Tuesday, 1 April 2008

ജിദ്ധയിലെ ആശുപത്രി

ജിദ്ധയിലെ വളരെ പ്രസിദ്ധമായ ഒരാശുപത്രിയിലേക്ക്‌ നിങ്ങളെ ഞാന്‍ അട്ടിതെളിച്ച്‌ കൊണ്ട്‌ പോവുകയാണ്‌.

മോസ്റ്റ്‌മോഡേണ്‍ കസ്റ്റമര്‍ സര്‍വ്വിസുള്ള, ലേറ്റസ്റ്റ്‌ പിഴിയല്‍ ടെക്‌നോളജിയുള്ള ഇവിടെനിന്നും പലപ്രവശ്യം സഹിക്കെട്ട്‌ ഇറങ്ങിപോന്ന, ഈ ആശുപത്രിയുടെ ചരിത്രപ്രധാനമായ സംഭവകഥകളുടെ ഇടയില്‍ നിന്നും, ചവിട്ടി പറിച്ച്‌, ഞാന്‍ വലിച്ച്‌ ചീന്തിയെടുത്ത ഒരേട്‌.

അലാറമടിക്കാതെ, മൂടിപുതച്ച്‌ കിടന്നുറങ്ങുവാന്‍ കിട്ടുന്ന വെള്ളിയഴ്ചയുടെ ലഹരി നുണഞ്ഞ്‌കൊണ്ട്‌ ഞാന്‍ കിടക്കുകയായിരുന്നു. അപ്പോഴാണ്‌ ബീപാത്തു എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട്‌ പറഞ്ഞത്‌ "നോക്കി, ഇണിച്ചാണി, മോള്‍ക്ക്‌ പനിക്കിണ്ട്‌, ഞമ്മള്‌ അസ്‌പത്രിക്ക്‌ പോവാ"

ആശുപത്രിയെന്ന് കേള്‍ക്കുന്നതെ എനിക്ക്‌ പേടിയാണ്‌. സൂചിയുടെ വേദനകൊണ്ടല്ല, മറിച്ച്‌, പനിയോ ജലദോഷമോ വന്നിട്ട്‌ ഡോക്ടറെ കണ്ടാല്‍ അത്‌ മിനിമം ഹര്‍ട്ട്‌ ഫെയിലിയറാവുന്ന ഒരവസ്ഥയിലെത്തിച്ചെ ജിദ്ധയിലെ മിക്ക ഹോസ്പിറ്റലും അവിടുത്തെ അന്തേവാസികളായ ഡോക്ടര്‍മാരും അടങ്ങൂ. കൈ വിരലില്‍ ബ്ലേഡ്‌കൊണ്ട്‌ മുറിഞ്ഞതിന്‌ കൈവിരല്‍ മുറിക്കണമെന്ന് പറഞ്ഞവരെയും, കണ്‍പീലികളിലുണ്ടാവുന്ന ചൂട്‌കുരുവിന്‌, കണോപറേഷന്‍ നടത്തണമെന്ന് പറഞ്ഞവരെയും എനിക്ക്‌ നന്നായറിയാം. മരിക്കില്ലെന്നുറപ്പുള്ള ഒരു വിധം അസുഖങ്ങള്‍ക്ക്‌ ചുക്ക്‌ കാപ്പിയും, വിക്സും പ്രതിവിധിയായി ഞാന്‍ എന്നെ തന്നെ ചികില്‍സിക്കുന്ന കാലം.

എന്റെ തിയറി, പക്ഷെ മക്കളുടെ കാര്യത്തില്‍ മാത്രം, ഭേതഗതികളോടെ അംഗീകരിച്ച്‌ നടപ്പാക്കുന്നതിനാല്‍, പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തികൊണ്ട്‌, ഭാര്യയുടെ വാക്കുകള്‍ അംഗീകരിച്ച്‌ ഞാന്‍ എഴുന്നേറ്റു.
-------------------------
വിശാലമായ കൗണ്ടറില്‍, ഇന്‍ഷൂറന്‍സ്‌ കാര്‍ഡ്‌ പിടിച്ച്‌ ഞാന്‍ ഒരു മണിക്കൂറിലധികം നിന്നു. പത്തിരുന്നുറ്‌ രോഗികളെ റെസിപ്റ്റ്‌ ചെയ്യാന്‍ ഒരാണും ഒരു പെണ്ണും കൗണ്ടറിലിരിക്കുന്നു. അവരാണെങ്കില്‍ മധുരിക്കുന്ന പല ഓര്‍മ്മകളും അയവിറക്കി, കീബോര്‍ഡിന്‌ വേദനതോന്നാത്ത രൂപത്തില്‍ ഒരു റ്റൈപ്പ്‌ റ്റൈപ്പലും. ക്ഷമയുടെ നെല്ലിപലകയുമായി രണ്ടാളുകള്‍ കടന്ന്‌പോവുന്നത്‌ ഞാന്‍ കണ്ടു. അവസാനം എന്റെ കാര്‍ഡ്‌ വാങ്ങി, ഡോക്‌ടറുടെ പേര്‌ പറഞ്ഞു, ടോക്കണ്‍ നമ്പര്‍ 1.
------------------------------
ഡോക്ടറുടെ മുറി, ആകെ പൊടിയും മാറലയും പിടിച്ച്‌ കിടക്കുന്നു. അകത്ത്‌ കടന്ന് ഒരു സലാം പറഞ്ഞു. "ഇരിക്കു", സ്നേഹത്തോടെ ഡോക്‌ടര്‍ പറഞ്ഞത്‌ അതിലും സ്നേഹത്തോടെ ഞാന്‍ നിരസിച്ചു. ഇരിക്കാനുള്ള കസേരയുടെ ഒരു കാല്‍ എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞ്‌ കരയുന്നു. ഇടക്കിടെ മേശപ്പുറത്തെ ഫയലുകളും സാധനങ്ങളും ഡോക്‌ടര്‍ വൃത്തിയാക്കുന്നു. ഇതിനിടയില്‍ രോഗവിവരങ്ങള്‍ തിരക്കുന്നു, ഞാന്‍ പറയുന്നു.

ഇതിനിടയില്‍ ഡോ. ഫോണ്‍ ചെയ്ത്‌ പറയുന്നു"എവിടെ സുപ്പര്‍വൈസര്‍, അവനോട്‌ ഞാന്‍ ഇന്നലെ പറഞ്ഞതാണല്ലോ ഇത്‌ ഒന്ന് ക്ലീനാക്കുവാന്‍. നെഴ്സ്‌ ഇത്‌വരെ വന്നിട്ടില്ല. ഒരു സാധനവും ഇവിടെയില്ല."

ബ്ലോഗില്‍ വന്നിട്ട്‌ അഞ്ചെട്ട്‌ മാസമായത്‌കൊണ്ട്‌, ഡയലോഗ്‌ ഡീകോഡ്‌ ചെയ്യുവാന്‍ വല്ല്യ പ്രയാസമുണ്ടായില്ല, ഞാന്‍ ബീപാത്തുനെ തോണ്ടി, എന്നിട്ട്‌ കണ്ണ്‌കൊണ്ട്‌ പറഞ്ഞു, "പോവാം" ഞാന്‍ മോളുടെ കൈ പിടിച്ച്‌ തിരിഞ്ഞതും ഡോക്‌ടര്‍ സ്റ്റെതസ്‌കോപ്പെന്ന കോപ്പിലെ പൊടിതട്ടികളഞ്ഞിട്ട്‌, മകളെ പിടിച്ച്‌, ഒരു സ്റ്റൂളിലിരുത്തി. പരിശോധന തുടരുന്നു.

എത്ര ദിവസമായി അസുഖം തുടങ്ങിയിട്ട്‌ എന്ന ചോദ്യത്തിന്‌ ഞാന്‍ മറുപടി പറഞ്ഞത്‌ കേള്‍ക്കാന്‍ ഡോ. നിന്നില്ല, അതിന്‌ മുന്‍പെ ഫോണെടുത്ത്‌ വീണ്ടും,"ഹലോ, സുപ്പര്‍വൈസറല്ലെ, അതെ ഈ ടോര്‍ച്ച്‌ വര്‍ക്ക്‌ചെയ്യുന്നില്ല, ഒരു നല്ല സാധനം കൊടുത്തയക്കെടോ".

"സാരല്ലട്ടോ, ഇന്‍ഫെക്സനാണ്‌, ഇന്‍ജക്‌ഷന്‍ കൊടുക്കാം."

അപ്പോഴെക്കും ഒരാള്‍ ഓടി വന്നു, അവനെ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്‌, ഫയലുമായി ഓടി നടക്കുന്ന ഫയല്‍മാന്‍.

ഡോ. അവനോട്‌ പറഞ്ഞു "റ്റെപറേച്ചര്‍ ചെക്ക്‌ ചെയണം, മരുന്നെഴുതാന്‍ ഒരു പേപ്പര്‍ എവിടെ"എന്നോട്‌ "ഈ മരുന്ന് കൊടുക്കുക, ഡയലി ഒരിഞ്ചക്‌ഷനും എടുക്കുക."

എന്താണ്‌ രേഗമെന്നോ, രോഗവിവരങ്ങളോ ഞാന്‍ ചോദിച്ചില്ല, അത്രക്ക്‌ നല്ല മൂഡിലായിരുന്നു ഡോക്‌ടര്‍, മാത്രമല്ല എനിക്ക്‌ എങ്ങിനെയങ്കിലും അവിടുന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി. അക്ഷമയായി ഭാര്യ എന്നെ നോക്കിയതിനര്‍ഥം "ഇന്നും നിങ്ങള്‍ പട്ടിണിയാണ്‌" എന്നാണെന്ന് ഞാന്‍ ഒറ്റക്ക്‌ കിടന്നുറങ്ങിയപ്പോഴാണ്‌ മനസിലായത്‌.

ടെപറേച്ചര്‍ നോക്കിയില്ല, സ്റ്റെതസ്‌കോപ്പ്‌ വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്നറിയില്ല. എന്തായാലും സ്കാന്‍ ചെയാന്‍ പറയാതിരുന്നത്‌ ഭാഗ്യം. ഇവിടെ വരുന്ന ജലദോഷമുള്ള രോഗികള്‍ പോലും സ്കാന്‍ നിര്‍ബന്ധമായും ചെയ്തിരിക്കണമെന്നാണ്‌ അലിഖിത നിയമം.

മരുന്നിനുള്ള കുറിപ്പുമായി ഡോ. എന്തോ തിരയുന്നു. അക്ഷമനായി നെയ്സ്‌മനോട്‌ "എന്റെ സീലെവിടെ"

അവസാനം പേനകൊണ്ട്‌ ഡോ. ... എന്നെഴുതിയതും വാങ്ങി ഞാന്‍ പുറത്തേക്ക്‌.

"എന്തെ നിങ്ങളോന്നും മിണ്ടാതെ നിന്നത്‌"

"അതെ ഞാനെന്തെങ്കിലും പറഞ്ഞാല്‍, അത്‌ ഡോ. ഇഷ്ടപ്പെട്ടാല്‍ പിന്നെ, എന്ത്‌ മരുന്ന മോള്‍ക്ക്‌ കൊടുക്കുകയെന്ന നമുക്കറിയില്ലല്ലോ, എന്തിനാ വെറുതെ മോളെ കഷ്ടപ്പെടുത്തുന്നത്‌, ഡോ. നല്ല പരിചയമുള്ള ആളാണെന്ന് എല്ലാവരും പറയുന്നു. അത്‌കൊണ്ടാണ്‌ ഇയാളെ കാണിച്ചത്‌. മാത്രമല്ല, നമ്മുക്ക്‌ ഇവിടെ മാത്രമേ കമ്പനി അപ്രൂവ്‌ ചെയ്തിട്ടുള്ളൂ. മറ്റു രണ്ട്‌ മലയാളികളുടെ ആശുപത്രികളും ഇന്‍ഷൂറന്‍സ്‌ ഒഴിവാക്കിയതിനു പിന്നില്‍ വല്ല്യ ഒരു കഥയുമുണ്ട്‌. പിന്നെയുള്ളത്‌ മിസിരികളണ്‌. അറബിപറയനറിയാതെ മരിക്കുന്നതിനെക്കാള്‍ നല്ലത്‌ മലയാളം പറഞ്ഞ്‌ മരിക്കുന്നതല്ലെ".
--------------------------
ഞാനും ഭാര്യയും മകളെയും കുട്ടി മറ്റോരു ഡോക്‌ടറെ കണ്ടു. ഒരല്‍പ്പം സമധാനം തോന്നിയത്‌കൊണ്ട്‌, അയാളെഴുതിയ മരുന്ന്‌ വങ്ങികൊടുത്തു. കീശയില്‍ നിന്ന് കാശ്‌ പോയാലും, മോള്‍ സുഖമായിരിക്കുന്നു.

പിന്നിട്‌, മരണം വന്ന് കോളിങ്ങ്‌ ബെല്ലടിച്ചാല്‍ പോലും, മറ്റെതെങ്കിലും ആശുപത്രിയില്‍ എത്തുന്നവരെ വാതില്‍ തുറക്കാതിരിക്കാനും, ഇന്‍ കെയ്സ്‌, മരണം വതില്‍ ചവിട്ട്‌ പൊളിച്ച്‌ അകത്ത്‌ കടന്നിട്ട്‌, നിനക്ക്‌ മരിക്കണോ അതോ .... ആശുപത്രിയില്‍ പോണോ എന്ന് ചോദിച്ചാല്‍ ....ആശുപത്രിയില്‍ പോവുന്നതിനെക്കാള്‍ നല്ലത്‌ മരണമാണെന്ന് പറയാന്‍ തിരുമാനിക്കുകയും ചെയ്തു.
-----------------------------------------------------------
കൂണ്‌ പോലെ ആശുപത്രികള്‍ മുളച്ച്‌പൊന്തുന്ന ഷറഫിയയില്‍ ഇതാ നാളെ പുതിയോരു അറവ്‌ശാലകൂടി ഉല്‍ഘാടനത്തിന്‌ നെറ്റിപ്പട്ടംകെട്ടി കാത്തിരിക്കുന്നു.

5 comments:

 1. ബീരാന്‍ കുട്ടി said...

  അലാറമടിക്കാതെ, മൂടിപുതച്ച്‌ കിടന്നുറങ്ങുവാന്‍ കിട്ടുന്ന വെള്ളിയഴ്ചയുടെ ലഹരി നുണഞ്ഞ്‌കൊണ്ട്‌ ഞാന്‍ കിടക്കുകയായിരുന്നു. അപ്പോഴാണ്‌ ബീപാത്തു എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട്‌ പറഞ്ഞത്‌ "നോക്കി, ഇണിച്ചാണി, മോള്‍ക്ക്‌ പനിക്കിണ്ട്‌, ഞമ്മള്‌ അസ്‌പത്രിക്ക്‌ പോവാ"

 2. യാരിദ്‌|~|Yarid said...

  “അപ്പോഴെക്കും ഒരാള്‍ ഓടി വന്നു, അവനെ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്‌, ഫയലുമായി ഓടി നടക്കുന്ന ഫയല്‍മാന്‍“

  അപ്പോള്‍ ഈ ഫയല്‍മാനാണ് ഫയലുമായി ഓടിനടക്കുന്നത് അലെ..

  ബീരാന്‍ പറഞ്ഞതു സത്യമാണ് കെട്ടൊ. ഒരാള്‍ മരിച്ചു ഹോസ്പിറ്റലില്‍ ചെന്നാലും അവനെപ്പിടിച്ച് വെന്റിലേറ്ററില്‍ കിടത്തിയിട്ടു രണ്ടു ദിവസം കഴിഞ്ഞു പറയും, നമ്മളു ശ്രമിക്കാവുന്നതിന്റെ മാക്സിമം ശ്രമിച്ചുവെന്ന്. എന്നിട്ടൊരു വന്‍ ബില്ലും കൊടുക്കും. യഥാര്‍ത്ഥത്തില്‍ ആളു കൊണ്ട് വന്ന സമയത്തു തന്നെ മരിച്ചു കാണും, മിക്കവാറും പ്രൈവറ്റ് ഹോസ്പിറ്റലില്‍ നടക്കുന്നതു ഇമ്മാതിരി പരിപാടികളു തന്നെ. ഹോസ്പിറ്റലിന്റെ മുടക്കുമുതലും ലാഭവും തിരിച്ചു കിട്ടണ്ടെ. അപ്പൊ ഇതന്നെ വഴി...

 3. വാല്‍മീകി said...

  റിയാദിലെ ബത്തയില്‍ കുറെ ക്ലിനിക്കുകള്‍ ഉണ്ട്. അവിടെയും സ്ഥിതി വ്യത്യസ്തമല്ല. നല്ല എഴുത്ത് ബീരാനെ.

 4. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

  ജിദ്ധയിലിങ്ങനെ ഒരാശുപത്രിയോ വിശ്വസിക്കാന്‍ കഴിയണൈല്ല വീരാനിക്ക.തമ്മില്‍ ഭേദം ഞങ്ങളുടെ ദുബായി തന്നെ

 5. ബീരാന്‍ കുട്ടി said...

  യാരിദ്‌,
  വാല്‍മീകി,
  അനൂപ്‌,
  നന്ദി, വന്നതിനും ഇത്തിരി വിശേഷം പങ്ക്‌വെച്ചതിനും.

  ഇത്‌ ഒരു സ്ഥലത്തെ മാത്രം പ്രതേകതയല്ല. എല്ലായിടത്തും, എല്ലാ ഹോസ്പിറ്റലിലും ഇത്‌ തന്നെയാണ്‌ സ്ഥിതി. ചിലര്‍ക്ക്‌ ഡോസിത്തിരി കുറഞ്ഞിരിക്കും എന്ന് മാത്രം.

  കമ്പനിയുടെ മെഡിക്കല്‍ കാര്‍ഡുമായി വരുന്നവര്‍ക്ക്‌ പനഡോള്‍ മാത്രം നല്‍ക്കുന്ന പലരെയും എനിക്കറിയാം.

  ദുബൈക്കാര്‍ എല്ലാംകൊണ്ടും ഭാഗ്യവന്മരാണ്‌. ചുരുങ്ങിയത്‌, തെറ്റിനെ ചോദ്യം ചെയ്യനെങ്കിലും നിങ്ങള്‍ക്കാവും. ഇവിടെ എന്ത്‌ കണ്ടാലും കണ്ണടക്കണം, കാത്‌ പോത്തണം. എതിര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ശബ്ദമുയര്‍ത്തുബോള്‍ അവര്‍ക്ക്‌, അവര്‍ക്ക്‌ മാത്രം പരിഗണന നല്‍ക്കുന്ന ചിലരുണ്ട്‌.

  പലതും പറയാനുണ്ട്‌, പക്ഷെ, ഞാന്‍ ഇന്ന് അശക്തനാണ്‌, ഒരു പക്ഷെ, നാളെ, എനിക്കെന്റെ മനസ്സ്‌ തുറക്കാനാവും. അതിനുള്ള ശ്രമത്തിലാണ്‌. എന്റെ മകന്‌ പാലുണ്ണി വന്നിട്ട്‌ അത്‌ ഒപ്പറേറ്റ്‌ ചെയ്യണമെന്ന് കണ്ണടച്ച്‌ പറഞ്ഞ ഒരു ഡോ. റുടെ യോഗ്യത, വിരിഞ്ഞ മാറും, തുളുമ്പുന്ന നിതംബവും മാത്രമായിരുന്നു എന്ന്, അനാശ്യാസത്തിന്‌ പോലിസ്‌ പിടിച്ചപ്പോഴാണറിയുന്നത്‌. ചിലരുടെ നില നില്‍പ്പിന്റെ പ്രശ്നം, ചിലര്‍ക്ക്‌ നിലനിര്‍ത്താനുള്ള പ്രശ്നം.

  ഇതിനിടയിലും, വളരെ സ്നേഹത്തോടെ, രോഗികളെ പരിചരിക്കുന്ന നല്ലവരായ ഡോക്ടര്‍മാരെയും നെഴ്സുമാരെയും ഞാന്‍ മറക്കുന്നില്ല. പാവപ്പെട്ടവന്‌ സമ്പിള്‍ മരുന്ന് നല്‍ക്കിയും, വിലകുറഞ്ഞ, അത്യവശ്യമരുന്ന് മാത്രം നല്‍കിയും സഹായിക്കുന്ന പലരേയും ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുകയാണ്‌.