Wednesday 5 August 2009

മരുഭൂമിയിലെ നരകം












സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി കടല്‍ കടന്ന് വന്ന, പ്രവാസികളുടെ ചിത്രങ്ങളാണിത്. ജിദ്ധയിലെ കന്തറ പാലത്തിനടിയില്‍, അഭയാര്‍ഥികളായി കഴിയുന്ന മനുഷ്യ ജന്മങ്ങളുടെ ജീവനുള്ള ചിത്രങ്ങള്‍. ജിദ്ധയിലുള്ള ഒരു സുഹ്ര്‌ത്ത് വഴിയാണ്, ഇവരുടെ കഥ ഞാന്‍ അറിയുന്നത്. ഇപ്പോള്‍ സൌദിയില്ലല്ലെന്നതിനാല്‍ തന്നെ, ഇത് പ്രസിദ്ധികരിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്.

എകദേശം, 1500-ഒളം ആളുകള്‍, ഇന്ന് ജിദ്ധയിലെ കന്തറ പലാത്തിനടിയില്‍, ഡിപ്പോര്‍ട്ടെഷന്‍ സെന്ററിലെത്തുവാനായി കാത്തിരിക്കുന്നു. മാസങ്ങളോളമായി, ഇവരില്‍ പലരും, ഇവിടെ എത്തിയിട്ട്. വിവിധ കാരണങ്ങളാല്‍, ശരിയായ വിസയില്ലാത്തവരും, വിസയുടെ കാലവധി കഴിഞവരും, ഉം‌റ വിസയില്‍ വന്ന് മടങ്ങുവാന്‍ സാധിക്കാത്തവരും, അങ്ങനെ തിരിച്ച്‌നാട്ടിലേക്കുള്ള മടക്കത്തിനായി, ഡിപ്പോര്‍ട്ടെഷന്‍ സെന്ററിലെത്തുവാന്‍, പാസ്സ്പോര്‍ട്ട് അധക്ര്‌തരുടെ കനിവിനായി ഇവര്‍ കാത്തിരിക്കുന്നു.

പ്രാധമിക ആവശ്യങ്ങള്‍ക്കുള്ള സൌകര്യം‌പോലുമില്ലാത്ത, ജിദ്ധയിലെ ഷറഫിയ-കന്തറ പാലത്തിനടിയില്‍, കാര്‍ഡ്ബോര്‍ഡ് പേപ്പറുകള്‍ വിരിച്ച്, 50 ഡിഗ്രിക്ക് മുകളില്‍ പോകുന്ന ചൂടും സഹിച്ച്, സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയോരു വിഭാഗത്തില്‍, ഇന്ന് പലവിധ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്‌പിടിച്ചിരിക്കുന്നു. മഞ്ഞപ്പിത്തവും, സുര്യാഘാതവും കാരണം, ഇവരില്‍ 8-10 ആളുകള്‍ ജിദ്ധയിലെ വിവിധ ആശുപത്രികളില്‍ അത്യാസന്ന നിലയിലാണ്.
ഇവരില്‍ ബഹുഭൂരിപക്ഷവും, ഇന്ത്യക്കാരും, അതിലധികവും മലയാളികളുമാണ്. ഭക്ഷണത്തിനുള്ള വക എങ്ങിനെയെങ്കിലും സംഘടിപ്പിക്കുന്ന ഇവര്‍ക്ക്, പക്ഷെ, പ്രാധമികാവശ്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ ഒന്നുമില്ല. ഇവര്‍ പലപ്രാവശ്യം ജിദ്ധയിലെ വിവിധ പ്രവാസി സംഘടനകളെ സമീപിച്ചിരുന്നു. എന്നാല്‍, അവശതയനുഭവിക്കുന്നവന്റെ അപ്പകഷ്ണം വാരിവിഴുങ്ങുവാന്‍ മാത്രം കഴിവുള്ള, ജിദ്ധയിലെ പ്രവാസൈ സംഘടനകള്‍, ഒരു നല്ലവാക്ക് പോലും പറഞ്ഞില്ലെന്ന് ഇവര്‍ വേദനയോടെ പറയുന്നു. പല മലയാള പത്രപ്രതിനിധികളും വന്നെങ്കിലും, ഇവരുടെ യതാര്‍ത്ഥ ചിത്രത്തിന്, എഡിറ്റര്‍മാരുടെ കത്രിക ഇരയാവുന്നു.

കരുണാനിധിയുടെ മകള്‍ കന്നിമൊഴിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി, ഇവരില്‍ ചില തമിഴ് സുഹ്ര്‌ത്തുകള്‍ ബന്ധപ്പെട്ടു. കനിവോടെ കന്നിമൊഴി ഇവരുടെ പ്രശ്നം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, വിദേശകാര്യവകുപ്പ്, ജിദ്ധയിലെ ഇന്ത്യന്‍ എമ്പസിയോട്, വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍, ഇന്ത്യന്‍ എമ്പസി ഉദ്യോഗസ്ഥന്‍, ഏത് നരകത്തിലിരുന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നറിയില്ല. അവര്‍ അയച്ച റിപ്പോര്‍ട്ടില്‍, ഇവിടെ ആകെ 40 പേരെ ഉള്ളുവെന്നാണ്. എന്നാല്‍, ഈ വിവരമറിഞ സുഹ്ര്‌ത്തുകള്‍ വീണ്ടും കന്നിമൊഴിയുമായി ബന്ധപ്പെട്ടു.

അങ്ങിനെയാണ്, ഇവരില്‍ 600-ഓളം ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിക്കുന്നത്. അതിന്റെ ഒരു കോപ്പി ബീരാന്റെ കൈയിലുണ്ട്. ജിദ്ധയിലുള്ള വിവിധ അറബ് ദ്ര്‌ശ്യമാധ്യമ പ്രവര്‍ത്തകരെ ബന്ധപ്പെട്ടു. എതാനും നിമിഷങ്ങള്‍ക്കകം തന്നെ അവരുടെ ഇടറിയ സ്വരത്തിലുള്ള ഫോണ്‍കോളുകള്‍ വന്നു. വിവരണാതീതം, അവിശ്വസനീയം, നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഒരു വിലയുമില്ലെ, നിങ്ങളുടെ എമ്പസി എന്തിനാണ്, എന്നിത്യാധി മനസ്സിനെ മുറിപ്പെടുത്തുന്ന വാക്കുകളാണ് പത്രസുഹ്ര്‌ത്തുകള്‍ തന്നത്. ഞാന്‍ നേരിട്ട് ഈ കാഴ്ച പലവട്ടം കണ്ടിട്ടുണ്ടെന്നതിനാല്‍, ഇവരുടെ വിവരണം ഒട്ടും‌ അതിശയോക്തി കലര്‍ന്നതല്ലെന്ന് എനിക്കറിയാം.

ഈ പ്രശ്നം ഗവണ്‍‌മെന്റ് പ്രതിനിധികളെയും, പാസ്പോര്‍ട്ട് അധക്ര്‌തരേയും, അറിയിക്കാമെന്നും, എത്രയും പെട്ടെന്ന് തന്നെ ഒരു പരിഹാരമുണ്ടാക്കമെന്നും, അന്യദേശത്തിന്റെ മക്കളായ ഇവര്‍ എന്നോട് പറഞ്ഞു.

ഇതിനിടയില്‍, വീണ്ടും കന്നിമൊഴിയുമായി ബന്ധപ്പെടുവാനുള്ള ശ്രമം നടക്കുന്നു. എന്തിനും, എമ്പസിയുടെ കറുത്തകരങ്ങളെ ആശ്രയിക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍ മാത്രമാണ് എനിക്ക് വിഷമം. ജനങ്ങളെ സേവിക്കുവാനുള്ള ജനസേവകര്‍, അധികാരത്തിന്റെ മത്തില്‍, പണവും പ്രശസ്തിയുമുള്ളവന്റെ വാലാട്ടിയായി, സാധരണക്കാരനെ കണ്ടില്ലെന്ന് നടിക്കുന്നത്, ഇവരില്‍ വരും തലമുറയുടെ വംശനാശത്തിന് വഴിവെക്കും.

നേതാക്കളുടെ ആസനത്തില്‍ അത്തറ്‌ പുരട്ടാന്‍ കാത്തിരിക്കുന്ന പ്രവാസി സംഘടനകള്‍, കോടികള്‍ ആസ്ഥിയുള്ള നിങ്ങളുടെ സംഘലക്ഷ്യങ്ങള്‍, നിശയുടെ യാമങ്ങളില്‍ നിങ്ങള്‍ സംഘടിപ്പിക്കുന്ന ഫാമിലി ഷോകളുടെ യതാര്‍ഥ ലക്ഷ്യങ്ങള്‍ എന്നിവ, ബീരാന് പകല്‍‌പോലെ വ്യക്തമാണ്. എങ്കിലും ഇത്രയും ഹീനമായി, സഹായമഭ്യര്‍ഥിച്ചെത്തിയവരെ, ആട്ടിയോടിക്കുവാന്‍ മാത്രം സംസ്കാരശൂന്യരാണെന്ന് ഞാന്‍ കരുതിയില്ല.

കാക്കത്തൊള്ളായിരം പ്രവാസി സംഘടകളുള്ള ജിദ്ധയിലാണല്ലോ ഈ ദുരിതമനുഭവിക്കുന്നവരെ നിശ്കരുണം പുറംകാല്‍കൊണ്ട് നിങ്ങള്‍ ചവിട്ടിതെറിപ്പിച്ചതെന്നോര്‍ക്കുമ്പോള്‍, ഇടതനും വലതനും, നടുവനും, മാത്രമല്ല, ദൈവത്തിന്റെ സിംഹാസനം താങ്ങിനിര്‍ത്തുവാന്‍ കോടികള്‍ ചിലവഴിക്കുന്ന മതസംഘടനകളോടും, പുച്ഛം തോന്നുന്നു. ഇവരിലെ ദേശവും ഭാഷയും, മതവും മറക്കാം. മനുഷ്യരാണെന്ന പരിഗണനപോലും നിങ്ങളില്‍ ആരും കൊടുത്തില്ലല്ലോ.

കാത്തിരിക്കാം, ദുരിതമനുഭവിക്കുന്ന, നിസഹയരായ ഈ മനുഷ്യജന്മങ്ങള്‍ക്ക് ആശ്വാസത്തിന്റെ വെളിച്ചത്തിനായി. ഒപ്പം, പ്രശ്നത്തിലിടപ്പെട്ട കന്നിമൊഴിക്ക്, ബീരാ‍ന്റെ അഭിവാദ്യങ്ങള്‍.

5 comments:

  1. ബീരാന്‍ കുട്ടി said...

    സ്വപ്നങ്ങളുടെ ഭണ്ഡവും പേറി കടല്‍ കടന്ന് വന്ന, പ്രവാസികളുടെ ചിത്രങ്ങളാണിത്. ജിദ്ധയിലെ കന്തറ പാലത്തിനടിയില്‍, അഭയാര്‍ഥികളായി കഴിയുന്ന മനുഷ്യ ജന്മങ്ങളുടെ ജീവനുള്ള ചിത്രങ്ങള്‍. ജിദ്ധയിലുള്ള ഒരു സുഹ്ര്‌ത്ത് വഴിയാണ്, ഇവരുടെ കഥ ഞാന്‍ അറിയുന്നത്. ഇപ്പോള്‍ സൌദിയില്ലല്ലെന്നതിനാല്‍ തന്നെ, ഇത് പ്രസിദ്ധികരിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്.

  2. ചാണക്യന്‍ said...

    ഈ അവസ്ഥയില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ എന്താ ഇനി ചെയ്യേണ്ടത്?

    ജിദ്ദയിലുള്ള പരിചയക്കാരേയോ സുഹൃത്തുക്കളേയോ ബന്ധപ്പെട്ട് അവരെക്കൊണ്ട് കഴിയുന്ന സഹായം എത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചു കൂടെ?

  3. ചെറിയപാലം said...

    മുൻപൊക്കെ ദിനേനയെന്നോണം 200-300 പെരൊയൊക്കെ പാസ്പോർട്ട് അതികൃതർ കന്തറപാലത്തിനടിയിൽ നിന്ന് ഡിപോർട്ടേഷൻ സെന്ററിലേക്ക് കോണ്ടുപോകുമെന്ന് കേട്ടിരുന്നു. ഇപ്പോ അതും വ്യവസായ വൽക്കരിച്ചില്ലേ. 250 റിയാൽ കൊടുത്ത് സ്വയം ‘പിടിപ്പിക്കുന്നത്’ ഏജന്റ്റുകൾ മുഖാന്തരമാണെന്നും കേൾക്കുന്നു. അതിന്റെ പിന്നിലും മലയാളികളാണെന്നുള്ളത് ഖേദകരത്തിന് ആക്കം കൂട്ടുന്നു.

  4. ബീരാന്‍ കുട്ടി said...

    വളരെ സന്തോഷകരമായ വാര്‍ത്ത ലഭിച്ചിരിക്കുന്നു.

    അറബ് പത്രപ്രതിനിധികളും, ചില സ്വദേശി സുഹ്ര്‌ത്തുകളും ഇവരുടെ സങ്കടങ്ങളും അവസ്ഥകളും പാസ്‌പോര്‍ട്ട് (ജവജാത്ത്) മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, അതനുസരിച്ച്, ഡിപ്പോര്‍ടെഷന്‍ സെന്ററിലെ പരമാവധി സ്ഥലം പ്രയോജനപ്പെടുത്തി ഇന്നലെ രാത്രി തന്നെ 1000-ഒളം ആളുകളെ മാറ്റി പാര്‍പ്പിക്കുകയും, ബാക്കിയുള്ളവര്‍ക്കായി, ഒരു മെഡികല്‍ ക്യാമ്പ് നടത്തുകയും ചെയ്തിരിക്കുന്നു.

    മനുഷ്യരാണെന്ന പരിഗണനയില്‍, ജാതിയോ മതമോ വര്‍ണ്ണമോ വര്‍ഗ്ഗമോ നോക്കതെ സാഹയമെത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

    40 ഡിഗ്രി ചൂടില്‍, ഒരു പാലത്തിന് കീഴെ, എല്ലാം സഹിച്ച് ജീവിക്കുന്നവര്‍ക്ക്, ഇന്ത്യന്‍ എമ്പസിയോ, പ്രവസി സംഘടനകളോ എത്തിക്കാത്ത സഹായം ചെയ്ത, മനുഷ്യസ്നേഹികള്‍ക്ക്‌മുന്നില്‍ ബീരാന്‍ ശിരസ്സ് നമിക്കുന്നു.

    ഇനി, ഇന്ത്യന്‍ എമ്പസിയുടെ ഏമാന്‍ മാരുടെ പള്ളിയുറക്കംകഴിഞ്ഞ്, ഇവര്‍ക്ക് എന്ന് ഔട്ട്‌പാസ്സ് നല്‍ക്കുമെന്നറിയില്ല. എങ്കിലും ഇവര്‍ക്ക് ആശ്വാസത്തിന് വക നല്‍ക്കിയ സൗദി ഭരണകൂടത്തെയും, ജിദ്ധ പാസ്‌പോര്‍ട്ട് വിഭാഗത്തെയും മെഡിക്കല്‍ സംഘത്തെയും ഞാന്‍ അനുമോദിക്കുന്നു.

    കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന്, സൗദി പൗരന്മർ‍ ഒരിക്കല്‍കൂടി തെളിയിക്കുന്നു.

  5. ബഷീർ said...

    വളരെ പരിതാപകരം തന്നെ.