Saturday, 22 March 2008

മെസ്സ്‌ റൂമിലെ സുന്ദരി

സ്വന്തമായി വിവാഹം കഴിക്കണമെങ്കില്‍, ഒരു ഉംറ വിസയെടുത്ത്‌, രണ്ട്‌ വര്‍ഷം ജിദ്ധയിലെ പോക്കര്‍ ഹാജിയുടെ മെസ്സ്‌ റൂമില്‍ കിടക്കണമെന്നും, ഒന്നുകില്‍ പോലിസ്‌ പിടിക്കുകയോ, അല്ലെങ്കില്‍ ഇനിയും മകന്‍ ജിദ്ധയില്‍ നിന്നാല്‍ താമസിക്കുന്ന പുരയിടം ഹാജിയാര്‍ സ്വന്തമാക്കുകയോ ചെയ്യുമെന്ന അവസ്ഥയില്‍ തിരിച്ച്‌ വരണമെന്നുമുള്ള അലിഖിതനിയമം നിലനിന്നിരുന്ന ഞങ്ങളുടെ ഇത്തിരിപോന്ന ഗ്രാമത്തില്‍ നിന്നും പതിനെട്ടാം വയസ്സിലാണ്‌ ബിട്‌സ്‌ മുഹമ്മദ്‌ വിസയെടുത്ത്‌ ജിദ്ധയിലെത്തിയത്‌. അവന്റെ വരവ്‌, പണിയോന്നുമില്ലാതെ പോക്കര്‍ ഹാജിയാരുടെ മെസ്സ്‌ റൂമില്‍ പകലന്തിയോളം കിടന്നുറങ്ങുന്ന പലര്‍ക്കും അശ്വാസമായി. കൂട്ടിന്‌ മുഹമ്മദിനെകിട്ടുകയെന്നത്‌, ജോലികിട്ടുന്നതിനെക്കാള്‍ പ്രയാസമാണ്‌. ഇക്കാമയെടുത്ത്‌, അങ്ങനെ മുഹമ്മദും മെസ്സ്‌ റൂമിലെ സ്ഥിരം മെമ്പര്‍മാരില്‍ മെമ്പര്‍ഷിപ്പെടുത്തു. ജോലി അന്വേഷിക്കുകയെന്ന ഭയങ്കര ജോലിയുമായി മല്ലടിക്കാന്‍ മുഹമ്മദ്‌ ശ്രമിച്ചില്ല, കുട്ടിഹസ്സനെന്ന അവന്റെ ഫാദര്‍, സ്ഥലത്തെ പ്രധാനപ്പെട്ട സ്ഥലകച്ചവടക്കാരില്‍ പ്രധാനിയാണ്‌. ഫാദര്‍ കൊണ്ട്‌വരുന്ന പലവ്യജ്ഞനങ്ങളും പച്ചക്കറികളും കൂടതെ ഇറച്ചിയും മീനും എല്ലും മുള്ളും എടുത്ത്‌ കളഞ്ഞ്‌ തോണ്ടയില്‍ കുടുങ്ങാതെ വിഴുങ്ങുകയെന്ന മഹത്തായ ദൗത്യവുമായി വിട്ടില്‍ തന്നെയിരിക്കുന്ന അരഡസന്‍ മക്കളില്‍ മുത്തവനാണ്‌ മുഹമ്മദ്‌. "ഞാന്‍ ഈക്കണ്ട സ്വത്തോക്കെ സംബാദിച്ചത്‌ സ്കുളില്‍ പോയി പഠിച്ചിട്ടല്ലെന്ന ഫാദറിന്റെ വാക്കുക്കള്‍ മുഹമ്മദിനെ തെല്ലോന്നുമല്ല അശ്വാസമായത്‌. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്‌, സുന്ദരിയായ, സുന്ദരി ടിച്ചര്‍ക്ക്‌ പ്രേമലേഖനം കൊടുത്തതിന്റെ പേരില്‍, ചൂരലിന്റെ പാട്‌ തുടയിലും, ടി.സി. കൈയിലും വാങ്ങി മുഹമ്മദ്‌ സ്കുളിന്റെ പടിയിറങ്ങിയതാണ്‌.

കാരംസ്‌ കളിച്ച്‌ മൂന്ന്‌നാല്‌ മാസം കഴിഞ്ഞപ്പോള്‍, കൂടെയുള്ള പലരും അല്ലറ ചില്ലറ ജോലിയുമായി പോയികഴിഞ്ഞപ്പോള്‍, വെള്ളിയാഴ്ചയുടെ തലേന്ന് രാത്രി മാത്രം വരുന്ന ഫ്രണ്‍സിന്റെ സാമിപ്യംകൊണ്ട്‌ മുഹമ്മദിന്‌ ബോറടിച്ചു. ബോറടിച്ചത്‌ സഹിക്കവയ്യതെ മുഹമ്മദ്‌ ബുഡ്‌വൈസറിന്റെ ബീറടിച്ചു. അങ്ങനെയുള്ള ഒരു വെള്ളി ദിവസത്തിലാണ്‌, നിരനിരയായി കിടക്കുന്ന പത്ത്‌ പന്ത്രണ്ട്‌ സുഹൃത്തുകളുടെ ഇടയിലൂടെ, ബാങ്ക്‌ വിളിക്കുന്നതിന്‌ ഒരു ചാണ്‍ അകലം മാത്രം ബാക്കിയിരിക്കെ, അടുത്ത്‌കിടന്നവന്റെ മുണ്ടഴിച്ച്‌ തലവഴി മൂടിപുതച്ച്‌ കിടക്കുന്ന മുഹമ്മദിന്റെ പുതപ്പ്‌ ഒരല്‍പ്പം ഉയര്‍ത്തി, അതീവ സുന്ദരിയായ ഒരു അറബിപെണ്ണ്‌ മുഹമ്മദിനെ ഉണര്‍ത്താന്‍ ശ്രമിക്കുകയും, പരജയത്തിന്റെ കൈപ്പ്‌നീരിന്‌ മധുരമാണ്‌ എന്ന് മാത്രമറിയാവുന്ന അവള്‍, മുഹമ്മദിന്റെ കാതില്‍ മൃദുവായി കടിക്കുകയും ചെയ്തത്‌.

ആദ്യം ഒരു കിരുകിരുപ്പും, പിന്നെ ഒരു തരി തരിപ്പും അനുഭവപ്പെട്ട മുഹമ്മദ്‌, പെന്റിയം 1 കംപ്യൂട്ടറില്‍ വിന്‍ഡോ XP തുറക്കുന്നത്‌പോലെ, വളരെ പതിയെ സഹചര്യങ്ങളുമായി പൊരുത്തപെടുകയും, സ്ഥലകാലബോധം വന്നപ്പോള്‍, ആദ്യം അലറികരയുവാന്‍ അഗ്രഹിക്കുകയും, സിസ്റ്റം ഫയല്‍ ഡീലിറ്റ്‌ ചെയ്തവന്‍ എസ്കേപ്പ്‌ ബട്ടനടിക്കുന്നപോലെ, അത്‌ വേണ്ടെന്ന് വെക്കുകയും ചെയ്തു. എങ്കിലും പുറത്ത്‌ വന്ന അമര്‍ച്ച, മുഴുവന്‍ നിയന്ത്രിക്കുവാന്‍ സാധിക്കതെ, ഒരല്‍പ്പം പുറത്തേക്ക്‌ വന്നത്‌ അടുത്ത്‌ കിടക്കുന്ന ഉമ്മറിന്‌ സഹിച്ചില്ല. സ്വന്തമായിട്ടോരു കല്യാണം സ്വപ്നം കണ്ട്‌ കിടക്കുന്ന ഉമ്മര്‍ പറഞ്ഞു "ദാരാത്‌ രാവിലെതന്നെ, ഛെ".

പരിസരം മുഴുവന്‍ ബോധമില്ലാതെ കിടക്കുന്നവര്‍ക്കിടയില്‍നിന്നും മുഹമ്മദ്‌ കരഞ്ഞു, അല്ല അലറി."ന്റെ മ്മാ, ഇങ്ങക്ക്‌ എന്തെ പറ്റീത്‌, ഇന്‍ക്ക്‌ ഇപ്പോ ന്റെ ഇമ്മാനെ കാണണം". ബാങ്ക്‌കൊടുത്ത്‌, മുസ്ലിയാര്‍ കുത്ത്‌ബതുടങ്ങിയശേഷം മാത്രം എഴുന്നേല്‍ക്കുകയും, വെള്ളം ടാങ്കിലുണ്ടെങ്കില്‍ മാത്രം കുളിക്കുകയും ചെയ്യുന്ന പന്ത്രണ്ടാളുകളും ഒരേ സമയം ഞെട്ടിയുണര്‍ന്ന്, ഒരേ സമയം ചോദിച്ചത്‌ മുഹമ്മദിന്‌ മനസിലായില്ല, അവന്‍ വീണ്ടും കരഞ്ഞു. "ഇന്‍ക്‌ ഇപ്പോ ന്റെ ഇമ്മാനെ കാണണം".

"ഇപ്പോ ബാങ്ക്‌ കൊട്‌ത്തിലെ, ജുമആ നിസ്ക്കാരം കഴിഞ്ഞിട്ട്‌ ഞമ്മക്ക്‌ കാണട്ടോ" ന്ന് മോയ്തു പറഞ്ഞതനുസരിച്ച്‌, തല്‍ക്കാലം മുഹമ്മദ്‌ കരച്ചിലിന്‌ സ്റ്റോപ്പടിച്ചു. പക്ഷെ അത്‌ സ്റ്റോപ്പായിരുന്നില്ലെന്ന് നമസ്‌ക്കാരശേഷം, ഹാജിയാരുടെ ബിരിയാണികഴിച്ച്‌, വീണ്ടും മുഹമ്മദ്‌ കരഞ്ഞപ്പോള്‍ മനസിലായി.

"ടാ, ഇജി ചോറ്‌ തിന്നോ"എന്ന ഹാജിയാരുടെ ചോദ്യത്തിന്‌ കരച്ചിലിനിടയിലൂടെ, തലയാട്ടി ഉവ്വെന്ന് മറുപടി പറഞ്ഞു.

അനുരജ്ഞനശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ഹാജിയാര്‍ മുഹമ്മദിന്റെ ഫാദറിനെ ഫോണില്‍ വിളിച്ച്‌ കാര്യം പറഞ്ഞു.കുട്ട്യസ്സന്‍ പറഞ്ഞതിങ്ങനെ "ഓനെ ഇങ്ങട്ട്‌ കേറ്റി വിട്ടാളി ഹാജിയാരെ, ഒരു നല്ല കല്ല്യാണം ഒത്ത്‌ വന്ന്‌ണ്ട്‌, ഇഞ്ഞി ഗള്‍ഫ്‌ക്കാരനാന്ന് പറഞ്ഞി കല്ല്യാണം നടത്തലോ, അത്‌ മതി, അല്ലതെ ഇവടെ ഓന്‍ നയ്‌ച്ചി കൊണ്ടരണ്ട കാര്യം ഇല്ലല്ലോ."

അന്ന് തന്നെ മുഹമ്മദ്‌ വിമാനം കയറിയപ്പോള്‍, ഹാജിയരുടെ മെസ്സ്‌ റൂമിലെ സുന്ദരിയായ കൂറ, താന്‍ കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതം നഷ്ടമയല്ലോ എന്ന വിമ്മിഷ്ടത്തോടെ പടിയിറങ്ങി.

8 comments:

 1. ബീരാന്‍ കുട്ടി said...

  സ്വന്തമായി വിവാഹം കഴിക്കണമെങ്കില്‍, ഒരു ഉംറ വിസയെടുത്ത്‌, രണ്ട്‌ വര്‍ഷം ജിദ്ധയിലെ പോക്കര്‍ ഹാജിയുടെ മെസ്സ്‌ റൂമില്‍ കിടക്കണമെന്നും, ഒന്നുകില്‍ പോലിസ്‌ പിടിക്കുകയോ, അല്ലെങ്കില്‍ ഇനിയും മകന്‍ ജിദ്ധയില്‍ നിന്നാല്‍ താമസിക്കുന്ന പുരയിടം ഹാജിയാര്‍ സ്വന്തമാക്കുകയോ ചെയ്യുമെന്ന അവസ്ഥയില്‍ തിരിച്ച്‌ വരണമെന്നുമുള്ള അലിഖിതനിയമം നിലനിന്നിരുന്ന ഞങ്ങളുടെ ഇത്തിരിപോന്ന ഗ്രാമത്തില്‍ നിന്നും പതിനെട്ടാം വയസ്സിലാണ്‌ ബിട്‌സ്‌ മുഹമ്മദ്‌ വിസയെടുത്ത്‌ ജിദ്ധയിലെത്തിയത്‌. അവന്റെ വരവ്‌, പണിയോന്നുമില്ലാതെ പോക്കര്‍ ഹാജിയാരുടെ മെസ്സ്‌ റൂമില്‍ പകലന്തിയോളം കിടന്നുറങ്ങുന്ന പലര്‍ക്കും അശ്വാസമായി. കൂട്ടിന്‌ മുഹമ്മദിനെകിട്ടുകയെന്നത്‌, ജോലികിട്ടുന്നതിനെക്കാള്‍ പ്രയാസമാണ്‌.

 2. പൊറാടത്ത് said...

  ബീരാന്റെ ഓരോ ഉപമകളേ.. (“പെന്റിയം 1 കംപ്യൂട്ടറില്‍ വിന്‍ഡോ XP തുറക്കുന്നത്‌പോലെ..”)

  എനിയ്ക്ക് വയ്യ..., ചിരിയ്കാന്‍..!

 3. കാര്‍വര്‍ണം said...

  ചിലതൊന്നും എനിക്ക് മനസിലായില്ല ബീരാനെ

 4. സുബൈര്‍കുരുവമ്പലം said...

  ബീരാനേ..... ഇയ്യാളെ ഞമ്മക്ക്‌ പെരുത്ത് ഇഷ്ട്ടായീ ....

 5. സുബൈര്‍കുരുവമ്പലം said...
  This comment has been removed by the author.
 6. പാമരന്‍ said...

  ഒരു സബാസ്ണ്ട്‌ ബീരാന്‌ക്കാ..

 7. Shaf said...

  ബീരാന്റെ ഓരോ ഉപമകളേ.. (“പെന്റിയം 1 കംപ്യൂട്ടറില്‍ വിന്‍ഡോ XP തുറക്കുന്നത്‌പോലെ..”)
  :)

 8. ബീരാന്‍ കുട്ടി said...

  സോറി കാര്‍വര്‍ണം, ഞനിപ്പോഴ ഇത്‌ ശ്രദ്ധിച്ചത്‌, എത്‌ വാക്കുകളാണ്‌ മനസിലാവതെ പോയതെന്ന് പറയുമോ?.