Friday, 24 October 2008

ഗൾഫ്‌ ഭാര്യമാരുടെ കഥകൾ

ഗൾഫ് ഭാര്യമാരുടെ കഥകൾ - ഭാഗം ഒന്ന് - ഹൈദ്രു

വൃശ്ചിക മാസത്തിലെ മരം കോച്ചുന്ന തണുപ്പുള്ള ഒരു രാത്രി. രതിസാഗരത്തിൽ മുങ്ങിതപ്പി, മുത്തും പവിഴവും വാരിയെടുത്ത നിർവ്ര്‌തിയോടെ അവളുടെ കൈകൾ എന്നെ വലയം ചെയ്തിരുന്നു. അത്മസംതൃപ്തിയോടെ, എന്റെ മാറിൽ തലചായ്ച്ചുറങ്ങുന്ന ഇണകിളിയുടെ മുടിയിഴകൾ മാടിയൊതുക്കി, അംഗുലികൾ വീണ്ടും അവളുടെ ശരീരത്തിൽ വികൃതികാണിച്ച്‌ തുടങ്ങിയപ്പോഴാണ്‌...

ഡിങ്ങ്‌, ഡോങ്ങ്‌,
ഇടതടവില്ലാതെ മൂന്നാല്‌ പ്രവശ്യം ഡോർ ബെല്ല് ശബ്ദിച്ചു.

"ഛെ, ആരാണിത്‌ ഈ സമയത്ത്‌"

"എടോ, ഒന്ന് നോക്ക്‌ ആരാന്ന്"

"എനിക്ക്‌ വയ്യ. ഞാൻ ഡ്രസൊക്കെയിട്ട്‌ വരുന്ന നേരംകൊണ്ട്‌, ഇക്ക പോയി നോക്ക്‌" പറഞ്ഞതും, തിരിഞ്ഞ്‌കിടന്ന് പുതപ്പിനടിയിൽ അവൾ മറഞ്ഞു.

തപ്പി തടഞ്ഞ്‌ തുണിയെടുത്തുടുത്ത്‌ എഴുന്നേറ്റു.

"ഇതെവിടെയാണ്‌ ഈ വാതിലിന്റെ കൊളുത്ത്‌" അമർഷം ശബ്ദത്തിലൂടെ പ്രതിഫലിച്ചു.

"ബീരാനെ, നിന്റെ കട്ടിലിലാണോ വാതിലിന്റെ കൊളുത്ത്‌, സ്വപ്നത്തിലാണല്ലെ" എന്ന് പറഞ്ഞ്‌ അയമു എഴുന്നേറ്റ്‌ ലെറ്റിട്ടു. ജള്യതയോടെ ഞാനും.

"ആരാത്‌, ഈ നട്ടപാതിരാക്ക്‌ ബെല്ലടിക്കുന്നത്‌, ബീരാനെ ഒന്ന് തുറന്ന് നോക്ക്‌ ആരാണെന്ന്, കുറെ നേരമായി ബെല്ലടിക്കുന്നു"

ഈ സമയം സഹമുറിയന്മരായ ലത്തിഫും ഷാജിയും ഉറക്കം നഷ്ടപെട്ടതിന്റെ രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. മനുഷ്യൻ ഒന്ന് ഉറങ്ങിവരികയായിരുന്നു എന്ന് പരിഭവിക്കുന്നതും ഞാൻ കേട്ടു.

എഴുന്നേറ്റ്ചെന്ന് വാതിൽ തുറന്ന ഞാൻ ഞെട്ടിപോയി, എന്ത്‌ ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ സ്തബ്‌ദനായി നിന്നു.

"ആരാണ്‌, ഈ രാത്രി രണ്ട്‌ മണി നേരത്ത്‌" അയമുവിന്റെ ചോദ്യമാണെന്നെ സ്ഥലകാലബോധവാനാക്കിയത്‌.

"വഴീന്ന് മാറ്‌ ബീരാനെ, ഞാനോന്ന് അകത്ത്‌ കടന്നോട്ടെ" എന്ന് പറഞ്ഞ്‌ സ്യൂട്ട്‌കെയ്സുമായി ഹൈദ്രു എന്നെ തള്ളിമാറ്റി അകത്ത്‌ കടന്നു.

"അല്ല, ആരാദ്‌, എന്തെ ഹൈദ്രൂട്ടി, ആറ്‌ മാസം മുഴുവൻ നാട്ടിൽ നിൽക്കുമെന്ന് പറഞ്ഞിട്ട്‌പോയ നീയെന്തെ ഒരു മാസത്തിനുള്ളിൽ തന്നെ തിരിച്ച്‌ പോന്നത്‌"

"ഒന്നുംപറയേണ്ട എന്റെ അയമുക്കാ, ഇന്നലെ എന്റെ അറബി വിളിച്ച്‌ പറഞ്ഞു, കടയിൽ എന്തോ പ്രശ്നമുണ്ട്‌, നീ പെട്ടെന്ന് ഇങ്ങോട്ട്‌ വാ ന്ന്. അന്നം തരുന്നവനല്ലെ, അവനെ ഒഴിവാക്കാൻ പറ്റില്ലല്ലോ. അതാണ്‌ പെട്ടെന്ന് തിരിച്ച്‌ പോന്നത്‌".

പരാതികളും പരിഭവങ്ങളുമില്ലാതെ, എപ്പോഴും ചിരിച്ചും കളിച്ചും നടക്കുന്ന ഹൈദ്രു അന്നും പതിവ്‌ തെറ്റിച്ചില്ല.

ഹൈദ്രുവിന്റെ തമാശകൾകേട്ട്‌ പൊട്ടിച്ചിരിക്കുന്നതിനിടയിലാണ്‌ അയമുവിന്‌ തന്റെ ചുമലിലുള്ള കാരണവരുടെ കസേര ഓർമ്മവരുന്നത്‌. ഉടനെ "ആ, ആ, മതി, എല്ലാർക്കും നാളെ പണിയില്ലെ. ലൈറ്റണക്ക്‌, ബാക്കി നാളെ ചിരിക്കാം" എന്ന് പറഞ്ഞതും ലൈറ്റണഞ്ഞതും ഒരുമിച്ച്‌.

അറബി പട്ടയം കിട്ടിയ ആറടി നിളവും മുന്നടി വീതിയുമുള്ള സ്ഥലത്ത്‌, ഹൈദ്രുവിനെപോലെ ഞങ്ങളും ഉറങ്ങാൻ കിടന്നു. കിടക്കുന്നതിന്‌ മുൻപ്‌ ഹൈദ്രു പറഞ്ഞു "ബീരാനെ, നീ നാളെ ലീവെടുക്ക്‌. നമുക്ക്‌ കഫീലിനെ കാണാൻ പോവണം"

സ്വപ്നത്തിലെ ഇണകിളി പിന്നിട്‌ വന്നില്ല, കാത്തിരുന്ന് മയങ്ങിയതെപ്പോഴെന്നുമറിയില്ല. "എട്ട്‌ മണിയായി എഴുന്നേൽക്ക്‌" എന്ന് പറഞ്ഞ്‌കൊണ്ട്‌ ഹൈദ്രു വന്ന് തട്ടിവിളിച്ചപ്പോഴാണ്‌ കണ്ണ്‌ തുറന്നത്‌. സഹമുറിയന്മാർ സ്ഥലം വിട്ടിരുന്നു. ചാവികൊടുത്തോടുന്ന പാവകളെ പോലെ, യാന്ത്രികജീവിതത്തിൽ നിന്ന് പറിച്ചെറിയാനുള്ള ഒരു ദിവസത്തിന്റെ, ഉദയാസ്തമയങ്ങൾക്കിടയിലെ നടനങ്ങൾക്കായി.

പ്രഭാതകൃത്യങ്ങൾ പതിവിൻ പടി. എല്ലാം കഴിഞ്ഞ്‌ മുറിയിലെത്തിയപ്പോൾ, മുഖത്ത്‌ പുഞ്ചിരിയും കൈയിൽ ആവിപറക്കുന്ന ചായയുമായി ഹൈദ്രു. "അല്ല, എന്തിനാണ്‌ നിന്റെ കഫീലിനെ കാണുവാൻ പോവുന്നത്‌".

ചോദ്യം നാല്‌ ചുമരുകൾക്കുള്ളിൽതട്ടി പ്രതിധ്വനിച്ചു.

ചെറുപുഞ്ചിരിയുള്ള മുഖം കുനിയുന്നതും, ശോണിമഛയ കലരുന്നതും ഞാൻ കണ്ടു. മിഴിയിതളുകൾ സജലങ്ങളായി, പൊട്ടികരഞ്ഞ്‌കൊണ്ട്‌, അനിയന്ത്രിതമായ പ്രവാഹത്തിലേക്ക്‌.

ഒന്നും മനസിലായില്ലെങ്കിലും ഒന്നറിയാം. ഒരോ പ്രവാസിയുടെ മനസും പുകയുന്ന അഗ്നിപർവ്വതമാണ്‌. എന്തിനെന്നറിയാതെ, ആർക്ക്‌ വേണ്ടിയെന്നറിയാതെ, എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ജന്മങ്ങൾ. കോമാളീ വേഷംകെട്ടി, മരുഭൂമിയിൽ ആടിതളുരുമ്പോൾ, വണ്ടികാളകളെപോലെ ഭാരം വലിച്ച്‌ തളർന്ന് തുടങ്ങുമ്പോൾ, ഇറച്ചിവിലക്ക്‌ തൂക്കിവിൽക്കപ്പെടുന്ന അറവ്‌മാടുകളോടുള്ള സഹതാപത്തിന്‌ പോലും അർഹനല്ലാത്തവൻ. കുടുബത്തിന്റെ ക്ഷേമൈശ്വര്യങ്ങൾക്ക്‌ വേണ്ടി സ്വപ്നങ്ങളെ ശവമുറിയിൽ കിടത്തിയവനാണ്‌ പ്രവാസി.

ആർത്തലച്ച്‌ വരുന്ന തിരമാലകളെ തടകെട്ടി നിർത്തരുത്‌. പാറക്കുട്ടങ്ങളിൽ തലതല്ലി അവ സ്വയം അശ്വാസം കണ്ടെത്തട്ടെ. അല്ലെങ്കിലും ഒരു പ്രവാസിക്ക്‌ മറ്റോരു പ്രവാസിയെ അശ്വസിപ്പിക്കുക സാധ്യമല്ല. ഒരു അന്ധൻ മറ്റോരു അന്ധന്‌ വഴികാട്ടിയാവില്ലല്ലോ.

എത്രനേരം എന്നറിയില്ല. എല്ലാം എരിഞ്ഞടങ്ങുന്ന വരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു.

ഗദ്‌ഗദത്തോടെ ഹൈദ്രു തന്റെ കഥ പറഞ്ഞ്‌തുടങ്ങി. രണ്ട്‌ വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൈവന്ന "ലീവെന്ന" മണ്ണൽക്കാട്ടിലെ മാണിക്യം ഒരു ഒരുപിടിചാരമായിരുന്നു എന്ന ദുഖസത്യത്തിന്റെ കഥ. ഓരോ പ്രവാസിയും നെഞ്ചിലേറ്റി നടക്കുന്ന കനൽക്കട്ടയുടെ കഥ. ചിലരിലെങ്കിലും ആളികത്തുമെങ്കിലും, പലരിലും, നെഞ്ചിൽപുകയുന്ന ദാമ്പത്യത്തിന്റെ കഥ.

അതെ, ഗൾഫ്‌ ഭാര്യമാരുടെ കഥ.
---------------------------------------------
മണിമാളികകളിൽ, ചുടുനിശ്വാസമുതിർത്ത്‌, എല്ലാം സഹിച്ച്‌ ഉറക്കംനടിച്ച്‌ കിടക്കുന്ന അവരുടെ കഥ.

മാർബിൾ സൗധങ്ങളിൽ മെഴുക്‌തിരിപോലെ ഉരുകിയോലിക്കുന്ന പെണ്ണിന്റെ കഥ.

നോട്ട്‌കെട്ടുകളോ, സ്വർണ്ണകുമ്പാരങ്ങളോ അല്ല, അവർക്കാവശ്യം. മാസംതോറും കടൽകടന്നെത്തുന്ന ഡ്രാഫറ്റിലല്ല അവരുടെ ജീവൻ. ഉള്ളിൽ ആളികത്തുന്ന തീയണക്കാൻ ക്ഷമയോടെ കാത്തിരിക്കുന്നവരുടെ കഥ.

വിവാഹമോചന മേളകൾ സംഘടിപ്പിക്കുന്ന ആണത്ത്വമില്ലാത്ത, ആണിന്റെ കഥ.

കൈയെത്തുംദൂരത്ത്‌, പരിഹാരക്രിയകൾ നിരന്ന്നിന്നിട്ടും, മുഖം തിരിച്ച്‌ നടക്കുന്ന പുരുഷന്റെ കഥ.

(തുടരും....)

24 comments:

  1. ബീരാന്‍ കുട്ടി said...

    അതെ, ഗൾഫ്‌ ഭാര്യമാരുടെ കഥ.

    മണിമാളികകളിൽ, ചുടുനിശ്വാസമുതിർത്ത്‌, എല്ലാം സഹിച്ച്‌ ഉറക്കംനടിച്ച്‌ കിടക്കുന്ന അവരുടെ കഥ.

    മാർബിൾ സൗധങ്ങളിൽ മെഴുക്‌തിരിപോലെ ഉരുകിയോലിക്കുന്ന പെണ്ണിന്റെ കഥ.

    നോട്ട്‌കെട്ടുകളോ, സ്വർണ്ണകുമ്പാരങ്ങളോ അല്ല, അവർക്കാവശ്യം. മാസംതോറും കടൽകടന്നെത്തുന്ന ഡ്രാഫറ്റിലല്ല അവരുടെ ജീവൻ. ഉള്ളിൽ ആളികത്തുന്ന തീയണക്കാൻ ക്ഷമയോടെ കാത്തിരിക്കുന്നവരുടെ കഥ.

    വിവാഹമോചന മേളകൾ സംഘടിപ്പിക്കുന്ന ആണത്ത്വമില്ലാത്ത, ആണിന്റെ കഥ.

    കൈയെത്തുംദൂരത്ത്‌, പരിഹാരക്രിയകൾ നിരന്ന്നിന്നിട്ടും, മുഖം തിരിച്ച്‌ നടക്കുന്ന പുരുഷന്റെ കഥ.

    കല്ലെറിയാൻ വരുന്നവരോട്‌.... പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ.

  2. Midhu said...

    താങ്കളുടെ പോസ്റ്റ് ഹൃദയത്തെ വല്ലാതെ നോവിക്കുന്നു

  3. കനല്‍ said...

    അതെ നോവിക്കുന്നു....

  4. [ nardnahc hsemus ] said...

    നന്നായി..
    എന്നാലും ഇങ്ങനെ പൊതുവായി പറയാമോ?

    എന്തായാലും ഞാന്‍ നാട്ടില്‍ പോയി ഒരു ഫയര്‍ എഞ്ചിന്‍ കമ്പനി തുടങ്ങ്യാലോ എന്നാലോചിയ്ക്കാ....

    :)

  5. ഹരീഷ് തൊടുപുഴ said...

    കൊള്ളാം, നന്നായിരിക്കുന്നു..
    ആശംസകള്‍....

  6. വിന്‍സ് said...

    വെറുതെ ഓരോ തലക്കെട്ടിട്ടു മനുഷ്യനെ കൊതിപ്പിക്കുന്നു!!!!

  7. ശെഫി said...

    പ്രവാസി ഭാര്യമാർ ഏകാന്തതയുടെ തുരുത്തിൽ തന്നെയാ‍ണ്. ഗൃഹനാഥകളായി കുടുംബം നോക്കുന്നവർ.ലൈഗികതയടക്കം ദാമ്പത്യത്തിന്റെ എല്ലാ മേഖലയിലും അപൂർണ്ണതയുള്ളവർ.
    പ്രവാസത്തെ കുറിച്ചെഴുതുമ്പോൾ അവരുടെ ശരിയായ വ്യഥകളെ ആരും നേരെ പകർത്താറില്ല
    നല്ല എഴുത്താണ്‌ ബീരാൻ

  8. Joker said...

    !! ഇത് കഥയല്ല കാര്യം......

  9. smitha adharsh said...

    :|

  10. sv said...

    ഓരോ പ്രവാസിക്കും അവധിക്കാലം ഒരുത്സവമാണ്. പക്ഷെ...

    കനലായി നീറുന്ന അനുഭവങ്ങളിലെ ഇനിയും പഠിക്കാത്ത പാഠങ്ങള്‍....

    നിധി തേടിയുള്ള പ്രവാസിയുടെ യാത്ര....

    നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

  11. രസികന്‍ said...

    പ്രിയ ബീരാന്‍ കുട്ടീ: താങ്കളുടെ പോസ്റ്റ് വാ‍യിച്ചു, പറഞ്ഞ കാര്യങ്ങള്‍ ശരിയെന്നു സമ്മതിക്കുന്നു. പലയിടത്തും പലതും നടക്കുന്നു പക്ഷെ എല്ലാ ഗള്‍ഫുകാരുടെ ഭാര്യമാരും കത്തിനില്‍ക്കുന്ന കാമവുമായി നടക്കുകയാണെന്ന കണ്ടെത്തല്‍ തീര്‍ച്ചയായിട്ടും ശരിയല്ലാ എന്നാണെനിക്കു തോനുന്നത്.

  12. ബീരാന്‍ കുട്ടി said...

    ശെഫി, ആ വ്യഥകൾ കണ്ടില്ലെന്ന് നാം നടിക്കുന്നു. അതാണ്‌ സത്യം.

    ഗൽഫിൽ കഴിയുന്ന ഭര്യമാരുടെ വ്യഥകൾ, ആകുലതകൾ അറിയുന്നുണ്ടോ ആരെങ്കിലും. ഞാൻ അതുംകൂടി പറഞ്ഞാൽ, പ്രവാസി പടുത്തുയർത്തിയ ചില്ലുകൊട്ടാരങ്ങളുടെ തകർച്ച പൂർണ്ണമാവും.

    വിൻസ്‌, വളരെ നന്ദി, നിങ്ങൾ പറയാതെ പറഞ്ഞ സത്യത്തിന്‌, അതെ, കാമമോഹികളെന്ന് അവരെ വിധിയെഴുതുന്ന സമൂഹത്തിന്റെ നേർക്കാഴ്ചയാണ്‌ നിങ്ങളുടെ കമന്റ്‌. തുരുമ്പെടുത്ത്‌ തുടങ്ങിയ, തന്റെ അവയവം, വാർഷങ്ങളോളം കാത്ത്‌സൂക്ഷിക്കുവാൻ, അവൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, ആ ചിത്രങ്ങൾ കൂടി ഞാൻ വരച്ചാൽ...

    കാമാസക്തിയോടെ മാത്രം ഗൾഫ്‌ ഭാര്യമാരെ നോക്കികാണുന്നവരുടെ ഉദാഹരണത്തിന്‌ എന്റെ വായനക്കാർ ബുദ്ധിമുട്ടില്ലല്ലോ വിൻസ്‌.

    വിനു, കനൽ, ചുട്ട്‌പൊള്ളുന്ന സത്യങ്ങളായത്‌കൊണ്ടാവാം നോവ്‌.

    സുമേഷ്‌, അപ്പോ ഭയമുണ്ട്‌, അല്ലെ.

    ഹാരിഷ്‌, നന്ദി.

    ജോക്കർ, സത്യം, നന്ദി.

    സ്മിത, ഒന്നും മനസിലായില്ല. വന്നതിന്‌ നന്ദി.

    SV, നന്ദി. ഉത്സവമാക്കുവാനുള്ള വഴികളാണ്‌ നാം അന്വേഷിക്കേണ്ടത്‌.

    രസികൻ, വാക്കുകൾ പലതും തിരിഞ്ഞ്‌കുത്തുന്നു. ഗൾഫുകാരന്റെ ഭാര്യക്ക്‌ കാമം പാടില്ലെന്നുണ്ടോ? അതവൾക്ക്‌ നിഷിദ്ധമണോ? (ക്ഷമയോടെ കാത്തിരിക്കുക, ഞാൻ പറഞ്ഞ്‌ തുടങ്ങിയപ്പോൾ തന്നെ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്‌?, അപ്പോൾ അവളുടെ കഥ നിങ്ങളുടെ പലരുടെയും ഉറക്കം നഷ്ടപെടുത്തുന്നു അല്ലെ) നന്ദി.

  13. കാവാലം ജയകൃഷ്ണന്‍ said...

    പ്രവാസം ഒരു വലിയ ത്യാഗമാണ്. സ്വന്തം കുടുംബത്തിനു വേണ്ടി അന്യ ദേശത്തു കിടന്നു കഷ്ടപ്പെടുന്നവര്‍ തിരികെ പ്രതീക്ഷിക്കുന്നത് ഒരു പക്ഷെ ഒരിറ്റു സ്നേഹമോ, ഒരു പുഞ്ചിരിയോ മാത്രമായിരിക്കും. അതു പോലും അവര്‍ക്കു തിരിച്ചു കിട്ടാറില്ലെന്നതും സത്യം. അതിലേറെ ദുഃഖിക്കുന്നവരാണ് അവരുടെ ഭാര്യമാര്‍. നാട്ടുകാര്‍ക്ക് അവര്‍ ഒന്നു ‘കണ്ണ്’ വയ്ക്കാന്‍ മാത്രമുള്ളവള്‍. ബന്ധുക്കള്‍ക്ക് അവള്‍ ‘ഗള്‍ഫുകാരന്‍റെ’ അല്ലെങ്കില്‍ ‘വിദേശിയുടെ’ ഭാര്യ. കടല്‍ കടന്നെത്തിയേക്കാവുന്ന മാണിക്യക്കല്ലുകള്‍ക്കും, ആഡംബര വസ്തുക്കളുടെയും വിഹിതം പറ്റുവാന്‍ കാലേകൂട്ടി സോപ്പിട്ടു നിര്‍ത്താനുള്ള ഒരു ജന്മം. പെര്‍ഫ്യൂമിന്‍റെ സുഗന്ധത്തില്‍ മുങ്ങി, പട്ടുസാരിയുടുത്തവള്‍ വരുമ്പോള്‍ കാമത്തോടെയും, ലാഭേച്ഛയോടെയും നോക്കുന്നവരുടെ കണ്ണെത്താത്ത ഒരു കോണുണ്ട് അവരുടെ, മനസ്സ്. ആ മനസ്സില്‍ എരിയുന്ന തീയ്. പ്രവാസിയുടെ ഭാര്യയുടെ നെഞ്ചിലെ കനല്‍, പണയപ്പെടുന്ന രതിസ്വപ്നങ്ങള്‍ മാത്രമല്ല. അത് ഒരു സാമീപ്യം മുതല്‍, എന്തും, ഏതും ഒറ്റക്കു ചെയ്യേണ്ട അവസ്ഥ മുതല്‍, അങ്ങനെയങ്ങനെ നീളുന്നു... ഈ വേദനയുടെ അര്‍ത്ഥവും ആഴവും അക്കരെയിക്കരെയായി കഴിയുന്ന സ്വന്തം ഇണക്കു മാത്രമേ മനസ്സിലാവൂ... അവര്‍ക്കേ അതു മനസ്സിലാവൂ

    ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി അറിയിക്കുന്നു ബീരാന്‍ കുട്ടീ... ഹൃദയത്തില്‍ തട്ടുന്ന വാക്കുകള്‍. ഹൃദയത്തിന്‍റെ ഭാഷ

    ആശംസകള്‍

  14. ബീരാന്‍ കുട്ടി said...

    ജയകൃഷ്ണൻ,
    നന്ദി, നേർവായനക്ക്‌,
    ഞാൻ ഒരു അഞ്ചെട്ട്‌ പോസ്റ്റിൽ ഒതുക്കമെന്ന് കരുതിയ കാര്യങ്ങൾ മുഴുവൻ, ദാ, ഒറ്റയടിക്ക്‌, ഒരു കമന്റായി...

    പോസ്റ്റിനെക്കാൾ പ്രസക്തമാണ്‌ ഈ കമന്റുകൾ.

    വീണ്ടും വരിക.

  15. നരിക്കുന്നൻ said...

    ബീരാൻ കുട്ടി ഈ വാക്കുകൾ അവഗണിക്കാൻ കഴിയുന്നില്ല. എല്ലാ പ്രവാസിയുടെ മനസ്സിലും എരിയുന്ന കനലിന്റെ കാരണം ഒരു പരിധിവരെ അവന്റെ ഭാര്യതന്നെയാണ്. ആ നൊമ്പരം തന്നെയാണ് അവന്റെ ദിനരാത്രങ്ങളെ അലങ്കോലപ്പെടുത്തുന്നത്.

    ബീരാൻ കുട്ടിയുടെ കഥ തുടരൂ, എല്ലാം വായിക്കട്ടേ.. ഹൈദ്രുവിന്റെ അവദിക്കാലത്തിന് എന്ത് സംഭവിച്ചെന്ന് അറിയാൻ ആകാക്ഷയുണ്ട്.

  16. Artist B.Rajan said...

    സത്യത്തിന്റെ കഥ.നന്നായിരിക്കുന്നു.അവസാനഭാഗം ഇത്തിരി സ്പീഡ്‌ കൂടിയോ? ഒന്നുകൂടിവായിച്ച്‌ റീറൈറ്റ്‌ ചൈയ്ത്‌ വേണം സൂക്ഷിക്കാനെന്നാണ്‌ എന്റെ പക്ഷം, നന്മകള്‍ നേരുന്നു.

  17. ബീരാന്‍ കുട്ടി said...

    നരികുന്നൻ,
    കാത്തിരിക്കുക, ക്ഷമയോടെ.
    പച്ചയായ യതാർത്ഥ്യങ്ങൾ വിളിച്ച്‌ പറയാനുള്ള ശ്രമമാണ്‌ ഇതിന്‌ പിന്നിലുള്ള ഒരുപറ്റം പ്രവാസികളുടെ ശ്രമം (ഞാൻ ഒറ്റക്കല്ല എന്ന് സാരം).

    (അഭിപ്രായത്തിൽ മറഞ്ഞിരിക്കുന്ന ഒരു സത്യം, മിത്യധാരണയാണ്‌ എന്ന് തുറന്ന് പറയുന്നതിൽ വിഷമമുണ്ട്‌, ഭാര്യ പ്രവാസികളുടെ ഉറക്കംകൊടുത്തുന്ന ഒന്നാണ്‌, പക്ഷെ അവളുറങ്ങുന്നുവോ എന്നത്‌ നമ്മുക്ക്‌ പ്രശ്നവുമല്ല. വിശദീകരിക്കുന്നില്ല, കാരണം, അതാണല്ലോ നമ്മുടെ വിഷയം, കാത്തിരിക്കുക)

    രാജൻ മാഷെ,

    കഥയുടെ വരാനിരിക്കുന്ന മൊത്തം ഭാഗങ്ങളുടെ ഒരുചെറുവിവാരണം മാത്രാമാണ്‌ അവസാന ഭാഗം. എന്റെ വായനക്കാരെ തെറ്റിധരിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു. ഒരു ടിപ്പിക്കൽ കഥയല്ല ഇത്‌, ഒരുപാട്‌ ജന്മങ്ങളുടെ വേദന പകർത്താനുള്ള എളിയ ശ്രമമാണ്‌, നിർദ്ദേശങ്ങൾ സവിനയം സ്വികരിക്കുന്നു.

  18. നരിക്കുന്നൻ said...

    ബീരാൻ കുട്ടി,

    ഭാര്യ പ്രവാസിയുടെ ഉറക്കം കൊടുത്തുന്ന ഒന്നാണ്. പക്ഷേ, അതെങ്ങനെ ഉറക്കം കൊടുത്തുന്നു എന്ന് ബീരാൻ കുട്ടി തെറ്റിദ്ധരിച്ചപോലെ തോന്നി. അത് സ്നേഹം കൊണ്ടും ആകാം. വിരഹ വേദന. തന്നെയോർത്ത് നീറി നീറി കഴിയുന്ന ഭാര്യക്ക് ഉറക്കം നഷ്ടപ്പെടുന്നത് പോലെ ഭർത്താവിനും ഉണ്ടാകില്ലേ. ഈ വേദന. പലപ്പോഴും നാല് ചുമരുകൾക്കുള്ളിൽ സഹമുറിയന്മാരുടെ അനവസരത്തിലുള്ള തമാശകൾക്ക് പുറത്ത് ഒട്ടിച്ച് വച്ച ചിരിയുമായി നിൽക്കുമ്പോഴും തലയിണയിൽ കെട്ടിപ്പിടിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്ന് അസ്വസ്ഥനാകുന്ന പ്രവാസിയെ ബീരാൻ കുട്ടി കണ്ടില്ലെന്നോ... ഞാൻ ഒരിക്കലും പറയുന്നില്ല, ഭാര്യമാരുടെ വേദനകൾക്ക് ശക്തി പോരന്ന്. പക്ഷേ അതേ വേദന പ്രവാസിയായ ഭർത്താവും അനുഭവിക്കുന്നു. ഇതിനിടയിൽ രണ്ട് ദ്രുവങ്ങളിലായി രണ്ട് ശരീരങ്ങൾ പരസ്പരം അറിഞ്ഞ്, സഹിച്ച് ജീവിക്കുന്നിടത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല എന്ന് തന്നെ പറയണം.

    ഏതായാലും ബീരാൻ കുട്ടി പറയൂ അയാളുടെ അവധിക്കാലത്തിന് എന്ത് സംഭവിച്ചു എന്ന്.

  19. ബീരാന്‍ കുട്ടി said...

    കഥ തുടരുന്നു ഇവിടെ...
    ഗൾഫ്‌ ഭാര്യമാരുടെ കഥകൾ -02- ഹൈദ്രുവിന്റെ കഥ

  20. തറവാടി said...

    ഹമ്പട വീരാ! അപ്പോ ബീരാനെ ജ്ജ് കക്കാനും തൊടങ്ങ്യാ ;)
    ദാ ദൊന്ന് നോക്ക്.

  21. ബീരാന്‍ കുട്ടി said...

    Thank yopu very mcuh Ali Bai, for your effort. I will note it.

  22. കാട്ടിപ്പരുത്തി said...

    ഇവിടെ ഭര്‍ത്താവ്‌ ജോലിക്ക് പോകുമ്പോള്‍ മറ്റുള്ളവരെ ക്ഷണിച്ച ഭാര്യമാര്‍ ഇല്ലേ. നാട്ടില്‍ ഭര്‍ത്താവിനെ ഉറക്കി ഡ്രൈവറെ വിളിച്ച ഒരു കേസ് എന്‍റെ വക്കീല്‍ സ്നേഹിതന്‍ പറഞ്ഞിട്ടുണ്ട്. ബീരാന്‍ കുട്ടീ, ഭാര്യാ-ഭര്‍ത്ത് ബന്ധം ലൈംഗികത മാത്രമല്ല, അതും കൂടി ച്ചെര്‍ന്നതാണ്, മനസ്സു കൊടുക്കാതെ കാശുമാത്രം കൊടുക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌, കുറച്ചു സമാധാനം മനസ്സിന് കൊടുക്ക്‌, പരസ്പരം വിശ്വസിക്കാനും പഠിക്കു.
    ബാക്കിയെല്ലാം ദൈവത്തിന്നും വിട്ട്കൊടുക്ക്.
    ജീവിതത്തില്‍ മൂന്നു നാല് വര്‍ഷം കഴിഞ്ഞു നാട്ടില്‍ പോകുന്നവര്‍ ഇവിടുത്തെ ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ്. അവര്‍ക്ക് അവരുടെ പ്രതീക്ഷകള്‍ ത്തന്നെ കുടുംബമാണ്, അവരുടെ സ്വപ്നങ്ങളെ നശിപ്പിക്കരുത്, ബീരാന്‍ കുട്ടിക്ക് വല്ല പ്രശ്നങ്ങളുമുണ്ടെങ്കില്‍ അതിന്നുള്ള പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ ഇവിടെ വന്നു നാറിക്കുകയല്ല.

  23. Unknown said...

    വളരെ നന്നായിരിക്കുന്നു... നന്ദി...

  24. gbwhatsapp apk said...

    Thanks for sharing it. write in malayalam