Sunday 23 May 2010

ബ്ലോഗ്‌ ഇന്നലെ, ഇന്ന് ആൻഡ്‌ നാളെ

ബൂലോകത്ത്‌, സുന്ദരമായ ഒരു മഞ്ഞുകാലം കൊഴിഞ്ഞ്‌പോയിരിക്കുന്നു. പനനീർ പുഷ്‌പങ്ങൾ വിരിഞ്ഞ്‌നിന്നിരുന്ന പൂന്തോട്ടങ്ങൾ വാടികരിഞ്ഞിരിക്കുന്നു. വെള്ളവും വെളിച്ചവുമില്ലാതെ, മറാലപിടിച്ച്‌കിടക്കുന്ന പഴയ നാല്‌കെട്ടുകൾ, ആർക്കും വേണ്ടാത്ത നോക്ക്‌കുത്തികളായി ബ്ലോഗർമ്മാർക്ക്‌ മുന്നിൽ ചോദ്യചിഹ്നമായവശേഷിക്കുന്നു. സംഘങ്ങളും സഘടനകളും നിയന്ത്രിക്കുവാനില്ലാതെ, കാലത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച്‌കൊണ്ട്‌, പ്രവഹിക്കുകയായിരുന്നു ബൂലോകം അന്ന്. ലോകത്തിന്റെ നാനദിക്കുകളിലും, ഒരിക്കലും കണ്ടിട്ടില്ലാത്ത സുഹൃത്തിന്‌ വേണ്ടി, ചുണ്ടിലോളിപ്പിച്ച പുഞ്ചിരി സമ്മാനമായി നൽക്കുവാൻ അന്നാരും മറന്നിരുന്നില്ല.

ഇശ്വരന്മാർ കടന്ന് വരുന്നതിന്‌ മുൻപെ, യുക്തിവാദികളും, രാഷ്ട്രിയ കോമരങ്ങളും ഉറഞ്ഞുതുള്ളിയ ബൂലോകത്ത്‌, പക്ഷെ, സ്നേഹവും ഐക്യവും നഷ്ടപ്പെട്ടെന്ന പരിഭവങ്ങൾ ആരും പറഞ്ഞില്ല. മതങ്ങളെയും പ്രവാചകരെയും അസഭ്യവർഷംകൊണ്ടഭിഷേകം ചെയ്തപ്പോഴും, അവർക്ക്‌ ഓശാനപാടി, ഗ്രൂപ്പുകൾ മുളച്ച്‌പൊന്തുകയായിരുന്നു. സംഘങ്ങളും. മതപ്രബോധനം പതിയെ ബ്ലോഗിൽ കടന്ന്‌വന്നത്‌, സ്വന്തം വിശ്വാസത്തിനെ വിവരിക്കുവാൻ മാത്രമായിരുന്നു. സൗമ്യമായ ഭാഷ ഉപയോഗിക്കുക എന്ന യാചാന മാത്രമാണ്‌, മതവിശ്വാസികളുയർത്തിയത്‌. തിമിരം ബാധിച്ച ചില കോമരങ്ങൾ, പക്ഷെ, ഭാഷയെ അല്ല, ബ്ലോഗിനെയുമല്ല സ്നേഹിച്ചതെന്ന്, ഈറ്റിന്റെയും മീറ്റിന്റെയും മറക്കുട പിടിച്ച്‌ നടന്ന തെരുവ്‌ നാടകങ്ങൾ തെളിയിച്ചു.

മറഞ്ഞിരിക്കുന്നവരെ വെളിച്ചത്‌കൊണ്ട്‌വരിക എന്ന വിമോചനസമരത്തിന്‌ ചിലർ ഈറ്റും മീറ്റും മറയാക്കി.

ബ്ലോഗ്‌ എന്നത്‌, ചില കമ്പനികൾ സൗജന്യമായി അനുവദിച്ച ഒരിടം മാത്രമാണെന്ന സത്യം മറന്ന്, ഇത്‌ ചിലരുടെ തറവാട്‌ സ്വത്താണെന്ന ചിന്തയിലായിരുന്നു ചിലരുടെ പ്രകടനം. ഇവിടെ എന്തെഴുതണമെന്ന്, നിർദ്ദേശിക്കുവാൻ, നിയന്ത്രിക്കുവാൻ ഒരു സംഘം രൂപപ്പെടുകയായിരുന്നു.

ബ്ലോഗിൽ എഴുതുന്നതിനെ, ബ്ലോഗിൽതന്നെ നേരിടുവാൻ കഴിയണം. അതാണ്‌ ശരിയായ രീതി. (ചിലരുടെ ഭാഷയോട്‌ എതിർപ്പുണ്ടെങ്കിലും, ആശയങ്ങളോട്‌ എതിർപ്പുണ്ടെങ്കിലും, കേസും കോടതിയും ബ്ലോഗിലെത്തിപ്പെടുന്നത്‌, ഒരു നല്ല പ്രവണതയല്ല)

ഇന്നും, ചീഞ്ഞളിഞ്ഞ്‌ മലീനസമായെന്ന്, ഉച്ചയുറക്കത്തിൽ, സ്വപ്നം കണ്ട്‌ ചിലർ ഞെട്ടിയെഴുന്നേറ്റ്‌ നിലവിളിക്കുന്ന, ബൂലോകത്ത്‌, നിലവാരമുള്ള സൃഷ്ടികൾ പിറവിയെടുക്കുന്നു. പക്ഷെ അത്‌ കാണതെപോവുന്നത്‌, കണ്ടില്ലെന്ന് നടിക്കുന്നത്‌, നിലവിളിക്കുന്ന ഒരു ഗ്രൂപ്പിന്റെ മാത്രം ആവശ്യമാണെന്നും, അവർ വിചാരിച്ചാൽ ബൂലോകത്ത്‌, ഇനിയും ഒട്ടനവധി സംഘടനകൾ സൃഷ്ടിക്കുവാനാകുമെന്നും മാത്രം. അതിനപ്പുറത്ത്‌, എന്തെഴുതണം, എങ്ങിനെ എഴുതണം എന്ന് തീരുമാനിക്കുന്നത്‌, ഞാനും എന്റെ കീബോഡും മാത്രമാണ്‌.

നാളെ, സംഘടനകളാൽ നിയന്ത്രിക്കുന്ന ബൂലോകം നമ്മുക്ക്‌ കാണാം. വിഷയങ്ങളും ആശയങ്ങളും കുത്തിവെച്ച്‌, ആര്‌, എപ്പോൾ എന്തെഴുതണമെന്ന്, നിർദ്ദേശിക്കുവാൻ, സംഘതലവന്മരും ഉയർന്ന്‌വരാം. ശ്ലീലവും അശ്ലീലവും നിർവ്വചിക്കുവാൻ, മീറ്ററും ലിറ്ററുമായി അവർ വരും. അളവുകൾ വിത്യസ്ഥമാവും.

സമീപ ഭാവിയിൽ ബൂലോകത്തിന്‌ എന്തെങ്കിലും സംഭവിക്കുമോ?.
വിശ്വാസികളും, അവിശ്വാസികളും, ബുജികളും, കോമാളികളും ബൂലോകത്തെ ഹൈജാക്ക്‌ ചെയ്യുവാൻ ശ്രമിക്കുന്നുണ്ടോ?.

ചോദ്യങ്ങൾ മുഴുവൻ മണ്ടത്തരമാണ്‌. ചോരയും നീരും നൽകി ബൂലോകത്തെ വളർത്തിയ പഴയകാല ബ്ലോഗർമ്മാരിൽ പലരും സജീവമല്ല എന്നത്‌ സത്യം. പക്ഷെ, അവരോക്കെ ബ്ലോഗ്‌ മടുത്തു, രാജിവെച്ച്‌ വീട്ടിരിക്കുന്നു എന്ന യമണ്ടൻ സ്വപ്നം മാത്രം ആരും കാണരുത്‌. പലരും സജീവമാണ്‌. എല്ലാവരും ഇവിടെതന്നെയുണ്ട്‌.

സഭ്യമായ രീതിയിൽ ആശയങ്ങളെ ആശയങ്ങൾകൊണ്ട്‌ നേരിടുക. പരസ്പരം പ്രതിപക്ഷബഹുമാനത്തോടെ സംസരിക്കുക. മലയാളി സമൂഹത്തിന്റെ പരിഛേദനമാണ്‌ ബ്ലോഗ്‌ എന്ന് തിരിച്ചറിയുക. നന്മയും തിന്മയുമുണ്ടാവാം. ഇന്നലെകളിലും ഇന്നും മലയാള ബ്ലോഗിൽ നന്മക്ക്‌ തന്നെയാണ്‌ മുൻതൂക്കമെന്ന്, നിസംശയം എനിക്ക്‌ പറയാനാവും. നാളെയും അങ്ങിനെതന്നെയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇത്‌ ആരെയും വേദനിപ്പിക്കാനല്ല. അകമഴിഞ്ഞ്‌ ബൂലോകത്തെ സ്നേഹിച്ചിരുന്ന, സ്നേഹിക്കുന്ന സന്മസുകൾക്ക്‌, അവർ ഒത്തിരിപേരുണ്ട്‌, എന്റെ അഭിവാദ്യങ്ങൾ. മലയാള അക്ഷരങ്ങൾക്ക്‌ കീബോഡിലൂടെ ജീവൻ നൽകിയവർക്ക്‌ പ്രണാമം.


ആരെയെങ്കിലും വേദനിപ്പിച്ചു എന്ന് തോന്നുന്നെങ്കിൽ, ക്ഷമിക്കുക. അത്‌ നിങ്ങളുടെ പ്രവർത്തിയുടെ ഫലം. എങ്കിലും മാപ്പ്‌. അങ്ങിനെ ചെയ്യേണ്ടിവന്നതിൽ ഖേദമുണ്ട്‌.

ഇന്നലെ കണ്ട ബ്ലോഗ്‌ തന്നെയാണിന്ന്. അത്‌ തന്നെയാവണം നാളെ. ആവും. ഉറപ്പുണ്ട്‌.



.