Tuesday, 29 April 2008

എന്റെ ബ്ലോഗ്‌ പുസ്തകമാക്കുന്നു.

എന്റെ ബ്ലോഗ്‌ പുസ്തകമാക്കുന്നു.

കേരളത്തിലെ പ്രസിദ്ധമായ പുസ്തക പ്രകാശന കമ്പനി എന്റെ ബ്ലോഗ്‌ പുസ്തകമാക്കുവാന്‍ തിരുമാനിക്കുകയും, പുസ്തകത്തിന്റെ പ്രചരണാര്‍ഥം ഞാന്‍ ഒരു ഗള്‍ഫ്‌ പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.

ദുബൈയിലെ ബ്ലോഗര്‍മാരുടെ സ്ഥിരം ഐറ്റമായ മുണ്ടിട്ട്‌ പിടുത്തത്തിന്‌ ശേഷം, ആ മുണ്ട്‌ എന്നോട്‌ തിരിച്ച്‌ വാങ്ങുവാന്‍ സംഘാടകര്‍ ശ്രമിച്ചത്‌ വേദിയില്‍ ചില്ലറ കശപിശക്ക്‌ ഇടയാക്കി എന്നതൊഴിച്ചാല്‍ പരിപാടി ഗംഭീര വിജയമായിരുന്നു. എന്റെ ബ്ലോഗിനെക്കുറിച്ചുള്ള പ്രസംഗത്തിന്റെ ലഹരിയില്‍ കാണികളും സംഘാടകരും കസേരയെടുത്തെന്നെയെറിഞ്ഞത്‌, പ്രതികാരമല്ലെന്നും, പ്രതികരണം മാത്രമാണെന്നും ഹോസ്പിറ്റലിലെ ബില്ല് കണ്ട്‌കണ്ണ്‌ തള്ളിയപ്പോഴാണ്‌ മനസ്സിലായത്‌.

തിരിച്ച്‌ ചെന്നൈയിലും ബാംഗ്ലൂരിലും ഓരോ പരിപടികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ്‌, ബീപാത്തു ആ കാര്യം എന്നോട്‌ പറഞ്ഞത്‌.

"അതെ, ഇങ്ങള്‌ ഇങ്ങനെ മണ്ടി പാഞ്ഞി നടന്നിട്ട്‌ ഇങ്ങളെ ലീവ്‌ തീര്‍ന്നത്‌ അറഞ്ഞോ?."

ഒരു മാസത്തെ ലീവിന്‌ നാട്ടില്‍ വന്ന ഞാന്‍ വീട്ടില്‍ കഴിഞ്ഞത്‌ ചുരുക്കം ചില ദിവസങ്ങളാണെന്നതിന്റെ ദേഷ്യം കൂടി അവള്‍ പ്രകടിപ്പിച്ചു. ഓടിപിടിച്ച്‌ ട്രാവല്‍സില്‍ ചെന്നപ്പോഴാണറിയുന്നത്‌, അടുത്ത രണ്ടാഴ്ചക്ക്‌ ജിദ്ധയിലേക്ക്‌ ടിക്കറ്റില്ലെന്ന്.

പുസ്തകം പ്രസിദ്ധീകരിച്ചില്ലെങ്കിലും വേണ്ടില്ല, ജോലി പോവാതിരുന്നാല്‍ മതിയായിരുന്നു. സകല നേര്‍ച്ചകാരെയും വിളിച്ച്‌ പ്രാര്‍ഥിക്കുകയും അവരുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. കൈക്കൂലിയ്യുടെ ഉസ്താദുമാരായ നേര്‍ച്ചക്കാര്‍ക്ക്‌ വേണ്ടി, ഞാനും സംതിങ്ങ്‌ കൊടുക്കാമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പല നേര്‍ച്ചകളും കാണിക്കകളും ഓവര്‍ ഡ്യൂവാണെന്ന സത്യം അറിഞ്ഞ്‌കൊണ്ട്‌ തന്നെ.

വിസയുടെ കാലവധിതീരാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ, വിമാനത്താവളത്തിലെത്തി, ടിക്കറ്റെടുത്ത ആരെങ്കിലും എയര്‍പേര്‍ട്ടിലേക്ക്‌ വരുന്ന വഴി യാത്രമുടങ്ങിയോ എന്നറിയുവാന്‍ ഞാന്‍ കാത്തിരുന്നു. നിരാശനായി കരിപ്പുരില്‍നിന്നും ജിദ്ധയിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം പറന്നുയരുന്നത്‌ ഞാന്‍ നിറമിഴികളോടെ നോക്കിയിരുന്നു.

തിരിച്ച്‌ വിട്ടിലെത്തിയതും, എന്റെ ബ്ലോഗിലെത്തി എന്നെ എഴുതുവാന്‍ പ്രോല്‍സാഹിപ്പിച്ച, ബ്ലോഗ്‌ എഴുതുവാന്‍ എന്നെ സഹായിച്ച എല്ലാവരെയും ഞാന്‍ പ്രാകി. അടുത്ത ശില്‍പ്പശാല മലപ്പുറത്ത്‌ വെച്ച്‌ നടത്തണമെന്നും, അതിന്റെ ചുക്കാന്‍ ഞാന്‍ പിടിക്കണമെന്നും പറഞ്ഞ സുഹൃത്തിനെ ചവിട്ടുവാന്‍ വേണ്ടി കാലുയര്‍ത്തിയതാണ്‌, പക്ഷെ....

അടുത്ത്‌ കിടന്നവന്റെ നാഭിക്കാണ്‌ ചവിട്ടേറ്റത്‌. ഉറക്ക ചടവില്‍നിന്നും എഴുന്നേറ്റ്‌ അവന്‍ ചോദിച്ചു. "എന്താ ബീരാനെ അനക്ക്‌. എന്താ പറ്റീത്‌. ഇജി രണ്ടീസായിട്ട്‌ എന്തോക്കെയോ ഉറക്കത്തില്‍ പിച്ചിം പെയെം പറയണ്‌ണ്ടല്ലോ, ഇന്‍ക്ക്‌ രാവിലെ പണിക്ക്‌ പോവാന്‌ള്ളതാ. എന്ന് ഇജി ബ്ലോഗ്‌ തോടങ്ങിയോ അന്ന് തോടങ്ങീതാ അന്റെ ഈ ചവുട്ടും കുത്തും. ബ്ലോഗിലെന്താ അന്നെ കാരാട്ട പഠിപ്പിച്ച്‌ണ്ടോ?."
-------------------------------------------------------
അങ്ങനെ ഇന്ന്, ഈ ബൂലോകത്ത്‌ ഞാനും ഒരു വയസ്സ്‌ പൂര്‍ത്തിയാക്കുന്നു.

ആദരവോടെ, ബഹുമാനത്തോടെ ഓര്‍ക്കുവാന്‍ ഒരുപാട്‌ മുഖങ്ങളുണ്ട്‌, സഹായിക്കുകയും ഉപദേശിക്കുകയും ചെയ്തവര്‍. ക്ഷമയോടെ എന്നെ ബ്ലോഗാന്‍ പഠിപ്പിച്ചവര്‍. എല്ലാവര്‍ക്കും നന്ദി.

അന്യന്‍ നിന്ന് പോവുന്ന കൊണ്ടോട്ടി സ്ലാഗില്‍ ഞാന്‍ എഴുതിയത്‌ വായിക്കുബോള്‍, എന്റെ പൂര്‍വ്വികരുടെ സ്മരണ എന്നിലുയരുന്നു. വരും തലമുറക്ക്‌ വേണ്ടി അതില്‍ ചിലത്‌, ചിലത്‌ മാത്രം ഞാന്‍ ഇവിടെ ബാക്കിയാക്കുന്നു. ഉറങ്ങികിടന്ന എന്റെ ബാല്യകാലവും, വിടരാതെകൊഴിഞ്ഞ എന്റെ സ്വപ്നങ്ങളും ഇവിടെയുണ്ട്‌. അത്‌ നട്ട്‌ നനച്ച്‌ ലോകത്തിന്റെ പലകോണിലുമെത്തിച്ചതിന്‌ google-നും ഞാന്‍ നന്ദി പറയുന്നു.

എന്റെ അക്ഷരത്തെറ്റുകളില്‍ ചവിട്ടി കാലിടറിവീണ്‌ പരിക്കേറ്റവരെ, കൈവിട്ട്‌ പോയ കഥയുടെ ബാക്കിപത്രമായ സുഹൃത്ത്‌ ബദ്ധങ്ങളെ, വലിപ്പചെറുപ്പമില്ലാതെ എല്ലാവരെയും എന്നെപോലെ തന്നെ കരുതി ശാസിക്കുകയും ശകാരിക്കുകയും ചെയ്തവരെ, ആശയ വൈരുദ്ധ്യങ്ങളെ ബ്ലോഗില്‍മാത്രം ഒതുക്കിയവരെ, പരസ്പരം ബദ്ധശത്രുകളായ ആശയങ്ങളും, ചിന്തകളും ഉണ്ടായിരുന്നിട്ട്‌കൂടി, അതെല്ലാം ബ്ലോഗില്‍ മാത്രം ഒതുക്കിയ പ്രിയ സുഹൃത്തുകളെ, നിങ്ങളുടെ സ്നേഹത്തിന്‌ പകരം ഞാന്‍ എന്ത്‌ തരും?.

ബൂലോകത്ത്‌ ബീരാന്‍ കുട്ടി അജ്ഞതനാണ്‌. എന്റെ ചുറ്റും നടക്കുന്ന അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വിളിച്ച്‌ പറയുവാന്‍ എനിക്ക്‌ ഒരു മറ അത്യവശ്യമാണ്‌. നാട്ടുകാരെ പേടിയാണോ എന്ന് ചോദിച്ചാല്‍ അല്ല, മറിച്ച്‌ ജോലി ചെയ്യുന്നത്‌ സൗദിയിലാണ്‌. (കൂടുതല്‍ ചോദിക്കരുത്‌, ഞാന്‍ പറഞ്ഞ്‌ പോവും, പ്ലീസ്‌)

മഹാകവ്യങ്ങളും ഇതിഹാസങ്ങളും ഞാന്‍ നിര്‍മ്മിച്ചിട്ടില്ല, നിങ്ങള്‍ക്കിടയില്‍ ഒരു പേരിന്‌ പോലും ഞാന്‍ അര്‍ഹനല്ലെന്ന് നല്ലപോലെ എനിക്കറിയാം. ആ സത്യത്തില്‍നിന്നാണ്‌ എന്റെ കഥപാത്രങ്ങളെ ഞാനായിട്ട്‌ തന്നെ ഞാന്‍ തിരിച്ചറിയുന്നത്‌.

വ്യക്തിപരമായി ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ലെന്നാണെന്റെ ഓര്‍മ്മ, ഏറനാടനെ ഒഴികെ. കൈവിട്ട്‌ പോയ കഥയുടെ തന്തുവായി ആ സുഹൃത്ത്‌ ഇപ്പോഴും മനസ്സിലോരു നീറ്റലായി നിലകൊള്ളുന്നു.

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി, ഇനിയും വരിക, എന്റെ കത്തി സഹിക്കുക. ഏറനാടനെയും കരീം മഷെയും, കര്‍ക്കടമാസത്തിലെ കോരിചെരിയുന്ന മഴയത്ത്‌ ഞാന്‍ കണ്ട്‌മുട്ടും. ബെര്‍ളിയും സുനീഷും എന്റെ വിട്ടിനടുത്ത്‌ തന്നെയാണ്‌. വിടില്ല ഞാന്‍. മറ്റുപലരെയും ഞാന്‍ ലോക്കെറ്റ്‌ ചെയ്തിട്ടുണ്ട്‌. പേര്‌ പറഞ്ഞാല്‍ അവരോക്കെ മിസ്സാവാന്‍ സാധ്യതയുള്ളത്‌കൊണ്ട്‌, മുഖത്തോട്‌ മുഖം നോക്കി ഞാനാണ്‌ ബീരാന്‍ കുട്ടിയെന്ന് പറയുബോള്‍, 10-60 വയസ്സവാന്‍ സധ്യതയുള്ള എന്നെ കണ്ട്‌ നിങ്ങള്‍ ഞെട്ടിതരിക്കുന്നത്‌......., എന്റെ റബ്ബെ, ഞാന്‍ നിര്‍ത്തി.

16 comments:

 1. ബീരാന്‍ കുട്ടി said...

  ദുബൈയിലെ ബ്ലോഗര്‍മാരുടെ സ്ഥിരം ഐറ്റമായ മുണ്ടിട്ട്‌ പിടുത്തത്തിന്‌ ശേഷം, ആ മുണ്ട്‌ എന്നോട്‌ തിരിച്ച്‌ വാങ്ങുവാന്‍ സംഘാടകര്‍ ശ്രമിച്ചത്‌ വേദിയില്‍ ചില്ലറ കശപിശക്ക്‌ ഇടയാക്കി എന്നതൊഴിച്ചാല്‍ പരിപാടി ഗംഭീര വിജയമായിരുന്നു. എന്റെ ബ്ലോഗിനെക്കുറിച്ചുള്ള പ്രസംഗത്തിന്റെ ലഹരിയില്‍ കാണികളും സംഘാടകരും കസേരയെടുത്തെന്നെയെറിഞ്ഞത്‌, പ്രതികാരമല്ലെന്നും, പ്രതികരണം മാത്രമാണെന്നും ഹോസ്പിറ്റലിലെ ബില്ല് കണ്ട്‌കണ്ണ്‌ തള്ളിയപ്പോഴാണ്‌ മനസ്സിലായത്‌.

  തിരിച്ച്‌ ചെന്നൈയിലും ബാംഗ്ലൂരിലും ഓരോ പരിപടികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ്‌, ബീപാത്തു ആ കാര്യം എന്നോട്‌ പറഞ്ഞത്‌.

 2. കുറുമാന്‍ said...

  ബീരാനെ തേങ്ങ ഞമ്മന്റെ ബക.

  ഠോ.....

  ഒരു ആശംസ്യാങ്ങട് പിടിച്ചോളീ.

 3. അച്ചായന് said...

  തന്റെ ബ്ലോഗ് കൊള്ളാവല്ലോടാ ഉവ്വേ. അഫിനന്ദനം, അഫിനന്ദനം, അഫിനന്ദനം.

 4. സാദിഖ്‌ മുന്നൂര്‌ said...

  കൊള്ളാം. ആര്‍ക്കൊക്കെയാണ്‌ താങ്ങ്‌...

 5. കൊച്ചു മുതലാളി said...

  :)അഭിനന്ദനങ്ങള്‍....

 6. കാപ്പിലാന്‍ said...

  good :)

 7. ബയാന്‍ said...

  :) ബീരനേ.. ഏഹ്.. ഏഹ്.

 8. അഞ്ചല്‍ക്കാരന്‍ said...

  ആശംസകള്‍....

 9. ശ്രീ said...

  വാര്‍ഷികാശംസകള്‍!
  :)

 10. തോന്ന്യാസി said...

  ബീരാനിക്കാ...ഇങ്ങള ബ്ലോഗിനും ഒര് വയസ്സായോ...

  ന്നാ ദാ ഞമ്മന്റെ ബക ആസംസ പുസ്പങ്ങള്‍...

 11. നിത്യന്‍ said...

  ബീരാനിക്കാ, നന്നായിട്ടുണ്ട്‌.

 12. kaithamullu : കൈതമുള്ള് said...

  ബീരാന്‍‌കുട്ടീ.
  ഇതാ ഒരു ഇസ്മൈലി:-)

 13. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

  ആശംസകള്‍....

 14. ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

  ബീരാന്‍ കുട്ടീ ഒരിക്കലും ഇങ്ങള് ഇന്നെ ബെഷമിപ്പിച്ചിട്ടില്ല. അത് ബെറും തോന്നലാ. ഇങ്ങളേതായാലും ബരീന്‍ ബേഗം ബരീന്‍.
  കരിപ്പൂര് ബിമാനത്താബളത്തില് ഞമ്മള് പച്ചക്കോടി ബീശി ബയീല് നില്‍ക്കാം. ലാന്‍ഡുന്ന ടൈം ബേഗം അറീക്കീന്‍.
  ബെലക്കം ടു കൊണ്ടോട്ടീ നൈസ് റ്റു ബി മീറ്റ് യൂ മിസ്റ്റര്‍ ബീരാന്‍ കുട്ടീ..!

 15. സാല്‍ജോҐsaljo said...

  ഇവിടൊക്കെയുണ്ടല്ലേ....


  ഗംഭീരമായി നടക്കട്ടെ....

 16. Anonymous said...

  you have to be aware always that 3 fingers are pointing to you while you pointing to others with one finger