Wednesday 12 November 2008

പ്രവാസികൾ ജീവനുള്ള ശവങ്ങൾ.

പ്രവാസികൾ ജീവനുള്ള ശവങ്ങൾ.

"ശരീരത്തിന്റെ ആർത്തികൾ തീർത്ത്‌ പുരുഷൻ തിരിച്ച്‌പോയിക്കഴിയുമ്പോഴായിരിക്കും പല പെൺകുട്ടികളും മോഹനനിദ്രയിൽനിന്നുണരുന്നത്‌. മാനസികമായി തങ്ങൾ എത്രത്തോളം അടുത്തുവെന്ന് അവർ പരിശോധിക്കാനാരംഭിക്കും. പൊള്ളയായ ചക്കരവാക്കുകൾ മതിയാവുമ്പോൾ മനസ്സിൽ മരുഭൂമികൾ ഉണ്ടാവുന്നതായി അവരറിയും (ആയിഷയുടെ ഗർഭം, പ്രവാസിയുടെ കുറിപ്പുകൾ - ബാബു ഭരദ്വാജ്‌)

വിരഹം ചിലർക്ക്‌ സുഖകരമായ നോവായിരുന്നു ചിലർക്ക്‌ താങ്ങാനാവാത്ത വേദനയും, വേദനയിൽനിന്ന് രോഗങ്ങളും.

വിവാഹനന്തരം ഭർത്താവുമായി അടുത്തറിഞ്ഞ്‌ വരുന്ന നിമിഷങ്ങളിലാണ്‌ വേർപാട്‌. വിരഹത്തെ അഭിമുഖികരിക്കാനുള്ള ഒരു വൈകാരികപ്പൊരുത്തം ഉണ്ടാക്കിയെടുക്കാനും പലർക്കും കഴിയുന്നില്ല. പല ഭർതൃവീടുകളിലെയും അന്തരീക്ഷം വിരഹഭാവത്തിന്റെ സംഘർഷത്തെ കുറക്കനോ ഇല്ലാതാക്കനോ യോജിച്ചതായിരുന്നില്ല. ഭർതൃവീട്ടിലുണ്ടാകുന്ന പ്രശ്നങ്ങളിൽ അക്കരെയിരുന്ന് ആശ്വാസമേകാൻ ഭർത്താക്കന്മർക്ക്‌ കഴിഞ്ഞതുമില്ല. വിഭ്രന്തിയും തളർച്ചയും ചിലർ പ്രകടിപ്പിച്ച്‌. സാമൂഹിക ബന്ധങ്ങളിൽനിന്ന് ചിലർ വിട്ടുമാറി. മാനസികാവസ്ഥകളാൽ ഉണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ പലരിലും പ്രകടിക്കപ്പെട്ടു.മാനസിക രോഗിയെന്ന് മുദ്രകുത്തി വിവാഹ മോചനങ്ങൾവരെ നടന്നു.

ഗൾഫ്‌ സിൻഡ്രം എന്ന പേരിലറിയപ്പെട്ടിരുന്ന വിരഹിണികളുടെ മാനസിക പ്രശ്നം കേരളത്തിന്റെ സംഭാവനയാണ്‌. ഇപ്പോൾ പുതിയ ഒരു രോഗം കൂടി പ്രവാസി കേരളത്തിന്‌ നൽകിയിരിക്കുന്നു. "സാറ്റർഡേ സിൻഡ്രം" വെള്ളിയാഴ്ചകളിൽ ലഭിക്കുന്ന ഫോൺ കോളിന്റെ പിരിമുറക്കത്തിൽ, ഗൾഫ്‌ ഭാര്യമാർക്ക്‌ പ്രവാസികൾ സമ്മാനിക്കുന്ന മറ്റോരു ഉപഹാരം.

ഗൾഫ്‌ ഭാര്യമാരുടെ ഭർതൃവിടിന്റെ അന്തരീക്ഷം വിരഹവുമായി പൊരുത്തപ്പെടാനോ അത്‌ തീവ്രതരമാക്കാനോ കാരണമാക്കിയിട്ടുണ്ട്‌. ഭർത്താവിന്റെ കുടുംബാംഗങ്ങളുടെ മനോഭാവം അവരുടെ ഭാര്യമാരുടെ സ്വസ്ഥതയുമായി ബന്ധപ്പെട്ടുനിൽക്കുന്നു. മകൻ ഗൾഫിൽനിന്ന് വിയർപ്പൊഴിക്കി സമ്പാദിക്കുന്നതെല്ലാം മരുമകൾ/സഹോദര ഭാര്യ കൈവശപ്പെടുത്തുകയാണെന്നോ അതിൽ ആധിപത്യം വെച്ച്‌ പുലർത്തുകയാണെന്നോ ചിലർ വിളംബരം ചെയ്തു. അതിന്റെ പേരിൽ പീഡനം നടത്തി.വ്യക്തിപരമായ വിഷമങ്ങൾ ഭർത്താവിനെ അറിയിക്കുന്നതിൽ നിന്നവർ വിലക്കി. ഭർത്താവ്‌ നാട്ടിലെത്തിയാൽ പോലും ഒന്നിച്ച്‌ നേരം ചിലവഴിക്കുന്നതിന്‌ തടസ്സം. എപ്പോഴും എന്തിനും കുറ്റപ്പെടുത്തലുകൾ. ഈ പ്രതികൂലാവസ്ഥയിൽ തനിച്ച്‌ മക്കളെ വളത്തുന്നതിലെ വിഷമങ്ങൾ. ഇതോക്കെ ഈതിയുരുക്കിപരുവപ്പെടുത്തിയ മാനസികരോഗമായിരുന്നു ഗൾഫ്‌ ഭാര്യമാരുടെ മാനസികരോഗങ്ങൾ.

ഗൾഫ്‌ ഭാര്യമാർ അവരുടെ അമ്മയോടും കൂംബത്തോടുമൊപ്പം താമസിക്കുമ്പോൾ താരതമ്യേന സംഘർഷം കുറവാണെന്ന് നിരീക്ഷിക്കുവാനായിട്ടുണ്ട്‌. പുതിയാപ്പിള സമ്പ്രദായം പിന്തുടരുന്നവർക്കിടയിൽ ഗൾഫ്‌ സിൻഡ്രമോ മറ്റ്‌മാനസിക സംഘർഷങ്ങളോ എറെക്കുറേ ഇല്ലായിരുന്നു എന്ന് കാണാനിടയായിട്ടുണ്ട്‌.

വേർപ്പിരിഞ്ഞിരിക്കുന്ന ഭർത്താവിന്‌ ഭാര്യമാരുടെ പേരിൽ സംശയം വെച്ചുപുലർത്തിയിരുന്നു ചിലർ. വേർപ്പാട്‌ ചിലർക്ക്‌ സംശയരോഗത്തിന്റെ പ്രധാനഹേതുവായിരുന്നു.

സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ചില ഭാര്യമാർക്ക്‌ ഭർത്താവിന്റെ അവധിക്കാല വരവാണ്‌ ഇന്ന് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ഡോ. അനിൽ കുമാർ ചൂണ്ടിക്കാണിക്കുന്നു. "അവർ നേരത്തെ വിരഹാവസ്ഥയെ അംഗീകരിക്കുന്നവരാണ്‌. ഭർത്താവിന്റെ സാമിപ്യമില്ലാതെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു. പുതിയ റോൾ അംഗീകരിക്കുന്നു. കുടുംബകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുകയും ഏകയായി പ്രവർത്തികമാക്കുകയും ചെയ്യുന്നവരാണിവർ. എകതയെ "റൊമാന്റിക്‌" ആക്കിമാറ്റുന്നു. ദൈനംദിന ചര്യകളിലൂടെ സക്രിയരാകുന്നു. ഇക്കൂട്ടരിൽ ചിലരുടെ "റൂട്ടിൻ" ഭർത്താവിന്റെ വരവ്‌ കാരണം തകിടംമറിയുന്നു. അതുവരെ ഉത്തരവാദിത്ത്വങ്ങൾ സ്വയം നിർവഹിച്ച അവരുടെ സ്വാതന്ത്ര്യത്തിന്‌ മീതെയുണ്ടാവുന്ന "ഇടക്കാല കൈകടത്തലുകൾ" പോലും ചിലർക്ക്‌ സഹിക്കാനാവുന്നില്ല. അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്നു. ഇടക്ക്‌ "കേറി വരുന്ന" ഭർത്താവ്‌ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ അത്‌വരെ ചെയ്തതെല്ലാം അവഗണിക്കുകയോ ചെയ്യുമ്പോൾ അവർ പ്രതികരിക്കുന്നു. നാല്‌ നാൾ കഴിഞ്ഞ്‌ ഭർത്താവ്‌ മടങ്ങുമ്പോൾ ഇതോക്കെ താൻ തന്നെ ചെയ്യേണ്ടിവരും എന്നതും ഭാര്യക്കറിയാം. ഭർത്താവുമായുള്ള പുനസമാഗമം ആഘോഷമല്ലാതെപോകുന്ന, ചിലപ്പോൾ ഏറെ അസ്വസ്ഥകരമാകുന്ന നിർഭാഗ്യവതികളെയും ഗൾഫ്‌ കുടിയേറ്റം ഉണ്ടാക്കിയിരിക്കുന്നു.

80% ഗൾഫ്‌ ഭാര്യമാരും അമ്മമാരാണ്‌. ഭർത്താവിന്റെ ഗൾഫ്‌ വാസം സ്ത്രീ-ഏകരക്ഷകർതൃ കുടുംബത്തിന്റെ എണ്ണം പെരുപ്പിച്ചിരിക്കുന്നു. ആണിനെപ്പോലെ രക്ഷകർതൃത്വം ഭൂരിപക്ഷം സ്ത്രികളും എറ്റെടുത്തിട്ടുണ്ട്‌. ഒട്ടുമിക്ക സ്ത്രീകളും കുടുംബഭരണ രംഗത്ത്‌ വിജയിച്ചിട്ടുണ്ട്‌. കുടുംബകാര്യ നിർവ്വഹണതലങ്ങളിൽ അവർ അമ്മയും അഛനുമായി മാറി. ഗൾഫ്‌ ഭാര്യമാരുടെ താൽപര്യവും നിർവ്വഹണവും കൊണ്ടാണ്‌ കുട്ടികളുടെ പഠനം ഫലവത്തായി പല കുടുംബങ്ങളിലും നടക്കുന്നത്‌. സ്കൂൾ അധ്യപക-രക്ഷകർതൃസംഘത്തിൽ അവർ സജീവമാണ്‌. പഠന സഹായികളായി വർത്തിക്കാനും കുട്ടികളുടെ പഠനകാര്യത്തിൽ തീരുമാനമെടുക്കുന്നതിലും അവർ സമർഥകളാണ്‌. ബാങ്കിങ്ങ്‌ കാര്യങ്ങളിൽ പരിചയസമ്പന്നരാണവർ. 10-ൽ എട്ട്‌ പേർക്ക്‌ സ്വന്തമായി ബാങ്ക്‌ അക്കൗണ്ടുണ്ട്‌. പകുതിയിലധിയം ഗൾഫ്‌ ഭാര്യമാരുടെയും പേരിൽ സ്വത്തോ വീടോ ഉണ്ട്‌. ഭൂരിപക്ഷ ഗൾഫ്‌ കുടുംബങ്ങളിലും ഭാര്യമാർക്കിടയിലുണ്ടായ ഈ പുതിയ സാമൂഹിക രൂപന്തരം Social Transition, ഗൽഫ്‌ കിടിയേറ്റം മലയാളി സമൂഹത്തിന്‌ നൽകിയ, ആരു കാണതെ പോകുന്ന നേട്ടങ്ങളിലൊന്നാണ്‌.

ഉത്തരവാദിത്ത നിർവ്വഹണം നടത്തുന്ന സ്ത്രീസമൂഹത്തൊട്‌ കേരളം നീതി കാണിച്ചിട്ടില്ല. സഹാനുഭൂതിയോടെ അവരുടെ പ്രശ്നങ്ങളെ അഭിമുഖികരിച്ചിട്ടില്ല. അവരുടെ മാനസിക സമൂഹിക സഹചര്യങ്ങൾ തിരിച്ചറിഞ്ഞ്‌ സഹായമരുളാൻ സംസ്കാരിക കേരളം/ആരോഗ്യ കേരളം മുതിർന്നിട്ടില്ല. ഗൾഫ്‌ ഭാര്യമാർക്ക്‌ വേണ്ടി ഒരു പഠനക്ലാസ്‌ പോലും നടത്താൻ ക്ഷേമപ്രവർത്തനങ്ങളിൽ വ്യപൃതരായ സംഘടനകളോ മതസംഘടനകളോ, പ്രവാസി സംഘടനകളോ തയ്യറായിട്ടില്ല.

"91-ലെ ഗൾഫ്‌ യുദ്ധത്തിന്‌ ശേഷം, എന്റെ ഭാർത്താവ്‌ നാട്ടിലുള്ള ജോലി രാജിവെച്ച്‌ കുവൈത്തിലേക്ക്‌ പോയി. സത്യത്തിൽ, അദേഹം എന്റെ ജീവതത്തിൽ നിന്ന് തന്നെയാണ്‌ പോയത്‌. അനിശ്ചിത്വത്തിന്റെ നാളുകളായിരുന്നു എനിക്കത്‌. ഭർത്താവ്‌ തിരിച്ച്‌ വന്ന്, പഴയജോലിയിൽ തുടരുന്നുണ്ടെങ്കിലും, ഇപ്പോഴും ഞാൻ ഭയപ്പെടുന്നു, ഞങ്ങൾക്കിടയിൽ എന്തോ ഒന്ന് ഉരുണ്ട്‌കൂടികിടക്കുന്ന പോലെ" അധ്യപികയായ ഒരു ഗൾഫ്‌ ഭാര്യയുടെ മൂർച്ചയുള്ള വാക്കുകളാണിത്‌. പറയാതെ പറയുന്ന സത്യങ്ങൾ.

3% പ്രവാസികളും വിവാഹത്തിന്റെ ആദ്യനാളുകളിൽ അറമ്പിപൊന്നും തേടി പറന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പ്രവാസികളിൽ മൂന്നിലോന്ന് വിവാഹശേഷം 3 മാസത്തിന്‌ താഴെ മാത്രം ഭാര്യയോടോത്ത്‌ കഴിഞ്ഞവരാണ്‌. 45% പ്രവാസികളും വിവാഹത്തിന്റെ ആദ്യവർഷം തന്നെ പറന്നവരും.

80% ഗൾഫ്‌ ഭാര്യാമാരും, വിഷാദ രോഗത്തിനടിമകളാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. കുട്ടികളുടെ വിദ്യഭ്യാസം, ചുമലിലുള്ള ഉത്തരവാദിത്ത്വത്തിന്റെ ഭാരം, കുടുംബത്തിനകത്തുള്ള സംഘർഷങ്ങൾ എന്നിവയാൽ, നീറിപുകയുകയാണ്‌ ഒരോ ഗൾഫ്‌ ഭാര്യയും.

സ്വന്തം ഭർത്താവിന്റെ മുഖത്ത്‌നോക്കി, ഓരോ ഗൾഫ്‌ ഭാര്യമാരും പറയുന്നു. "അറബി പൊന്നിന്റെ, മണികിലുക്കമല്ല, പടുതുയർത്തിയ മാർബിൾ കൊട്ടാരമല്ല, ഒരു ഭാര്യ എന്ന നിലയിൽ എനിക്ക്‌ വേണ്ടത്‌"അതാണ്‌ CDS പഠനത്തിൽ, 84% ഗൾഫ്‌ ഭാര്യമാരും പറഞ്ഞത്‌, എന്റെ മകളെ ഒരു ഗൾഫ്‌കാരന്‌ കൊടുക്കില്ലെന്ന്. വിരഹത്തിന്റെ ചൂടറിഞ്ഞവർ, പ്രവാസിയുടെ മുഖത്തടിച്ചപോലെ, തുറന്ന് പറഞ്ഞു. സ്വർണ്ണ കൂമ്പാരത്തിന്‌ അവരുടെ ആവശ്യം നിറവേറ്റാനാവില്ലെന്ന്.
--------------- ---------------------- ---------
മൂന്ന് പതിറ്റാണ്ടായി, കേരളത്തിന്റെ ഖജനാവിലേക്ക്‌ ഒഴിക്കിയെത്തുന്ന കോടികൾ, കൈയിട്ട്‌ വാരി തിന്നുന്ന, എല്ലാപാർട്ടിക്കാരും, പ്രവാസിയുടെ പേരിൽ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകളും, ഒന്നോർത്താൽ നന്ന്. പ്രവാസികൾ, അവരുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്ന ഒരു നാൾ, അന്ന്, ഓടിയോളിക്കാൻ മാളമന്വേഷിച്ച്‌ നടക്കുന്ന ഗതികിട്ടാ പ്രേതങ്ങളായി, നിങ്ങളും നിങ്ങളുടെ സംഘടനകളും അലയേണ്ടിവരും. പ്രവാസി ആരുടെയും ഔധാര്യം ചോദിക്കുന്നില്ല. അവകാശങ്ങൾക്ക്‌ വേണ്ടി, അവൻ കൊടിപിടിക്കുന്നില്ല. ബന്ദും സമരവും സംഘടിപ്പിക്കുന്നില്ല. നിങ്ങളുടെ ആരുടെയും ഉറക്കം കെടുത്തുന്നില്ല. മറിച്ച്‌, നിങ്ങൾ സുഖമായുറങ്ങുന്നത്‌, 75% കേരളത്തിന്റെ ജനത ജീവിക്കുന്നത്‌, പ്രത്യക്ഷമായോ, പരോക്ഷമായോ, പ്രവാസിയുടെ വിയർപ്പിനാൽ തന്നെയാണെന്ന സത്യം മനസിലാക്കുക.

പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കുവാനും, അവന്‌ സഹയാമരുളാനും, സർക്കാരോ, സംഘടനകളോ തയ്യറായില്ലെങ്കിൽ, പ്രവാസികളുടെ ചൂടും ചൂരുമറിഞ്ഞ ബീരാൻ മുന്നറിയിപ്പ്‌ തരുന്നു. പ്രവാസികൾ മുഖത്തണിഞ്ഞിരിക്കുന്ന സഹനത്തിന്റെ മൂട്‌പടം അഴിഞ്ഞ് വീണ്കൊണ്ടിരിക്കുന്നു. മണൽക്കാട്ടിൽ അങ്ങിങ്ങ്, തീപ്പോരികൾ കാണുവാൻ തുടങ്ങിയിരിക്കുന്നു. ഈ തീജ്വാലകൾ ആളിപടർന്നാൽ, കേരളത്തിന്റെ മുഴുവൻ നാശത്തിനും അത്‌ കാരണമാവും. കേരളത്തിന്റെ എറ്റവും വലിയ വ്യവസായമാണ്‌ പ്രവാസികൾ, ആ വ്യവസായത്തിന്‌, ഇടക്കെങ്കിലും അറ്റക്കുറ്റപണികൾ നടത്തിയില്ലെങ്കിൽ, അക്രമത്തിലും, അനീതിയിലും, അത്മഹത്യയിലും 100% നേട്ടം കൈവരിച്ചെന്ന് മേനിനടിക്കുന്ന സംസ്കാരരഹിത കേരളത്തിന്റെ പതനം അതിവിദൂരമല്ല.

കൃത്യമായി പ്രവാസികളുടെ എണ്ണംപോലുമറിയാത്ത, സർക്കരും, എംബസിയെന്നാൽ പാസ്പോർട്ട്‌ പുതുക്കുന്ന മെഷീൻ മാത്രമാണെന്ന ചിന്തയുള്ള ഉദ്യേഗസ്ഥരും, പാട്ടപിരിവിനിറങ്ങുന്ന, കാക്കത്തോള്ളായിരം സംഘടനകളും, ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ....

മഹല്‌ കമ്മറ്റികളും അംമ്പല കമ്മറ്റികളും മുളച്ച്‌ പൊന്തുന്ന മണൽക്കാട്ടിലെ, ശവം തീനികളായ നേതാകളോട്‌, ഒരു ചോദ്യം. ജീവനുള്ള ശവങ്ങളായി ജീവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളെങ്കിലും, പഠിക്കാനുള്ള, അറിയാനുള്ള ശ്രമം നിങ്ങൾ നടത്തിയിരുന്നെങ്കിൽ.
------------- -------------------------------------
കടപ്പാട്‌:-എൻ.പി. ഹാഫിസ്‌ മുഹമ്മദ്‌ - സോഷ്യോളജിസ്റ്റ്‌.
Dr S Irudaya Rajan of the Centre for Development.
'Kerala Migration Study' undertaken by Dr Rajan alongwith CDS colleagues K C Zachariah and K P Kannan.

17 comments:

  1. ബീരാന്‍ കുട്ടി said...

    മഹല്‌ കമ്മറ്റികളും അംമ്പല കമ്മറ്റികളും മുളച്ച്‌ പൊന്തുന്ന മണൽക്കാട്ടിലെ ശവം തീനികളായ നേതാകളോട്‌ ഒരു ചോദ്യം. ജീവനുള്ള ശവങ്ങളായി ജീവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളെങ്കിലും, പഠിക്കാനുള്ള, അറിയാനുള്ള ശ്രമം നിങ്ങൾ നടത്തിയിരുന്നെങ്കിൽ.

  2. ബഷീർ said...

    i read

  3. നരിക്കുന്നൻ said...

    അതേ ബീരാൻ കുട്ടീ..
    നാം പ്രവാസികൾ ഒരുപാട് മാറേണ്ടിയിരിക്കുന്നു. പ്രബുദ്ധ കേരളം പ്രവാസിയുടെ മടിശ്ശീല നോക്കി മാത്രം കോട്ടുവായിട്ട് നടക്കുമ്പോൾ, നമ്മുടെ പ്രശ്നങ്ങൾ കേൾക്കാൻ ഒരു സംവിധാനവുമില്ലന്ന തിരിച്ചറിവ് നമ്മിലോരോരുത്തരിലും വളർത്തേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ജീവിത ശൈലിയിൽ വളരെ പ്രസക്തമായ മാറ്റങ്ങൾ കൊണ്ട് വന്നവരാണ് പ്രവാസികൾ. അവരുടെ വേദന അതെന്ത് തന്നെയായാലും പരിശോദിക്കാനും അതിനുള്ള പരിഹാരങ്ങൾ കണ്ടെത്താനും നമ്മുടെ നേതാക്കൾ, സർക്കാരുകൾ മുന്നിട്ട് വരേണ്ടത് തന്നെയാണ്.
    പക്ഷേ, എങ്ങനെയാണ് പരിഹാരം? ബീരാന്റെ എഴുത്തിൽ പ്രവാസികളുടെ പ്രശ്നം ഒരേ ഒരു കാര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പേലെ തോന്നി. പ്രവാസിയുടെ ഭാര്യമാരുടെ ഒടുങ്ങാത്ത കാമാസക്തി മാത്രമാണോ പ്രവാസിയുടെ പ്രശ്നങ്ങൾ? അഥവാ ഇങ്ങനെ ഒരു പ്രശ്നത്തിന് നമ്മുടെ സർക്കാറിന് എന്ത് ചെയ്യാനാവും? കല്യാണം കഴിച്ചാൽ ഭാര്യയെ കൂടെ കൊണ്ട് പോകണമെന്ന, അല്ലെങ്കിൽ കല്യാണം കഴിഞ്ഞാൽ നാട്ടിൽ തന്നെ നിന്ന് വല്ല ജോലിയും ചെയ്യണമെന്ന പരിഹാരത്തിന് എത്ര പേർക്ക് കൂടെ നിൽക്കാൻ കഴിയും. പ്രവാസി ഭാര്യമാരുടെ കാമാസക്തി ഇങ്ങനെ ചർച്ച ചെയ്യേണ്ടതാണോ എന്ന ഒരു സംശയം എനിക്കുണ്ട്. കാമം പ്രവാസി ഭാര്യക്ക് മാത്രമാല്ല. എല്ലാവർക്കുമുള്ളതാണ്. മുൻ പോസ്റ്റിൽ പ്രയാസിയെന്ന സുഹൃത്ത് പറഞ്ഞ പോലെ ‘ഇതിന് ഭർത്താവ് ഗൾഫ് വരേ പോകണമെന്നില്ല, അടുത്തുള്ള സൂപ്പർമാർക്കറ്റിൽ പോയാൽ മതി’. വിരഹവും, വിരഹ വേദനയും, അതിനാൽ ഉണ്ടാകുന്ന രോഗങ്ങളും സ്ത്രീകളിൽ മാത്രമാല്ല, പുരുഷന്മാരിലും ഉണ്ട്. അതിനാൽ ഇവയിൽ നിന്നും മോചനം നമുക്കാവശ്യമാണ്. ഇതിന് ബീരാന്റെ പോസ്റ്റുകൾ പരിഹാരം കണ്ടെത്തും എന്ന് പ്രത്യാശിക്കുന്നു. ഒരുപാട് ചർച്ച ചെയ്യപ്പെടേണ്ട ഈ വിഷയം ഇവിടെയിങ്ങനെ ഒതുങ്ങി പോകരുത്.

  4. മന്‍സുര്‍ said...

    എല്ലാം പകല്‍ വെളിച്ചം പോലെ സത്യം....പക്ഷേ
    മണല്‍കാട്ടില്‍ നിന്നും ഉയരുന്ന ആ രോദനങ്ങള്‍ ആരും കേള്‍ക്കുന്നില്ലേ അതോ..കേള്‍ക്കാത്ത പോലെ നടിക്കുകയാണോ..??

    അറിയില്ല...ഒരു നാടിന്‍റെ വളര്‍ച്ചയുടെ ..ഉയര്‍ച്ചയുടെ
    ശില്‌പികള്‍ ഇവിടെ വലിച്ചെറിയപ്പെടുന്നു.....വെറും കറിവേപ്പില പോലെ...അതെ....കറിവേപ്പില പോലെ.

    പ്രവാസി ഇന്നലെയും..ഇന്നും...നാളെയും പ്രയാസി തന്നെ.

    കൂട്ടത്തില്‍ നിങ്ങളിലെ ഞാനും ഒരു പ്രവാസി അല്ല പ്രയാസി.

    ബീരാന്‍കുട്ടി...അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

    മന്‍സൂര്‍,നിലബൂര്‍

  5. ബീരാന്‍ കുട്ടി said...

    നരിക്കുന്നൻ,
    പ്രവാസികളുടെ ഒരു പ്രശ്നത്തിൽ കൈവെച്ചപ്പോഴെക്കും എന്തായിരുന്നു ഇവിടെ പുകില്. എന്നെ, നീരീശ്വാരവാദിയും യുക്തിവാദിയും പിന്നെ എന്തോക്കെയോ വാദിയാക്കി മാറ്റി. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് ഒരു പഞ്ഞവുമില്ല. കാത്തിരിക്കുക.

    മൻസൂർ,
    നന്ദി, വേദന പങ്ക്‌വെച്ചതിന്.

    ബഷീർ, നന്ദി. അഭിപ്രായങ്ങൾ തുറന്ന് പറയുക.

  6. ബീരാന്‍ കുട്ടി said...

    പ്രവാസി ദിവാസ് അഘോഷിക്കുന്ന നേതകള്‍, നാളെ, ഷാര്‍ജ്ജയില്‍ ഒത്ത്‌കൂടി, വിമാന ചാര്‍ജ്ജ് കുറക്കണമെന്ന് ആവശ്യപ്പെടാന്‍ പോകുന്നു. മലബാറിലെ മുഴുവന്‍ പ്രവാസികള്‍ക്ക് അനന്ദിക്കാന്‍ ഇതില്‍പരം ഒരു സുഭമുഹൂര്‍ത്തം ഇനി വരില്ല.
    ബീരാന്‍ കുട്ടി ഒരു ചെറിയ സംശയം ചോദിക്കട്ടെ, ഈ കോട്ടും സ്യൂട്ടുമണിഞ്ഞവരില്‍, എത്രപേര്‍ക്ക്, ജബല്‍‌അലിയിലെ ലബര്‍ ക്യാമ്പ് അറിയാം?.
    അഹ്ലാദിപ്പീന്‍‌‌ , ആനന്ദിപ്പീന്‍. മലബറിലെ മുഴുവന്‍ പ്രവസികളുടെയും ഏക പ്രശ്നം, നാളെ പരിഹരിക്കുന്നു. മലബാറിലെ പ്രവാസികള്‍ക്ക് ഇനി പ്രശ്നങ്ങള്‍ ഇല്ലെ, ഇല്ലെ

  7. നരിക്കുന്നൻ said...

    വിമാനക്കൂലിയും ഒരു പ്രശ്നമാ ബീരാൻ കുട്ടീ...എന്നാലല്ലേ ആറുമാസം കൂടുമ്പോൾ നാട്ടിലൊക്കെ പോയി വരാൻ നമ്മടെ പാവം ലേബർക്യാമ്പിലെ പ്രവാസികൾക്കാവൂ...

    ‘ലോകം മൊത്തം ബാങ്കുകൾ സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ അടച്ച് പൂട്ടൽ ഭീഷണിയിൽ നിൽക്കുമ്പോഴും ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ബാങ്കുകൾ സുരക്ഷിതമെന്ന് മുഖ്യമന്ത്രി. ഇതാണ് പ്രവാസിയുടെ പണത്തിന്റെ വിലയെന്ന് ഇപ്പോഴും പക്ഷേ അംഗീകരിക്കാൻ ഒരു മടിയില്ലേ...’

  8. ബീരാന്‍ കുട്ടി said...

    നരിക്കുന്നന്‍,
    എണ്ണയുടെ വിലക്കുറവിനനുസരിച്ച്, ഗള്‍ഫിലെ സാമ്പത്തിക രംഗത്ത്, ഇന്നോ നാളെയോ, സംഭവിക്കാവുന്ന പ്രത്യാഘാതം, ആദ്യം തളര്‍ത്തുന്നത് കേരളത്തിനെയായിരിക്കും. അതിവിദൂരമല്ലാത്ത ഭാവിയില്‍, പ്രവാസികളുടെ മടങ്ങിവരവ്, കേരളത്തിന് തലവേദന സ്ര്‌ഷ്ടിക്കുവാന്‍ പോവുകായാണ്. എന്നിട്ടും, ഇന്നലെ മന്ത്രി പറഞത്, അതിനെക്കുറിച്ച് പഠിക്കാന്‍ തല്‍ക്കാലം ഉദേശിക്കുന്നില്ലെന്ന്. മന്ത്രിക്ക് ടോയ്‌ലറ്റില്‍ പോവാന്‍ പേപ്പര്‍ കിട്ടിയില്ലെങ്കില്‍, പ്രവാസി സംഘടനകള്‍ ഒന്ന് രണ്ട്, നിവേദനം കൊടുത്ത്, മത്രിയെ സഹായിക്കണം. അത് മാത്രമാണല്ലോ പ്രവാസി സംഘടനകള്‍ക്ക് ചെയ്യുവാന്‍ കഴിയുക.

  9. ബ്ലോഗ് തൂവല്‍ said...

    ബീരാന്‍‌കുട്ടി- താങ്കളുടെ ഇതിനു മുന്‍പത്തെ പല പോസ്റ്റുകളും, കമന്റുകളും ഞാന്‍ വായിച്ചിട്ടുണ്ട് ഇതെല്ലാം കൂട്ടിച്ചേര്‍ത്തുവെച്ചു നോക്കിയപ്പോള്‍ എനിക്കു മനസ്സിലായ കാര്യങ്ങള്‍ താഴെ വ്യക്തമാക്കുന്നു.

    പ്രവാസികളുടെ ഭാര്യമാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തുകൊണ്ടോ പലര്‍ക്കും വിഷയാവതരണം ശരിക്കും മനസ്സിലായില്ലാ എന്ന സത്യമാണ് പല കമന്റുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്. അതല്ലാ എങ്കില്‍ മനസ്സിലായ പലരും മറ്റൊരു തരത്തിലേക്ക് ഇതിന്റെ ചര്‍ച്ച കൊണ്ടുപോവാന്‍ ശ്രമിക്കുന്നതായിട്ടും കാണുന്നുണ്ട്.
    ഇങ്ങനെയൊരു വിഷയം ബ്ലോഗില്‍ കണ്ടതുമുതല്‍ ഞാനെന്റെ പല സുഹൃത്തുക്കളുമായി ഇതേപ്പറ്റി ചര്‍ച്ചചെയ്തു. അതില്‍ നിന്നും നടുക്കമുണ്ടാക്കുന്ന പല സത്യങ്ങളുമറിയാന്‍ കഴിഞ്ഞു.
    ഇന്നു കേരളത്തില്‍ പ്രവാസിയുടെ ഭാര്യമാര്‍ വഴിനടക്കുമ്പോള്‍ എന്തുകൊണ്ട് അര്‍ത്ഥം വെച്ചുള്ള നോട്ടങ്ങളും, കുശുകുശുപ്പുകളും നടത്താന്‍ ഇന്നത്തെ സമൂഹം ശ്രമിക്കുന്നു? എന്താണതിനു കാരണം ? ആരാണു കാരണക്കാരന്‍? വളരെ മോശമായ തരത്തില്‍ ജീവിക്കുന്ന മറ്റുപലരെയും സമൂഹം കണ്ടില്ലെന്നു നടിക്കുന്നതെന്തുകൊണ്ട്?
    ഇതിനു ഒരേയൊരുത്തരമേയുള്ളൂ എവിടെയൊക്കെയോ പുകയുണ്ടായിട്ടുണ്ട് അതിനി എത്രതന്നെ മറച്ചു വെക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ ഒരഗ്നിപര്‍വ്വതത്തെവെല്ലുന്ന തരത്തില്‍ പുറത്തുവരും എന്നു ഞാന്‍ നിസ്സംശയം പറയുന്നു. കണ്ണടച്ചാല്‍ ഇരുട്ടാവില്ല എന്നാണല്ലൊ പറയപ്പെടുന്നത്.

    കേരളത്തിലെ നൂറു ശതമാനം പ്രവാസികളുടെ ഭാര്യമാരും തെറ്റായ വഴിയില്‍ ജീവിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നില്ല പക്ഷെ കുറഞ്ഞ ശതമാനമെങ്കിലും വഴിതെറ്റിപ്പോയിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. പിന്നെയുള്ള കുറച്ചാളുകള്‍ സമൂഹത്തെ ഭയന്ന് തെറ്റില്‍ നിന്നും മാറിനില്‍ക്കുന്നു. പക്ഷെ ചിലര്‍ സ്വന്തം ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്റെ പേരില്‍ തെറ്റിലേക്കു വഴിതിരിയുന്നില്ല ( അത് അവള്‍ക്കു വേണ്ടതെന്തോ സ്നേഹമായാലും , മറ്റെന്തായാലും തികച്ചും നല്‍കാന്‍ സാധിച്ചവന്റെ സഖിയാണ്).
    ഇത് സത്യമാണ് പല സംഭവങ്ങളും കേരളത്തില്‍ നടന്നതിന്റെയും ഇപ്പോഴും നടക്കുന്നതിന്റെയും വെളിച്ചത്തില്‍ കണ്ണടച്ചിരുട്ടാക്കുന്നതിനു പകരം കേവലം ഒരു കൌണ്‍സിലിംഗ് എങ്കിലും നടത്താന്‍ കഴിഞ്ഞാല്‍ ഒരു പരിഥിവരെ വിജയിക്കാന്‍ കഴിഞ്ഞു എന്നു കരുതാം.
    പിന്നെ പെറ്റുപെരുകുന്ന പ്രവാസി സംഘടനകളെക്കുറിച്ചന്വേഷിച്ചപ്പോള്‍ ഏറെക്കുറേയറിയാന്‍ കഴിഞ്ഞു. പക്ഷെ പല സംഘടനകളും പുറം മോഡിയിലൊതുങ്ങുന്നു എന്നതാണറിയാന്‍ കഴിഞ്ഞത്. തലപ്പത്തിരിക്കുന്ന പലരുടെയും സ്വാര്‍ഥ ലാഭത്തിനു വേണ്ടി മാറിയിരിക്കുന്നു പ്രവാസ സംഘടനകള്‍ എന്നതൊരു ദുഃഖസത്യമാണ്.
    എന്നാലും പ്രവാസിക്കു ഗുണകരമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന ഒത്തിരി നല്ല സംഘടനകളുമുണ്ട് എന്നതും നിശേധിക്കാന്‍ കഴിയുന്നതല്ല.

    പിന്നെ ഈ പോസ്റ്റില്‍ നരിക്കുന്നന്‍ എന്ന സുഹൃത്തിന്റെ കമന്റ്കണ്ടു ലേബര്‍ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ടിക്കറ്റ് കിട്ടുകയാണെങ്കില്‍ ആറുമാസം കഴിയുമ്പോള്‍ നാട്ടിലേക്കു പറക്കാന്‍ കഴിയുമെന്ന് . ഇതില്‍ എത്രത്തോളം ശരിയുണ്ടെന്നത് ഓരോ പ്രവാസിയും ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു.
    ചര്‍ച്ചകള്‍ സൌഹാര്‍ദ്ദമായി തുടരട്ടെ എന്നാശംസിക്കുന്നതോടൊപ്പം കമന്റ് നീണ്ടുപോയതില്‍ ക്ഷമചോദിക്കുന്നു.
    അക്ഷരത്തെറ്റുകളും വാക്കുകളില്‍ പിശകുമുണ്ടാകും. ക്ഷമിക്കുക എന്നുമാത്രമെ പറയാന്‍ കഴിയൂ’

  10. ബീരാന്‍ കുട്ടി said...

    ബ്ലോഗ് തൂവൽ,

    നന്ദി നേർവായനക്ക്.

  11. നരിക്കുന്നൻ said...

    പ്രിയ ബ്ലോഗ് തൂവൽ,
    ലേബർക്യാമ്പിലെ തൊഴിലാളികൾക്ക് 6 മാസം കൂടുമ്പോൾ നാട്ടിൽ പോകുന്നതിനെപറ്റി കമന്റിയതിനെ കുറിച്ച് ബീരന്റെ തന്നെ ഗൾഫ്മാരുടെ ഭാര്യമാർ എന്നതിന്റെ 2ആം ഭാഗത്തിലെ കമന്റുകൾ കൂടി കൂട്ടിവായിക്കാൻ അപേക്ഷിക്കുന്നു.

  12. ബീരാന്‍ കുട്ടി said...

    ഷാഫ്‌
    നന്ദി, കുറച്ചോക്കെ മനസിലായി അല്ലെ.

    ഞാൻ പ്രവാസിയാണ്‌, എനിക്ക്‌ ചുറ്റും ജീവിതവും ജീവനും നഷ്ടപ്പെടുത്തുവരെക്കുറിച്ച്‌ ചിന്തിച്ചപ്പോഴാണ്‌ ഇങ്ങനെ ഒരു വിഷയം കിട്ടിയത്‌. കൈവെച്ചപ്പോഴാണറിയുന്നത്‌, ഇതിത്തിരി പൊള്ളുമെന്ന്. എന്തായാലും ഇറങ്ങിതിരിച്ചു, എന്നാൽ ഡിറ്റയിലായി പറയാമെന്ന് കരുതി.

    കുറ്റം പ്രവാസിയുടെതാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാണെന്റെ യാത്ര. പ്രവാസികൾ കൂട്ടത്തോടെ, സമൂഹത്തിന്റെയും സമുദായത്തിന്റെയും, ജാതിയുടെയും മതത്തിന്റെയും പേരിൽ എന്നെ അക്രമിക്കുന്നത്‌ കാണുബോൾ, സത്യമല്ലെ എന്ന് തോന്നിപോവുന്നു. മുഴുവനും അല്ലെങ്കിലും.

    ജീവിതപ്രാരബ്ദം കൊണ്ടിവിടെ എത്തിയവരാ നമ്മൾ, കാലവസ്ഥയും, പ്രതികൂല സഹചര്യങ്ങളും കാരണം ജീവിതം മുഴുവൻ ഹോമിക്കുവാൻ വിധിക്കപ്പെട്ടവർ. എന്നാൽ ഇത്തിരി ശ്രദ്ധിച്ചാൽ, ഒന്ന് മനസ്സിരുത്തിയാൽ, ദാമ്പത്ത്യ ജീവിതമെങ്കിലും നമ്മുക്ക്‌ വിജയത്തിലെത്തിക്കാം. അതിന്‌, ഇസ്ലാമിന്റെ വേഷം മാത്രം പോര. ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന്‌ പാരിഹരങ്ങളും നിർദ്ദേശങ്ങളും നൽക്കുന്ന നല്ല കിത്താബുകൾ ഉണ്ട്‌, (ബാക്കിയുള്ളത്‌ ഹറമായത്‌കൊണ്ട്‌, നേരിട്ട്‌ ചൂണ്ടുന്നു) അത്‌ സൂഫിവര്യന്മർ എഴുതിയത്‌, പായയിൽ പൊതിഞ്ഞ്‌, പൊടിതട്ടാതെ അലമാരയിൽ സുക്ഷിക്കാനല്ലെന്ന് മനസിലാക്കിയാൽ നന്ന്.

    ഭാര്യയെ തൃപ്തിപെടുത്തുവാൻ കഴിയാത്തതിന്റെ പേരിൽ, നാളെ നിങ്ങളെ ചോദ്യം ചെയ്യുമോ എന്ന് ഈ കപടവേഷധാരികളോട്‌ ചോദിക്കുക. ഉത്തരം പറഞ്ഞ്‌തരുമോ???

  13. Sameer Thikkodi said...

    വളരെ നല്ലതും ചിന്തോദ്ദീപനവുമാ‍യ ചില കാര്യങ്ങള്‍ (പ്രവാസികളെയും, അവരെ ആശ്രയിക്കുന്ന സമൂഹത്തിന്റെയും) ചര്‍ച്ച ചെയ്തതില്‍ സന്തോഷം.
    മനുഷ്യര്‍ പല തരത്തിലാണ്. അതു പോലെ തന്നെ പ്രവാസികളും അവരുടെ ആശ്രിതരും; വളരെ ചുരുക്കം മാത്രമേ യുക്തമായി ബുദ്ധിപൂര്‍വ്വം പ്രവാസത്തെ കൈകാര്യം ചെയ്തിട്ടുള്ളൂ... ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ പ്രവാസികുടുംബം ചിട്ടപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് നാട്ടിലും മറുനാട്ടിലും ആവശ്യമായ പഠനങ്ങള്‍ വേണ്ടിയിരിക്കുന്നു. ഒപ്പം വീട്ഭരണം സുഖമമാക്കുവാന്‍ നാട്ടിലെ പ്രവാസികളുടെ ഭാര്യമാര്‍ക്ക് അത്തരത്തിലുള്ള ക്ലാസുകളും നടത്തേണ്ടിയിരിക്കുന്നു. മാതാപിതാക്കള്‍ എന്നതില്‍ നിന്നും മാതാവിനു തന്നെ കുട്ടികളെ കാര്യക്ഷമമായി വളര്‍ത്തിയെടുക്കാനുള്ള അറിവ് നല്‍കേണ്ടിയിരിക്കുന്നു. അതിനുള്ള പദ്ധതികള്‍ കുടുംബ ക്ഷേമ വകുപ്പ് ആരംഭിക്കേണ്ടിയിരിക്കുന്നു. ഒപ്പം സാമ്പത്തിക കാര്യത്തിലുള്ള അച്ചടക്കം പാലിക്കുവാന്‍ പാകപ്പെടുത്തുകയും വേണം.
    പിന്നെ പണ്ടു മുതലേ പ്രവാസികള്‍ (പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികള്‍) ചെയ്തു വെച്ച സാഹചര്യങ്ങള്‍ (ആര്‍ഭാടവും, പൊങ്ങച്ചവും, വലിയ വീടും, കാറും,....)അതിനോട് ഒരു പരിധി വരെയെങ്കിലും കിടപിടിക്കുവാന്‍ നാം മത്സരിക്കുന്നു... ഇതൊന്നും കഴിയാത്തവനെ സമൂഹം കൊള്ളരുതാത്തവനായി കാണുന്നു. സമൂഹത്തിന്റെ ഇത്തരം കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു. നമുക്ക് മാറ്റേണ്ടീയിരിക്കുന്നു.

    ഈ ചര്‍ച്ച തുടരുക... ഭാവുകങ്ങള്‍

  14. rumana | റുമാന said...

    ഇതേകുറിച്ച് ഒരുബ്ലോഗ് എഴുതണമെന്ന് കരുതിയിരികുകയായിരുന്നു. ആയിടക്കാണ് ചൂടോടെ എഴുതേണ്ട ചില വിഷയങ്ങള്‍ കിട്ടിയത്, ഏതായാലും ഞാന്‍ മനസ്സില്‍ കരുതിയ പലകാര്യങ്ങളും ഇവിടെ വായിക്കാനായതില്‍ സന്തോഷം.

    ശരിയാണ്, കാലമിത്രയായിട്ടും പ്രവാസിയുടെ മനസ്സ് കാണാന്‍ ആരും ശ്രമിച്ചിട്ടില്ല. മുമ്പൊക്കെ കത്ത് പട്ടുകള്‍ കേള്‍ക്കുമ്പോഴെങ്കിലും പ്രവാസിയെ ഓര്‍ക്കുമായിരുന്നു. ഇന്ന് എന്തോന്നറിയില്ല... ഒരു തരം ശൂന്യതയാണ് പ്രവാസികള്‍ക്ക്, അത് കണ്ടെത്തി നികത്താന്‍ അവരൊട്ട് ശ്രമിക്കുന്നുമില്ല.സാഹചര്യം അനുവദിക്കാത്തതിനാലാകാം, എന്നാലും.... കുറെ ഒക്കെ സ്വന്തം വീട്ടുകാര്‍ വിജാരിച്ചാല്‍ പരിഹരിക്കാനാകില്ലെ...

    ആവശ്യങ്ങളെ അത്യാവശ്യങ്ങളാക്കുന്ന സ്വഭാവം നമുക്കില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ...

  15. ബീരാന്‍ കുട്ടി said...

    സമീർ,

    വന്നതിലും അഭിപ്രായം തുറന്ന് പറഞ്ഞതിലും നന്ദി.

    ആർഭാടവും, പൊങ്ങച്ചവും കഴിവുള്ളവർ കാണിക്കട്ടെ, പക്ഷെ, അതിന്‌ പിന്നാലെ, കഴിവില്ലാത്തവൻ ഓടുന്നതെന്തിന്‌?. പ്രവാസികൾ ഒരിക്കലും തന്റെ വരുമാനത്തിന്റെ സത്യവസ്ഥ, വിട്ടുകാരെ അറിയിക്കാറില്ല. അവശ്യങ്ങൾ അത്യാവശ്യമായി മ്മറുന്നത്‌ അങ്ങിനെയാണ്‌.

    ഇന്ന് കിട്ടുന്നത്‌കൊണ്ട്‌ ജീവിക്കുക എന്നതാണ്‌ പ്രവാസിയുടെ ശൈലി. നാളെ എന്ന ചിന്ത ആർക്കുമില്ല. സമൂഹത്തിന്റെ കഴ്ചപ്പാടനുസരിച്ച്‌ ജീവിക്കുവാൻ ശ്രമിക്കുന്നതാണ്‌ പ്രവാസിയുടെ പതനത്തിന്റെ പ്രധാന ഹേതു.

    റുമാന

    ആവശ്യങ്ങളെ, അത്യാവശ്യങ്ങളും അനാവശ്യങ്ങളുമായി പെരുപ്പിച്ചതിൽ പ്രവാസികൾ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌.

    മുൻകാല പ്രവാസികൾ കിട്ടിയതിൽ നിന്നും മിച്ചംവെച്ച്‌ സംമ്പാദിച്ചിരുന്നു. വളരെയേറെ. എന്നാലിന്ന്, കിട്ടുന്നത്‌ ചിലവിന്‌ പോലും തികയുന്നില്ലല്ലോ. 1970 മുതലുള്ള പ്രവാസ ചരിതം, പ്രവാസിയെ പിഴിയുന്നവന്റെ ചരിത്രം കൂടിയാണ്‌. കുടുംബവും, സമൂഹവും, സമുദായവും, പാർട്ടിയും എല്ലാം, അവന്റെ വിളവെടുപ്പിന്‌ മാത്രം ശ്രമിച്ചവരാണ്‌, ശ്രമിക്കുന്നവരാണ്‌.

    സ്വയം മാറുവാൻ പ്രവാസി തയ്യറല്ല, കാരണം അവനെ നയിക്കുന്നത്‌, അവന്‌ മാർഗ്ഗ നിർദ്ദേശങ്ങൾ നൽക്കുന്നത്‌, വ്യവസായ പ്രമുഖരായ, സ്വർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുന്ന, ഒരു കൂട്ടം പ്രവാസി സംഘടന നേതാകളാണ്‌.

    മാസം തോറും 800 ദിർഹം ശമ്പളം വാങ്ങുന്നവനും, 100-200 ദിർഹം കൊടുത്ത്‌ വാങ്ങുന്നു, താരനിശയുടെ മുൻസീറ്റുകൾ. കച്ചവട തന്ത്രം മെനയുന്ന, സംഘടനകളുടെ കഴുകൻ കണ്ണുകളിൽ നിന്നും രക്ഷപ്പെടുവാൻ അവന്‌ കഴിയില്ലല്ലോ. നേർവഴികാണിക്കുവാൻ ബാധ്യതയുള്ള സംഘടനകൾക്ക്‌ പാരവെപ്പും, കുതികാൽവെട്ടും കഴിഞ്ഞിട്ട്‌ പ്രവാസികളെ ശ്രദ്ധിക്കുവാൻ സമയമില്ലല്ലോ.

    നന്ദി, വീണ്ടും വരിക.

  16. ഹംസ കോയ said...

    ബീരൻ കുട്ടി,

    പ്രവാസികളുടെ പ്രശ്നങ്ങളെ സാമന്യവൽക്കരിക്കുന്ന, ഗൾഫ്‌ ഭാര്യമാരെക്കുറിച്ച്‌ മോശമായി ചിത്രികരിക്കുന്ന, പ്രവാസി സംഘടനകളെ താറടിച്ച്‌ കാണിക്കുന്ന, മത സംഘടനകളെ അവഹേളിക്കുന്ന ഇത്തരം കവല പ്രസംഗങ്ങൾകൊണ്ട്‌ പ്രവാസികൾക്കൊന്ത്‌ ഗുണം?. ഏതാനും ചില ഗവേഷണങ്ങളും, പഠനങ്ങളും ഉയർത്തികാട്ടി, എല്ലാ പ്രവാസികളും, അവരുടെ ഭാര്യമാരും തെറ്റുകാരാണെന്ന് പറയുന്ന നിങ്ങളുടെ രീതിയെ അംഗീകരിക്കുവാൻ പ്രയാസമുണ്ട്‌. മഹലുകൾ തോറും പ്രശംസനീയമായ പ്രവർത്തനങ്ങൾ കഴ്ചവെക്കുന്ന മത സംഘടനകളും, പ്രവാസികളുടെ നന്മ മാത്രം ലഷ്യമാക്കി പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളും ഈ ഗൾഫ്‌ നാടുകളിലുണ്ട്‌.

    മൂർച്ചയുള്ള വാക്കുകൾ മത നേതകൾക്കെതിരെയും, പ്രവാസി സംഘടനകൾക്കെതിരെയും പ്രയോഗിക്കുബോൾ, സൂക്ഷിക്കുക.

  17. ബീരാന്‍ കുട്ടി said...

    ഹംസ കോയ,

    വന്നതിനും കമന്റിയതിനും നന്ദി,

    ഞാൻ എല്ലാ സംഘടനകളെയും, മതനേതകളെയും കുറ്റം പറഞ്ഞില്ലല്ലോ, എല്ലാ പ്രവാസികളെയും, അവരുടെ കുടുംബത്തെയും കുറ്റം പറഞ്ഞോ?. ഒട്ടനവധി സംഘങ്ങളും സംഘടനകളും പ്രഖ്യാപിത ലക്ഷ്യത്തിൽനിന്നും വഴിതെറ്റിയെന്ന് ഓർമ്മപ്പെടുത്തുകയല്ലെ ഞാൻ ചെയ്തത്‌.

    നൈമിഷികമായ ജീവിതത്തിൽ പണത്തിന്‌ പിന്നാലെ ഓടിതളരരുതെന്ന്, യുവാകളെ ഒർമ്മിപ്പിക്കുകയാണ്‌ ഞാൻ.

    പിന്നെ ഞാൻ സംഘടിപ്പിച്ച ഗവേഷണങ്ങളും, രേഖകളും മലയാളത്തിൽ പുറത്ത്‌വിട്ടാൽ, ബൂലോകത്ത്‌ സുനാമിയുണ്ടാവും. എന്നെ ലീക്ക്‌ ബീരാനാക്കരുത്‌. എങ്ങാനും ലീക്കായാൽ...

    കമന്റിൽ ഭീഷണിയുടെ സ്വരം ഇല്ലെന്ന് കരുതുന്നു, ഉണ്ടെങ്കിൽ, കാത്തിരിക്കുക.