Monday, 19 April 2010

മോഡിയും തരൂരും പിന്നെ ഞാനും

ലളിത്മോഡി വാതുവയ്പിലും; റിപ്പോർട്ട്‌ പൂഴ്ത്തി


ന്യൂഡൽഹി: പ്രൈവറ്റ്‌ ജെറ്റ്‌ ഒരെണ്ണം, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഉല്ലാസ നൗക വേറെ, മെഴ്സിഡസ്‌-എസ്‌ ക്ലാസ്‌ കാറുകളുടെയും ബിഎംഡബ്ല്യൂ കാറുകളുടെയും സഞ്ചയം, ഇടവും വലവും ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരസുന്ദരികൾ ... നാലു വർഷം മുമ്പു വരെ പരാജിതരുടെ പട്ടികയിൽ ആയിരുന്ന ഒരു ബിസിനസ്‌ സംരംഭകനെ ആദായ നികുതി വകുപ്പ്‌ കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌.

2009ൽ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെ നാണംകെടുത്തുകയും 2010ൽ കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ പണി കളയുകയും ചെയ്‌തിട്ടും കേന്ദ്ര സർക്കാരിന്‌ ഈ ബിസിനസുകാരനെതിരെ ചെറുവിരലനക്കാൻ കഴിഞ്ഞിട്ടില്ല. ഈ ബിസിനസുകാരന്റെ പേര്‌ ലളിത്‌ മോഡി എന്നാണ്‌. ജോലി ലോകം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഗോപ്യമായ ഒരു ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ ചെയർമാൻ എന്നതും.

ലളിത്‌ മോഡിക്കെതിരെ ആദായ നികുതി വകുപ്പു കണ്ടെത്തിയതും നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ അറച്ചു നിൽക്കുന്നതുമായ റിപ്പോർട്ടിൽ ക്രിക്കറ്റിനെ തകർച്ചയിലേക്കു കൊണ്ടുപോയ ഹാൻസ്യേ ക്രോണെ പന്തയ കേസിനെക്കാൾ ഭീകരമായ ക്രിമിനൽ ഇടപാടുകളുണ്ട്‌. അവയെപറ്റിയെല്ലാം റിപ്പോർട്ടിൽ വ്യക്‌തമായ സൂചനകളുണ്ടെന്നും പറയപ്പെടുന്നു.

റിപ്പോർട്ടിലെ ചില കണ്ടെത്തലുകൾ ഇതൊക്കെയാണെന്ന്‌ അറിയുന്നു:
.ലളിത്‌ മോഡിക്കും അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കുറഞ്ഞത്‌ മൂന്ന്‌ ഐപിഎൽ ടീമുകളിലെങ്കിലും നിക്ഷേപമുണ്ട്‌. ( രാജസ്ഥാൻ റോയൽസ്‌, കിങ്ങ്സ്‌ ഇലവൻ പഞ്ചാബ്‌, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌).
.ആദ്യ രണ്ട്‌ ഐപിഎൽ ടൂർണമെന്റുകളിലും ലളിത്‌ മോഡിക്കു വേണ്ടിയോ അദ്ദേഹത്തിന്റെ അറിവോടു കൂടിയോ വാതുവയ്പു നടന്നു.
.മോഡിക്കു താൽപര്യമുള്ള ഐപിഎൽ ടീമുകൾക്കു വേണ്ടി മൽസരഫലം മാറ്റിമറിക്കപ്പെട്ടു.
.രാജസ്ഥാനിൽ ക്രമവിരുദ്ധമായ വൻഭൂമി ഇടപാടുകൾ മോഡി നടത്തിയിട്ടുണ്ട്‌.
.വിദേശരാജ്യങ്ങളിലും ഇന്ത്യയിലും രൂപീകരിച്ച കമ്പനികൾ വഴി കണക്കിൽ പെടാത്ത കോടി കണക്കിനു രൂപയുടെ കൈമാറ്റം നടത്തി
.കള്ളപണം സ്വരൂപിക്കലും വെളുപ്പിക്കലും നിർബാധം നടക്കുന്നു

മോഡിക്കെതിരെ തുടക്കം മുതൽക്കു തന്നെ ആരോപണങ്ങളുണ്ടെങ്കിലും ഐപിഎൽ കമ്മിഷണർ എന്ന നിലയിൽ ബിസിസിഐ കൽപിച്ചു നൽകിയ അധികാരങ്ങൾ ഉപയോഗിച്ച്‌ അവയെല്ലാം അദ്ദേഹം നേരിട്ടു. ഐപിഎൽ തുടങ്ങി മൂന്നു വർഷം കൊണ്ട്‌ മോഡി ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ബിസിനസ്‌ സാമ്രാട്ടുകളുമായും സ്വാധീന ശക്‌തിയുള്ള ലോബികളുമായും ചങ്ങാത്തത്തിലായി. മോഡിയില്ലെങ്കിൽ ഐപിഎൽ വിജയിക്കില്ലായിരുന്നു എന്നൊരു ചിന്ത മാധ്യമങ്ങളിലൂടെ വളർത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

ഐപിഎല്ലിൽ മുതൽമുടക്കിയ വമ്പൻമാരിൽ ഇന്ത്യയിലെ ബിസിനസ്‌ രാജാക്കൻമാരിലെ പ്രമുഖരെല്ലാം തന്നെയുണ്ട്‌ എന്നറിയുക. അംബാനിയും മല്യയും മോഡിയുടെ സുഹൃത്‌ വലയത്തിലെത്തിയത്‌ വെറുതെയല്ല. മുടക്കുമുതൽ തിരിച്ചുകിട്ടുന്നതു വരെയെങ്കിലും അവർക്കെല്ലാം മോഡിയെ വേണം. കേന്ദ്ര ആഭ്യന്തരമന്ത്രിയെ തൃണവൽഗണിച്ച്‌ ഐപിഎൽ രണ്ടാം പതിപ്പ്‌ ദക്ഷിണാഫ്രിക്കയിലേക്കു കൊണ്ടുപോകാൻ മോഡിക്ക്‌ ചങ്കൂറ്റം നൽകിയതും ഈ ഉന്നതബന്ധങ്ങൾ തന്നെ. ഈ ബന്ധങ്ങൾക്ക്‌ കേന്ദ്രസർക്കാരിൽ എത്ര സ്വാധീനമുണ്ടെന്നതിന്റെ ശക്‌തമായ തെളിവാണ്‌ ശശി തരൂരിന്റെ ഇന്നത്തെ അവസ്ഥ.

ഐപിഎൽ രൂപീകരണ ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ തുകയ്ക്ക്‌ സംഘടിപ്പിക്കപ്പെട്ട ടീമാണ്‌ രാജസ്ഥാൻ റോയൽസ്‌. റോയൽസിന്റെ ഉടമകളെന്ന്‌ അറിയപ്പെടുന്നത്‌ മനോജ്‌ ബദാലെ, മുംബൈ എജ്യുക്കേഷൻ ട്രസ്റ്റ്‌, രഞ്ജിത്‌ താക്കറെ എന്നിവരാണ്‌. 25 ശതമാനം ഒാ‍ഹരികൾ സുരേഷ്‌ ചെല്ലാറാമിനാണ്‌. സുരേഷ്‌ മോഡിയുടെ ഉറ്റബന്ധുവും. ആദ്യ ഐപിഎൽ ടൂർണമെന്റിൽ രാജ്സഥാൻ റോയൽസ്‌ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടു വിജയിച്ചുവെന്നതും ഇവിടെ കൂട്ടിവായിക്കാം.

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ 55% ഒാ‍ഹരികളാണ്‌ ഷാരൂഖ്‌ ഖാനിനുള്ളത്‌. ബാക്കി 45% ഒാ‍ഹരി ജൂഹി ചൗളയുടെ ഭർത്താവ്‌ ജേ മേത്തയുടെ പേരിലാണ്‌. ജേ മേത്തയുടെ കമ്പനിയായ ദ്‌ സീ ഐലൻഡ്സ്‌ ലിമിറ്റഡ്‌ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌ മൗറീഷ്യസിലാണ്‌. മേത്തയുടെ പിന്നിൽ മോഡിയാണെന്നാണ്‌ ആരോപണം. സുനന്ദ പുഷ്ക്കറെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ സമീപിച്ചിരുന്നുവെന്ന്‌ അവർ പറഞ്ഞത്‌ ഇവിടെ കൂട്ടിവായിക്കാം. രണ്ടാം ഐപിഎല്ലിൽ ടീമിനെ ഫേക്ക്‌ ഐപിഎൽ പ്രേതം പിടികൂടിയതും ഒാ‍ർക്കാം.

നെസ്‌ വാഡിയ, മൊഹിത്‌ ബർമൻ, പ്രീതി സിന്റ, കരൺ പോൾ എന്നിവരാണ്‌ പഞ്ചാബ്‌ കിങ്ങ്സ്‌ ഇലവന്റെ ഉടമസ്ഥർ. എന്നാൽ 100% ഒാ‍ഹരിയും ഇവരുടെ പേരിലാണെന്ന്‌ ഉറപ്പു പറയാൻ ഇവർ കൂട്ടാക്കുന്നില്ല. ഡൽഹി ആസ്ഥാനമായ ബിപിഒ കമ്പനിയായ നെറ്റ്‌ലിങ്ക്‌ ബ്ലൂ ഉടമ ആകാശ്‌ അറോറയ്ക്ക്‌ പഞ്ചാബിന്റെ ഒാ‍ഹരി ഉണ്ടെന്ന്‌ ആരോപണമുണ്ട്‌. അറോറ മോഡിയുടെ ബിനാമിയാണെന്നാണ്‌ ഒരാരോപണം. മൊഹിതിന്റെ സഹോദരൻ ഗൗരവ്‌ ബർമൻ ലളിത്‌ മോഡിയുടെ ഉറ്റബന്ധുവിനെയാണ്‌ വിവാഹം ചെയ്‌തിരിക്കുന്നത്‌. പഞ്ചാബ്‌ കിങ്ങ്സ്‌ ടീമിൽ ഒാ‍ഹരി ഉണ്ടെന്ന്‌ ഗൗരവ്‌ ബർമൻ സമ്മതിക്കുന്നുണ്ട്‌.

ലോകത്തിലെ ഏറ്റവും വലിയ വാതുവയ്പ്‌ ശൃംഖലയായ ബെറ്റ്ഫെയറുമായി ഗൗരവ്‌ ബർമന്‌ ബന്ധമുണ്ടെന്നാണ്‌ ആരോപണം. വാതുവയ്പു നിയമവിധേയമായ യുകെയിലാണ്‌ ബെറ്റ്ഫെയർ പ്രവർത്തിക്കുന്നത്‌. ലളിത്‌ മോഡിയുടെ ഇ- മെയിൽ പരിശോധിച്ചാണ്‌ ഇത്തരം വസ്‌തുതകൾ മനസിലാക്കിയതെന്ന്‌ ആദായനികുതി റിപ്പോർട്ടിൽ പറയുന്നു. ബെറ്റ്ഫെയർ ഇന്ത്യയിൽ കസിനോ ബിസിനസ്‌ തുടങ്ങാനാഗ്രഹിക്കുന്നവരാണെന്നും അറിയുന്നു. മോഡിയുടെ ഇ-മെയിലിൽ നിന്നു തന്നെയാണ്‌ ആദായ നികുതി വകുപ്പിന്‌ മോഡി വാങ്ങിയ പഞ്ചനക്ഷത്ര ഉല്ലാസ ബോട്ടിനെ പറ്റിയും വിവരം ലഭിച്ചത്‌.

മോഡിയുടെ പഴയ ബിസിനസ്‌ പങ്കാളികൾക്കാണ്‌ ഐപിഎല്ലിന്റെ മിക്ക കരാറുകളും ലഭിച്ചിരിക്കുന്നത്‌. ഇതൊക്കെ സർക്കാർ അന്വേഷിക്കുന്നതിനു മുമ്പു തന്നെ വിവിധ മാധ്യമങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതാണ്‌. എന്നാൽ, കപിൽ ദേവിന്റെ ഐസിഎൽ തകർക്കാനുള്ള വ്യഗ്രതയിൽ ബിസിസിഐ എല്ലാത്തിനും നേരെ കണ്ണടച്ചു. മോഡിയുടെ സ്വാധീനശക്‌തി കണ്ട്‌ കേന്ദ്രസർക്കാരും കണ്ണടച്ചു.

ഇപ്പോൾ ഭസ്മാസുരനു വരം കൊടുത്ത പോലെയാണ്‌ ബിസിസിഐയും കേന്ദ്രസർക്കാരും. ശശി തരൂരുമായുള്ള വിവാദം തുടങ്ങിയപ്പോഴെ മോഡി പറഞ്ഞിരുന്നു. ബിലീവ്‌ മീ. ഐ വിൽ ഷട്ട്‌ ഡൗൺ ഹിസ്‌ അജൻഡ! (നോക്കിക്കോ, അയാളുടെ കഥ ഞാൻ കഴിക്കുമെന്ന്‌!). കേന്ദ്രമന്ത്രിയും അടുത്ത ഐസിസി ചീഫുമായ ശരദ്‌ പവാറാണ്‌ ഇപ്പോൾ മോഡിയെ പിന്തുണയ്ക്കുന്നവരിൽ പ്രമുഖൻ. മോഡിക്കെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട്‌ പരണത്തിരിക്കുന്നതിന്‌ വേറെ കാരണം അന്വേഷിക്കേണ്ടതില്ലല്ലോ?

Courtesy: Manorama.com


-------------------------------


ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതി നിയന്ത്രിക്കുവാൻ കെൽപ്പുള്ള മോഡിയുടെ പിമ്പായി ഇടത്‌പക്ഷവും മാറിയതിൽ ഒട്ടും അത്ഭുതമില്ല. ജനപക്ഷത്ത്‌നിന്നും എന്നോ ഇടതന്മർ അകന്നിരുന്നു.

തരൂർ തെറ്റുകാരനാണെങ്കിൽ, അതിനുള്ള ശിക്ഷകിട്ടണം. പക്ഷെ, മോഡിയെപോലെയുള്ള വൻ സ്രാവുകൾ, ഇന്ത്യൻ ഭരണയന്തം തിരിക്കുവാൻ മാത്രം ശക്തരാണെന്നും, രാജ്യം അവരുടെ ചെൽപ്പടിയിലാണെന്നും കാണുന്നത്‌, ഇന്ത്യാകാരന്‌ അപമാനമാണ്‌.

കേരളത്തിന്റെ കായികപ്രേമികളുടെ വീരപുരുഷനായ ശശി തരൂരിന്‌, അഭിവാദ്യങ്ങൾ.

നട്ടെല്ലുള്ള ഒരു എം.പി കേരളത്തിലുണ്ടെന്ന്, തരൂർ നിങ്ങൾ തെളിയിച്ച്‌കഴിഞ്ഞു.

മറ്റുള്ളവർ എന്ത്‌ ചെയ്താലും തെറ്റല്ലെന്നും, കേരളത്തിലെ എതെങ്കിലും നേതാവ്‌ പല്ലിൽകുത്തിയാൽ, അതെടുത്ത്‌ മണത്ത്‌, സമരവും ബന്ദും സംഘടിപ്പിക്കുവാൻ മാത്രം, വർഗ്ഗനാശം സംഭവിച്ച ഇടതാ, കേരളത്തിലെ യുവാക്കൾ നിങ്ങൾക്ക്‌ മാപ്പ്‌ തരില്ല.

ക്രിക്കറ്റ്‌ ബിസിനസ്സ്‌ തന്നെയാണ്‌. അത്‌ കേരളത്തിൽ വന്നാൽ, ലഭിക്കുന്ന ബിസിനസ്സിന്റെ ഒരു ചെറിയ ശതമാനമെങ്കിലും കേരള ജനതക്ക്‌ ഉപകാരപ്പെട്ടെനെ.

മരുഭൂമിയിൽ, ഉറ്റവരും ഉടയവരുമില്ലാതെ, കുബൂസും അച്ചാറും കഴിച്ച്‌ ജീവിക്കുന്നവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ട്‌ വാരിതിന്നാൻ വന്ന ഇടത്‌ നേതാകളെ ഫൂൂ.

നിങ്ങൾ വന്നത്‌, എന്തിനാണെന്ന്, നിങ്ങൾ കൊണ്ട്‌പോയത്‌ എന്താണെന്ന്, പ്രവാസികൾക്കറിയാം.

വേശ്യയുടെ സദാചാര പ്രസംഗം നടത്തുന്ന ഇടത്‌ നേതാകളെ, നിങ്ങളെ ചൂലെടുത്തടിക്കാൻ ചങ്കുറപ്പുള്ളവർ, നിങ്ങളുടെ പാർട്ടിയിൽനിന്ന് തന്നെ വരും, കാത്തിരിക്കുക.

തരൂരിനെ പിന്തുണക്കുവാൻ മടികാണിച്ച്‌, മാളത്തിലൊളിച്ച, കേരളത്തിലെ കോൺഗ്രസ്‌ നേതാകളെ, അധികര കസേര ജനങ്ങൾ നൽക്കുന്നതാണെന്ന് മറക്കരുത്‌.

.

2 comments:

 1. ബീരാന്‍ കുട്ടി said...

  പ്രൈവറ്റ്‌ ജെറ്റ്‌ ഒരെണ്ണം, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഉല്ലാസ നൗക വേറെ, മെഴ്സിഡസ്‌-എസ്‌ ക്ലാസ്‌ കാറുകളുടെയും ബിഎംഡബ്ല്യൂ കാറുകളുടെയും സഞ്ചയം, ഇടവും വലവും ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരസുന്ദരികൾ ... നാലു വർഷം മുമ്പു വരെ പരാജിതരുടെ പട്ടികയിൽ ആയിരുന്ന ഒരു ബിസിനസ്‌ സംരംഭകനെ ആദായ നികുതി വകുപ്പ്‌ കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌.

 2. angel from 'hell' said...

  wat 2 do....thr has king khan n mallya ready 2 support mody...
  bt here 4 tharoor... no1....
  its a bldy political trick ...
  not politics its politriks...