെക്കും.

നേതാക്കളുടെ ആസനത്തില്‍ അത്തറ്‌ പുരട്ടാന്‍ കാത്തിരിക്കുന്ന പ്രവാസി സംഘടനകള്‍, കോടികള്‍ ആസ്ഥിയുള്ള നിങ്ങളുടെ സംഘലക്ഷ്യങ്ങള്‍, നിശയുടെ യാമങ്ങളില്‍ നിങ്ങള്‍ സംഘടിപ്പിക്കുന്ന ഫാമിലി ഷോകളുടെ യതാര്‍ഥ ലക്ഷ്യങ്ങള്‍ എന്നിവ, ബീരാന് പകല്‍‌പോലെ വ്യക്തമാണ്. എങ്കിലും ഇത്രയും ഹീനമായി, സഹായമഭ്യര്‍ഥിച്ചെത്തിയവരെ, ആട്ടിയോടിക്കുവാന്‍ മാത്രം സംസ്കാരശൂന്യരാണെന്ന് ഞാന്‍ കരുതിയില്ല.

കാക്കത്തൊള്ളായിരം പ്രവാസി സംഘടകളുള്ള ജിദ്ധയിലാണല്ലോ ഈ ദുരിതമനുഭവിക്കുന്നവരെ നിശ്കരുണം പുറംകാല്‍കൊണ്ട് നിങ്ങള്‍ ചവിട്ടിതെറിപ്പിച്ചതെന്നോര്‍ക്കുമ്പോള്‍, ഇടതനും വലതനും, നടുവനും, മാത്രമല്ല, ദൈവത്തിന്റെ സിംഹാസനം താങ്ങിനിര്‍ത്തുവാന്‍ കോടികള്‍ ചിലവഴിക്കുന്ന മതസംഘടനകളോടും, പുച്ഛം തോന്നുന്നു. ഇവരിലെ ദേശവും ഭാഷയും, മതവും മറക്കാം. മനുഷ്യരാണെന്ന പരിഗണനപോലും നിങ്ങളില്‍ ആരും കൊടുത്തില്ലല്ലോ.

കാത്തിരിക്കാം, ദുരിതമനുഭവിക്കുന്ന, നിസഹയരായ ഈ മനുഷ്യജന്മങ്ങള്‍ക്ക് ആശ്വാസത്തിന്റെ വെളിച്ചത്തിനായി. ഒപ്പം, പ്രശ്നത്തിലിടപ്പെട്ട കന്നിമൊഴിക്ക്, ബീരാ‍ന്റെ അഭിവാദ്യങ്ങള്‍.

Sunday 2 August 2009

ശിഹാബ്‌ തങ്ങൾ

ആശയറ്റവരുടെ അത്താണിയാണു കൊടപ്പനയ്ക്കൽ തറവാട്‌. അവിടെ സൗമ്യതയുടെ നിറവിളക്കായിരുന്നു ശിഹാബ്‌ തങ്ങൾ.

ഒരു നിയോഗം പോലെ മുസ്​‍്ലിം ലീഗിന്റെ നേതൃസ്ഥാനവും അധ്യാത്മിക നേതാവിന്റെ സ്ഥാനവും അദ്ദേഹം മരണം വരെ വഹിച്ചു. മത-സാമൂഹികരംഗത്തെ അനിഷേധ്യ പദവിക്കൊപ്പം രാഷ്ട്രീയരംഗത്തും സമുചിതമായൊരു സ്ഥാനവും പാണക്കാട്​‍്‌ സയിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾക്കു വഹിച്ചിരുന്നു. പാണക്കാട്ടെ കൊടപ്പനയ്ക്കൽ തറവാട്‌ പലപ്പോഴും കേരളത്തിന്റെ തലസ്ഥാനമാകാറുണ്ടായിരുന്നു. പലപ്പോഴും ഇവിടെനിന്നുയർന്നിരുന്ന നിർണായക തീരുമാനങ്ങൾക്ക്‌ രാജ്യം കാതോർക്കുന്നതും അതുകൊണ്ടുതന്നെയായിരുന്നു.

ഈ സ്നേഹസാമ്രാജ്യത്തിലേക്ക്‌ സദാ തുറന്നുകിടക്കുന്ന ഗേറ്റ്‌ കടന്ന്‌ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ തിളങ്ങുന്ന നേതാക്കൾക്കൊപ്പം ആരോരുമില്ലാത്തവരും ആലംബഹീനരുമെത്തിയിരുന്നത്‌ തങ്ങളുടെ തീരുമാനത്തിനുവേണ്ടിയായിരുന്നു. നീതിപൂർവകമായ ആ വിധിക്കു മുമ്പിൽ ഉള്ളവനും ഇല്ലാത്തവനും ഇവിടെ ഒരുപോലെയായിരുന്നു. ആളൊഴിയാത്ത മുറ്റത്ത്‌ രാത്രിയുടെ അന്ത്യയാമംവരെ തങ്ങളുടെ അനുഗ്രഹത്തിനായി, പ്രാർഥനയ്ക്കായി, ഒരു മറുപടിക്കായി, ഒരു തീരുമാനത്തിനായി കാത്തുനിന്നിരുന്നു നാനാ ദേശവാസികൾ.

അവർക്കിടയിൽ ആശങ്കകളില്ല, മുറുമുറുപ്പുകളില്ല. തങ്ങളുടെ തീരുമാനത്തിനു മുന്നിൽ മറുതലിക്കലില്ല, കൊടുങ്കാറ്റും വിവാദങ്ങളുമുയർത്തിയ പ്രശ്നങ്ങൾപ്പോലും അവസാനം തങ്ങളുടെ തീരുമാനത്തിനു വിട്ടുവേന്നു പറഞ്ഞാൽ പിന്നെ ചോദ്യമോ ഉപചോദ്യങ്ങളോ ഉയരുമായിരുന്നില്ല.
ഇന്നോ ഇന്നലയോ തുടങ്ങിയ സപര്യയല്ലിത്‌. ഏറനാട്ടിലെ ഈ ഏകാംഗ കോടതിയിലെ വിധിയെ മനസാ നമിക്കാനേ ജാതിമത വ്യത്യാസങ്ങളില്ലാതെ എന്നും എല്ലാവരും ശ്രമിച്ചിട്ടുള്ളൂ.
കേരളത്തിലെ ഏറ്റവും തിരക്കുള്ള, ഏറ്റവും കൂടുതൽ പൊതുപരിപാടികളുള്ള, ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ നടത്തിയിട്ടുള്ള, ഏറ്റവും കൂടുതൽ യാത്രചെയ്യുന്ന വ്യക്തി. നേതാവായിട്ടും നേതാവിന്റെ ജാടകളില്ലാത്തയാൾ. എത്തിപ്പിടിക്കാൻ ഒട്ടേറെ അധികാര സ്ഥാനങ്ങളുണ്ടായിട്ടും ബോധപൂർവം അതിൽനിന്നെല്ലാം വിട്ടുനിൽക്കുന്നയാൾ. അതേ വിശേഷങ്ങൾ തങ്ങളെ അമരനാക്കും. അദ്ദേഹം ഇനിയും ജീവിക്കും ജനമനസുകളിൽ.

ചൊവ്വാഴ്ച, സുഭഹി നമസ്കാരത്തിനുള്ള ബാങ്കുവിളി ഉയരുന്നതിനു മുമ്പേ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ പാണക്കാട്ടെ വിശാലമായ ഉമ്മറത്തും മുറ്റത്തും മരച്ചുവട്ടിലും നൂറുകണക്കിനാളുകൾ സ്ഥാനംപിടിക്കുമായിരുന്നു. അക്കൂട്ടത്തിൽ വാദിയും പ്രതിയും സാക്ഷികളുമുണ്ടാകുമായിരുന്നു, രോഗികളും. എല്ലാത്തിനും തീർപ്പുണ്ടാകേണ്ടിയിരുന്നത്‌ തങ്ങളുടെ ഭാഗത്തുനിന്ന്‌. രാത്രിയുടെ അന്ത്യയാമങ്ങൾവരെ നീളുമായിരുന്നു പലപ്പോഴും ഈ ജനകീയ കോടതിക്കാര്യ ങ്ങൾ.
കേരളം കത്തിയെരിയുമായിരുന്ന സന്ദർഭങ്ങളിൽപ്പോലും രക്ഷക്കെത്തിയത്‌ ഈ സൗമ്യമനസ്കന്റെ ഉറച്ച തീരുമാനങ്ങൾ. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ അവിചാരിത മലക്കംമറിച്ചിലുകളിൽപ്പോലും പാണക്കാട്ടുനിന്നുണ്ടാകുന്ന രാഷ്ട്രീയ തീരുമാനങ്ങൾ അചഞ്ചലമായിരുന്നു.

മുഹമ്മദ്‌ നബിയുടെ സന്താനപരമ്പരയിൽപ്പെട്ടതാണു സയിദ്‌ കുടുംബം. മുന്നൂറു വർഷം മുമ്പ്‌ വളപട്ടണത്തു താമസമാക്കിയ സയിദ്‌ പരമ്പരയിലെ അലി ശിഹാബ്‌ തങ്ങളിൽനിന്നാണ്‌ പാണക്കാട്ടെ കൊടപ്പനയ്ക്കൽ തറവാടിന്റെ ആരംഭം. പാണക്കാട്‌ പി.എം.എസ്‌.എ പൂക്കോയ തങ്ങളുടെയും ചെറുകുഞ്ഞി ബീവിയുടെയും മകനായി 1936 മേയ്‌ നാലിനായിരുന്നു ശിഹാബ്‌ തങ്ങളുടെ ജനനം. ശിഹാബ്‌ ത ങ്ങളടക്കം അഞ്ച്‌ ആൺമക്കളും രണ്ടു പെൺമക്കളും. ഉമറലി ശിഹാബ്‌ ത ൾ, ഹൈദരലി ശിഹാബ്‌ തങ്ങൾ, സാദിഖലി ശിഹാബ്‌ തങ്ങൾ, അബ്ബാസലി ശിഹാബ്‌ തങ്ങൾ എന്നിവരാണു സഹോദരർ.

പൂക്കോയ തങ്ങളുടെ ആകസ്മിക നിര്യാണം ചെറുപ്രായത്തിലേ സൗമ്യനായ ശിഹാബ്‌ തങ്ങളെ നേതൃത്വത്തിലേക്കെത്തിക്കുകയായിരുന്നു. 1975-ൽ മലപ്പുറം കോട്ടപ്പടിയിൽ നടന്ന ലീഗ്‌ സമ്മേളനത്തിൽ ആധ്യക്ഷംവഹിച്ചുകൊണ്ടാണ്‌ മു ഹമ്മദലി ശിഹാബ്‌ തങ്ങൾ പൊതുപ്രവർത്തനത്തിലേക്കു കടന്നത്‌.
സി.എച്ച്‌ മുഹമ്മദ്‌ കോയ അന്ന്‌ ശിഹാബ്‌ തങ്ങളെ അധ്യക്ഷപദവിലേക്കു ക്ഷണിക്കുമ്പോൾ ഒരു സമുദായത്തിന്റെ നേതൃപദവി അദ്ദേഹം കൈയേൽക്കുകയായിരുന്നു. 34 വർഷം പിന്നിട്ടിരിക്കു ന്നു ആസപര്യ.

നേതൃസാരഥ്യത്തിലേക്കു യരു ന്നതിനു മുമ്പ്‌ അ ക്ഷരങ്ങളെ സ്നേഹിച്ചും യാത്രചെയ്തും വിജ്ഞാനം വർധിപ്പിച്ച ശിഹാബ്‌ തങ്ങൾ ലേഖനങ്ങളും അറബിയിൽ കവിതകളും എഴുതിയിരുന്നു.
മുസ്ലിം ലീഗിനെ മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്നും വ്യത്യസ്തമാക്കുന്നതു ശിഹാബ്‌ തങ്ങളുടെ സാന്നിധ്യവും നേതൃത്വവുമാണ്‌.

ശുഭ്രവസ്ത്രം, തലയിൽ തൊപ്പി, സദാ പുഞ്ചിരി, പതിഞ്ഞ സംസാരം, തിരക്കിനിടയിലും കൈവിടാത്ത ശാന്തത്ത - ഇതാണ്‌ ശിഹാബ്‌ തങ്ങളെ വ്യത്യസ്ത നേതാവാക്കുന്നത്‌. പഞ്ചായത്ത്‌ മെംബർവരെ ബ്ലാക്ക്‌ ക്യാറ്റുകളുടെയും അകമ്പടി സേവകരുടെയും ഒത്താശ തേടുന്ന ഇക്കാലത്തും തന്നെ കാണാനെത്തുന്നവരെ സ്വയം സ്വീകരിച്ചും സ്വയം സൽക്കരിച്ചും വിശാലമായ ഉമ്മറത്ത്‌ ജനങ്ങൾക്കിടയിലിരുന്ന്‌ അവരുടെ പ്രശ്നങ്ങൾ കേട്ട്‌ തീർപ്പുകൽപ്പിച്ച്‌, പ്രശ്നകുലിഷിതമായ മേഖലകളിൽപ്പോലും കടന്നുചെന്ന്‌ സമാധാനത്തിനുവേണ്ടി ആഹ്വാനംചെയ്യാൻ - ഇവിടെ ഇങ്ങനെ - ഒരേ ഒരു നേതാവുമാത്രമേ ഉണ്ടായിരുന്നുള്ളൂ

കടപ്പാട്: ദീപിക.കോം

Sunday 26 July 2009

ബ്ലോഗ് മീറ്റ് എന്തിന് ഒളിക്കണം

വിജയകരമായി നടന്ന ചെറായ് മീറ്റിന്റെ തത്സമയ വിവരങ്ങള്‍ ബ്ലോഗര്‍മാരിലേത്തിക്കുവാന്‍, എന്ത്‌കൊണ്ടോ മടി കാണിക്കുന്ന സംഘാടകരുടെ പ്രവര്‍ത്തിയില്‍ ഞാ‍ന്‍ പ്രതിഷേധിക്കുന്നു.

72- ആളുകള്‍ ഒത്ത്‌കൂടിയത്തിന്റെ വിവരങ്ങള്‍ അറിയുവാന്‍ 7200-ഒളം ബ്ലോഗര്‍മാര്‍ ലോകത്തിന്റെ വിവിധകോനുകളില്‍നിന്നും, ഒരോ നിമിഷവും കാത്തിരുന്നു. എന്നാല്‍, ഭയംകൊണ്ടോ, അതോ നിഗൂഡമായ മറ്റു കാരണങ്ങള്‍കൊണ്ടോ, മീറ്റിന്റെ വിവരങ്ങള്‍ ഒന്നും പുറത്ത് പറയുന്നില്ല.

ഭാവിയിലെങ്കിലും ഇത്തരം പ്രവണത അനുവദിച്ച്‌കൂടാ.

എല്ലാം അറിയുന്ന അപ്പുവേട്ടനും ഇതിന് കൂട്ട്‌നിന്നതില്‍ സങ്കടമുണ്ട്.

ഇത്രക്ക് ഭയമുള്ളവര്‍, പിന്നെ എന്തിനീ മിറ്റിന്റെ സംഘാടകരായി നില്‍ക്കുന്നു???

ചെറായിയില്‍ ഫോണോ നെറ്റോ ഇല്ല എന്നുണ്ടോ????

ചെറിയ ബ്ലോഗ് മിറ്റുകള്‍ പോലും ലൈവായി കാണിക്കാറുള്ള, സംഘാടകരില്‍ പലരും, എന്ത്‌കൊണ്ട്, ഈ ബൂലോക മീറ്റ് മാത്രം രഹസ്യമാക്കിവെക്കുന്നു????

വളരെയധികം നൂലമാലകളുള്ള, അറേബ്യയുടെ പലഭാഗത്തും മീറ്റുകള്‍ നടന്നിട്ടുണ്ട്, ലൈവായിട്ട് തന്നെ അപ്പ്ഡേഷന്‍ നടത്താറൂണ്ട്. അതിനെക്കാള്‍, കേരളത്തിലെ ബ്ലോഗര്‍മാരുടെ സംഗമം മാത്രം വേറിട്ട് നില്‍ക്കുന്നു എന്ന് വാദം, ബൂലോകമെന്തെന്നറിയാതെയുള്ള ബ്ലോഗര്‍ ആയി പോയി???

രാവിലെമുതല്‍, ആരെങ്കിലും വിവരങ്ങള്‍ തരുമെന്ന് കരുതി, കാത്തിരിക്കുകയാണ്, വൈക്കുന്നേരമായിട്ടും, ആരും ഒന്നും പറയുന്നില്ല. നാലാംകിട രാഷ്ട്രിയപാര്‍ട്ടികളുടെ രഹസ്യയോഗം പോലെ നടത്തേണ്ടതാണോ ബ്ലോഗ് മീറ്റ്?????

ആശങ്കയുടെ നിഴലിലായിരുന്നു ചെറായ് മീറ്റ് എന്നത് സമ്മതിച്ചാല്‍ തന്നെ, മീറ്റ് കഴിഞ്ഞ് നാല് ഭിവസത്തിന് ശേഷം മതി, മിറ്റ് അപ്ഡേഷന്‍ എന്ന വാദത്തിന്, മറുപടി, നെഞ്ചിടിപോടെ, ഈ മിറ്റിന് കാത്തിരുന്ന ബ്ലോഗര്‍മാര്‍ തരും. തിര്‍ച്ച.


.

Sunday 12 July 2009

ഞാനും കെട്ട്യോളും കുട്ട്യളും ചെറായീക്ക്‌

രണ്ട്‌ മൂന്ന് ദിവസം ലീവെടുത്ത്‌, ഞാൻ ബ്ലോഗീന്ന് മാറിനിന്നപ്പോഴെക്കും, ഒരു തൃശൂർ പൂരവും, രണ്ട്‌ കത്തികുത്തും, അവസാനം കെട്ടിപിടിയും, എന്തോക്കെ ഇവിടെ നടന്നു. മിസ്സായി, കപ്ലീറ്റ്‌ മിസ്സായി.

ചെറായി കടപ്പുറത്ത്‌ ഇങ്ങനെ ഒരു സാധനം നടക്കണ വിവരം, എന്തെ ഹാരിഷ്‌ ഭായ്‌, ഇങ്ങള്‌ ഞമ്മളെ വിളിച്ച്‌ പറയാഞ്ഞത്‌?. അനിൽ പിന്നെ ഞമ്മളെ ഒഴ്‌വക്കാനെ നോക്കൂ, ഏന്നാലും അപ്പുവേട്ടൻ ഇതിനോക്കെ കൂട്ട്‌നിന്നല്ലോ.

ഞമ്മളെ ചങ്ങായി ബെർളി ഒരു ചെറീ, ഓലപടക്കത്തിന്‌ തീ കൊടുത്തപ്പോൾ തന്നെ, "ദെ വരണ്‌ അറ്റം ബോബ്‌" എന്ന് പറഞ്ഞ്‌കരഞ്ഞ കിടാങ്ങളും, കുട്ടത്തിൽ മത്താപ്പൂ കത്തിച്ച്‌, അതിൽനിന്നും ദിനേഷ്‌ ബിഡിക്ക്‌ തീകൊടുക്കാൻ ശ്രമിച്ച കാപ്പൂന്റെ താടിക്ക്‌ തീ പിടിച്ച വിവരവും ഞമ്മള്‌ അറിഞ്ഞു.

സത്യം പറയട്ടെ, ബ്ലോഗില്‌, അടിം, ഇടിം, സധാരണെണ്‌. പക്ഷെ കത്തികുത്ത്‌ ഞമ്മള്‌ സമ്മയ്കൂലാ. അത്‌ ഞമ്മളെ അയ്റ്റാ. അല്ല പിന്നെ.

എന്തായാലും, ഹരീഷ്‌ ഭായിന്റെ നമ്പർകുത്തി വിളിച്ച്‌ണ ആ സാധനത്തിന്റെ നമ്പർ ആരെങ്കിലും ഞമ്മളെ ബീവിക്ക്‌ SMS അയക്കണം, ഇല്ലെങ്കിൽ,

ഞാനും കെട്ട്യോളും, കുട്ട്യളും കൂടി, ഒരു വരവ്‌ണ്ട്‌, കൊണ്ടോട്ടി റ്റു ചെറായി.


അവസാനം, ഇങ്ങക്ക്‌, ഇറ്റാൻ വല്ലതും കിട്ടിലാന്ന് പറഞ്ഞാ, പടച്ചോനാണെ, ഞാൻ കത്തി കേറ്റും, ഞമ്മളെ പള്ളക്ക്‌ തന്നെ.അനിലെ, ഈ കണക്കോക്കെ എടുത്ത്‌, നീ തന്നെ ഒരു ഏണ്ണം പറയുക, എനിക്ക്‌ ഏണ്ണം പണ്ടെ തെറ്റി. കമ്പ്യൂട്ടർ കേട്‌വന്ന്‌ന്ന് മാത്രം പറയരുത്‌.അപ്പോ, അകെ മൊത്തം ട്ടോട്ടൽ എത്ര ആളുണ്ട്‌.
-----------------------------
കൂടെപിറപ്പുകളെ,ഒരു പരിധിവരെ, അടി നടക്കുന്ന ബൂലോകം എനിക്കിഷ്ടമാണ്‌. ഇത്‌ ദാരിദ്രരേഖയുടെ തഴെ പോയോന്ന് ഒരു സംശയം.

എന്തായാലും, മലയാളി ബ്ലോഗെയ്സ്‌ ഒരുക്കുന്ന ചെറായി മിറ്റിന്‌, സർവ്വവിധ പിന്തുണയും പ്രഖ്യാപിക്കുന്നു (കൈയടിക്ക്, ബിരിയാണി വാങ്ങികൊടുത്ത്‌ നിന്നെയോക്കെ തിറ്റിപോറ്റുന്നത്‌, പിന്നെ എന്തിനാ)

ചെറായിയില്‍ വെച്ച് നടക്കുന്നത് ബ്ലോഗ് മീറ്റ് തന്നെയാണ്.

ഛലോ ഛലോ ചെറായി.

(ഇതോക്കെ കണ്ടിട്ട്, റിയാല്‍ 2000 പോയാലുംവേണ്ടില്ലാ, ഞാനും വന്നലോന്ന് അലോചിക്കുകയാണ്, ഹാ, തല്‍ക്കാലം ഫോട്ടോ കണ്ട് ത്രിപ്തിയടയാം. ഈ ബ്ലോഗ് മീറ്റ് ജുലൈ മാസത്തില്‍ തന്നെ വെച്ചവനെ വെടിവെച്ച് കൊല്ലണം, അല്ലെങ്കില്‍ വേണ്ടാ, ലീവ് ചോദിച്ചിട്ട് രണ്ട് മാസം കൂടി നീട്ടാന്‍ പറഞ്ഞ, എന്റെ മുതാലാളിയെ വെടിവെച്ച്... ഹെ, വേണ്ടാ, കഞ്ഞികുടി മുട്ടും)

Tuesday 2 June 2009

രസികൻ നാട്ടിലേക്ക്‌.

"ബീരാനൂ, ഓടിക്കോ, അവിടെ അടി നടക്കുന്നു. വിത്ത്‌ തെറി അഭിഷേകം കം തന്തക്ക്‌ വിളി. വീട്ടിലിരിക്കുന്നവരെ കട്ടിലടക്കം ബ്ലോഗിലെടുത്തെറിയുന്നൂ"

മലയാള ബ്ലോഗിൽ ഈയിടെ പ്രത്യക്ഷപ്പെട്ട അപൂർവ്വ രോഗലക്ഷണങ്ങൾകണ്ട്‌, സ്വന്തം തന്തക്ക്‌ വിളിച്ചാലെന്താ എന്ന് ബ്ലോഗർമ്മാർക്ക്‌ തോന്നിപോവുന്ന ഒരു കാലഘട്ടത്തിലാണ്‌, എന്റെ സഹബ്ലോഗറും, സഹ മുറിയനും, സഹ ഈറ്റ്‌ ആൻഡ്‌ മീറ്റ്‌ പാർട്ട്ണറുമായ രസികൻ, പ്രശ്നബാധിത പ്രദേശത്ത്‌നിന്നും ഓട്ടോപിടിച്ച്‌ ഓടിപോവുന്നതിനിടയിൽ വീണ്ടും വിളിച്ച്‌ പറഞ്ഞു

"ഇനി രണ്ട്‌ ദിവസം ഞാൻ ബ്ലോഗിലേക്കില്ല. ലീവെഴുതി കൊടുത്തിട്ടുണ്ട്‌, അവിടെ ലവനും ലവളും, പിന്നെ ലവന്മരും കൂടി അടികൂടുന്നു".

ഫ്രീയായിട്ട്‌ ഒരടി കാണുവാൻ ഇത്‌വരെ ഭാഗ്യമില്ലാത്ത ഞാൻ, അവശ്യത്തിലധികം വാങ്ങി സ്റ്റോക്ക്‌ ചെയ്തിട്ടുണ്ടെങ്കിലും, അതെങ്ങനെയായിരുന്നു എന്ന് ലൈവായികാണുവാൻ കിട്ടിയ ഒരവസരം കളഞ്ഞ്‌ കുളിക്കുമോ?. കല്ലെടുത്തെറിഞ്ഞാൽപോലും, എനിക്ക്‌ കൊള്ളില്ലെന്ന ഡിസ്‌റ്റൻസ്‌ കീപ്പ്‌ ചെയ്ത്‌, ദൂരെ ഒരു മതിലിനുമുകളിൽ കയറി നിന്ന്, എന്റെ സ്ഥിരം ഡയലോഗ്‌ ഞാൻ പ്ലേ ചെയ്തു.

"അടിയെട അവനെ, കുനിച്ച്‌നിർത്തി കുമ്പിനിട്ടിടി, അവൻ അത്രക്കായോ. വിടരുതവനെ".

ഇത്‌ കേട്ടതും തന്റെ പിന്നിലും ആളുണ്ടെന്ന ആവേശം, ഷെക്കിലയുടെ പടം വരുന്നുണ്ടെന്ന് കേൾക്കുമ്പോഴുള്ള അതെ ആവേശം, മൂത്ത്‌ പഴുത്ത്‌, രണ്ട്‌പേരും അടി കം ഇടി വിത്ത്‌ തെറി മാക്സിമൈസ്‌ ചെയ്യുന്ന സമയത്ത്‌, ഞാൻ നിൽക്കുന്ന മതിലിനടുത്ത്‌നിന്നും കരിയിലകൾ ചതഞ്ഞരഞ്ഞ്‌ കരയുന്ന ശബ്ദം. കരിമൂർഖനോ, രാജവെമ്പാലയോ വരില്ല, അവരോക്കെ ഗൂഗിൾപട്ടയം കിട്ടി, ഇവിടെ ബ്ലോഗിലുണ്ടല്ലോ. വല്ല പച്ചിലപാമ്പും വന്നതായിരിക്കുമെന്ന് കരുതി ഞാൻ മൈന്റിയില്ല.

എന്നാൽ, എന്റെ പ്രതിക്ഷകൾക്ക്‌ മുകളിൽ വെള്ളമൊഴിച്ച്‌, നിശബ്ദം വന്ന ജീവി എന്നെ തോണ്ടിയതും, മാക്സിമം വോളിയത്തിൽ അലറികരഞ്ഞ്‌, നാലാളെകൂട്ടി, സംഗതി കൊഴുപ്പിക്കാമെന്ന് തോന്നിയതും, അതിനുള്ള സെറ്റപ്പിൽ വായതുറന്നതും, ഒട്ടോമാറ്റിക്കലി ഞാൻ വലത്തോട്ട്‌ നോക്കിയതും, ബൈ ദ ടൈം ഇടത്‌കാൽ എന്നെ ചതിച്ചതും, രണ്ട്‌ രണ്ടരയടി പൊക്കമുള്ള മതിലിനുമുകളിൽനിന്നും പഴഞ്ചക്ക വീഴുന്നപോലെ ഞാൻ താഴെ വീണതും, എല്ലാം വിതിൻ സെക്കന്റ്‌. എന്റെ സ്വന്തം ബോഡിയുടെ പല പാർട്ട്സുകളും ഞളുങ്ങി പെളുങ്ങി. അത്യവശ്യ ഐറ്റംസ്‌, കൈയും കാലും പിന്നെ നാക്കും മൂക്കും വർക്ക്‌ ചെയ്യുന്നു എന്നുറപ്പുവരുത്തി. കൈയും കാലും നിവർത്തി ഞാൻ വീണിടത്ത്‌ തന്നെ കിടന്നതും, "അല്ല, ഞാനിപ്പോ എന്തിനാ വീണത്‌" എന്ന ചോദ്യം എന്നോട്‌ തന്നെ ചോദിച്ചതും, അപൂർവ്വമായി കാണുവാൻ കഴിയുന്ന എന്നെ തള്ളിതാഴെയിട്ട ജീവിയെ കാണുവാനുള്ള അവേശത്തിൽ തലയുയർത്തി, 45 ഡിഗ്രി ഇടത്തോട്ട്‌ തിരിച്ച്‌, മതിലിനുമുകളിലേക്ക്‌ സൂം ചെയ്തതും, "എന്തായി, ബീരാൻ എന്തിനാ ചാടിയത്‌, അടി കഴിഞ്ഞോ" എന്നു ട്ടോക്കികൊണ്ട്‌, രസികൻ മതിലിനുമുകളിലൂടെ സ്വന്തം തലയുയർത്തി എന്നെ നോക്കി.

അടി എന്ന് കേട്ടാൽ പിന്നെ, അഞ്ചെട്ട്‌ മാസത്തെക്ക്‌ ബ്ലോഗിൽ ലീവെഴുതി ഓടുന്ന, ഇവനിതെന്തു പറ്റി എന്ന് ഞാൻ ചിന്തിച്ചു. എന്റെ ചിന്ത ബ്ലൂ ടുത്ത്‌ വഴി അവന്‌ കിട്ടിയത്‌പോലെ രസികൻ പറഞ്ഞു

"ബീരാനെ, ഞാൻ ഒരു കഥ എഴുതിവെച്ചിട്ട്‌ നാലഞ്ച്‌ ദിവസമായി, ഇത്‌ വരെ പോസ്റ്റാൻ പറ്റിയില്ല. ഇവിടുത്തെ തിരക്കോക്കെ കഴിയട്ടെ എന്ന് കരുതി"

"ഡാ, ബ്ലോഗിലെ അടി തീർന്നിട്ട്‌ പോസ്റ്റാം എന്ന് കരുതിയാൽ, നീ ആ കഥ വിട്ടിലേക്ക്‌ പോസ്റ്റേണ്ടി വരും. നീ ഇപ്പോ തന്നെ കഥ പോസ്റ്റ്‌"

"അതെടാ ഒരബദ്ധം പറ്റി. നാട്ടിൽപോകണമെന്ന ആഗ്രഹം എങ്ങനെയോ നമ്മുടെ അറബി സ്കാൻ ചെയ്ത്‌ കണ്ട്‌പിടിച്ചു. ഇന്നലെതന്നെ എന്റെ റി എന്റ്രി അടിച്ചു. ഞാൻ ഇന്ന് പോവുകയാണ്‌. കഥ ഞാൻ നാട്ടിൽ ചെന്നിട്ട്‌, ലവളുടെ ആക്രന്തം തീർത്തിട്ട്‌ പോസ്റ്റാം"

മനുഫാക്ച്ചറിങ്ങ്‌ മാത്രമല്ല, പ്രോഡക്റ്റ്‌ ഡെലിവറിയും കഴിഞ്ഞെ ഇനി ഇവൻ കഥ പോസ്റ്റു എന്ന തിരിച്ചറിവിൽ, വെക്കെഷൻ സ്മാരകം നിർമ്മിക്കുവാനുള്ള അവന്റെ ആഗ്രഹത്തിന്‌ പൂർണ്ണ പിന്തുണ പ്രഖ്യപ്പിച്ചുകൊണ്ട്‌ ഞാൻ അറിയിച്ചു

"നീ ധൈര്യമായി പോയി വാ, അത്‌ വരെ ഈ അടി തുടരും".

----------
വളരെ വിഷമം പിടിച്ച ഒരവസ്ഥയിൽ, പ്രർത്ഥനയോടെ കൂടെ നിൽക്കുന്ന, സഹായസ്ഥവുമായി എന്നും എന്റെ ചുറ്റും കറങ്ങിതിരിയുന്ന രസികൻ എന്ന ബ്ലോഗർ, അതിലേറെ വിഷമവും ബാഗിലാക്കി ഇന്ന് നാട്ടിലേക്ക്‌.

പുത്തൻ പ്രതീക്ഷയുടെ ഭാണ്ഡവും ചുമലിലേറ്റിയുള്ള മറ്റോരു യാത്രകൂടി.

സഹായിച്ചവർക്ക്‌, നിർദ്ദേശങ്ങൽ തന്നവർക്ക്‌, പ്രർത്ഥനയോടെ കൂടെ നിന്നവർക്ക്‌, അങ്ങനെ എല്ലാവർക്കും രസികൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
--------
ഈ കഥയുടെ രണ്ടാം ഭാഗം, രസികൻ ഏത്‌ നിമിഷം ഞമ്മളെ മണ്ണിൽ കാല്‌ കുത്തുന്നോ, ആ നിമിഷത്തിൽ ഞാൻ പോസ്റ്റും.

കോഴിക്കോട്ട്‌ നിന്നും താമരശ്ശേരിയിലേക്ക്‌ നന്ദി പ്രകടനം നടക്കുമെന്നറിയാവുന്നത്‌കൊണ്ട്‌, അത്‌ ബ്ലോക്കാൻ, ഇതല്ലാതെ വഴിയില്ല. രസികത്തി ക്ഷമിക്കുക. കാത്തിരിപ്പിന്‌ വിരാമമായല്ലോ.


"മഴക്കാലമാണ്‌ സൂക്ഷിക്കുക"

Sunday 17 May 2009

മരുഭൂമിയിൽ നിന്നും

മരുഭൂമിയിൽ നിന്നും

മരുഭൂമിയിലെ ചൂട്‌ സഹിക്കുവാൻ തുടങ്ങിയിട്ട്‌ വർഷം നാല്‌ കഴിഞ്ഞപ്പോൾ, നാട്ടിൽനിന്നും വരുബോൾ തലയിലേറ്റി വന്ന ബാധ്യതകളും പ്രാരാബ്ദങ്ങളും പ്രശ്നങ്ങളും റിയാലിന്റെ ബലത്തിൽ തരണംചെയ്തപ്പോൾ, എല്ലാ പ്രവാസികളെയുംപോലെ, എനിക്കും തോന്നി ഇനി ഒന്ന് നാട്ടിൽ പോവാമെന്ന്. നിക്കാഹ്‌ കഴിഞ്ഞ്‌ വെറും മൂന്ന് മാസം മാത്രം കൂടെകഴിഞ്ഞ ഭാര്യയോട്‌ സ്നേഹം ഇല്ലാഞ്ഞിട്ടല്ല. ദാബത്യജീവിതത്തിന്റെ ചൂടും കുളിരുമറിയുവാൻ മനസ്സ്‌ അഗ്രഹിക്കാഞ്ഞല്ല. മലവെള്ളംപോലെ കിട്ടുന്നത്‌ മുഴുവൻ കുത്തിയോലിച്ച്‌ നാട്ടിലേക്ക്‌ തന്നെ പോവുമ്പോൾ, ഭാര്യ എനിക്ക്‌ വെറും സ്വപ്നമായി മാത്രം മാറി. ജീവിതം മരിചികയും.

റീ എന്റ്രി അടിപ്പിക്കുവാൻ ഇക്കാമയുമായി അറബിയുടെ അടുത്തെത്തി. പകുതി മലയാളവും, കാൽ ഭാഗം ഇഗ്ലിഷും ബാക്കി മുഴുവൻ അറബിയും കൂട്ടിചേർത്ത്‌ ഞാൻ പറഞ്ഞ കഥയിൽ തീരെ വിശ്വാസം വന്നിട്ടില്ലെന്ന് അവന്റെ മുഖം വിളിച്ച്‌പറഞ്ഞിരുന്നു. എങ്കിലും ഇക്കാമ വാങ്ങി, രണ്ട്‌ ദിവസംകൊണ്ട്‌ റീ എന്റ്രി അടിച്ച്‌ തരാമെന്നവൻ പറഞ്ഞപ്പോൾ, മാനത്ത്‌ മാരിവില്ലുകൾ വിടർന്നു. വീശിയടിച്ച മണൽകാറ്റിനും സുഗന്ധമായിരുന്നു.

രണ്ട്‌ ദിവസം എങ്ങനെ തള്ളിനീക്കിയെന്നറിയില്ല. എത്രവലിച്ച്‌നീട്ടിയിട്ടും ദിവസത്തിന്‌ പിന്നെയും നീളം ബാക്കി. അത്യാവശ്യം ചില്ലറ സാധനങ്ങളിലൊതുക്കി യാത്രാ. വാങ്ങുവാൻ വിഭവങ്ങൾ സുലഭമെങ്കിലും, എണ്ണിതിട്ടപ്പെടുത്തിയ റിയാലുകൾ തടസ്സം നിന്നു.

മുന്നാം ദിവസം അറബിവന്നു. കൈയിൽ പാസ്പോർട്ട്‌ കണ്ടപ്പോഴെ മനം കുളിർത്തു. മരുഭൂമിയിൽ മഴക്കാറുകൾ ഉരുണ്ട്‌കൂടുകയായിരുന്നു.

എന്നെ കണ്ടതും, സ്വതസിദ്ധമായ ഡി.ഡി ശബ്ദത്തിൽ അവൻ പറഞ്ഞത്‌ മനസിലായിലെങ്കിലും വച്ച്‌നീട്ടിയ പാസ്പോർട്ട്‌ ഞാൻ വാങ്ങി. കൂടെയുള്ള ഹാജിയാരാണ്‌ കാര്യങ്ങൾ പറഞ്ഞത്‌.

"ബീരാനെ നിന്റെ പാസ്പോർട്ടിന്റെ ഡേറ്റ്‌ കഴിഞ്ഞിട്ട്‌ നാലഞ്ച്‌ മാസമായി. അത്‌ ആദ്യം പുതുക്കണം. എന്നിട്ടെ റി എന്റ്രി അടിക്കുവാൻ കഴിയൂ"

കാർമേഘങ്ങൾ മാനത്ത്‌നിന്നും തെന്നിനിങ്ങി. ദൂരെ എവിടെയോ ആർത്തലച്ച്‌ വരുന്ന മണൽകാറ്റിന്റെ ഇരമ്പൽ.

പ്രതീക്ഷയുടെ കൈത്തിരികൾ വീണ്ടും തലനീട്ടിയത്‌ ഹാജിയാരുടെ വാക്കുകൾ കേട്ടപ്പോഴാണ്‌.

"നീ എന്തിനാ ബീരാനെ ടെൻഷനാവുന്നത്‌. പാസ്പോർട്ട്‌ രണ്ട്‌ ദിവസംകൊണ്ട്‌ പുതുക്കി കിട്ടും. നീ നാളെ തന്നെ എംബസിയിൽ പോയി പാസ്പോർട്ട്‌ പുതുക്ക്‌".

വൈകുന്നേരം, പതിവ്‌ സംഭാഷണത്തിന്‌ ചൂടും ചൂരം കുറവെന്ന് ഭാര്യ. ഇടറുന്ന സ്വരത്തിൽ പതിയെ കാര്യം പറഞ്ഞു. കേട്ടതും അവൾ പൊട്ടികരഞ്ഞു. ആശ്വസിപ്പിക്കുവാൻ വാക്കുകളില്ലാതെ, അതിനു കഴിയാതെ ഞാനും.

പിറ്റേന്ന് പുലർച്ചെ തന്നെ എംബസിയിലെത്തി പാസ്പോർട്ട്‌ നൽകി. രണ്ട്‌ ദിവസംകൊണ്ട്‌ തിരിച്ച്‌ തരുമെന്ന ഉദ്യോഗസ്ഥന്റെ വാക്കുകൾ വീണ്ടും എന്റെ കാതിൽ കുളിർമഴയായി പെയ്തിറങ്ങി.

രണ്ട്ദിവസത്തിന്‌ ശേഷം, വീണ്ടും എംബസിയിലെത്തി. രസീത്‌ നൽകി കാത്തിരുന്ന എന്നെ വിളിച്ച്‌ ഉദ്യോഗസ്ഥൻ പറഞ്ഞത്‌, തീ മഴയായി കാതുകളിലലച്ചു.

"ബീരാൻ, നിങ്ങളുടെ പാസ്പോർട്ട്‌ വെരിഫിക്കേഷനു വേണ്ടി ഞങ്ങൾ നാട്ടിലയച്ചിരുന്നു. എവിടുന്ന് റിപ്പോർട്ട്‌ കിട്ടിയത്‌ ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പില്ല എന്നാണ്‌. നിങ്ങൾ കൗൺസുലറെ പോയി കാണൂ".

കൈകാലുകളിൽ മരവിപ്പ്‌, തൊണ്ടവരളുന്നു. ശരീരത്തിന്റെ ഭാരംതാങ്ങുവാൻ കഴിയാതെ കാലുകൾ തെന്നിനിങ്ങുന്നു. ചുട്ട്‌പൊള്ളുന്ന മണൽകാട്ടിൽ കിടന്ന് ഞാൻ കണ്ട സ്വപ്നങ്ങൾ വെറുതെയാവുമോ?. നിലാവുള്ള രാത്രികളിൽ തീരംതേടി കരയറിയാതെ തുഴയുവാൻ വെമ്പിയത്‌ വെറുതെയാവുമോ?.

നിരാശ്രയനായി കൗൺസുലറുടെ മുന്നിലെത്തി കാര്യങ്ങൾ പറഞ്ഞു. ഫയലെടുത്ത്‌ നിവർത്തി അദ്ദേഹം പറഞ്ഞത്‌, ഇത്‌ ഞങ്ങളുടെ തെറ്റല്ല, നാട്ടിൽ വെരിഫിക്കേഷന്‌ വേണ്ടി അയച്ചപ്പോൾ, അവിടുന്ന് കിട്ടിയ റിപ്പോർട്ടാണ്‌ ഈ പാസ്പോർട്ടിലെ അഡ്രസ്‌ വ്യാജമാണെന്നും, ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പില്ലെന്നും പോലിസുകാരാൻ റിപ്പോർട്ട്‌ നൽകിയെന്ന്. ഞാൻ പാസ്പോർട്ടെടുത്ത കഥ ഞാൻ കോൺസുലറോട്‌ പറഞ്ഞു. പക്ഷെ അയാൾക്കൊന്നും ചെയ്യുവാനില്ലെന്ന്. ഞാൻ എന്റെ എല്ലാ സർട്ടിഫിക്കറ്റുകളും അയാളെ കാണിച്ചു. പക്ഷെ റേഷൻ കാർഡും മറ്റു വിവരങ്ങളും നാട്ടിലെ പാസ്പോർട്ടോഫിലെത്തിക്കുവനാണ്‌ അയാൾ നിർദ്ദേശിച്ചത്‌.

നാട്ടിലന്വേഷിച്ച്‌ വേണ്ട കാര്യങ്ങൾ ചെയ്തു. അവർ ബാക്കികാര്യങ്ങൾ ഇവിടെ അന്വേഷിക്കുവാൻ പറയുന്നു. ഇവിടെ അവർക്ക്‌ വിവരമൊന്നുമില്ലെന്ന്. ഇതിനിടെ മാസങ്ങൾ പലതും കടന്ന്പോയി. പുനർസമാഗമത്തിന്റെ മധുരിക്കുന്ന സ്വപ്നങ്ങൾ വാടികരിഞ്ഞു. ചില്ല്‌കൊട്ടാരം പടുത്തുയർത്തുവാൻ വിധിക്കപ്പെട്ട പ്രവാസികളിൽ ഒരുവനായി ഞാനും, കാൽകീഴിൽ തകർന്ന്‌കിടക്കുന്ന സ്വപ്നങ്ങളുടെ ഭാണ്ഡവും നോക്കിയിരിക്കുന്നു.

ഇനി എത്രനാൾ എന്നറിയില്ല. ആര്‌ എന്നോട്‌ കനിയും എന്നും അറിയില്ല. മോഹങ്ങളോക്കെയും ഉരുകിയോലിച്ച്‌തീർന്നു പോയി. എല്ലാം നഷ്ടപ്പെട്ടവനെന്ന് പറഞ്ഞ്‌, അഭയാർത്ഥിയായി പോലിസിന്‌ കീഴടങ്ങിയാൽ, ഏതാനും ദിവസം ജയിലിൽ കിടന്നിട്ടായാലും നാട്ടിലെത്തുവാൻ കഴിയുമെന്ന ചിന്തയും വളരുന്നു, പക്ഷെ കഴിയില്ല, ബാക്കിയാക്കിയ ബാധ്യതകളുടെ അമരക്കാരനായി ഞാൻ ഈ തീരത്ത്‌ നിന്നെപറ്റൂ. എത്രനാൾ എന്നറിയാതെ.
-----------------
ഈ കഥ ഒരു യഥാർത്ഥ സംഭവമാണ്‌. ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന, രസചരടുകൾ ബ്ലോഗിൽ വാരിവിതറിയ ഒരു ബ്ലോഗറുടെ ആത്മകഥ. സഹായിക്കുവാൻ ആർക്കെങ്കിലുമാവുമെങ്കിൽ, എന്ത്ചെയ്യണമെന്ന് ചൂണ്ടികാണിക്കുവാൻ കഴിയുമെങ്കിൽ, സഹായിക്കുക.

കാക്കത്തോള്ളായിരം പ്രവാസി സംഘടനകൾ ഇവിടെ റിയാദിലുണ്ട്‌. അവരുടെ പ്രവർത്തനത്തെ സംശയത്തോടെ മാത്രം വീക്ഷിക്കുവാൻ ബ്ലോഗർമ്മാരെ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകം ഇതോക്കെതന്നെയാണ്‌. ബഹുഭൂരിപക്ഷം വരുന്ന പ്രവാസി ബ്ലോഗർമാർക്ക്‌ മുന്നിൽ എന്റെ സുഹൃത്തിന്റെ വേദന ഞാൻ എന്നാൽ കഴിയുന്ന രൂപത്തിൽ അവതരിപ്പിക്കുന്നു. ശേഷം....

അറബിപൊന്നും അത്തറും മാത്രമാണ്‌ പ്രവാസമെന്ന് ധരിക്കുന്ന, പ്രവാസികളെ അടച്ചധിക്ഷേപിക്കുന്ന ബ്ലോഗർമാരോട്‌, ഇത്തരം പല പ്രതിസന്ധികളും തരണം ചെയ്താണ്‌, ധീരമായി ജീവിതത്തെ നേരിട്ടാണ്‌ ഓരോ പ്രവാസിയും ജീവിക്കുന്നത്‌. സ്വയം ഉരുകിതീരുമ്പോഴും മറ്റുള്ളവർക്ക്‌ വെളിച്ചമായി മാറിയ ചാരിതാർത്ഥ്യത്തോടെ.

ഇനി ഞാൻ എന്ത്‌ ചെയ്യണം എന്ന ചോദ്യം ഇത്‌ വായിക്കുന്ന നിങ്ങൾക്ക്‌ മുന്നിലേക്ക്‌ ഞാൻ നീട്ടിവെക്കുന്നു.

Wednesday 6 May 2009

എസ്‌ എസ്‌ എൽ സി പരീക്ഷ ഫലം

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന, എസ്‌ എസ്‌ എൽ സി പരീക്ഷ ഫലം നെറ്റില്ലൂടെ അറിയുവാൻ

>>>> ഇവിടെ ക്ലിക്കുക <<<<

Saturday 28 March 2009

പരലോകത്തെ തെരഞ്ഞെടുപ്പ്‌

പരലോകത്തെ തെരഞ്ഞെടുപ്പ്‌.

ജനാധിപത്ത്യത്തിൽ അങ്ങേയറ്റം വിശ്വാസമുള്ള, ദൈവം തംമ്പുരാൻ, ഒരോ അഞ്ച്‌വർഷം കൂടുബോഴും പരലോകത്ത്‌ ഒരു നേതാവിനെയും, എതാനും സഹായികളെയും തെരഞ്ഞെടുക്കാനുള്ള അവകാശം അന്തേവസികൾക്ക്‌ നൽക്കിയിരുന്നു. സ്വർഗ്ഗത്തിലും നരകത്തിലും പെട്ട എല്ലാവർക്കും വോട്ടവകാശം ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പ്‌ കാലം, പരലോകത്ത്‌ ഉത്സവനാളുകളായിരുന്നു. അങ്ങനെയുള്ള ഒരു തെരഞ്ഞെടുപ്പിന്റെ, 2009-ലെ പരലോക ഇലക്ഷൻ വിശേഷങ്ങൾ.

ബുഷും ഓബാമയും, ചവേഷും, കാസ്റ്റ്രോയും, ബ്ലയർ, എംബെക്കി, മുഗാബെ, മുഷാറഫ്‌, എന്തിന്‌ 99% വോട്ട്‌ കിട്ടിയ സദ്ദാം വരെ, മൽസര രംഗത്തുണ്ടെങ്കിലും ജന്മംകൊണ്ട്‌ കഴുതകളാകുവാൻ വിധിയുള്ള, 99.99% കളവും പറഞ്ഞ്‌ വിജയിക്കുന്ന, പ്രചരണരംഗത്ത്‌ എല്ലാവരുടെയും മുൻപിൽ നിൽക്കുന്ന, സാക്ഷാൽ മലയാളി തന്നെയാണ്‌ ഇവിടെയും ഇലക്ഷന്റെ പ്രധാന ശ്രദ്ധ കേന്ദ്രം.

ഇലക്ഷൻ ഡ്യൂട്ടിയുള്ളതിനാൽ നരകത്തിലെ ജോലികാർ ഡേപ്യൂട്ടേഷനിൽ പോയത്‌ കാരണം, നരകത്തിന്റെ പ്രവർത്തനം താളംതെറ്റി. ഇലക്ഷൻ കഴിയുന്ന വരെ ദൈവം, നരകത്തിന്‌ അവധി പ്രഖ്യപിച്ചു. നരകവാസികൾ കുട്ടത്തോടെ സ്വർഗ്ഗത്തിലേക്ക്‌ കടന്നു.

സ്വർഗ്ഗവാസികളിൽ ചിലർ, തങ്ങളുടെ ചിരകാല സുഹൃത്തുകളെ, കാലങ്ങൾക്ക്‌ ശേഷം കണ്ട്‌മുട്ടിയ സന്തോഷത്തിലാണ്‌.

"പരലോകവാസികളുടെ ശ്രദ്ധക്ക്‌,
സുഹൃത്തുകളെ, ശ്രദ്ധിക്കുക"

പരലോകത്ത്‌, ആകശത്തിന്റെ ചില ഭാഗങ്ങളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട സ്പീക്കറുകളിലൂടെ, ആ ശബ്ദം കേട്ടു.

"പരലോകത്തെ തെരഞ്ഞെടുപ്പിന്‌ നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം ഇന്നാണ്‌. ഇനിയും പത്രിക സമെർപ്പിക്കുവാൻ അഗ്രഹമുള്ളവർ, എത്രയും പെട്ടെന്ന്, ഉത്തരവാദിത്ത്വബോധം തീരെയില്ലാത്ത, ജില്ല കലക്ടർമ്മാരുടെ വീട്ടിൽ ചെന്ന്, പത്രികയുടെ കോപ്പി വാങ്ങി പൂരിപ്പിച്ച്‌ നൽക്കുക"

പത്ത്‌രൂപയുണ്ടാക്കുവാൻ പറ്റിയ സമയം തെരഞ്ഞെടുപ്പാണെന്നറിയാവുന്ന ഞാൻ, എതെങ്കിലും ഒരു ഈർക്കിൽ പാർട്ടിയിൽ ചേരുവാൻ തിരുമാനിച്ചു. അങ്ങനെ പരലോകത്ത്‌കൂടി നടക്കുബോഴാണ്‌, ഒരു ഓട്ടോറിക്ഷയിൽനിന്നും അനൗൺചെയ്യുന്നത്‌.

"പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ,കേരളത്തിന്റെ ചില മണ്ഡലങ്ങളിൽ ഇനിയും ഒരോറ്റ നാമനിർദ്ദേശ പത്രിക പോലും കിട്ടിയിട്ടില്ല. എതിരില്ലതെ തിരഞ്ഞെടുക്കാൻ വേണ്ടിയെങ്കിലും, ആരെങ്കിലും ഒരാൾ പത്രിക സമർപ്പിക്കുക"

സ്വഭാവദൂഷ്യമില്ലാത്ത, അഴിമതിനടത്താത്ത, എതെങ്കിലും ഒരു നേതാവ്‌ മണ്ഡലത്തിലുണ്ടായിട്ട്‌ വേണ്ടെ സ്ഥാനാർത്ഥിയാക്കുവാൻ. നാലാളുകളറിയുന്ന ആരെങ്കിലും സ്ഥാനാർത്ഥിയാവാമെന്ന് സമ്മതിച്ചാൽ പിന്നെ, അടിയായി. ഇത്‌ ഞങ്ങളുടെ സ്ഥാനാർത്ഥിയാണെന്ന് ആര്‌ ആദ്യം പ്രഖ്യപിക്കുന്നുവോ അവർ രക്ഷപ്പെട്ടു.

എല്ലാ രേഖകളും, ദാ ഈ കൈവെള്ളയിലുണ്ടെന്ന്, കൈ ഉയർത്തി കാണിച്ച്‌, എല്ലാ നേതാകളും പറയാറുണ്ട്‌. (പാവം ശങ്കരാടിമാർ, ഒരിക്കലും അത്‌ പുറത്തിറക്കാറില്ല).

ചാടിയും മറിഞ്ഞും, മറഞ്ഞിരുന്നും പലരും പാർട്ടികളും ഗ്രൂപ്പുകളും മാറ്റി മറിച്ചു. എത്രയോക്കെ ശ്രമിച്ചിട്ടും കൊണ്ടോട്ടി മഹാരാജ്യത്തെ പ്രതിനിധികരിക്കുവാൻ ഒരാളെ കിട്ടിയില്ല. ആണില്ലെങ്കിൽ പോട്ടെ, ഒരു പെണ്ണെങ്കിലും മുന്നോട്ട്‌ വന്നില്ല. പ്രായം തടസമല്ലെന്നുള്ള പ്രഖ്യപനത്തിൽ ആരെങ്കിലും വടിയുംകുത്തി വരുമെന്ന് കരുതി. നോ രക്ഷ.

ആരെങ്കിലും പത്രിക നൽകുവാൻ തയ്യാറായാൽ, അവന്റെ ആജീവനാന്തചരിത്രം കുഴിമാന്തി പുറത്തെടുത്ത്‌, ചവിട്ടി നിവർത്തി, ക്ലോറക്സിട്ട്‌ കഴുക്കി, ഉണക്കിയെടുത്ത്‌, ചുരുട്ടികൂട്ടി കക്ഷത്ത്‌ വെച്ച്‌, നാടായ നാട്‌ മുഴുവൻ വിതരണം ചെയ്യുകയും, സ്ഥാനാർത്ഥികളുടെ അഞ്ചെട്ട്‌ തലമുറ പിന്നിലേക്ക്‌ ഊളിയിട്ട്‌, അവരുടെ രക്തബന്ധത്തിലാരെങ്കിലും ഉറക്കത്തിൽ അഴിമതി എന്ന് പറഞ്ഞിട്ടുണ്ടോ എന്നന്വേഷിക്കുകയും, ഭാര്യമതിയാണെങ്കിൽ, അവന്റെ ചാരിത്ര്യം കീറിമുറിച്ച്‌, ഡൈനിങ്ങ്‌ ടേബിളിൽ നിരത്തി, മൈക്രോസ്ക്കോപ്പിലൂടെ പരിശോധിച്ച്‌, എവിടെയെങ്കിലും ഇത്തിരി ഉപ്പോ, മുളകോ അധികമുണ്ടോ എന്ന് പരിശോധിക്കുകയും, ഗ്യങ്ങായിട്ട്‌ കളവ്‌ നടത്തുകയും, കിട്ടിയത്‌ വീധംവെക്കുകയും, കേസിലാവതെ തടിയൂരുവാൻ പരസ്പരം സഹായിക്കുകയും ചെയ്തവർ, പക്ഷെ ഇലക്ഷനായാൽ, കട്ടതും, കിട്ടിയതും വിളിച്ച്‌പറയുകയും ചെയ്തത്‌കൊണ്ടും, ഇത്തരം ഗുണഗണങ്ങളോന്നുമില്ലാത്ത ഒരാളെ കണ്ടുപിടിക്കാൻ, എല്ലാ പാർട്ടികാരും രാപകൾ കറങ്ങി നടന്നു.

അങ്ങനെയാണ്‌,രാത്രി സെക്കൻഷോയും കഴിഞ്ഞ്‌ ന്മടങ്ങിവരികയായിരുന്ന ബീരാനെ, എന്നെ, അവർ സ്ഥാനാർത്ഥിയാക്കിയത്‌.

പകൽ സിനിമകാണൽ ഹറമായത്‌കൊണ്ടും, പടം ഷക്കിലയുടെതായത്‌കോണ്ടും, കൊട്ടപ്പുറത്ത്‌ വയള്‌ ഉണ്ടെന്ന് പറഞ്ഞാണ്‌ ഞാൻ വീട്ടീന്ന് മുങ്ങിയത്‌.

പരലോകത്താണെങ്കിലും, സ്വർഗ്ഗത്തിൽ സീറ്റ്‌ കിട്ടിയെങ്കിലും, പടച്ചോൻ ഞമ്മളെ പഴെ ബീവിനെ തന്നെ എനിക്ക്‌ കുട്ടായി തന്നത്‌, പരിഹരിക്കുവാൻ കഴിയാത്ത പാപങ്ങൾക്ക്‌ പ്രയശ്ചിത്തമായിട്ടാവണം. ഇതിനെക്കാൾ നല്ലത്‌ നരകത്തിലായിരുന്നൂന്ന്, ഒരു ദിവസം ഞാൻ പടച്ചോനോട്‌ നേരിട്ട്‌ പറഞ്ഞിട്ടുണ്ട്‌. എന്ത്‌ചെയ്യാം, എഴുതി ഒപ്പിട്ടാൽ, പിന്നെ വെട്ടിതിരുത്തുവാൻ കഴിയില്ലാന്ന് പടച്ചോൻ.

അങ്ങനെ, പടവും കണ്ട്‌, ടിക്കറ്റിന്‌ വേണ്ടി, ഒടിച്ച്‌ ചതച്ച ശരീരവും തിരുമി, മൂളിപാട്ടുംപാടി, വീട്ടിലേക്ക്‌ വരികയായിരുന്നു ഞാൻ.

പഞ്ചായത്താഫീസിന്റെ ഇടത്‌ ഭാഗത്തേക്കുള്ള ഇടവഴിയിലൂടെ ഞാൻ നടക്കുകയാണ്‌. ഈ വഴി, റോഡാക്കുവാൻ വേണ്ടി, പടച്ചോൻ ഫണ്ട്‌ അനുവദിച്ചിരുന്നു എന്നും, എന്നാൽ അന്നത്തെ മെമ്പർ അതുമായി മുങ്ങി എന്നും, ഇപ്പോഴയാൽ, ശൂന്യകാശത്ത്‌ കറങ്ങി നടക്കുന്നുണ്ടെന്നും കേട്ടു. ഒന്ന് രണ്ട്‌ പറമ്പ്‌ കഴിഞ്ഞതും, ഇനി എനിക്ക്‌ കവർ ചെയ്യാനുള്ളത്‌ ശവപറമ്പാണെന്ന ധൈര്യം കാരണം, ഇനി എതെങ്കിലും പ്രേതാത്മകൾ സ്ഥാനാർത്ഥികളാവുന്നെങ്കിൽ നമ്മള്‌ പിന്താങ്ങിയില്ലെന്ന കാരണത്താൽ തോൽക്കരുതെന്ന് കരുതി, മാക്സിമം വോളിയത്തിൽ ഞാൻ പറഞ്ഞു
"പ്രേതാത്മകൾ സന്ദാബാദ്‌"

രണ്ടോ മൂന്നോ സ്റ്റെപ്പ്‌ മുന്നോട്ട്‌വെച്ചതും നാല്‌ ഭാഗത്ത്‌നിന്നും ആരോക്കെയോ എന്റെ മുന്നിൽ ചാടിവീണു.

നിമിഷനേരംകൊണ്ട്‌, എന്നെയും തോളിലേറ്റി അവർ പരലോകം കിടുങ്ങുമാറുച്ചത്തിൽ വിളിച്ച്‌പറഞ്ഞു.

"നമ്മുടെ സ്ഥാനാർത്ഥി സന്ദാബാദ്‌,
ഒരോ വോട്ടും ബീരാന്‌,
നമ്മുടെ ചിഹ്നം,..."

"കോയാക്കാ, എന്താ നമ്മളെ ചിഹനം" ചിഹ്നം പൂരിപ്പിക്കുവാന്‍ കഴിയാതെ അനുയായി ചോദിച്ചു

"അത്‌ ഞമ്മക്ക്‌ പിന്നെ നോക്കാ,
ഇപ്പോ പറയാൻ പറ്റൂല"

ബോധം തീരെയില്ലാത്ത എന്റെ പരിസരത്ത്‌ ബോധം വന്നതും, ഞാൻ എന്നെയും വഹിച്ച്‌ നടക്കുന്ന ആൾക്കൂട്ടത്തെയും, അവരുടെ നേതാകളെയും കണ്ടു. ഇന്നലെവരെ പരസ്പരം ചെളിവാരി എറിഞ്ഞവർ, ഇന്ന് ഒരുമിച്ച്‌ എനിക്ക്‌ സിന്ദാബാദ്‌ വിളിക്കുന്നു.

"കോയാക്കാ, ഇവനെ ഞമ്മള്‌ ആദ്യം എങ്ങട്ടാ കൊണ്ട്‌ പോവുന്നത്‌? പാർട്ടി ഓഫിസ്‌ക്കോ, അതോ ഞമ്മളെ മോല്യാരെ വീട്ട്‌ക്കോ?"

"പാർട്ടി ഓഫീസിക്ക്‌ മോല്യാരോട്‌ ചോദിച്ചിട്ട്‌ പോവാ, ആദ്യം മോല്യാരെ വീട്ടീക്ക്‌ നടക്ക്‌."

"ശ്രീധരാ, ഞമ്മക്കും കിട്ടി സ്ഥാനാർത്ഥിനെ, ബോർഡ്‌ എഴുതി വേഗം തൂക്ക്‌".

(തുടരണോന്ന് നിങ്ങൾ തിരുമാനിക്കുക, ഞാൻ തിരുമാനിച്ചിട്ടില്ല)

Wednesday 25 March 2009

ബ്ലോഗർ ഒളിച്ചോടി

ബ്ലോഗർ ഒളിച്ചോടി

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാറ്റിലും കോളിലും പെട്ട്‌ ആടിയുലയുന്ന എന്റെ ബ്ലോഗിനെ രക്ഷിക്കുവാൻ ഇനിയെന്ത്‌ വഴി, എന്നാലോചിച്ച്‌, ഒരു പോസ്റ്റിനുള്ള വല്ല കച്ചിതുരുമ്പും, ചാറ്റിൽ വീണ്‌ കിടക്കുന്നുണ്ടോ എന്നറിയാനുള്ള ആകാംക്ഷയിൽ, ഗൂഗിൾ ടാക്കിന്റെ ഷട്ടർ, കിര്ര്ർ, എന്ന ശബ്ദത്തോടെ തുറന്നു. അതിനകത്ത്‌ കിടന്ന, എലിയും പാറ്റയും, പിന്നെ ഞാൻ രഹസ്യമായി സൂക്ഷിച്ചിരുന്ന, ആർക്കും ഒരുപകാരവുമില്ലെങ്കിലും എനിക്ക്‌ വളരെയധിയകം പ്രയോജനമുള്ള, രണ്ട്‌ മുന്ന് വൈറസുകൾ എന്നിവ, ഓൺലൈനിൽ കിടന്നുറങ്ങിയ ആരുടെയോക്കെയോ കണക്കിൽ, ഒരു കണക്കുമില്ലാതെ പോയി.

പെയ്ന്റ്‌ ബ്രഷെടുത്ത്‌, ജനവാതിലുകൾ എല്ലാം ക്ലീനാക്കി. ഇനി ആരെങ്കിലും വരാതിരിക്കില്ലെന്ന പ്രതിക്ഷയിൽ, ഉമറപടിയിലിരുന്ന്, മുറുക്കിതുപ്പാനുള്ള റോ മെറ്റിരിയൽസ്‌ തപ്പിയപ്പോഴാണ്‌, ചെല്ലപെട്ടിക്കുള്ളിൽ, ഒന്നുമില്ലെന്ന സത്യം മനസിലായാത്‌. ആരെങ്കിലും ഈ വഴി വന്നിരുന്നെങ്കിൽ, ഒരു ദിനേശ്‌ ബീഡി എങ്കിലും ഇരന്ന് വലിക്കാമായിരുന്നു എന്ന് ചിന്തിച്ച്‌, പഴയകാല പ്രതാപങ്ങൾ, റിവൈൻഡ്‌ അടിച്ച്‌ കണ്ട്‌കൊണ്ടിരുന്നു.

"കൂയ്‌....."

പരിസരബോധം പണ്ടെ ഇല്ലെങ്കിലും, ഏതുറക്കത്തിലും എനിക്ക്‌ തിരിച്ചറിയുവാൻ കഴിയുന്ന, എന്റെ ബ്ലോഗ്‌ ജന്മത്തിൽ എനിക്ക്‌ മറക്കാൻ കഴിയാത്ത, ഇത്രേം ശ്രുതിമധുരമായി, സംഗതികളോക്കെ ഒപ്പിച്ച്‌, കൂക്കിവിളിക്കാൻ കഴിയുന്നവൻ, മറ്റാരുമല്ല. ആയിരക്കണക്കിന്‌ ബ്ലോഗർമാരെ വഴിയാധാരമാക്കിയ, എന്റെ മോണിറ്ററിലുണ്ണിയായ, ശെഫിയായിരുന്നു. (വായനക്കാർക്ക്‌ ബോറടിക്കുന്നെങ്കിൽ, തിരിച്ചടിക്കണം). ഇത്രയും താളലയത്തോടെ, കൂക്കിവിളിക്കുവാനുള്ള ഇവന്റെ കഴിവ്‌ കണ്ടുപിടിക്കുവാൻ, ഞാൻ ഒരു ഗവേഷണം തന്നെ നടത്തിയിരുന്നു. മീൻകച്ചവടക്കാർപോലും, ഇതിന്റെ ഏഴയലത്ത്‌ വരില്ല.

"ഹലോ ശെഫി, എവിടെയായിരുന്നു."

ഞാൻ ഒരാളെകിട്ടിയ സന്തോഷത്തിലും, ഫുൾവോളിയത്തിലും DTS ഇഫക്റ്റ്‌ ഒട്ടും കുറക്കാതെ ചോദിച്ചു.

"ഡാ, പാറപുരത്ത്‌ ചിരട്ടയിട്ടുരക്കുന്നപോലെയുള്ള നിന്റെ ശബ്ദം കേട്ടിട്ട്‌, എന്റെ ചെവിയുടെ ഫിയലമന്റ്‌ അടിച്ച്‌പോകുമോന്ന് പേടി, അത്‌കൊണ്ട്‌, നിന്റെ ശബ്ദം ഇത്തിരി കുറക്കെടാ"

ഹാവു, സമധാനമായി, അല്ല, കാശ്‌ മുതലായി. സെക്കനന്റ്‌ മാർക്കറ്റിൽപോയി ഒരു ഇയർഫോൺ, വിത്ത്‌ മൈക്കിന്റെ വിലകേട്ടിട്ട്‌, എന്റെ കണ്ണ് തള്ളിപോയി, കൈ ഒടിഞ്ഞതും, വയർ കിറിയതും, ജാക്ക്‌ ജോക്കറെപോലെയുള്ളതുമായ 5 എണ്ണമെടുത്ത്‌, ചാക്കിലാക്കി, കറുപ്പൻ അറബി പറഞ്ഞു, "ആസറ റിയാൽ".

റൂമിലെത്തി, രണ്ട്‌ മൂന്ന് ദിവസത്തെ പരീക്ഷണ, നിരീക്ഷണങ്ങൾകൊടുവിൽ, പലതിന്റെയും പാർട്ടുകൾ മാറ്റിയും മറിച്ചും വെച്ച്‌, ഞാൻ സ്വന്തമായി കണ്ട്‌പിടിച്ച ഈ സാധനം ഇത്രം പെർഫെക്റ്റായികിട്ടുമെന്ന്, ഞാൻ കരുതിയില്ല. അത്‌ വിജയകരമായി പരീക്ഷിച്ചതിന്റെ സന്തോഷം കാരണം, എന്റെ കണ്ണിലൂടെ എന്തോ ഒലിച്ചിറങ്ങി.

"ശെഫി, ഡാ, നിന്നെ കണ്ടിട്ട്‌ ഒരു അഞ്ചെട്ട്‌ മാസത്തിന്‌ മുന്നാലെണ്ണം ആയല്ലോ, നീ നാട്ടിൽ പോയോ"വിശേഷങ്ങളുടെ ഭാണ്ഡം തുറന്ന്, ഞാൻ വരിവിതറി. എന്റെ ഗൂഗിൽടാക്ക്‌ നിറഞ്ഞ്‌ കവിഞ്ഞ്‌ നിന്നു.

രണ്ടോ മൂന്നോ നാലോ, വിശേഷങ്ങൾ പറഞ്ഞ്‌ ശേഷം, വായനക്കാർക്ക്‌ വേണ്ടി, മൂന്നിൽ ഉറപ്പിച്ചു, ശെഫി പറഞ്ഞു.

"ബീരാനെ, ഞാനിപ്പോ നമ്പൂതിരിയല്ല"

"എന്റെ റബ്ബെ, ആരാടാ നിന്റെ ചാരിത്രം നശിപ്പിച്ചത്‌?" ആത്മാർത്ത സുഹൃത്തിനോടുള്ള അസൂയ കാരണം ഞാൻ അലറി കരഞ്ഞു.

"ഡാ കോപ്പെ, ഞാൻ പെണ്ണ്‌കെട്ടി, അവളിപ്പോ ഇവിടെയുണ്ട്‌"

ബൂലോകത്ത്‌ മഹാ സംഭവമായി മറേണ്ടിയിരുന്ന ഒരു വിവാഹം, തിരിപോയ ഓലപടക്കം പോലെ, കിടക്കുന്ന ദുഖകരമായ കാഴ്ചയും, ലവന്റെ ജീവിതം ലവൾ നക്കി എന്ന സന്തോഷത്തിലും, ചിരിക്കണോ കരയണോ എന്നറിയതെ ഞാൻ ഒരു നിമിഷം നിന്നു.

"ഡാ, കറക്റ്റ്‌ 9:15-ന്‌ അവൾക്ക്‌ ഭക്ഷണം വേണം, എല്ലാം ഞാൻ തയ്യാറാക്കിയിട്ടുണ്ട്‌, ഇനി അത്‌ വിളമ്പി ടേബിളിൽ വെച്ചിട്ട്‌ അവളെ വിളിച്ചാൽ എന്റെ ഇന്നത്തെ ജോലി തീർന്നു. അപ്പോ നാളെ ഓഫിസിൽനിന്ന് ഞാൻ വിളിക്കാം, ബൈ"പറഞ്ഞതും, അവൻ പോയി.

ഞാൻ അവന്റെ ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുകായിരുന്നു. സെർവ്വർ അടിച്ച്‌ പോയ സൈറ്റ്‌ തുറന്ന്, റിഫ്രഷ്‌ അടിച്ച്‌ ഇപ്പോ വരും, ഇപ്പോ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന, പാവം എന്നെ പോലെ.

സത്യം കംപ്യൂട്ടറിന്റെ ഓഹരിപോലെ, എന്തോരു വിലയായിരുന്നു അവന്‌. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൈയിട്ട്‌ വാരിയ പ്രതിഭ. (ഒരാളുടെ .... ശേഷമാണ്‌ നമ്മൾ അയാളെ പുകഴ്‌ത്താറ്‌)

ഇപ്പോ, അതേ സത്യത്തിന്റെ ഓഹരിവിലപോലെ, യാചകർക്ക്‌ കൊടുത്താൽ പോലും, ഈ ഓഹരി വേണ്ട സാറെ, ന്ന് പറയുന്ന ഒരവസ്ഥ.

എന്നാലും അവൻ എങ്ങനെ ഒരു പെണ്ണിന്റെകൂടെ ഒളിച്ചോടി?
വീട്ടുകാരോട്‌ പറഞ്ഞിരുന്നെങ്കിൽ, അവർ ഒരിക്കലും സമ്മതിക്കില്ലെങ്കിലും, വെറുതെ പറയാമായിരുന്നു.
----------------
എന്റെ ബൾബിന്റെ ഫ്യൂസ്‌ പോയതായിരുന്നു. അവൻ കല്യാണം കഴിച്ചത്‌, അവളെതന്നെയായിരുന്നു. ഇവളാണ്‌ എന്റെ ഭാര്യ എന്ന്, കല്യാണത്തിന്‌ മുൻപെ, നാലാള്‌ കാണുവാൻ പ്രോഫെയിലിൽ കെട്ടിത്തൂക്കിയ ആതെ അവൾ.
------------------
ആരോടും പറയാതെ, ആരും അറിയാതെ, ചുളുവിൽ നാട്ടിൽ പോവുകായും, അതിലും ചുളുവിൽ വിവാഹം നടത്തുകയും (ഒവ്‌, സാമ്പത്തിക മാന്ദ്യം അല്ലെ) ചെയ്ത, ശെഫിയോടുള്ള എന്റെ പുകയും ചാരവും ഇങ്ങനെ ഞാൻ തീർത്തു
--------------------
ശെഫി,
ഒന്നുമില്ല വിവാഹ സമ്മാനമായി നിനക്ക്‌ തരുവാൻ. ഇത്‌ സ്വീകരിക്കുക.ആയുസ്സോടെയും, ആരോഗ്യത്തോടെയും, ഒരഞ്ചെട്ട്‌ കുട്ടികളെയും എടുത്ത്‌ നടക്കുവാൻ സർവ്വശക്തൻ അനുഗ്രഹം ചെയ്യട്ടെ.

വിവാഹാശം.