പ്രവാസ സ്വപ്നങ്ങള്‍
"സാര്‍'
ഡോര്‍ തുറന്ന് പിടിച്ച് ഡ്രൈവര്‍ എന്നെ തന്നെ തുറിച്ച് നോക്കിയപ്പോഴാണ് എനിക്ക് പരിസര ബോധം വന്നത്. ഓഫിസിലെത്തിയിരിക്കുന്നു. എക്സിക്യൂട്ടിവ് ബാഗും തൂക്കി ഞാന്‍ ഓഫിസിന്റെ പടികള്‍ കയറി.
"ഗുഡ് മോര്‍ണിങ് സാര്‍". റെസിപ്‌സനിലെ കിളിനാദങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി ഉയര്‍ന്ന് താണു. "സാര്‍ ക്ലയ്‌ന്‍സ് കോണ്‍ഫറന്‍സ് ഹാളില്‍ കാത്തിരിക്കുകയാണ്. ഈ പ്രോജക്റ്റില്‍ അവര്‍ അത്രക്ക് തൃപ്തരാണ്". എന്റെ നേരെ ഓടിവന്ന് മനേജര്‍ ലിഫ്റ്റിന്റെ ബട്ടണമര്‍ത്തി.
മീറ്റിങ്ങ് കഴിഞ്ഞ് തിരിച്ച് ഞാനെന്റെ ക്യാബിനിലേക്ക് കയറി. കുസ്യന്‍ ചെയറില്‍ ചാരിക്കിടക്കവെ ഞാന്‍ ഭൂതകാലത്തിലേക്ക് നടക്കുകയായിരുന്നു.
14 വര്‍ഷത്തെ പ്രവാസജീവിതത്തോട് സമരസപ്പെടുവാന്‍ കഴിയാതെ മനസ്സ് മരവിച്ച ഒരു നിമിഷത്തില്‍, നട്ടില്‍ പോയാല്‍ എങ്ങനെ ജീവിക്കുമെന്ന സുഹൃത്തുകളുടെ ചോദ്യമവഗണിച്ച് മാന്യമായ ജോലി രാജിവെച്ച്, നാട്ടിലേക്ക് മടങ്ങിയതും, തോട്ടതിനും പിടിച്ചതിനും എന്റെ അഭിപ്രായമാരഞ്ഞിരുന്ന കുടുബാംഗങ്ങള്‍ക്ക് ഞാന്‍ ഭാരമായതും, നല്ലപാതിയുടെ മുഖം കറുക്കുന്നതിന് മുന്‍പ് തന്നെ ഒരു സുഹൃത്തിന്റെ സഹായത്താല്‍ തുടങ്ങിയ എന്റെ പ്രസ്ഥാനം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു വാണിജ്യ സ്ഥാപനമായി വളര്‍ന്നതും ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. വിദേശ കാറും ബഗ്ലാവും പടുത്തുയര്‍ത്താന്‍ ഞാനൊഴുക്കിയ വിയര്‍പ്പിന് കണക്കില്ല. മുഖം ചുളിച്ച് നടന്ന സുഹൃത്തുകളും ബന്ധുകളും പതിയെ പതിയെ സഹായഭ്യര്‍ത്ഥനകളുമായെത്തി തുടങ്ങി.
വിജയം അധ്വാനിക്കുന്നവനും പരീക്ഷണത്തിന് മുതിരുന്നവനുമാണെന്ന സത്യം എന്തെ പ്രവാസികളറിയാതെ പോയി. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്തവന്‍ വെട്ടിപ്പിടിക്കുന്ന സമ്രാജ്യങ്ങള്‍ കണ്ട്, രണ്ട് മാസത്തെ ദാമ്പത്യ ജീവിതം രണ്ട് വര്‍ഷത്തേക്ക് വിശപ്പടക്കനുള്ള ഉപാധിയാക്കി, അടുത്ത ലീവ് സ്വപ്നം കണ്ട് ഇനിയും നിനക്കെത്ര നാള്‍ എന്ന് പലരോടും ചോദിച്ചിരുന്നു. ആരെയും കുറ്റപ്പെടുത്താതെ, സ്വയമുരുക്കിതീരുന്ന പ്രവാസ ജന്മങ്ങള്‍ക്ക്, മറുപടി, വര്‍ഷങ്ങളായി ചുണ്ടില്‍ മായാതെ സൂക്ഷിക്കുന്ന പുഞ്ചിരി മാത്രം.
ഓഫിസില്‍ നിന്നും തിരിച്ച് വിട്ടിലേക്കുള്ള യാത്രയില്‍, എതിരെവരുന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ട്, എന്റെ വാഹനവുമായി കുട്ടിയിടിച്ചത് മാത്രം ഓര്‍മ്മയുണ്ട്. ഡോര്‍ തുറന്ന് തെറിച്ച് വിണൈടത്ത് നിന്നും എഴുന്നേറ്റ് നോക്കിയപ്പോള്‍ കണ്ട കാഴ്ച. വര്‍ഷങ്ങളോളം, എന്റെ നിഴലായി കൂടെ നടന്നവന്‍, ഡ്രൈവര്‍, നിശ്ചലമായി തകര്‍ന്ന് വണ്ടിയില്‍ കുടുങ്ങികിടക്കുന്നു. ഒരു പ്രവാസിക്ക് ബോധക്ഷയമുണ്ടാവില്ലെന്ന കംമ്പനി ക്യാബിലെ പല്ലവി അവര്‍ത്തിക്കുകയാണോ?.
എത്രനേരം അങ്ങനെകിടന്നു എന്നറിയില്ല. ശരീരത്തില്‍ വെള്ളംവീണത്തോടെയാണ് ഞാന്‍ വിണ്ടുമുണര്‍ന്നത്. ഞാന്‍ നഗ്നനാണെന്ന തിരിച്ചറിവില്‍ ജാള്യതയോടെ ചുറ്റും നോക്കി. ചിലരെയോക്കെ പരിചയമുണ്ട്. അവരെന്തിനാ എന്നെ കുളിപ്പിക്കുന്നത്. തടയണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക് ശക്തിയില്ല. വെള്ള വസ്ത്രങ്ങള്‍ പുതപ്പിച്ച് അവരെന്നെ എങ്ങോട്ട് കൊണ്ട് പോവുന്നു.
എന്നെയും ചുമന്ന് ഒരു കൊച്ചു വാഹനം നിങ്ങവെ, അടുത്തിരിക്കുന്ന എന്റെ സുഹൃത്തുകളുടെ സംഭാഷണത്തിലൂടെ ഞാന്‍ എന്നെ അറിയുകയായിരുന്നു.
"ബീരാന്‍ ഇന്നലെ നാട്ടില്‍ പോവാനിരുന്നതാ, പാവം എത്രകാലമായി എല്ലാം വലിച്ചെറിഞ്ഞ്, നാട്ടില്‍ സ്വസ്ഥമായി കഴിയണമെന്ന് അവന്‍ അഗ്രഹിച്ചിരുന്നു. വിധി. എക്സിറ്റ് അടിച്ച് വാങ്ങി, സുഹൃത്തുകളോട് യാത്ര പറയാന്‍ പോയതാ, വൈക്കുന്നേരമാണ് ഞാന്‍ അറിയുന്നത്. അവന്‍ യാത്ര ചെയ്ത ടാക്സി മറ്റോരു കാറുമായി കുട്ടിയിടിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബീരാന്‍ മരിച്ചു. ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.രാവിലെ കംമ്പനിയില്‍ നിന്നും വിളിച്ചിരുന്നു. മയ്യത്ത് എന്ത്‌ചെയ്യണമെന്നറിയാന്‍, അവന്റെ വിട്ടുകാര്‍ പറഞ്ഞത്, മയ്യത്ത് ഇവിടെ തന്നെ മറവ്വ് ചെയ്താല്‍ മതിയെന്നാണ്. നാട്ടിലേക്ക് കൊണ്ട്‌പോവുന്നതിന്റെ ചിലവുകള്‍ കംമ്പനി പണമായിട്ട് അവര്‍ക്ക് നല്‍ക്കാമെന്ന് പറഞ്ഞു. അവനോ പോയി, ആ കുടുംബമെങ്കിലും രക്ഷപ്പെടട്ടെ."
ബാക്കിയോന്നും ഞാന്‍ കേള്‍ക്കുന്നില്ല. സ്വസ്ഥമായി നാട്ടില്‍ കഴിയുവാന്‍ അഗ്രഹിച്ചിരുന്ന, പുഴയും കടലും, കുന്നും മലയും ഇഴച്ചേര്‍ന്ന് കിടക്കുന്ന, എന്റെ നാട്ടില്‍ ജീവിക്കാനുള്ള അവകാശം, ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും പേരില്‍ ബലികഴിച്ചിട്ടും, എന്റെ അത്മാവെങ്കിലും ആ മണ്ണിലലിഞ്ഞോട്ടെ, എന്നെ ഈ മരുഭൂമിയില്‍ തനിച്ചാക്കരുതെ എന്നുറക്കെ കരഞ്ഞെങ്കിലും....
അതിന് മുന്‍പ് തന്നെ ആറടി മണ്ണില്‍ എന്നെ തനിച്ചാക്കി അവര്‍ യാത്ര തുടര്‍ന്നിരുന്നു.
"വേഗം വാ, ഇന്നെനിക്ക് നൈറ്റ് ഷിഫ്റ്റാണ്. നേരം വൈകിയാല്‍ ഒരു ദിവസത്തെ ശമ്പളം കട്ടാക്കും.".
9 comments:
രണ്ട് മാസത്തെ ദാമ്പത്യ ജീവിതം രണ്ട് വര്‍ഷത്തേക്ക് വിശപ്പടക്കനുള്ള ഉപാധിയാക്കി, അടുത്ത ലീവ് സ്വപ്നം കണ്ട് ഇനിയും നിനക്കെത്ര നാള്‍ എന്ന് പലരോടും ചോദിച്ചിരുന്നു. ആരെയും കുറ്റപ്പെടുത്താതെ, സ്വയമുരുക്കിതീരുന്ന പ്രവാസ ജന്മങ്ങള്‍ക്ക്, മറുപടി, വര്‍ഷങ്ങളായി ചുണ്ടില്‍ മായാതെ സൂക്ഷിക്കുന്ന പുഞ്ചിരി മാത്രം.
ജീവനകലയുടെ പശിമയുള്ള മണല്‍കാട്ടിലൂടെ
ആഴ്ന്നിറങ്ങിയ കുഴഞ്ഞ കാലാല്‍ നടത്തം..
കാല്‍പാടു മായാത്തയെന്‍ മണ്ണീന്‍ ഓര്‍മ്മയില്‍
കാറ്റു മായ്ച്ച കാല്‍പ്പാടു തേടി പിന്നെയും
പ്രവാസി നടക്കുന്നു.....'ഒടുങ്ങാത്ത നടത്തം'
നന്നായിരിക്കുന്നു ബീരാന്‍കുട്ടീ
ഹൊ,അതൊരു വല്ലാത്ത സ്വപ്നമായിപോയി,മരുഭൂമിയിലായാലും നാട്ടിലായാലും ഖബറൊരു പോലെയല്ലേ :)
ഹ്മം ഹ്മം.
ബീരാനിക്കാ പ്രവാസിയുടെ ഓര്‍മകള്‍ക്കും സ്വപ്നങ്ങള്‍ക്കും എന്നും കണ്ണീരിന്റെ നനവും നഷ്ടപ്പെടലിന്റെ കയ്പുമാണ് ,
ഒന്നു റികവര്‍ ചെയ്തു വരുന്നതായിരുന്നു, ദാ ഇപ്പോ
ബീരാനിക്കയുടെ സ്വപ്നം വായിച്ച് വീണ്ടും പ്രവാസിഫീലിങ്ങ് വെന്നു
നല്ല കഥ
:(
the article was good
ബീരാനെ,
ഒന്നാമതായി ആ ബാജിയുടെ കഥ വായിച്ച ഇഫക്റ്റ് തീര്‍ന്നില്ലാ അതിനുമുമ്പെന്നെ ജ്ജ് ആളെ മക്കാറാക്കി.
രണ്ട് , അന്‍റ്റെ എഴുത്തെനിക്കിഷ്ടായി പക്ഷെ ' പണക്കാരന്‍റ്റെ കുഷ്യന്‍ സീറ്റൊക്കെ ' ഇവിടെ ആവശ്യണ്ടാര്‍ന്നോന്ന് തോന്നീ :)
അല്ല ബീരാനെ ദ് പ്പോ കാര്യങ്ങള്‍ ഇങ്ങനേണെങ്കി , അതായത് മയ്യത്തായാലും കാര്യങ്ങള്‍ കാണാം പച്ചേങ്കില് ഒന്നും അങ്ങട്ട് ചെയ്യാന്‍ പറ്റൂല്ലാന്ന അവസ്ഥൈ ,
അത്ത്തിരി കടുപ്പം തന്നേണ്ട്ടാ പണ്ട് ഒരു സ്വപ്നം കണ്ടതോര്‍മ്മവന്നു , ഉമ്മാനെ 'മ്മാ' ന്നൊര്‍ക്കേനെ വിളിക്ക്‌ണ്ട് ,
ഒച്ച പൊര്‍ത്തേക്ക് വര്‍ണില്ല , അവസാനം സര്‍വ്വ ശക്തട്ട്റ്റെട്ത്തീട്ടൊറ്റ വിളിയാ ' മ്മാ ആആഅ ' ന്ന് , അപ്പോ ഒച്ച പൊര്‍ത്തേക്ക് വന്ന്ട്ടാ ;)
ജ്ജ് ആളെ ങ്ങനെ ഇനിം ബേജാറാക്കല്ലെട്ടാ
നല്ല പോസ്റ്റ് നിക്കിഷ്ടായി. :)
എന്റെ സ്വപ്നം കാണനെത്തിയ എല്ലാവര്‍ക്കും നന്ദി.
വല്ല്യമ്മായി,
എന്തായാലും ഞാന്‍ നരകത്തില്‍ ഒരു സീറ്റ് റിസര്‍വ് ചെയ്ത്‌ട്ട്‌ണ്ട്, അപ്പോ അവിടുത്തെ ചൂടും മരുഭൂമിയിലെ ചൂടും ഒരുമിച്ച് താങ്ങാന്‍ പാങ്ങില്ല. അതോണ്ടാ, ഞമ്മളെ കൊണ്ടോയ്‌ക്കോള്ളീന്ന് കരഞ്ഞത്.
റെജിന്‍, കാലചക്രങ്ങല്‍ എത്ര മറഞ്ഞാലും അത് അങ്ങിനെതന്നെയാണ്. മധുരിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ റിയാലിന്റെ വില വീണ്ടും കുത്തനെ ഉയരുകയാണ്.
തറവാടി, പടച്ചോനെ, ഞമ്മള് ആരെം മക്കറാക്കിട്ടില്ല. സ്വപ്നം കാണുബോ ലാവിസായി കാണണമ്ന്നല്ലെ, ഓന്നാം ക്ലാസിലെ ഗോവിന്ദന്‍ മാഷ്‌റ്റ്, കൊടകരപുരാണം എന്ന ബുസ്തകം നോക്കി പറഞ്ഞത്.
പത്ത്‌പയ്‌നഞ്ചി നോമ്പ് നോറ്റെ ക്ഷീണത്തില്‍ കെടന്നോര്‍ങ്ങണെ ഇന്നെ, ഒരീസം ഇമ്മ അത്തായതിന് ബിള്‍ച്ചി. ചായ്‌പ്പില് കെടക്കണ ഞമ്മള്‍ വാതില്‍ തോര്‍ന്ന് മിറ്റത്ത്‌ക്ക് നോക്ക്യപ്പോ, അള്ളാണെ ഞെട്ടി പോയി, തോടീല് നിക്ക്‌ണ് ഒരു ജിന്ന്. വെള്ള കുപ്പയം ഇട്ട്, തല ഇങ്ങനെ അട്ട്‌ണ്. മുറ്റത്ത്‌ന്ന് ഒരു ചാട്ടം ചാടീത് മാത്രം ഞമ്മക്ക് ഓര്‍മ്മണ്ട്. തല മെയ്‌ന്‍ ഡോറില് ഇടിച്ച ഒച്ചകേട്ട് ഇമ്മച്ചി ഓടി വന്ന് വാതില്‍ തോറന്നപ്പോ, ആരിം കാണാല്ല. ഞമ്മള് നീണ്ട്‌നീര്‍ന്ന് കെടക്കല്ലെ. ഇമ്മ വെള്ളം കൊടഞ്ഞി, ബിള്‍ച്ചി ഇണിപ്പിച്ച്, ഇമ്മനെ കെട്ടിപിടിച്ച് ഞാന്‍ ജിന്നിനെ ഒന്നുംകൂടി നോക്കി, ഞമ്മളെ തോടൂലെ വായന്റെല ഞമ്മളെ നോക്കി ചിരിക്ക്‌ണ്. പിറ്റേന്ന് മോല്യേര് വന്ന് ജിന്നിനെ വെറുതെ വിട്ടെങ്കിലും, ഇമ്മ, വായനെ വെറുതെ വിട്ടില്ല.
വല്ല്യമ്മായി പറഞ്ഞത് കേട്ടിലെ, ഇവിടായാലും നാട്ടിലായാലും ഓക്കെ ഒന്നാന്ന്. പത്ത് പന്ത്രണ്ടായിരം ദിര്‍ഹം ലാഭം ന്നല്ലെ ആ പറഞ്ഞത്. അല്ല ഇങ്ങളെന്താ മുണ്ടാണ്ട് കുത്തര്‍ക്ക്‌ണത്. തലക്കബോര്‍ത്ത്‌ന്ന് കൊല്ലത്തിലെങ്കിലും ഒരു യാസിനോതാന്‍ കുട്ട്യള്‍ക്ക് പറ്റണെങ്കി, ഞമ്മള്‍ നാട്ടീ തന്നെ കെടക്കണം.
എല്ലാവര്‍ക്കും നന്ദി, പ്രവാസികളുടെ കോമഡി കഥ അരവിന്ദ്‌ജീയും വിശാല്‍ജീയും പറയാന്‍ നോക്കിട്ട് പറ്റിയില്ലെന്ന പറഞ്ഞത്. പിന്നല്ലെ പൊട്ടകിണറ്റിലെ തവളയായ ഞാന്‍.
Post a Comment