Thursday 20 November 2008

ശൈഖ് മാത്തുക്കുട്ടി

ഞാൻ, മാത്യു കെ തോമാസ്‌ മുതലാളി. എന്റെ പുതിയ BMW കാറിൽ യാത്ര ചെയ്യുകയാണ്‌. ഇന്ന് ഗൾഫിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന ലേബർ സപ്ലെ കമ്പനിയുടെ അമരക്കാരനാണ്‌ ഞാൻ.

ഇടക്ക്‌ ഫോൺ ശബ്ദിച്ചു.

"ഹലോ, ഏലിയാമ്മെ, ഓ, ഞാനിത്തിരി വൈകും, ഞാനിപ്പോ നമ്മുടെ കമ്പനിയുടെ ക്യാമ്പിലേക്ക്‌ പോവുക, ഓ, ഒന്നും പറയേണ്ട. അവിടെ കുറച്ച്‌ കഴുതകൾ സമരം ചെയ്യൂന്നൂന്ന്. ഓ, ശമ്പളം കൊടുത്തിട്ട്‌ 6 മാസമായതല്ലെയുള്ളൂ., പിന്നെ, വൈക്കുന്നേരം പ്രവാസി സംഘടനയുടെ ശിൽപ്പശാലയുണ്ട്‌. ഏത്‌ സംഘടനയെന്നോ, എടി, ഞാൻ 5-8 സംഘടനകളുടെ നേതാവല്ലെ, അവരുടെ ബ്രോഷർ മേശപുറത്ത്‌ കാണും. എതാണെന്ന് എനിക്കും ഓർമ്മയില്ല. നിനക്കിന്ന് ഡിന്നറില്ലെ, ആ പുതിയ കമ്പനിയുടെ എം.ഡിയുടെ കൂടെ, അവനെ വിടല്ലെ, അവർക്ക്‌ പുതിയ പ്രോജക്റ്റ്‌ കിട്ടിയിട്ടുണ്ട്‌. ശരി, ഞാൻ വിളിക്കാം".

ഞാൻ ഫോൺ കട്ടാക്കി,

"ഡാ, ആ എ.സി ഒരിച്ചിരി കൂട്ടേടാ, നിന്റെ അപ്പനല്ലല്ലോ പെട്രോൾ അടിക്കുന്നത്‌, ഞാനല്ലെ"

ഈയിടെയായി, ശരീരത്തിന്‌ ചൂട്‌ സഹിക്കാൻ കഴിയുന്നില്ല. ഈ മണൽക്കാട്ടിൽ വന്ന് കിടക്കതെ, വല്ല അമേരിക്കായിലോ, ഓസിയിലോ പോയി ബിസിനസ്‌ ചെയ്യാമെന്ന് കരുതിയതാ. പക്ഷെ, എറ്റവും കൂടുതൽ ലാഭമുള്ള ബിസിനസ്‌, ലേബർ സപ്ലെയാണെന്നും, അത്‌ ഈ ഗൾഫിൽ മത്രമേ നടക്കൂ എന്നും എനിക്കറിയാം, കാരണം.

ഇവിടെ മാത്രമേ മണ്ണൂണ്ണികളായ മലയാളികളെ കിട്ടൂ. വിസക്ക്‌ ആദ്യം തന്നെ ഒന്നര ലക്ഷം വീതം വാങ്ങി, കമ്പനിയുണ്ടാക്കുന്നു. പിന്നെ, വിസയെടുത്ത്‌ വന്നാൽ, 600 റിയാലിന്‌ ജോലി കൊടുക്കുന്നു. 10-12 മണിക്കുർ ജോലി. രണ്ടോ മൂന്നോ വർഷം കഴിഞ്ഞ്‌ അവർ പിരിഞ്ഞ്‌ പോവും, പിന്നെ, ഞാൻ ടിക്കറ്റ്‌ കൊടുക്കാനോ, നല്ല കഥ. ആരെങ്കിലും നാട്ടിൽ പോണമെന്ന് പറഞ്ഞാൽ, അവൻ നാട്ടിലെത്തിയിരിക്കും, എക്സിറ്റടിച്ച്‌. നാട്ടിലടുത്ത ബാച്ച്‌ കഴുതകൾ തയ്യറായാൽ വിസ ഇറക്കുന്നു, ഒരു ടെൻഷനുമില്ല. ഭയങ്കര ലാഭം.

എക്സ്പ്രസ്‌ റോഡിലൂടെ എന്നെയും വഹിച്ച്‌ കാർ നിങ്ങികൊണ്ടിരുന്നു. ഇടക്ക്‌, പുറത്തേക്ക്‌ കണ്ണോടിച്ച്‌ ഞാൻ എന്റെ ഭൂതകാലത്തിലേക്ക്‌ നടന്നു...

വർഷങ്ങൾക്ക്‌ മുൻപ്‌.

അറേബ്യൻ മണലാരണ്യത്തിൽ, ഒരു കൺഷ്‌ട്രക്‌ഷൻ കമ്പനിയുടെ കീഴിൽ മേസനായി വന്നവനാണ്‌ ഞാൻ. അന്ന് ഞാൻ മാത്തുക്കുട്ടി, വെറും മാത്തുക്കുട്ടി. പ്രയപൂർത്തിയായെന്ന് പലവട്ടം തെളിയിച്ച അനിയത്തിമാരെ രക്ഷപ്പെടുത്തുവാൻ മറ്റു മാർഗ്ഗമോന്നും ഇല്ലതെ കടൽ കടന്നവൻ.

അന്ന്, ചുട്ട്‌പൊള്ളുന്ന മരുഭൂമിയിൽ, നരകയാതന അനുഭവിച്ച്‌ ഞാൻ കഴിച്ച്‌കൂട്ടിയ ദിനരാത്രങ്ങൾ. ഒന്നോ രണ്ടോ മാസം ശമ്പളം വൈക്കുമ്പോഴെക്കും, പാരാതികളുടെ പ്രളയങ്ങളായിരുന്നു നാട്ടിൽ നിന്നും. കടക്കാർ ഇരുത്തിപൊറുപ്പിക്കുന്നില്ലെന്ന്. വെള്ളവും വൈദ്യുതിയും ഇല്ലാതെ, പ്രഭാത കൃത്യങ്ങൾ നിർവ്വഹിക്കാതെ, ഞാൻ അനുഭവിച്ച ദുരിതങ്ങൾ.

രണ്ടോ മൂന്നോ വർഷം കഴിഞ്ഞിട്ടും നാട്ടിൽ പോവാതിരുന്ന തന്നെ വിളിച്ച്‌ അറബി ചോദിച്ചു, എന്താ നാട്ടിൽ പോവാത്തതെന്ന്, കമ്പനി ടിക്കറ്റ്‌ അനുവദിച്ചിട്ടും നാട്ടിൽ പോവാതിരുന്നതിന്റെ കാരണം ചിലവ്‌ ചുരുക്കി, അത്രയും തുക കൂടി, അനിയത്തിമാരുടെ വിവാഹത്തിന്‌ വന്ന കടം വിട്ടാമല്ലോ എന്ന് കരുതിയായിരുന്നു. കഥ കേട്ട അറബിക്ക്‌ സഹതാപം തോന്നി, അയാൾ എന്നെ കമ്പനിയുടെ സുപ്പർവൈസറാക്കി. പടവുകൾ ചാടി കടന്ന് ഉയർന്നത്‌ കണ്ണടച്ച്‌ തുറക്കുന്ന സമയം കൊണ്ട്‌. രണ്ട്‌ വർഷത്തിനുള്ളിൽ ആ കമ്പനി സ്വന്തമായി നടത്തുവാൻ അറബി എന്നെ എൽപ്പിച്ചു. അത്‌ ഏലിയാമയുടെ കഴിവ്‌.

സാർ, ക്യാമ്പെത്തി. ഡ്രൈവർ എന്നെ സ്വപ്നലോകത്ത്‌ നിന്നും തിരിച്ച്‌ വിളിച്ചു.

പൊട്ടിയോലിക്കുന്ന ഓടകളിൽനിന്നു വരുന്ന ദുർഗന്ധം സഹിക്കാൻ വയ്യ. മൂക്ക്‌ പോത്തിപിടിച്ച്‌, ഞാൻ നടന്നു. ഇതിനിടയിൽ സമരം ചെയ്യുന്ന ചിലർ വന്ന് കരയുന്നു.

"സാർ, വിട്ടിൽ അമ്മക്ക്‌ സുഖമില്ല, കുറച്ച്‌ കാശ്‌ എത്രയും പെട്ടെന്ന് അയച്ച്‌ കൊടുക്കണം"

"സാർ, വിസക്ക്‌ കൊടുത്ത കാശെടുത്തത്‌, ബാങ്കിൽ വീടിന്റെ ആധാരം പണയം വെച്ചാണ്‌, അതിന്റെ പലിശയെങ്കിലും മാസം തോറും കൊടുത്തില്ലെങ്കിൽ, വീട്‌ ജപ്തിചെയ്യും"

"സാർ, എന്റെ അനിയന്റെ കോളേജ്‌ ഫീസ്‌ കൊടുത്തിട്ടില്ല, ശമ്പളം കിട്ടിയിട്ട്‌ വേണം അത്‌ കൊടുക്കാൻ"

ഞാനിതോന്നും കേൾക്കുന്നില്ല. ഞാൻ നേരെ നടന്ന് ചെന്ന്, ക്യാമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും വിശ്ചേദിച്ചു.

പിറ്റേന്ന് പത്രത്തിൽ എന്റെ ഫോട്ടോ ഉണ്ടായിരുന്നു, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനചെയ്യുന്ന, പ്രവാസികളുടെ പ്രിയപ്പെട്ടവനായ മാത്യുവിന്റെ.

-

9 comments:

  1. ബീരാന്‍ കുട്ടി said...

    "സാർ, വിട്ടിൽ അമ്മക്ക്‌ സുഖമില്ല, കുറച്ച്‌ കാശ്‌ എത്രയും പെട്ടെന്ന് അയച്ച്‌ കൊടുക്കണം"

    "സാർ, വിസക്ക്‌ കൊടുത്ത കാശെടുത്തത്‌, ബാങ്കിൽ വീടിന്റെ ആധാരം പണയം വെച്ചാണ്‌, അതിന്റെ പലിശയെങ്കിലും മാസം തോറും കൊടുത്തില്ലെങ്കിൽ, വീട്‌ ജപ്തിചെയ്യും"

    "സാർ, എന്റെ അനിയന്റെ കോളേജ്‌ ഫീസ്‌ കൊടുത്തിട്ടില്ല, ശമ്പളം കിട്ടിയിട്ട്‌ വേണം അത്‌ കൊടുക്കാൻ"

  2. Joker said...

    എന്താ ബീരാന്‍ കുട്ടി ...എനിക്കൊന്നും പറയാന്‍ തോന്നുന്നില്ല. വായിച്ച് കുറെ ചിരിച്ചു. അര്‍ഥ ഗര്‍ഭമായ ചില മൂളലുകള്‍ മാത്രം കമന്റായി ചാര്‍ത്തുന്നു.

    :)

  3. Unknown said...

    നിങ്ങളെ ആളെ ചിരിപ്പിച്ചു കൊല്ലും ബീരാനിക്കാ

  4. ബഷീർ said...

    കൊള്ളാം. :)

    ഞാന്‍ അറിയുന്ന ഒരു ശൈഖ്‌ മാത്തു കുട്ടിയുണ്ട്‌. പക്ഷെ അയാള്‍ വന്ന വഴി മറന്നില്ല. പലരെയും ഒരു വഴിയില്‍ (പെരുവഴിയിലല്ല) ആക്കുകയും ചെയ്തു... അയാളെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ ശരിക്കും ശൈഖ്‌ ആണെന്ന് തന്നെയാണു കരുതിയത്‌ (വേഷം കെട്ടലുകള്‍ )

  5. കുറ്റ്യാടിക്കാരന്‍|Suhair said...

    എനിക്ക് ചിരിക്കാന്‍ കഴിയുന്നില്ല.

    നല്ല പോസ്റ്റ്.

  6. കനല്‍ said...

    അത് കറക്ട് ..ഇത്തരത്തിലുള്ള
    ശൈഖ് മാത്തുകുട്ടിമാരാ പ്രവാസി സംഘടനകളുടെ കൊമ്പത്തെങ്കില്‍ ശാപമോക്ഷം പ്രവാസികളുടെ വിദൂരസ്വപ്നം തന്നെ.

  7. ഉണ്ണികുട്ടന്‍ said...

    ശൈഖ് മാത്തുകുട്ടികള്‍ ഒരുപാടു രൂപത്തിലും ഭാവത്തിലും പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത് കാണേണ്ടി വന്നൊരു പ്രവാസി ആണ് ഞാനും, ഗള്‍ഫില്‍ മലയാളികള്‍ക്ക് എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പലപ്പോഴും നമ്മുടെ കൂടെനിന്നും ഇവിടെ എത്തിയ ഇതുപോലെ ഉള്ള മാത്തുകുട്ടിമാര്‍ മാത്രമാണ്


    നല്ലൊരു പോസ്റ്റ്, :)

  8. മറ്റൊരാള്‍ | GG said...

    വായിച്ചു.
    ചിരിക്കാനും കരയാനും കഴിയാത്ത ഒരു നിസംഗത.

  9. മാണിക്യം said...

    വായിച്ചു ....
    വെറും ഒരു ചിരിയാ‍യ് തീര്‍ക്കാന്‍ പറ്റില്ല
    അത്രക്ക് വിഷമങ്ങള്‍ ഉള്ള ജീവിതങ്ങളെയാണ്
    അക്ഷെപഹാസ്യത്തില്‍ കൂടി ബീരാന്‍ കുട്ടി വരച്ചു വച്ചത്, , “ശമ്പളം കൊടുത്തിട്ട്‌ 6 മാസമായതല്ലെയുള്ളൂ.,”...........
    ഇതില്‍ ഒരു വരി പോലും അസത്യമാവില്ല.
    അന്യനാട്ടില്‍ ഉടയവര് ‍കഷ്ടപ്പെടുന്നത് എത്രയാണന്നറിയാന്‍ നാട്ടിലുള്ളവര്‍ക്ക് കഴിയുമായിരുന്നെങ്കില്‍ ഇത്ര അവര്‍ ഇത്ര അഹങ്കരിക്കില്ലായിരുന്നു......
    ബീരാങ്കുട്ടി ആശംസകള്‍ ...നല്ല എഴുത്ത്..